അനുഭവസമ്പന്നരായ സഹോദരങ്ങളിൽനിന്ന് പഠിക്കുക
അനുഭവസമ്പന്നരായ സഹോദരങ്ങൾ സഭയ്ക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. ഇതിൽ അനേകരും വർഷങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരാണ്. മറ്റ് ചിലരാകട്ടെ ഈ അടുത്തിടെയാണ് ശുശ്രൂഷയിലുള്ള തങ്ങളുടെ വൈദഗ്ധ്യം ആർജിച്ചെടുത്തത്. പ്രസംഗ ശിഷ്യരാക്കൽ വേലയുടെ വളർച്ച, യേശുവാണ് ഈ നാളുകളിൽ ക്രിസ്തീയ സഭയെ നയിക്കുന്നതെന്ന് മനസ്സിലാക്കാൻ അനുഭവസമ്പന്നരായ സഹോദരങ്ങളെ സഹായിച്ചിരിക്കുന്നു. (മത്താ. 28:19, 20) അതുകൊണ്ട് ശുശ്രൂഷയിലായിരിക്കെ വ്യക്തിപരമായ പ്രശ്നങ്ങളും പരിശോധനകളും അഭിമുഖീകരിക്കുമ്പോൾ അവർക്ക് “അസാമാന്യശക്തി” ലഭിക്കുന്നു. അനുഭവസമ്പന്നരായ പ്രചാരകരിൽനിന്ന് വളരെ അധികം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ലഭ്യമായ എല്ലാ അവസരങ്ങളിലും തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ അവർ സന്തോഷം ഉള്ളവരാണ്. (സങ്കീ. 71:18) അതുകൊണ്ട്, അവരിൽനിന്ന് പഠിക്കാൻ അവസരങ്ങൾ നാം കണ്ടെത്തണം. ഇത് എങ്ങനെ ചെയ്യാൻ കഴിയും?
ശുശ്രൂഷയിൽ. ശുശ്രൂഷയിൽ വൈദഗ്ധ്യം നേടണമെങ്കിൽ പുതിയവരും അനുഭവപരിചയം കുറഞ്ഞവരുമായ പ്രചാരകർക്ക് പരിശീലനം ആവശ്യമാണ്. പക്വതയുള്ള പ്രചാരകർ തങ്ങളുടെ ശുശ്രൂഷ എങ്ങനെ നിർവഹിക്കുന്നു എന്ന് നിരീക്ഷിച്ച് പഠിക്കുന്നത് അവരെ സംബന്ധിച്ച് ഒരു മഹത്തായ സംഗതിയാണ്. (2015 ഫെബ്രുവരി 15 വീക്ഷാഗോപുരം, “ശുശ്രൂഷയിലെ നിങ്ങളുടെ തീക്ഷ്ണത നിലനിറുത്തുക” എന്ന ലേഖനത്തിലെ “അനുഭവപരിചയം കുറഞ്ഞവരെ സഹായിക്കുക” എന്ന ഉപതലക്കെട്ടിൻ കീഴിൽ മൂന്നാം ഖണ്ഡിക കാണുക.) ഇവരോടൊപ്പം ശുശ്രൂഷയിലായിരിക്കുമ്പോൾ എന്തെല്ലാം പ്രയോജനങ്ങളാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്?
നിങ്ങൾക്ക് അനുഭവപരിചയമുള്ള ഒരു സഹോദരനെ ശുശ്രൂഷയിൽ ഒപ്പം ക്ഷണിക്കാനാകുമോ? ഇനി, പ്രായാധിക്യത്താലോ രോഗത്താലോ പരിമിതികളുള്ള ഒരു സഹോദരന്റെ വീട്ടിൽ വെച്ച് ഒരു ബൈബിളധ്യയനം നടത്താനാകുമോ? അങ്ങനെയാകുമ്പോൾ അധ്യയനത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാനും ആവശ്യമായ മാർഗനിർദ്ദേശം തേടാനുമാകും.
അവരോടൊത്ത് സമയം ചെലവഴിക്കുക: അനുഭവസമ്പന്നരായ പ്രചാരകരെ അടുത്തറിയാൻ അവരോടൊപ്പം സമയം ചെലവഴിക്കുക. ഒരു പക്ഷേ അവരിൽ ചിലരെ നിങ്ങളുടെ കുടുംബാരാധനയ്ക്ക് ക്ഷണിക്കാനും അവരിൽനിന്ന് ചോദിച്ച് അറിയാനും കഴിയും. പ്രായാധിക്യമോ രോഗമോ പോലെ പരിമിതികളുള്ള പ്രചാരകനാണെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് തന്നെ കുടുംബാരാധന ക്രമീകരിക്കാൻ നിങ്ങൾക്ക് ആകുമോ? സത്യത്തിൽ വന്നത് എങ്ങനെയാണെന്ന് ചോദിച്ചറിയുക. എന്തെല്ലാം അനുഗ്രഹങ്ങളാണ് അദ്ദേഹം ആസ്വദിച്ചത്? എന്ത് വളർച്ചയാണ് പ്രാദേശികമായി നിരീക്ഷിച്ചത്? യഹോവയുടെ സേവനത്തിൽ അദ്ദേഹം ആസ്വദിച്ചുകൊണ്ടിരിക്കുന്ന സന്തോഷം എന്തൊക്കെയാണ്?
അവരിൽ ന്യായമായ പ്രതീക്ഷ അർപ്പിക്കുക, സമനിലയുള്ളവരായിരിക്കുക. ദീർഘകാലമായി സത്യത്തിലുള്ള പ്രചാരകർക്ക് നമ്മെപ്പോലെത്തന്നെ വ്യത്യസ്തങ്ങളായ വരങ്ങളുണ്ട്. (റോമ. 12:6-8) പ്രായാധിക്യവും മറ്റു പരിമിതികളും ഉള്ളവർക്ക് നമ്മോടൊപ്പം സമയം ചെലവഴിക്കുന്നതിന് പരിധി ഉണ്ട്. എന്നിരുന്നാലും, യഹോവയെ സേവിക്കുന്നതിലൂടെ അവർക്ക് ലഭിക്കുന്ന അനുഭവങ്ങളിൽനിന്ന് അനേകം കാര്യങ്ങൾ നമുക്ക് പഠിക്കാനാകും.