ഇന്റർനെറ്റിന്റെ ഉപയോഗം—അപകടങ്ങൾ സംബന്ധിച്ച് ജാഗ്രത പാലിക്കുക!
1 യഹോവയുടെ ജനം ആരോഗ്യാവഹമായ സഹവാസം ആസ്വദിക്കുന്നു. അവർ വയൽ ശുശ്രൂഷയിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത് ആസ്വദിക്കുകയും യഹോവയുടെ സാക്ഷികളോടും ഗോളവ്യാപകവേലയോടും ഉള്ള ബന്ധത്തിൽ നടക്കുന്ന സംഭവങ്ങൾ കേൾക്കുന്നത് വിലമതിക്കുകയും ചെയ്യുന്നു. ഒരു പ്രതിസന്ധിയോ പ്രകൃതി വിപത്തോ പോലെ നമ്മുടെ സഹോദരങ്ങൾക്കു സംഭവിക്കുന്ന ഏതൊരു പ്രത്യേക സംഗതിയെക്കുറിച്ചും അവരെ സഹായിക്കാനായി തങ്ങൾക്ക് എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ചും അറിയാൻ അവർ ആഗ്രഹിക്കുന്നു. നമ്മുടെ സഹോദര ഐക്യത്തെയാണ് അത്തരത്തിലുള്ള താത്പര്യം പ്രകടമാക്കുന്നത്. നാം അന്യോന്യം സ്നേഹിക്കുന്നുവെന്ന് അതു തെളിയിക്കുകയും ചെയ്യുന്നു.—യോഹ. 13:34, 35.
2 ഇന്നു നമുക്ക് ലോക സംഭവങ്ങൾ പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു. റേഡിയോയും ടെലിവിഷനും സംഭവത്തിന്റെ മുഴു വിശദാംശങ്ങളും സഹിതം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കു തത്സമയം വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നു. ടെലിഫോൺ മുഖാന്തരവും ലോകത്തിനു ചുറ്റുമുള്ള ആളുകളുമായി ഉടനടി സംസാരിക്കാൻ സാധിക്കുന്നു. വാർത്താവിനിമയ രംഗത്ത് പ്രചുരപ്രചാരം നേടുന്ന മറ്റൊരു പ്രതിഭാസമാണ് ഇന്റർനെറ്റ്.—1997 ജൂലൈ 22 ലക്കം ഉണരുക! കാണുക.
3 ലോക വ്യാപകമായി വേഗത്തിലുള്ള വ്യക്തിഗത വാർത്താവിനിമയത്തിനു വഴി തുറന്നത് ടെലിഫോണിന്റെ കണ്ടുപിടിത്തമാണ്. ടെലിഫോൺ വളരെ പ്രയോജനമുള്ളതാണെങ്കിലും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതു സംബന്ധിച്ചു ജാഗ്രത പാലിക്കണം. കാരണം, അനുചിത സഹവാസത്തിനോ പ്രവർത്തനങ്ങൾക്കോ ഉള്ള ഒരു ഉപകരണമായിരിക്കാൻ അതിനു കഴിയും, മാത്രമല്ല ടെലിഫോണിന്റെ അമിതോപയോഗം ചെലവേറിയതുമാണ്. ടെലിവിഷനും റേഡിയോയും വിദ്യാഭ്യാസ മേഖലയിൽ സഹായകമാണ്. ദുഃഖകരമെന്നു പറയട്ടെ, അതിലെ പല പരിപാടികളും ധാർമികമായി അധഃപതിച്ചതാണ്, കൂടാതെ അതു ശ്രദ്ധിക്കുന്നത് സമയനഷ്ടവും വരുത്തിവെക്കുന്നു. ടെലിവിഷന്റെയും റേഡിയോയുടെയും ഉപയോഗത്തിൽ നല്ല തിരഞ്ഞെടുപ്പ് നടത്താൻ ജ്ഞാനം നമ്മെ പ്രേരിപ്പിക്കുന്നു.
4 ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുമായി കുറഞ്ഞ ചെലവിൽ ആശയവിനിമയം നടത്താൻ ഇന്റർനെറ്റ് ഒരുവനെ സഹായിക്കുന്നു, വളരെയധികം വിജ്ഞാനം നേടുന്നതിന് അത് വഴി തുറക്കുന്നു. (ഉണരുക!, ജനുവരി 8, 1998) എന്നുവരികിലും, ഇന്റർനെറ്റിന്റെ വിവേചനാരഹിതമായ ഉപയോഗം ഒരുവനെ ആത്മീയവും ധാർമികവുമായ വലിയ അപകടങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. അത് എങ്ങനെ?
5 ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമായിരിക്കുന്നതിൽ അനേകർ ഉത്കണ്ഠാകുലരാണ്. ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് തൊഴിലാളികൾ വളരെ സമയം പാഴാക്കുന്നതായി വ്യവസായ മേഖലകൾ പരാതിപ്പെടുന്നു. ഇന്റർനെറ്റിലെ വ്യക്തമായ ആത്മീയ അപകടങ്ങളെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വളരെയധികം കാര്യങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ഒട്ടനവധി വെബ് സൈറ്റുകളും ക്രിസ്ത്യാനികൾക്ക് തികച്ചും ഉചിതമല്ലാത്ത അക്രമവും അശ്ലീല വിവരങ്ങളുമാണ് അവതരിപ്പിക്കുന്നത്. (സങ്കീ. 119:37) ഈ അപകടങ്ങളെ കൂടാതെ, യഹോവയുടെ സാക്ഷികൾ പ്രത്യേകിച്ചും ജാഗ്രത പാലിക്കേണ്ട കുടിലമായ മറ്റൊരു അപകടവുമുണ്ട്. എന്താണത്?
6 ഒരു അപരിചിതനെ അയാൾ ആരാണെന്ന് ആദ്യംതന്നെ മനസ്സിലാക്കാതെ, നിങ്ങൾ വീട്ടിനുള്ളിലേക്കു ക്ഷണിക്കുമോ? അതു മനസ്സിലാക്കാൻ യാതൊരു മാർഗവുമില്ലെങ്കിലോ? അത്തരം ഒരു അപരിചിതനോടൊപ്പം നിങ്ങളുടെ കുട്ടികൾ തനിച്ചായിരിക്കാൻ നിങ്ങൾ അനുവദിക്കുമോ? ഇന്റർനെറ്റിന്റെ കാര്യത്തിലും ഇത്തരമൊരു അപകടം പതിയിരുപ്പുണ്ട് എന്നതു തർക്കമറ്റ സംഗതിയാണ്.
7 പരിചയമില്ലാത്ത ആളുകൾക്ക് ഇലക്ട്രോണിക് തപാൽ അയയ്ക്കാനും അവരിൽ നിന്ന് അത് സ്വീകരിക്കാനും നിങ്ങൾക്ക് കഴിയും. ഒരു ചർച്ചാ വേദിയിലോ (forum) ചാറ്റ് റൂമിലോ നിങ്ങൾ സംസാരിക്കുമ്പോൾ അതുതന്നെയാണു സംഭവിക്കുന്നത്. അതിൽ പങ്കെടുക്കുന്നവർ ചിലപ്പോൾ യഹോവയുടെ സാക്ഷികൾ ആണെന്ന് അവകാശപ്പെടുന്നു, എങ്കിലും പലപ്പോഴും അവർ സാക്ഷികളല്ല. ചെറുപ്പക്കാരനല്ലാത്ത ഒരാൾ ചെറുപ്പക്കാരനാണെന്ന് അവകാശപ്പെട്ടേക്കാം. അല്ലെങ്കിൽ താൻ ആയിരിക്കുന്നതിൽ നിന്നു വ്യത്യസ്തമായ ഒരു ലിംഗവർഗത്തിൽ പെട്ട ആളാണെന്നു വ്യാജമായി അവകാശപ്പെട്ടേക്കാം.
8 ചില അനുഭവങ്ങളോ വിശ്വാസം സംബന്ധിച്ച ചില അഭിപ്രായങ്ങളോ ആയിരിക്കാം നിങ്ങൾക്കു ലഭിക്കുന്നത്. ഈ വിവരം നിങ്ങൾ മറ്റാളുകൾക്കും അവർ പിന്നെ മറ്റുള്ളവർക്കും പകർന്നുകൊടുക്കുന്നു. ഇത്തരം കാര്യങ്ങൾ സാധാരണമായി സ്ഥിരീകരിക്കാവുന്നവ അല്ലെന്നു മാത്രമല്ല അസത്യവുമായിരുന്നേക്കാം. അവ വിശ്വാസത്യാഗപരമായ ന്യായവാദങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധി ആയിരുന്നേക്കാം.—2 തെസ്സ. 2:1-3.
9 നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെങ്കിൽ, ഈ അപകടം മനസ്സിൽ പിടിച്ചുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ എന്തിനാണ് ഇത് ഉപയോഗിക്കുന്നത്? അത് ഉപയോഗിക്കുന്ന വിധത്തിലൂടെ എന്റെ ആത്മീയതയ്ക്കു ക്ഷതമേൽക്കാൻ സാധ്യതയുണ്ടോ? ഞാൻ മറ്റുള്ളവരുടെ ആത്മീയതയ്ക്കു ക്ഷതമേൽപ്പിക്കുക ആയിരിക്കുമോ?’
10 ‘യഹോവയുടെ സാക്ഷികളുടെ’ വെബ് സൈറ്റുകൾ: ഉദാഹരണമായി, യഹോവയുടെ സാക്ഷികൾ എന്ന് അവകാശപ്പെടുന്ന ചിലർ ഉണ്ടാക്കിയിരിക്കുന്ന ഇന്റർനെറ്റ് സൈറ്റുകളെ കുറിച്ചു പരിചിന്തിക്കുക. സാക്ഷികൾ എന്നവകാശപ്പെടുന്ന മറ്റുള്ളവർ പ്രസിദ്ധീകരിച്ച അനുഭവങ്ങൾ വായിക്കാനായി തങ്ങളുടെ വെബ് സൈറ്റുകൾ സന്ദർശിക്കാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു. സൊസൈറ്റിയുടെ സാഹിത്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും പങ്കുവെക്കാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വയൽ ശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്ന അവതരണങ്ങളെക്കുറിച്ച് ചിലർ നിർദേശങ്ങൾ നൽകാറുണ്ട്. ഈ സൈറ്റുകൾ വ്യക്തികൾക്ക് ബന്ധപ്പെടാനായി ചാറ്റ് റൂമുകൾ പ്രദാനം ചെയ്യുന്നു. ഒരു ടെലിഫോണിലൂടെ സംസാരിക്കുന്നതിനു സമാനമായി, ഇത് മറ്റുള്ളവരുമായി തത്സമയ ആശയവിനിമയം സാധ്യമാക്കുന്നു. ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുമായി നിങ്ങൾക്കു സഹവസിക്കാനാകുന്ന മറ്റു സൈറ്റുകളും അവർ പറഞ്ഞുതന്നേക്കാം. എന്നാൽ, ഈ ബന്ധങ്ങൾ വിശ്വാസത്യാഗികളുടെ ഉത്പന്നമല്ലെന്നു നിങ്ങൾക്ക് ഉറപ്പോടെ പറയാൻ കഴിയുമോ?
11 ഇന്റർനെറ്റിലൂടെയുള്ള സഹവാസം എഫെസ്യർ 5:15-17-ലെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ഉള്ളത് അല്ലായിരിക്കാം. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.”
12 “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മെ ആത്മീയമായി പോഷിപ്പിക്കുന്ന ദിവ്യാധിപത്യ സരണി ക്രിസ്തീയ സഭയാണ്. (മത്താ. 24:45-47) ലോകത്തിൽ നിന്ന് വേറിട്ടു നിൽക്കാനുള്ള മാർഗനിർദേശവും അതിന്റെ പ്രലോഭനങ്ങളിൽ നിന്നുള്ള സംരക്ഷണവും മാത്രമല്ല, കർത്താവിന്റെ വേലയിൽ തിരക്കുള്ളവർ ആയിരിക്കാനുള്ള പ്രേരണയും ദൈവത്തിന്റെ സംഘടനയ്ക്കുള്ളിൽ നമുക്കു ലഭ്യമാണ്. (1 കൊരി. 15:58) ദൈവത്തിന്റെ കൂട്ടിവരുത്തപ്പെട്ട ജനമധ്യേ തനിക്കു സന്തോഷവും സുരക്ഷിതത്വബോധവും അനുഭവപ്പെട്ടെന്നു സങ്കീർത്തനക്കാരൻ പ്രസ്താവിച്ചു. (സങ്കീ. 27:4, 5; 55:14; 122:1) സഭയുമായി സഹവസിക്കുന്നവർക്ക് അത് ആത്മീയ പിന്തുണയും സഹായവും നൽകുന്നു. അവിടെ, നിങ്ങൾക്ക് സ്നേഹവും താത്പര്യവും കരുതലുമുള്ള ഒരു കൂട്ടം സുഹൃത്തുക്കളെ—പ്രതികൂല സാഹചര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ മനസ്സൊരുക്കം ഉള്ളവരെന്നു നിങ്ങൾക്കു വ്യക്തിപരമായി അറിയാവുന്ന ആളുകളെ—കണ്ടെത്താൻ കഴിയും. (2 കൊരി. 7:5-7) അനുതാപമില്ലാത്ത പാപികളെ അല്ലെങ്കിൽ വിശ്വാസത്യാഗപരമായ ആശയങ്ങൾ ഉന്നമിപ്പിക്കുന്നവരെ പുറത്താക്കാനുള്ള ആത്മീയ കരുതലിനാൽ സഭ സംരക്ഷിക്കപ്പെടുന്നു. (1 കൊരി. 5:9-13; തീത്തൊ. 3:10, 11) ഇന്റർനെറ്റിലൂടെ മറ്റുള്ളവരുമായി സഹവസിക്കുമ്പോൾ സ്നേഹപുരസ്സരമായ ഇതേ ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ?
13 സത്യാവസ്ഥ നേർവിപരീതമാണെന്നു തെളിഞ്ഞിരിക്കുന്നു. ചില വെബ് സൈറ്റുകൾ വിശ്വാസത്യാഗപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വ്യക്തമായ മാധ്യമങ്ങളാണ്. അത്തരം വെബ് സൈറ്റുകൾ അങ്ങനെയുള്ളവ അല്ലെന്ന് അവകാശപ്പെട്ടേക്കാം, മാത്രമല്ല ഒരു സൈറ്റ് സ്പോൺസർ ചെയ്യുന്ന വിശ്വാസത്യാഗികൾ തങ്ങൾ യഥാർഥത്തിൽ യഹോവയുടെ സാക്ഷികൾ ആണെന്ന് സ്ഥിരീകരിക്കാനായി സവിസ്തരമായ ഒരു വിശദീകരണവും നൽകിയെന്നിരിക്കും. നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആണെന്ന് ഉറപ്പാക്കാനായി അവർ നിങ്ങളോടു വിവരങ്ങൾ ആവശ്യപ്പെട്ടെന്നും വരാം.
14 നിങ്ങൾ വിവേചന ഉപയോഗിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. കാരണം? അതു നിങ്ങളെ പല അപകടങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് അവന് അറിയാം. സദൃശവാക്യങ്ങൾ 2:10-19 ഇങ്ങനെ പറഞ്ഞുകൊണ്ടാണു തുടങ്ങുന്നത്: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും [“കാത്തുസംരക്ഷിക്കും,” NW].” എന്തിൽ നിന്നു സംരക്ഷിക്കും? “ദുഷ്ടന്റെ വഴിയിൽനിന്നും” നേരായ പാത വിട്ടുകളയുന്നവരിൽ നിന്നും അധാർമികവും വളഞ്ഞതുമായ ഗതിയിൽ ചരിക്കുന്നവരിൽ നിന്നും.
15 രാജ്യഹാളിൽ ആയിരിക്കുമ്പോൾ നാം സഹോദരങ്ങളോടൊപ്പമാണ് എന്നതിനു യാതൊരു സംശയവുമില്ല. നമുക്ക് അവരെ അറിയാം. ആർക്കും ഇതിന് ആധികാരിക തെളിവിന്റെ ആവശ്യമില്ല. കാരണം, പ്രകടമാക്കപ്പെടുന്ന സഹോദര സ്നേഹം അതു വെളിപ്പെടുത്തുന്നു. നാം യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു വ്യക്തിപരമായി തെളിയിക്കാൻ നമ്മോട് ആരും ആവശ്യപ്പെടുന്നില്ല. അവിടെയാണ് അപ്പൊസ്തലനായ പൗലൊസ് എബ്രായർ 10:24, 25-ൽ പ്രസ്താവിച്ച യഥാർഥ പ്രോത്സാഹന കൈമാറ്റം നമുക്കു കാണാൻ സാധിക്കുന്നത്. “ഓൺ-ലൈൻ” സഹവാസത്തെ പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റുകളെ ഇതിനായി ആശ്രയിക്കാനാവില്ല. സങ്കീർത്തനം 26:4, 5-ലെ വാക്കുകൾ മനസ്സിൽ പിടിക്കുന്നത് ഇന്റർനെറ്റിലെ വെബ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ, നാം എളുപ്പം നേരിട്ടേക്കാവുന്ന അപകടങ്ങൾക്കെതിരെ നമ്മെ ജാഗരൂകരാക്കും.
16 ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ഉള്ളതും അവർക്ക് ലഭ്യവുമായ വിവരങ്ങൾക്ക് യാതൊരു പരിധിയോ നിയന്ത്രണമോ ഇല്ല. പലപ്പോഴും, കുട്ടികളും കൗമാര പ്രായക്കാരുമാണ് നിഷ്പ്രയാസം ഈ മേഖലയിൽ ചൂഷണത്തിനും കുറ്റകൃത്യത്തിനും ഇരകളാകുന്നത്. കുട്ടികൾ ആരിലും വിശ്വാസമർപ്പിക്കുന്നവരും ജിജ്ഞാസുക്കളും താരതമ്യേന പുതിയ സൈബർസ്പേസ് ലോകത്തിലൂടെ പര്യവേക്ഷണം നടത്താൻ ആകാംക്ഷയുള്ളവരുമാണ്. സംഗീതം, ചലച്ചിത്രങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുട്ടികളെ സഹായിക്കുന്നതുപോലെതന്നെ, ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിലും മാതാപിതാക്കൾ മേൽനോട്ടം വഹിക്കുകയും അവർക്ക് നല്ല തിരുവെഴുത്തു മാർഗനിർദേശം നൽകുകയും വേണം.—1 കൊരി. 15:33.
17 ദുഃഖകരമെന്നു പറയട്ടെ, ഇന്റർനെറ്റിലെ ചാറ്റ് റൂമിലൂടെ ലോകക്കാരുമായി സഹവസിക്കാൻ തുടങ്ങുകയും ഒടുവിൽ അധാർമികതയിലേക്കു വഴുതിവീഴുകയും ചെയ്തതു മൂലം മുമ്പ് നമ്മുടെ സഹോദരങ്ങൾ ആയിരുന്ന ചിലരെ പുറത്താക്കേണ്ടതായി വന്നിട്ടുണ്ട്. ഇന്റർനെറ്റിലൂടെ പരിചയത്തിൽ വന്നവരോടൊപ്പം പോകാൻ ചിലർ സ്വന്തം ഭാര്യയെയോ ഭർത്താവിനെയോ ഉപേക്ഷിച്ചിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത മൂപ്പന്മാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. (2 തിമൊ. 3:6) മറ്റു ചിലരാണെങ്കിൽ വിശ്വാസത്യാഗികൾ നൽകിയ വിവരങ്ങൾ വിശ്വസിച്ച് സത്യം തിരസ്കരിച്ചിരിക്കുന്നു. (1 തിമൊ. 4:1, 2) ഈ അപകടങ്ങളുടെ വീക്ഷണത്തിൽ, ഇന്റർനെറ്റിലെ ചാറ്റ് റൂമിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതു ന്യായയുക്തമാണെന്നു തോന്നുന്നില്ലേ? തീർച്ചയായും, സദൃശവാക്യങ്ങൾ 2:10-19-ൽ (NW) പറഞ്ഞിരിക്കുന്ന ബുദ്ധിയും ജ്ഞാനവും ചിന്താപ്രാപ്തിയും വിവേചനയും പ്രകടമാക്കുന്നത് ഈ സംഗതിയിൽ നമ്മെ കാത്തുസംരക്ഷിക്കും.
18 സുവാർത്ത പ്രസംഗിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ വെബ് സൈറ്റുകൾ ഉണ്ടാക്കിയിട്ടുള്ള അനേകർ ഉണ്ടെന്നതു ശ്രദ്ധേയമാണ്. വിവേചനയില്ലാത്ത സഹോദരങ്ങളാണ് ഇവയിൽ അനേകവും സ്പോൺസർ ചെയ്തിരിക്കുന്നത്. സന്ദേഹമില്ലാത്തവരെ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ വിശ്വാസത്യാഗികൾ സ്പോൺസർ ചെയ്തതായിരിക്കാം മറ്റു സൈറ്റുകൾ. (2 യോഹ. 9-11) സഹോദരങ്ങൾ അത്തരം വെബ് സൈറ്റുകൾ നിർമിക്കണമോ എന്നതു സംബന്ധിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് 1997 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികളെ സംബന്ധിച്ച, നമ്മുടെ പ്രവർത്തനങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആവശ്യക്കാർക്കുവേണ്ടി നമ്മുടെ ഔദ്യോഗിക വെബ് സൈറ്റിൽ [www.watchtower.org] ഉണ്ട്. അതുകൊണ്ട്, ആരും ഇന്റർനെറ്റിലെ ഉപയോഗത്തിനായി അവ വ്യക്തിപരമായി തയ്യാറാക്കേണ്ടതില്ല.”
19 ഇന്റർനെറ്റിലൂടെയുള്ള പഠന സഹായികളോ? വിവിധ ദിവ്യാധിപത്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട, ഗവേഷണം ചെയ്തെടുത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുക വഴി തങ്ങൾ സഹോദരങ്ങൾക്കു സേവനം ചെയ്യുകയാണെന്ന് അനേകരും വിചാരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരാൾ ഒരു പരസ്യ പ്രസംഗ ബാഹ്യരേഖയെ അധികരിച്ച് ഗവേഷണം നടത്തി അതു പ്രസിദ്ധീകരിച്ചേക്കാം. അതേ ബാഹ്യരേഖ തയ്യാറാകേണ്ട മറ്റുള്ളവർക്കു പ്രസ്തുത വിവരങ്ങൾ പ്രയോജനം ചെയ്യുമെന്നു വിചാരിച്ചുകൊണ്ടാകാം അയാൾ അങ്ങനെ ചെയ്യുന്നത്. മറ്റു ചിലർ, നടക്കാൻ പോകുന്ന ഒരു വീക്ഷാഗോപുര അധ്യയനത്തിനുള്ള മുഴു തിരുവെഴുത്തുകളും അല്ലെങ്കിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിന്റെയോ സഭാ പുസ്തക അധ്യയനത്തിന്റെയോ ഉറവിട വിവരങ്ങളും പ്രസിദ്ധീകരിച്ചേക്കാം. വയൽ സേവന അവതരണങ്ങൾക്കുള്ള നിർദേശങ്ങൾ ചിലർ നൽകിയേക്കാം. അവ യഥാർഥത്തിൽ സഹായകമാണോ?
20 യഹോവയുടെ സംഘടന പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളാണ് കെട്ടുപണി ചെയ്യുന്ന ചിന്തകളാൽ നമ്മുടെ മനസ്സുകളെ ഉത്തേജിപ്പിക്കുകയും “നന്മതിന്മകളെ തിരിച്ചറിവാൻ” നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നത്. (എബ്രാ. 5:14) നമുക്കു വേണ്ടി മറ്റുള്ളവർ ഗവേഷണം ചെയ്താൽ ഇതു സാധിക്കുമെന്നു പറയാനാകുമോ?
21 ബെരോവയിലെ ക്രിസ്ത്യാനികൾ “തെസ്സലൊനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു” എന്നു പറയപ്പെട്ടു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” (പ്രവൃ. 17:11) പൗലൊസും ശീലാസും അവരോടു പ്രസംഗിച്ചെങ്കിലും, വ്യക്തിപരമായ പരിശോധന കൂടാതെ സത്യം തങ്ങളുടെ സ്വന്തമാക്കാൻ അവർക്കു കഴിഞ്ഞില്ല.
22 ഒരു പ്രസംഗത്തിനോ വേറൊരു പരിപാടി തയ്യാറാകാനോ വേണ്ടി മറ്റൊരാളുടെ ഗവേഷണഫലം ഉപയോഗിക്കുന്നതു വ്യക്തിപരമായ പഠനത്തിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കുന്നു. ദൈവവചനത്തിലുള്ള നിങ്ങളുടെ സ്വന്തം വിശ്വാസം കെട്ടുപണി ചെയ്യുക എന്നത് നിങ്ങളുടെ ആഗ്രഹമല്ലേ? വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, പ്രസംഗത്തിലും യോഗങ്ങളിലെ അഭിപ്രായങ്ങളിലും വയൽ ശുശ്രൂഷയിലും നിങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടമാക്കാൻ നിങ്ങൾക്കു സാധിക്കും. (റോമ. 10:10) മറ്റൊരു വ്യക്തിയുടെ ഗവേഷണഫലം ഉപയോഗിക്കുന്നത്, വ്യക്തിപരമായി ‘മറഞ്ഞിരിക്കുന്ന നിധിക്ക് എന്നപോലെ ദൈവപരിജ്ഞാനത്തിനായി അന്വേഷണവും തിരച്ചിലും നടത്തിക്കൊണ്ടിരിക്കുക’ എന്ന സദൃശവാക്യങ്ങൾ 2:4, 5-ലെ വിവരണത്തിനു ചേരുകയില്ല.
23 ഉദാഹരണമായി, സ്വന്തം ബൈബിളിൽ തിരുവെഴുത്തുകൾ എടുത്തു നോക്കുമ്പോൾ ഓരോ വാക്യത്തിന്റെയും സന്ദർഭം ഹ്രസ്വമായി അവലോകനം ചെയ്യാൻ നിങ്ങൾക്കു സാധിക്കും. ലൂക്കൊസ് തന്റെ സുവിശേഷം രേഖപ്പെടുത്തിയപ്പോൾ ചെയ്തതുപോലെ, ‘സകലതും സൂക്ഷ്മമായി പരിശോധിക്കാൻ’ നിങ്ങൾക്കാകും. (ലൂക്കൊ. 1:3) ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും പ്രസംഗങ്ങൾ നടത്തുമ്പോഴും തിരുവെഴുത്തുകൾ എടുത്തു നോക്കുന്നതിൽ പ്രാവീണ്യം നേടാനും കൂടുതലായ ശ്രമം നിങ്ങളെ സഹായിക്കും. ബൈബിൾ എങ്ങനെ ഉപയോഗിക്കണം എന്ന് യഹോവയുടെ സാക്ഷികൾക്ക് അറിയാമെന്നതു തങ്ങളിൽ മതിപ്പുളവാക്കിയതായി അനേകർ പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ കാര്യത്തിൽ ഇതു സാധ്യമാക്കാനുള്ള ഏക മാർഗം, തിരുവെഴുത്തുകൾ സ്വന്തം ബൈബിളിൽനിന്ന് എടുത്തുനോക്കുന്നത് ഒരു ശീലമാക്കുന്നതാണ്.
24 നമ്മുടെ സമയം ജ്ഞാനപൂർവം ഉപയോഗിക്കൽ: ഇന്റർനെറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അതിലെ വിവരങ്ങൾ വായിക്കുന്നതിനും മറുപടി നൽകുന്നതിനുമായി ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിലും ശ്രദ്ധചെലുത്തേണ്ടതുണ്ട്. പിൻവരുന്ന പ്രകാരം പ്രാർഥിക്കാൻ സങ്കീർത്തനം 90:12 നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.” പൗലൊസ് ഇങ്ങനെ പ്രസ്താവിച്ചു: “കാലം ചുരുങ്ങിയിരിക്കുന്നു.” (1 കൊരി. 7:29) അവൻ ഇങ്ങനെയും പറഞ്ഞു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.”—ഗലാ. 6:10.
25 സമയം ഉപയോഗിക്കുന്ന കാര്യത്തിൽ നാം വിവേചന പ്രകടമാക്കേണ്ടതിന്റെ ആവശ്യമാണ് അത്തരം ബുദ്ധിയുപദേശം എടുത്തുകാട്ടുന്നത്. ദൈവവചനം വായിച്ചുകൊണ്ട് സമയം ചെലവിടുന്നത് അത്തരം കാര്യങ്ങളെക്കാൾ എത്രയധികം പ്രതിഫലദായകമാണ്! (സങ്കീ. 1:1, 2) നമുക്കുണ്ടായിരിക്കാൻ കഴിയുന്ന ഉത്തമ സഹവാസമാണ് അത്. (2 തിമൊ. 3:16, 17) മാതാപിതാക്കളേ, രാജ്യതാത്പര്യങ്ങൾക്കു വേണ്ടി തങ്ങളുടെ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്റെ മൂല്യം കുട്ടികളെ നിങ്ങൾ പഠിപ്പിക്കുന്നുണ്ടോ? (സഭാ. 12:1) പ്രയോജനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഇന്റർനെറ്റിൽ തിരച്ചിൽ നടത്തി ചെലവഴിക്കുന്ന സമയത്തെക്കാൾ വളരെയേറെ മൂല്യവത്താണ് വ്യക്തിപരവും കുടുംബപരവുമായ അധ്യയനത്തിനും യോഗങ്ങൾക്കും വയൽ ശുശ്രൂഷയ്ക്കുമായി ചെലവഴിക്കുന്ന സമയം.
26 ഇതിനോടുള്ള ബന്ധത്തിൽ, ആത്മീയ കാര്യങ്ങളിലും ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ പ്രസക്തവും അതിപ്രധാനവുമായ സംഗതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ജ്ഞാനമാർഗം. നമ്മുടെ സമയവും ശ്രദ്ധയും അർഹിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് നല്ലവണ്ണം ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടത് ആവശ്യമാണ്. ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ ജീവിതത്തിലെ പ്രസക്തമായ സംഗതി ക്രിസ്തു പിൻവരുന്ന പ്രകാരം സംഗ്രഹിച്ചു പറഞ്ഞു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) മറ്റേതൊരു പ്രവർത്തനത്തിലും ഉപരിയായി രാജ്യതാത്പര്യങ്ങളിൽ മുഴുകിയിരിക്കുമ്പോൾ നിങ്ങൾ അതീവ സന്തുഷ്ടരല്ലേ?
27 ഇന്റർനെറ്റ് ഇ-മെയിൽ: അകലെ താമസിക്കുന്ന കുടുംബങ്ങൾ തമ്മിലോ സുഹൃത്തുക്കൾ തമ്മിലോ വ്യക്തിപരമായ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നത് ഉചിതമാണെങ്കിലും, നിങ്ങളുടെ കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയാൻ പാടില്ലാത്ത ആർക്കെങ്കിലും അതു നൽകുന്നത് യഥാർഥത്തിൽ സ്നേഹമാണോ? അല്ലെങ്കിൽ ആർക്കെങ്കിലുമൊക്കെ വായിക്കാനായി അവയെ വെബ് പേജിൽ പ്രസിദ്ധീകരിക്കണമോ? നിങ്ങൾക്ക് പരിചയമുള്ളവരോ ഇല്ലാത്തവരോ ആയവർക്ക് വിവേചനാരഹിതമായി ഈ വ്യക്തിഗത സന്ദേശങ്ങളുടെ പകർപ്പ് നൽകുകയോ അവ അയച്ചുകൊടുക്കുകയോ ചെയ്യണമോ? അതുപോലെ, നിങ്ങൾക്ക് ആളുമാറി ഒരു സന്ദേശം ലഭിക്കുന്നെങ്കിൽ, അത് വേറെ ആർക്കെങ്കിലും കൈമാറുന്നതു സ്നേഹനിർഭരമായ ഒരു പ്രവൃത്തിയാണോ?
28 നിങ്ങൾ കൈമാറുന്ന അനുഭവം വസ്തുനിഷ്ഠം അല്ലെങ്കിലോ? ഒരു അസത്യം പ്രചരിപ്പിക്കുന്നതിലുള്ള പങ്കുചേരലാകില്ലേ അത്? (സദൃ. 12:19; 21:28; 30:8; കൊലൊ. 3:9) “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ” എന്ന ബുദ്ധിയുപദേശം ആ വസ്തുത കണക്കിലെടുക്കാൻ നമ്മെ പ്രേരിപ്പിക്കും. (എഫെ. 5:15) ശരിയായ “വഴി”യിൽ നടക്കുന്നതിൽ തുടരാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന യഥാർഥ അനുഭവങ്ങൾ ധാരാളമായി വാർഷിക പുസ്തകത്തിലും വീക്ഷാഗോപുരത്തിലും ഉണരുക!യിലും ഉള്ളതിൽ നാം എത്ര സന്തുഷ്ടരാണ്!—യെശ. 30:20, 21.
29 മറ്റൊരു അപകടവുമുണ്ട്. ചിലരെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: “അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.” (1 തിമൊ. 5:13) കാര്യഗൗരവമില്ലാത്ത വിവരങ്ങൾ നമ്മുടെ സഹോദരങ്ങൾക്കു കൈമാറിക്കൊണ്ട് സമയവും ശ്രമവും പാഴാക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് ഇത്.
30 വളരെയധികം ഇ-മെയിൽ കൈകാര്യം ചെയ്യുന്നതിനു വേണ്ടിവരുന്ന സമയത്തെക്കുറിച്ചും ചിന്തിക്കുക. രസകരമായി, വിവരങ്ങളുടെ പുകമഞ്ഞ് (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിച്ചു: “ഓൺ-ലൈനിൽ ഒരാൾ കൂടുതൽക്കൂടുതൽ സമയം ചെലവിടുമ്പോൾ, സഹപ്രവർത്തകരിൽ നിന്നും കൂട്ടുകാരിൽ നിന്നും കുടുംബത്തിൽ നിന്നും ഉള്ള സന്ദേശങ്ങൾ വായിക്കൽ, അവയ്ക്കു മറുപടി നൽകൽ, . . . അനാവശ്യമായ വ്യാപാര പരസ്യങ്ങൾ എന്നിവ നിമിത്തം, ഇ-മെയിൽ പെട്ടെന്നുതന്നെ ഉത്തേജനമേകുന്ന ഒരു പുതുമയ്ക്കു പകരം സമയം കൊല്ലുന്ന ഒരു ഭാരമായിത്തീരുന്നു.” കൂടുതലായി അത് ഇങ്ങനെയും പ്രസ്താവിക്കുന്നു: “തങ്ങൾക്കു ലഭിക്കുന്ന രസകരമായ വിവരങ്ങൾ—തമാശകൾ, നഗര വിശേഷങ്ങൾ, ഇലക്ട്രോണിക് ചെയിൻ എഴുത്തുകൾ എന്നിങ്ങനെ പലതും—തങ്ങളുടെ ഇലക്ട്രോണിക് അഡ്രസ് ബുക്കിലുള്ള എല്ലാവർക്കും അയയ്ക്കുന്ന മോശമായ ശീലം ഇലക്ട്രോണിക് വിജ്ഞാനഭ്രമം ഉള്ള അനേകർക്കും ഉണ്ട്.”
31 അനേകം സഹോദരന്മാർ പരസ്പരം അയയ്ക്കുന്ന ഇ-മെയിലുകളിൽ നിരുപദ്രവകരമെന്നു തോന്നുന്ന അത്തരം ഒരു രീതി പ്രകടമായിട്ടുണ്ട്—ശുശ്രൂഷയെ കുറിച്ചുള്ള തമാശകൾ അല്ലെങ്കിൽ നർമ്മരസം പൂണ്ട കഥകൾ; നമ്മുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണെന്നു കരുതുന്ന കവിതകൾ; സമ്മേളനങ്ങളിലെയോ കൺവെൻഷനുകളിലെയോ രാജ്യഹാളിലെയോ പ്രസംഗങ്ങളിൽ കേട്ട ദൃഷ്ടാന്തങ്ങൾ; വയൽ ശുശ്രൂഷയിലെ അനുഭവങ്ങൾ തുടങ്ങിയവ. ഉറവിടം ആരായാതെ കൂടെക്കൂടെ അത്തരം ഇ-മെയിലുകൾ കൈമാറുന്നത്, അതിന്റെ ഉപജ്ഞാതാവ് ആരാണെന്നു കണ്ടെത്തുക ദുഷ്കരമാക്കിത്തീർക്കുന്നു. തന്മൂലം, വിവരം യഥാർഥത്തിൽ വസ്തുനിഷ്ഠമാണോ എന്ന് ഒരുവൻ സംശയിക്കാൻ അത് ഇടയാക്കിയേക്കാം.—സദൃ. 22:20, 21.
32 “എന്നോടു കേട്ട പത്ഥ്യവചനം [‘ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക’, NW] നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക” എന്നു തിമൊഥെയൊസിന് എഴുതിയപ്പോൾ പൗലൊസിന്റെ മനസ്സിലുണ്ടായിരുന്ന തരം ആരോഗ്യാവഹമായ വാക്കുകളല്ല മിക്കപ്പോഴും കഴമ്പില്ലാത്ത അത്തരം സന്ദേശങ്ങളിൽ ഉള്ളത്. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (2 തിമൊ. 1:13) പ്രധാനമായും രാജ്യം മുഖാന്തരമുള്ള യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനം എന്ന വിഷയത്തിൽ അധിഷ്ഠിതമായ ബൈബിൾ സത്യങ്ങളുടെ “നിർമല ഭാഷ”യ്ക്ക് ‘ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക’ ഉണ്ട്. (സെഫ. 3:9, NW) യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനത്തെ പിന്താങ്ങുന്നതിനു വേണ്ടി നമുക്ക് ലഭ്യമായ സകല സമയവും നമ്മുടെ മുഴു ഊർജവും അർപ്പിക്കാൻ നാം സർവ ശ്രമവും ചെയ്യണം.
33 നാം ഈ വ്യവസ്ഥിതിയുടെ പരമാന്ത്യ നാളുകളിൽ ആയിരിക്കുന്നതിനാൽ, ഉണർന്നിരിക്കേണ്ട സമയമാണ് ഇത്. “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു” എന്നു ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (1 പത്രൊ. 5:8) കൂടാതെ അത് ഇങ്ങനെയും പ്രസ്താവിക്കുന്നു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.”—എഫെ. 6:11.
34 ദുരുപയോഗം ചെയ്യുന്നപക്ഷം, അതിന്റെ ശക്തിയാൽ വശീകരിക്കപ്പെടുന്നവരെ കീഴടക്കുന്നതിനുള്ള സാത്താന്റെ ഒരു ഉപാധിയാകാൻ ഇന്റർനെറ്റിനു കഴിയും. പരിമിതമായ പ്രയോജനങ്ങൾ ഉണ്ടെങ്കിലും, ശ്രദ്ധ പാലിക്കാതിരുന്നാൽ അത് അപകടകാരിയായി തീരും. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച് മാതാപിതാക്കൾ പ്രത്യേകാൽ ശ്രദ്ധയുള്ളവർ ആയിരിക്കണം.
35 ഇന്റർനെറ്റിനെ സംബന്ധിച്ചു സന്തുലിത കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നത് ഒരു സംരക്ഷണമാണ്. പൗലൊസ് നൽകിയ സമയോചിത ഓർമിപ്പിക്കൽ നാം വിലമതിക്കുന്നു: ‘ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെ ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.’ (1 കൊരി. 7:29-31) ഈ കാര്യങ്ങൾ മനസ്സിൽ പിടിക്കുന്നത്, ഇന്റർനെറ്റിൽ ലഭ്യമായിരിക്കുന്നത് ഉൾപ്പെടെ, ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളാൽ ശ്രദ്ധാശൈഥില്യം സംഭവിക്കാതിരിക്കാൻ നമ്മെയും നമ്മുടെ കുടുംബങ്ങളെയും സഹായിക്കും.
36 സഭയോടും സഹോദരങ്ങളോടും അടുത്തു പറ്റിനിന്നുകൊണ്ട് ശേഷിക്കുന്ന സമയം ജ്ഞാനപൂർവം ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അങ്ങനെ, രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി നാം നമ്മെത്തന്നെ ലഭ്യരാക്കുകയായിരിക്കും. ഈ വ്യവസ്ഥിതി അതിന്റെ അന്ത്യത്തോട് അടുക്കവെ, ‘ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ ഇനി നടക്കാതെ’, നമുക്ക് ‘കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നതിൽ തുടരാം.’—എഫെ. 4:17; 5:17.