പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—ഹബക്കൂക്
1. നമ്മുടെ സാഹചര്യം ഹബക്കൂക്കിന്റേതിനോട് സമാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 ലോകമെമ്പാടും ദുഷ്ടത അടിക്കടി വർധിച്ചുവരുന്നതു കാണുമ്പോൾ “നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിന്”എന്ന് യഹോവയോട് ചോദിച്ച ഹബക്കൂക്കിനെപ്പോലെ നമുക്കും തോന്നിയേക്കാം. (ഹബ. 1:3; 2 തിമൊ. 3:1, 13) ഹബക്കൂക് എഴുതിയ സന്ദേശം ധ്യാനിക്കുന്നതും അവന്റെ വിശ്വസ്തത മാതൃകയാക്കുന്നതും യഹോവയുടെ ന്യായവിധിദിവസത്തിനായി കാത്തിരിക്കുന്ന നമ്മളെ സഹിച്ചുനിൽക്കാൻ സഹായിക്കും.—2 പത്രോ. 3:7.
2. വിശ്വസ്തതയോടെയാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നതെന്ന് എങ്ങനെ കാണിക്കാം?
2 വിശ്വസ്തതയോടെ ജീവിക്കുക: ചുറ്റുമുള്ള മോശമായ സാഹചര്യങ്ങളെപ്രതി തളർന്നുപോകുന്നതിനു പകരം ഹബക്കൂക് ആത്മീയമായി ഉണർവുള്ളവനും പ്രവർത്തനനിരതനും ആയി തുടർന്നു. (ഹബ. 2:1) “നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും” എന്നും പ്രവചനം കൃത്യസമയത്തുതന്നെ നിറവേറുമെന്നും യഹോവ തന്റെ പ്രവാചകന് ഉറപ്പുനൽകി. (ഹബ. 2:2-4) അന്ത്യത്തിന്റെ പരമാന്ത്യത്തിൽ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് എന്താണ് അർഥമാക്കുന്നത്? എന്നാണ് അവസാനം വരുന്നതെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം അവസാനം സുനിശ്ചിതമായും വരുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാം. നമ്മുടെ വിശ്വസ്തത, ഉണർന്നിരിക്കാനും ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം നൽകാനും നമ്മളെ പ്രചോദിപ്പിക്കും.—എബ്രാ. 10:38, 39.
3. യഹോവയെ സേവിക്കുന്നതിലുള്ള നമ്മുടെ സന്തോഷം നിലനിറുത്തേണ്ടത് എന്തുകൊണ്ട്?
3 യഹോവയിൽ ആനന്ദിച്ചാർക്കുക: മാഗോഗ് ദേശത്തെ ഗോഗ് യഹോവയുടെ ജനത്തിനെതിരെ തിരിയുമ്പോൾ നമ്മുടെ വിശ്വാസത്തിന് പരിശോധനയുണ്ടാകും. (യെഹെ. 38:2, 10-12) ഇത്, ഒടുവിൽ വിജയിക്കാനിരിക്കുന്നവർക്കുപോലും കഷ്ടതകളുണ്ടാക്കും. ഭക്ഷണം കിട്ടാതായേക്കാം, വസ്തുവകകൾ നഷ്ടമായേക്കാം, ജീവിതനിലവാരങ്ങൾ താഴ്ന്നേക്കാം. ഇവയോട് നമ്മൾ എങ്ങനെയായിരിക്കും പ്രതികരിക്കുക? ഇത്തരം സാഹചര്യങ്ങൾ ഹബക്കൂക്കും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, യഹോവയെ സേവിക്കുന്നതിലുള്ള സന്തോഷം നിലനിറുത്താൻ ഹബക്കൂക് ദൃഢനിശ്ചയം ചെയ്തിരുന്നു. (ഹബ. 3:16-19) അതുപോലെ, “യഹോവയിങ്കലെ സന്തോഷം” ഭാവിയിലെ പരിശോധനകൾ സഹിച്ചുനിൽക്കാൻ ആവശ്യമായ ബലം നൽകി നമ്മളെയും സഹായിക്കും.—നെഹെ. 8:10; എബ്രാ. 12:2.
4. ഇന്നും ഭാവിയിലും നമുക്ക് എങ്ങനെ ആനന്ദിക്കാം?
4 വരാനിരിക്കുന്ന ന്യായവിധിയെ അതിജീവിക്കുന്നവർക്ക് തുടർന്നും ദൈവികനിലവാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള പരിശീലനം യഹോവ നൽകും. (ഹബ. 2:14) പുനരുത്ഥാനത്തിൽ വരുന്നവരും യഹോവയെക്കുറിച്ച് പഠിക്കും. അതുകൊണ്ട്, ഇപ്പോൾ യഹോവയെയും യഹോവയുടെ അത്ഭുതകരമായ പ്രവൃത്തികളെയും കുറിച്ച് സംസാരിക്കാൻ കിട്ടുന്ന സകല അവസരവും വിനിയോഗിക്കുക.—സങ്കീ. 34:1; 71:17.