പ്രദേശത്തെ മറ്റു ഭാഷക്കാരെ സഹായിക്കുക
1. നമ്മുടെ നിയമിത പ്രദേശത്ത് പ്രസംഗവേല ചെയ്യുമ്പോൾ എന്തിനുള്ള അവസരമുണ്ട്?
1 നാം സഹവസിക്കുന്ന സഭയുടെ ഭാഷ സംസാരിക്കുന്നവരിലാണ് നാം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കിലും, നമ്മുടെ പ്രദേശത്തുള്ള എല്ലാവരോടും മുഖപക്ഷം കൂടാതെ യഹോവയുടെ സ്നേഹം കാണിക്കുന്നതിന് മറ്റു ഭാഷക്കാരോടു സംസാരിക്കാനും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം അവരെ അറിയിക്കാനും നാം വഴികൾ കണ്ടെത്തണം. (സങ്കീ 83:18; പ്രവൃ 10:34, 35) അങ്ങനെയെങ്കിൽ, അവരെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
2. ഏതു ചെറുപുസ്തകം ലഭ്യമാണ്, അത് ഉപയോഗിക്കാൻ എങ്ങനെ തയ്യാറെടുക്കാം?
2 സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത പ്രയോജനപ്പെടുത്തുക: ഈ ചെറുപുസ്തകം എപ്പോഴും കൈവശം ഉണ്ടായിരിക്കണം. അത് എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കുകയും അതിനായി തയ്യാറായിരിക്കുകയും ചെയ്യുക. നമ്മുടെ പ്രദേശത്തെ പ്രമുഖ ഭാഷകളിലുള്ള സാഹിത്യങ്ങൾ ലഭ്യമാണെങ്കിൽ, ചെറുപുസ്തകത്തിൽനിന്ന് സന്ദേശം കാണിച്ചശേഷം വീട്ടുകാരനു നൽകാനായി അവയുടെ ഏതാനും പ്രതികൾ കൈവശം വെക്കാവുന്നതാണ്. മടക്കസന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുക.
3. മറ്റൊരു ഭാഷ സംസാരിക്കുന്ന താത്പര്യക്കാരനെ കണ്ടുമുട്ടുന്നെങ്കിൽ നമുക്ക് എന്തുത്തരവാദിത്വമുണ്ട്?
3 കൂടുതലായ സഹായം: നാം കണ്ടുമുട്ടുന്ന വ്യക്തിക്ക് ദൈവത്തെക്കുറിച്ചും അവന്റെ വചനമായ ബൈബിളിനെക്കുറിച്ചും അറിയാൻ യഥാർഥ താത്പര്യം ഉണ്ടെങ്കിൽ ഒട്ടും വൈകാതെ, ദയവായി ബന്ധപ്പെടുക (S-43) ഫാറം പൂരിപ്പിച്ച് സഭാ സെക്രട്ടറിക്കു നൽകുക. താത്പര്യക്കാരന്റെ സ്വന്തം ഭാഷ സംസാരിക്കുന്ന ആരെങ്കിലും അദ്ദേഹത്തെ സന്ദർശിക്കാനുള്ള ഏർപ്പാടു ചെയ്യാനായി അദ്ദേഹം അത് ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കണം. സെക്രട്ടറി ആ ഫാറത്തിന്റെ ഒരു പ്രതി സേവനമേൽവിചാരകനും നൽകാവുന്നതാണ്. അങ്ങനെയാകുമ്പോൾ പ്രദേശത്ത് താത്പര്യം കാണിക്കുന്ന മറ്റു ഭാഷക്കാർ എത്രമാത്രം ഉണ്ടെന്നതു സംബന്ധിച്ച് അദ്ദേഹത്തിന് ഒരു ധാരണ ലഭിക്കും. S-43 ഫാറം പൂരിപ്പിച്ചു നൽകിക്കഴിഞ്ഞ്, താത്പര്യക്കാരനെ സ്വന്തം ഭാഷ സംസാരിക്കുന്ന ആരെങ്കിലും സന്ദർശിക്കുന്നതുവരെ ഫാറം പൂരിപ്പിച്ചു നൽകിയ പ്രസാധകൻതന്നെ ആ താത്പര്യം അണയാതെ സൂക്ഷിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ താത്പര്യക്കാരന് ബൈബിളധ്യയനം നടത്താവുന്നതാണ്.
4. നാം കണ്ടുമുട്ടുന്ന ആളുകൾക്ക് സ്വന്തം ഭാഷയിലുള്ള സാഹിത്യങ്ങൾ ലഭ്യമാക്കാൻ എന്തു ക്രമീകരണം നിലവിലുണ്ട്?
4 അന്യഭാഷാ സാഹിത്യങ്ങൾ: മറ്റു ഭാഷകളിലുള്ള വളരെയധികം പ്രസിദ്ധീകരണങ്ങൾ സഭകൾ സൂക്ഷിക്കരുത്. എന്നാൽ മറ്റൊരു ഭാഷ സംസാരിക്കുന്ന ധാരാളം താത്പര്യക്കാർ തങ്ങളുടെ പ്രദേശത്തുണ്ടെന്ന് സേവനമേൽവിചാരകനു തോന്നുന്നപക്ഷം പ്രസാധകരുടെ ഉപയോഗത്തിനായി ആ ഭാഷയിലുള്ള കുറച്ചു സാഹിത്യങ്ങൾ സഭയിൽ സൂക്ഷിക്കാവുന്നതാണ്. കൂടാതെ, www.watchtower.org എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന, നൂറുകണക്കിനു ഭാഷയിലുള്ള സാഹിത്യങ്ങളിൽനിന്ന് ആവശ്യമായവ പ്രിന്റ്ചെയ്ത് എടുക്കാവുന്നതാണ്.
5. മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകളുടെ താത്പര്യം വളർത്താൻ സഭയ്ക്ക് എന്തു ചെയ്യാനാകും?
5 സഭയുടെ പങ്ക്: സാധിക്കുന്നിടത്തോളം സ്വന്തം ഭാഷയിലുള്ള ഒരു സഭയിൽ യോഗങ്ങൾക്കു ഹാജരാകാൻ താത്പര്യക്കാരെ പ്രോത്സാഹിപ്പിക്കുക. ചിലപ്പോൾ അടുത്തെങ്ങും ആ ഭാഷയിലുള്ള സഭ ഉണ്ടായിരിക്കില്ല. അപ്പോൾ താത്പര്യക്കാരെ നിങ്ങളുടെ യോഗത്തിനു ക്ഷണിക്കാവുന്നതാണ്. ഊഷ്മളമായ സ്വീകരണവും വ്യക്തിഗത താത്പര്യവും, ക്രമമായി യോഗങ്ങൾക്കു വരാൻ അവരെ പ്രോത്സാഹിപ്പിച്ചേക്കാം. ആദ്യമൊക്കെ ഭാഷയും സംസ്കാരവും വ്യത്യസ്തമായതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നുള്ളതു ശരിയാണ്. എന്നാൽ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഹോദരങ്ങൾക്കിടയിലെ ക്രിസ്തീയ സ്നേഹത്തിന് അതിനെയെല്ലാം മറികടക്കാനാകും.—സെഫ. 3:9; യോഹ. 13:35.
6. പ്രാദേശിക ഭാഷ പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്?
6 ഭാഷാപഠനം: നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഭാഷ നിങ്ങൾ സംസാരിക്കുമോ? ഇല്ലെങ്കിൽ ആ ഭാഷ പഠിച്ചെടുത്തുകൊണ്ട് പ്രസ്തുത ഭാഷക്കാരായ താത്പര്യക്കാരെ സഹായിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. എതിരാളികളോട് സംസാരിക്കുമ്പോഴും പ്രാദേശിക ഭാഷ അറിഞ്ഞിരിക്കുന്നത് ഗുണകരമാണ്. സ്വന്തം ഭാഷയിൽ ആരെങ്കിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കാൻ അവർ പൊതുവെ ചായ്വുള്ളവരായിരിക്കും.—പ്രവൃ. 22:1, 2.
7. മറ്റൊരു ഭാഷാക്കൂട്ടം രൂപീകരിക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകൾ പാലിക്കപ്പെടണം?
7 ഭാഷാക്കൂട്ടത്തിന്റെ രൂപീകരണം: ഒരു ഭാഷാക്കൂട്ടം രൂപീകരിക്കുന്നതിന് പിൻവരുന്ന നാല് അടിസ്ഥാന വ്യവസ്ഥകൾ പാലിക്കപ്പെടണം. (1) ആ ഭാഷാവയലിൽ ധാരാളം താത്പര്യക്കാർ ഉണ്ടായിരിക്കുന്നതോടൊപ്പം വളർച്ചയ്ക്കുള്ള സാധ്യതയും ദൃശ്യമായിരിക്കണം. (2) കുറച്ചു പ്രസാധകർക്കെങ്കിലും ആ ഭാഷ അറിയാമായിരിക്കണം, അല്ലെങ്കിൽ അവർ അതു പഠിക്കുന്നുണ്ടായിരിക്കണം. (3) നേതൃത്വം എടുക്കാനും വാരത്തിൽ ഒരു യോഗമെങ്കിലും ആ ഭാഷയിൽ നടത്താനും യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഉണ്ടായിരിക്കണം. (4) ഏതെങ്കിലും സഭയിലെ മൂപ്പന്മാരുടെ സംഘം ഈ കൂട്ടത്തെ പിന്തുണയ്ക്കാൻ തയ്യാറായിരിക്കണം. മേൽപ്പറഞ്ഞ വ്യവസ്ഥകൾ മിക്കവാറുമൊക്കെ പാലിക്കപ്പെടുന്നപക്ഷം, പുതിയ ഭാഷാക്കൂട്ടം തുടങ്ങാനുള്ള അനുമതിക്കായി ഗ്രൂപ്പിന്റെ വിശദാംശങ്ങൾ സഹിതം ബ്രാഞ്ച് ഓഫീസിലേക്ക് കത്തയയ്ക്കണം. കൂട്ടത്തെ പിന്തുണയ്ക്കാൻ പോകുന്ന മൂപ്പന്മാരുടെ സംഘമാണ് അതു ചെയ്യേണ്ടത്. (സംഘടിതർ, പേ. 106-107 കാണുക.) പ്രസ്തുത ഭാഷാക്കൂട്ടത്തിനു നേതൃത്വം നൽകുന്ന മൂപ്പൻ അല്ലെങ്കിൽ ശുശ്രൂഷാദാസൻ ആയിരിക്കും “ഗ്രൂപ്പ് മേൽവിചാരകൻ” അല്ലെങ്കിൽ “ഗ്രൂപ്പ് ദാസൻ.”
8. നമ്മുടെ പ്രദേശത്തുള്ള അന്യഭാഷക്കാരായ താത്പര്യക്കാരെ സഹായിക്കാനാകുന്നത് വലിയൊരു പദവിയായിരിക്കുന്നത് എന്തുകൊണ്ട്?
8 നമ്മുടെ നിയമിതപ്രദേശത്തുള്ള വ്യത്യസ്ത ഭാഷക്കാരായ താത്പര്യക്കാരെ സഹായിക്കുന്നത് നമ്മുടെ നായകനായ യേശുക്രിസ്തു തുടക്കംകുറിച്ച ആഗോളപ്രസംഗവേലയുടെ ഭാഗമാണ്. ഇതിൽ നമ്മുടെ ഭാഗം ഉത്സാഹത്തോടെ നാം നിവർത്തിക്കണം. അങ്ങനെയാകുമ്പോൾ യഹോവ ജാതികളെ ഇളക്കി അവരിലെ മനോഹരവസ്തുക്കളെ കൂട്ടിവരുത്തുന്നത് നമുക്കു കാണാനാകും.—ഹഗ്ഗാ. 2:7.