ജീവിതകഥ
“എനിക്കിപ്പോൾ പ്രസംഗപ്രവർത്തനം എത്ര ഇഷ്ടമാണെന്നോ!”
ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലുള്ള ബാൽക്ലൂത എന്ന പട്ടണത്തിലാണു ഞാൻ ജനിച്ചുവളർന്നത്. കുട്ടിയായിരുന്നപ്പോൾ ഞാൻ യഹോവയെ ഒരുപാട് സ്നേഹിച്ചു, ഒരു സാക്ഷിയായിരിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നി. മീറ്റിങ്ങിനു പോകാനും എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് ഒരിക്കലും അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. സഹോദരങ്ങളുടെകൂടെയായിരിക്കാൻ എനിക്കു സന്തോഷമായിരുന്നു. ഞാൻ പൊതുവേ ഒരു നാണംകുണുങ്ങിയായിരുന്നെങ്കിലും ആഴ്ചതോറും പ്രസംഗപ്രവർത്തനത്തിനു പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. കൂടെ പഠിക്കുന്നവരോടും മറ്റുള്ളവരോടും സത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ഒരു പേടിയും തോന്നിയില്ല. ഒരു സാക്ഷിയായി അറിയപ്പെടാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു, അങ്ങനെ 11-ാം വയസ്സിൽ ഞാൻ എന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചു.
എന്റെ സന്തോഷമെല്ലാം പോയി
കൗമാരത്തിൽ എത്തിയപ്പോഴേക്കും യഹോവയുമായുള്ള എന്റെ അടുപ്പം പതിയെ കുറയാൻതുടങ്ങി. ക്ലാസ്സിലെ കുട്ടികൾക്കൊക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ച് എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ളതുപോലെ തോന്നി. ‘എനിക്ക് ഇതൊന്നും പറ്റുന്നില്ലല്ലോ’ എന്നു ഞാൻ ചിന്തിച്ചു. വീട്ടിലെ നിയമങ്ങളും ക്രിസ്തീയനിലവാരങ്ങളും എല്ലാംകൂടെ എന്നെ ശ്വാസംമുട്ടിച്ചു. യഹോവയെ ആരാധിക്കുന്നത് എനിക്കൊരു ഭാരമായി തുടങ്ങി. യഹോവ ഉണ്ട് എന്ന കാര്യത്തിൽ എനിക്കു സംശയമൊന്നും ഇല്ലായിരുന്നു. പക്ഷേ യഹോവയോട് എനിക്ക് മുമ്പുണ്ടായിരുന്ന ആ സ്നേഹം തോന്നിയില്ല.
മാസംതോറും വയൽസേവനമണിക്കൂർ റിപ്പോർട്ട് ചെയ്യാൻവേണ്ടി മാത്രമാണു ഞാൻ പ്രസംഗപ്രവർത്തനം ചെയ്തത്. പോകുമ്പോഴാണെങ്കിൽ തയ്യാറാകാതെയാണു പോയിരുന്നത്. അതുകൊണ്ടുതന്നെ ആളുകളോടു സംസാരിക്കാൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു. അതോടെ എനിക്ക് മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും കിട്ടാതെയായി. അങ്ങനെ പ്രസംഗപ്രവർത്തനം കൂടുതൽ ബോറായി തോന്നിത്തുടങ്ങി. ‘എല്ലാ ആഴ്ചയും ഒരു മടുപ്പും ഇല്ലാതെ ഇങ്ങനെ പ്രസംഗിക്കാൻപോകാൻ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നു’ എന്നു ഞാൻ ചിന്തിച്ചു.
17 വയസ്സായതോടെ കൂടുതൽ സ്വാതന്ത്ര്യത്തിനുവേണ്ടി വീട്ടിൽനിന്ന് പുറത്ത് ചാടാൻ ഞാൻ തീരുമാനിച്ചു. അതുകൊണ്ട് ഞാൻ സാധനങ്ങളൊക്കെ എടുത്ത് ഓസ്ട്രേലിയയ്ക്കു പോയി. ഞാൻ വീടു വിട്ട് പോകാൻ തീരുമാനിച്ചപ്പോൾ ഡാഡിക്കും മമ്മിക്കും സങ്കടമായി. എന്റെ കാര്യം ഓർത്ത് പേടിയുണ്ടായിരുന്നെങ്കിലും ഞാൻ യഹോവയെ സേവിക്കുന്നതു നിറുത്തില്ലെന്ന് അവർ വിശ്വസിച്ചു.
ഓസ്ട്രേലിയയിൽ എത്തിയതോടെ ഞാൻ ആത്മീയമായി കൂടുതൽ തണുത്തു. പലപ്പോഴും മീറ്റിങ്ങുകൾക്കു പോകാതായി. എനിക്ക് അവിടെ കുറെ കൂട്ടുകാരെ കിട്ടി. അവരും ഏതാണ്ട് എന്നെപ്പോലെതന്നെയായിരുന്നു. ഒരു ദിവസം മീറ്റിങ്ങിനു പോകും, എന്നിട്ട് അടുത്ത ദിവസം നൈറ്റ് ക്ലബ്ബുകളിൽ പോയി പാട്ടും കൂത്തും ഒക്കെയായി സമയം ചെലവഴിക്കും. ആ കാലത്തെക്കുറിച്ച് ചിന്തിച്ചാൽ ഞാൻ രണ്ടു തോണിയിൽ കാൽ വെച്ചിരിക്കുന്നതുപോലെയായിരുന്നു. സത്യത്തിൽ ആണോന്നു ചോദിച്ചാൽ അതെ, ഇനി, ലോകത്തിന്റെ ഭാഗമാണോ എന്നു ചോദിച്ചാലും അതെ. ശരിക്കും പറഞ്ഞാൽ എങ്ങും ഇല്ലാത്ത അവസ്ഥ.
അപ്രതീക്ഷിതമായി പഠിച്ച പാഠം
ഏകദേശം രണ്ടു വർഷം കഴിഞ്ഞ് ഞാൻ ഒരു സഹോദരിയെ കണ്ടുമുട്ടി. എന്റെ ജീവിതത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കാൻ, അറിയാതെയാണെങ്കിലും ആ സഹോദരി എന്നെ സഹായിച്ചു. ഞങ്ങൾ ഏകാകികളായ അഞ്ചു സഹോദരിമാർ ഒരുമിച്ചാണ് ഒരു വീട്ടിൽ താമസിച്ചിരുന്നത്. സർക്കിട്ട് മേൽവിചാരകനെയും ഭാര്യയായ തമാരയെയും ഞങ്ങളുടെകൂടെ ഒരാഴ്ച താമസിക്കാൻ ഞങ്ങൾ ക്ഷണിച്ചു. സഹോദരൻ സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായിരിക്കും. ആ സമയത്ത് സഹോദരി ഞങ്ങളുടെകൂടെ സമയം ചെലവഴിച്ചു. അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞങ്ങളോടൊപ്പം കൂടുന്ന ഒരു പാവം സഹോദരിയായിരുന്നു തമാര. ഇത്രയും ആത്മീയതയുള്ള ഒരാൾ ഞങ്ങളുടെകൂടെ ഇരുന്ന് തമാശയൊക്കെ പറയുന്നതു കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി.
നല്ല ഉത്സാഹമുള്ള സഹോദരിയായിരുന്നു തമാര. സത്യത്തോടും പ്രസംഗപ്രവർത്തനത്തോടും ഉള്ള സഹോദരിയുടെ സ്നേഹം കാണുമ്പോൾ നമുക്കും അങ്ങനെ ചെയ്യാൻ തോന്നും. തമാര ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ, ഞാൻ യഹോവയെ സേവിച്ചിരുന്നത് പേരിനു മാത്രമാണ്. തമാരയുടെ നല്ല മനോഭാവവും സന്തോഷവും കണ്ടപ്പോൾ ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു. ആ നല്ല മാതൃക പ്രധാനപ്പെട്ട ഒരു സത്യം എന്റെ ഓർമയിലേക്കു കൊണ്ടുവന്നു: “സന്തോഷത്തോടെ,” “സന്തോഷാരവങ്ങളോടെ” നമ്മൾ യഹോവയെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്.—സങ്കീ. 100:2.
പ്രസംഗപ്രവർത്തനത്തെ ഞാൻ വീണ്ടും സ്നേഹിച്ചുതുടങ്ങി
തമാരയെപ്പോലെ ആകാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആ സന്തോഷം കിട്ടാൻ ഞാൻ ജീവിതത്തിൽ ചില വലിയ മാറ്റങ്ങൾതന്നെ വരുത്തണമായിരുന്നു. എനിക്കു പെട്ടെന്നൊന്നും അതിനു കഴിഞ്ഞില്ല, പതിയെപ്പതിയെ ഓരോരോ മാറ്റങ്ങൾ വരുത്തി. നന്നായി തയ്യാറായി പ്രസംഗപ്രവർത്തനത്തിനു പോകാൻ തുടങ്ങി. ഇടയ്ക്കൊക്കെ സഹായ മുൻനിരസേവനം ചെയ്തു. പേടി കുറയ്ക്കാനും ധൈര്യത്തോടെ ആളുകളോടു സംസാരിക്കാനും അത് എന്നെ സഹായിച്ചു. കൂടെക്കൂടെ ബൈബിൾ ഉപയോഗിച്ച് ആളുകളോടു സംസാരിക്കാൻ കഴിഞ്ഞതുകൊണ്ട് എനിക്കു പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും തോന്നി. പെട്ടെന്നുതന്നെ ഞാൻ എല്ലാ മാസവും സഹായ മുൻനിരസേവനം ചെയ്യാൻതുടങ്ങി.
സത്യത്തിൽ നല്ല തീക്ഷ്ണതയുള്ള, യഹോവയെ സന്തോഷത്തോടെ സേവിക്കുന്ന പല പ്രായക്കാരെയും ഞാൻ കൂട്ടുകാരാക്കി. അവരുടെ നല്ല മാതൃക, ഞാൻ ജീവിതത്തിൽ എന്തിനാണു പ്രാധാന്യം കൊടുക്കുന്നതെന്നു ചിന്തിക്കാനും ദിവസവും ബൈബിൾ വായിക്കുന്നത് ഒരു ശീലമാക്കാനും എന്നെ സഹായിച്ചു. പ്രസംഗപ്രവർത്തനം എനിക്കു കൂടുതൽക്കൂടുതൽ ഇഷ്ടമായി. അങ്ങനെ ഞാൻ സാധാരണ മുൻനിരസേവനം തുടങ്ങി. വർഷങ്ങൾക്കു ശേഷം ആദ്യമായി, സഭയോടൊത്ത് ആയിരിക്കുന്നതിൽ എനിക്കു സന്തോഷവും സംതൃപ്തിയും തോന്നി.
മുൻനിരസേവനത്തിൽ സ്ഥിരമായി ഒരു പങ്കാളി
ഒരു വർഷം കഴിഞ്ഞ് ഞാൻ അലക്സിനെ കണ്ടുമുട്ടി. നല്ല ദയയും ആത്മാർഥതയും ഉള്ള, യഹോവയെ സ്നേഹിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അലക്സിനു പ്രസംഗപ്രവർത്തനം വളരെ ഇഷ്ടമായിരുന്നു. ആറു വർഷമായി മുൻനിരസേവനം ചെയ്യുകയായിരുന്ന അദ്ദേഹം ഒരു ശുശ്രൂഷാദാസനുമായിരുന്നു. ഏഴെട്ടു മാസം ആവശ്യം അധികമുള്ള മലാവിയിലും പ്രവർത്തിച്ചു. അവിടെ മിഷനറിമാരോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടി. അവരുടെ നല്ല മാതൃക അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചു. ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ അവർ അലക്സിനെ പ്രോത്സാഹിപ്പിച്ചു.
2003-ൽ അലക്സും ഞാനും വിവാഹിതരായി. അന്നുമുതൽ ഞങ്ങൾ ഒരുമിച്ച് മുഴുസമയസേവനം ചെയ്യുന്നു. ഞങ്ങൾക്ക് ഒത്തിരിയൊത്തിരി കാര്യങ്ങൾ പഠിക്കാനായി. യഹോവയുടെ സമൃദ്ധമായ അനുഗ്രഹവും ഞങ്ങളുടെ മേൽ ഉണ്ടായിരുന്നു.
യഹോവയിൽനിന്ന് കൂടുതലായ അനുഗ്രഹങ്ങൾ
ടിമോർ ലെസ്തെയിലെ ഗ്ലെനോയിൽ വയൽസേവനം ചെയ്യുന്നു
2009-ൽ ടിമോർ ലെസ്തെയിൽ മിഷനറിമാരായി പ്രവർത്തിക്കാൻ ഞങ്ങളെ ക്ഷണിച്ചു. ഇൻഡൊനീഷ്യൻ ദ്വീപസമൂഹത്തിലെ ഒരു ചെറിയ രാജ്യമായിരുന്നു ഇത്. ഇങ്ങനെയൊരു നിയമനം ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ല. ഞങ്ങൾക്ക് ആവേശവും അതോടൊപ്പം അൽപ്പം പേടിയും തോന്നി. അഞ്ചു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ ടിമോറിന്റെ തലസ്ഥാനമായ ഡിലിയിൽ എത്തി.
പുതിയ സ്ഥലത്തെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. സംസ്കാരം, ഭാഷ, ഭക്ഷണരീതി, ജീവിതസാഹചര്യങ്ങൾ എല്ലാം ഞങ്ങൾക്കു പുതിയതായിരുന്നു. പ്രസംഗപ്രവർത്തനത്തിലായിരിക്കെ മിക്കപ്പോഴും ഞങ്ങൾ തീരെ പാവപ്പെട്ട, കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത, അടിച്ചമർത്തപ്പെട്ടവരായ ആളുകളെ കണ്ടുമുട്ടി. യുദ്ധത്തിനും അക്രമത്തിനും ഇരകളായിട്ട് ശാരീരികവും വൈകാരികവും ആയി മുറിവേറ്റവരായിരുന്നു അവരിൽ പലരും.a
അവിടത്തെ പ്രസംഗപ്രവർത്തനം എന്തു രസമായിരുന്നെന്നോ! ഞാൻ ഓർക്കുന്ന ഒരു സംഭവം പറയാം. ഒരിക്കൽ ഞാൻ മരിയ എന്നൊരു പെൺകുട്ടിയെ കണ്ടുമുട്ടി.b 13-കാരിയായ അവൾ ആകെ സങ്കടത്തിലായിരുന്നു. കുറച്ച് വർഷം മുമ്പ് അവളുടെ അമ്മ മരിച്ചുപോയി. അപ്പനെയാണെങ്കിൽ വല്ലപ്പോഴുമേ കാണാറുമുള്ളൂ. ആ പ്രായത്തിലുള്ള പല കുട്ടികളെയുംപോലെ മരിയയ്ക്കും ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു. ഒരു ദിവസം അവൾ എന്റെ അടുത്ത് ഇരുന്ന് ഒരുപാടു കരഞ്ഞു. പക്ഷേ അവൾ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. കാരണം ഞാൻ ആ ഭാഷ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും അവളെ പ്രോത്സാഹിപ്പിക്കാൻ എന്നെ സഹായിക്കണേ എന്ന് ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട് ആശ്വാസം നൽകുന്ന ചില ബൈബിൾവാക്യങ്ങൾ കാണിച്ചുകൊടുത്തു. സത്യം പഠിച്ചതോടെ മരിയയുടെ കാഴ്ചപ്പാടിലും ജീവിതത്തിലും ഒക്കെ മാറ്റങ്ങളുണ്ടായി. കുറച്ച് വർഷങ്ങൾകൊണ്ട് അവൾ ആകെ മാറി. അവൾ സ്നാനപ്പെട്ടു. ഇപ്പോൾ മരിയയ്ക്കുതന്നെ പല ബൈബിൾപഠനങ്ങളുമുണ്ട്. അവൾക്ക് ഇപ്പോൾ അവളെ ആത്മാർഥമായി സ്നേഹിക്കുന്ന വലിയൊരു കുടുംബമുണ്ട്, ലോകമെങ്ങുമുള്ള യഹോവയുടെ ജനം!
ടിമോർ ലെസ്തെയിലെ പ്രസംഗപ്രവർത്തനത്തെ യഹോവ അനുഗ്രഹിക്കുന്നതു ഞങ്ങൾക്കു ശരിക്കും കാണാനാകുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സ്നാനമേറ്റവരാണ് അവിടത്തെ പ്രചാരകരിൽ മിക്കവരും. അവരിൽ പലരും ഇപ്പോൾ മുൻനിരസേവകരും ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും ഒക്കെയാണ്. ഇനി, പ്രാദേശികഭാഷകളിൽ ആത്മീയാഹാരം തയ്യാറാക്കുന്നതിനുവേണ്ടി മറ്റു ചിലർ അവിടത്തെ വിദൂര പരിഭാഷാകേന്ദ്രത്തിൽ പ്രവർത്തിക്കുന്നു. സഭയിലെ സഹോദരങ്ങളുടെ ചിരിച്ച മുഖവും യഹോവയോടുള്ള സ്നേഹവും അവരുടെ പാട്ടു കേൾക്കുന്നതും ഒക്കെ എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു.
നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശത്ത് സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യാനായി അലക്സിനോടൊപ്പം പോകാൻ ഒരുങ്ങുന്നു
ഇതിലും നല്ലൊരു ജീവിതം വേറെയില്ല
ഓസ്ട്രേലിയയിലെപ്പോലെയായിരുന്നില്ല ടിമോർ ലെസ്തെയിലെ ജീവിതം. പക്ഷേ ഇത്രയും സന്തോഷം തരുന്നൊരു ജീവിതം ഞങ്ങൾക്കു മുമ്പുണ്ടായിരുന്നിട്ടില്ല. ആളുകൾ തിങ്ങിനിറഞ്ഞ ബസ്സിലായിരുന്നു ചിലപ്പോഴൊക്കെ ഞങ്ങളുടെ യാത്ര. ചന്തയിൽനിന്ന് കൊണ്ടുവരുന്ന ഉണക്കമീനും പച്ചക്കറികളും എല്ലാം അതിൽ കാണും. ആളുകൾ താമസിച്ചിരുന്ന ചെറിയ കുടിലുകളിൽ ഇരുന്നാണു പലപ്പോഴും ബൈബിൾപഠനം നടത്തിയിരുന്നത്. നല്ല ചൂടായിരിക്കും. തറയാണെങ്കിൽ സിമിന്റിട്ടതോ ടൈൽ വിരിച്ചതോ ഒന്നും ആയിരിക്കില്ല. പഠിക്കുന്നതിനിടെ കോഴികളൊക്കെ അതിലെ ഓടി നടക്കുന്നുമുണ്ടാകും. പക്ഷേ അതൊക്കെ ഒരു രസമായിരുന്നു!
വയൽസേവനപ്രദേശത്തേക്കുള്ള യാത്രയിൽ
എന്റെ ചെറുപ്പകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു ഡാഡിയോടും മമ്മിയോടും ഒത്തിരി നന്ദിയുണ്ട്. അവർ യഹോവയുടെ വഴികളെക്കുറിച്ച് പഠിപ്പിച്ചു; വിശ്വാസത്തിൽ തണുത്തുപോയപ്പോഴും എന്റെ കൂടെനിന്നു. സുഭാഷിതങ്ങൾ 22:6 എന്റെ കാര്യത്തിൽ ശരിയാണ്. മമ്മിക്കും ഡാഡിക്കും അലക്സിനെയും എന്നെയും ഓർത്ത് വലിയ അഭിമാനമാണ്. ഞങ്ങൾ മുഴുസമയസേവനത്തിൽ ആയിരിക്കുന്നതിൽ അവർക്ക് ഒരുപാടു സന്തോഷമുണ്ട്. 2016 മുതൽ ഞങ്ങൾ ഓസ്ട്രേലേഷ്യ ബ്രാഞ്ചിന്റെ പ്രദേശത്ത് സഞ്ചാരവേല ചെയ്യുന്നു.
ടിമോറിലെ ചില കുട്ടികളെ ഡേവിഡിന്റെയും ടീനയുടെയും വീഡിയോ കാണിക്കുന്നു
വയൽസേവനത്തിനു പോകുന്നത് ഒരു ഭാരമായി ഒരു കാലത്ത് എനിക്കു തോന്നിയിരുന്നു. പക്ഷേ എനിക്കിപ്പോൾ പ്രസംഗപ്രവർത്തനം എത്ര ഇഷ്ടമാണെന്നോ! ഒരു കാര്യം ഞാൻ പഠിച്ചു: ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുമ്പോഴാണു ശരിക്കുള്ള സന്തോഷം കിട്ടുന്നത്. കഴിഞ്ഞ 18 വർഷക്കാലം അലക്സിന്റെകൂടെ യഹോവയെ സേവിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം. സങ്കീർത്തനക്കാരനായ ദാവീദ് യഹോവയോടു പറഞ്ഞ വാക്കുകൾ എത്ര സത്യമാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു: “അങ്ങയിൽ അഭയം തേടിയവരെല്ലാം ആനന്ദിക്കും. അവർ എപ്പോഴും സന്തോഷിച്ചാർക്കും. . . . അങ്ങയുടെ പേരിനെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കും.”—സങ്കീ. 5:11.
എളിയവരായ ഈ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നത് എത്ര രസമാണെന്നോ!
a 1975 മുതൽ 20-ലേറെ വർഷക്കാലം ടിമോർ ലെസ്തെയിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയപോരാട്ടങ്ങൾ നടന്നു.
b ഇത് യഥാർഥപേരല്ല.