ഇന്റർനെറ്റിന്റെ സേവനങ്ങളും സൗകര്യങ്ങളും
ഇന്റർനെറ്റ് പ്രദാനം ചെയ്യുന്ന ഒരു സാധാരണ സൗകര്യം ഇലക്ട്രോണിക് തപാലുരുപ്പടികൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഒരു ലോകവ്യാപക സംവിധാനമാണ്. അത് ഇലക്ട്രോണിക് തപാൽ എന്നറിയപ്പെടുന്നു. വാസ്തവത്തിൽ, ഇലക്ട്രോണിക് തപാൽ മൊത്തം ഇന്റർനെറ്റ് ഗതാഗതത്തിന്റെ ഒരു വലിയ ഭാഗം വരും. അനേകരും ഉപയോഗപ്പെടുത്തുന്ന ഏക ഇന്റർനെറ്റ് സൗകര്യവും അതാണ്. അതിന്റെ പ്രവർത്തനമെങ്ങനെയാണ്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കുന്നതിനായി നമുക്ക് ആദ്യം സാധാരണ തപാൽ സമ്പ്രദായം ഒന്ന് അവലോകനം ചെയ്യാം.
നിങ്ങൾ കാനഡയിലാണ് പാർക്കുന്നതെന്നും മോസ്കോയിൽ താമസിക്കുന്ന മകൾക്ക് ഒരു കത്തയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും സങ്കൽപ്പിക്കുക. ശരിയായ മേൽവിലാസം എഴുതി നിങ്ങൾ കത്തു പോസ്റ്റു ചെയ്യുന്നു. കത്ത് യാത്ര ആരംഭിക്കുന്നു. പോസ്റ്റോഫീസിൽ എത്തുമ്പോൾ അതിനെ അവിടെനിന്ന് അടുത്ത സ്ഥലത്തേക്ക് വിടുന്നു, ഒരുപക്ഷേ പ്രാദേശികമോ ദേശീയമോ ആയ ഒരു വിതരണ കേന്ദ്രത്തിലേക്കായിരിക്കാം. അവിടെനിന്ന് അത് നിങ്ങളുടെ മകളുടെ വീടിനടുത്തുള്ള പ്രാദേശിക പോസ്റ്റോഫീസിലേക്കു പോകുന്നു.
ഇലക്ട്രോണിക് തപാലിന്റെ കാര്യത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. കത്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെഴുതിയശേഷം മകളുടെ ഇലക്ട്രോണിക് തപാൽ അഡ്രസ്സ് പ്രത്യേകം കാണിച്ച് അത് അയയ്ക്കണം. നിങ്ങൾ ഈ ഇലക്ട്രോണിക് കത്ത് അയച്ചുകഴിയുമ്പോൾ അത് നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്ന്, പലപ്പോഴും മോഡെം എന്നു വിളിക്കപ്പെടുന്ന ഒരു സംവിധാനത്തിലൂടെ സഞ്ചരിക്കുന്നു. മോഡെം നിങ്ങളുടെ കമ്പ്യൂട്ടറിനെ ടെലഫോൺ ശൃംഖല വഴി ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നു. അത് യാത്ര ആരംഭിക്കുന്നു, പ്രാദേശികവും ദേശീയവുമായ പോസ്റ്റൽ റൂട്ടിങ് സൗകര്യങ്ങൾപോലെ പ്രവർത്തിക്കുന്ന വ്യത്യസ്ത കമ്പ്യൂട്ടറുകളിലൂടെ അതു സഞ്ചരിക്കുന്നു. ലക്ഷ്യ കമ്പ്യൂട്ടറിൽ കത്ത് എത്തിച്ചുകൊടുക്കുന്നതിനു മതിയായ വിവരങ്ങൾ ഈ കമ്പ്യൂട്ടറുകളിലുണ്ട്. അങ്ങനെ നിങ്ങളുടെ മകൾക്ക് കത്തു ലഭിക്കുന്നു.
കമ്പ്യൂട്ടർ ശൃംഖലയുടെ ഏതെങ്കിലും ഭാഗത്തു വലിയ തിരക്കോ താത്കാലിക പ്രവർത്തനസ്തംഭനമോ ഉണ്ടാകാത്തപക്ഷം സാധാരണ തപാലിൽനിന്നു വ്യത്യസ്തമായി, ഇലക്ട്രോണിക് തപാൽ മിക്കപ്പോഴും മിനിറ്റുകൾക്കൊണ്ട് അല്ലെങ്കിൽ അതിൽ കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യസ്ഥാനത്ത്—മറ്റു ഭൂഖണ്ഡങ്ങളിൽ പോലും—എത്തിച്ചേരുന്നു. നിങ്ങളുടെ മകൾ ഇലക്ട്രോണിക് തപാൽപ്പെട്ടി പരിശോധിക്കുമ്പോൾ നിങ്ങളുടെ ഇലക്ട്രോണിക് തപാൽ കണ്ടെത്തും. ഇലക്ട്രോണിക് തപാലിന്റെ വേഗതയും ലോകത്തെവിടെയുമുള്ള ഒന്നിലധികം സ്വീകർത്താക്കൾക്ക് അത് അനായാസം അയയ്ക്കാമെന്നതും അതിനെ ജനപ്രീതിയാർജിച്ച ഒരു ആശയവിനിമയരീതിയാക്കിത്തീർക്കുന്നു.
ചർച്ചാവേദികൾ
പ്രചാരംസിദ്ധിച്ച മറ്റൊരു സേവനം യൂസ്നെറ്റ് എന്നു വിളിക്കപ്പെടുന്നതാണ്. പ്രത്യേക വിഷയങ്ങളെക്കുറിച്ച് കൂടിവന്നു ചർച്ചകൾ നടത്തുന്നതിന് യൂസ്നെറ്റ് ചർച്ചാവേദികളൊരുക്കുന്നു. ചില ചർച്ചാവേദികൾ വ്യത്യസ്തയിനം ഉപഭോഗവസ്തുക്കൾ വാങ്ങുന്നതിലോ വിൽക്കുന്നതിലോ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ആയിരക്കണക്കിനു ചർച്ചാവേദികളുണ്ട്. ഒരു ഉപഭോക്താവിന് ഒരിക്കൽ യൂസ്നെറ്റിൽ പ്രവേശനം ലഭിച്ചാൽപ്പിന്നെ അതു പതിവായി ഉപയോഗിക്കുന്നതിനു ചെലവൊന്നുമില്ല.
ഒരാൾ സ്റ്റാമ്പുശേഖരണവുമായി ബന്ധപ്പെട്ട ചർച്ചാവേദിയിൽ ചേർന്നുവെന്നു സങ്കൽപ്പിക്കുക. ഈ ചർച്ചാവേദിയിലെ പതിവുകാരായ മറ്റുള്ളവർ പ്രസ്തുത ഹോബിയെ സംബന്ധിച്ച പുതിയ സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അവ പുതുതായി ചേർന്ന ഈ വ്യക്തിക്കു ലഭ്യമാകുന്നു. ഈ വ്യക്തി, ചർച്ചാവേദിയിലേക്ക് ആരെങ്കിലും അയച്ചിട്ടുള്ള സന്ദേശങ്ങൾ മാത്രമല്ല മറ്റുള്ളവർ പ്രതികരണമായി എന്താണ് എഴുതിയിട്ടുള്ളതെന്നും പരിശോധിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക സ്റ്റാമ്പ് പരമ്പരയെക്കുറിച്ചുള്ള വിവരങ്ങൾ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ ആ വിവരങ്ങൾ പ്രദാനംചെയ്തുകൊണ്ട് ലോകമെമ്പാടുംനിന്ന് ഉടൻതന്നെ അനേകം പ്രതികരണങ്ങൾ വന്നേക്കാം. ഈ വിവരങ്ങൾ പ്രസ്തുത ചർച്ചാവേദിയിലെ പതിവുകാർക്കെല്ലാവർക്കും ഉടനടി ലഭ്യമാകും.
ഇതിന്റെ ഒരു രൂപഭേദമാണ് ബുള്ളറ്റിൻ ബോർഡ് സംവിധാനം (ബിബിഎസ്). ബിബിഎസ് യൂസ്നെറ്റിനോടു സമാനമാണ്. എല്ലാ ഫയലുകളും, സാധാരണമായി ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ സംരക്ഷണയിലുള്ള, ഒരൊറ്റ കമ്പ്യൂട്ടറിലാണെന്ന വ്യത്യാസമേയുള്ളൂ. ചർച്ചാവേദികളുടെ ഉള്ളടക്കങ്ങൾ അവയുപയോഗിക്കുന്ന ആളുകളുടെ വ്യത്യസ്ത അഭിരുചികളെയും വീക്ഷണഗതികളെയും ധാർമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് വിവേചന ആവശ്യമാണ്.
ഫയൽ പങ്കുവെക്കലും വിഷയങ്ങൾ തിരയലും
ഇന്റർനെറ്റിന്റെ ആദിമ ലക്ഷ്യങ്ങളിലൊന്ന് വിവരങ്ങളുടെ ആഗോള പങ്കുവെക്കലായിരുന്നു. മുൻ ലേഖനത്തിൽ പരാമർശിച്ച അധ്യാപകൻ ഇന്റർനെറ്റിൽ മറ്റൊരു അധ്യാപകനെ കണ്ടെത്തി. അതിനോടകം തയ്യാറാക്കിയിരുന്ന അധ്യയന വിവരങ്ങൾ പങ്കുവെക്കാൻ അദ്ദേഹത്തിന് സമ്മതമായിരുന്നു. 3,200 കിലോമീറ്റർ അകലമുണ്ടായിരുന്നിട്ടും മിനിറ്റുകൾകൊണ്ട് ഫയലുകൾ കൈമാറാൻ കഴിഞ്ഞു.
ഒരു വിഷയം ഇന്റർനെറ്റിനുള്ളിൽ എവിടെയാണെന്ന് അറിയില്ലെങ്കിൽ എന്തു സഹായമാണു ലഭ്യമായിരിക്കുന്നത്? ടെലഫോൺ ഡയറക്ടറി ഉപയോഗിച്ച് നാമൊരു ഫോൺ നമ്പർ കണ്ടുപിടിക്കുന്നതുപോലെതന്നെ ഒരു ഉപഭോക്താവിന് സേർച്ച് സൈറ്റുകൾ എന്നറിയപ്പെടുന്ന സ്ഥാനങ്ങളിൽ ആദ്യം ചെല്ലാനും അങ്ങനെ ഇന്റർനെറ്റിൽ തനിക്കു താത്പര്യമുള്ള സ്ഥാനങ്ങൾ കണ്ടെത്താനും കഴിയും. ഉപഭോക്താവ് ഒരു വാക്കോ വാചകമോ ടൈപ്പു ചെയ്യുന്നു; അപ്പോൾ സൈറ്റ്, വിവരങ്ങൾ കണ്ടെത്താവുന്ന ഇന്റർനെറ്റിലെ സ്ഥാനങ്ങളുടെ ഒരു പട്ടിക വെളിപ്പെടുത്തുന്നു. സാധാരണഗതിയിൽ തിരച്ചിൽ നടത്തുന്നതിന് യാതൊരു പണച്ചെലവുമില്ല, ഏതാനും സെക്കൻഡുകളേ എടുക്കുകയുമുള്ളൂ!
നേരത്തേ പരാമർശിച്ച കർഷകൻ കമ്പ്യൂട്ടറുകളും ഉപഗ്രഹ ഭൂപടങ്ങളും ഉപയോഗിച്ചുള്ള പ്രിസിഷൻ ഫാമിങ് എന്നു വിളിക്കപ്പെടുന്ന ഒരു പുതിയ സമ്പ്രദായത്തെക്കുറിച്ചു കേട്ടിരുന്നു. ഒരു സേർച്ച് സൈറ്റിൽ ‘പ്രിസിഷൻ ഫാമിങ്’ എന്നു ടൈപ്പു ചെയ്ത് സേർച്ച് നടത്തിയപ്പോൾ ആ രീതി ഉപയോഗിക്കുന്ന കർഷകരുടെ പേരുകളും ആ രീതിയെക്കുറിച്ചുള്ള വിശദമായ വിവരവും അദ്ദേഹത്തിനു കണ്ടെത്താൻ കഴിഞ്ഞു.
ലോകവ്യാപക വെബ്ബ്
ലോകവ്യാപക വെബ്ബ് (അല്ലെങ്കിൽ വെബ്ബ്) എന്നു വിളിക്കപ്പെടുന്ന ഇന്റർനെറ്റിന്റെ ഭാഗം ഒരു പഴയ ആശയത്തെ—അടിക്കുറിപ്പുകളെക്കുറിച്ചുള്ളത്—പുതിയ രീതിയിൽ ഉപയോഗിക്കാൻ ഗ്രന്ഥകർത്താക്കളെ സഹായിക്കുന്നു. ഒരു മാസികയിലെ ലേഖനത്തിന്റെയോ ഒരു പുസ്തകത്തിന്റെയോ രചയിതാവ് അടിക്കുറിപ്പു ചിഹ്നം ഉപയോഗിക്കുമ്പോൾ നാം ആ പേജിന്റെ അടിയിൽ തിരയുകയും സാധ്യതയനുസരിച്ച് മറ്റൊരു പേജിലേക്കോ പുസ്തകത്തിലേക്കോ നയിക്കപ്പെടുകയും ചെയ്യുന്നു. ഇന്റർനെറ്റ് കമ്പ്യൂട്ടർ ഡോക്യുമെന്റുകളുടെ രചയിതാക്കൾക്കും അടിസ്ഥാനപരമായി അതേ സംഗതിതന്നെ ചെയ്യാൻ കഴിയും. തങ്ങളുടെ ഡോക്യുമെൻറിലെ ഒരു വാക്കിന്റെയോ വാചകത്തിന്റെയോ പ്രതീകത്തിന്റെയോ അടിയിൽ വരയ്ക്കുകയോ അതു പ്രദീപ്തമാക്കുകയോ ചെയ്യുന്ന ഒരു രീതി ഉപയോഗിച്ചാണ് അവർ അതു ചെയ്യുന്നത്.
ബന്ധപ്പെട്ട ഒരു ഇന്റർനെറ്റ് സൗകര്യം—പലപ്പോഴും മറ്റൊരു ഡോക്യുമെൻറ്—ഉണ്ടെന്ന് പ്രദീപ്തമാക്കപ്പെട്ട പദമോ പ്രതീകമോ വായനക്കാരനു സൂചന നൽകുന്നു. ഈ ഇന്റർനെറ്റ് ഡോക്യുമെൻറ് ഉടൻതന്നെ തുറന്നു വായിക്കാൻ കഴിയും. ഡോക്യുമെൻറ് മറ്റൊരു രാജ്യത്തെ ഒരു വ്യത്യസ്ത കമ്പ്യൂട്ടറിലാണെങ്കിൽപ്പോലും ഇതു സാധ്യമാണ്. ഈ രീതി “നിങ്ങളെ യഥാർഥ ഡോക്യുമെന്റുകളുമായി ബന്ധിപ്പിക്കുന്നു, അവയെക്കുറിച്ചുള്ള പരാമർശങ്ങളുമായി മാത്രമല്ല” എന്ന് ആക്സെസ്സ് ദി ഇന്റർനെറ്റ്! എന്നതിന്റെ രചയിതാവായ ഡേവിഡ് പീൽ അഭിപ്രായപ്പെടുന്നു.
ഫോട്ടോകളും ചിത്രങ്ങളും സ്റ്റോർചെയ്യാനും ആവശ്യമുള്ളപ്പോൾ തിരിച്ചെടുക്കാനും ആനിമേഷനുകൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവ സ്റ്റോർചെയ്തുവെക്കാനും പ്ലേ ചെയ്യാനും വെബ്ബുമൂലം സാധിക്കുന്നു. മുൻ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ലോമാ എന്ന വീട്ടമ്മയ്ക്ക് പ്രപഞ്ചത്തെക്കുറിച്ചുള്ള ഇന്നത്തെ സിദ്ധാന്തങ്ങളുടെ ഒരു ഹ്രസ്വ കളർ ചലച്ചിത്രം ലഭിക്കുകയും അവർ അതു കാണുകയും ചെയ്തു. തന്റെ കമ്പ്യൂട്ടറിന്റെ ശബ്ദവ്യവസ്ഥയിലൂടെ അവർ വിവരണവും ശ്രദ്ധിച്ചു.
ഇന്റർനെറ്റിലെ സർഫിങ്
ഒരു വെബ്ബ് ബ്രൗസർ ഉപയോഗിച്ച് ഒരു വ്യക്തിക്ക് അനേകം വ്യത്യസ്ത രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളും വർണപ്പകിട്ടാർന്ന ചിത്രങ്ങളും വേഗത്തിൽ, അനായാസം വീക്ഷിക്കാൻ കഴിയും. വെബ്ബ് ബ്രൗസറിന്റെ ഉപയോഗം ചില വിധങ്ങളിൽ യഥാർഥ യാത്രയ്ക്കു സമാനമാണ്, ഇത് കുറെക്കൂടെ എളുപ്പമാണെന്നേ ഉള്ളൂ. ഒരുവന് വെബ്ബിൽ ഹോളോക്കോസ്റ്റ് മെമ്മോറിയൽ മ്യൂസിയം സന്ദർശിക്കാനോ ചാവുകടൽ ചുരുളുകൾ കാണാനോ കഴിയും. ഇങ്ങനെ ഇന്റർനെറ്റിലെ ഒരു വെബ്ബ് സൈറ്റിൽനിന്ന് മറ്റൊന്നിലേക്ക് അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നീങ്ങുന്നതിനെയാണ് സാധാരണമായി ഇന്റർനെറ്റിലെ സർഫിങ് എന്നു വിളിക്കുന്നത്.
തങ്ങളുടെ ഉത്പന്നങ്ങളോ സേവനങ്ങളോ പരസ്യപ്പെടുത്താനും മറ്റുതരത്തിലുള്ള വിവരങ്ങൾ പ്രദാനം ചെയ്യാനുമുള്ള ഒരു ഉപാധിയെന്ന നിലയിൽ ബിസിനസ് സ്ഥാപനങ്ങളും മറ്റു സംഘടനകളും വെബ്ബിൽ തത്പരരായിത്തീർന്നിട്ടുണ്ട്. അവർ ഒരു വെബ്ബ് പേജ്, അതായത് ഒരു തരം ഇലക്ട്രോണിക് സ്റ്റോർഫ്രണ്ട് ജാലകം നിർമിക്കുന്നു. ഒരു സ്ഥാപനത്തിന്റെ വെബ്ബ് പേജ് അഡ്രസ്സ് അറിഞ്ഞുകഴിഞ്ഞാൽപ്പിന്നെ ഭാവി ഇടപാടുകാർക്ക് ഒരു ബ്രൗസർ ഉപയോഗിച്ച് “ഷോപ്പിങ്” നടത്താനോ വിവരങ്ങളിൽ ബ്രൗസ് ചെയ്യാനോ കഴിയും. എന്നാൽ, ഏതൊരു വിപണിയുടെയും കാര്യത്തിലെന്നപോലെ ഇന്റർനെറ്റു പ്രദാനംചെയ്യുന്ന ഉത്പന്നങ്ങളിലും സേവനങ്ങളിലും വിവരങ്ങളിലും എല്ലാമൊന്നും ആരോഗ്യാവഹമല്ല.
സംരക്ഷിത രഹസ്യ ഇടപാടുകൾക്കുവേണ്ടി ഇന്റർനെറ്റിനെ സുരക്ഷിതമാക്കുന്നതിന് ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (സുരക്ഷിതത്വത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പിന്നീടു പറയുന്നതാണ്.) വാണിജ്യപരമായ ഈ പ്രവർത്തനം മൂലം ഇന്റർനെറ്റിലെ ഗതാഗതം വർധിച്ചതിനാൽ മറ്റൊരു ലോകവ്യാപക ഇന്റർനെറ്റ്—ചിലർ ഇതിനെ ഇന്റർനെറ്റ്-2 എന്നു വിളിക്കുന്നു—വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എന്താണ് “ചാറ്റ്”?
ഇന്റർനെറ്റിന്റെ സാധാരണമായ മറ്റൊരു സേവനം ഇന്റർനെറ്റ് റിലേ ചാറ്റ് അഥവാ ചാറ്റ് ആണ്. ഇതുമൂലം ഒരു കൂട്ടമാളുകൾക്ക് തങ്ങളുടേതല്ലാത്ത പേരുകളിൽ അന്യോന്യം പെട്ടെന്നു സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കുന്നു. വ്യത്യസ്ത പ്രായക്കാർ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും യുവജനങ്ങൾക്കാണ് ഇതിൽ പ്രത്യേകിച്ചും താത്പര്യം. ചാറ്റ് ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് ലോകമെമ്പാടുമുള്ള മറ്റനേകം ഉപഭോക്താക്കളുമായി സമ്പർക്കത്തിൽ വരുന്നു.
ചാറ്റ് റൂമുകൾ അഥവാ ചാറ്റ് ചാനലുകൾ എന്നു വിളിക്കപ്പെടുന്നവ സൃഷ്ടിക്കപ്പെടുന്നു. അവ ശാസ്ത്രകൽപ്പിതകഥ, ചലച്ചിത്രങ്ങൾ, സ്പോർട്സ്, പ്രേമം എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രത്യേക വിഷയത്തെ വിശേഷവത്കരിക്കുന്നതായിരിക്കും. ഒരു ചാറ്റ് റൂമിനുള്ളിൽ ടൈപ്പുചെയ്യപ്പെടുന്ന സന്ദേശങ്ങളെല്ലാം ആ ചാറ്റ് റൂമിലെ എല്ലാ പങ്കാളികളുടെയും കമ്പ്യൂട്ടർ സ്ക്രീനുകളിൽ ഏതാണ്ട് ഒരേസമയത്തു പ്രത്യക്ഷമാകുന്നു.
ചാറ്റ് റൂം ഏറെയും ഒരു പൊതുസമയത്തു കൂടിവന്ന് ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകളുടെ ഒരു കൂട്ടത്തെപ്പോലെയാണ്. ഇതിൽ എല്ലാവരും ഹ്രസ്വമായ സന്ദേശങ്ങൾ ടൈപ്പുചെയ്യുന്നുവെന്ന വ്യത്യാസമേ ഉള്ളൂ. ചാറ്റ് റൂമുകൾ സാധാരണഗതിയിൽ 24 മണിക്കൂറും പ്രവർത്തനനിരതമാണ്. സഹവാസം സംബന്ധിച്ച 1 കൊരിന്ത്യർ 15:33-ൽ കാണുന്നതുപോലുള്ള ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ബാധകമാകുന്നതിനാൽ ചാറ്റ് സംഘങ്ങളിൽ പങ്കാളികളാകുന്ന കാര്യത്തിലും ബാധകമാകുന്നുണ്ടെന്ന് തീർച്ചയായും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.
ഇന്റർനെറ്റിന്റെ ചെലവു വഹിക്കുന്നത് ആര്?
‘ഇന്റർനെറ്റിലെ ബഹുദൂരയാത്രകളുടെ ചെലവു വഹിക്കുന്നത് ആരാണ്?’ എന്നു നിങ്ങൾ അതിശയിക്കുന്നുണ്ടാകും. ഒന്നിച്ചും വ്യക്തികളായും എല്ലാ ഉപഭോക്താക്കളും ചെലവു പങ്കിടുന്നു. എന്നിരുന്നാലും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആൾക്ക്, അദ്ദേഹം അനേകം അന്തർദേശീയ സ്ഥലങ്ങൾ സന്ദർശിച്ചാൽകൂടി ഒരു ദീർഘദൂര ടെലഫോൺ ബിൽ ലഭിക്കണമെന്നില്ല. മിക്ക ഉപഭോക്താക്കൾക്കും ഇന്റർനെറ്റ് സേവന ദാതാവായി സേവിക്കുന്ന ഒരു പ്രാദേശിക കമ്പനിയുമായി ഇടപാടുണ്ട്. പലപ്പോഴും ഈ കമ്പനി ഉപഭോക്താവിൻമേൽ മാസംതോറും ഒരു നിശ്ചിത ഫീസ് ചുമത്തുന്നു. കൂടുതലായ ഫോൺ ചെലവ് ഒഴിവാക്കുന്നതിനായി ദാതാക്കൾ സാധാരണഗതിയിൽ ഒരു പ്രാദേശിക നമ്പർ കൊടുക്കുന്നു. ഇന്റർനെറ്റിനുവേണ്ടി മാസംതോറും അടയ്ക്കേണ്ടിവരുന്ന സാധാരണ തുക ഏകദേശം 20 ഡോളറാണ് (യു.എസ്.).
നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നതുപോലെ, ഇന്റർനെറ്റിന് ബൃഹത്തായ വികസനസാധ്യതയുണ്ട്. എന്നാൽ ഈ വിജ്ഞാന സൂപ്പർഹൈവേയുമായി നിങ്ങൾ ബന്ധപ്പെടേണ്ടതുണ്ടോ?
[അടിക്കുറിപ്പുകൾ]
ചാറ്റ് റൂമുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പിന്നീടു ചർച്ചചെയ്യുന്നതായിരിക്കും.
[7-ാം പേജിലെ ചതുരം/ചിത്രം]
ഇന്റർനെറ്റ് അഡ്രസ്സുകൾ—അവ എന്താണ്?
ഇലക്ട്രോണിക് തപാൽ അഡ്രസ്സുകൾ വഴിയാണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയുന്നത്. drg@tekwriting.com എന്ന ഇലക്ട്രോണിക് തപാൽ അഡ്രസ്സുള്ള ഒരു സുഹൃത്തിന് നിങ്ങൾ ഒരു ഇലക്ട്രോണിക് തപാൽ അയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നു സങ്കൽപ്പിക്കുക. ഈ ഉദാഹരണത്തിൽ വ്യക്തിയുടെ ഐഡൻറിറ്റി അല്ലെങ്കിൽ ലോഗ്-ഇൻ “drg” ആണ്. ആളുകൾ മിക്കപ്പോഴും തങ്ങളുടെ പേരിന്റെ ആദ്യ അക്ഷരമോ മുഴുവൻ പേരോ ആണ് ലോഗ്-ഇൻ ആയി ഉപയോഗിക്കുന്നത്. “@” എന്ന ചിഹ്നത്തിനു ശേഷം വരുന്ന പദം ഒരുപക്ഷേ അവരുടെ തൊഴിലുടമയെയോ ബിസിനസ് സ്ഥലത്തെയോ ഇലക്ട്രോണിക് തപാൽ സേവന ദാതാവിനെയോ പരാമർശിക്കുന്നു. ഈ ഉദാഹരണത്തിൽ “tekwriting” അത്തരമൊരു സേവന ദാതാവിനെ തിരിച്ചറിയിക്കുന്നു. അഡ്രസ്സിന്റെ അവസാന ഭാഗം നിങ്ങളുടെ സുഹൃത്തിന് ലോഗ്-ഇൻ ഉള്ളത് ഏതുതരം സ്ഥാപനത്തിലാണെന്നു തിരിച്ചറിയിക്കുന്നു. ഈ ഉദാഹരണത്തിൽ “com” ഒരു വാണിജ്യ സ്ഥാപനത്തെ പരാമർശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമാനമായ പേരിടീൽ രീതിയാണുള്ളത്. എന്നാൽ അവസാനം “edu” എന്നു കാണും. ധർമസ്ഥാപനങ്ങളുടെ ഒടുവിൽ “org” എന്നും കാണും. മറ്റൊരുതരത്തിലുള്ള ഇലക്ട്രോണിക് തപാൽ സ്റ്റാൻഡേർഡിന്റെ ഒടുവിൽ വ്യക്തി പാർക്കുന്ന രാജ്യത്തിന്റെ കോഡാണുള്ളത്. ഉദാഹരണത്തിന്, lvg@spicyfoods.ar, എന്ന അഡ്രസ്സ് “lvg” എന്ന ലോഗ്-ഇൻ ഉള്ള വ്യക്തി അർജൻറീനയിലെ “spicyfoods” എന്നു പേരുള്ള ഒരു കമ്പനിയിലെ അംഗമാണെന്നു സൂചിപ്പിക്കുന്നു.
മറ്റൊരുതരം അഡ്രസ്സ് ഇന്റർനെറ്റിൽ വെബ്ബ് ഡോക്യുമെന്റുകൾ കണ്ടെത്താൻ സഹായിക്കുന്നു. http://www.ecosystems.com/research/forests/rf. എന്ന അഡ്രസ്സിലുള്ള വെബ്ബ് ഡോക്യുമെൻറിൽ മഴക്കാടുകളെക്കുറിച്ചുള്ള ഗവേഷണവിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് കരുതുക. “http” (ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ) എന്നീ അക്ഷരങ്ങൾ ഒരിനം വെബ്ബ് ഡോക്യുമെൻറ് കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥയെ തിരിച്ചറിയിക്കുന്നു. “www.ecosystems.com” വെബ്ബ് സേർവറിന്റെ അതായത് ഒരു കമ്പ്യൂട്ടറിന്റെ പേരു സൂചിപ്പിക്കുന്നു. ഈ ഉദാഹരണത്തിൽ “ecosystems” ഒരു വാണിജ്യ കമ്പനിയെ സൂചിപ്പിക്കുന്നു. യഥാർഥ വെബ്ബ് ഡോക്യുമെൻറ്, അഡ്രസ്സിന്റെ ഒടുവിലാണ് കാണിക്കുന്നത്—“/research/forests/rf.” വെബ്ബ് അഡ്രസ്സുകളെ പലപ്പോഴും യൂണിഫോം റിസോഴ്സ് ലൊക്കേറ്റേഴ്സ് എന്നോ ഹ്രസ്വമായി യുആർഎൽ-കൾ എന്നോ വിളിക്കുന്നു.
കൊടുത്തിരിക്കുന്ന ഇന്റർനെറ്റ് അഡ്രസ്സുകൾ യഥാർഥമല്ല.