പഠനലേഖനം 10
ഗീതം 31 യാഹിനോടൊപ്പം നടക്കാം!
യഹോവയും യേശുവും ചിന്തിക്കുന്ന വിധം അനുകരിക്കുക
“ജഡത്തിൽ കഷ്ടത അനുഭവിച്ച ക്രിസ്തുവിന്റെ അതേ മനോഭാവം നിങ്ങളും ഒരു ആയുധമായി ധരിക്കുക.”—1 പത്രോ. 4:1.
ഉദ്ദേശ്യം
യേശു ചിന്തിക്കുന്ന വിധം അപ്പോസ്തലനായ പത്രോസ് എങ്ങനെയാണു പഠിച്ചതെന്നും അതു നമുക്ക് എങ്ങനെ അനുകരിക്കാമെന്നും കാണാം.
1-2. (എ) യഹോവയെ സ്നേഹിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നത്? (ബി) താൻ യഹോവയെ മുഴുമനസ്സോടെ സ്നേഹിക്കുന്നുണ്ടെന്നു യേശു എങ്ങനെയാണു കാണിച്ചത്?
മോശയുടെ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഏതാണെന്നു യേശു വ്യക്തമാക്കി: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.” (മർക്കോ. 12:30) അതെ, യഹോവയോടുള്ള സ്നേഹത്തിൽ നമ്മുടെ ഹൃദയം, അതായത് നമ്മുടെ ആഗ്രഹങ്ങളും വികാരങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട്. യഹോവയോടുള്ള സ്നേഹത്തിൽ നമ്മുടെ മുഴുദേഹിയോടെയുള്ള ഭക്തിയും നമ്മുടെ ശക്തിയും അഥവാ ഊർജവും ഉൾപ്പെടുന്നു. ഇനി യഹോവയോടുള്ള സ്നേഹത്തിൽ ഉൾപ്പെടുന്ന മറ്റൊരു കാര്യമാണു നമ്മുടെ മനസ്സ്. ഓരോ കാര്യത്തെക്കുറിച്ചും നമ്മൾ ചിന്തിക്കുന്ന വിധം അതിൽപ്പെടും. യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനാണു നമ്മൾ ശ്രമിക്കുന്നത്. എന്നാൽ യഹോവയുടെ ചിന്തകൾ പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിയില്ല എന്നതു ശരിയാണ്. എങ്കിലും ‘ക്രിസ്തുവിന്റെ മനസ്സ്’ പഠിക്കുന്നതിലൂടെ നമുക്ക് യഹോവയുടെ ചിന്തകൾ നന്നായി മനസ്സിലാക്കാനാകും. കാരണം യേശു യഹോവയുടെ ചിന്തകൾ പൂർണമായി പകർത്തിയ ആളാണ്.—1 കൊരി. 2:16.
2 യേശു യഹോവയെ പൂർണമനസ്സോടെ സ്നേഹിച്ചു. യഹോവയ്ക്കു തന്നെക്കുറിച്ചുള്ള ഇഷ്ടം എന്താണെന്നു യേശുവിന് അറിയാമായിരുന്നു. ദൈവേഷ്ടം ചെയ്യുന്നതിനു കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും അതു ചെയ്യാൻ യേശു തീരുമാനിച്ചുറച്ചു. തന്റെ പിതാവിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ പതറിക്കാൻ യേശു ഒന്നിനെയും അനുവദിച്ചില്ല.
3. അപ്പോസ്തലനായ പത്രോസ് യേശുവിൽനിന്ന് എന്തു പഠിച്ചു? എന്തു ചെയ്യാനാണു പത്രോസ് സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത്? (1 പത്രോസ് 4:1)
3 പത്രോസിനും മറ്റ് അപ്പോസ്തലന്മാർക്കും യേശുവിനോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ കഴിഞ്ഞു. അങ്ങനെ യേശു ചിന്തിക്കുന്ന വിധം നേരിട്ട് കണ്ട് പഠിക്കാൻ അവർക്ക് അവസരം ലഭിച്ചു. ദൈവപ്രചോദിതമായി തന്റെ ആദ്യത്തെ കത്ത് എഴുതിയപ്പോൾ ക്രിസ്തുവിന്റെ അതേ മനോഭാവം ആയുധമായി ധരിക്കാൻ പത്രോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 പത്രോസ് 4:1 വായിക്കുക.) പത്രോസ് ഈ വാക്യത്തിൽ സൈന്യവുമായി ബന്ധപ്പെട്ട “ആയുധമായി ധരിക്കുക” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതെ, ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ മനോഭാവം അഥവാ ചിന്താരീതി അനുകരിക്കുകയാണെങ്കിൽ അതു ശക്തമായ ഒരു ആയുധമായി പ്രവർത്തിക്കും. പാപം ചെയ്യാനുള്ള ചായ്വിനും സാത്താൻ ഭരിക്കുന്ന ലോകത്തിനും എതിരെ പോരാടാനുള്ള ഒരു ആയുധം!—2 കൊരി. 10:3-5; എഫെ. 6:12.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 ഈ ലേഖനത്തിൽ, യേശു ചിന്തിച്ച വിധവും അത് എങ്ങനെ അനുകരിക്കാമെന്നും നമ്മൾ കാണും. നമുക്ക് എങ്ങനെ (1) യഹോവ ചിന്തിക്കുന്ന വിധം അനുകരിക്കാമെന്നും (2) താഴ്മയുള്ളവരായിരിക്കാമെന്നും (3) സുബോധമുള്ളവരായിരിക്കാമെന്നും കാണും.
യഹോവ ചിന്തിക്കുന്ന വിധം അനുകരിക്കുക
5. പത്രോസ് യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാതിരുന്ന ഒരു സാഹചര്യം വിശദീകരിക്കുക.
5 യഹോവ ചിന്തിക്കുന്നതുപോലെ പത്രോസ് ചിന്തിക്കാതിരുന്ന ഒരു സാഹചര്യം നോക്കാം. താൻ യരുശലേമിലേക്കു പോകേണ്ടതാണെന്നും മതനേതാക്കന്മാർ തന്നെ പിടികൂടി ഉപദ്രവിക്കുമെന്നും ഒടുവിൽ കൊലപ്പെടുത്തുമെന്നും യേശു അപ്പോസ്തലന്മാരോടു പറഞ്ഞു. (മത്താ. 16:21) ഇസ്രായേലിന്റെ പ്രത്യാശയും വാഗ്ദാനം ചെയ്ത മിശിഹയും ആയ യേശു വധിക്കപ്പെടാൻ യഹോവ അനുവദിക്കുമെന്ന കാര്യം അംഗീകരിക്കാൻ പത്രോസിനു ബുദ്ധിമുട്ടു തോന്നിക്കാണും. (മത്താ. 16:16) അതുകൊണ്ട് പത്രോസ് യേശുവിനെ മാറ്റിനിറുത്തി ഇങ്ങനെ പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.” (മത്താ. 16:22) ഈ വിഷയത്തിൽ യഹോവ ചിന്തിച്ചതുപോലെയല്ല പത്രോസ് ചിന്തിച്ചത്. അതുകൊണ്ട് പത്രോസിന്റെ ചിന്ത യേശുവിന്റേതുമായും യോജിച്ചില്ല.
6. തന്റെ ചിന്തകൾ യഹോവയുടെ ചിന്തകൾക്കു ചേർച്ചയിലാണെന്നു യേശു എങ്ങനെയാണു കാണിച്ചത്?
6 തന്റെ സ്വർഗീയപിതാവിന്റെ ചിന്തകളുമായി പൂർണമായും യോജിക്കുന്നതായിരുന്നു യേശുവിന്റെ ചിന്തകൾ. യേശു പത്രോസിനോട് ഇങ്ങനെ പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന് മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്.” (മത്താ. 16:23) പത്രോസ് നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം അങ്ങനെ പറഞ്ഞതെങ്കിലും യേശു അതു തള്ളിക്കളഞ്ഞു. താൻ വേദനകൾ അനുഭവിച്ച് മരിക്കണം എന്നതാണു ദൈവത്തിന്റെ ഉദ്ദേശ്യമെന്നു യേശുവിന് അറിയാമായിരുന്നു. ദൈവത്തിന്റെ ചിന്തകൾ തന്റേതാക്കണമെന്ന വിലയേറിയ പാഠം ആ സാഹചര്യത്തിൽ പത്രോസ് പഠിച്ചു. ഇതു നമുക്കും നല്ലൊരു പാഠമാണ്, അല്ലേ?
7. യഹോവയുടെ ചിന്തകൾക്കു ചേർച്ചയിൽ മാറ്റം വരുത്താൻ താൻ തയ്യാറാണെന്നു പത്രോസ് കാണിച്ചത് എങ്ങനെയാണ്? (പുറംതാളിലെ ചിത്രം കാണുക.)
7 യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നു പത്രോസ് പിന്നീടു തെളിയിച്ചു. പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവർ ദൈവജനത്തിന്റെ ഭാഗമാകാനുള്ള സമയം വന്നെത്തി. ജനതകളിൽപ്പെട്ട കൊർന്നേല്യൊസിനോടു സാക്ഷീകരിക്കാനുള്ള നിയമനം പത്രോസിനു കിട്ടി. ജൂതന്മാർ പൊതുവേ ജനതകളിൽപ്പെട്ടവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കിയിരുന്നു. അതുകൊണ്ട് ഈ നിയമനത്തിനുവേണ്ടി തയ്യാറാകാൻ പത്രോസിനു സഹായം ആവശ്യമായി വന്നതിൽ അതിശയിക്കാനില്ല. ഇക്കാര്യത്തിൽ ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞപ്പോൾ പത്രോസ് തന്റെ ചിന്തകളിൽ മാറ്റം വരുത്തി. അതുകൊണ്ട്, തന്നെ അയച്ചപ്പോൾ അദ്ദേഹം “ഒരു മടിയും കൂടാതെ” പോയി. (പ്രവൃ. 10:28, 29) പത്രോസ് കൊർന്നേല്യൊസിനോടും വീട്ടിലുള്ളവരോടും സാക്ഷീകരിക്കുകയും അവർ സ്നാനമേൽക്കുകയും ചെയ്തു. ജനതകളിൽപ്പെട്ടവരിൽനിന്ന് ആദ്യം ക്രിസ്ത്യാനിയായതു കൊർന്നേല്യൊസാണ്.—പ്രവൃ. 10:21-23, 34, 35, 44-48.
പത്രോസ് കൊർന്നേല്യൊസിന്റെ വീട്ടിലേക്കു പ്രവേശിക്കുന്നു (7-ാം ഖണ്ഡിക കാണുക)
8. നമ്മുടെ ചിന്തകൾ യഹോവയുടെ ചിന്തകൾക്കു ചേർച്ചയിലാണെന്നു നമുക്ക് എങ്ങനെ കാണിക്കാം? (1 പത്രോസ് 3:8-ഉം അടിക്കുറിപ്പും)
8 വർഷങ്ങൾക്കു ശേഷം, “ഒരേ ചിന്തയും ഒരേ മനസ്സും” ഉള്ളവരായിരിക്കാൻ പത്രോസ് സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 പത്രോസ് 3:8-ഉം അടിക്കുറിപ്പും വായിക്കുക.) ദൈവജനമെന്ന നിലയിൽ ബൈബിളിൽ കാണുന്ന യഹോവയുടെ ചിന്ത അനുകരിച്ചുകൊണ്ട് നമുക്ക് ഒരേ ചിന്തയും മനസ്സും ഉള്ളവരായിരിക്കാൻ കഴിയും. ഉദാഹരണത്തിന്, ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ യേശു തന്റെ അനുഗാമികളോട് ആവശ്യപ്പെട്ടു. (മത്താ. 6:33) അതു മനസ്സിൽപ്പിടിച്ചുകൊണ്ട് നിങ്ങളുടെ സഭയിലെ ഒരു പ്രചാരകൻ മുഴുസമയസേവനത്തിന്റെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചേക്കാം. ‘ഇത് അത്ര എളുപ്പമുള്ള കാര്യമാണോ’ എന്നൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയോ ആ ലക്ഷ്യത്തിൽനിന്ന് പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിനു പകരം ആ സേവനത്തിന്റെ നല്ല വശങ്ങൾ എടുത്തുകാണിക്കുകയും അവരെ പിന്തുണയ്ക്കാമെന്നു പറയുകയും ചെയ്തുകൂടേ?
താഴ്മയുള്ളവരായിരിക്കുക
9-10. യേശു അസാധാരണമായ താഴ്മ കാണിച്ചത് എങ്ങനെയാണ്?
9 തന്റെ മരണത്തിനു തൊട്ടുമുമ്പുള്ള രാത്രിയിൽ യേശു പത്രോസിനെയും മറ്റ് അപ്പോസ്തലന്മാരെയും താഴ്മയുടെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിച്ചു. തന്റെ അവസാനത്തെ അത്താഴത്തിനു മുമ്പ് അതിനുവേണ്ടി ചില ഒരുക്കങ്ങൾ നടത്താൻ യേശു പത്രോസിനെയും യോഹന്നാനെയും ആണ് ഏൽപ്പിച്ചത്. അതിഥികൾക്കു ഭക്ഷണത്തിനു മുമ്പ് കാലു കഴുകുന്നതിനായി പാത്രവും തോർത്തും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതും സാധ്യതയനുസരിച്ച് ആ ഉത്തരവാദിത്വത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കാലുകൾ കഴുകുക എന്ന ആ എളിയജോലി ചെയ്യാൻ താഴ്മയോടെ ആരു മുന്നോട്ടു വരുമായിരുന്നു?
10 ഒരു മടിയുംകൂടാതെ യേശു അസാധാരണമായ താഴ്മ കാണിച്ചു. അപ്പോസ്തലന്മാരെ ഞെട്ടിച്ചുകൊണ്ട് സാധാരണ ദാസന്മാർ ചെയ്യുന്ന ഒരു ജോലി ചെയ്യാൻ യേശു തയ്യാറായി. യേശു തന്റെ പുറങ്കുപ്പായം അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റി, പാത്രത്തിൽ വെള്ളം എടുത്ത് ശിഷ്യന്മാരുടെ കാലുകൾ കഴുകാൻതുടങ്ങി. (യോഹ. 13:4, 5) തന്നെ ഒറ്റിക്കൊടുക്കുമായിരുന്ന യൂദാസിന്റെ ഉൾപ്പെടെ 12 അപ്പോസ്തലന്മാരുടെയും കാലുകൾ കഴുകാൻ നല്ല സമയമെടുത്തുകാണും! എന്നിട്ടും യേശു താഴ്മയോടെ ആ ജോലി പൂർത്തിയാക്കി. യേശു ക്ഷമയോടെ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്താണു ചെയ്തതെന്നു നിങ്ങൾക്കു മനസ്സിലായോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്. കാരണം ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണ്. കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാലു കഴുകിയെങ്കിൽ നിങ്ങളും തമ്മിൽത്തമ്മിൽ കാലു കഴുകണം.”—യോഹ. 13:12-14.
യഥാർഥതാഴ്മയിൽ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും ഉൾപ്പെടുന്നുണ്ട്
11. താഴ്മയുള്ളവനായിരിക്കാൻ പഠിച്ചെന്നു പത്രോസ് എങ്ങനെയാണു കാണിച്ചത്? (1 പത്രോസ് 5:5) (ചിത്രവും കാണുക.)
11 പത്രോസ് യേശുവിന്റെ താഴ്മയിൽനിന്ന് പഠിച്ചു. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷം ജന്മനാ മുടന്തനായിരുന്ന ഒരു വ്യക്തിയെ പത്രോസ് അത്ഭുതകരമായി സുഖപ്പെടുത്തി. (പ്രവൃ. 1:8, 9; 3:2, 6-8) സ്വാഭാവികമായും ഈ അത്ഭുതം കണ്ട് ധാരാളം ആളുകൾ പത്രോസിനു ചുറ്റും ഒരുമിച്ചുകൂടി. (പ്രവൃ. 3:11) പ്രാമുഖ്യതയ്ക്കും സ്ഥാനമാനങ്ങൾക്കും പ്രാധാന്യം കൊടുത്തിരുന്ന ഒരു ചുറ്റുപാടിൽ വളർന്നുവന്ന പത്രോസ് ഈ മഹത്ത്വം സ്വീകരിച്ചോ? ഇല്ല. ആ മഹത്ത്വമെല്ലാം താഴ്മയോടെ യഹോവയിലേക്കും യേശുവിലേക്കും തിരിച്ചുവിട്ടുകൊണ്ട് പത്രോസ് ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ പേരാണ്, ആ പേരിലുള്ള ഞങ്ങളുടെ വിശ്വാസമാണ്, നിങ്ങൾ കാണുന്ന ഈ മനുഷ്യനു ബലം ലഭിക്കാൻ ഇടയാക്കിയത്.” (പ്രവൃ. 3:12-16) പിന്നീട്, പത്രോസ് ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ താഴ്മ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാൻ ‘ധരിക്കുക’ എന്ന പദമാണ് ഉപയോഗിച്ചത്. ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നതിനു മുമ്പായി യേശു ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റിയ രംഗം ഇപ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയേക്കാം.—1 പത്രോസ് 5:5 വായിക്കുക.
പത്രോസ് ഒരു അത്ഭുതം ചെയ്തതിനു ശേഷം അതിന്റെ മഹത്ത്വം താഴ്മയോടെ യഹോവയ്ക്കും യേശുവിനും കൊടുത്തു. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ നല്ലതു ചെയ്തുകൊണ്ട് നമുക്കും താഴ്മ കാണിക്കാം. (11-12 ഖണ്ഡികകൾ കാണുക)
12. പത്രോസിനെപ്പോലെ നമുക്ക് എങ്ങനെ താഴ്മ വളർത്തുന്നതിൽ തുടരാം?
12 താഴ്മ ധരിക്കുന്ന കാര്യത്തിൽ നമുക്ക് പത്രോസിന്റെ മാതൃക അനുകരിക്കാം. യഥാർഥതാഴ്മയിൽ നമ്മൾ പറയുന്ന വാക്കുകളെക്കാൾ അധികം ഉൾപ്പെടുന്നുണ്ടെന്ന് ഓർക്കുക. താഴ്മ എന്നതിനു പത്രോസ് ഉപയോഗിച്ച വാക്കിൽ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും ഉൾപ്പെടുന്നുണ്ട്. അതായത്, നമ്മളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നമുക്കുള്ള ചിന്തകൾ. നമ്മൾ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് യഹോവയെയും ആളുകളെയും സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ പ്രശംസ നേടാനല്ല. നമ്മുടെ ശ്രമങ്ങൾ മറ്റുള്ളവർ ശ്രദ്ധിച്ചില്ലെങ്കിലും നമ്മളാൽ കഴിയുന്ന വിധം യഹോവയെയും സഹോദരങ്ങളെയും സന്തോഷത്തോടെ സേവിക്കുമ്പോൾ നമ്മൾ താഴ്മയുള്ളവരാണെന്നു തെളിയിക്കുകയാണ്.—മത്താ. 6:1-4.
‘സുബോധമുള്ളവരായിരിക്കുക’
13. ‘സുബോധമുള്ളവരായിരിക്കുന്നതിൽ’ എന്താണ് ഉൾപ്പെടുന്നതെന്നു വിശദീകരിക്കുക.
13 ‘സുബോധമുള്ളവരായിരിക്കുന്നതിൽ’ എന്താണ് ഉൾപ്പെടുന്നത്? (1 പത്രോ. 4:7) സുബോധമുള്ള ഒരു ക്രിസ്ത്യാനി യഹോവയുടെ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന നല്ല തീരുമാനങ്ങളെടുക്കാൻ നന്നായി ശ്രമിക്കും. യഹോവയുമായുള്ള ബന്ധത്തെക്കാൾ പ്രധാനമായി ജീവിതത്തിൽ ഒന്നുമില്ലെന്ന് ആ വ്യക്തി ഓർക്കും. അതുപോലെ തന്നെക്കുറിച്ചുതന്നെ അദ്ദേഹത്തിനു സമനിലയുള്ള ഒരു വീക്ഷണമുണ്ടായിരിക്കും. തനിക്ക് എല്ലാം അറിയാമെന്ന് അദ്ദേഹം ചിന്തിക്കില്ല. കൂടാതെ താഴ്മയോടെ പ്രാർഥനയിൽ യഹോവയെ സമീപിച്ചുകൊണ്ട് യഹോവയിലുള്ള ആശ്രയം തെളിയിക്കുകയും ചെയ്യും.a
14. പത്രോസ് യഹോവയിൽ ആശ്രയിക്കാൻ പരാജയപ്പെട്ട ഒരു സാഹചര്യം ഏതാണ്?
14 തന്റെ മരണത്തിന്റെ തലേരാത്രി യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.” പക്ഷേ പത്രോസ് ആത്മവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു: “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല.” എന്നാൽ “എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം” എന്നൊരു ഉപദേശം ആ രാത്രി യേശു ചില ശിഷ്യന്മാർക്കു കൊടുത്തിരുന്നു. (മത്താ. 26:31, 33, 41) ആ ഉപദേശം പത്രോസ് അനുസരിച്ചിരുന്നെങ്കിൽ താൻ യേശുവിന്റെ ഒരു ശിഷ്യനാണെന്നു സമ്മതിക്കാനുള്ള ധൈര്യം ഒരുപക്ഷേ പത്രോസിനു കിട്ടുമായിരുന്നു. എന്നാൽ പത്രോസ് തന്റെ യജമാനനെ തള്ളിപ്പറയുകയാണു ചെയ്തത്. അതെക്കുറിച്ച് ഓർത്ത് പിന്നീട് അദ്ദേഹത്തിന് ഒരുപാടു കുറ്റബോധം തോന്നുകയും ചെയ്തു.—മത്താ. 26:69-75.
15. ഭൂമിയിലെ തന്റെ അവസാനരാത്രിയിൽ യേശു എങ്ങനെയാണു സുബോധത്തോടെ പ്രവർത്തിച്ചത്?
15 യേശു യഹോവയിൽ പൂർണമായി ആശ്രയിച്ചു. പൂർണനായിരുന്നെങ്കിലും മരിക്കുന്നതിനു തലേരാത്രി കൂടെക്കൂടെ യേശു പ്രാർഥിച്ചു. തന്നെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ധൈര്യത്തോടെ പ്രവർത്തിക്കാൻ അതാണു യേശുവിനെ സഹായിച്ചത്. (മത്താ. 26:39, 42, 44; യോഹ. 18:4, 5) യേശു കൂടെക്കൂടെ പ്രാർഥിക്കുന്നതു കണ്ടത് പത്രോസിനെ തീർച്ചയായും സ്വാധീനിച്ചു.
16. സുബോധം വളർത്തിയെടുത്തെന്നു പത്രോസ് എങ്ങനെയാണു കാണിച്ചത്? (1 പത്രോസ് 4:7)
16 അങ്ങനെ, പ്രാർഥിച്ചുകൊണ്ട് യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ പത്രോസ് പഠിച്ചു. പ്രസംഗിക്കാനുള്ള നിയമനം നിറവേറ്റുന്നതിനു അവർക്കു പരിശുദ്ധാത്മാവ് ലഭിക്കുമെന്നു പുനരുത്ഥാനപ്പെട്ട യേശു പത്രോസിനും മറ്റ് അപ്പോസ്തലന്മാർക്കും ഉറപ്പുകൊടുത്തു. എന്നാൽ അതുവരെ യരുശലേം വിട്ട് പോകരുതെന്നു യേശു അവരോടു പറഞ്ഞു. (ലൂക്കോ. 24:49; പ്രവൃ. 1:4, 5) പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരുന്ന ആ സമയത്ത് പത്രോസ് എന്താണു ചെയ്തത്? പത്രോസും സഹക്രിസ്ത്യാനികളും “പ്രാർഥനയിൽ മുഴുകിയിരുന്നു.” (പ്രവൃ. 1:13, 14) പിന്നീട് തന്റെ ഒന്നാമത്തെ കത്തിൽ സുബോധത്തോടെയിരിക്കാനും പ്രാർഥിച്ചുകൊണ്ട് യഹോവയിൽ ആശ്രയിക്കാനും പത്രോസ് സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 പത്രോസ് 4:7 വായിക്കുക.) പത്രോസ് യഹോവയിൽ ആശ്രയിക്കാൻ പഠിക്കുകയും സഭയുടെ ഒരു തൂണായി മാറുകയും ചെയ്തു.—ഗലാ. 2:9.
17. ജന്മനാ എന്തൊക്കെ കഴിവുകൾ ഉള്ളവരാണെങ്കിലും നമ്മൾ എന്തു ചെയ്യുന്നതിൽ തുടരണം? (ചിത്രവും കാണുക.)
17 സുബോധമുള്ളവരായിരിക്കാൻ നമ്മൾ കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കണം. ജന്മനാ എന്തൊക്കെ കഴിവുകൾ ഉള്ളവരാണെങ്കിലും നമ്മൾ അതുതന്നെ ചെയ്യണം. അതുകൊണ്ട് ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അറിയാവുന്നത് യഹോവയ്ക്കാണല്ലോ!
പ്രാർഥിച്ചുകൊണ്ട് യഹോവയിൽ ആശ്രയിക്കാൻ പത്രോസ് പഠിച്ചു. സഹായത്തിനായി യഹോവയോടു പ്രാർഥിച്ചുകൊണ്ട് നമുക്കും സുബോധം കാണിക്കാം, പ്രത്യേകിച്ചും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ (17-ാം ഖണ്ഡിക കാണുക)b
18. എന്തു ചെയ്യാനാണ് നിങ്ങൾ തീരുമാനിച്ചുറച്ചിരിക്കുന്നത്?
18 തന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിയുന്ന രീതിയിൽ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് യഹോവയോടു നമ്മൾ എത്ര നന്ദിയുള്ളവരാണല്ലേ! (ഉൽപ. 1:26) യഹോവയെ നമുക്കു പൂർണമായും അനുകരിക്കാൻ കഴിയില്ല എന്നതു ശരിയാണ്. (യശ. 55:9) എങ്കിലും പത്രോസിനെപ്പോലെ തുടർന്നും നമുക്ക് എന്തു ചെയ്യാം? യഹോവ ചിന്തിക്കുന്ന വിധം അനുകരിക്കുന്നതിൽ തുടരാം. അതുപോലെ താഴ്മയും സുബോധവും ഉള്ളവരായിരിക്കാം.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
a ‘സുബോധം’ എന്നാൽ എന്താണ് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ jw.org-ലോ JW ലൈബ്രറി ആപ്ലിക്കേഷനിലോ “ബൈബിൾവാക്യങ്ങളുടെ വിശദീകരണം” എന്ന ലേഖനപരമ്പരയുടെ 2 തിമൊഥെയൊസ് 1:7-ന്റെ വിശദീകരണം—“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല . . . ദൈവം നമുക്കു തന്നത്” എന്ന ലേഖനത്തിലെ “സുബോധം” എന്ന തലക്കെട്ട് കാണുക.
b ചിത്രത്തിന്റെ വിശദീകരണം: ഒരു സഹോദരി ഒരു ജോലിയുടെ ഇന്റർവ്യൂവിനു മുമ്പായി മനസ്സിൽ പ്രാർഥിക്കുന്നു.