“അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു”
“ഒരിക്കലും പത്രം വായിക്കാത്ത മനുഷ്യൻ ഭോഷൻ; എന്നാൽ പത്രത്തിൽ വായിച്ചു എന്നതുകൊണ്ടു മാത്രം വിശ്വസിക്കുന്ന മനുഷ്യനോ അതിലും ഭോഷൻ.”—ആഗസ്റ്റ് വോൺ ഷ്ളോഷർ, ജർമൻ ചരിത്രകാരനും പ്രസിദ്ധീകരണ വിദഗ്ധനും. (1735-1809)
ഇരുന്നൂറിലധികം വർഷം മുമ്പ് പത്രങ്ങളിൽ വന്നിരുന്ന എല്ലാ കാര്യങ്ങളും ഒരു വ്യക്തിക്ക് വിശ്വസിക്കാൻ കഴിയില്ലായിരുന്നിരിക്കണം, 21-ാം നൂറ്റാണ്ടിൽ ഇന്റർനെറ്റിൽനിന്നു വായിക്കാവുന്ന മിക്ക കാര്യങ്ങളുടെ അവസ്ഥയും അതുതന്നെയാണ്. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഒട്ടേറെ വിവരങ്ങൾ ലഭ്യമാണ്. അതിൽ ശരിയും തെറ്റും, നല്ലതും ചീത്തയും, ഉപകാരം ഉള്ളതും ഇല്ലാത്തതും ആയ പല വിവരങ്ങളും ഉണ്ട്. എന്നാൽ നമ്മൾ ഇതിൽനിന്ന് എന്തു കാണുന്നു എന്തു വായിക്കുന്നു എന്നതിൽ നല്ല വിവേചന പ്രകടമാക്കണം. പ്രത്യേകിച്ച്, ഇന്റർനെറ്റിന്റെ ലോകത്ത് പിച്ചവെച്ചുതുടങ്ങുന്നവർ ഒരു റിപ്പോർട്ടോ വാർത്തയോ, എത്രകണ്ട് വിചിത്രമോ ആശ്ചര്യജനകമോ ആയിരുന്നാലും ഇത് ഓൺലൈനിൽ വന്നതല്ലേ അല്ലെങ്കിൽ ഇ-മെയിൽ വഴി എന്റെ സുഹൃത്ത് അയച്ചുതന്നതല്ലേ എന്നുകരുതി അത് വിശ്വസിക്കാൻ ഇടയുണ്ടോ! ബൈബിൾ നല്ല കാരണത്തോടെ ഈ മുന്നറിയിപ്പു നൽകുന്നു: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”—സദൃ. 14:15.
നമ്മുടെ കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ തെളിയുന്ന തട്ടിപ്പുകൾ, കെട്ടുകഥകൾ, ചതിക്കുഴികൾ, മറ്റു തെറ്റായ വിവരങ്ങൾ എന്നിവയെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് എങ്ങനെ ‘സൂക്ഷ്മബുദ്ധികൾ’ ആകാൻ കഴിയും? ആദ്യം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഇക്കാര്യം വിശ്വാസയോഗ്യമോ ഔദ്യോഗികമോ ആയ വെബ്സൈറ്റിൽനിന്നാണോ അതോ ഏതെങ്കിലും ഒരു ബ്ലോഗിൽനിന്നോ ഒരു അജ്ഞാത ഉറവിടത്തിൽനിന്നോ ആണോ? തട്ടിപ്പുകൾ നടത്തുന്ന സൈറ്റുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വെബ്സൈറ്റുകളിൽ (anti-hoax websites) ഈ സൈറ്റിന്റെ പേര് ഇപ്പോൾത്തന്നെ പറഞ്ഞിട്ടുണ്ടോ?’a അങ്ങനെയെങ്കിൽ “വിവേചന” ഉപയോഗിക്കുക. (എബ്രാ. 5:14) ഒരു വാർത്ത അവിശ്വസനീയമായി തോന്നുന്നെങ്കിൽ, അത് അങ്ങനെതന്നെയായിരിക്കാനാണ് സാധ്യത. അതുപോലെ, ഒരു വിവരം മറ്റുള്ളവരെ താഴ്ത്തിമതിക്കുന്നതാണെങ്കിലോ? ഇങ്ങനെയൊന്ന് ചിന്തിക്കുക: ഇത്തരം വിവരങ്ങൾ പരത്തുന്നതിലൂടെ ആർക്കാണ് പ്രയോജനം കിട്ടുന്നത്, ഇനി ഇത് പറയുന്നവർക്ക് അതിനു പിന്നിൽ എന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടോ?
എന്ത് കിട്ടിയാലും മറ്റുള്ളവർക്ക് അയച്ചുകൊടുത്തേ മതിയാകൂ എന്നു ചിന്തിക്കുന്നവർ
ചില ആളുകൾ, മിക്ക സാഹചര്യങ്ങളിലും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി, ഞാൻ ആയിരിക്കണം ഇത് മറ്റുള്ളവരെ ആദ്യം അറിയിക്കുന്നത് എന്ന് ചിന്തിച്ച്, പരിചയത്തിലുള്ള എല്ലാവർക്കും തങ്ങൾക്കു കിട്ടുന്ന ഏതൊരു വിവരവും അയച്ചുകൊടുക്കുന്നു; അതിന്റെ വിശ്വാസ്യതയോ അതുകൊണ്ടുണ്ടാകാവുന്ന പരിണതഫലങ്ങളോ ചിന്തിക്കാതെ. (2 ശമൂ. 13:28-33) എന്നാൽ നമ്മൾ ‘സൂക്ഷ്മബുദ്ധികൾ’ ആണെങ്കിൽ, ഈ വിവരങ്ങൾ ഏതെങ്കിലും ഒരു വ്യക്തിക്കോ സംഘടനയ്ക്കോ എങ്ങനെ ഹാനി വരുത്തിയേക്കാമെന്ന് ചിന്തിക്കും; ഒരുപക്ഷേ അവരുടെ സത്പേരിനെ ഇത് എങ്ങനെ ബാധിക്കും എന്നുപോലും.
ഒരു വിവരം സത്യമാണോ എന്ന് കണ്ടെത്താൻ ശ്രമം കൂടിയേതീരൂ. അതുകൊണ്ടാണ് ചിലർ വിവരങ്ങൾ ശരിയാണോ തെറ്റാണോ എന്നു സ്വയം കണ്ടെത്താതെ, അത് ലഭിക്കുന്നവർതന്നെ കണ്ടുപിടിക്കട്ടെ എന്നു വെക്കുന്നത്. എന്നാൽ അത് ലഭിക്കുന്ന ആ വ്യക്തിക്ക് അതിന് എത്ര സമയം വേണ്ടിവരും? സമയം അമൂല്യമാണ്. (എഫെ. 5:15, 16) അയയ്ക്കുന്ന കാര്യത്തെക്കുറിച്ച്, “സംശയമുണ്ട്, എന്നാലും അയച്ചേക്കാം” എന്നു വിചാരിക്കുന്നതിനു പകരം “സംശയമുണ്ട്, അതുകൊണ്ട് അയയ്ക്കണ്ട” എന്നു തീരുമാനിക്കുന്നതായിരിക്കും ബുദ്ധി.
സ്വയം ഇങ്ങനെ ചോദിക്കുക: ‘കിട്ടുന്ന ഇ-മെയിൽ എല്ലാം മറ്റുള്ളവർക്ക് അയച്ചുകൊടുത്തേ മതിയാകൂ എന്നു ചിന്തിക്കുന്ന ഒരാളായി മാറിയോ ഞാൻ? തെറ്റോ പച്ചക്കള്ളമോ ആണെന്ന് പിന്നീട് തെളിഞ്ഞ ഒരു വിവരം അയച്ചതിനെപ്രതി, ആരോടെങ്കിലും എപ്പോഴെങ്കിലും എനിക്ക് ക്ഷമാപണം നടത്തേണ്ടിവന്നിട്ടുണ്ടോ? “കിട്ടുന്ന ഇ-മെയിൽ എല്ലാം ഇങ്ങോട്ട് അയയ്ക്കരുത്” എന്ന് ആരെങ്കിലും എപ്പോഴെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടോ?’ നിങ്ങൾ ആർക്കാണോ ഇ-മെയിൽ അയയ്ക്കുന്നത്, അവർക്കും ഇന്റർനെറ്റിൽ നോക്കി വിവരങ്ങൾ കണ്ടെത്താനുള്ള സൗകര്യം ഉണ്ടെന്നുള്ള കാര്യം മറക്കരുത്. തമാശക്കഥകളോ വീഡിയോകളോ സ്ലൈഡ് പ്രദർശനങ്ങളോ കൊണ്ട് നിങ്ങൾ അവരെ മൂടേണ്ട ഒരു കാര്യവുമില്ല. ഒരു ബൈബിളധിഷ്ഠിത പ്രസംഗത്തിന്റെ ശബ്ദരേഖയോ കുറിപ്പുകളോ അയയ്ക്കുന്നതും ജ്ഞാനമായിരിക്കില്ല.b കൂടാതെ, ഗവേഷണം ചെയ്തു കണ്ടെത്തിയ വിവരങ്ങൾ, ബൈബിൾപഠനത്തിനുവേണ്ടി തിരഞ്ഞെടുത്ത വാക്യങ്ങൾ, സഭായോഗങ്ങളിൽ പറയാനുള്ള ഉത്തരങ്ങൾ തുടങ്ങിയവ അയച്ചുകൊടുക്കുന്നതും സഹോദരങ്ങളുടെ വ്യക്തിപരമായ പഠനത്തിന്റെ വിലകുറച്ചുകാണാൻ ഇടയാക്കും.
ഞാൻ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ ഇ-മെയിൽ അയച്ചുകൊടുക്കണമോ?
യഹോവയുടെ സംഘടനയെക്കുറിച്ച് ഒരു തെറ്റായ വാർത്ത ഇന്റർനെറ്റിൽ കാണുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? അത് അപ്പാടെ തള്ളിക്കളയണം. മറ്റുള്ളവരുടെ അഭിപ്രായം അറിയുന്നതിന് ഈ വാർത്ത അവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ചിലർക്ക് തോന്നിയേക്കാം. പക്ഷേ, അതെല്ലാം വിഷലിപ്തമായ കാര്യങ്ങൾ പ്രചരിപ്പിക്കാനേ ഉപകരിക്കൂ! ഇന്റർനെറ്റിൽ കാണുന്ന എന്തെങ്കിലും നമ്മളെ അസ്വസ്ഥരാക്കുന്നെങ്കിൽ, നമ്മൾ യഹോവയോട് ജ്ഞാനത്തിനായി അപേക്ഷിക്കുകയും പക്വതയുള്ള സഹോദരന്മാരോട് വ്യക്തിപരമായി അതെക്കുറിച്ച് സംസാരിക്കുകയും വേണം. (യാക്കോ. 1:5, 6; യൂദാ 22, 23) വ്യാജമായ കുറ്റാരോപണങ്ങൾക്ക് ഇരയായ യേശു, തന്റെ അനുഗാമികളോട്, ശത്രുക്കൾ അവരെ പീഡിപ്പിക്കുകയും “എല്ലാവിധ തിന്മകളും” അവർക്കെതിരെ “കളവായി പറയുകയും” ചെയ്യുമെന്ന് പറഞ്ഞു. (മത്താ. 5:11; 11:19; യോഹ. 10:19-21) “വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. . . . അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.”—സദൃ. 2:10-16.
മറ്റുള്ളവരുടെ അവകാശത്തെ മാനിക്കുക
ആത്മീയസ്വഭാവമുള്ള ഏതെങ്കിലും വാർത്തയെയോ അനുഭവത്തെയോ കുറിച്ച് നമുക്ക് കേട്ടറിവ് മാത്രമേയുള്ളൂ എങ്കിൽ നമ്മൾ അതെക്കുറിച്ച് വളരെ ശ്രദ്ധയുള്ളവരായിരിക്കണം. ഒരു വാർത്ത ചിലപ്പോൾ സത്യമായിരിക്കാം, എന്നുകരുതി അത് പ്രചരിപ്പിക്കണമെന്നില്ല. സത്യമായ കാര്യങ്ങൾപോലും മറ്റുള്ളവരോട് പറയുന്നത് ചില അവസരങ്ങളിൽ തെറ്റോ സ്നേഹമില്ലായ്മയോ ആയിരുന്നേക്കാം. (മത്താ. 7:12) ഉദാഹരണത്തിന്, അനാവശ്യമായി കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് സ്നേഹപുരസ്സരമോ മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ പ്രോത്സാഹിപ്പിക്കുന്നതോ ആയിരിക്കില്ല; ചിലപ്പോൾ അത് സത്യമാണെങ്കിൽക്കൂടി. (2 തെസ്സ. 3:11; 1 തിമൊ. 5:13) ചില വാർത്തകൾ രഹസ്യസ്വഭാവമുള്ളതായിരിക്കാം, അതുകൊണ്ടുതന്നെ ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ അത് അവതരിപ്പിക്കുന്നതിനുള്ള മറ്റുള്ളവരുടെ അവകാശത്തെ നമ്മൾ മാനിക്കണം. സമയത്തിന് മുമ്പേ ഏതെങ്കിലും കാര്യങ്ങൾ പറഞ്ഞുപരത്തുന്നത് വലിയ കുഴപ്പങ്ങൾ വരുത്തിവെച്ചേക്കാം.
പിടിച്ചാൽ കിട്ടാത്ത വേഗത്തിൽ വാർത്തകൾ—ശരിയും തെറ്റും, നല്ലതും ചീത്തയും, ഉപകാരം ഉള്ളതും ഇല്ലാത്തതും—പരത്തുക ഇന്ന് വളരെ എളുപ്പമാണ്. ഒരു വ്യക്തി, ചിലപ്പോൾ ഒരാൾക്കായിരിക്കാം ഒരു ഇ-മെയിലോ മെസ്സേജോ അയയ്ക്കുന്നത്. അത് പ്രചരിപ്പിക്കണമെന്നൊന്നും അദ്ദേഹത്തിന് ഉദ്ദേശ്യവുമില്ലായിരിക്കാം. എന്നാൽ, ഒരൊറ്റ നിമിഷംകൊണ്ട് ലോകത്തിൽ എവിടെ വേണമെങ്കിലും അതിന് എത്താനാകും എന്ന കാര്യം മറക്കരുത്. അതുകൊണ്ട്, കിട്ടുന്ന വിവരങ്ങൾ തിടുക്കത്തിലും വകതിരിവില്ലാതെയും മറ്റുള്ളവർക്ക് അയയ്ക്കാനുള്ള പ്രവണത നമുക്ക് ചെറുക്കാം. ഇനി, ശ്രദ്ധപിടിച്ചുപറ്റുന്ന തരം വാർത്തകൾ കാണുകയോ വായിക്കുകയോ ചെയ്യുകയാണെങ്കിലോ? ഒരു കാര്യം ഓർക്കുക. സ്നേഹം അകാരണമായി ഒന്നും സംശയിക്കുന്നില്ല, എന്നുകരുതി എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല. ‘ഭോഷ്കിന്റെ അപ്പനായ’ പിശാചിന്റെ അടിമകളായ ആളുകൾ, യഹോവയുടെ സംഘടനയ്ക്കും സഹോദരങ്ങൾക്കും എതിരെ ദ്രോഹബുദ്ധിയോടെ ദുഷ്പ്രചരണങ്ങളോ നുണകളോ അഴിച്ചുവിടാറുണ്ട്. എന്നാൽ സ്നേഹം അതൊന്നും വിശ്വസിക്കുകയേ ഇല്ല. (യോഹ. 8:44; 1 കൊരി. 13:7) ചിന്താപ്രാപ്തിയും വിവേകവും നമ്മളെ ‘സൂക്ഷ്മബുദ്ധികൾ’ ആകാൻ സഹായിക്കും. കൂടാതെ, ദിവസേനയെന്നോണം വർധിച്ച അളവിൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ എങ്ങനെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും അവ കാണിച്ചുതരുന്നു. ബൈബിൾ പ്രസ്താവിക്കുന്നതുപോലെ, “അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.”—സദൃ. 14:18.
a തട്ടിപ്പുകൾ നടത്തുകയും കെട്ടുകഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ എന്ന് മുമ്പ് മുദ്രകുത്തപ്പെട്ട സൈറ്റുകൾ, തങ്ങൾ വിശ്വാസയോഗ്യരാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ചെറിയചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും എന്ന കാര്യത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുക.
b 2010 ഏപ്രിലിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ “ചോദ്യപ്പെട്ടി”കാണുക.