പഠനലേഖനം 9
ഗീതം 51 നമ്മൾ ദൈവത്തിനു സമർപ്പിതർ!
സ്നാനമേൽക്കാൻ വൈകരുത്!
“ഇനി എന്തിനാണു വൈകുന്നത്? എഴുന്നേറ്റ് സ്നാനമേൽക്കുക.”—പ്രവൃ. 22:16.
ഉദ്ദേശ്യം
ശമര്യക്കാരുടെയും തർസൊസിലെ ശൗലിന്റെയും കൊർന്നേല്യൊസിന്റെയും കൊരിന്തിലുള്ളവരുടെയും മാതൃകകളിൽനിന്ന് സ്നാനത്തിലേക്കു പുരോഗമിക്കാനുള്ള ധൈര്യം നേടുക.
1. സ്നാനമേൽക്കാൻ എന്തെല്ലാം നല്ല കാരണങ്ങളുണ്ട്?
ജീവനും മറ്റെല്ലാ സമ്മാനങ്ങളും തന്ന ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ? ആ ദൈവത്തോടു സ്നേഹം കാണിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അതിനുള്ള ഏറ്റവും നല്ല വഴി ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അതിന്റെ തെളിവായി സ്നാനമേൽക്കുകയും ചെയ്യുന്നതാണ്. അപ്പോൾ നിങ്ങൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകും. നിങ്ങളെ സ്വത്തായി കരുതുന്നതുകൊണ്ട് ദൈവം ഒരു പിതാവും സുഹൃത്തും എന്നനിലയിൽ നിങ്ങളെ വഴിനയിക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യും. (സങ്കീ. 73:24; യശ. 43:1, 2) അതുപോലെ സമർപ്പണവും സ്നാനവും, എന്നേക്കും ജീവിക്കാനുള്ള അവസരം തുറന്നുതരുകയും ചെയ്യും.—1 പത്രോ. 3:21.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്ന എന്തെങ്കിലുമുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. സ്നാനമേൽക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ജീവിതരീതിയിലും ചിന്തകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ സന്തോഷത്തോടെയും തീക്ഷ്ണതയോടെയും യഹോവയെ സേവിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ സ്നാനമേറ്റ ചിലരിൽനിന്ന് നമുക്കു പഠിക്കാനുണ്ട്. അവർക്കു നേരിട്ട ചില തടസ്സങ്ങൾ എന്തെല്ലാമാണെന്നും അവരുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നോക്കാം.
ശമര്യക്കാർ സ്നാനമേറ്റു
3. സ്നാനമേൽക്കുന്നതിനു ചില ശമര്യക്കാർ എന്തെല്ലാം ചെയ്യേണ്ടിവന്നുകാണും?
3 യഹൂദയുടെ വടക്കുള്ള പുരാതനനഗരങ്ങളായ ശെഖേമിന്റെയും ശമര്യയുടെയും പരിസരത്തുണ്ടായിരുന്ന ഒരു മതവിഭാഗത്തിൽപ്പെട്ടവരാണു യേശുവിന്റെ നാളിലെ ശമര്യക്കാർ. സ്നാനമേൽക്കുന്നതിനു മുമ്പ് അവർ ദൈവവചനത്തിന്റെ പൂർണമായ അറിവ് നേടണമായിരുന്നു. ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ആയ ഉൽപത്തി മുതൽ ആവർത്തനം വരെയും സാധ്യതയനുസരിച്ച് യോശുവയുടെ പുസ്തകവും മാത്രമേ ദൈവപ്രചോദിതമായി എഴുതിയ പുസ്തകങ്ങളായി അവർ വിശ്വസിച്ചിരുന്നുള്ളൂ. എങ്കിലും ആവർത്തനം 18:18, 19 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹ വരുമെന്ന് ശമര്യക്കാർ പ്രതീക്ഷിച്ചിരുന്നു. (യോഹ. 4:25) എന്നാൽ സ്നാനമേൽക്കുന്നതിന്, വാഗ്ദാനം ചെയ്ത മിശിഹ യേശുവാണെന്ന് അവർ അംഗീകരിക്കണമായിരുന്നു. “ധാരാളം ശമര്യക്കാർ” അങ്ങനെതന്നെ ചെയ്തു. (യോഹ. 4:39) ഇനി, മറ്റു ചിലർക്കു ജൂതന്മാരും ശമര്യക്കാരും തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന മുൻവിധിയും മാറ്റേണ്ടിവന്നുകാണും.—ലൂക്കോ. 9:52-54.
4. പ്രവൃത്തികൾ 8:5, 6, 14 അനുസരിച്ച് ഫിലിപ്പോസ് പ്രസംഗിച്ചപ്പോൾ ചില ശമര്യക്കാർ എങ്ങനെയാണു പ്രതികരിച്ചത്?
4 സ്നാനമേൽക്കാൻ ശമര്യക്കാരെ എന്താണു സഹായിച്ചത്? സുവിശേഷകനായ ഫിലിപ്പോസ് ‘ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചപ്പോൾ’ ചില ശമര്യക്കാർ ‘ദൈവവചനം സ്വീകരിച്ചു.’ (പ്രവൃത്തികൾ 8:5, 6, 14 വായിക്കുക.) ഫിലിപ്പോസ് ജൂത പശ്ചാത്തലത്തിൽനിന്നുള്ള ഒരാളായിരുന്നെങ്കിലും അവർ അദ്ദേഹത്തെ എതിർത്തില്ല. ദൈവം പക്ഷപാതമുള്ളവനല്ലെന്നു തിരുവെഴുത്തുകളിൽനിന്ന് വായിച്ചത് അവർ ഓർത്തിട്ടുണ്ടാകും. (ആവ. 10:17-19) എന്താണെങ്കിലും ഫിലിപ്പോസ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അവർ ‘ഏകമനസ്സോടെ ശ്രദ്ധിച്ചു.’ ആളുകളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും ഉൾപ്പെടെ ഒരുപാട് അത്ഭുതങ്ങൾ ഫിലിപ്പോസ് ചെയ്തു. (പ്രവൃ. 8:7) അങ്ങനെ, ദൈവമാണു ഫിലിപ്പോസിനെ അയച്ചത് എന്നതിന്റെ വ്യക്തമായ തെളിവുകൾ അവർ അംഗീകരിച്ചു.
5. ശമര്യക്കാരിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
5 മുൻവിധിയും പരിമിതമായ അറിവും സ്നാനത്തിലേക്കു പുരോഗമിക്കുന്നതിൽനിന്ന് ആ ശമര്യക്കാരെ തടയാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കാൻ അവർ അനുവദിച്ചില്ല. ഫിലിപ്പോസ് പഠിപ്പിച്ചതു സത്യമാണെന്നു ബോധ്യപ്പെട്ടപ്പോൾ ശമര്യക്കാർ സ്നാനമേൽക്കാൻ പിന്നെ വൈകിയില്ല. ബൈബിൾവിവരണം ഇങ്ങനെ പറയുന്നു: “എന്നാൽ ഫിലിപ്പോസ് ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ പേരിനെയും കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും വിശ്വസിച്ച് സ്നാനമേറ്റു.” (പ്രവൃ. 8:12) ദൈവത്തിന്റെ വചനം സത്യമാണെന്നു നിങ്ങൾക്കു ബോധ്യമുണ്ടോ? യഹോവയുടെ സാക്ഷികൾ മുൻവിധി മറികടന്ന്, സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന സ്നേഹം കാണിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ? (യോഹ. 13:35) എങ്കിൽ ഒട്ടും വെച്ചുതാമസിപ്പിക്കാതെ സ്നാനമേൽക്കാൻ ധൈര്യത്തോടെ തീരുമാനമെടുക്കുക. അപ്പോൾ യഹോവ നിങ്ങളെ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്.
6. റൂബെന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 ജർമനിയിൽനിന്നുള്ള റൂബെൻ ഒരു സാക്ഷിക്കുടുംബത്തിലാണു വളർന്നത്. എങ്കിലും ‘യഹോവ ശരിക്കും ഉണ്ടോ’ എന്ന് ചെറുപ്പത്തിൽ റൂബെനു സംശയമുണ്ടായിരുന്നു. ഈ സംശയം എങ്ങനെയാണ് അദ്ദേഹം മാറ്റിയെടുത്തത്? ഇക്കാര്യത്തെക്കുറിച്ച് അറിവ് കുറവാണെന്നു മനസ്സിലാക്കിയ അദ്ദേഹം ചില കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹം പറയുന്നു: “വ്യക്തിപരമായ പഠനത്തിൽ എന്റെ സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. പരിണാമത്തെക്കുറിച്ച് പല പ്രാവശ്യം എനിക്കു പഠിക്കേണ്ടി വന്നു.” നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകം റൂബെൻ വായിച്ചു. അതു റൂബെനെ ഒരുപാടു സഹായിച്ചു. അദ്ദേഹം സ്വയം ഇങ്ങനെ ചിന്തിച്ചു: ‘ഓ, യഹോവ അപ്പോൾ ശരിക്കും ഉണ്ട് അല്ലേ?’ ഇനി, ലോകാസ്ഥാനം സന്ദർശിച്ചപ്പോൾ ഐക്യമുള്ള ആഗോളസഹോദരകുടുംബത്തോടുള്ള റൂബെന്റെ വിലമതിപ്പു കൂടി. അങ്ങനെ ജർമനിയിലേക്കു മടങ്ങിപ്പോയ റൂബെൻ 17-ാമത്തെ വയസ്സിൽ സ്നാനമേറ്റു. പഠിച്ച കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കു സംശയം ഉണ്ടെങ്കിൽ, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ അതെക്കുറിച്ച് ഗവേഷണം ചെയ്തുകൊണ്ട് നന്നായി പഠിക്കുക. സംശയങ്ങൾ മറികടക്കാൻ ‘ശരിയായ അറിവ്’ സഹായിക്കും. (എഫെ. 4:13, 14) ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ദൈവജനത്തിന്റെ സ്നേഹത്തെയും ഐക്യത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾ കേൾക്കുന്നതും നമ്മുടെതന്നെ സഭയിൽനിന്ന് അതിന്റെ തെളിവുകൾ കാണുന്നതും നമ്മുടെ സഹോദരസമൂഹത്തോടുള്ള വിലമതിപ്പു കൂട്ടാൻ സഹായിക്കും.
തർസൊസിലെ ശൗൽ സ്നാനമേറ്റു
7. തന്റെ ഏതു ചിന്താരീതി ശൗൽ തിരുത്തണമായിരുന്നു?
7 തർസൊസിലെ ശൗലിന്റെ കാര്യം നോക്കാം. അദ്ദേഹത്തിനു ജൂതനിയമത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. അതുപോലെ അദ്ദേഹം ജൂതമതകാര്യങ്ങളിൽ തീക്ഷ്ണതയുള്ള ഒരു വ്യക്തിയുമായിരുന്നു. (ഗലാ. 1:13, 14; ഫിലി. 3:5) അക്കാലത്ത് ജൂതന്മാർ ക്രിസ്ത്യാനികളെ വിശ്വാസത്യാഗികളായി കണ്ടിരുന്നതുകൊണ്ട് ശൗൽ ക്രിസ്ത്യാനികളെ കഠിനമായി ഉപദ്രവിച്ചിരുന്നു. ദൈവത്തിന്റെ ഇഷ്ടമാണു താൻ ചെയ്യുന്നതെന്നു ശൗൽ തെറ്റിദ്ധരിച്ചു. (പ്രവൃ. 8:3; 9:1, 2; 26:9-11) ആ ചിന്ത ശൗൽ തിരുത്തണമായിരുന്നു. യേശുവിനെ അംഗീകരിക്കുകയും ഒരു ക്രിസ്ത്യാനിയായി സ്നാനമേൽക്കുകയും ചെയ്യുന്നതിന് അദ്ദേഹം ഉപദ്രവങ്ങൾ സഹിക്കാൻ തയ്യാറാകണമായിരുന്നു.
8. (എ) സ്നാനമേൽക്കാൻ ശൗലിനെ എന്തു സഹായിച്ചു? (ബി) പ്രവൃത്തികൾ 22:12-16 അനുസരിച്ച് അനന്യാസ് ശൗലിനെ എങ്ങനെ സഹായിച്ചു? (ചിത്രവും കാണുക.)
8 സ്നാനമേൽക്കാൻ ശൗലിനെ എന്താണു സഹായിച്ചത്? യേശു സ്വർഗത്തിൽനിന്ന് ശൗലിനോടു സംസാരിച്ചപ്പോൾ വലിയൊരു വെളിച്ചം ശൗലിനു ചുറ്റും മിന്നുകയും അദ്ദേഹം അന്ധനാകുകയും ചെയ്തു. (പ്രവൃ. 9:3-9) മൂന്നു ദിവസത്തേക്ക് അദ്ദേഹം ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അപ്പോൾ അദ്ദേഹം ധ്യാനിച്ചിരിക്കണം. യേശുവാണു മിശിഹ എന്നും യേശുവിന്റെ അനുഗാമികളുടേതാണു സത്യമതം എന്നും അദ്ദേഹത്തിനു ബോധ്യമായി. സ്തെഫാനൊസിനെ കൊന്നതിൽ താൻ പങ്കുവഹിച്ചല്ലോ എന്നോർത്ത് അദ്ദേഹത്തിന് എത്ര വിഷമം തോന്നിക്കാണും! (പ്രവൃ. 22:20) മൂന്നു ദിവസത്തിനു ശേഷം അനന്യാസ് എന്ന ഒരു ശിഷ്യൻ ശൗലിനെ കാണാൻ വരുകയും അദ്ദേഹത്തിന്റെ അന്ധത മാറ്റുകയും ഒട്ടും വൈകാതെ സ്നാനമേൽക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (പ്രവൃത്തികൾ 22:12-16 വായിക്കുക.) ആ സഹായം താഴ്മയോടെ സ്വീകരിച്ച ശൗൽ, പുതിയൊരു ജീവിതം തുടങ്ങി.—പ്രവൃ. 9:17, 18.
ശൗലിനെപ്പോലെ നിങ്ങളും സ്നാനമേൽക്കാനുള്ള പ്രോത്സാഹനം സ്വീകരിക്കുമോ? (8-ാം ഖണ്ഡിക കാണുക)
9. ശൗലിൽനിന്ന് നിങ്ങൾക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
9 ശൗലിൽനിന്ന് നമുക്കു പല പാഠങ്ങളും പഠിക്കാനുണ്ട്. മാനുഷികഭയമോ അഹംഭാവമോ സ്നാനമേൽക്കാൻ അദ്ദേഹത്തിന് ഒരു തടസ്സമാകാമായിരുന്നു. എന്നാൽ ശൗൽ അതിന് അനുവദിച്ചില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ ശൗൽ താഴ്മയോടെ തന്റെ ജീവിതരീതി മാറ്റി. (പ്രവൃ. 26:14, 19) ഉപദ്രവങ്ങളൊക്കെ സഹിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു ക്രിസ്ത്യാനിയാകാൻ തയ്യാറായി. (പ്രവൃ. 9:15, 16; 20:22, 23) സ്നാനമേറ്റതിനു ശേഷം പല പരിശോധനകളും നേരിട്ടപ്പോൾ അദ്ദേഹം സഹായത്തിനായി യഹോവയിൽ ആശ്രയിച്ചു. (2 കൊരി. 4:7-10) ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേൽക്കുമ്പോൾ നിങ്ങൾക്കും ചില പ്രശ്നങ്ങളും വിശ്വാസത്തിന്റെ പരിശോധനകളും നേരിടേണ്ടിവരും. എന്നാൽ പേടിക്കേണ്ടാ, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും നിലയ്ക്കാത്ത പിന്തുണ നിങ്ങൾക്കു ലഭിക്കും എന്ന കാര്യം ഉറപ്പാണ്.—ഫിലി. 4:13.
10. അന്നയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 കിഴക്കൻ യൂറോപ്പിലാണ് അന്ന വളർന്നത്. അമ്മ സ്നാനമേറ്റതിനു ശേഷം അപ്പന്റെ അനുവാദത്തോടെ ഒൻപതാമത്തെ വയസ്സിൽ അന്നയും ബൈബിൾ പഠിക്കാൻ തുടങ്ങി. കൂട്ടുകുടുംബമായി താമസിച്ചിരുന്നതുകൊണ്ട് ബൈബിൾ പഠിച്ചപ്പോൾ അന്നയ്ക്കു ബന്ധുക്കളിൽനിന്ന് എതിർപ്പു നേരിടേണ്ടിവന്നു. പൂർവികരുടെ മതം ഉപേക്ഷിക്കുന്നത് ഒരു നാണക്കേടായിട്ടാണ് അവർ കണ്ടത്. 12 വയസ്സായപ്പോൾ, ‘സ്നാനമേറ്റോട്ടെ’ എന്ന് അന്ന അപ്പനോടു ചോദിച്ചു. അത് അവളുടെ വ്യക്തിപരമായ തീരുമാനമാണോ അതോ ആരെങ്കിലും നിർബന്ധിച്ചിട്ടാണോ എന്ന് അപ്പൻ ചോദിച്ചപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു: “ഞാൻ യഹോവയെ സ്നേഹിക്കുന്നു.” അങ്ങനെ, അന്നയുടെ അപ്പൻ സ്നാനത്തിനു സമ്മതിച്ചു. എന്നാൽ പിന്നീടും അന്നയ്ക്ക് ഒരുപാടു പരിഹാസവും മോശമായ പെരുമാറ്റവും സഹിക്കേണ്ടിവന്നു. ഒരു ബന്ധു അവളോട് ഇങ്ങനെ പറഞ്ഞു: “നീ ഒരു യഹോവയുടെ സാക്ഷിയാകുന്നതിലും ഭേദം പുകവലിക്കുന്നതോ അധാർമികജീവിതം നയിക്കുന്നതോ ആയിരുന്നു.” അന്ന ഇതെല്ലാം എങ്ങനെയാണു സഹിച്ചത്? അവൾ പറയുന്നു: “യഹോവ എനിക്കു വേണ്ട ശക്തി തന്നു. എന്റെ അപ്പനും അമ്മയും എന്നെ ശരിക്കും പിന്തുണച്ചു.” തന്റെ ജീവിതത്തിൽ യഹോവയുടെ കൈ കണ്ട നിമിഷങ്ങളെല്ലാം അവൾ എഴുതി വെക്കും. യഹോവ തന്നെ സഹായിച്ച വിധങ്ങൾ മറന്നുപോകാതിരിക്കാൻ അവൾ ഇടയ്ക്കിടയ്ക്ക് അതെടുത്ത് നോക്കും. ഉപദ്രവങ്ങൾ നേരിടേണ്ടിവരുമോ എന്ന പേടിയുണ്ടെങ്കിൽ ഓർക്കുക: യഹോവ നിങ്ങളെയും സഹായിക്കും.—എബ്രാ. 13:6.
കൊർന്നേല്യൊസ് സ്നാനമേറ്റു
11. കൊർന്നേല്യൊസിന്റെ സാഹചര്യം എന്തായിരുന്നു?
11 ബൈബിളിൽ കൊർന്നേല്യൊസിന്റെ അനുഭവവും പറയുന്നുണ്ട്. കൊർന്നേല്യൊസ് ഒരു “ശതാധിപനായിരുന്നു,” അതായത് റോമൻ സൈന്യത്തിലെ ഏതാണ്ട് 100 പടയാളികളുടെ അധിപൻ. (പ്രവൃ. 10:1; അടിക്കുറിപ്പ്) അതുകൊണ്ടുതന്നെ സമൂഹത്തിലും സൈന്യത്തിലും അദ്ദേഹത്തിനു നല്ലൊരു സ്ഥാനം ഉണ്ടായിരുന്നു. ഇനി, അദ്ദേഹം ‘ഒരുപാടു ദാനധർമങ്ങൾ ചെയ്തിരുന്നു.’ (പ്രവൃ. 10:2) അങ്ങനെയിരിക്കെയാണ് യഹോവ അപ്പോസ്തലനായ പത്രോസിനെ സന്തോഷവാർത്ത അറിയിക്കാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചത്. എന്നാൽ കൊർന്നേല്യൊസിന്റെ ഈ നിലയും വിലയും, ഉടൻതന്നെ സ്നാനമേൽക്കുന്നതിന് ഒരു തടസ്സമായോ?
12. സ്നാനമേൽക്കാൻ കൊർന്നേല്യൊസിനെ എന്താണു സഹായിച്ചത്?
12 സ്നാനമേൽക്കാൻ കൊർന്നേല്യൊസിനെ എന്താണു സഹായിച്ചത്? ‘കൊർന്നേല്യൊസും വീട്ടിലുള്ളവരും ദൈവഭയമുള്ളവരായിരുന്നു’ എന്നു നമ്മൾ വായിക്കുന്നു. അതുപോലെ കൊർന്നേല്യൊസ് പതിവായി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും ചെയ്തുപോന്നു. (പ്രവൃ. 10:2) പത്രോസ് കൊർന്നേല്യൊസിനോടു സന്തോഷവാർത്ത അറിയിച്ചപ്പോൾ അദ്ദേഹവും കുടുംബവും ക്രിസ്തുവിനെ അംഗീകരിക്കുകയും ഒട്ടും താമസിക്കാതെ സ്നാനമേൽക്കുകയും ചെയ്തു. (പ്രവൃ. 10:47, 48) കുടുംബത്തോടൊപ്പം യഹോവയെ ആരാധിക്കുന്നതിന് എന്തു മാറ്റങ്ങൾ വരുത്താനും കൊർന്നേല്യൊസ് തയ്യാറായിരുന്നു എന്നതിൽ സംശയമില്ല.—യോശു. 24:15; പ്രവൃ. 10:24, 33.
13. കൊർന്നേല്യൊസിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
13 ശൗലിനെപ്പോലെ, കൊർന്നേല്യൊസിനും സമൂഹത്തിൽ തനിക്കുള്ള സ്ഥാനം ഒരു ക്രിസ്ത്യാനിയാകുന്നതിനു തടസ്സമാകാമായിരുന്നു. എന്നാൽ അദ്ദേഹം അതിന് അനുവദിച്ചില്ല. സ്നാനമേൽക്കുന്നതിനു നിങ്ങൾക്കും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളെ സഹായിക്കാൻ യഹോവയുണ്ട്. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ദൈവം ഉറപ്പായും അനുഗ്രഹിക്കും.
14. റ്റ്സുയോഷിയുടെ ഉദാഹരണത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
14 ജപ്പാനിൽനിന്നുള്ള റ്റ്സുയോഷിക്കു സ്നാനത്തിനു യോഗ്യത നേടാൻ ജോലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു. പുഷ്പങ്ങൾ അലങ്കരിക്കാൻ പഠിപ്പിക്കുന്ന, പേരുകേട്ട ഒരു സ്കൂളിലെ ഹെഡ്മാസ്റ്ററുടെ സഹായിയായി അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. ബുദ്ധമതത്തിന്റെ ശവസംസ്കാരചടങ്ങുകളിൽ പൂവുകൾ അലങ്കരിക്കാൻ ഹെഡ്മാസ്റ്ററിനു പോകേണ്ടിവരുമായിരുന്നു. എന്നാൽ അദ്ദേഹത്തിനു പോകാൻ പറ്റാതെവരുമ്പോൾ ആ ചടങ്ങുകളിൽ അദ്ദേഹത്തിന്റെ പ്രതിനിധിയായി പോയിരുന്നതു റ്റ്സുയോഷിയായിരുന്നു. മരണത്തെക്കുറിച്ചുള്ള സത്യം പഠിച്ച റ്റ്സുയോഷിക്ക് ഇതുപോലുള്ള ആചാരങ്ങളിൽ പങ്കെടുക്കുന്നതു സ്നാനത്തിന് ഒരു തടസ്സമായി. അതുകൊണ്ട് ബുദ്ധമതാചാരങ്ങളിൽ പങ്കെടുക്കാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. (2 കൊരി. 6:15, 16) ഇതെക്കുറിച്ച് അദ്ദേഹം ഹെഡ്മാസ്റ്ററോടു സംസാരിച്ചു. എന്തായിരുന്നു ഫലം? ഇത്തരം ആചാരങ്ങളിൽ പങ്കെടുക്കാതെ ജോലിയിൽ തുടരാൻ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ അനുവദിച്ചു. ബൈബിൾ പഠിക്കാൻ തുടങ്ങി ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾത്തന്നെ അദ്ദേഹം സ്നാനമേറ്റു.a യഹോവയെ സന്തോഷിപ്പിക്കുന്നതിനായി നിങ്ങളുടെ ജോലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. എങ്കിലും, ദൈവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുംവേണ്ടി കരുതും എന്ന ഉറപ്പുണ്ടായിരിക്കുക.—സങ്കീ. 127:2; മത്താ. 6:33.
കൊരിന്തിലുള്ളവർ സ്നാനമേറ്റു
15. സ്നാനമേൽക്കുന്നതിനു കൊരിന്തിലുള്ളവർക്ക് എന്തെല്ലാം തടസ്സങ്ങൾ നേരിട്ടു?
15 പുരാതന കൊരിന്ത്, ഭൗതികത്വചിന്താഗതിക്കും അധാർമിക ജീവിതത്തിനും പേരുകേട്ടതായിരുന്നു. അവിടെ ജീവിച്ചിരുന്ന പലരും ദൈവത്തിന് ഇഷ്ടമില്ലാത്ത ജീവിതരീതിയാണു നയിച്ചിരുന്നത്. അതുകൊണ്ട് അത്തരം ഒരു ചുറ്റുപാടിൽ സന്തോഷവാർത്ത സ്വീകരിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ അപ്പോസ്തലനായ പൗലോസ് ആ നഗരത്തിൽ വന്ന് ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചപ്പോൾ ‘കുറെ കൊരിന്തുകാർ വിശ്വസിച്ച് സ്നാനമേറ്റു.’ (പ്രവൃ. 18:7-11) അതുപോലെ കർത്താവായ യേശുക്രിസ്തു ഒരു ദർശനത്തിൽ പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “ഈ നഗരത്തിൽ എനിക്ക് ഇനിയും അനേകരുണ്ട്.” അതുകൊണ്ട് പൗലോസ് ഒന്നര വർഷത്തോളം അവിടെ പ്രസംഗപ്രവർത്തനം തുടർന്നു.
16. സ്നാനത്തിനുള്ള തടസ്സങ്ങൾ മറികടക്കാൻ കൊരിന്തിലുള്ളവരെ എന്താണു സഹായിച്ചത്? (2 കൊരിന്ത്യർ 10:4, 5)
16 സ്നാനമേൽക്കാൻ കൊരിന്തിലുള്ളവരെ എന്താണു സഹായിച്ചത്? (2 കൊരിന്ത്യർ 10:4, 5 വായിക്കുക.) ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അവരെ സഹായിച്ചു. (എബ്രാ. 4:12) ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത സ്വീകരിച്ച കൊരിന്തിലുള്ളവർക്ക് അമിതമദ്യപാനം, മോഷണം, സ്വവർഗരതി തുടങ്ങിയ മോശമായ ശീലങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കാൻ കഴിഞ്ഞു.—1 കൊരി. 6:9-11.b
17. കൊരിന്തിലുള്ളവരുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
17 കൊരിന്തിലുണ്ടായിരുന്ന ചിലർക്ക് ആഴത്തിൽ വേരുറച്ച ചില മോശമായ ശീലങ്ങൾ മാറ്റേണ്ടിയിരുന്നു. എന്നാൽ ക്രിസ്ത്യാനികളാകുന്നതു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് അവർ ചിന്തിച്ചില്ല. നിത്യജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വാതിലിലൂടെ കടക്കാൻ അവർ കഠിനശ്രമം ചെയ്തു. (മത്താ. 7:13, 14) സ്നാനമേൽക്കുന്നതിനു തടസ്സമായേക്കാവുന്ന ഏതെങ്കിലും മോശമായ ശീലങ്ങൾക്കോ പ്രവൃത്തികൾക്കോ എതിരെ നിങ്ങൾ പോരാടുകയാണോ? എങ്കിൽ വിട്ടുകൊടുക്കരുത്. പരിശുദ്ധാത്മാവിനായി യഹോവയോടു യാചിക്കുക. തെറ്റ് ചെയ്യാനുള്ള ആഗ്രഹം തടയാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.
18. മോണിക്കയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
18 ജോർജിയയിൽനിന്നുള്ള മോണിക്കയ്ക്കു സ്നാനത്തിലേക്കു പുരോഗമിക്കാൻ, മോശമായ സംസാരത്തിനും കൊള്ളരുതാത്ത വിനോദപരിപാടികൾക്കും എതിരെ ശക്തമായി പോരാടേണ്ടിവന്നു. അവൾ പറഞ്ഞു: “കൗമാരപ്രായത്തിൽ പ്രാർഥനയായിരുന്നു എന്റെ ശക്തി. ശരിയായതു ചെയ്യാനാണ് എന്റെ ആഗ്രഹമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. യഹോവ എന്നെ സഹായിക്കുകയും വഴിനയിക്കുകയും ചെയ്തു.” അങ്ങനെ 16-ാമത്തെ വയസ്സിൽ മോണിക്ക സ്നാനമേറ്റു. യഹോവയെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നതിന് ഒഴിവാക്കേണ്ട ഏതെങ്കിലും മോശമായ പ്രവൃത്തികൾ നിങ്ങൾക്കുണ്ടോ? എങ്കിൽ മാറ്റം വരുത്താനുള്ള ശക്തിക്കായി യഹോവയോടു തുടർന്നും പ്രാർഥിക്കുക. യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉദാരമായി തരും.—യോഹ. 3:34.
മലകളെ നീക്കാൻ നിങ്ങളുടെ വിശ്വാസത്തിനാകും
19. മലപോലെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ നിങ്ങളെ എന്തു സഹായിക്കും? (ചിത്രവും കാണുക.)
19 യഹോവ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ തന്റെ കുടുംബത്തിന്റെ ഭാഗമാകാൻ യഹോവ ആഗ്രഹിക്കുകയും ചെയ്യുന്നു. സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നത് എന്താണെങ്കിലും അക്കാര്യത്തിനു മാറ്റമില്ല. ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരുടെ ഒരു കൂട്ടത്തോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കില്ല.” (മത്താ. 17:20) ആ ശിഷ്യന്മാർ യേശുവിനെ അനുഗമിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവരുടെ വിശ്വാസം ഇനിയും വളരേണ്ടിയിരുന്നു. എന്നാൽ അവർ ശക്തമായ വിശ്വാസം വളർത്തിയെടുക്കുകയാണെങ്കിൽ മലപോലെയുള്ള തടസ്സങ്ങൾപോലും മറികടക്കാൻ യഹോവ അവരെ സഹായിക്കുമെന്നു യേശു ഉറപ്പുകൊടുത്തു. നിങ്ങൾക്കുവേണ്ടിയും യഹോവ അതുതന്നെ ചെയ്യും!
യഹോവ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ തന്റെ കുടുംബത്തിന്റെ ഭാഗമാകാൻ യഹോവ ആഗ്രഹിക്കുകയും ചെയ്യുന്നു (19-ാം ഖണ്ഡിക കാണുക)c
20. ഒന്നാം നൂറ്റാണ്ടിലെയും ആധുനികനാളിലെയും ക്രിസ്ത്യാനികളുടെ മാതൃകകൾ നിങ്ങളെ എങ്ങനെയാണു സഹായിച്ചത്?
20 സ്നാനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതു മറികടക്കാൻവേണ്ട പടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുക. ഒന്നാം നൂറ്റാണ്ടിലെയും നമ്മുടെ കാലത്തെയും ക്രിസ്ത്യാനികളുടെ ഉദാഹരണങ്ങളിൽനിന്ന് ആശ്വാസവും ശക്തിയും കണ്ടെത്തുക. യഹോവയ്ക്കുവേണ്ടി നിങ്ങളെത്തന്നെ സമർപ്പിക്കാനും സ്നാനമേൽക്കാനും അവരുടെ മാതൃക നിങ്ങളെ ഉറപ്പായും പ്രോത്സാഹിപ്പിക്കും. അതെ, സമർപ്പണവും സ്നാനവും ആണ് നിങ്ങൾക്കു ജീവിതത്തിൽ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം!
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a റ്റ്സുയോഷി ഫുജീ സഹോദരന്റെ ജീവിതകഥ വായിക്കാൻ 2005 സെപ്റ്റംബർ 8 ലക്കം ഉണരുക!യുടെ പേ. 20-23 കാണുക.
b JW.ORG-ലെ ‘നിങ്ങൾ എന്താ സ്നാനപ്പെടാത്തത്?’ എന്ന വീഡിയോ കാണുക.
c ചിത്രത്തിന്റെ വിവരണം: ഒരു കൂട്ടം സഹോദരീസഹോദരന്മാർ പുതുതായി സ്നാനമേറ്റവരെ സന്തോഷത്തോടെ സ്വീകരിക്കുന്നു.