പഠിപ്പിക്കാനുള്ള നമ്മുടെ ഉപകരണങ്ങൾ
1. ക്രിസ്തീയ സുവിശേഷകർ കരകൗശലപ്പണിക്കാരെപ്പോലെ ആയിരിക്കുന്നത് എങ്ങനെ?
1 കരകൗശലപ്പണിക്കാർ പലതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പ്രത്യേക ജോലികൾക്കായി ഉപയോഗിക്കുന്നവ വല്ലപ്പോഴുമൊക്കെയായിരിക്കും വേണ്ടിവരിക. എന്നാൽ അടിസ്ഥാന ഉപകരണങ്ങൾ തുടർച്ചയായി ഉപയോഗിക്കും. അനുഭവപരിചയമുള്ള കരകൗശലപ്പണിക്കാർ ഇത്തരം അടിസ്ഥാന ഉപകരണങ്ങൾ തങ്ങളുടെ പെട്ടിയിൽ എപ്പോഴും കരുതും. അവ ഉപയോഗിക്കുന്നതിലായിരിക്കും അവർക്ക് ഏറ്റവും വൈദഗ്ധ്യം. ഓരോ ക്രിസ്ത്യാനിയെയും ശുശ്രൂഷയിൽ വൈദഗ്ധ്യം നേടാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. “ലജ്ജിക്കാൻ വകയില്ലാത്ത വേലക്കാരനായി” തുടരാനാണ് ബൈബിൾ പറയുന്നത്. (2 തിമൊ. 2:15) നമ്മുടെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? അത് ദൈവവചനമാണ്—‘ശിഷ്യരെ ഉളവാക്കാൻ’ നാം ഉപയോഗിക്കുന്ന മുഖ്യ ഉപകരണം. (മത്താ. 28:19, 20) അതിനാൽ “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്തുകൊണ്ട്” അതിൽ വിദഗ്ധരാകാൻ നാം ശ്രമിക്കണം. എന്നാൽ നിരന്തരമായി ഉപയോഗിക്കുന്ന മറ്റു പഠിപ്പിക്കൽ ഉപകരണങ്ങളും നമുക്കുണ്ട്. അവയും വൈദഗ്ധ്യത്തോടെ ഉപയോഗിച്ച് ആളുകളെ സത്യം പഠിപ്പിക്കാൻ എല്ലാ ക്രിസ്ത്യാനികളും പഠിക്കണം.—സദൃ. 22:29.
2. നമ്മുടെ അടിസ്ഥാന പഠിപ്പിക്കൽ ഉപകരണങ്ങൾ ഏവയാണ്?
2 നമ്മുടെ അടിസ്ഥാന പഠിപ്പിക്കൽ ഉപകരണങ്ങൾ: ബൈബിളിനു പുറമെ മറ്റ് ഏത് ഉപകരണങ്ങളാണ് നാം ഉപയോഗിക്കേണ്ടത്? ബൈബിൾ സത്യങ്ങൾ ആളുകളെ പഠിപ്പിക്കാനായി നമുക്കുള്ള പ്രഥമ ഉപകരണം ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമാണ്. ഈ പുസ്തകം വിദ്യാർഥിയെ പഠിപ്പിച്ച ശേഷം “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് അനുദിന ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ അദ്ദേഹത്തെ നമ്മൾ പഠിപ്പിക്കും. അതിനാൽ ഈ രണ്ടു പ്രസിദ്ധീകരണങ്ങളും കൈകാര്യം ചെയ്യാൻ നമ്മൾ പ്രാവീണ്യം നേടണം. നമ്മുടെ പഠിപ്പിക്കൽ ഉപകരണങ്ങളിൽ, ചില ലഘുപത്രികകളും പെടുന്നു. ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രികയാണ് ബൈബിളധ്യയനങ്ങൾ തുടങ്ങാനുള്ള നമ്മുടെ പ്രധാന ഉപകരണങ്ങളിൽ ഒന്ന്. വീട്ടുകാർ അക്രൈസ്തവരാണെങ്കിൽ ദൈവത്തിൽനിന്നുള്ള സുവാർത്ത! പഠിക്കുന്നതിനുമുമ്പ് ഒരു ചവിട്ടുപടിയായി കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന ലഘുപത്രിക ഉപയോഗിക്കാവുന്നതാണ്. നമ്മുടെ പ്രദേശത്ത് വായനാ പ്രാപ്തി കുറഞ്ഞ ആളുകൾ ഉണ്ടെങ്കിൽ അഥവാ നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഇല്ലാത്ത ഒരു ഭാഷയാണ് അവർ സംസാരിക്കുന്നതെങ്കിൽ ദൈവം പറയുന്നതു കേൾക്കുവിൻ!, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്നീ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാം. ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക, വിദ്യാർഥികളെ സംഘടനയിലേക്ക് നയിക്കാനുള്ള ഒരു അടിസ്ഥാന ഉപകരണമാണ്. ശിഷ്യരെ ഉളവാക്കാൻ സഹായിക്കുന്ന, ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?, രാജ്യഹാളിൽ എന്താണ് നടക്കുന്നത്?, ദൈവത്തിന് ഒരു പേരുണ്ടോ? എന്നീ വീഡിയോകൾ നന്നായി ഉപയോഗിക്കാനും നാം പഠിക്കണം.
3. ഇനി വരാനുള്ള നമ്മുടെ രാജ്യശുശ്രൂഷയിലെ ലക്കങ്ങൾ നമ്മെ എന്തിന് സഹായിക്കും?
3 പഠിപ്പിക്കാൻ നാം ഉപയോഗിക്കുന്ന അടിസ്ഥാന പ്രസിദ്ധീകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടാൻ ഇനി വരാനുള്ള നമ്മുടെ രാജ്യശുശ്രൂഷയിലെ ലക്കങ്ങൾ നമ്മെ സഹായിക്കും. ഈ ഉപകരണങ്ങൾ തന്മയത്വത്തോടെ ഉപയോഗിക്കാൻ ശ്രമിക്കുന്നെങ്കിൽ ഈ നിശ്വസ്ത ഉപദേശം നമ്മൾ അനുസരിക്കുകയായിരിക്കും: “നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക. ഈ കാര്യങ്ങളിൽ ഉറച്ചുനിൽക്കുക. അങ്ങനെചെയ്താൽ, നിന്നെത്തന്നെയും നിന്റെ വാക്കു കേൾക്കുന്നവരെയും നീ രക്ഷിക്കും.”—1 തിമൊ. 4:16.