ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—പുരോഗമിക്കാത്ത ബൈബിൾപഠനങ്ങൾ അവസാനിപ്പിക്കുക
എന്തുകൊണ്ട് പ്രധാനം: ആളുകൾക്കു രക്ഷ കിട്ടണമെങ്കിൽ അവർ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കണം. (റോമ 10:13, 14) എന്നാൽ ബൈബിൾ പഠിക്കാൻ സമ്മതിക്കുന്ന എല്ലാവരും യഹോവയുടെ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുവരില്ല. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ സഹായിക്കുമ്പോഴാണു ശുശ്രൂഷയിലെ നമ്മുടെ സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കുന്നത്. ന്യായമായ കാലം പഠിച്ചിട്ടും ഒരു വിദ്യാർഥി കാര്യമായ പുരോഗതിയൊന്നും വരുത്തുന്നില്ല എന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിൽ ആ ബൈബിൾപഠനം നിറുത്തിയിട്ട് യഹോവ തന്നിലേക്കും സംഘടനയിലേക്കും ആകർഷിക്കുന്നവരെ സഹായിക്കാനാണു നമ്മൾ ശ്രമിക്കേണ്ടത്. (യോഹ 6:44) പിന്നീട് എപ്പോഴെങ്കിലും ആ വ്യക്തി ‘നിത്യജീവന് യോഗ്യനാക്കുന്ന തരം മനോഭാവം’ കാണിച്ചാൽ നമ്മൾ സന്തോഷത്തോടെ ആ ബൈബിൾപഠനം വീണ്ടും തുടങ്ങുകതന്നെ ചെയ്യും.—പ്രവൃ 13:48.
എങ്ങനെ ചെയ്യാം:
സത്യത്തിന്റെ ശരിയായ അറിവ് നേടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനു വിദ്യാർഥിയെ അഭിനന്ദിക്കുക.—1തിമ 2:4.
പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.—ലൂക്ക 6:46-49.
വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ചർച്ച ചെയ്തിട്ട്, പുരോഗതി വരുത്താൻ അദ്ദേഹത്തിനു തടസ്സമായി നിൽക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പറയുക.—മത്ത 13:18-23.
ബൈബിൾപഠനം അവസാനിപ്പിക്കുന്നതിന്റെ കാരണം നയപൂർവം വിശദീകരിക്കുക
നിങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ ഇടയ്ക്കിടെ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്യാമെന്നും പുരോഗതി വരുത്താൻ ആഗ്രഹിക്കുമ്പോൾ പഠനം വീണ്ടും തുടങ്ങാമെന്നും പറയുക
വീഡിയോ കണ്ടിട്ട് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
വിദ്യാർഥി പുരോഗതി വരുത്തുന്നില്ലെന്ന് ഈ സംഭാഷണത്തിൽനിന്ന് നിങ്ങൾ എങ്ങനെയാണു മനസ്സിലാക്കിയത്?
വിദ്യാർഥി മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിയാൻ പ്രചാരകൻ എങ്ങനെയാണ് അദ്ദേഹത്തെ സഹായിച്ചത്?
ഭാവിയിൽ വീണ്ടും പഠനം തുടങ്ങാനുള്ള അവസരം പ്രചാരകൻ എങ്ങനെയാണു തുറന്നിട്ടത്?