പഠനലേഖനം 17
ഗീതം 99 ആയിരമായിരം സഹോദരങ്ങൾ
നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല
‘ഞാൻ നിന്നെ സഹായിക്കും.’—യശ. 41:10.
ഉദ്ദേശ്യം
യഹോവ നമുക്കുവേണ്ടി കരുതുന്ന നാലു വിധങ്ങൾ കാണാം.
1-2. (എ) പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ ഒരു കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയതുപോലെ നമുക്ക് തോന്നിയേക്കാം. എന്നാൽ നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല. നമ്മുടെ സ്വർഗീയപിതാവായ യഹോവ നമ്മുടെ പ്രശ്നങ്ങൾ കാണുന്നുണ്ട്. അതു മാത്രമല്ല യഹോവ തന്റെ വിശ്വസ്തദാസർക്ക് ഇങ്ങനെ ഒരു ഉറപ്പ് കൊടുത്തിരിക്കുന്നു: ‘ഞാൻ നിന്നെ സഹായിക്കും.’—യശ. 41:10.
2 ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ ഓർക്കുക: യഹോവ ഒരിക്കലും നമ്മളെ മറന്നുകളയില്ല; നമ്മളെ ഉപേക്ഷിക്കുകയോ തനിച്ചാക്കുകയോ ഇല്ല. ഈ ലേഖനത്തിൽ യഹോവ എങ്ങനെയാണ് (1) നമ്മളെ വഴിനയിക്കുന്നതെന്നും (2) നമുക്കുവേണ്ടി കരുതുന്നതെന്നും (3) നമ്മളെ സംരക്ഷിക്കുന്നതെന്നും (4) നമ്മളെ ആശ്വസിപ്പിക്കുന്നതെന്നും പഠിക്കും.
യഹോവ നമ്മളെ വഴിനയിക്കുന്നു
3-4. യഹോവ നമ്മളെ എങ്ങനെയാണു വഴിനയിക്കുന്നത്? (സങ്കീർത്തനം 48:14)
3 സങ്കീർത്തനം 48:14 വായിക്കുക. മനുഷ്യർക്ക് സ്വന്തം കാലടികൾ നിയന്ത്രിക്കാനാകില്ലെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് യഹോവ ഇന്നു തന്റെ ദാസരെ വഴിനയിക്കുന്നുണ്ട്. അത് എങ്ങനെയാണ്? ഒരു വിധം ബൈബിൾത്താളുകളിലൂടെയാണ്. (സങ്കീ. 119:105) തന്റെ വചനത്തിലൂടെ യഹോവ നമ്മളെ നല്ല തീരുമാനങ്ങളെടുക്കാനും ഇപ്പോഴും ഭാവിയിലും സന്തോഷത്തോടെയിരിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കാനും സഹായിക്കുന്നു.a ഉദാഹരണത്തിന്, ദേഷ്യം വെച്ചുകൊണ്ടിരിക്കരുതെന്നും എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കണമെന്നും മറ്റുള്ളവരെ ഹൃദയത്തിൽനിന്ന് ആഴമായി സ്നേഹിക്കണമെന്നും ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. (സങ്കീ. 37:8; എബ്രാ. 13:18; 1 പത്രോ. 1:22) ഇതുപോലുള്ള ഗുണങ്ങൾ നല്ല മാതാപിതാക്കളും വിവാഹയിണകളും സുഹൃത്തുക്കളും ആയിരിക്കാൻ നമ്മളെ സഹായിക്കും.
4 നമ്മുടേതുപോലുള്ള പ്രശ്നങ്ങളും വികാരങ്ങളും ഉണ്ടായിരുന്ന ആളുകളുടെ വിവരണങ്ങളും യഹോവ ബൈബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (1 കൊരി. 10:13; യാക്കോ. 5:17) ആ വിവരണങ്ങൾ വായിക്കുകയും അതിലെ പാഠങ്ങൾ പഠിക്കുകയും ചെയ്യുമ്പോൾ കുറഞ്ഞത് രണ്ടു വിധങ്ങളിൽ അതു നമുക്ക് പ്രയോജനം ചെയ്യും. ഒന്ന്, ഇതുപോലുള്ള പ്രശ്നങ്ങൾ മറ്റുള്ളവർക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നും യഹോവയുടെ സഹായത്താൽ അവർ സഹിച്ചുനിന്നിട്ടുണ്ടെന്നും നമ്മൾ മനസ്സിലാക്കും. (1 പത്രോ. 5:9) രണ്ട്, ഇതുപോലുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മൾ പഠിക്കും.—റോമ. 15:4.
5. നമ്മളെ വഴിനയിക്കാനായി യഹോവ ആരെയൊക്കെ ഉപയോഗിക്കുന്നു?
5 യഹോവ നമ്മളെ വഴിനയിക്കാനായി സഹാരാധകരെയും ഉപയോഗിക്കുന്നുണ്ട്.b ഉദാഹരണത്തിന്, സർക്കിട്ട് മേൽവിചാരകന്മാർ നമ്മളെ പ്രോത്സാഹിപ്പിക്കാനായി ക്രമമായി സഭകൾ സന്ദർശിക്കാറുണ്ട്. അവരുടെ പ്രസംഗങ്ങൾ വിശ്വാസത്തിൽ ശക്തരാകാനും സഭയിൽ ഐക്യം നിലനിറുത്താനും സഹായിക്കുന്നു. (പ്രവൃ. 15:40–16:5) അതുപോലെ ക്രിസ്തീയമൂപ്പന്മാർക്ക് സഭയിലെ ഓരോ പ്രചാരകരുടെ കാര്യത്തിലും നല്ല ചിന്തയുണ്ട്. (1 പത്രോ. 5:2, 3) മാതാപിതാക്കൾ ആത്മീയമായി വളരാൻ വേണ്ട സഹായം മക്കൾക്കു കൊടുക്കുന്നു. ചിന്താപ്രാപ്തി വളർത്തിയെടുക്കാനും നല്ല ശീലങ്ങൾ നട്ടുവളർത്താനും അവരെ സഹായിക്കുന്നു. (സുഭാ. 22:6) ഇനി, പക്വതയുള്ള ക്രിസ്തീയസഹോദരിമാർ ചെറുപ്പക്കാരായ സഹോദരിമാരെ സഹായിക്കുന്നു. അതിനായി അവർ നല്ല മാതൃക വെക്കുകയും ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.—തീത്തോ. 2:3-5.
6. യഹോവയുടെ വഴിനടത്തിപ്പിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?
6 ദൈവം നമ്മളെ വഴിനയിക്കാനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നതെന്ന് നമ്മൾ കണ്ടു. എന്നാൽ നമുക്ക് എങ്ങനെ അതിനോട് വിലമതിപ്പു കാണിക്കാം. സുഭാഷിതങ്ങൾ 3:5, 6 ഇങ്ങനെ പറയുന്നു: “പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്.” നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ‘ദൈവം നമ്മുടെ വഴികൾ നേരെയാക്കും,’ അതായത് യഹോവയിൽ ആശ്രയിക്കുമ്പോൾ പല പ്രശ്നങ്ങളും ഒഴിവാക്കാനും സന്തോഷമുള്ള ഒരു ജീവിതം നയിക്കാനും നമുക്കു കഴിയും. ദൈവം സ്നേഹത്തോടെ നമുക്ക് ഓരോരുത്തർക്കും വേണ്ട ഉപദേശം തരുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!—സങ്കീ. 32:8.
യഹോവ നമുക്കുവേണ്ടി കരുതുന്നു
7. യഹോവ നമുക്കുവേണ്ടി എങ്ങനെയാണ് കരുതുന്നത്? (ഫിലിപ്പിയർ 4:19)
7 ഫിലിപ്പിയർ 4:19 വായിക്കുക. ഭക്ഷണം, വസ്ത്രം, താമസം പോലുള്ള ആവശ്യങ്ങൾക്കായി നമ്മൾ അധ്വാനിക്കുമ്പോൾ യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. (മത്താ. 6:33; 2 തെസ്സ. 3:12) ഈ ആവശ്യങ്ങളെക്കുറിച്ച് ഓർത്ത് നമുക്ക് ഉത്കണ്ഠ തോന്നിയേക്കാം എന്നതു ശരിയാണ്. എന്നാൽ അമിതമായി ഉത്കണ്ഠപ്പെടരുത് എന്നാണ് യഹോവ നമ്മളോട് പറയുന്നത്. (മത്താ. 6:25) എന്തുകൊണ്ട്? തന്റെ വിശ്വസ്താരാധകർക്ക് സഹായം ആവശ്യമായി വരുമ്പോൾ യഹോവ അവരെ ഒരിക്കലും ഉപേക്ഷിക്കില്ല. (മത്താ. 6:8; എബ്രാ. 13:5) അതുകൊണ്ട് യഹോവയിൽ നമുക്ക് പൂർണമായി ആശ്രയിക്കാം.
8. യഹോവ ദാവീദിനുവേണ്ടി എന്താണു ചെയ്തത്?
8 യഹോവ എങ്ങനെയാണ് ദാവീദിനുവേണ്ടി കരുതിയത് എന്നു നമുക്ക് നോക്കാം. ശൗലിനെ പേടിച്ച് ഒളിച്ചുകഴിഞ്ഞ വർഷങ്ങളിൽ ദാവീദിന്റെയും കൂടെയുള്ളവരുടെയും ആവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതി. യഹോവ തങ്ങൾക്കുവേണ്ടി കരുതിയ ആ നാളുകളെക്കുറിച്ച് ദാവീദ് ഇങ്ങനെ എഴുതി: “ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു; എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.” (സങ്കീ. 37:25) ഇതുപോലെ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നമുക്കും നമ്മുടെ സഹോദരങ്ങൾക്കും വേണ്ടി യഹോവ കരുതിയ വിധങ്ങൾ നമ്മളും കണ്ടിട്ടുണ്ടാകും.
9. ദുരന്തങ്ങളുണ്ടാകുമ്പോൾ യഹോവ തന്റെ ആരാധകർക്കുവേണ്ടി കരുതുന്നത് എങ്ങനെയാണ്? (ചിത്രങ്ങളും കാണുക.)
9 ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും യഹോവ നമുക്കുവേണ്ടി കരുതുന്നു. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിൽ ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ പല സ്ഥലങ്ങളിലെയും സഹോദരങ്ങളെ ഉപയോഗിച്ചുകൊണ്ട് യഹോവ ദുരന്തത്താൽ ബാധിക്കപ്പെട്ട സഹോദരങ്ങൾക്ക് സഹായം എത്തിച്ചുകൊടുത്തു. (പ്രവൃ. 11:27-30; റോമ. 15:25, 26) ഇന്നും ഒരു ദുരന്തം ഉണ്ടാകുമ്പോൾ സഹോദരങ്ങളെ ഉപയോഗിച്ചുകൊണ്ട് യഹോവ കരുതും. ദുരന്തം ബാധിച്ച സ്ഥലത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും മരുന്നും ഒക്കെ സഹോദരങ്ങൾ എത്തിച്ചുകൊടുക്കുന്നു. അതുപോലെ നിർമാണപ്രവർത്തനത്തിലുള്ള സഹോദരങ്ങൾ നശിച്ചുപോയ വീടുകളും രാജ്യഹാളുകളും പുതുക്കിപ്പണിയാൻ സഹായിക്കുന്നു. എന്നാൽ അതു മാത്രമല്ല, വീടോ പ്രിയപ്പെട്ടവരെയോ ഒക്കെ നഷ്ടപ്പെട്ടവർക്ക് സഹോദരങ്ങൾ പെട്ടെന്നുതന്നെ വേണ്ട ആശ്വാസവും പ്രോത്സാഹനവും ബൈബിളിൽനിന്ന് കൊടുക്കും.c
ദുരന്തങ്ങളുടെ സമയത്ത് യഹോവ എങ്ങനെയാണ് നമുക്കുവേണ്ടി കരുതുന്നത്? (9-ാം ഖണ്ഡിക കാണുക)e
10-11. ബോറിസിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
10 തന്റെ ദാസർക്കുവേണ്ടി മാത്രമല്ല തന്നെ ആരാധിക്കാത്തവർക്കുവേണ്ടിയും യഹോവ കരുതുന്നു. അതുപോലെ നമ്മളും വിശ്വാസത്തിൽ അല്ലാത്തവർക്കും സാധിക്കുന്നിടത്തോളം നന്മ ചെയ്യണം. (ഗലാ. 6:10) അങ്ങനെ ചെയ്യുന്നത് പലപ്പോഴും നല്ലൊരു സാക്ഷ്യമാകാറുണ്ട്. യുക്രെയിനിലുള്ള ഒരു സ്കൂൾ പ്രിൻസിപ്പലായ ബോറിസിന്റെ കാര്യമെടുക്കുക. ഒരു യഹോവയുടെ സാക്ഷി അല്ലായിരുന്നെങ്കിലും അദ്ദേഹം സ്കൂളിലുണ്ടായിരുന്ന സാക്ഷികളായ കുട്ടികളോട് നന്നായാണ് ഇടപെട്ടത്. അദ്ദേഹം അവരുടെ വിശ്വാസങ്ങളെ മാനിച്ചിരുന്നു. യുദ്ധം കാരണം യുക്രെയിനിലെ സുരക്ഷിതമായ മറ്റൊരു ഭാഗത്തേക്ക് മാറിത്താമസിക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹം യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിനു വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ എന്നോട് വളരെ നന്നായാണ് ഇടപെട്ടത്. അവർ എന്നെ ഒരുപാടു സഹായിച്ചു. അവരോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്.”
11 നമ്മൾ യഹോവയെ അനുകരിച്ചുകൊണ്ട് എല്ലാ ആളുകളെയും, യഹോവയുടെ സാക്ഷികൾ അല്ലാത്തവരെപ്പോലും സഹായിക്കുന്നു. (ലൂക്കോ. 6:31, 36) നമ്മുടെ ആ സ്നേഹം കണ്ട് അവരും യേശുവിന്റെ ശിഷ്യരാകണമെന്നാണ് നമ്മുടെ ആഗ്രഹം. (1 പത്രോ. 2:12) എന്നാൽ അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും നമുക്ക് അപ്പോഴും കൊടുക്കുന്നതിന്റെ സന്തോഷം കിട്ടും.—പ്രവൃ. 20:35.
യഹോവ നമ്മളെ സംരക്ഷിക്കുന്നു
12. ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ആരാധകർക്ക് എന്ത് സംരക്ഷണമാണ് കൊടുക്കുന്നത്? (സങ്കീർത്തനം 91:1, 2, 14)
12 സങ്കീർത്തനം 91:1, 2, 14 വായിക്കുക. ഇന്ന് തന്റെ ആരാധകരെ ആത്മീയമായി സംരക്ഷിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. അതായത്, താനുമായുള്ള ബന്ധത്തെ തകർത്തേക്കാവുന്ന ഏതൊരു കാര്യത്തിൽനിന്നും അവരെ സംരക്ഷിക്കുമെന്ന്. അതുപോലെ ശുദ്ധാരാധന ദുഷിപ്പിക്കാൻ യഹോവ സാത്താനെ അനുവദിക്കുകയുമില്ല. (യോഹ. 17:15) ഇനി വരാൻ പോകുന്ന ‘മഹാകഷ്ടതയുടെ’ സമയത്തും, തന്റെ ജനത്തെ ഒരു കൂട്ടമെന്ന നിലയിൽ സംരക്ഷിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. യഹോവ നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താൻ സഹായിക്കും. ഇക്കാര്യത്തിലെല്ലാം നമുക്ക് പൂർണവിശ്വാസം ഉണ്ടായിരിക്കാം.—വെളി. 7:9, 14.
13. വ്യക്തികളെന്ന നിലയിൽ യഹോവ നമ്മളെ എങ്ങനെയാണ് സംരക്ഷിക്കുന്നത്?
13 വ്യക്തികളെന്ന നിലയിൽ യഹോവ നമ്മളെ എങ്ങനെയാണ് സംരക്ഷിക്കുന്നത്? ഒന്നാമതായി, ബൈബിളിലൂടെ യഹോവ ശരിയും തെറ്റും തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നു. (എബ്രാ. 5:14) ബൈബിളിലെ തത്ത്വങ്ങൾക്കു ചേർച്ചയിൽ നമ്മൾ ജീവിക്കുമ്പോൾ ആത്മീയവും ഭൗതികവും ആയ അപകടങ്ങൾ നമുക്ക് ഒഴിവാക്കാനാകും. (സങ്കീ. 91:4) ഇനി, അതു കൂടാതെ സഭയിലൂടെയും യഹോവ നമ്മളെ സംരക്ഷിക്കുന്നു. (യശ. 32:1, 2) നമ്മുടെ സഹോദരങ്ങൾ യഹോവയെ സ്നേഹിക്കുകയും യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നവരാണ്. അവരുടെകൂടെ മീറ്റിങ്ങിനും ശുശ്രൂഷയിലും മറ്റ് അവസരങ്ങളിലും സമയം ചെലവഴിക്കുമ്പോൾ മോശമായ കാര്യങ്ങൾ ഒഴിവാക്കാനുള്ള പ്രോത്സാഹനം നമുക്ക് ലഭിക്കും.—സുഭാ. 13:20.
14. (എ) എല്ലാ പ്രശ്നങ്ങളിൽനിന്നും യഹോവ നമ്മളെ സംരക്ഷിക്കാത്തത് എന്തുകൊണ്ട്? (ബി) സങ്കീർത്തനം 9:10 നമുക്ക് എന്ത് ഉറപ്പുതരുന്നു? (അടിക്കുറിപ്പും കാണുക.)
14 യഹോവ തന്റെ ദാസരെ മുൻകാലങ്ങളിൽ ജീവൻ അപകടത്തിലായേക്കാവുന്ന സാഹചര്യങ്ങളിൽനിന്ന് സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ദൈവം അങ്ങനെ ചെയ്തിട്ടില്ല. ചിലപ്പോൾ നമുക്ക് ‘അപ്രതീക്ഷിതസംഭവങ്ങൾ’ നേരിടേണ്ടിവന്നേക്കാം എന്നു ബൈബിൾ പറയുന്നു. (സഭാ. 9:11) ഇനി, ചരിത്രം നോക്കിയാൽ തന്റെ ആരാധകർക്ക് ഉപദ്രവങ്ങൾ നേരിടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാൻ വേണ്ടിയാണ് യഹോവ അത് അനുവദിച്ചത്. (ഇയ്യോ. 2:4-6; മത്താ. 23:34) ഇന്നു നമുക്കും ഈ പ്രശ്നങ്ങളൊക്കെ നേരിടേണ്ടിവരുന്നുണ്ട്. എന്നാൽ ആ പ്രശ്നങ്ങളൊന്നും മാറ്റിയില്ലെങ്കിലും തന്നെ സ്നേഹിക്കുന്നവരെ ഉപേക്ഷിക്കില്ല എന്ന് യഹോവ ഉറപ്പുതരുന്നു.d—സങ്കീ. 9:10.
യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു
15. പ്രാർഥനയും ദൈവവചനവും സഹക്രിസ്ത്യാനികളും നമ്മളെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്? (2 കൊരിന്ത്യർ 1:3, 4)
15 2 കൊരിന്ത്യർ 1:3, 4 വായിക്കുക. ഇടയ്ക്കൊക്കെ നമുക്ക് വിഷമമോ ഉത്കണ്ഠയോ നിരാശയോ ഒക്കെ തോന്നിയേക്കാം. നിങ്ങൾ ഇപ്പോൾ അങ്ങനെയൊരു സാഹചര്യത്തിലൂടെയായിരിക്കാം കടന്നുപോകുന്നത്. ‘എന്റെ വിഷമങ്ങൾ ആരും മനസ്സിലാക്കുന്നില്ല, ഞാൻ ഒറ്റയ്ക്കാണ്’ എന്ന് ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ യഹോവ നമ്മുടെ വേദന കാണുന്നുണ്ടെന്ന് മാത്രമല്ല, ‘കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കുകയും ചെയ്യും.’ യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്? നമ്മൾ നമ്മുടെ വിഷമങ്ങളെല്ലാം പ്രാർഥനയിൽ യഹോവയോട് തുറന്നുപറയുമ്പോൾ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നമുക്കു തരും. (ഫിലി. 4:6, 7) ഇനി, ബൈബിളിലൂടെയും നമുക്ക് ആശ്വാസം ലഭിക്കുന്നു. ബൈബിൾ വായിക്കുമ്പോൾ, യഹോവ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് നമുക്കു മനസ്സിലാകും. അതുപോലെ ജ്ഞാനികളായിരിക്കാനും നല്ലൊരു പ്രത്യാശ ഉണ്ടായിരിക്കാനും അതു നമ്മളെ സഹായിക്കും. ഇനി, ആശ്വാസം കിട്ടുന്ന മറ്റൊരു വഴിയാണ് ക്രിസ്തീയയോഗങ്ങൾ. അവിടെ നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം ആയിരിക്കുന്നതും ബൈബിളിൽനിന്ന് പ്രോത്സാഹനം ലഭിക്കുന്നതും നമുക്കു ശരിക്കും ഒരു ആശ്വാസമാണ്.
16. നേഥന്റെയും പ്രിസില്ലയുടെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
16 ദൈവവചനം ഉപയോഗിച്ച് യഹോവ നമ്മളെ ആശ്വസിപ്പിക്കുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും നമ്മൾ കണ്ടു. അതിന് ഒരു ഉദാഹരണമാണ് ഐക്യനാടുകളിൽനിന്നുള്ള നേഥന്റെയും പ്രിസില്ലയുടെയും അനുഭവം. കുറച്ചു വർഷം മുമ്പ് അവർ ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ തീരുമാനിച്ചു. നേഥൻ പറയുന്നു: “യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.” എന്നാൽ അവിടെ എത്തിയതിനു ശേഷം അവർക്ക് ആരോഗ്യപ്രശ്നങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. അവർ വീട്ടിലേക്കു തിരിച്ചുവന്നെങ്കിലും അവരുടെ സാമ്പത്തികപ്രശ്നങ്ങൾ മാറിയില്ല. നേഥൻ പറയുന്നു: “യഹോവ എന്തുകൊണ്ടാണ് വിചാരിച്ചതുപോലെ ഞങ്ങളെ അനുഗ്രഹിക്കാത്തത് എന്ന് ഞങ്ങൾ ചിന്തിച്ചു. ഞാൻ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നുപോലും ഞാൻ ഓർത്തുപോയി.” എന്നാൽ യഹോവ തങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്ന കാര്യം അവർ പിന്നീട് മനസ്സിലാക്കി. നേഥൻ പറയുന്നു: “ബുദ്ധിമുട്ടുള്ള ആ സമയങ്ങളിൽ ബൈബിൾ ഞങ്ങൾക്ക് ജ്ഞാനമുള്ള ഒരു സുഹൃത്തിനെപ്പോലെയായിരുന്നു. അത് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും വഴിനയിക്കുകയും ചെയ്തു. പ്രശ്നങ്ങളിലേക്കു ശ്രദ്ധിക്കുന്നതിനു പകരം അതു സഹിച്ചുനിൽക്കാൻ യഹോവ എങ്ങനെയാണ് ഞങ്ങളെ സഹായിച്ചതെന്നു ഞങ്ങൾ ചിന്തിച്ചു. അങ്ങനെ ചെയ്തത് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്കുവേണ്ടി ഒരുങ്ങാൻ സഹായിച്ചു.”
17. ഹെൽഗ സഹോദരിക്ക് എങ്ങനെയാണ് ആശ്വാസം കിട്ടിയത്? (ചിത്രവും കാണുക.)
17 നമ്മുടെ സഹോദരീസഹോദരന്മാരിലൂടെയും യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു. ഹംഗറിയിലുള്ള ഹെൽഗ സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. വർഷങ്ങളോളം ഹെൽഗ പല ബുദ്ധിമുട്ടുകളും നേരിട്ടു. അതു കാരണം സഹോദരിക്ക് നിരാശയും വിലയില്ലാത്തവളാണെന്ന തോന്നലും ഉണ്ടായി. എന്നാൽ സഹോദരീസഹോദരന്മാരെ ഉപയോഗിച്ചുകൊണ്ട് യഹോവ തന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എന്നു സഹോദരി മനസ്സിലാക്കി. ഹെൽഗ പറയുന്നു: “ജോലിയും സുഖമില്ലാത്ത മകനെ നോക്കുന്നതും മറ്റു ബുദ്ധിമുട്ടുകളും എല്ലാം കൂടിയായപ്പോൾ പിടിച്ചുനിൽക്കാൻ ആകില്ല എന്ന് എനിക്കു തോന്നി. എന്നാൽ അപ്പോഴെല്ലാം യഹോവ എന്നെ സഹായിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ 30 വർഷത്തിൽ ഒരു ദിവസംപോലും യഹോവ എന്നെ ആശ്വസിപ്പിക്കാതിരുന്നിട്ടില്ല. സഹോദരങ്ങളുടെ ദയയുള്ള, ആശ്വസിപ്പിക്കുന്ന വാക്കുകളിലൂടെ യഹോവ എന്നെ ശക്തീകരിച്ചു. ഞാൻ തളർന്നിരുന്നപ്പോൾ, എനിക്ക് ഏറ്റവും ആവശ്യമായ സമയത്തൊക്കെ, സഹോദരങ്ങളുടെ അഭിനന്ദനവാക്കുകളോ മെസ്സേജോ കാർഡോ ഒക്കെ എനിക്കു കിട്ടി.”
മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ യഹോവ എങ്ങനെ നിങ്ങളെ ഉപയോഗിച്ചേക്കാം? (17-ാം ഖണ്ഡിക കാണുക)
18. നമുക്ക് എങ്ങനെ മറ്റുള്ളവരെ ആശ്വസിപ്പിക്കാം?
18 മറ്റുള്ളവരെ ആശ്വസിപ്പിച്ചുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാനുള്ള വലിയ പദവിയുണ്ട്. മറ്റുള്ളവർ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കുകയും അവരെ ആശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും പ്രായോഗികമായ വിധങ്ങളിൽ അവരെ സഹായിക്കുകയും ചെയ്തുകൊണ്ട് നമുക്ക് അതു ചെയ്യാം. (സുഭാ. 3:27) നമ്മൾ എല്ലാ ആളുകളെയും ആശ്വസിപ്പിക്കണം. അതിൽ യഹോവയെ സേവിക്കാത്തവരും ഉൾപ്പെടും. അതുകൊണ്ട് നമുക്കു പരിചയമുള്ള ആരെങ്കിലും രോഗാവസ്ഥയിലാണെന്നോ അവർക്ക് എന്തെങ്കിലും വിഷമമുണ്ടെന്നോ മനസ്സിലാക്കിയാൽ അവരെ ചെന്ന് കാണുകയും അവർ പറയുന്നത് ശ്രദ്ധിക്കുകയും ദൈവവചനത്തിൽനിന്ന് ആശ്വസിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ പറയുകയും ചെയ്യുക. അങ്ങനെ ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവത്തെ’ അനുകരിക്കുമ്പോൾ അതു നമ്മുടെ സഹോദരങ്ങളെയും വിശ്വാസത്തിൽ ഇല്ലാത്തവരെയും സഹായിക്കും. നമ്മുടെ സഹോദരങ്ങളെ ബുദ്ധിമുട്ടുകളിൽ പിടിച്ചുനിൽക്കാൻ അതുവഴി നമുക്കു സഹായിക്കാനാകും. ഇനി, ദൈവത്തെ അറിയാത്ത ആളുകൾക്ക് യഹോവയെക്കുറിച്ച് അറിയാനുള്ള ആഗ്രഹം തോന്നാനും അത് ഇടയാക്കിയേക്കാം.—മത്താ. 5:16.
യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ട്
19. യഹോവ നമുക്കുവേണ്ടി എന്തു ചെയ്യുന്നു, നമുക്ക് യഹോവയെ എങ്ങനെ അനുകരിക്കാം?
19 സ്നേഹമുള്ള മാതാപിതാക്കളെപ്പോലെ യഹോവയ്ക്കു തന്റെ ആരാധകരെക്കുറിച്ച് ചിന്തയുണ്ട്. നമ്മൾ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ല. യഹോവ നമ്മളെ വഴിനയിക്കുകയും നമുക്കുവേണ്ടി കരുതുകയും നമ്മളെ സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. യഹോവയെ അനുകരിച്ചുകൊണ്ട് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ നമുക്ക് ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാം. പ്രശ്നങ്ങളും വിഷമങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമെന്നത് ശരിയാണ്. എന്നാൽ യഹോവയുടെ ഈ വാക്കുകൾ നമുക്ക് ഉറപ്പോടെ വിശ്വസിക്കാം: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.” (യശ. 41:10) ഈ വാക്കുകൾ നമുക്ക് നല്ല ധൈര്യം തരുന്നില്ലേ? അതെ, നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല.
ഗീതം 100 അവരെ സ്വീകരിച്ച് ആതിഥ്യമരുളുക
a 2011 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക” എന്ന ലേഖനം കാണുക.
b 2024 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ നടത്തുന്ന വഴിയിലൂടെതന്നെ പോകുക” എന്ന ലേഖനത്തിന്റെ 11-14 ഖണ്ഡികകൾ കാണുക.
c JW.ORG-ൽ “ദുരിതാശ്വാസം” എന്ന് സെർച്ച് ചെയ്താൽ അടുത്ത കാലത്തെ സമാനമായ അനുഭവങ്ങൾ കാണാം.
d 2017 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
e ചിത്രത്തിന്റെ വിവരണം: ഒരു പ്രകൃതിദുരന്തത്തിനു ശേഷം മലാവിയിലെ സഹോദരങ്ങൾക്ക് ആത്മീയവും ഭൗതികവും ആയ സഹായം ലഭിക്കുന്നു.