നിങ്ങൾക്ക് അറിയാമോ?
ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നു എന്നു ബൈബിൾ മാത്രമേ പറയുന്നുള്ളോ, അതോ മറ്റ് എന്തെങ്കിലും തെളിവുണ്ടോ?
മിദ്യാന്യർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി കുറെ കഴിഞ്ഞ്, ഗോത്രപിതാവായ യാക്കോബും കുടുംബവും കനാനിൽനിന്ന് ഈജിപ്തിലേക്കു താമസം മാറിയെന്നു ബൈബിൾ പറയുന്നു. അവർ ഈജിപ്തിൽ നൈൽനദീതടത്തിലുള്ള ഗോശെൻ ദേശത്ത് താമസമാക്കി. (നൈൽനദീതടം എന്നു പറയുന്നതു നദി കൈവഴികളായി പിരിഞ്ഞ് മഹാസമുദ്രത്തിൽ ചെന്നുചേരുന്ന വിസ്തൃതമായ പ്രദേശമാണ്.) (ഉൽപ. 47:1, 6) അവിടെ ഇസ്രായേല്യർ “അസാധാരണമായി വർധിച്ച് ശക്തിയാർജിച്ചുകൊണ്ടിരുന്നു.” അതുകൊണ്ട് ഈജിപ്തുകാർ ഇസ്രായേല്യരെ ഭയപ്പെടുകയും അവരെ നിർബന്ധിച്ച് അടിമകളാക്കുകയും ചെയ്തു.—പുറ. 1:7-14.
ആധുനികകാലത്തെ ചില നിരൂപകർ ഈ ബൈബിൾവിവരണം ഒരു കെട്ടുകഥയാണെന്നു പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. എന്നാൽ സീമൈറ്റുകൾa പുരാതന ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്നു എന്നതിനു തെളിവുകളുണ്ട്.
ഉദാഹരണത്തിന്, വടക്കൻ ഈജിപ്തിൽ ആളുകൾ പണ്ടു വീടു വെച്ച് താമസിച്ചിരുന്ന സ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ പുരാവസ്തുശാസ്ത്രജ്ഞർ കുഴിച്ചെടുത്തിട്ടുണ്ട്. വടക്കൻ ഈജിപ്തിന്റെ ആ ഭാഗത്ത്, ശേമ്യവംശജരുടെ അങ്ങനെയുള്ള 20-ലധികം താമസസ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ടെന്നു ഡോക്ടർ ജോൺ ബിംസൺ പറയുന്നു. കൂടാതെ, ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ജെയിംസ് കെ. ഹോഫ്മെയർ പറയുന്നു: “ഏകദേശം ബി.സി. 1800 മുതൽ ബി.സി. 1540 വരെയുള്ള കാലഘട്ടത്തിൽ, പടിഞ്ഞാറൻ ഏഷ്യയിലെ സെമിറ്റിക് ഭാഷ സംസാരിക്കുന്ന ആളുകൾ, കുടിയേറി താമസിക്കാൻ പറ്റിയ ഒരു സ്ഥലമായി ഈജിപ്തിനെ കണ്ടിരുന്നു.” (പടിഞ്ഞാറൻ ഏഷ്യയിൽനിന്നാണ് യാക്കോബിന്റെ കുടുംബം ഈജിപ്തിലേക്കു വന്നത്.) അദ്ദേഹം തുടർന്ന് പറയുന്നു: “ഗോത്രപിതാക്കന്മാർ ജീവിച്ചിരുന്ന കാലഘട്ടമാണ് ഇത്. ഉൽപത്തിയിൽ നമ്മൾ വായിക്കുന്ന സംഭവങ്ങൾ നടന്ന അതേ സമയം.”
ഈജിപ്തിന്റെ തെക്കു ഭാഗത്തുനിന്ന് കൂടുതലായ തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇടക്കാല രാജ്യത്തിന്റെ കാലഘട്ടത്തെ (ഏകദേശം ബി.സി. 2000-1600) ഒരു പപ്പൈറസിൽ തെക്കൻ ഈജിപ്തിലെ ഒരു വീട്ടിൽ അടിമകളായി ജോലി ചെയ്തിരുന്ന ആളുകളുടെ പേരുകൾ പറയുന്നുണ്ട്. അതിൽ 40-ലധികം പേരുകൾ ശേമ്യവംശജരുടേതാണ്. ഈ അടിമകൾ അല്ലെങ്കിൽ വേലക്കാർ പാചകക്കാരായും നെയ്ത്തുകാരായും മറ്റും ജോലി ചെയ്തിരുന്നു. മുമ്പു പറഞ്ഞ ഹോഫ്മെയർ പറയുന്നു: “തെബയത്തിലെ (തെക്കൻ ഈജിപ്തിലെ) ഒരു വീട്ടിൽ 40-ലധികം പേർ ജോലി ചെയ്തിരുന്നു എന്നത് ഈജിപ്തിലുടനീളം, പ്രത്യേകിച്ച് നദീതടഭാഗത്ത്, ശേമ്യവംശജരുടെ എണ്ണം വളരെ വലുതായിരുന്നു എന്നാണ് കാണിക്കുന്നത്.”
ആ ലിസ്റ്റിൽ കാണുന്ന ചില അടിമകളുടെ പേരുകൾ “ബൈബിളിൽ കാണുന്ന പേരുകളോടു സമാനമാണെന്ന്” പുരാവസ്തുശാസ്ത്രജ്ഞനായ ഡേവിഡ് റോൾ എഴുതുന്നു. ഉദാഹരണത്തിന്, ആ പപ്പൈറസ് ശകലങ്ങളിൽ ചിലതു യിസ്സാഖാർ, ആശേർ, ശിപ്ര എന്നീ പേരുകളോടു സാമ്യമുള്ളതായിരുന്നു. (പുറ. 1:3, 4, 15) “ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നു എന്നതിന് ഈടുറ്റ തെളിവാണ് ഇത്” എന്നു റോൾ പറയുന്നു.
ഡോക്ടർ ബിംസൺ പറയുന്നു: “ഈജിപ്തിലെ അടിമത്തത്തെയും അവിടെനിന്നുള്ള പുറപ്പാടിനെയും കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾക്കു ചരിത്രത്തിന്റെ ശക്തമായ പിന്തുണയുണ്ട്.”
a നോഹയുടെ മൂന്നു മക്കളിൽ ഒരാളായ ശേമിൽനിന്നാണു സീമൈറ്റ് എന്ന പേര് വന്നത്. ശേമിന്റെ പിൻഗാമികളിൽ ഏലാമ്യരും അസീറിയക്കാരും ആദ്യകാലത്തെ കൽദയരും എബ്രായരും സിറിയക്കാരും വ്യത്യസ്ത അറേബിയൻ ഗോത്രങ്ങളിൽപ്പെട്ടവരും ഉൾപ്പെട്ടിരുന്നു.