ക്രിസ്ത്യാനികളായി ജീവിക്കാം
അറിയാതെപോലും നുണകൾ പ്രചരിപ്പിക്കരുത്
ഇന്ന്, വിവരങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ അടുത്ത് എത്താൻ നിമിഷങ്ങൾ മതി. പത്രമാസികകൾ, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങി അതിനു പല ഉപാധികളുണ്ട്. എന്നാൽ, ‘സത്യത്തിന്റെ ദൈവത്തെ’ ആരാധിക്കുന്നവർ, അറിയാതെപോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കില്ല. (സങ്ക 31:5; പുറ 23:1) വ്യാജവാർത്തകൾ മറ്റുള്ളവരോടു പറഞ്ഞാൽ അതു വലിയ വേദനകൾക്കു കാരണമായേക്കാം. ഒരു കാര്യം സത്യമാണോ എന്ന് ഉറപ്പാക്കുന്നതിനു നിങ്ങളോടുതന്നെ ചോദിക്കുക:
‘വാർത്തയുടെ ഉറവിടം വിശ്വസിക്കാവുന്നതാണോ?’ ഒരു കാര്യം നമ്മളോടു പറയുന്ന വ്യക്തിക്ക് അതിന്റെ സത്യാവസ്ഥ അറിയണമെന്നില്ല. വാർത്തകൾ പലരിലൂടെ കൈമാറിവരുമ്പോൾ അതിലെ വിവരങ്ങളുടെ രൂപവും ഭാവവും മാറും. അതുകൊണ്ട് വാർത്ത എവിടെനിന്നാണു പ്രചരിക്കാൻ തുടങ്ങിയതെന്നു നിങ്ങൾക്ക് അറിയില്ലെങ്കിൽ സൂക്ഷിക്കണം. പ്രത്യേകിച്ചും സഭയിൽ ഉത്തരവാദിത്വസ്ഥാനത്തുള്ളവർ പറയുന്നതൊക്കെ വിശ്വാസയോഗ്യമാണെന്നു മറ്റുള്ളവർ ചിന്തിക്കും. അതുകൊണ്ട് ഒരു കാര്യം സത്യമാണെന്ന് ഉറപ്പില്ലെങ്കിൽ സേവനപദവികൾ ഉള്ളവർ അതു കൈമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം
‘ഇതു പരദൂഷണമാണോ?’ ഒരു വാർത്ത, ഒരു വ്യക്തിയുടെയോ കൂട്ടത്തിന്റെയോ സത്പേരിനു കളങ്കം വരുത്തുന്നതാണെങ്കിൽ അതു മറ്റുള്ളവരോടു പറയാതിരിക്കുന്നതായിരിക്കും നല്ലത്.—സുഭ 18:8; ഫിലി 4:8
‘കേട്ടാൽ വിശ്വാസം തോന്നുന്ന ഒരു വാർത്തയാണോ ഇത്?’ അതിശയം തോന്നിപ്പിക്കുന്ന കഥകളും അനുഭവങ്ങളും ആണ് കേൾക്കുന്നതെങ്കിൽ രണ്ടാമതൊന്നുകൂടി ചിന്തിക്കുക
പരദൂഷണം എനിക്ക് എങ്ങനെ ഒഴിവാക്കാം? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
സുഭാഷിതങ്ങൾ 12:18 അനുസരിച്ച്, വാക്കുകൾക്ക് എന്തു ദ്രോഹം ചെയ്യാനാകും?
മറ്റുള്ളവരെക്കുറിച്ച് പറയേണ്ടതും പറയരുതാത്തതും ആയ കാര്യങ്ങൾ ഏതാണെന്നു തീരുമാനിക്കാൻ ഫിലിപ്പിയർ 2:4 സഹായിക്കുന്നത് എങ്ങനെ?
ആളുകൾ മറ്റുള്ളവരെ പരിഹസിക്കുകയോ അവരെക്കുറിച്ച് മോശമായ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ നമ്മൾ എന്തു ചെയ്യണം?
മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?