ക്രിസ്ത്യാനികളായി ജീവിക്കാം
“പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു”
പൗലോസ് വരുന്നുണ്ടെന്ന് റോമിലെ സഭ അറിഞ്ഞപ്പോൾ, അവിടത്തെ ഒരു കൂട്ടം സഹോദരങ്ങൾ പൗലോസിനെ സ്വീകരിക്കാൻ ഏകദേശം 64 കിലോമീറ്റർ യാത്ര ചെയ്താണു വന്നത്. അവരുടെ സ്നേഹവും ത്യാഗവും കണ്ടപ്പോൾ പൗലോസിന് എന്താണു തോന്നിയത്? “അവരെ കണ്ടപ്പോൾ പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു.” (പ്രവൃ 28:15) സഭകളെ സന്ദർശിച്ച് ബലപ്പെടുത്തുന്ന ഒരാളായിരുന്നു പൗലോസ്. പക്ഷേ ഇപ്പോൾ തടവുകാരനായ പൗലോസിനു സഹോദരങ്ങളിൽനിന്നാണു പ്രോത്സാഹനം ലഭിച്ചത്.—2കൊ 13:10.
ഇന്ന് സഹോദരങ്ങളെ ബലപ്പെടുത്തുന്നതിനു സർക്കിട്ട് മേൽവിചാരകന്മാർ സഭകൾതോറും സന്ദർശനം നടത്തുന്നു. ദൈവജനത്തിലെ മറ്റെല്ലാവരെയുംപോലെ അവരും ക്ഷീണവും ഉത്കണ്ഠയും നിരുത്സാഹവും ഒക്കെ അനുഭവിക്കുന്നുണ്ട്. അടുത്ത തവണ സർക്കിട്ട് മേൽവിചാരകനും ഭാര്യയും നിങ്ങളുടെ സഭ സന്ദർശിക്കുമ്പോൾ ധൈര്യമാർജിക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം? അങ്ങനെ ‘പരസ്പരം പ്രോത്സാഹിപ്പിക്കാൻ’ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?—റോമ 1:11, 12.
വയൽസേവനയോഗങ്ങളിൽ പങ്കെടുക്കുക. ആ പ്രത്യേകവാരത്തിൽനിന്ന് പൂർണപ്രയോജനം നേടാൻ പ്രചാരകർ ത്യാഗങ്ങൾ ചെയ്യുന്നതു കാണുമ്പോൾ സർക്കിട്ട് മേൽവിചാരകൻ പ്രോത്സാഹിതനാകും. (1തെസ്സ 1:2, 3; 2:20) സന്ദർശനവാരത്തിൽ സഹായ മുൻനിരസേവനം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾക്കു ചിന്തിച്ചുകൂടേ? അദ്ദേഹത്തോടോ ഭാര്യയോടോ ഒപ്പം വയൽസേവനത്തിനു പോകാൻ ആഗ്രഹിക്കുന്നെന്ന് പറയാനാകുമോ? അല്ലെങ്കിൽ നിങ്ങളുടെ ഒരു ബൈബിൾപഠനത്തിന് സഹോദരനെയോ സഹോദരിയെയോ കൊണ്ടുപോകാനാകുമോ? പുതിയവരും ശുശ്രൂഷയിൽ വൈദഗ്ധ്യം കുറഞ്ഞവരും ഉൾപ്പെടെ വെവ്വേറെ പ്രചാരകരുടെകൂടെ പ്രവർത്തിക്കുന്നത് അവർക്ക് ഇഷ്ടമാണ്.
ആതിഥ്യം കാണിക്കുക. നിങ്ങളുടെ വീട്ടിൽ അവർക്കു താമസസൗകര്യം കൊടുക്കാൻ കഴിയുമോ, അല്ലെങ്കിൽ അവരെ ഭക്ഷണത്തിനു ക്ഷണിക്കാനാകുമോ? അങ്ങനെ ചെയ്യുമ്പോൾ അവരെ സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾ തെളിയിക്കുകയാണ്. വിഭവസമൃദ്ധമായ സദ്യയൊന്നും അവർ പ്രതീക്ഷിക്കുന്നില്ല.—ലൂക്ക 10:38-42.
അദ്ദേഹത്തിന്റെ മാർഗനിർദേശവും ഉപദേശവും ശ്രദ്ധിക്കുകയും ബാധകമാക്കുകയും ചെയ്യുക. എങ്ങനെ കുറെക്കൂടി മെച്ചമായ രീതിയിൽ യഹോവയെ സേവിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ സർക്കിട്ട് മേൽവിചാരകൻ സ്നേഹപൂർവം നമ്മളെ സഹായിക്കും. ചിലപ്പോൾ അദ്ദേഹത്തിനു ശക്തമായ ബുദ്ധിയുപദേശം തരേണ്ടിവന്നേക്കാം. (1കൊ 5:1-5) നമ്മൾ അനുസരിക്കുകയും കീഴ്പെടുകയും ചെയ്യുന്നതു കാണുമ്പോൾ അത് അദ്ദേഹത്തെ സന്തോഷിപ്പിക്കും.—എബ്ര 13:17.
നിങ്ങളുടെ വിലമതിപ്പ് അറിയിക്കുക. സഹായിക്കാനുള്ള സർക്കിട്ട് മേൽവിചാരകന്റെയും ഭാര്യയുടെയും ശ്രമങ്ങൾ നിങ്ങൾക്ക് എങ്ങനെയാണു പ്രയോജനം ചെയ്തതെന്ന് അവരോടു പറയുക. ഒന്നുകിൽ നിങ്ങൾക്കു നേരിട്ടു പറയാം, അല്ലെങ്കിൽ ഒരു കാർഡിലൂടെയോ കുറിപ്പിലൂടെയോ അതു ചെയ്യാം.—കൊലോ 3:15.