ക്രിസ്ത്യാനികളായി ജീവിക്കാം
പരിശോധനകളുടെ സമയത്ത് യഹോവ നമ്മളെ സഹായിക്കും
ഈ അവസാനകാലത്ത് നമ്മൾ തീവ്രമായ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇതൊന്നും താങ്ങാനാവില്ലെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. പക്ഷേ ഓരോ ദിവസവും നമ്മൾ യഹോവയോടു കൂടുതൽക്കൂടുതൽ അടുത്തുചെല്ലുന്നെങ്കിൽ ഹൃദയഭേദകമായ പരിശോധനകളിൽപ്പോലും യഹോവ നമ്മുടെ കൈപിടിക്കും. (യശ 43:2, 4) പരിശോധനകൾ നേരിടുമ്പോൾ നമുക്ക് യഹോവയോട് എങ്ങനെ കൂടുതൽ അടുക്കാം?
പ്രാർഥന. യഹോവയുടെ മുന്നിൽ നമ്മുടെ ഹൃദയം പകരുന്നെങ്കിൽ യഹോവ നമുക്കു സമാധാനവും പിടിച്ചുനിൽക്കാനുള്ള മനഃശക്തിയും തരും.—ഫിലി 4:6, 7; 1തെസ്സ 5:17.
ക്രിസ്തീയയോഗങ്ങൾ. യഹോവ മീറ്റിങ്ങുകളിലൂടെ തരുന്ന ആത്മീയാഹാരവും സഹവാസവും നമുക്കു മുമ്പെന്നത്തെക്കാളും ഇന്ന് ആവശ്യമാണ്. (എബ്ര 10:24, 25) സഭായോഗങ്ങൾക്കായി നമ്മൾ തയ്യാറായി പോകുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമ്പോൾ ദൈവാത്മാവിന്റെ സഹായം നമ്മൾ പൂർണമായി പ്രയോജനപ്പെടുത്തുകയാണ്.—വെളി 2:29.
ശുശ്രൂഷ. ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സ് കൂടുതലും നല്ല കാര്യങ്ങളിലാകും. യഹോവയുമായും നമ്മുടെ സഹപ്രവർത്തകരുമായും നമ്മൾ കൂടുതൽ അടുക്കുകയും ചെയ്യും.—1കൊ 3:5-10.
യഹോവ എന്നെ ചേർത്തുപിടിച്ചു എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
പ്രശ്നങ്ങൾ ഉണ്ടായപ്പോൾ യഹോവയോടു അടുത്തുനിൽക്കാൻ മലുവിനെ എന്താണു സഹായിച്ചത്?
മലുവിനെപ്പോലെ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സങ്കീർത്തനം 34:18-ലെ വാക്കുകൾ നമുക്ക് ആശ്വാസം തരുന്നത് എങ്ങനെ?
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഹോവ നമുക്ക് “അസാധാരണശക്തി” നൽകുമെന്നു മലുവിന്റെ അനുഭവം കാണിക്കുന്നത് എങ്ങനെ?—2കൊ 4:7