ചോദ്യപ്പെട്ടി
◼ സഭാ സേവന കമ്മിറ്റിയിലെ ഒരു അംഗത്തിന്റെ നിർദേശം അനുസരിച്ച് ഒരു നിഷ്‌ക്രിയ സഹോദരനോ സഹോദരിക്കോ ഭവന ബൈബിൾ അധ്യയനം നടത്തുന്നത് ഉചിതമാണോ?
നിഷ്ക്രിയർ ആയിത്തീർന്ന അംഗങ്ങൾ ഉൾപ്പെടെ, സഭയുടെമേൽ ഇടയവേല ചെയ്യാനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കാണ് ഉള്ളത്. അവർ അത്തരം വ്യക്തികളെ സന്ദർശിച്ച് വ്യക്തിപരമായ എന്തു സഹായമാണു വേണ്ടതെന്നു നിർണയിക്കുന്നു. ഉചിതമായിരിക്കുന്നിടത്ത്, നിഷ്‌ക്രിയ വ്യക്തിക്ക് ഒരു വ്യക്തിഗത ബൈബിൾ അധ്യയനം വെച്ചുനീട്ടുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. അത്തരം ഒരു ക്രമീകരണത്തിൽനിന്ന് ആർ പ്രയോജനം നേടിയേക്കാമെന്നു തീരുമാനിക്കുന്നത് സഭാ സേവന കമ്മിറ്റി ആണെന്ന് നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്‌തകം അതിന്റെ 103-ാം പേജിൽ പറയുന്നു.
ഏറ്റവും മെച്ചമായ സഹായം നൽകാൻ കഴിയുന്നത് ആർക്കാണ്, ഏതെല്ലാം വിഷയങ്ങളാണു പഠിക്കേണ്ടത്, ഏതു പ്രസിദ്ധീകരണം ആയിരിക്കും ഏറ്റവും സഹായകം എന്നീ കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് സേവന മേൽവിചാരകനാണ്. ഒരുപക്ഷേ നിഷ്ക്രിയനായ വ്യക്തിക്ക് ആദ്യം അധ്യയനം എടുത്തിരുന്ന സഹോദരനോ അല്ലെങ്കിൽ അയാൾ അറിയുന്നതും ആദരിക്കുന്നതുമായ മറ്റൊരു സഹോദരനോ ആണ് സഹായിക്കാൻ പറ്റിയ സ്ഥാനത്ത് ആയിരിക്കുന്നത്. ഒരു നിഷ്‌ക്രിയ സഹോദരിയെ സഹായിക്കുന്നതിന് പ്രാപ്തിയും പക്വതയുമുള്ള ഒരു സഹോദരിയോട് ആവശ്യപ്പെടാവുന്നതാണ്. സാധാരണ ഗതിയിൽ നിയുക്ത അധ്യയന നിർവാഹകന്റെ കൂടെ മറ്റൊരു പ്രസാധകൻ പോകേണ്ടതില്ല. നിയമനം നിർവഹിക്കുമ്പോൾ ചെലവഴിക്കുന്ന സമയം, മടക്ക സന്ദർശനങ്ങൾ, അധ്യയനം എന്നിവ പ്രസാധകനു റിപ്പോർട്ടു ചെയ്യാവുന്നതാണ്.—1987 നവംബർ ലക്കം (ഇംഗ്ലീഷ്) നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-2 പേജുകൾ കാണുക.
വിദ്യാർഥി സ്നാപനമേറ്റ ഒരു വ്യക്തി ആയതിനാൽ, സാധാരണ ഗതിയിൽ ദീർഘമായ കാലത്തേക്ക് അധ്യയനം തുടരേണ്ട ആവശ്യമില്ല. എല്ലാ യോഗങ്ങളിലും സംബന്ധിക്കുന്നത് വീണ്ടും തുടങ്ങാനും സുവാർത്തയുടെ ക്രമമുള്ള ഒരു പ്രസാധകൻ ആയിത്തീരാനും നിഷ്‌ക്രിയ വ്യക്തിയെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അത്തരം അധ്യയനങ്ങളുടെ പുരോഗതിയിൽ സേവന മേൽവിചാരകൻ മേൽനോട്ടം വഹിക്കും. സ്നേഹപുരസ്സരമായ ഈ സഹായത്തിന്റെ ഫലമായി ആ സഹോദരീസഹോദരന്മാർ യഹോവയുടെ മുമ്പാകെയുള്ള സ്വന്ത ഉത്തരവാദിത്വമാകുന്ന ചുമട് വഹിക്കാൻ പ്രാപ്തരും സത്യത്തിൽ ‘വേരൂന്നി അടിസ്ഥാനപ്പെട്ടവരും’ ആയിത്തീരണം.—എഫെ. 3:17; ഗലാ. 6:5.