സെമിറ്റിക്ക്
നോഹയുടെ മകനായ ശേമിന്റെ വംശത്തിൽപ്പെട്ട ജനസമൂഹങ്ങളെയോ (ശേമ്യർ എന്ന് അറിയപ്പെടുന്നു.) അവരുടെ ഭാഷകളെയോ സംസ്കാരങ്ങളെയോ ആണ് സെമിറ്റിക്ക് എന്നു വിശേഷിപ്പിക്കാറുള്ളത്.—ഉൽ 10:21-31.
ആദ്യകാല ശേമ്യരിൽ, വിവിധ അറബിഗോത്രങ്ങളും അരാമ്യർ (അഥവാ സിറിയക്കാർ), അസീറിയക്കാർ, ആദ്യകാല കൽദയർ, ഏലാമ്യർ, എബ്രായർ എന്നിവരും മറ്റുള്ളവരും ഉൾപ്പെട്ടിരുന്നു. ഫർട്ടൈൽ ക്രെസെന്റ് എന്ന് അറിയപ്പെടുന്ന ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും അറേബ്യൻ ഉപദ്വീപിന്റെ വലിയൊരു ഭാഗവും ഉൾപ്പെടെ ഏഷ്യ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഒട്ടുമിക്ക ഭാഗങ്ങളും ഇവരുടെ അധിവാസമേഖലകളായിരുന്നു.
ബൈബിൾക്കാലങ്ങളിൽ സെമിറ്റിക്ക് വിഭാഗത്തിൽപ്പെട്ട ഭാഷകളിൽ അക്കേഡിയൻ (അസീറിയയിലെയും ബാബിലോണിലെയും ഭാഷ), അറബി, അരമായ, എബ്രായ എന്നീ ഭാഷകളും ഇസ്രായേല്യരുടെ അയൽജനതകളായിരുന്ന അമ്മോന്യരുടെയും മോവാബ്യരുടെയും ഭാഷകളും ഉൾപ്പെട്ടിരുന്നു. (ഉൽ 11:27; 19:30, 37, 38) ഇതിലും പഴക്കമുള്ള മറ്റു ഭാഷാഗണങ്ങളെക്കുറിച്ച് ചരിത്രരേഖകളിലൊന്നും കാണുന്നില്ല.
ഒരു വാക്കോ പേരോ ശൈലിയോ “സെമിറ്റിക്ക്” വിഭാഗത്തിൽപ്പെട്ടതാണെന്നു പറഞ്ഞാൽ അതിന്റെ അർഥം, അതൊരു സെമിറ്റിക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ചതാണെന്നോ അതിന് ഒരു സെമിറ്റിക്ക് ഭാഷയുടേതായ ചില സവിശേഷതകൾ ഉണ്ടെന്നോ ആണ്.