ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—പ്രാരംഭ വാക്കുകൾ തയ്യാറായിക്കൊണ്ട്
എന്തുകൊണ്ട് പ്രധാനം: നമ്മുടെ പ്രാരംഭ വാക്കുകൾ താത്പര്യം ഉണർത്തുന്നില്ലെങ്കിൽ സാക്ഷ്യം നൽകുന്നതിനുമുമ്പുതന്നെ വീട്ടുകാരൻ സംഭാഷണം അവസാനിപ്പിച്ചേക്കാം. അതുകൊണ്ട് അവതരണത്തിലെ ഏറ്റവും പ്രധാനഭാഗമാണ് പ്രാരംഭവാക്കുകളെന്ന് അനേകം പ്രസാധകർ തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ രാജ്യ ശുശ്രൂഷയിലും ന്യായവാദം പുസ്തകത്തിലും മാതൃകാവതരണങ്ങൾ ഉണ്ടെങ്കിലും അതിലെ മുഖവുരകൾ പലപ്പോഴും പൂർണമായി കൊടുത്തിട്ടില്ല. അത് പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അവസരം നൽകുന്നു. മാതൃകാവതരണം പൂർണമാണെങ്കിൽപ്പോലും പ്രസാധകർക്കു മാറ്റങ്ങൾ വരുത്താനോ സ്വന്തമായി തയ്യാറാകാനോ കഴിയും. അങ്ങനെ, വീട്ടുകാരനെ കാണുമ്പോൾ മനസ്സിൽ വരുന്നതു പറയാതെ, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത പ്രാരംഭവാക്കുകൾ ഉപയോഗിക്കുന്നെങ്കിൽ നമുക്കു കൂടുതൽ ഫലപ്രദരായിരിക്കാനാകും.—സദൃ. 15:28.
ഇത് എങ്ങനെ ചെയ്യാം:
• വിഷയം തിരഞ്ഞെടുക്കുക. ഇത് പ്രദേശത്തുള്ള ആളുകളുടെ താത്പര്യവും സമർപ്പണസാഹിത്യത്തെ ആസ്പദമാക്കിയുള്ളതും ആയിരിക്കണം.
• നാട്ടുനടപ്പുള്ള അഭിവാദനത്തിനു ശേഷം പറയേണ്ട ഒന്നോ രണ്ടോ വാചകങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാകുക. ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങാവുന്നതാണ്: “ഞാൻ ഇവിടെ വന്നതിന്റെ കാരണം . . . ,” “അനേകരും ഇതു സംബന്ധിച്ച് ഉത്കണ്ഠാകുലരാണ് . . . ,” “ഇതു സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു . . . ,” അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഹ്രസ്വവും ലളിതവും ആയ വാക്കുകളാണ് ഏറെ ഫലപ്രദം. ചില പ്രസാധകർ മുഖവുരകൾ മനഃപാഠമാക്കുന്നു.
• വീട്ടുകാരനെ സംഭാഷണത്തിലേക്ക് ആകർഷിക്കുന്ന ഒരു വീക്ഷണചോദ്യം രൂപപ്പെടുത്തുക. (മത്താ. 17:25) നിങ്ങൾ എത്തുന്നതിനുമുമ്പ്, അദ്ദേഹം മറ്റു കാര്യങ്ങൾ ചിന്തിക്കുകയായിരുന്നു എന്നോർക്കുക. അതുകൊണ്ട് നമ്മുടെ ചോദ്യം വീട്ടുകാരനെ ഉത്തരം മുട്ടിക്കുന്നതോ ഞെട്ടിക്കുന്നതോ ആയിരിക്കരുത്.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• പ്രാരംഭവാക്കുകൾ തയ്യാറാകാനും പരിശീലിക്കാനും കുടുംബാരാധനയിൽ സമയം നീക്കിവെക്കുക.
• ശുശ്രൂഷയിൽ നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മറ്റു പ്രസാധകരുമായി പങ്കുവെക്കുക. (സദൃ. 27:17) നിങ്ങളുടെ പ്രാരംഭവാക്കുകൾ ഫലപ്രദമല്ലെങ്കിൽ മാറ്റം വരുത്തുക.