അധ്യായം 9
സന്തോഷവാർത്ത പ്രസംഗിക്കുന്ന വിധങ്ങൾ
സന്തോഷവാർത്ത അറിയിക്കുന്നതിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചുകൊണ്ട് യേശു തന്റെ അനുഗാമികൾക്കു മാതൃക വെച്ചു. ആളുകൾ തന്റെ അടുത്തേക്കു വരാൻ കാത്തുനിൽക്കാതെ യേശു അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. അവരുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും ചെന്ന് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു. (മത്താ. 9:35; 13:36; ലൂക്കോ. 8:1) ആളുകളോടു വ്യക്തിപരമായി സംസാരിച്ചു. വലിയ ജനക്കൂട്ടങ്ങളോടു പ്രസംഗിച്ചു. ശിഷ്യന്മാരെ മാത്രമായും പഠിപ്പിച്ചു. (മർക്കോ. 4:10-13; 6:35-44; യോഹ. 3:2-21) മറ്റുള്ളവർക്ക് ഉത്സാഹവും പ്രത്യാശയും പകരുന്ന വാക്കുകൾ പറയാൻ കിട്ടിയ ഉചിതമായ എല്ലാ അവസരങ്ങളും യേശു ഉപയോഗപ്പെടുത്തി. (ലൂക്കോ. 4:16-19) ഭക്ഷണവും വിശ്രമവും ആവശ്യമായിരുന്നപ്പോൾപ്പോലും സാക്ഷീകരിക്കാൻ കിട്ടിയ അവസരങ്ങൾ യേശു പാഴാക്കിയില്ല. (മർക്കോ. 6:30-34; യോഹ. 4:4-34) യേശുവിന്റെ ശുശ്രൂഷയെപ്പറ്റിയുള്ള ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ യേശുവിനെ അനുകരിക്കാൻ നമ്മൾ പ്രേരിതരാകുന്നില്ലേ? സംശയമില്ല, അപ്പോസ്തലന്മാരെപ്പോലെ നമ്മളും അങ്ങനെ ചെയ്യാൻ പ്രേരിതരാകും.—മത്താ. 4:19, 20; ലൂക്കോ. 5:27, 28; യോഹ. 1:43-45.
2 ഏതാണ്ട് 2,000 വർഷം മുമ്പ് യേശുക്രിസ്തു തുടങ്ങിവെച്ച പ്രവർത്തനത്തിൽ പങ്കാളികളാകാൻ ഇന്നത്തെ ക്രിസ്ത്യാനികൾക്കു കിട്ടിയിരിക്കുന്ന അവസരങ്ങളെക്കുറിച്ച് നമുക്കു ചിന്തിക്കാം.
വീടുതോറും പ്രസംഗിക്കൽ
3 ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത സംഘടിതമായ രീതിയിൽ വീടുതോറും പ്രസംഗിക്കുന്നതിന്റെ മൂല്യം യഹോവയുടെ സാക്ഷികളായ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്ര വിപുലമായി നമ്മൾ ഈ രീതി ഉപയോഗിക്കുന്നതുകൊണ്ട് ഇതു നമ്മുടെ മുഖമുദ്രയായിത്തീർന്നിരിക്കുന്നു! ചുരുങ്ങിയ സമയംകൊണ്ട് ദശലക്ഷങ്ങളുടെ പക്കൽ സന്തോഷവാർത്ത എത്തിക്കാൻ നമ്മൾ ഈ രീതി ഉപയോഗിച്ചിരിക്കുന്നു. തൃപ്തികരമായ ഫലമാണു നാളിതുവരെ കണ്ടുവന്നിട്ടുള്ളത്. വീടുതോറും പ്രസംഗിക്കുന്ന രീതി എത്ര ഫലവത്താണെന്ന് ഇതു കാണിക്കുന്നു. (മത്താ. 11:19; 24:14) യഹോവയോടും അയൽക്കാരനോടും നമ്മുടെ സ്നേഹം കാണിക്കാനുള്ള പ്രായോഗികമാർഗമാണ് ഈ സമീപനമെന്നും തെളിഞ്ഞിരിക്കുന്നു.—മത്താ. 22:34-40.
4 വീടുതോറും പ്രസംഗിക്കുന്ന രീതി യഹോവയുടെ സാക്ഷികളുടെ ഒരു ആധുനികകാല കണ്ടുപിടിത്തമല്ല. വീടുതോറും താൻ പഠിപ്പിച്ചിരുന്നതിനെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ പറയുന്നുണ്ട്. എഫെസൊസിലെ മൂപ്പന്മാരോടു തന്റെ ശുശ്രൂഷയെക്കുറിച്ച് വിവരിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “ഏഷ്യ സംസ്ഥാനത്ത് കാലുകുത്തിയ അന്നുമുതൽ, . . . പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ എല്ലാം ഞാൻ നിങ്ങളെ അറിയിച്ചു; . . . വീടുതോറും നിങ്ങളെ പഠിപ്പിച്ചു.” കൂടാതെ മറ്റു വിധങ്ങളിലും പൗലോസ് ‘മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുന്നതിനെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കുന്നതിനെക്കുറിച്ചും ജൂതന്മാരോടും ഗ്രീക്കുകാരോടും നന്നായി വിശദീകരിച്ചു.’ (പ്രവൃ. 20:18, 20, 21) അക്കാലത്ത് റോമൻ ചക്രവർത്തിമാർ വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നു. ജനങ്ങളിൽ മിക്കവരും “ദൈവഭയമുള്ള”വരായിരുന്നു. എന്നാൽ “ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവ”ത്തെ ആളുകൾ അന്വേഷിക്കേണ്ടത് അടിയന്തിരമായിരുന്നു. ആ ദൈവം ‘എല്ലായിടത്തുമുള്ള മനുഷ്യർ മാനസാന്തരപ്പെടണമെന്നു പ്രഖ്യാപിക്കുകയായിരുന്നു.’—പ്രവൃ. 17:22-31.
5 ഇന്നു ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയുമായി ആളുകളുടെ അടുക്കൽ എത്തേണ്ടത് അന്നത്തേതിലും അടിയന്തിരമാണ്. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഈ അടിയന്തിരാവശ്യം, കൂടുതൽ പ്രവർത്തിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. സത്യം അന്വേഷിക്കുന്ന ആളുകളെ കണ്ടെത്താൻ വീടുതോറും പോകുന്നതിനെക്കാൾ മെച്ചപ്പെട്ട വേറൊരു രീതിയില്ല. കാലം തെളിയിച്ച ഫലപ്രദമായ രീതിയാണ് ഇത്. യേശുവിന്റെയും അപ്പോസ്തലന്മാരുടെയും കാലത്തെപ്പോലെതന്നെ ഈ രീതി ഇന്നും ഫലകരമാണ്.—മർക്കോ. 13:10.
6 വീടുതോറുമുള്ള ശുശ്രൂഷയിൽ നന്നായി പങ്കുപറ്റാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ചെയ്യുന്നതിൽ യഹോവ സന്തോഷിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. (യഹ. 9:11; പ്രവൃ. 20:35) വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നതു നിങ്ങൾക്ക് ഒരുപക്ഷേ അത്ര എളുപ്പമല്ലായിരിക്കാം. അതിന്റെ കാരണങ്ങൾ പലതായിരിക്കും: നിങ്ങൾക്കു ശാരീരികപരിമിതികളുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങൾ പ്രസംഗിക്കുന്ന പ്രദേശത്തെ ആളുകൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത കേൾക്കുന്നതിനോടു ചായ്വുള്ളവരല്ലായിരിക്കാം. ഒരുപക്ഷേ, ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾപോലുമുണ്ടായിരിക്കാം. ഇനി, മുൻകൈയെടുത്ത് അപരിചിതരുമായി സംഭാഷണങ്ങൾ ആരംഭിക്കുന്നതിനു ലജ്ജാശീലം ഒരു തടസ്സമാകുന്നുണ്ടോ? ഇതിലേതെങ്കിലുമാണു നിങ്ങളുടെ പ്രശ്നമെങ്കിൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്ന ഓരോ അവസരത്തിലും നിങ്ങൾക്കു നല്ലതുപോലെ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടാകാം. മനസ്സുമടുത്തുപോകരുത്! (പുറ. 4:10-12) മറ്റു പ്രദേശങ്ങളിലുള്ള നിങ്ങളുടെ സഹോദരീസഹോദരന്മാർക്കും ഇതേ പ്രശ്നങ്ങൾതന്നെയുണ്ട്.
7 യേശു തന്റെ ശിഷ്യന്മാർക്ക് ഈ ഉറപ്പു നൽകി: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.” (മത്താ. 28:20) ആ വാഗ്ദാനം ശിഷ്യരാക്കൽപ്രവർത്തനത്തിൽ നമുക്ക് ഉൾക്കരുത്തു പകരുന്നു. പൗലോസ് അപ്പോസ്തലനെപ്പോലെ നമുക്കും ഇങ്ങനെ തോന്നുന്നില്ലേ? “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.” (ഫിലി. 4:13) വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുന്നതിനു ചെയ്തിരിക്കുന്ന എല്ലാ സഭാക്രമീകരണങ്ങളും ഉപയോഗപ്പെടുത്തുക. മറ്റു സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ നിങ്ങൾക്കു പ്രോത്സാഹനവും വ്യക്തിപരമായ സഹായവും ലഭിക്കും. നേരിട്ടേക്കാവുന്ന ഏതു പ്രതിബന്ധങ്ങളും തരണം ചെയ്യാനുള്ള സഹായത്തിനായി പ്രാർഥിക്കുക. സന്തോഷവാർത്ത അറിയിക്കുന്നതിൽ തീക്ഷ്ണതയുള്ളവരായിരിക്കുക.—1 യോഹ. 5:14.
8 ആളുകളോടു സന്തോഷവാർത്ത അറിയിക്കുമ്പോൾ “നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച്” പറയാനുള്ള അവസരങ്ങൾ നിങ്ങൾക്കു കിട്ടും. (1 പത്രോ. 3:15) അപ്പോൾ ദൈവരാജ്യപ്രത്യാശയുള്ളവരും ദൈവരാജ്യപ്രത്യാശയില്ലാത്തവരും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കു കൂടുതൽക്കൂടുതൽ വ്യക്തമാകും. (യശ. 65:13, 14) “നിങ്ങളുടെ വെളിച്ചം . . . പ്രകാശിക്കട്ടെ” എന്ന യേശുവിന്റെ ആഹ്വാനം അനുസരിക്കുന്നതിന്റെ ചാരിതാർഥ്യം നിങ്ങൾക്കുണ്ടാകും. യഹോവയെക്കുറിച്ചും നിത്യജീവനിലേക്കു നയിക്കുന്ന സത്യത്തെക്കുറിച്ചും അറിയാൻ ആളുകളെ സഹായിക്കാനുള്ള പദവിയും നിങ്ങൾക്കുണ്ടായിരിക്കും.—മത്താ. 5:16; യോഹ. 17:3; 1 തിമൊ. 4:16.
9 വാരാന്തങ്ങളിലും ആഴ്ചയിൽ ഉടനീളവും വീടുതോറും പ്രവർത്തിക്കാൻ ക്രമീകരണങ്ങളുണ്ട്. പകൽസമയത്ത് ആളുകളെ വീടുകളിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ സായാഹ്നസാക്ഷീകരണത്തിനു ചില സഭകൾ ക്രമീകരണം ചെയ്യാറുണ്ട്. രാവിലെസമയത്തെക്കാൾ ഉച്ചതിരിഞ്ഞോ സന്ധ്യയ്ക്കു മുമ്പോ സന്ദർശകരെ സ്വീകരിക്കാൻ ആളുകൾ കൂടുതൽ താത്പര്യം കാണിച്ചേക്കാം.
അർഹതയുള്ളവരെ അന്വേഷിക്കുക
10 യേശു തന്റെ ശിഷ്യന്മാർക്ക്, ‘അർഹതയുള്ളയാൾ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള’ നിർദേശം കൊടുത്തു. (മത്താ. 10:11) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയോടു താത്പര്യമുള്ളവരെ അന്വേഷിക്കുന്നതിനു വീടുതോറുമുള്ള ശുശ്രൂഷ മാത്രം ചെയ്താൽ മതിയെന്നു യേശു കരുതിയില്ല. മറിച്ച് ഉചിതമായ എല്ലാ അവസരങ്ങളിലും യേശു ഔപചാരികവും അനൗപചാരികവും ആയി സാക്ഷ്യം നൽകി. (ലൂക്കോ. 8:1; യോഹ. 4:7-15) അപ്പോസ്തലന്മാരും വ്യത്യസ്തസ്ഥലങ്ങളിൽവെച്ച് ആളുകൾക്കു സാക്ഷ്യം നൽകി.—പ്രവൃ. 17:17; 28:16, 23, 30, 31.
നമ്മുടെ ലക്ഷ്യം രാജ്യസന്ദേശവുമായി കഴിയുന്നിടത്തോളം ആളുകളുടെ അടുക്കൽ എത്തിച്ചേരുക എന്നതാണ്
11 അതുപോലെ ഇന്നും നമ്മുടെ ലക്ഷ്യം രാജ്യസന്ദേശവുമായി കഴിയുന്നിടത്തോളം ആളുകളുടെ അടുക്കൽ എത്തിച്ചേരുക എന്നതാണ്. ഇതിന്റെ അർഥം ശിഷ്യരാക്കുന്ന കാര്യത്തിൽ നമ്മൾ യേശുവിന്റെയും അപ്പോസ്തലന്മാരുടെയും സമീപനം അനുകരിക്കണമെന്നാണ്. മാറിവരുന്ന ലോകാവസ്ഥകളും നമ്മുടെ പ്രദേശത്തെ ആളുകളുടെ വ്യത്യസ്തമായ സാഹചര്യങ്ങളും നമ്മൾ കണക്കിലെടുക്കുന്നു. (1 കൊരി. 7:31) ഉദാഹരണത്തിന്, ബിസിനെസ്സ് പ്രദേശങ്ങളിലെ ആളുകളോടു നല്ല രീതിയിൽ സാക്ഷീകരിക്കാൻ പ്രചാരകർക്കു കഴിയുന്നുണ്ട്. തെരുവുസാക്ഷീകരണവും മിക്ക രാജ്യങ്ങളിലും ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. പാർക്കുകളിലും പാർക്കിങ് സ്ഥലങ്ങളിലും എന്നുവേണ്ട ആളുകളെ കണ്ടെത്താവുന്ന ഇടങ്ങളിലെല്ലാം നമ്മൾ സാക്ഷീകരിക്കുന്നു. ചില സഭകൾ തങ്ങളുടെ പ്രദേശങ്ങളിൽ മേശകളും കൊണ്ടുനടക്കാവുന്ന പ്രദർശനോപാധികളും ഉപയോഗിച്ച് സാക്ഷീകരണം നടത്താറുണ്ട്. ചില വൻനഗരങ്ങളിൽ യാത്രക്കാർ ധാരാളമായി നടന്നുപോകുന്ന നഗരത്തിന്റെ പ്രത്യേകഭാഗങ്ങളിൽ ബ്രാഞ്ചോഫീസ് പരസ്യസാക്ഷീകരണം സംഘടിപ്പിക്കാറുണ്ട്. പല സഭകളിൽനിന്നുള്ള സഹോദരങ്ങളെ ചേർത്താണ് ഇതു ക്രമീകരിക്കുന്നത്. വീടുകളിൽ കണ്ടെത്താൻ പറ്റാത്ത ആളുകൾക്കു ദൈവരാജ്യസന്ദേശം കേൾക്കാൻ അങ്ങനെ കഴിയുന്നു.
12 ബൈബിൾസന്ദേശത്തോടു താത്പര്യം കാണിക്കുന്ന ആളുകളെ പൊതുസ്ഥലങ്ങളിൽവെച്ച് കണ്ടുമുട്ടുമ്പോൾ ഉചിതമായ ഒരു പ്രസിദ്ധീകരണം അവർക്കു നൽകാവുന്നതാണ്. അവരുടെ താത്പര്യം വർധിപ്പിക്കാൻ, നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ അവർക്കു നൽകിയിട്ട് ഒരു മടക്കസന്ദർശനം ക്രമീകരിക്കുകയോ അവരെ jw.org പരിചയപ്പെടുത്തുകയോ തൊട്ടടുത്ത് സഭായോഗം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം നൽകുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിലെ സാക്ഷീകരണം ശുശ്രൂഷ വികസിപ്പിക്കാനുള്ള ആസ്വാദ്യകരമായ ഒരു വിധമാണെന്നു നിങ്ങൾക്ക് അനുഭവിച്ചറിയാനാകും.
13 ഇന്ന്, ക്രിസ്ത്യാനികളായ നമ്മുടെ ഉത്തരവാദിത്വം കേവലം സന്തോഷവാർത്ത അറിയിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ജീവനിലേക്കു നയിക്കുന്ന സത്യം സ്വീകരിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിൽ വിജയിക്കണമെങ്കിൽ താത്പര്യം കാണിച്ചവർക്കു നിങ്ങൾ തുടർസന്ദർശനങ്ങൾ നടത്തേണ്ടതുണ്ട്. അങ്ങനെ അവർക്കു പുരോഗമിക്കാനും പക്വതയുള്ള ക്രിസ്ത്യാനികളായിത്തീരാനും കഴിയും.
മടക്കസന്ദർശനങ്ങൾ നടത്തുക
14 യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ . . . ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) യേശു ഇങ്ങനെയും പറഞ്ഞിരുന്നു: “നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും . . . ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.” (മത്താ. 28:19, 20) മടക്കസന്ദർശനങ്ങൾ നടത്തുന്നതിലൂടെ വലിയ സന്തോഷം ലഭിക്കും. നിങ്ങൾ ആദ്യം സന്ദർശിച്ചപ്പോൾ സന്തോഷവാർത്തയിൽ താത്പര്യം കാണിച്ച ആളുകൾക്കു നിങ്ങളെ വീണ്ടും കാണുമ്പോൾ സന്തോഷം തോന്നാനിടയുണ്ട്. അവരുമായി കൂടുതൽ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് ദൈവത്തിലുള്ള അവരുടെ വിശ്വാസം ശക്തിപ്പെടുത്താൻ കഴിയും. ആത്മീയകാര്യങ്ങൾ ആവശ്യമാണെന്നു തിരിച്ചറിയാനും അവരെ അങ്ങനെ സഹായിക്കാനാകും. (മത്താ. 5:3) നന്നായി തയ്യാറാകുകയും അവർക്കു സൗകര്യപ്രദമായ സമയത്ത് മടങ്ങിച്ചെല്ലുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ബൈബിൾപഠനം ആരംഭിക്കാൻ കഴിഞ്ഞേക്കും. സാധാരണഗതിയിൽ മടക്കസന്ദർശനം നടത്തുന്നതിന്റെ ഉദ്ദേശ്യവും അതുതന്നെയാണല്ലോ. നമ്മൾ സത്യത്തിന്റെ വിത്തു നടുക മാത്രമല്ല, നനച്ചുകൊടുക്കുകയും ചെയ്യുന്നു.—1 കൊരി. 3:6.
15 മടക്കസന്ദർശനങ്ങൾ നടത്തുന്നതു ചിലർക്ക് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ആദ്യസന്ദർശനത്തിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഹ്രസ്വമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായെന്നുവരില്ല. ശുശ്രൂഷയുടെ ആ വശം നിങ്ങൾക്കു വളരെ ഇഷ്ടവുമായിരിക്കാം. പക്ഷേ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യാൻ വീട്ടുകാരന്റെ അടുത്തേക്കു മടങ്ങിച്ചെല്ലുക എന്നുള്ളതു നിങ്ങൾക്ക് ഓർക്കാൻതന്നെ വിഷമമുള്ള കാര്യമായിരിക്കും. എന്നാൽ നന്നായി തയ്യാറാകുന്നതു നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും. മധ്യവാരയോഗങ്ങളിലൂടെ കിട്ടുന്ന പ്രായോഗികനിർദേശങ്ങൾ പരീക്ഷിച്ചുനോക്കാൻ മറക്കരുത്. നിങ്ങളെക്കാൾ പരിചയസമ്പന്നനായ ഒരു പ്രചാരകനെ കൂടെ കൊണ്ടുപോകുന്നതും പ്രയോജനം ചെയ്തേക്കും.
ബൈബിൾപഠനങ്ങൾ നടത്തുക
16 ദൈവവചനം വായിച്ചുകൊണ്ടിരുന്ന, ജൂതമതം സ്വീകരിച്ച ഒരാളോടു സുവിശേഷകനായ ഫിലിപ്പോസ് ഇങ്ങനെ ചോദിച്ചു: “വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ?” അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്?” പ്രവൃത്തികൾ എട്ടാം അധ്യായത്തിലെ ബൈബിൾവിവരണം നമ്മോടു പറയുന്നത്, അദ്ദേഹം വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തുഭാഗത്തുനിന്ന് തുടങ്ങി ഫിലിപ്പോസ്, “യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചു” എന്നാണ്. (പ്രവൃ. 8:26-36) ഫിലിപ്പോസ് എത്ര സമയം സംസാരിച്ചെന്നു നമുക്ക് അറിയില്ല. പക്ഷേ ഫിലിപ്പോസ് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിനു ബോധ്യമായി. തനിക്കു സ്നാനമേൽക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം സ്നാനമേറ്റ് യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീർന്നു.
17 ബൈബിളിലുള്ള കാര്യങ്ങൾ അറിയില്ലാത്ത ഒരുപാടു പേർ ഇന്നുമുണ്ട്. അതുകൊണ്ട് വിശ്വാസം ഉൾനടാനും സ്നാനത്തിനു യോഗ്യത നേടാനും അവർക്കു കഴിയണമെങ്കിൽ നിരവധി മടക്കസന്ദർശനങ്ങൾ നടത്തേണ്ടിവന്നേക്കാം. ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ ഒരു വർഷമോ അതിലേറെയോ കാലത്തെ വിശദമായ പഠനവും ആവശ്യമായിവരാം. പക്ഷേ, നിങ്ങൾ ക്ഷമയോടെയും സ്നേഹത്തോടെയും ശുദ്ധഹൃദയരായ ആളുകളെ ശിഷ്യരാകാൻ സഹായിക്കുന്നതിന് അതിന്റേതായ പ്രതിഫലം കിട്ടും. കാരണം, യേശു ഇങ്ങനെ പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃ. 20:35.
18 ആളുകളെ ബൈബിൾ പഠിപ്പിക്കാൻ പ്രത്യേകമായി തയ്യാറാക്കിയ ഏതെങ്കിലുമൊരു പ്രസിദ്ധീകരണം ഉപയോഗിച്ച് നിങ്ങൾക്കു ബൈബിൾപഠനം ആരംഭിക്കാം. മധ്യവാരയോഗത്തിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതും സഭയിലെ പരിചയസമ്പന്നരായ അധ്യാപകരോടൊപ്പം പ്രവർത്തിക്കുന്നതും ഫലകരമായ ബൈബിൾപഠനങ്ങൾ നടത്താൻ നിങ്ങളെ പ്രാപ്തരാക്കും. അങ്ങനെ യേശുക്രിസ്തുവിന്റെ ശിഷ്യരാകാൻ നിങ്ങൾക്ക് ആളുകളെ സഹായിക്കാനാകും.
19 ഒരു ബൈബിൾപഠനം ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും നിങ്ങൾക്കു സഹായം ആവശ്യമാണെങ്കിൽ സഭയിലെ ഒരു മേൽവിചാരകനോടു സംസാരിക്കാം. അല്ലെങ്കിൽ ബൈബിൾപഠനങ്ങൾ നന്നായി നടത്തിപ്പോരുന്ന ഒരു സഹവിശ്വാസിയോട് ഇക്കാര്യം സംസാരിക്കാം. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ വരുന്ന നിർദേശങ്ങളും അവ യോഗത്തിൽ സഹോദരങ്ങൾ അവതരിപ്പിച്ചുകാണിക്കുന്നതും നിങ്ങളെ സഹായിക്കും. യഹോവയിൽ ആശ്രയിക്കുക, ഇതെക്കുറിച്ചുള്ള നിങ്ങളുടെ ആഗ്രഹം പ്രാർഥനാവിഷയമാക്കുക. (1 യോഹ. 3:22) നിങ്ങൾ കുടുംബാംഗങ്ങൾക്കു നടത്തുന്ന ബൈബിൾപഠനത്തിനു പുറമേ ഒരു അധ്യയനമെങ്കിലും നടത്താൻ ആത്മാർഥമായി ലക്ഷ്യം വെക്കുക. ബൈബിൾപഠനങ്ങൾ നടത്തുന്നതു ശുശ്രൂഷയിലുള്ള നിങ്ങളുടെ സന്തോഷം തീർച്ചയായും വർധിപ്പിക്കും.
താത്പര്യം കാണിക്കുന്ന ആളുകളെ യഹോവയുടെ സംഘടനയിലേക്കു നയിക്കുക
20 യഹോവയെ അറിയാനും യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരാനും നമ്മൾ ആളുകളെ സഹായിക്കുമ്പോൾ അവർ സഭയുടെ ഭാഗമായിത്തീരുന്നു. ബൈബിൾവിദ്യാർഥികൾ യഹോവയുടെ സംഘടനയെ തിരിച്ചറിയുകയും അതുമായി സഹകരിക്കുകയും ചെയ്യുമ്പോൾ അവർ ആത്മീയപുരോഗതി വരുത്തുകയും പക്വതയിലേക്കു വളരുകയും ചെയ്യും. അവർക്കു സംഘടനയെ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതു വളരെ പ്രധാനമാണ്! നമുക്ക് അത് എങ്ങനെ ചെയ്യാം? വീഡിയോകളും, ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രികയും ഈ ഉദ്ദേശ്യത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളവയാണ്. ഈ പുസ്തകത്തിന്റെ നാലാം അധ്യായത്തിലെ ചില വിവരങ്ങളും ഇക്കാര്യത്തിൽ സഹായിക്കും.
21 ഭൂമിയിലെമ്പാടും പ്രസംഗപ്രവർത്തനം നടത്താൻ യഹോവ ഒരു സംഘടനയെ ഉപയോഗിക്കുന്നുണ്ടെന്നു കാണാൻ, വിദ്യാർഥിയെ ബൈബിൾചർച്ചകളുടെ തുടക്കംമുതൽത്തന്നെ സഹായിക്കുക. ബൈബിൾ പഠനസഹായികളുടെ മൂല്യം എടുത്തുപറയുക. അവ ഉത്പാദിപ്പിക്കാനും ലോകവ്യാപകമായി വിതരണം ചെയ്യാനും ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ച സന്നദ്ധസേവകർ പരിശ്രമിക്കുന്നത് എങ്ങനെയെന്നും വിവരിച്ചുകൊടുക്കുക. യോഗങ്ങൾക്കു നിങ്ങളോടൊപ്പം രാജ്യഹാളിൽ വരാൻ അദ്ദേഹത്തെ ക്ഷണിക്കുക. യോഗങ്ങൾ നടക്കുന്നത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കുക. അദ്ദേഹത്തെ രാജ്യഹാളിലെ നിങ്ങളുടെ സുഹൃത്തുക്കൾക്കു പരിചയപ്പെടുത്തുക. സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൂട്ടിക്കൊണ്ടുപോയി മറ്റു സഹോദരങ്ങളെയും പരിചയപ്പെടുത്തുക. യഹോവയുടെ ജനം സത്യക്രിസ്ത്യാനികളുടെ മുഖമുദ്രയായ സ്നേഹം കാണിക്കുന്നത് എങ്ങനെയാണെന്ന് ഇതുപോലെയുള്ള അവസരങ്ങളിൽ അദ്ദേഹം കാണട്ടെ. (യോഹ. 13:35) യഹോവയുടെ സംഘടനയോടുള്ള വിലമതിപ്പു വർധിക്കുമ്പോൾ അദ്ദേഹം യഹോവയോടും കൂടുതൽക്കൂടുതൽ അടുക്കും.
ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്
22 ആദ്യകാലക്രിസ്ത്യാനികൾ ദൈവവചനത്തിന്റെ തീക്ഷ്ണതയുള്ള പ്രചാരകരായിത്തീർന്നു. സ്വന്തമായ ഉപയോഗത്തിനും സഭയിൽ പഠിക്കാനും അവർ തിരുവെഴുത്തുകളുടെ പകർപ്പുകൾ ഉണ്ടാക്കി. ദൈവത്തിന്റെ സത്യവചനം അവർ മറ്റുള്ളവർക്കു കൈമാറിക്കൊടുത്തിരുന്നു. തിരുവെഴുത്തിന്റെ കൈയെഴുത്തുപ്രതികൾ എണ്ണത്തിൽ കുറവായിരുന്നതുകൊണ്ട് ആ ഓരോ പ്രതികളും അവർക്കു വളരെ വിലപ്പെട്ടതായിരുന്നു. (കൊലോ. 4:16; 2 തിമൊ. 2:15; 3:14-17; 4:13; 1 പത്രോ. 1:1) ഇന്ന് യഹോവയുടെ സാക്ഷികൾ ആധുനികസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കോടിക്കണക്കിനു ബൈബിളുകളും ബൈബിൾ പഠനസഹായികളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. നൂറുകണക്കിനു ഭാഷകളിലുള്ള ലഘുലേഖകളും ലഘുപത്രികകളും പുസ്തകങ്ങളും മാസികകളും അവയിൽ ഉൾപ്പെടുന്നു.
23 ആളുകളെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുമ്പോൾ യഹോവയുടെ സംഘടന നൽകിയിരിക്കുന്ന ബൈബിൾ പഠനസഹായികൾ ഉപയോഗിക്കുക. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്തതുകൊണ്ട് നിങ്ങൾക്ക് എത്രമാത്രം പ്രയോജനമുണ്ടായെന്ന് ഓർക്കുക. മറ്റുള്ളവർക്ക് ആ പ്രസിദ്ധീകരണങ്ങൾ കൊടുക്കാൻ അതു നിങ്ങളെ പ്രചോദിപ്പിക്കും.—എബ്രാ. 13:15, 16.
24 വിവരങ്ങൾ അറിയാനായി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുകയാണ്. അതുകൊണ്ട് ബൈബിൾപ്രസിദ്ധീകരണങ്ങൾക്കു പുറമേ നമ്മുടെ ഔദ്യോഗിക വെബ്സൈറ്റായ jw.org സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിനുള്ള വളരെ നല്ലൊരു ഉപാധിയാണ്. ലോകത്ത് എവിടെയുമുള്ള ആളുകൾക്കു സ്വന്തം കമ്പ്യൂട്ടറുകളിൽ നൂറുകണക്കിനു ഭാഷകളിലുള്ള ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിക്കാനും ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കാനും കഴിയും. നമ്മളുമായി സംഭാഷണം നടത്താൻ മടിയുള്ളവർക്കും യഹോവയുടെ സാക്ഷികളെ കാണാനും സംസാരിക്കാനും അവസരങ്ങൾ തീരെ കുറവുള്ളവർക്കും സ്വന്തം വീടിന്റെ സ്വകാര്യതയിലിരുന്ന് jw.org ഉപയോഗിച്ച് നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് പഠിച്ചുനോക്കാൻ കഴിയും.
25 അതുകൊണ്ട്, അവസരം കിട്ടുമ്പോഴെല്ലാം നമ്മൾ jw.org-നു നല്ല പ്രചാരണം കൊടുക്കും. നമ്മുടെ വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്ന ഒരു വീട്ടുകാരന് അപ്പോൾ, അവിടെവെച്ചുതന്നെ മൊബൈലിൽനിന്നോ ടാബ്ലെറ്റിൽനിന്നോ കമ്പ്യൂട്ടറിൽനിന്നോ ചോദ്യങ്ങൾക്കുള്ള ഉത്തരം കാണിച്ചുകൊടുക്കാൻ കഴിയും. ആംഗ്യഭാഷ ഉൾപ്പെടെ വേറൊരു ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും കാണുമ്പോൾ നമുക്ക് അദ്ദേഹത്തെ നമ്മുടെ വെബ്സൈറ്റ് കാണിച്ചുകൊടുക്കാനും അദ്ദേഹത്തിന്റെ ഭാഷയിലുള്ള ബൈബിളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്താനും കഴിയും. നമ്മുടെ വെബ്സൈറ്റിലുള്ള ഏതെങ്കിലും വീഡിയോ ഉപയോഗിച്ചുകൊണ്ട് പല പ്രചാരകരും ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്തുതുടങ്ങാറുണ്ട്.
അനൗപചാരികമായുള്ള സാക്ഷീകരണം
26 തന്റെ വാക്കുകൾ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്നവരോടു യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്. . . . നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ. അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.” (മത്താ. 5:14-16) ആ ശിഷ്യന്മാർ യേശുവിനെ അനുകരിച്ചുകൊണ്ട് ദൈവികഗുണങ്ങളും നിലവാരങ്ങളും പ്രതിഫലിപ്പിച്ചു. യേശു തന്നെക്കുറിച്ചുതന്നെ ഇങ്ങനെയാണു പറഞ്ഞത്: “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്.” അതെ, കേൾക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനായി, ‘ജീവന്റെ വെളിച്ചം’ എങ്ങനെ പ്രകാശിപ്പിക്കാം എന്ന കാര്യത്തിൽ യേശു ക്രിസ്ത്യാനികൾക്കു മാതൃക വെച്ചു.—യോഹ. 8:12.
27 അതുപോലെ, പൗലോസ് അപ്പോസ്തലനും നമുക്കു പിൻപറ്റാൻ ഒരു മാതൃക വെച്ചു. (1 കൊരി. 4:16; 11:1) ആതൻസിൽവെച്ച് പൗലോസ് എല്ലാ ദിവസവും, ചന്തസ്ഥലത്ത് കണ്ടുമുട്ടിയവരോടു സാക്ഷീകരിച്ചുപോന്നു. (പ്രവൃ. 17:17) ഫിലിപ്പിയിലെ ക്രിസ്ത്യാനികൾ ഈ മാതൃക പിന്തുടർന്നു. അവർ ജീവിച്ചിരുന്നതു “വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ” ആണെങ്കിലും അത്തരക്കാർക്കിടയിൽ അവർ ‘ജ്യോതിസ്സുകളെപ്പോലെ പ്രകാശിച്ചു’ എന്ന് എഴുതാൻ പൗലോസിനു കഴിഞ്ഞത് അതുകൊണ്ടാണ്. (ഫിലി. 2:15) ഇന്നുള്ള ക്രിസ്ത്യാനികളായ നമുക്കോ? മറ്റുള്ളവരോടു സന്തോഷവാർത്ത പറയാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യസത്യം പ്രകാശിപ്പിക്കാൻ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം. സത്യസന്ധരും നീതിനിഷ്ഠരും ആയിക്കൊണ്ട് നമ്മൾ വെക്കുന്ന നല്ല മാതൃക കാണുമ്പോൾത്തന്നെ ലോകത്തിൽനിന്ന് വ്യത്യസ്തരാണു നമ്മളെന്ന് അവർക്കു മനസ്സിലാകും. അവരോടു സന്തോഷവാർത്ത സംസാരിച്ചുതുടങ്ങുമ്പോൾ നമ്മൾ വ്യത്യസ്തരായിരിക്കുന്നതിന്റെ കാരണവും അവർക്കു മനസ്സിലാകും.
28 ജോലിസ്ഥലത്തും സ്കൂളിലും പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മറ്റു കാര്യങ്ങൾക്കായി പോകുമ്പോഴും ഒക്കെ യഹോവയുടെ ജനത്തിൽ പലരും അവിടങ്ങളിൽ കണ്ടുമുട്ടുന്നവരോടു ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പറയാറുണ്ട്. യാത്രയിലാണെങ്കിൽ സഹയാത്രികരോടു സംസാരിക്കാനുള്ള അവസരം കിട്ടിയേക്കാം. ഒരു സാധാരണസംഭാഷണം സാക്ഷീകരണമാക്കി മാറ്റാനുള്ള അവസരം കിട്ടുമോ എന്നു നമ്മൾ നോക്കിയിരിക്കണം. ഉചിതമായ ഏതു സന്ദർഭത്തിലും ആളുകളോടു സംസാരിക്കാൻ തയ്യാറായിരിക്കുക.
29 നമ്മൾ സ്രഷ്ടാവിനെ സ്തുതിക്കുകയാണെന്നും ആ സ്രഷ്ടാവിന്റെ നാമത്തെ മഹത്വപ്പെടുത്തുകയാണെന്നും ഓർക്കുന്നെങ്കിൽ ഇപ്രകാരം ചെയ്യാൻ നമ്മൾ പ്രചോദിതരാകും. കൂടാതെ, ആത്മാർഥതയുള്ള ആളുകളെ യഹോവയെ അറിയാൻ സഹായിക്കുന്നതിന് ഇതുവഴി നമുക്കു കഴിയുന്നു. അവർക്കും യഹോവയെ സേവിക്കാനും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ജീവന്റെ പ്രത്യാശ നേടാനും അങ്ങനെ കഴിയുന്നു. നമ്മുടെ ഇത്തരം ശ്രമങ്ങളിൽ യഹോവ പ്രസാദിക്കുകയും അതു തനിക്കുള്ള വിശുദ്ധസേവനമായി കണക്കിടുകയും ചെയ്യും.—എബ്രാ. 12:28; വെളി. 7:9, 10.
പ്രദേശം
30 നഗരങ്ങളിലും ഗ്രാമങ്ങളിലും എന്നുവേണ്ട ലോകത്തെമ്പാടും ദൈവരാജ്യസന്ദേശം പ്രസംഗിക്കുകയെന്നത് യഹോവയുടെ ഇഷ്ടമാണ്. ഈ ലക്ഷ്യത്തിൽ ബ്രാഞ്ചോഫീസ് സഭകൾക്കും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സേവിക്കുന്ന സഹോദരങ്ങൾക്കും പ്രദേശങ്ങൾ നിയമിച്ചുകൊടുക്കുന്നു. (1 കൊരി. 14:40) ഒന്നാം നൂറ്റാണ്ടിൽ ദിവ്യനിർദേശപ്രകാരം അവർ ചെയ്തതിനു ചേർച്ചയിലാണ് ഇത്. (2 കൊരി. 10:13; ഗലാ. 2:9) ഈ അന്ത്യനാളുകളിൽ ദൈവരാജ്യപ്രവർത്തനങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. സഭാപ്രദേശങ്ങൾ പ്രവർത്തിച്ചുതീർക്കാനുള്ള ക്രമീകരണങ്ങൾ സുസംഘടിതമാണെങ്കിൽ ഏറെ നേട്ടങ്ങൾ കൈവരിക്കാനാകും.
31 ഈ ക്രമീകരണങ്ങൾക്കു നേതൃത്വം കൊടുക്കേണ്ടതു സേവനമേൽവിചാരകനാണ്. ചിലപ്പോൾ, സഹോദരങ്ങൾക്കു സഭാപ്രദേശം കൊടുക്കുന്നത് ഒരു ശുശ്രൂഷാദാസനായിരിക്കും. പ്രദേശം രണ്ടു തരമുണ്ട്: ഗ്രൂപ്പുകൾക്കുള്ള പ്രദേശങ്ങളും വ്യക്തികൾക്കുള്ള പ്രദേശങ്ങളും. സഭയ്ക്കു പരിമിതമായ പ്രദേശമേ ഉള്ളൂ എങ്കിൽ, ഗ്രൂപ്പ് മേൽവിചാരകന്റെ അനുവാദത്തോടെ പ്രചാരകർക്കു ഗ്രൂപ്പിന്റെ പ്രദേശത്ത് പ്രവർത്തിക്കാനാകും. നേരേ മറിച്ച്, പ്രദേശം ധാരാളമുണ്ടെങ്കിൽ പ്രചാരകർക്കു വ്യക്തിപരമായി പ്രദേശം ചോദിച്ച് വാങ്ങാം.
32 സ്വന്തമായി പ്രദേശമുള്ള ഒരു പ്രചാരകനു വയൽസേവനയോഗങ്ങൾ ഇല്ലാത്തപ്പോഴും ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കാത്തപ്പോഴും പ്രവർത്തിക്കാൻ ഒരു പ്രദേശമുണ്ടായിരിക്കും. ഉദാഹരണത്തിന്, ചില പ്രചാരകർ ജോലിസ്ഥലത്തിന് അടുത്തായി ഒരു പ്രദേശം എടുക്കും. ഊണുസമയത്തെ ഇടവേളയിലോ ജോലി കഴിഞ്ഞോ അദ്ദേഹത്തിന് അവിടെ പ്രവർത്തിക്കാൻ കഴിയും. ചില കുടുംബങ്ങൾ താമസസ്ഥലത്തിന് അടുത്തായി പ്രദേശം എടുക്കുന്നു. അതുകൊണ്ട് ചില വൈകുന്നേരങ്ങളിൽ അവർക്ക് അവിടെ പ്രവർത്തിക്കാനാകും. സൗകര്യപ്രദമായ സ്ഥലത്ത് പ്രദേശം എടുക്കുന്ന ഒരു പ്രചാരകനു സേവനത്തിനായി നീക്കിവെക്കുന്ന സമയം ഏതാണ്ടു പൂർണമായിത്തന്നെ വയലിൽ ഉപയോഗിക്കാൻ കഴിയും. വ്യക്തിപരമായി എടുക്കുന്ന പ്രദേശത്ത് ഗ്രൂപ്പ് അടിസ്ഥാനത്തിലും പ്രവർത്തിക്കാം. നിങ്ങൾക്കു വ്യക്തിപരമായി ഒരു പ്രദേശം വേണമെന്നുണ്ടെങ്കിൽ പ്രദേശദാസനോട് ആവശ്യപ്പെടാവുന്നതാണ്.
33 ഗ്രൂപ്പ് മേൽവിചാരകൻ ഗ്രൂപ്പിനുവേണ്ടി എടുത്ത പ്രദേശമായാലും ഒരു പ്രചാരകൻ തനിക്കുവേണ്ടി എടുത്ത പ്രദേശമായാലും, ആ പ്രദേശത്തെ ഓരോ വീട്ടിലെയും ഒരാളുമായെങ്കിലും സമ്പർക്കത്തിൽ വരാൻ ന്യായമായ അളവിൽ ശ്രമിച്ചിട്ടുണ്ടെന്ന് അത് എടുത്തയാൾ ഉറപ്പാക്കണം. എന്നാൽ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ ചെയ്യുന്ന എല്ലാ ക്രമീകരണങ്ങളും അവിടെ ബാധകമായ വിവരസംരക്ഷണനിയമങ്ങൾക്കു ചേർച്ചയിലായിരിക്കണം. പ്രദേശം ഏറ്റെടുക്കുന്നതു ഗ്രൂപ്പ് മേൽവിചാരകനായാലും പ്രചാരകരായാലും തങ്ങളുടെ പ്രദേശം നാലു മാസത്തിനുള്ളിൽ പ്രവർത്തിച്ചുതീർക്കാൻ ശ്രമിക്കണം. ആ സമയം തീരുമ്പോൾ അക്കാര്യം പ്രദേശദാസനെ അറിയിക്കേണ്ടതാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രൂപ്പ് മേൽവിചാരകനോ പ്രചാരകനോ വീണ്ടും പ്രവർത്തിക്കാനായി ആ പ്രദേശംതന്നെ കൈവശംവെക്കാനായേക്കും. അല്ലാത്തപക്ഷം അതു പ്രദേശദാസനു തിരിച്ചുകൊടുക്കുക.
34 സഭയോടൊത്ത് സഹവസിക്കുന്ന എല്ലാവരും സഹകരിക്കുകയാണെങ്കിൽ സഭാപ്രദേശം സമഗ്രമായി പ്രവർത്തിച്ചുതീർക്കാൻ കഴിയും. രണ്ടോ അതിലധികമോ പ്രചാരകർ ഒരേ സമയത്ത് ഒരു പ്രദേശംതന്നെ പ്രവർത്തിക്കുന്നത് ഒഴിവാക്കാനും കഴിയും. അല്ലാത്തപക്ഷം അതു വീട്ടുകാരെ അസ്വസ്ഥരാക്കാൻ ഇടയുണ്ട്. അങ്ങനെ നമുക്കു നമ്മുടെ സഹോദരങ്ങളോടും പ്രദേശവാസികളോടും പരിഗണന കാണിക്കാം.
എല്ലാ ഭാഷക്കാരോടും പ്രസംഗിക്കാൻ സഹകരിച്ച് പ്രവർത്തിക്കുക
35 എല്ലാവരും യഹോവയെക്കുറിച്ചും പുത്രനെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. (വെളി. 14:6, 7) രക്ഷയ്ക്കായി യഹോവയുടെ പേര് വിളിച്ചപേക്ഷിക്കാനും ക്രിസ്തീയവ്യക്തിത്വം ധരിക്കാനും എല്ലാ ഭാഷക്കാരെയും സഹായിക്കാൻ നമുക്ക് അതിയായ താത്പര്യമുണ്ട്. (റോമ. 10:12, 13; കൊലോ. 3:10, 11) പല ഭാഷക്കാരുള്ള പ്രദേശങ്ങളിൽ സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ നേരിട്ടേക്കാവുന്ന ചില പ്രതിബന്ധങ്ങൾ ഏതൊക്കെയാണ്? കഴിയുന്നത്ര ആളുകളോട് അവർക്ക് ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ ദൈവരാജ്യസന്ദേശം അറിയിക്കുക എന്ന ഈ വെല്ലുവിളി നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാം?—റോമ. 10:14.
36 ഭാഷയുടെ അടിസ്ഥാനത്തിലാണ് ഓരോ സഭയ്ക്കും പ്രദേശം നിയമിച്ചുകൊടുക്കുന്നത്. അതുകൊണ്ട് പല ഭാഷക്കാരായ ആളുകൾ താമസിക്കുന്ന പ്രദേശങ്ങളിൽ വ്യത്യസ്തസഭകളിൽനിന്നുള്ള പ്രചാരകർ പ്രവർത്തിച്ചേക്കാം. എന്നാൽ ഓരോ സഭയിലെയും പ്രചാരകർ തങ്ങളുടെ ഭാഷ സംസാരിക്കുന്നവരോടു മാത്രം സന്തോഷവാർത്ത അറിയിക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും ഏറെ നല്ലത്. ഓരോ വർഷവും ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്ന പ്രചാരണപരിപാടികളും ഇതുപോലെ ചെയ്യാവുന്നതാണ്. എന്നാൽ, പരസ്യസാക്ഷീകരണത്തിലും അനൗപചാരികസാക്ഷീകരണത്തിലും ഏർപ്പെടുമ്പോൾ, കണ്ടുമുട്ടുന്ന ഏതു ഭാഷക്കാരോടും പ്രചാരകർക്കു സംസാരിക്കാനും പ്രസിദ്ധീകരണങ്ങൾ കൊടുക്കാനും കഴിയും.
37 ചില സാഹചര്യങ്ങളിൽ അന്യഭാഷാസഭകൾക്ക്, ദൂരെയുള്ള അവരുടെ ഒരു പ്രദേശം ക്രമമായി പ്രവർത്തിച്ചുതീർക്കാൻ കഴിയുന്നില്ലെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സഭകളിലെ സേവനമേൽവിചാരകന്മാർ, പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിന് അന്യോന്യം സ്വീകാര്യമായ ഒരു പരിഹാരം ചർച്ച ചെയ്ത് കണ്ടെത്തണം. ഇങ്ങനെയാകുമ്പോൾ എല്ലാവർക്കും ദൈവരാജ്യസന്ദേശം കേൾക്കാനുള്ള അവസരം കിട്ടും. അതേസമയം ഒരേ വീടുകളിൽത്തന്നെ അനാവശ്യമായി വീണ്ടുംവീണ്ടും ചെല്ലുന്നത് ഒഴിവാക്കാനും സാധിക്കും.—സുഭാ. 15:22.
38 നമ്മൾ കണ്ടുമുട്ടുന്ന വ്യക്തി മറ്റൊരു ഭാഷ സംസാരിക്കുന്ന ആളാണെങ്കിലോ? അദ്ദേഹത്തിന്റെ ഭാഷ സംസാരിക്കുന്ന ആരെങ്കിലും വന്ന് സന്തോഷവാർത്ത അറിയിച്ചുകൊള്ളുമെന്നു ചിന്തിക്കരുത്. ചില പ്രചാരകർ തങ്ങളുടെ പ്രദേശത്ത് കൂടെക്കൂടെ കണ്ടുമുട്ടാറുള്ളവരുടെ ഭാഷയിലുള്ള ലളിതമായ ഒരു അവതരണം പഠിച്ചുവെക്കാറുണ്ട്. നമ്മുടെ ഔദ്യോഗികവെബ്സൈറ്റായ jw.org-ൽനിന്ന് അദ്ദേഹത്തിന്റെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ എങ്ങനെ വായിക്കാമെന്നും ഡൗൺലോഡ് ചെയ്യാമെന്നും കാണിച്ചുകൊടുക്കുക. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളുമായി മടങ്ങിവരാമെന്നു പറയുക.
39 നമ്മൾ കണ്ടുമുട്ടുന്ന വ്യക്തി യഥാർഥതാത്പര്യം കാണിച്ചാൽ, അദ്ദേഹത്തിനു മനസ്സിലാകുന്ന ഒരു ഭാഷയിൽ അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും കണ്ടെത്തുക. കൂടാതെ, അദ്ദേഹത്തിന്റെ ഭാഷയിൽ യോഗങ്ങൾ നടക്കുന്ന ഏറ്റവും അടുത്ത സ്ഥലം എവിടെയാണെന്നും പറഞ്ഞുകൊടുക്കുക. തന്റെ ഭാഷ അറിയാവുന്ന ആരെങ്കിലുമായി സംസാരിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിൽ, അവർക്കു താനുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ jw.org-ൽ എങ്ങനെ നൽകാമെന്നു കാണിച്ചുകൊടുക്കുക. താത്പര്യം കാണിച്ച വ്യക്തിയെ സഹായിക്കാനായി, അടുത്ത പ്രദേശത്തുള്ള ഒരു പ്രചാരകനെയോ ഗ്രൂപ്പിനെയോ സഭയെയോ കണ്ടെത്താൻ ബ്രാഞ്ചോഫീസ് ശ്രമിക്കും.
40 തന്റെ ഭാഷക്കാരനായ ഒരാൾ തന്നെ സന്ദർശിച്ചെന്നോ താനുമായി സമ്പർക്കത്തിൽ വന്നെന്നോ താത്പര്യക്കാരൻ അറിയിക്കുന്നതുവരെ നമ്മൾ അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ടിരിക്കണം. ബ്രാഞ്ചോഫീസിന് അദ്ദേഹത്തിന്റെ ഭാഷയിലുള്ള ആരെയും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ട സഭയിലെ മൂപ്പന്മാരെ അറിയിക്കും. ഈ സാഹചര്യത്തിൽ വീട്ടുകാരന്റെ താത്പര്യം തുടർന്നും നിലനിറുത്തേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കാണ്. സാധ്യമെങ്കിൽ, അദ്ദേഹത്തിന്റെ ഭാഷയിലുള്ള ഒരു പ്രസിദ്ധീകരണം ഉപയോഗിച്ച് നമുക്ക് അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിക്കാനാകും. ചിത്രങ്ങൾ നന്നായി ഉപയോഗിക്കുക. ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ അദ്ദേഹം വായിക്കട്ടെ. അപ്പോൾ അദ്ദേഹത്തിനു കുറച്ചൊക്കെ ബൈബിൾ ആശയങ്ങൾ ഗ്രഹിക്കാൻ കഴിയും. ഇനി, അദ്ദേഹത്തിന്റെ വീട്ടിലെ ആർക്കെങ്കിലും നിങ്ങളുടെ ഭാഷകൂടി അറിയാമെങ്കിൽ നിങ്ങൾ പറയുന്നതു തർജമ ചെയ്തുകൊടുക്കാമോ എന്ന് അയാളോടു ചോദിക്കാവുന്നതാണ്.
41 താത്പര്യമുള്ള ഒരു വ്യക്തിയെ സംഘടനയിലേക്കു നയിക്കണമെങ്കിൽ അദ്ദേഹത്തെ യോഗങ്ങൾക്കു ക്ഷണിക്കണം; യോഗപരിപാടികൾ മുഴുവൻ അദ്ദേഹത്തിനു മനസ്സിലാകുന്നില്ലെങ്കിൽപ്പോലും. തിരുവെഴുത്തുകൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷയിലുള്ള ഒരു ബൈബിളുണ്ടെങ്കിൽ അതു തുറന്ന് വാക്യങ്ങൾ കാണിച്ചുകൊടുക്കാവുന്നതാണ്. സഭയിലുള്ള സഹോദരങ്ങളുമായി സഹവസിക്കുന്നതുതന്നെ ആ വ്യക്തിയെ ആത്മീയമായി ബലപ്പെടുത്തും. കൂടുതൽ പുരോഗമിക്കാൻ സഹായിക്കുകയും ചെയ്യും.
42 പ്രീ-ഗ്രൂപ്പുകൾ: സഭയുടേതല്ലാത്ത ഭാഷയിൽ പ്രസംഗപ്രവർത്തനം നടത്തുന്ന പ്രചാരകരുടെ ഒരു കൂട്ടമാണ് പ്രീ-ഗ്രൂപ്പ്. ആ ഭാഷയിൽ സഭായോഗങ്ങൾ നടത്താൻ പ്രാപ്തനായ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ അവിടെ ഉണ്ടായിരിക്കണമെന്നില്ല. ബ്രാഞ്ചോഫീസ് ഒരു സഭയിൽ പ്രീ-ഗ്രൂപ്പിന് അംഗീകാരം നൽകുന്നതു പിൻവരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും:
(1) ആ സഭയുടേതല്ലാത്ത ഭാഷ സംസാരിക്കുന്ന സാമാന്യം വലിയൊരു കൂട്ടം ആളുകൾ ആ പ്രദേശത്തുണ്ടായിരിക്കണം.
(2) പ്രചാരകരിൽ കുറച്ച് പേർക്കെങ്കിലും ആ ഭാഷ അറിയാമായിരിക്കണം; അല്ലെങ്കിൽ കുറച്ച് പ്രചാരകരെങ്കിലും ആ ഭാഷ പഠിക്കാൻ തയ്യാറായിരിക്കണം.
(3) ആ ഭാഷയിൽ പ്രസംഗപ്രവർത്തനം സംഘടിപ്പിക്കാൻ മൂപ്പന്മാരുടെ സംഘം ഒരുക്കമായിരിക്കണം.
ഒരു പ്രീ-ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ മൂപ്പന്മാരുടെ സംഘം ആഗ്രഹിക്കുന്നെങ്കിൽ അവർ അതെക്കുറിച്ച് സർക്കിട്ട് മേൽവിചാരകനുമായി സംസാരിക്കേണ്ടതാണ്. ആ ഭാഷക്കാരോടു പ്രസംഗിക്കാൻ ശ്രമിക്കുന്ന മറ്റു സഭകളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരിക്കും. അതുകൊണ്ടുതന്നെ ഈ പ്രീ-ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ ഏറ്റവും പറ്റിയ സഭ ഏതാണെന്നു തീരുമാനിക്കാൻ ആവശ്യമായ വിവരങ്ങൾ നൽകാൻ അദ്ദേഹത്തിനാകും. അത് ഏതു സഭയാണെന്നു തീരുമാനിച്ചുകഴിഞ്ഞാൽ, ആ സഭയിൽ ഒരു പ്രീ-ഗ്രൂപ്പിന് ഔദ്യോഗിക അംഗീകാരം നൽകാൻ അപേക്ഷിച്ചുകൊണ്ട് മൂപ്പന്മാർ ബ്രാഞ്ചോഫീസിന് ഒരു കത്ത് അയയ്ക്കും.
43 ഗ്രൂപ്പുകൾ: ബ്രാഞ്ചോഫീസ് ഒരു സഭയിൽ പുതിയൊരു ഗ്രൂപ്പിന് അംഗീകാരം നൽകുന്നതു പിൻവരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും:
(1) ആ പ്രത്യേക ഭാഷാവയലിൽ വേണ്ടത്ര താത്പര്യക്കാരുണ്ടായിരിക്കണം, അവിടെ വളർച്ചയ്ക്കുള്ള സാധ്യതയുമുണ്ടായിരിക്കണം.
(2) പ്രചാരകരിൽ കുറച്ച് പേരെങ്കിലും ആ ഭാഷ സംസാരിക്കുന്നവരായിരിക്കണം; അല്ലെങ്കിൽ അവർ ആ ഭാഷ പഠിക്കുന്നുണ്ടായിരിക്കണം.
(3) ആ ഭാഷയിൽ ആഴ്ചയിലെ ഒരു യോഗമെ ങ്കിലും—അല്ലെങ്കിൽ പൊതുപ്രസംഗമോ വീക്ഷാഗോപുരപഠനമോ പോലെ യോഗത്തിന്റെ ഒരു ഭാഗമെങ്കിലും—നടത്താനും ഗ്രൂപ്പിൽ നേതൃത്വമെടുക്കാനും യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഉണ്ടായിരിക്കണം.
ന്യായമായ അളവിൽ ഈ ഘടകങ്ങളെല്ലാം ഒത്തിണങ്ങുന്നതായി കണ്ടാൽ മുഴുവൻ വിശദാംശങ്ങളും സഹിതം മൂപ്പന്മാരുടെ സംഘം ബ്രാഞ്ചോഫീസിന് കത്ത് അയയ്ക്കും. സഭയിൽ ഒരു ഗ്രൂപ്പിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായുള്ള അപേക്ഷയായിരിക്കും ആ കത്ത്. ഗ്രൂപ്പിൽ നേതൃത്വമെടുക്കുന്നതു മൂപ്പനാണെങ്കിൽ “ഗ്രൂപ്പ് മേൽവിചാരകൻ” എന്നും ശുശ്രൂഷാദാസനാണെങ്കിൽ “ഗ്രൂപ്പ് ദാസൻ” എന്നും അറിയപ്പെടും. ആ വ്യക്തിക്കായിരിക്കും ഗ്രൂപ്പിനു വേണ്ട ശ്രദ്ധ നൽകാനുള്ള ചുമതല.
44 കാലക്രമേണ സഭായോഗങ്ങളിലെ ഏതെല്ലാം ഭാഗങ്ങൾകൂടെ ഗ്രൂപ്പിലെ യോഗങ്ങളിൽ ഉൾപ്പെടുത്താമെന്നും മാസത്തിൽ എത്ര തവണ യോഗങ്ങൾ നടത്താമെന്നും, ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന സഭയിലെ മൂപ്പന്മാരുടെ സംഘത്തിനു തീരുമാനിക്കാം. ഗ്രൂപ്പിനുവേണ്ടി വയൽസേവനയോഗങ്ങളും ക്രമീകരിക്കാവുന്നതാണ്. ഗ്രൂപ്പിലെ എല്ലാവരും, ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന സഭയിലെ മൂപ്പന്മാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൻകീഴിലാണു പ്രവർത്തിക്കുന്നത്. മൂപ്പന്മാർ സമനിലയുള്ള മാർഗനിർദേശങ്ങൾ നൽകുന്നു. ഗ്രൂപ്പിലെ അംഗങ്ങൾക്കായി കരുതാൻ മുൻകൈയെടുക്കുകയും ചെയ്യുന്നു. ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന സഭയുടെ സന്ദർശനവാരത്തിൽ സർക്കിട്ട് മേൽവിചാരകൻ ആ ഗ്രൂപ്പിനോടൊപ്പവും പ്രവർത്തിക്കും. ഗ്രൂപ്പിന്റെ പുരോഗതിയെക്കുറിച്ചും ഏതെങ്കിലും പ്രത്യേകാവശ്യങ്ങളുണ്ടെങ്കിൽ അതെക്കുറിച്ചും അദ്ദേഹം ബ്രാഞ്ചിനെ അറിയിക്കും. കാലക്രമത്തിൽ ഗ്രൂപ്പ് ഒരു സഭയായിത്തീർന്നേക്കാം. ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും സംഘടന നൽകുന്ന നിർദേശങ്ങൾ അനുസരിക്കുമ്പോൾ യഹോവ അതിൽ പ്രസാദിക്കും.—1 കൊരി. 1:10; 3:5, 6.
കൂട്ടസാക്ഷീകരണം
45 സമർപ്പിതക്രിസ്ത്യാനികൾക്ക് ആളുകളെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വമുണ്ട്. അവർക്ക് ഇതു പല വിധത്തിൽ ചെയ്യാം. നമ്മിൽ മിക്കവരും സഹവിശ്വാസികളുടെകൂടെ വയലിൽ പോകാൻ ഇഷ്ടപ്പെടുന്നവരാണ്. (ലൂക്കോ. 10:1) അതുകൊണ്ടുതന്നെ സഭ വാരാന്തങ്ങളിലും ഇടദിവസങ്ങളിലും വയൽസേവനത്തിനായി കൂടിവരും. അവധിദിവസങ്ങളിൽ പല സഹോദരങ്ങൾക്കും സേവനത്തിനു സമയം കിട്ടുമെന്നതിനാൽ ഒന്നിച്ച് കൂടിവന്നിട്ട് സാക്ഷീകരണത്തിനു പോകാൻ പറ്റിയ അവസരങ്ങളാണ് അവ. സഭാ സേവനക്കമ്മിറ്റിയായിരിക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തും വയൽസേവനയോഗങ്ങൾ ക്രമീകരിക്കുന്നത്. സായാഹ്നസാക്ഷീകരണത്തിനായും അവർ ഇത്തരത്തിൽ യോഗങ്ങൾ ക്രമീകരിക്കും.
46 ഒന്നിച്ച് കൂടിവന്നിട്ട് സാക്ഷീകരണത്തിനു പോകുന്നതു പ്രചാരകർക്കു പലരോടൊപ്പം പ്രവർത്തിക്കാനും “പരസ്പരം പ്രോത്സാഹനം” നൽകാനും അവസരം ഒരുക്കുന്നു. (റോമ. 1:12) പുതിയ പ്രചാരകർക്കു സമർഥരും പരിചയസമ്പന്നരും ആയവരോടൊത്ത് പ്രവർത്തിച്ച് പരിശീലനം നേടാവുന്നതാണ്. ചില പ്രദേശങ്ങളിൽ സുരക്ഷയെപ്രതി രണ്ടോ അതിൽക്കൂടുതലോ പ്രചാരകർ പോകുന്നതായിരിക്കും ഉചിതം. പ്രദേശത്ത് ഒറ്റയ്ക്കു പ്രവർത്തിക്കാനാണു നിങ്ങൾ ആലോചിക്കുന്നതെങ്കിൽപ്പോലും ഒരു കൂട്ടത്തോടൊപ്പം കൂടിവന്നിട്ട് പോകുന്നത് അവർക്കും നിങ്ങൾക്കും ഒരു പ്രോത്സാഹനമായിരിക്കും. മറ്റുള്ളവർ അടുത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നതുതന്നെ നിങ്ങൾക്കു ധൈര്യവും ആത്മവിശ്വാസവും പകരും. സഭ ക്രമീകരിച്ചിരിക്കുന്ന എല്ലാ വയൽസേവനയോഗങ്ങളിലും പങ്കെടുക്കാൻ തങ്ങൾക്കു കടപ്പാടുണ്ടെന്നു മുൻനിരസേവകരും മറ്റു സഹോദരങ്ങളും കരുതേണ്ടതില്ല, വിശേഷിച്ചും എല്ലാ ദിവസവും വയൽസേവനയോഗം ക്രമീകരിച്ചിട്ടുണ്ടെങ്കിൽ. എന്നിരുന്നാലും ആഴ്ചയിലെ ഏതാനും വയൽസേവനയോഗങ്ങളിലെങ്കിലും പങ്കെടുക്കാൻ അവർക്കു കഴിഞ്ഞേക്കും.
47 യേശുവും അപ്പോസ്തലന്മാരും വെച്ച മാതൃക നമുക്കെല്ലാം അനുകരിക്കാം. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുകയെന്ന അതിപ്രധാനമായ ഈ പ്രവർത്തനത്തിൽ നല്ല ഒരു പങ്കുണ്ടായിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. യഹോവയുടെ അനുഗ്രഹം നമുക്കുണ്ടായിരിക്കുമെന്നു തീർച്ചയാണ്.—ലൂക്കോ. 9:57-62.