പരസ്യസാക്ഷീകരണത്തിനുള്ള പുതിയ കാൽവയ്പ്
1. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വെച്ച മാതൃക എന്ത്?
1 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വീടുതോറും പ്രസംഗിക്കുന്നതിലും അധികം ചെയ്തു. അവർ പരസ്യമായി സാക്ഷീകരിച്ചു. (പ്രവൃ. 20:20) ഉദാഹരണത്തിന്, അനേകരെ കണ്ടെത്താൻ കഴിയുമെന്ന് മനസ്സിലാക്കി അവർ ആലയത്തിലും പോയി. (പ്രവൃ. 5:42) ആതൻസിലായിരുന്നപ്പോൾ അപ്പൊസ്തലനായ പൗലോസ് എല്ലാദിവസവും ചന്തസ്ഥലത്തുള്ളവരോടു പ്രസംഗിച്ചു. (പ്രവൃ. 17:17) സുവാർത്ത വ്യാപിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രാഥമിക മാർഗം ഇന്നും വീടുതോറുമുള്ള ശുശ്രൂഷ തന്നെയാണ്. എന്നിരുന്നാലും, പാർക്കിങ് സ്ഥലങ്ങൾ, ബിസിനെസ്സ് സ്ഥാപനങ്ങൾ, പാർക്കുകൾ, തിരക്കുള്ള പൊതുവഴികൾ എന്നിങ്ങനെ ആളുകളെ കണ്ടെത്താനാകുന്ന സ്ഥലങ്ങളിലെല്ലാം നാം പോകുന്നു. സാധിക്കുന്നിടത്തെല്ലാം പരസ്യസാക്ഷീകരണം നടത്താൻ ഓരോ പ്രസാധകനെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അനേകർക്കും പരസ്യസാക്ഷീകരണത്തിലെ ആവേശകരമായ ഈ പുതിയ ക്രമീകരണത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.
2. പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ നാം എടുക്കണം?
2 പൊതുസ്ഥലങ്ങളിലെ സാക്ഷീകരണത്തിന്റെ ചില ക്രമീകരണങ്ങൾ ഈ ലേഖനത്തിൽ ഉണ്ട്. ഇന്ത്യക്കുവേണ്ടിയുള്ള നമ്മുടെ രാജ്യ ശുശ്രൂഷയുടെ പഴയ ലക്കങ്ങളിൽ വന്നിട്ടുള്ള, ശുശ്രൂഷയിൽ ജാഗ്രത പാലിക്കാനുള്ള നിർദേശങ്ങൾക്കു മാറ്റം വന്നു എന്നല്ല ഇതിനർഥം. ആ നിർദേശങ്ങളും മാർഗരേഖകളും ഇപ്പോഴും ബാധകമാണ്. വയലിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും നാം എടുക്കണം. പരസ്യസാക്ഷീകരണത്തിന്റെ പുതിയ ക്രമീകരണങ്ങൾ പ്രദേശത്തെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് മൂപ്പന്മാരുടെ സംഘം തങ്ങളുടെ പ്രദേശത്തിന്റെ പ്രത്യേകത മനസ്സിൽപ്പിടിച്ചുകൊണ്ട് ശ്രദ്ധാപൂർവം വിലയിരുത്തണം. (കൂടുതൽ വിവരങ്ങൾക്കായി മൂപ്പന്മാർക്ക് 2012 നവംബർ 24-ലെയും 2014 ഫെബ്രുവരി 13-ലെയും കത്തുകൾ പരിശോധിക്കാവുന്നതാണ്.) പ്രദേശം അനുകൂലമാണെങ്കിലും അല്ലെങ്കിലും വീടുതോറുമുള്ള ശുശ്രൂഷ, തെരുവു സാക്ഷീകരണം എന്നിവ നടത്തുമ്പോൾ ചെയ്യുന്നതുപോലെ ഈ പുതിയ ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സാക്ഷീകരിക്കുമ്പോഴും ഓരോ പ്രസാധകനും തന്റെ കൈവശം യഹോവയുടെ സാക്ഷികൾ—സുവാർത്ത അറിയിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്കുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്ന T-85 ലഘുപത്രിക കരുതണം.
3. പരീക്ഷണാർഥം 2011 നവംബറിൽ തുടങ്ങിയത് എന്തായിരുന്നു?
3 വാർഷികപുസ്തകം 2013 (ഇംഗ്ലീഷ്) പേജ് 16, 17-ൽ റിപ്പോർട്ടു ചെയ്തിരുന്നതുപോലെ, 2011 നവംബറിൽ ന്യൂയോർക്ക് നഗരത്തിൽ പരീക്ഷണാർഥം പരസ്യസാക്ഷീകരണത്തിന്റെ ഒരു പുതിയ തുടക്കം കുറിച്ചു. നല്ല ഫലം കിട്ടാൻ സാധ്യതയുള്ളതും വഴിയാത്രക്കാരുടെ തിരക്ക് കൂടുതലുള്ളതും ആയ സ്ഥലങ്ങളിൽ അനേകം ഭാഷകളിൽ സാഹിത്യങ്ങൾ മനോഹരമായി പ്രദർശിപ്പിച്ച മേശകളും കൈവണ്ടികളും സ്ഥാപിച്ചു. സാക്ഷികൾക്കു പ്രവേശിക്കാൻ അനുവാദമില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവരും പലപ്പോഴും വീട്ടിൽനിന്ന് അകലെയായിരിക്കുന്നവരും ഉൾപ്പെടെ ആയിരക്കണക്കിനു കാൽനടക്കാർ അതുവഴി ഓരോ ദിവസവും കടന്നുപോയി. പ്രതികരണം പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരുന്നു. വെറും ഒരു മാസത്തിനുള്ളിൽ 3,797 മാസികകളും 7,986 പുസ്തകങ്ങളും സമർപ്പിച്ചു. കടന്നുപോയ അനേകരും ബൈബിളധ്യയനം ആവശ്യപ്പെട്ടു. ബൈബിളധ്യയനം തുടങ്ങുന്നതിന് ഊന്നൽ നൽകിയിരുന്നതിനാൽ കിട്ടിയ മേൽവിലാസങ്ങൾ അതാതു സഭകളിലേക്ക് ഉടനടി അയച്ചു.
4. ഈ പുതിയ സംരംഭം വ്യാപിപ്പിച്ചിരിക്കുന്നത് എങ്ങനെ, ഒരു ദമ്പതികൾക്ക് എന്തു പ്രയോജനം ലഭിച്ചു?
4 പുതിയ ക്രമീകരണം വിജയിച്ചതിന്റെ വെളിച്ചത്തിൽ ജനനിബിഡമായ മറ്റു വൻനഗരങ്ങളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഒരു ദമ്പതികൾ ഇപ്രകാരം എഴുതി: “ഓരോ ദിവസവും മേശയ്ക്കരികെ നിന്ന് ആയിരക്കണക്കിനാളുകൾ കടന്നുപോകുന്നതും അങ്ങനെ ലോകത്തിനു ചുറ്റുമുള്ള ആളുകളിലേക്ക് ഈ വിശാലമായ വേല എത്തിച്ചേരുന്നതും കാണുന്നത് ഞങ്ങളുടെ ഹൃദയങ്ങളിൽ മതിപ്പുളവാക്കുന്നു. ഈ ജനക്കൂട്ടത്തെ കാണുന്നതും യഹോവ എത്രമാത്രം അവർക്കുവേണ്ടി കരുതുന്നുവെന്ന് ചിന്തിക്കുന്നതും ഞങ്ങളുടെ ജീവിതത്തിൽ പ്രസംഗവേലയ്ക്കു പരമപ്രാധാന്യം കൊടുത്തുകൊണ്ട് തുടരാനുള്ള നിശ്ചയദാർഢ്യത്തെ ബലപ്പെടുത്തിയിരിക്കുന്നു. മേശയ്ക്കരികിലൂടെ കടന്നുപോകുന്ന ഓരോരുത്തരുടെയും ഹൃദയം യഹോവ ശോധന ചെയ്ത് യോഗ്യരായവരെ കണ്ടെത്തുന്നതായി ഞങ്ങൾ ഭാവനയിൽ കാണുന്നു. നമ്മുടെ കൂട്ടുവേലക്കാരായ ദൂതന്മാരുമായി ഇത്ര അടുപ്പം തോന്നിയ അവസരം കുറവാണ്.”
5. (എ) ഏതു സംരംഭമാണ് പരസ്യസാക്ഷീകരണത്തോടു ബന്ധപ്പെട്ട് പല സഭകളിലും സംഘടിപ്പിച്ചിട്ടുള്ളത്? (ബി) പരസ്യസാക്ഷീകരണത്തിൽ സഭകൾക്ക് എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം?
5 പ്രാദേശികമായി സംഘടിപ്പിക്കുന്ന പരസ്യസാക്ഷീകരണം: മൂപ്പന്മാരുടെ പല സംഘങ്ങളും തങ്ങളുടെ പ്രദേശങ്ങളിൽ ഈ പുതിയ സംരംഭം സംഘടിപ്പിച്ചിരിക്കുന്നു. ഈ സംരംഭത്തിൽ സഭയുടെ പ്രദേശ അതിർത്തിക്കുള്ളിൽ പ്രസാധകർ മേശയും കൈവണ്ടിയും തിരക്കുള്ള പ്രദേശത്ത് സാഹിത്യം പ്രദർശിപ്പിക്കാനായി ഉപയോഗിക്കുന്നു.—“നല്ല സഹകരണം ആവശ്യമാണ്” എന്ന ചതുരം കാണുക.
6. പ്രായോഗികമാകുന്നിടത്ത്, മൂപ്പന്മാർ പ്രാദേശികമായി പരസ്യസാക്ഷീകരണം സംഘടിപ്പിക്കുന്നത് എങ്ങനെ?
6 സഭയുടെ പ്രദേശത്ത് കാൽനടയാത്രക്കാർ ധാരാളമുള്ള തിരക്കേറിയ സ്ഥലങ്ങൾ ഉണ്ടോ എന്നു നിർണയിച്ച് അവിടെ പരസ്യസാക്ഷീകരണം പ്രായോഗികമാണോയെന്ന് മൂപ്പന്മാർ വിലയിരുത്തണം. മേശയും കൈവണ്ടിയും പ്രദർശിപ്പിക്കാനുള്ള സ്ഥലങ്ങളിൽ ഗതാഗത ഹബ്ബുകൾ, പൊതു സ്ഥലങ്ങൾ, പാർക്കുകൾ, തിരക്കേറിയ തെരുവുകൾ, ഷോപ്പിങ് മാളുകൾ, കോളേജ് കാമ്പസുകൾ, വിമാനത്താവളങ്ങൾ, വാർഷിക പരിപാടികൾ നടക്കുന്ന ഇടങ്ങൾ എന്നിവ ഉൾപ്പെടുത്താം. എല്ലാ ആഴ്ചയിലും ഒരേ സ്ഥലത്ത്, ഒരേ ദിവസം, ഒരേ സമയം തന്നെ മേശയോ സാഹിത്യ കൈവണ്ടിയോ വെക്കുന്നതു പ്രയോജനകരമാണ്. ഒറ്റപ്പെട്ട വലിയ കടകൾക്കുമുമ്പിൽ വെക്കുന്നതിനേക്കാൾ ഒരു ഷോപ്പിങ് മാളിനു പുറത്ത് മേശയോ കൈവണ്ടിയോ സ്ഥാപിക്കുന്നതാണ് കൂടുതൽ ഫലപ്രദം. കാരണം അങ്ങനെയുള്ള കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ അവർക്കാവശ്യമുള്ളതു വാങ്ങി മടങ്ങിപ്പോകുന്നു. തിരക്കേറിയ നടപ്പാതപോലുള്ള ചില സ്ഥലങ്ങൾ ചെറിയ കൈവണ്ടിയിൽ സാഹിത്യം പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായിരിക്കും. നമ്മുടെ വെബ്സൈറ്റിൽനിന്നും മൂപ്പന്മാർക്ക് വീക്ഷാഗോപുരം, ഉണരുക! മാസികകളുടെയും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെയും പ്രദർശന ഉപാധികൾ ഉണ്ടാക്കാനാവശ്യമായ പ്രത്യേക ഫയലുകൾ ഡൗൺലോഡ് ചെയ്യാനാകും. ഇത്തരത്തിലുള്ള പരസ്യസാക്ഷീകരണത്തിൽ ഉപയോഗിക്കാനായി ഈ ഫയലുകൾ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശികവികാരങ്ങൾ വൃണപ്പെടുത്താത്ത, ആകർഷകമായ വിധത്തിലായിരിക്കണം പ്രദർശിപ്പിക്കാനുള്ള സാഹിത്യം തിരഞ്ഞെടുക്കേണ്ടത്. പങ്കെടുക്കുന്നവർ സേവന മേൽവിചാരകന്റെ നിർദേശം അടുത്തു പിൻപറ്റുകയും വേണം. പ്രദേശവാസിയല്ലാത്ത ഒരു താത്പര്യക്കാരന്റെ മേൽവിലാസം ലഭിക്കുമ്പോൾ ദയവായി ബന്ധപ്പെടുക (S-43) ഫാറം പെട്ടെന്നുതന്നെ പൂരിപ്പിച്ച് സെക്രട്ടറിക്കു കൊടുക്കുക.
7. ഈ വിധത്തിൽ പരസ്യസാക്ഷീകരണം നടത്തുന്നത് എങ്ങനെ?
7 സാക്ഷീകരണം നിർവഹിക്കുന്ന വിധം: ആരെങ്കിലും മേശയുടെയോ സാഹിത്യ കൈവണ്ടിയുടെയോ അടുത്തേക്കു വരുന്നതുവരെ പ്രസാധകർ കാത്തിരിക്കും. ആരെങ്കിലും സമീപിക്കുമ്പോൾ അദ്ദേഹത്തിനു താത്പര്യമുള്ള സാഹിത്യം എടുക്കാൻ ക്ഷണിക്കുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു തിരുവെഴുത്തുകളിൽനിന്ന് ഉത്തരം നൽകാൻ പ്രസാധകർ സന്തോഷമുള്ളവരായിരിക്കും. അദ്ദേഹം സാഹിത്യം സ്വീകരിക്കുന്നപക്ഷം സംഭാവനയെപ്പറ്റി പ്രസാധകർ പരാമർശിക്കില്ല. എന്നാൽ അദ്ദേഹം നമ്മുടെ പ്രവർത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചു തിരക്കുന്നെങ്കിൽ, സാഹിത്യത്തിൽ കൊടുത്തിട്ടുള്ള മേൽവിലാസത്തിൽ സംഭാവന അയയ്ക്കാമെന്നു പറയാം. സാധ്യമെങ്കിൽ പ്രസാധകർ ഇപ്രകാരം ചോദിക്കും: “ആരെങ്കിലും നിങ്ങളെ വീട്ടിൽ സന്ദർശിക്കാൻ താത്പര്യപ്പെടുന്നുവോ?” അല്ലെങ്കിൽ “ഈ പ്രസിദ്ധീകരണം ഉപയോഗിച്ച് ഒരു തിരുവെഴുത്തു ചർച്ചയ്ക്കു താത്പര്യമുണ്ടോ?”
8. ഈ പുതിയ സംരംഭത്തിൽ പങ്കെടുക്കുന്നത് പ്രതിഫലദായകം ആയിരുന്നിട്ടുള്ളത് എങ്ങനെ?
8 ഈ വിധത്തിലുള്ള സാക്ഷീകരണം പ്രതിഫലദായകമാണ്. ഇന്ത്യയിലെ ഒരു സഭ ഈ വിധം പരീക്ഷിച്ചപ്പോൾ ഒരു മണിക്കൂറിൽ 1000-ത്തിൽപ്പരം മാസികകൾ സമർപ്പിക്കാനും 200 താത്പര്യക്കാരുടെ മേൽവിലാസം ശേഖരിക്കാനും സാധിച്ചു. ബാംഗ്ലൂരിൽ ഒരു ബഹുനില കച്ചവട സ്ഥാപനത്തിനു വെളിയിൽ പ്രദർശിപ്പിച്ചിരുന്ന മേശയ്ക്ക് അരികിലേക്കുവന്ന ഒരു ട്രാഫിക് ഇൻസ്പെക്ടർക്കു നടന്നുകൊണ്ടിരിക്കുന്ന വേലയിൽ മതിപ്പു തോന്നി. കുടുംബ സന്തുഷ്ടിയുടെ രഹസ്യം, യുവജനങ്ങൾ ചോദിക്കുന്നു എന്നീ പുസ്തകങ്ങൾ അദ്ദേഹം സ്വീകരിച്ചു. ആന്ധ്രാപ്രദേശിൽ നടത്തിയ പരസ്യസാക്ഷീകരണ വേലയിൽ, സാക്ഷികളെ കണ്ടെത്താൻ അതിയായി ആഗ്രഹിച്ചിരുന്ന ഒരു താത്പര്യക്കാരനെ കണ്ടുമുട്ടി. അദ്ദേഹം ഇപ്പോൾ ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നു.
9. സഭയിൽ പരസ്യസാക്ഷീകരണത്തിനു സംഘടിതമായ ക്രമീകരണമില്ലെങ്കിൽ, പരസ്യമായി പ്രസംഗിക്കാനുള്ള എന്തെല്ലാം അവസരങ്ങൾ ഇപ്പോൾതന്നെയുണ്ട്?
9 നിങ്ങളുടെ വ്യക്തിപരമായ ശുശ്രൂഷയിൽ പരസ്യസാക്ഷീകരണം: ചില സഭകൾക്ക് തങ്ങളുടെ പ്രദേശത്ത് മേശയിലും കൈവണ്ടിയിലും സാഹിത്യങ്ങൾ പ്രദർശിപ്പിക്കാൻതക്ക കാൽനടയാത്രക്കാരുടെ തിരക്ക് ഉള്ള സ്ഥലങ്ങൾ ഇല്ലായിരുന്നേക്കാം. അങ്ങനെയുള്ള സഭകളിലെ പ്രസാധകർക്കും തങ്ങളുടെ വ്യക്തിപരമായ ശുശ്രൂഷയിൽ പരസ്യസാക്ഷീകരണം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിക്കാനാകും. നിങ്ങളുടെ പ്രദേശത്ത് ഷോപ്പിങ് സ്ഥലങ്ങളോ തിരക്കുള്ള സ്റ്റോറുകളോ ഉണ്ടോ? ആളുകൾ കൂടിവരുന്ന സ്ഥലമോ പാർക്കുകളോ ഉണ്ടോ? പ്രദേശത്ത് ഇടയ്ക്കിടെ പൊതുപരിപാടികൾ നടത്തപ്പെടാറുണ്ടോ? അങ്ങനെയെങ്കിൽ, മൂപ്പന്മാരുടെ അഭിപ്രായം ആരാഞ്ഞശേഷം, വിവേചനയോടെ ഇത്തരം സ്ഥലങ്ങളിൽ നിങ്ങൾക്കും പരസ്യസാക്ഷീകരണം ആസ്വദിക്കാനായേക്കും.
10. ആളുകളെ കണ്ടെത്താവുന്ന ഇടങ്ങളിലെല്ലാം പ്രസംഗിക്കാൻ നാം ബോധപൂർവമായ ശ്രമം നടത്തേണ്ടത് എന്തുകൊണ്ട്?
10 “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നു”മാണ് യഹോവ ആഗ്രഹിക്കുന്നത്. (1 തിമൊ. 2:4) അതുകൊണ്ട് അന്ത്യം വരുന്നതിനു മുമ്പേ, കഴിയുന്നത്ര ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തിക്കാൻ നാം ശ്രമിക്കുന്നു. (മത്താ. 24:14) പല സ്ഥലങ്ങളിലും ആളുകളെ വീട്ടിൽ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. എങ്കിലും, വീട്ടിൽനിന്ന് അകലെയായിരിക്കുന്ന അത്തരക്കാരോടു പൊതു സ്ഥലത്തുവെച്ചു സംസാരിക്കാനാകും. ചിലർക്ക് സുവാർത്ത കേൾക്കാനുള്ള ഒരേയൊരു അവസരം പരസ്യസാക്ഷീകരണത്തിലൂടെ ആയിരിക്കാം. അതുകൊണ്ട് എവിടെയെല്ലാം ആളുകളെ കാണുന്നുവോ അവിടെയെല്ലാം പ്രസംഗിച്ചുകൊണ്ട് നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാം.—2 തിമൊ. 4:5.
[3-ാം പേജിലെ ചതുരം]
നല്ല സഹകരണം ആവശ്യമാണ്
സമീപ സഭകളിലുള്ള പ്രസാധകർ ചിലപ്പോൾ ഒരേ തെരുവിലും പാർക്കിങ് സ്ഥലത്തും കടകളുടെ മുമ്പിലും ഗതാഗത ഹബ്ബുകളിലും പ്രസംഗിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത സഭകളിൽനിന്നുള്ള പ്രസാധകർ ഒരേ കാത്തിരുപ്പുമുറിയിൽ മാസികകൾ വെച്ചിട്ടു പോരുകയും ഒരേ കടയിൽ അഥവാ സ്ഥാപനത്തിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. പ്രസാധകർ പല സമയത്താണ് പ്രസംഗിക്കുന്നതെങ്കിൽപോലും ഇത് ചിലപ്പോഴൊക്കെ ബിസിനെസ്സുകാരെയും സമീപവാസികളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പരസ്യസാക്ഷീകരണം സഭയുടെ നിയമിത പ്രദേശത്തിനുള്ളിൽ നടത്തുന്നതാണ് ഏറ്റവും നല്ലത്.
പ്രസാധകർ അയൽ സഭയുടെ പ്രദേശത്ത് പരസ്യസാക്ഷീകരണം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ തങ്ങളുടെ സേവന മേൽവിചാരകനോടു സംസാരിക്കേണ്ടതാണ്. അദ്ദേഹം അയൽ സഭയിലെ സേവന മേൽവിചാരകനിൽനിന്ന് അവരുടെ പ്രദേശത്ത് പ്രവർത്തിക്കുന്നതിന് അനുവാദം വാങ്ങേണ്ടതാണ്. വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സഭകൾക്ക് ഒരേ പ്രദേശത്ത് പ്രസംഗിക്കാൻ നിയമനം ലഭിക്കുമ്പോൾ അയൽവാസികളെ അനാവശ്യമായി അലോസരപ്പെടുത്തുന്നത് ഒഴിവാക്കാൻ സേവനമേൽവിചാരകന്മാർ പരസ്പരം ആശയവിനിമയം നടത്തണം. പ്രവർത്തിച്ച പ്രദേശം തന്നെ വീണ്ടും ചെയ്യുന്നത് ഒഴിവാക്കാൻ, പ്രസാധകരുടെ വ്യത്യസ്ത കൂട്ടങ്ങൾ വ്യത്യസ്ത പ്രദേശത്ത് അല്ലെങ്കിൽ ഒരേ പ്രദേശത്ത് വ്യത്യസ്ത സമയങ്ങളിൽ പ്രസംഗവേല ചെയ്യുന്നു എന്ന് സേവനമേൽവിചാരകന്മാർ ഉറപ്പുവരുത്തണം. “സകലവും ഉചിതമായും ക്രമീകൃതമായും നട”ക്കാൻ നല്ല സഹകരണം ഇടയാക്കും—1 കൊരി. 14:40.