ക്രിസ്ത്യാനികളായി ജീവിക്കാം
“ദൈവം കൂട്ടിച്ചേർത്തതിനെ. . . ”
മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്, വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു പുരുഷൻ നിയമപരമായ ഒരു രേഖ തയ്യാറാക്കണമായിരുന്നു. എടുത്തുചാടിയുള്ള വിവാഹമോചനങ്ങൾ തടയാൻ ഇത് ഉപകരിച്ചു. എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും വിവാഹമോചനം നേടുന്നതു മതനേതാക്കന്മാർ വളരെ എളുപ്പമാക്കിത്തീർത്തു. എന്തു കാരണത്തിന്റെ പേരിലും പുരുഷന്മാർക്കു ഭാര്യമാരെ വിവാഹമോചനം ചെയ്യാമായിരുന്നു. (“മോചനപത്രം,” “ഭാര്യയെ വിവാഹമോചനം ചെയ്ത്,” “അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു” എന്നിവയുടെ മർ 10:4, 11-ന്റെ പഠനക്കുറിപ്പുകൾ, nwtsty) യഹോവ തുടക്കംകുറിച്ചതും യഹോവയുടെ അംഗീകാരമുള്ളതും ആയ ക്രമീകരണമാണു വിവാഹമെന്ന വസ്തുതയിലേക്കു യേശു ശ്രദ്ധ ക്ഷണിച്ചു. (മർ 10:2-12) ഭർത്താവും ഭാര്യയും എല്ലാക്കാലത്തും ‘ഒരു ശരീരമായി’ ജീവിക്കണമായിരുന്നു. വിവാഹമോചനത്തിനുള്ള ഏക തിരുവെഴുത്തടിസ്ഥാനം “ലൈംഗിക അധാർമികത” ആണെന്നു മത്തായിയുടെ സമാന്തരവിവരണം പറയുന്നു.—മത്ത 19:9.
ഇന്നു പലർക്കും വിവാഹത്തെക്കുറിച്ച് യേശുവിന്റെ വീക്ഷണമല്ല, പരീശന്മാരുടെ വീക്ഷണമാണുള്ളത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിവാഹമോചനമാണ് അവർ തിരഞ്ഞെടുക്കുന്ന വഴി. എന്നാൽ ക്രിസ്തീയദമ്പതികൾ വിവാഹപ്രതിജ്ഞയെ ഗൗരവമായി കാണുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് അതു മറികടക്കാൻ കഠിനശ്രമം ചെയ്യുന്നു. സ്നേഹവും ആദരവും കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുന്നു എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
സുഭാഷിതങ്ങൾ 15:1 നിങ്ങളുടെ വിവാഹജീവിതത്തിൽ എങ്ങനെ ബാധകമാക്കാം, എന്താണ് അതിന്റെ പ്രാധാന്യം?
പ്രശ്നങ്ങൾ ഒഴിവാക്കാൻ സുഭാഷിതങ്ങൾ 19:11 നിങ്ങളെ എങ്ങനെ സഹായിക്കും?
വിവാഹബന്ധം തകർച്ചയുടെ വക്കിലാണെങ്കിൽ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ഏതു ചോദ്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം?
മത്തായി 7:12 നല്ല ഒരു ഭർത്താവോ ഭാര്യയോ ആകാൻ നിങ്ങളെ എങ്ങനെ സഹായിക്കും?