ക്രിസ്ത്യാനികളായി ജീവിക്കാം
നിഷ്‌ക്രിയരായവരെ പ്രോത്സാഹിപ്പിക്കാം
ഏപ്രിൽ 11, ചൊവ്വാഴ്‌ച സ്മാരകാചരണത്തിന് നിഷ്ക്രിയരായ ഒരുപാടു പേർ ഹാജരാകും. അവർ ജീവനുവേണ്ടിയുള്ള ഓട്ടം തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ അവരുടെ ഓട്ടത്തിന്റെ വേഗത കുറഞ്ഞുപോയി. അത്തരം ചില കാരണങ്ങൾ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരൂ. . . എന്ന ലഘുപത്രികയിൽ കൊടുത്തിട്ടുണ്ട്. (എബ്ര 12:1) എങ്കിലും സ്വന്തം പുത്രന്റെ രക്തംകൊണ്ട് വിലയ്‌ക്കു വാങ്ങിയ അവരെ യഹോവ ഇപ്പോഴും വിലപ്പെട്ടവരായി കാണുന്നു. (പ്രവൃ 20:28; 1പത്ര 1:18, 19) സഭയിലേക്കു മടങ്ങിവരാൻ അവരെ നമുക്ക് എങ്ങനെ സഹായിക്കാം?
ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയ ആടുകളെ ജാഗ്രതയോടെ അന്വേഷിക്കുന്ന ഒരു ഇടയനെപ്പോലെ സഭയിലെ മൂപ്പന്മാർ നിഷ്‌ക്രിയരായവരെ കണ്ടെത്താനും സഹായിക്കാനും ആത്മാർഥമായി ശ്രമിക്കുന്നു. (ലൂക്ക 15:4-7) ഇത് യഹോവയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും തെളിവാണ്. (യിര 23:3, 4) മൂപ്പന്മാർക്കു മാത്രമല്ല നമുക്കെല്ലാം അവരെ സഹായിക്കാനാകും. അവരോട് ദയയോടെ ഇടപെടാനുള്ള നമ്മുടെ ശ്രമങ്ങൾ യഹോവയെ സന്തോഷിപ്പിക്കുകയും യഹോവ അതിനു പ്രതിഫലം നൽകുകയും ചെയ്യും. (സുഭ 19:17; പ്രവൃ 20:35) അതുകൊണ്ട് ആരെയൊക്കെ പ്രോത്സാഹിപ്പിക്കാനാകുമെന്ന് ചിന്തിക്കുക, ഒട്ടും വൈകാതെ അങ്ങനെ ചെയ്യുക!
നിഷ്‌ക്രിയരായവരെ സഹായിക്കുക എന്ന വീഡിയോ കണ്ടതിനു ശേഷം പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
പരിചയമില്ലാത്ത ഒരു സാക്ഷിയെ കണ്ടപ്പോൾ ആബി എന്താണ് ചെയ്‌തത്?
നിഷ്‌ക്രിയരായവരെ സഹായിക്കുന്നതിനു മുമ്പ് മൂപ്പന്മാരോട് സംസാരിക്കേണ്ടത് എന്തുകൊണ്ട്?
രണ്ടാമത്തെ പ്രാവശ്യം ലോറയെ കാണാൻ പോകുന്നതിനു മുമ്പ് ആബി എന്തൊക്കെ ചെയ്‌തു?
ലോറയെ പ്രോത്സാഹിപ്പിച്ചപ്പോൾ ആബി സ്ഥിരോത്സാഹവും ക്ഷമയും സ്നേഹവും കാണിച്ചത് എങ്ങനെ?
ലൂക്കോസ് 15:8-10-ൽ പറഞ്ഞിരിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തകഥയിൽനിന്ന് എന്തു പഠിക്കാം?
ലോറയെ സഹായിക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ ഫലം എന്തായിരുന്നു?