“മൂല്യരഹിത കാര്യങ്ങ”ളുടെ പിന്നാലെയുള്ള പാച്ചൽ ഒഴിവാക്കുക
1 ഇന്ന് ഏറെ ജനപ്രീതി ആർജിച്ച ഒരു ആശയവിനിമയ മാർഗമാണ് ഇ-മെയിൽ. ഈ മാധ്യമത്തിലൂടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ വ്യക്തിപരമായ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നത് ഉചിതമാണെങ്കിലും, ഇ-മെയിലിന്റെ അനിയന്ത്രിത ഉപയോഗവുമായി ബന്ധപ്പെട്ട് ഏത് ‘മൂല്യരഹിത കാര്യങ്ങൾ’ ഉൾപ്പെട്ടിരുന്നേക്കാം?—സദൃ. 12:11, NW.
2 ഇ-മെയിൽ സംബന്ധിച്ച മുന്നറിയിപ്പുകൾ: ഏറ്റവും പുതിയതെന്നു തങ്ങൾ കരുതുന്ന വിവരങ്ങൾ ഇ-മെയിലിൽ ലഭിക്കുമ്പോൾ തങ്ങൾ യഹോവയുടെ സംഘടനയുമായി ഉറ്റ ബന്ധത്തിൽ വന്നിരിക്കുന്നതായി അനുഭവപ്പെടുന്നുവെന്നു ചിലർ അവകാശപ്പെടുന്നു. ഇത്തരം വിവരങ്ങളിൽ ഒരുപക്ഷേ അനുഭവങ്ങളോ ബെഥേലിൽ നടന്ന കാര്യങ്ങൾ സംബന്ധിച്ച കുറിപ്പുകളോ ദുരന്തങ്ങളെയോ പീഡനങ്ങളെയോ സംബന്ധിച്ച റിപ്പോർട്ടുകളോ രാജ്യ ശുശ്രൂഷാ സ്കൂളിൽ അറിയിച്ച രഹസ്യ വിവരങ്ങൾ പോലുമോ ഉൾപ്പെട്ടേക്കാം. മറ്റു ചിലരാകട്ടെ, ഇത്തരം വിവരങ്ങൾ അയയ്ക്കുന്നതിൽ അത്യധികം ഉത്സാഹമുള്ളവരാണ്, കാരണം സുഹൃത്തുക്കൾക്കു പ്രസ്തുത വിവരങ്ങൾ ആദ്യം കൈമാറുന്നതു തങ്ങൾ ആയിരിക്കാൻ അവർ ആഗ്രഹിക്കുന്നു.
3 ചിലപ്പോൾ, വിവരങ്ങളും അനുഭവങ്ങളും വളച്ചൊടിച്ചതോ പൊടിപ്പും തൊങ്ങലും വെച്ചതോ ആയിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ വാർത്തകൾ വളരെ ഉദ്വേഗജനകമാക്കാനുള്ള ശ്രമത്തിൽ ചിലർ തെറ്റായ ധാരണകൾ പോലും ഉളവാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ ധൃതി കൂട്ടുന്നവർക്കു പലപ്പോഴും കാര്യങ്ങളുടെ നിജസ്ഥിതി അറിയില്ല. (സദൃ. 29:20, NW) ചില സന്ദർഭങ്ങളിൽ, ഒരു സംഗതി തികച്ചും അവിശ്വസനീയമായിരിക്കുമ്പോൾ പോലും ഒരു രസത്തിനു വേണ്ടി അവ കൈമാറുന്നവരുണ്ട്. സത്യമല്ലാത്തതോ വഴിതെറ്റിക്കുന്നതോ ആയ അത്തരം റിപ്പോർട്ടുകൾ “കിഴവിക്കഥ”കൾ പോലെയാണ്, അവ യഥാർഥ ദൈവഭക്തിയെ ഉന്നമിപ്പിക്കുന്നില്ല.—1 തിമൊ. 4:6, 7.
4 തെറ്റായ വിവരങ്ങൾ നിങ്ങൾ മറ്റുള്ളവർക്കു കൈമാറുന്നെങ്കിൽ അതു നിമിത്തം ഉണ്ടാകുന്ന ദുഃഖങ്ങൾക്കും കുഴപ്പങ്ങൾക്കും ഒരു പരിധിവരെ നിങ്ങളും ഉത്തരവാദികളാണ്. ദാവീദിന് ഒരിക്കൽ, തന്റെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടു എന്ന അതിശയോക്തി കലർന്ന റിപ്പോർട്ട് കിട്ടിയപ്പോൾ അവൻ അതിദുഃഖത്താൽ തന്റെ “വസ്ത്രം കീറി.” എന്നാൽ വാസ്തവത്തിൽ അവന്റെ ഒരു പുത്രൻ മാത്രമേ കൊല്ലപ്പെട്ടിരുന്നുള്ളൂ. അതുതന്നെ ഖേദകരമായിരുന്നു, എന്നാൽ അതിശയോക്തി കലർന്ന വാർത്ത അവന്റെ സങ്കടം വർധിപ്പിച്ചു. (2 ശമൂ. 13:30-33) തീർച്ചയായും നമ്മുടെ സഹോദരങ്ങളെ വഴിതെറ്റിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കാൻ നാം ആഗ്രഹിക്കുകയില്ല.
5 ദൈവത്തിന്റെ നിയമിത സരണി: നമ്മുടെ സ്വർഗീയ പിതാവിന് ആശയവിനിമയത്തിനായി ഒരു നിയമിത സരണി, “വിശ്വസ്തനും വിവേകിയുമായ അടിമ” ഉണ്ട് എന്ന സംഗതി മനസ്സിൽ പിടിക്കുക. വിശ്വാസത്തിന്റെ ഭവനക്കാർക്ക് ഏതു വിവരങ്ങൾ ലഭ്യമാക്കണം, അതു നൽകേണ്ട ‘തക്കസമയം’ എപ്പോഴാണ് എന്നു തീരുമാനിക്കുന്നതിനുള്ള ഉത്തരവാദിത്വം ആ “അടിമ”യ്ക്കാണ്. ദിവ്യാധിപത്യ സംഘടനയിലൂടെ മാത്രമേ ഈ ആത്മീയ ആഹാരം ലഭിക്കുന്നുള്ളൂ. ആശ്രയയോഗ്യമായ വിവരങ്ങൾക്കായി നാം സദാ ദൈവത്തിന്റെ നിയമിത സരണിയിലേക്കാണു നോക്കേണ്ടത്, ഇന്റർനെറ്റ് ഉപയോക്താക്കളിലേക്കല്ല.—മത്താ. 24:45, NW.
6 ഇന്റർനെറ്റിലെ വെബ്സൈറ്റുകൾ: സൊസൈറ്റിക്ക് ഒരു ഔദ്യോഗിക ഇന്റർനെറ്റ് വെബ്സൈറ്റ് ഉണ്ട്: www.watchtower.org. പൊതുജനത്തിന് വിവരങ്ങൾ പ്രദാനം ചെയ്യാൻ ഇതു പര്യാപ്തമാണ്. ഏതെങ്കിലും വ്യക്തിയോ കമ്മിറ്റിയോ സഭയോ യഹോവയുടെ സാക്ഷികളെ കുറിച്ച് വെബ് പേജ് തയ്യാറാക്കേണ്ടതില്ല. ചിലർ എല്ലാ തിരുവെഴുത്തുകളും പരാമർശങ്ങളും സഹിതം നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കവും സംഭാവനാടിസ്ഥാനത്തിൽ കൺവെൻഷൻ വിവരങ്ങൾ ലഭ്യമാണെന്നു പോലും വെബ് പേജിൽ പ്രസിദ്ധീകരിക്കുന്നു. ലാഭത്തിനു വേണ്ടിയാണെങ്കിലും അല്ലെങ്കിലും, യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുടെ ഇലക്ട്രോണിക് പകർപ്പുകൾ ഉണ്ടാക്കി വിതരണം ചെയ്യുന്നതിൽ പകർപ്പവകാശ നിയമങ്ങളുടെ ലംഘനം ഉൾപ്പെട്ടിരിക്കുന്നു. സഹോദരങ്ങളെ സേവിക്കുന്നതിനുള്ള മാർഗമാണ് ഇതെന്നു ചിലർ കരുതിയാലും, അതിന് അംഗീകാരമില്ല. ആ രീതി ഉപേക്ഷിക്കണം.
7 ഇലക്ട്രോണിക് വിവരങ്ങളുടെ ഉപയോഗത്തിൽ നല്ല ന്യായബോധവും സുബോധവും പ്രകടമാക്കുന്നത് “വിലയേറിയതും മനോഹരവുമായ സകലസമ്പത്തും” കൊണ്ട് നമ്മുടെ മനസ്സു നിറയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തും.—സദൃ. 24:4.