യഹോവയെ സ്തുതിക്കാൻ വർധിച്ച അവസരങ്ങൾ!
1. “യഹോവയെ അത്യന്തം സ്തുതി”ക്കാൻ ഏതു പുതിയ ക്രമീകരണം നമ്മെ സഹായിക്കും?
1 മാർച്ച്, ഏപ്രിൽ മാസങ്ങളിലും സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമാസത്തിലും 30 മണിക്കൂർ വ്യവസ്ഥയിൽ സഹായ പയനിയറിങ് ചെയ്യുന്നതിനുള്ള ഒരു പുതിയ ക്രമീകരണം കഴിഞ്ഞ മാർച്ചുമുതൽ ആരംഭിച്ചു. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം ഏതെങ്കിലും ഒരു മാസത്തിന്റെ അവസാനത്തെ ആഴ്ചയിൽ തുടങ്ങി അടുത്ത മാസത്തിന്റെ ആദ്യത്തെ ആഴ്ചയിലാണ് അവസാനിക്കുന്നതെങ്കിൽ അതിൽ ഒരു മാസം സഹായ പയനിയറിങ്ങിനായി തിരഞ്ഞെടുക്കാവുന്നതാണ്. സർക്കിട്ട് മേൽവിചാരകൻ പ്രത്യേക-സാധാരണ പയനിയർമാരുമായി നടത്തുന്ന മുഴുയോഗത്തിലും സഹായ പയനിയർമാർക്കും സംബന്ധിക്കാനാകും. 50 മണിക്കൂർ വ്യവസ്ഥയിലെത്താൻ പറ്റാത്തവർക്ക് ഇപ്പോൾ വർഷത്തിൽ നാലു പ്രാവശ്യം 30 മണിക്കൂർ വ്യവസ്ഥയിൽ സഹായ പയനിയറിങ് ചെയ്തുകൊണ്ട് “യഹോവയെ അത്യന്തം സ്തുതി”ക്കാനുള്ള എത്ര വലിയ അവസരമാണുള്ളത്!—സങ്കീ. 109:30; 119:171.
2. സന്ദർശനസമയത്തു സഹായ പയനിയറിങ് ചെയ്യുന്നവർക്ക് എന്തിനുള്ള അവസരങ്ങളുണ്ട്?
2 സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്ത്: ഈ ക്രമീകരണത്തിലൂടെ കൂടുതൽ പേർക്കു സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്തു സഹായ പയനിയറിങ് ചെയ്യാനാകും. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചുകൊണ്ട് പരസ്പരം പ്രോത്സാഹനം കൈമാറാൻ ഇത് അവസരമേകും. (റോമ. 1:11, 12) ഒരു ദിവസം അവധിയെടുത്തുകൊണ്ട് സഹായ പയനിയർമാർക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായേക്കും. മുഴുസമയജോലി ചെയ്യുന്നവർക്കു ശനിയാഴ്ചയോ ഞായറാഴ്ചയോ തങ്ങളോടൊപ്പം പ്രവർത്തിക്കാമോയെന്ന് സർക്കിട്ട് മേൽവിചാരകനോടു ചോദിക്കാം. പ്രത്യേക-സാധാരണ പയനിയർമാരുമൊത്തുള്ള യോഗത്തിൽ സഹായ പയനിയർമാർക്കും പങ്കെടുക്കാൻ കഴിയുന്നത് എത്ര പ്രോത്സാഹജനകമാണ്!
3. സ്മാരകകാലം സഹായ പയനിയറിങ് ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണെന്നു പറയുന്നത് എന്തുകൊണ്ട്?
3 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ: മുമ്പുണ്ടായിരുന്ന ക്രമീകരണമനുസരിച്ച് സ്മാരകകാലത്ത് ഒരു മാസമേ 30 മണിക്കൂർ വ്യവസ്ഥയിൽ സഹായ പയനിയറിങ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ “സ്തോത്രയാഗം” ഇരട്ടിയായി വർധിപ്പിക്കാനുള്ള അവസരമാണ് നമുക്കു മുന്നിലുള്ളത്. (എബ്രാ. 13:15) സഹായ പയനിയറിങ് ചെയ്തുകൊണ്ടു ശുശ്രൂഷ വികസിപ്പിക്കാൻ ഏറ്റവും പറ്റിയ രണ്ടു മാസങ്ങളാണ് മാർച്ചും ഏപ്രിലും. ഓരോ വർഷവും സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യുന്ന പ്രത്യേക പ്രചാരണപരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും ഈ മാസങ്ങളിൽ ലഭിക്കും. സ്മാരകകാലത്ത് ധാരാളം സഹോദരങ്ങൾ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനാൽ പല പ്രസാധകരോടൊപ്പം മാറിമാറി പ്രവർത്തിക്കാനും കഴിയും. മാത്രമല്ല, സ്മാരകത്തിനു വന്നവരെ പ്രത്യേക പരസ്യപ്രസംഗത്തിനു ഹാജരാകാൻ പ്രചോദിപ്പിക്കാനും കൂടുതൽ അവസരങ്ങൾ ലഭിക്കും. സഹായ പയനിയറിങ് ചെയ്യുന്നതിനുള്ള ഈ വർധിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങളുടെ ഹൃദയം പ്രേരിപ്പിക്കുന്നില്ലേ?—ലൂക്കോ. 6:45.