നിഷ്ക്രിയരായവരെ മറന്നുകളയരുത്
1. നിഷ്ക്രിയരെ പ്രോത്സാഹിപ്പിക്കാൻ നാം മുന്നോട്ടുവരേണ്ടത് എന്തുകൊണ്ട്?
1 നിഷ്ക്രിയനായിത്തീർന്ന ആരെയെങ്കിലും നിങ്ങൾക്കു വ്യക്തിപരമായി അറിയാമോ? സഭയോടൊപ്പമുള്ള സഹവാസം നിറുത്തുകയും ക്രമേണ അകന്നുപോകുകയും ചെയ്ത ഒരു വ്യക്തിയായിരിക്കാം അദ്ദേഹം. അങ്ങനെയുള്ള ഒരാളെ വീടുതോറുമുള്ള ശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടാകാം. ആ വ്യക്തി ഇപ്പോഴും നമ്മുടെ ആത്മീയ സഹോദരനാണെന്ന കാര്യം ഓർക്കണം. നാം അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുകൊടുക്കുന്നതോടൊപ്പം സഭയിലേക്കും നമ്മുടെ “ഇടയനും പാലകനുമായവന്റെ” അടുത്തേക്കും മടങ്ങിവരാൻ അദ്ദേഹത്തെ സഹായിക്കുന്നതിനും നാം ആഗ്രഹിക്കുന്നു.—1 പത്രൊ. 2:25, പി.ഒ.സി. ബൈബിൾ.
2. നിഷ്ക്രിയനായ ഒരു വ്യക്തിക്ക് എങ്ങനെ പ്രോത്സാഹനം കൊടുക്കാനാകും?
2 താത്പര്യം പ്രകടമാക്കുക: നിഷ്ക്രിയനായിത്തീർന്നിട്ടുള്ള വ്യക്തിയെ ഫോണിൽ വിളിക്കുന്നതോ സന്ദർശിക്കുന്നതോ, അദ്ദേഹത്തെ നാം മറന്നിട്ടില്ലെന്നു കാണാൻ സഹായിച്ചേക്കും. നമുക്ക് എന്തെല്ലാം സംസാരിക്കാൻ കഴിയും? അദ്ദേഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ടായിരുന്നു എന്നു പറയുന്നതുപോലും ഒരു പ്രോത്സാഹനമായേക്കാം. സംഭാഷണം ക്രിയാത്മകവും പരിപുഷ്ടിപ്പെടുത്തുന്നതുമായിരിക്കട്ടെ. (ഫിലി. 4:8) അടുത്തയിടെ ഒരു യോഗത്തിൽ പഠിച്ച കാര്യം നമുക്കു പരാമർശിക്കാവുന്നതാണ്. അടുത്തുവരുന്ന ഒരു യോഗത്തിനോ സമ്മേളനത്തിനോ അദ്ദേഹത്തെ ക്ഷണിക്കുകയും ഒരുമിച്ചു പോകാമെന്നോ ഒന്നിച്ചിരിക്കാമെന്നോ പറയുകയും ചെയ്യാവുന്നതാണ്.
3. നിഷ്ക്രിയയായിരുന്ന ഒരു സഹോദരി വീണ്ടുമൊരു സജീവ സാക്ഷിയായിത്തീർന്നത് എങ്ങനെ?
3 വയൽസേവനത്തിലായിരിക്കെ നമ്മുടെ ഒരു സഹോദരി, ഇരുപതിലേറെ വർഷമായി നിഷ്ക്രിയയായി കഴിയുന്ന ഒരു സഹോദരിയെ കണ്ടുമുട്ടി. ബൈബിളധ്യയനം സ്വീകരിക്കാൻ താത്പര്യം കാണിച്ചില്ലെങ്കിലും പുതിയ ലക്കം മാസികകളുമായി സഹോദരി അവരെ സന്ദർശിച്ചുകൊണ്ടിരുന്നു. ഡിസ്ട്രിക്റ്റ് കൺവെൻഷനുശേഷം സഹോദരി അവരുമായി കൺവെൻഷന്റെ ചില വിശേഷാശയങ്ങൾ പങ്കുവെച്ചു. ക്രമേണ അവർ ഒരു സജീവ സാക്ഷിയായിത്തീർന്നു.
4. യോഗങ്ങൾക്കു വന്നുകൊണ്ട് വീണ്ടും സഹവസിച്ചു തുടങ്ങുന്ന ഒരു വ്യക്തിയോടു നാം എങ്ങനെ ഇടപെടണം?
4 നിഷ്ക്രിയനായ വ്യക്തി മടങ്ങിവരുമ്പോൾ: നിഷ്ക്രിയനായ ഒരു വ്യക്തി യോഗങ്ങൾക്കു വന്നു തുടങ്ങുമ്പോൾ നാം അദ്ദേഹത്തോട് എങ്ങനെ ഇടപെടണം? താത്കാലികമായി യേശുവിനെ ഉപേക്ഷിച്ചുപോയ ശിഷ്യന്മാരോട് അവൻ എങ്ങനെയാണ് ഇടപെട്ടത്? അവൻ അവരെ ‘എന്റെ സഹോദരന്മാർ’ എന്നു സ്നേഹപൂർവം പരാമർശിക്കുകയും പ്രധാനപ്പെട്ട ഒരു നിയമനംപോലും നൽകിക്കൊണ്ട് അവരിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്തു. (മത്താ. 28:10, 18, 19, 20) അധികം താമസിയാതെ അവർ സുവാർത്ത പ്രസംഗിക്കുന്നതിൽ തിരക്കോടെ ഏർപ്പെടാൻ തുടങ്ങി.—പ്രവൃ. 5:42.
5. നിഷ്ക്രിയനായ ഒരു വ്യക്തിയോടുള്ള ബന്ധത്തിൽ നാം മൂപ്പന്മാരോടു സംസാരിക്കേണ്ടതായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുക.
5 നിഷ്ക്രിയനായ ഒരു വ്യക്തിയുമായി ബൈബിളധ്യയനം തുടങ്ങുന്നതിനുമുമ്പ് അല്ലെങ്കിൽ ദീർഘകാലം നിഷ്ക്രിയനായിരുന്ന ഒരു വ്യക്തിയെ ശുശ്രൂഷയിൽ പങ്കുചേരാൻ ക്ഷണിക്കുന്നതിനുമുമ്പ് നാം മൂപ്പന്മാരുടെ മാർഗനിർദേശം ആരായണം. നിഷ്ക്രിയനായ ഒരു വ്യക്തിയെ നമ്മുടെ പ്രദേശത്തു കണ്ടുമുട്ടുന്നെങ്കിൽ, അദ്ദേഹത്തിന് ആവശ്യമായ സഹായം നൽകാൻ കഴിയേണ്ടതിന് അക്കാര്യം നാം മൂപ്പന്മാരെ അറിയിക്കണം.
6. നിഷ്ക്രിയരായവരെ സഹായിക്കുന്നതിലൂടെ നമുക്ക് എന്തു സന്തോഷം അനുഭവിക്കാൻ കഴിഞ്ഞേക്കും?
6 ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നതുപോലെ, ഓട്ടം പൂർത്തിയാക്കുന്നവർക്കു മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. (മത്താ. 24:13) അതുകൊണ്ട് ഇടറിപ്പോകുകയോ ക്രമേണ അകന്നുപോകുകയോ ചെയ്തിട്ടുള്ളവരെക്കുറിച്ചു ചിന്തയുള്ളവരായിരിക്കുക. അങ്ങനെയുള്ളവരുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ക്ഷമാപൂർവം നാം യഹോവയുടെ സ്നേഹം പ്രതിഫലിപ്പിക്കുന്നെങ്കിൽ വിശുദ്ധ സേവനത്തിൽ അവർ വീണ്ടും നമ്മോടു ചേരുന്നതു കാണുന്നതിന്റെ സന്തോഷം അനുഭവിക്കാൻ നമുക്കു സാധിച്ചേക്കും.—ലൂക്കൊ. 15:4-10.