ഫലകരമായി ബൈബിളധ്യയനങ്ങൾ നടത്തുക
1. ബൈബിളധ്യയനങ്ങൾ നടത്തുന്ന പ്രസാധകരുടെ ഉത്തരവാദിത്വം എന്താണ്?
1 യഹോവ “ആകർഷിച്ചിട്ടല്ലാതെ ആർക്കും” അവനെ സേവിക്കാനാകില്ല. (യോഹ. 6:44) ഇത് ശരിയാണെങ്കിലും, ബൈബിളധ്യയനങ്ങൾ നടത്തുന്നവർ വിദ്യാർഥികളെ സ്വർഗീയപിതാവിലേക്ക് അടുക്കാൻ സഹായിക്കണം. (യാക്കോ. 4:8) ഇതിനു നല്ല തയ്യാറാകൽ ആവശ്യമാണ്. വിദ്യാർഥികൾ അർഥം ഗ്രഹിച്ച് പുരോഗതി വരുത്തണമെങ്കിൽ വെറുതെ ഓരോ ഖണ്ഡികയും വായിച്ച് ചോദ്യം ചോദിക്കുന്നത് മതിയാകുന്നില്ല.
2. ഫലകരമായ ഒരു ബൈബിളധ്യയനം എന്തു സാധ്യമാക്കും?
2 ഫലകരമായി പഠിപ്പിക്കണമെങ്കിൽ പ്രസാധകർ താഴെപ്പറയുന്ന കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കണം. (1) ബൈബിൾ എന്തു പഠിപ്പിക്കുന്നുവെന്ന് മനസ്സിലാക്കുക, (2) അത് അംഗീകരിക്കുക, (3) പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. (യോഹ. 3:16; 17:3; യാക്കോ. 2:26) ഈ പടികളിലൂടെ ഒരുവനെ നയിക്കാൻ മാസങ്ങൾ വേണ്ടിവരും. ഇവ ഓരോന്നും ഒരാൾ യഹോവയുമായി ഒരു ബന്ധത്തിലേക്കും തന്നെത്തന്നെ അർപ്പിക്കുന്നതിലേക്കും വളരുന്നതിന്റെ ഓരോ ഘട്ടങ്ങളാണ്.
3. ഫലകരമായി പഠിപ്പിക്കുന്ന അധ്യാപകർ വീക്ഷണചോദ്യങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
3 ബൈബിൾവിദ്യാർഥി എന്തായിരിക്കും ചിന്തിക്കുന്നത്? വിദ്യാർഥി പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുകയും അംഗീകരിക്കുകയും വേണം. നാം ഇതു തിരിച്ചറിയണമെങ്കിൽ അധികം സംസാരിക്കാതെ വിദ്യാർഥിയെ സ്വന്തം വാക്കുകളിൽ അഭിപ്രായങ്ങൾ പറയാൻ പ്രോത്സാഹിപ്പിക്കണം. (യാക്കോ. 1:19) പഠിക്കുന്ന വിഷയത്തെക്കുറിച്ച് ബൈബിൾ പറയുന്നത് അദ്ദേഹത്തിന് ശരിക്കും മനസ്സിലാകുന്നുണ്ടോ? അവ സ്വന്തം വാക്കുകളിൽ വിശദീകരിക്കാനാകുമോ? പഠിച്ചതു സംബന്ധിച്ച് അദ്ദേഹം എന്തു വിചാരിക്കുന്നു? പഠിപ്പിക്കുന്ന കാര്യങ്ങൾ പ്രായോഗികമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടോ? (1 തെസ്സ. 2:13) പഠിക്കുന്നതനുസരിച്ച് സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? (കൊലോ. 3:10) ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനായി നാം നയത്തോടെ വീക്ഷണചോദ്യങ്ങൾ ചോദിച്ചിട്ട് അദ്ദേഹത്തിനു പറയാനുള്ളത് ശ്രദ്ധിക്കണം.—മത്താ. 16:13-16.
4. ബൈബിളിൽനിന്നു പഠിപ്പിക്കുന്നത് മനസ്സിലാക്കാനോ നടപ്പിലാക്കാനോ ഒരു വിദ്യാർഥിക്ക് ബുദ്ധിമുട്ടാണെങ്കിൽ എന്തു ചെയ്യാനാകും?
4 ശീലങ്ങളും ചിന്താരീതികളും ആഴത്തിൽ വേരൂന്നിയതായതിനാൽ അവ ഒഴിവാക്കാൻ സമയമെടുക്കും. (2 കൊരി. 10:5) പഠിച്ച കാര്യങ്ങൾ വിദ്യാർഥി അംഗീകരിക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്യുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? നമ്മുടെ ഭാഗത്ത് ക്ഷമയുണ്ടെങ്കിൽ ദൈവവചനവും പരിശുദ്ധാത്മാവും വിദ്യാർഥിയുടെ ഹൃദയത്തിൽ പ്രവർത്തിക്കാൻ ന്യായമായ സമയം നാം അനുവദിക്കും. (1 കൊരി. 3:6, 7; എബ്രാ. 4:12) വിദ്യാർഥിക്ക് ഒരു ബൈബിൾവിഷയം മനസ്സിലാക്കാനോ ബാധകമാക്കാനോ ബുദ്ധിമുട്ടാണെങ്കിൽ നിർബന്ധിക്കുന്നതിനു പകരം വേറൊരു വിഷയത്തിലേക്ക് പോകുന്നതായിരിക്കും നല്ലത്. നാം ക്ഷമയോടും സ്നേഹത്തോടുംകൂടി പഠിപ്പിക്കുന്നെങ്കിൽ ഭാവിയിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർഥി മനസ്സുകാട്ടിയേക്കാം.