നിങ്ങളുടെ പ്രയത്നത്തിൽ ആനന്ദം കണ്ടെത്തുക
1. ഏതു കാര്യം ശുശ്രൂഷയിലെ തീക്ഷ്ണതയ്ക്ക് മങ്ങലേൽപ്പിച്ചേക്കാം?
1 “തന്റെ പ്രയത്നത്തിൽ ആനന്ദം കണ്ടെ”ത്താൻ കഴിയുന്ന വിധത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. (സഭാ. 2:24, ഓശാന) എന്നാൽ നമ്മുടെ ശുശ്രൂഷയുടെ സത്ഫലങ്ങൾ കാണാൻ പരാജയപ്പെടുന്നെങ്കിൽ നാം നിരുത്സാഹിതരായേക്കാം. അത് നമ്മുടെ സന്തോഷം കവർന്നെടുക്കുകയും തീക്ഷ്ണതയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യും. ക്രിയാത്മകമായ ഒരു മനോഭാവം നിലനിർത്താൻ നമുക്ക് എങ്ങനെ കഴിയും?
2. ശുശ്രൂഷയോടുള്ള ആളുകളുടെ പ്രതികരണം സംബന്ധിച്ച് ന്യായമായ പ്രതീക്ഷകൾ മാത്രം പുലർത്തേണ്ടത് എന്തുകൊണ്ട്?
2 ന്യായമായ പ്രതീക്ഷകൾ പുലർത്തുക: ചുരുക്കം ചിലർ മാത്രമാണ് യേശുവിന്റെ ശുശ്രൂഷയോട് അനുകൂലമായി പ്രതികരിച്ചത്. എങ്കിലും അവന്റെ ശുശ്രൂഷ വിജയമായിരുന്നു എന്നതിന് രണ്ടഭിപ്രായമില്ല. (യോഹ. 17:4) വിതക്കാരനെക്കുറിച്ചുള്ള ഉപമയിൽ, രാജ്യസന്ദേശം എന്ന വിത്ത് മിക്ക ഹൃദയങ്ങളിലും ഫലം പുറപ്പെടുവിക്കില്ല എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 13:3-8, 18-22) എന്നിരുന്നാലും ആത്മാർഥമായ നമ്മുടെ ശ്രമങ്ങൾ വൃഥാവല്ല.
3. പ്രസംഗപ്രവർത്തനത്തോട് ആളുകൾ നന്നായി പ്രതികരിച്ചില്ലെങ്കിൽപ്പോലും നമുക്ക് ‘ഫലം കായ്ക്കാൻ’ കഴിയുന്നത് എങ്ങനെ?
3 വളരെ ഫലം കായ്ക്കാനാകുന്ന വിധം: രാജ്യസന്ദേശം സ്വീകരിക്കുന്നവർ ‘ഫലം കായ്ക്കും’ എന്ന് യേശു തന്റെ ഉപമയിൽ വ്യക്തമാക്കി. (മത്താ. 13:23) ഗോതമ്പു മുളച്ച് വളർന്നുകഴിയുമ്പോൾ അത് ഉത്പാദിപ്പിക്കുന്ന ഫലം ചെറു ഗോമ്പതുചെടികളല്ല മറിച്ച് പുതിയ വിത്താണ്. സമാനമായി ഫലപ്രദനായ ഒരു ക്രിസ്ത്യാനി ഉത്പാദിപ്പിക്കുന്ന ഫലം രാജ്യവിത്തിന്റെ പല മടങ്ങായുള്ള വർധനവാണ്. സുവാർത്താപ്രസംഗവേലയിലൂടെ കൂടുതൽ രാജ്യവിത്തു വിതയ്ക്കുന്നതിനെയാണ് അത് അർഥമാക്കുന്നത്; അല്ലാതെ പുതുശിഷ്യരെയല്ല. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും രാജ്യവിത്തിന്റെ ഈ വർധനവ് നമുക്ക് ആനന്ദവും സംതൃപ്തിയും നൽകും. കൂടാതെ, യഹോവയുടെ നാമവിശുദ്ധീകരണത്തിൽ പങ്കു ചേരാനും നമുക്കു കഴിയുന്നു. (യെശ. 43:10-12; മത്താ. 6:9) ദൈവത്തിന്റെ കൂട്ടുവേലക്കാർ ആയിരിക്കാനുള്ള പദവി ആസ്വദിക്കാനും നമുക്കാകും. (1 കൊരി. 3:9) അത്തരം “അധരഫലം” യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യും.—എബ്രാ. 13:15, 16.
4. നമുക്ക് അജ്ഞാതമായ എന്തെല്ലാം ഫലങ്ങൾ നമ്മുടെ ശുശ്രൂഷയ്ക്ക് ഉണ്ടായിരുന്നേക്കാം?
4 നമ്മുടെ പ്രയത്നത്തിന് ദൃശ്യമല്ലാത്ത ചില നേട്ടങ്ങളും ഉണ്ടായിരുന്നേക്കാം. യേശുവിന്റെ പ്രസംഗത്തോട് അനുകൂലമായി പ്രതികരിക്കാതിരുന്ന ചിലർ അവന്റെ ഭൗമിക ശുശ്രൂഷ പൂർത്തിയായതിനു ശേഷം ശിഷ്യന്മാരായിത്തീർന്നിരിക്കാൻ സാധ്യതയുണ്ട്. സമാനമായി, നാം വിതയ്ക്കുന്ന രാജ്യവിത്ത് പെട്ടെന്ന് ഒരു വ്യക്തിയുടെ ഹൃദയത്തിൽ വേരുപിടിച്ചു വളരണമെന്നില്ല. മറ്റൊരു സമയത്ത് ആ വ്യക്തി സത്യം സ്വീകരിച്ചേക്കാം; ചിലപ്പോൾ അക്കാര്യം നാം അറിയുക പോലുമില്ല. നമ്മുടെ ശുശ്രൂഷയ്ക്ക് വളരെയധികം സത്ഫലങ്ങളുണ്ട് എന്നതിനു സംശയമില്ല. അതുകൊണ്ട് നമുക്ക് “വളരെ ഫലം കായ്ക്കു”കയും യേശുവിന്റെ ശിഷ്യന്മാരെന്നു തെളിയിക്കുകയും ചെയ്യാം.—യോഹ. 15:8.