പഠനലേഖനം 14
ഗീതം 8 യഹോവ നമുക്ക് അഭയം
“ആരെ സേവിക്കണമെന്നു നിങ്ങൾ . . . തീരുമാനിക്കുക”
“ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും.”—യോശു. 24:15.
ഉദ്ദേശ്യം
നമ്മൾ യഹോവയെ സേവിക്കാൻ തീരുമാനിച്ചതിന്റെ കാരണങ്ങൾ ഓർക്കാൻ ഈ ലേഖനം സഹായിക്കും.
1. യഥാർഥസന്തോഷമുള്ളവരായിരിക്കാൻ നമ്മൾ എന്തു ചെയ്യണം, എന്തുകൊണ്ട്? (യശയ്യ 48:17, 18)
നമ്മുടെ സ്വർഗീയപിതാവ് നമ്മളെ ആഴമായി സ്നേഹിക്കുകയും നമ്മൾ ഇപ്പോഴും ഭാവിയിലും ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (സഭാ. 3:12, 13) അത്ഭുതകരമായ ഒരുപാടു കഴിവുകളോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്. എങ്കിലും മനുഷ്യന് മനുഷ്യന്റെമേൽ വിജയകരമായി ഭരണം നടത്താനോ ശരിയും തെറ്റും സ്വയം തീരുമാനിക്കാനോ ഉള്ള കഴിവ് ദൈവം നമുക്കു തന്നിട്ടില്ല. (സഭാ. 8:9; യിരെ. 10:23) നമുക്കു ശരിക്കും സന്തോഷം കിട്ടണമെങ്കിൽ തന്നെ സേവിക്കണമെന്നും തന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കണമെന്നും യഹോവയ്ക്ക് അറിയാം.—യശയ്യ 48:17, 18 വായിക്കുക.
2. നമ്മൾ എന്തു വിശ്വസിക്കണമെന്നാണു സാത്താൻ ആഗ്രഹിക്കുന്നത്, എന്നാൽ സാത്താന്റെ ആ നുണയ്ക്ക് എതിരെ യഹോവ എങ്ങനെ പ്രതികരിച്ചു?
2 നമ്മുടെ ജീവിതത്തിൽ യഹോവയ്ക്ക് ഒരു സ്ഥാനവും ഇല്ലെങ്കിലും സന്തോഷം കിട്ടുമെന്ന് നമ്മൾ വിശ്വസിക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. അതുപോലെ മനുഷ്യന് മനുഷ്യന്റെമേൽ നന്നായി ഭരണം നടത്താൻ കഴിയുമെന്ന് നമ്മൾ ചിന്തിക്കാനും അവൻ ആഗ്രഹിക്കുന്നു. (ഉൽപ. 3:4, 5) സാത്താന്റെ ഈ വാദങ്ങൾ ഒരു നുണയാണെന്ന് തെളിയിക്കാൻ യഹോവ കുറച്ച് സമയം അനുവദിച്ചു. അങ്ങനെ മനുഷ്യഭരണം ഇപ്പോഴും തുടരുന്നു. എന്നാൽ അത് പരാജയമാണെന്നതിന്റെ തെളിവുകൾ നമ്മൾ സ്വന്തം കണ്ണാലെ കാണുന്നു. എന്നാൽ യഹോവയെ സേവിച്ചുകൊണ്ട് സംതൃപ്തിയുള്ള ജീവിതം നയിച്ച പല സ്ത്രീപുരുഷന്മാരുടെയും മാതൃകകൾ ബൈബിളിൽ കാണാം. അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് യേശുക്രിസ്തുവിന്റേത്. നമുക്ക് ആദ്യം, യേശു യഹോവയെ സേവിക്കാൻ തീരുമാനിച്ചതിന്റെ കാരണങ്ങൾ നോക്കാം. അതുപോലെ, സ്വർഗീയപിതാവ് നമ്മുടെ ആരാധന അർഹിക്കുന്നത് എന്തുകൊണ്ടാണെന്നും നമ്മൾ കാണും. അവസാനമായി, നമ്മൾ യഹോവയെ സേവിക്കാൻ തീരുമാനിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും നോക്കും.
യേശു എന്തുകൊണ്ടാണ് യഹോവയെ സേവിക്കാൻ തീരുമാനിച്ചത്?
3. സാത്താൻ യേശുവിന് എന്തു വാഗ്ദാനമാണു കൊടുത്തത്, എന്നാൽ യേശു എന്തു തീരുമാനമെടുത്തു?
3 ഭൂമിയിലായിരുന്നപ്പോൾ ആരെ സേവിക്കണമെന്ന കാര്യത്തിൽ യേശു തീരുമാനമെടുക്കണമായിരുന്നു. സ്നാനമേറ്റ് അധികം വൈകാതെ സാത്താൻ യേശുവിനെ, ലോകത്തെ എല്ലാ രാജ്യങ്ങളും കാണിച്ചിട്ട് ഒരു തവണയെങ്കിലും തന്നെ ആരാധിച്ചാൽ ഇതെല്ലാം തരാമെന്ന് പറഞ്ഞു. എന്നാൽ യേശു ഇങ്ങനെ മറുപടി പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിട്ടുണ്ട്.” (മത്താ. 4:8-10) യേശു എന്തുകൊണ്ടാണ് യഹോവയെ മാത്രമേ സേവിക്കൂ എന്ന തീരുമാനമെടുത്തത്? അതിന്റെ ചില കാരണങ്ങൾ നോക്കാം.
4-5. യേശു യഹോവയെ സേവിക്കാൻ തീരുമാനിച്ചതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
4 യഹോവയെ സേവിക്കാൻ യേശു തീരുമാനിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം യഹോവയോടുള്ള ആഴമായ സ്നേഹമാണ്, തന്റെ പിതാവുമായുള്ള തകർക്കാനാകാത്ത സ്നേഹബന്ധം. (യോഹ. 14:31) യേശു യഹോവയെ സേവിക്കാൻ തീരുമാനിച്ചതിന്റെ മറ്റൊരു കാരണം, യഹോവയെ സേവിക്കുന്നതാണ് ശരിയായ കാര്യം എന്ന് യേശു മനസ്സിലാക്കിയതാണ്. (യോഹ. 8:28, 29; വെളി. 4:11) യഹോവയാണ് നമുക്ക് ജീവൻ തന്ന നമ്മുടെ സ്രഷ്ടാവെന്നും യഹോവ ആശ്രയയോഗ്യനാണെന്നും എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമാണെന്നും യേശുവിന് അറിയാമായിരുന്നു. (സങ്കീ. 33:4; 36:9; യാക്കോ. 1:17) യഹോവ എപ്പോഴും തന്നോട് സത്യം മാത്രമാണു സംസാരിച്ചതെന്നും തനിക്കുള്ളതെല്ലാം യഹോവ തന്നതാണെന്നും യേശു മനസ്സിലാക്കി. (യോഹ. 1:14) എന്നാൽ സാത്താൻ മനുഷ്യരുടെമേൽ വരുത്തിവെച്ചതോ? പാപവും മരണവും. അത്യാഗ്രഹത്തോടെയും സ്വാർഥതയോടെയും പ്രവർത്തിക്കുന്ന ഒരു നുണയനാണ് അവൻ. (യോഹ. 8:44) ഇതെല്ലാം അറിയാമായിരുന്നതുകൊണ്ട്, സാത്താനെപ്പോലെ യഹോവയ്ക്ക് എതിരെ മത്സരിക്കുന്നതിനെക്കുറിച്ച് യേശു ചിന്തിച്ചതേ ഇല്ല!—ഫിലി. 2:5-8.
5 യേശു യഹോവയെ സേവിക്കാൻ തീരുമാനിച്ചതിന്റെ മറ്റൊരു കാരണം, താൻ വിശ്വസ്തമായി യഹോവയെ സേവിച്ചാൽ ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച് ചിന്തിച്ചതാണ്. (എബ്രാ. 12:2) വിശ്വസ്തനായി നിൽക്കുകയാണെങ്കിൽ തനിക്കു പിതാവിന്റെ പേര് വിശുദ്ധീകരിക്കാനും സാത്താൻ വരുത്തിവെച്ച എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി ഒരു വഴി തുറക്കാനും കഴിയുമെന്ന് യേശുവിന് അറിയാമായിരുന്നു.
യഹോവ നമ്മുടെ ആരാധന അർഹിക്കുന്നത് എന്തുകൊണ്ട്?
6-7. ഇന്ന് പലരും യഹോവയെ സേവിക്കാത്തത് എന്തുകൊണ്ടാണ്, എന്നാൽ ദൈവം നമ്മുടെ ആരാധന അർഹിക്കുന്നത് എന്തുകൊണ്ടാണ്?
6 പലരും ഇന്ന് യഹോവയെ സേവിക്കാത്തതിന്റെ കാരണം അവർക്ക് യഹോവയുടെ മനോഹരമായ ഗുണങ്ങളെക്കുറിച്ചും യഹോവ അവർക്കുവേണ്ടി ചെയ്ത നന്മകളെക്കുറിച്ചും അറിയാത്തതുകൊണ്ടാണ്. പൗലോസ് പ്രസംഗിച്ച ആതൻസിലുള്ള ആളുകളും ദൈവത്തെക്കുറിച്ച് അറിവില്ലാത്തവരായിരുന്നു.—പ്രവൃ. 17:19, 20, 30, 34.
7 സത്യദൈവമാണ് “ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്” എന്ന് പൗലോസ് ആതൻസിലുള്ളവരോട് പറഞ്ഞു. “ദൈവം കാരണമാണല്ലോ നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്” എന്നും പൗലോസ് കൂട്ടിച്ചേർത്തു. ‘ഒരു മനുഷ്യനിൽനിന്ന് എല്ലാ ജനതകളെയും ഉണ്ടാക്കിയത്’ സ്രഷ്ടാവായ ദൈവമാണ്. അതുകൊണ്ട് ദൈവം മാത്രമാണ് നമ്മുടെ ആരാധനയ്ക്ക് അർഹൻ.—പ്രവൃ. 17:25, 26, 28.
8. യഹോവ ഒരിക്കലും എന്തു ചെയ്യില്ല, നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിക്കുന്നത്?
8 സ്രഷ്ടാവും പ്രപഞ്ചത്തിന്റെ പരമാധികാരിയും ആയതുകൊണ്ട് യഹോവയ്ക്കു വേണമെങ്കിൽ തന്നെ സേവിക്കാൻ ആളുകളെ നിർബന്ധിക്കാം. എന്നാൽ യഹോവ ഒരിക്കലും അങ്ങനെ ചെയ്യില്ല. പകരം താൻ നിലനിൽക്കുന്നുണ്ടെന്നും നമ്മളെ ഓരോരുത്തരെയും വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും ഉള്ളതിന്റെ തെളിവുകൾ യഹോവ നൽകുന്നു. കഴിയുന്നത്ര ആളുകൾ എന്നേക്കും തന്റെ സുഹൃത്തുക്കൾ ആകണമെന്നാണ് യഹോവയുടെ ആഗ്രഹം. (1 തിമൊ. 2:3, 4) അതിനുവേണ്ടി തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ഭാവിയിൽ മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്ന നല്ല കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരെ പഠിപ്പിക്കാൻവേണ്ട പരിശീലനം യഹോവ തരുന്നു. (മത്താ. 10:11-13; 28:19, 20) യഹോവയെ ആരാധിക്കാനായി ക്രിസ്തീയസഭകൾ നമുക്ക് തന്നിരിക്കുന്നു. കൂടാതെ നമുക്കുവേണ്ടി കരുതാൻ സ്നേഹമുള്ള ഇടയന്മാരെയും.—പ്രവൃ. 20:28.
9. യഹോവ ഏതൊക്കെ വിധങ്ങളിലാണ് എല്ലാ ആളുകളോടും സ്നേഹം കാണിക്കുന്നത്?
9 ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ മനസ്സു കാണിക്കാത്തവർക്കുപോലും ഒരുപാടു നന്മകൾ നൽകുന്നത് യഹോവയുടെ അസാധാരണസ്നേഹത്തിന്റെ തെളിവാണ്. ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക: ആയിരക്കണക്കിന് വർഷങ്ങളായി പല ആളുകളും യഹോവയെ അനുസരിക്കുന്നതിനു പകരം ശരിയും തെറ്റും സംബന്ധിച്ചുള്ള സ്വന്തം നിലവാരങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്. എന്നിട്ടും ജീവൻ നിലനിറുത്താനും ജീവിതം ആസ്വദിക്കാനും വേണ്ടതെല്ലാം യഹോവ സ്നേഹത്തോടെ അവർക്കു നൽകുന്നു. (മത്താ. 5:44, 45; പ്രവൃ. 14:16, 17) ദൈവം അവർക്കു കഴിവ് കൊടുത്തതുകൊണ്ടാണ് നല്ല ബന്ധങ്ങൾ ആസ്വദിക്കാനും കുടുംബവും കുട്ടികളും ഉണ്ടായിരിക്കാനും അധ്വാനത്തിന്റെ ഫലം ആസ്വദിക്കാനും അവർക്കു കഴിയുന്നത്. (സങ്കീ. 127:3; സഭാ. 2:24) ഈ തെളിവുകളെല്ലാം വ്യക്തമാക്കുന്നത് നമ്മുടെ സ്വർഗീയപിതാവ് എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നുണ്ട് എന്നാണ്. (പുറ. 34:6) നമ്മൾ യഹോവയെ സേവിക്കാൻ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്നും യഹോവ അതിനെ എങ്ങനെ അനുഗ്രഹിക്കുമെന്നും നമുക്ക് ഇപ്പോൾ നോക്കാം.
നമ്മൾ യഹോവയെ സേവിക്കാൻ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്?
10. (എ) നമ്മൾ യഹോവയെ സേവിക്കുന്നതിന്റെ പ്രധാനകാരണം എന്താണ്? (മത്തായി 22:37) (ബി) യഹോവ ക്ഷമിക്കുന്നതിൽനിന്ന് നിങ്ങൾ പ്രയോജനം നേടിയത് എങ്ങനെയാണ്? (സങ്കീർത്തനം 103:13, 14)
10 യേശുവിനെപ്പോലെ നമ്മളും യഹോവയെ സേവിക്കുന്നതിന്റെ പ്രധാനകാരണം യഹോവയോടു നമുക്കുള്ള ആഴമായ സ്നേഹവും അടുപ്പവും ആണ്. (മത്തായി 22:37 വായിക്കുക.) യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ നമ്മൾ യഹോവയോട് കൂടുതൽ അടുക്കും. ഉദാഹരണത്തിന്, യഹോവ ക്ഷമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇസ്രായേല്യർ അനുസരണക്കേടു കാണിച്ചപ്പോൾ യഹോവ അവരോട് ഇങ്ങനെപോലും പറഞ്ഞു: “നിങ്ങളുടെ മോശമായ വഴികളിൽനിന്ന് ദയവായി പിന്തിരിയൂ.” (യിരെ. 18:11) നമ്മൾ അപൂർണരാണെന്ന്, വെറും പൊടിയാണെന്ന് യഹോവ ഓർക്കുന്നു. (സങ്കീർത്തനം 103:13, 14 വായിക്കുക.) യഹോവയുടെ ക്ഷമയെക്കുറിച്ചും മറ്റു മനോഹരമായ ഗുണങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ എന്നെന്നും യഹോവയെ സേവിക്കാൻ നിങ്ങൾക്കു തോന്നുന്നില്ലേ?
11. നമ്മൾ സ്വർഗീയപിതാവിനെ സേവിക്കാൻ തീരുമാനിക്കുന്നതിന്റെ മറ്റു ചില കാരണങ്ങൾ എന്തൊക്കെയാണ്?
11 യഹോവയെ സേവിക്കുന്നതാണു ശരിയായ കാര്യമെന്ന് നമുക്ക് അറിയാം. അതാണ് നമ്മളെ അതിനു പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യം. (മത്താ. 4:10) അതുപോലെ യഹോവയെ വിശ്വസ്തമായി സേവിക്കുമ്പോൾ ഒരുപാടു പ്രയോജനങ്ങളുമുണ്ട്. നമ്മുടെ വിശ്വസ്തസേവനത്തിലൂടെ യഹോവയുടെ പേര് വിശുദ്ധീകരിക്കാനും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനും നമ്മുടെ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമുക്കാകും. നമ്മൾ ഇന്ന് യഹോവയെ സേവിക്കാൻ തീരുമാനിക്കുകയാണെങ്കിൽ നിത്യം ജീവിച്ചുകൊണ്ട് യഹോവയെ സേവിക്കാനുള്ള അവസരം നമുക്കുണ്ടായിരിക്കും.—യോഹ. 17:3.
12-13. ജെയിനിന്റെയും പാമിന്റെയും അനുഭവത്തിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
12 വളരെ ചെറുപ്പത്തിൽത്തന്നെ നമുക്ക് യഹോവയോട് ഒരു ആഴമായ സ്നേഹം വളർത്തിയെടുക്കാനാകും. നമ്മൾ പ്രായമാകുന്നതിനനുസരിച്ച് ആ സ്നേഹം ശക്തമാകുകയും ചെയ്യും. ജെയിനിന്റെയും അനിയത്തിയായ പാമിന്റെയുംa അനുഭവം നോക്കാം. ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ അവർക്ക് 11-ഉം 10-ഉം വയസ്സായിരുന്നു. അവരുടെ മാതാപിതാക്കൾക്ക് ബൈബിൾ പഠിക്കാൻ ഒരു താത്പര്യവുമില്ലായിരുന്നു. വാരാന്തങ്ങളിൽ പള്ളിയിലെ പരിപാടികളിൽ പങ്കെടുക്കുകയാണെങ്കിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ അനുവദിക്കാമെന്നു മാതാപിതാക്കൾ അവരോടു പറഞ്ഞു. ജെയിൻ പറയുന്നു: “യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതുകൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കാനും അധാർമികതയിൽ ഏർപ്പെടാനും സ്കൂളിലെ കുട്ടികളിൽനിന്ന് സമ്മർദം ഉണ്ടായപ്പോൾ അതിനെ ചെറുക്കാൻ എനിക്കു കഴിഞ്ഞു.”
13 കൗമാരത്തിന്റെ അവസാനമായപ്പോഴേക്കും രണ്ടുപേരും പ്രചാരകരായി. പിന്നീട് പ്രായമായ മാതാപിതാക്കളെ നോക്കുന്നതോടൊപ്പം അവർ മുൻനിരസേവനവും ചെയ്യാൻ തുടങ്ങി. തന്റെ ജീവിതത്തെക്കുറിച്ച് ജെയിൻ പറയുന്നത് ഇങ്ങനെയാണ്: “യഹോവ തന്റെ സുഹൃത്തുക്കൾക്കുവേണ്ടി വിശ്വസ്തതയോടെ കരുതുമെന്നും 2 തിമൊഥെയൊസ് 2:19 പറയുന്നതുപോലെ ‘യഹോവ തനിക്കുള്ളവരെ അറിയുന്നു’ എന്നും ഞാൻ എന്റെ ജീവിതത്തിലൂടെ മനസ്സിലാക്കി.” തന്നെ സ്നേഹിക്കുന്ന, തന്നെ ആരാധിക്കാൻ തീരുമാനിക്കുന്ന ഓരോരുത്തർക്കുവേണ്ടിയും യഹോവ കരുതുമെന്ന് ഉറപ്പാണ്!
14. നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും യഹോവയുടെ പേരിനു വന്ന നിന്ദ നീക്കാൻ എങ്ങനെ കഴിയും? (ചിത്രങ്ങളും കാണുക.)
14 യഹോവയുടെ പേരിനു വന്നിരിക്കുന്ന നിന്ദ നീക്കാനും നമ്മൾ ആഗ്രഹിക്കുന്നു. ഇങ്ങനെയൊന്നു ചിന്തിക്കുക. ദയയും ഉദാരതയും ഉള്ള, മറ്റുള്ളവരോട് ക്ഷമിക്കുന്ന ഒരു അടുത്ത സുഹൃത്ത് നിങ്ങൾക്കുണ്ട്. ആ സുഹൃത്ത് ഒരു ക്രൂരനാണെന്നും സത്യസന്ധതയില്ലാത്തവനാണെന്നും ഉള്ള ആരോപണം ഒരാളിൽനിന്ന് നിങ്ങൾ കേൾക്കുകയാണ്. നിങ്ങൾ എങ്ങനെ പ്രതികരിക്കും? ആ സുഹൃത്തിനുവേണ്ടി സംസാരിക്കും, അല്ലേ? അതുപോലെ സാത്താനും അവന്റെ സ്വാധീനത്തിലുള്ളവരും യഹോവയുടെ പേരിനെ നിന്ദിക്കാൻ നുണകൾ പറഞ്ഞുപരത്തുമ്പോൾ നമ്മൾ എന്തു ചെയ്യും? യഹോവയെക്കുറിച്ചുള്ള സത്യങ്ങൾ അവരോടു പറഞ്ഞുകൊണ്ട് ആ പേരിനു വന്ന നിന്ദ നമ്മൾ നീക്കും. (സങ്കീ. 34:1; യശ. 43:10) യഹോവയെ സ്നേഹിക്കാനും സേവിക്കാനും ആണ് നമ്മുടെ തീരുമാനമെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമ്മൾ കാണിക്കും.
യഹോവയുടെ പേരിനു വന്ന നിന്ദ നീക്കാൻ നിങ്ങൾ സഹായിക്കുമോ? (14-ാം ഖണ്ഡിക കാണുക)b
15. ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയതുകൊണ്ട് പൗലോസിന് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടി? (ഫിലിപ്പിയർ 3:7, 8)
15 യഹോവയെ സന്തോഷിപ്പിക്കാനോ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനോ വേണ്ടി നമ്മൾ നമ്മുടെ ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകും. ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലോസ് യേശുവിനെ അനുഗമിക്കാനും യഹോവയെ സേവിക്കാനും ജൂതമതത്തിലെ പ്രമുഖസ്ഥാനം ഉപേക്ഷിക്കാൻ തയ്യാറായി. (ഗലാ. 1:14) അതിന്റെ ഫലമായി, യഹോവയുടെ സേവനത്തിൽ ഒരുപാടു നല്ല അനുഭവങ്ങൾ അദ്ദേഹത്തിന് ആസ്വദിക്കാൻ കഴിഞ്ഞു. അതുപോലെ സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനുള്ള അവസരവും അദ്ദേഹത്തിനു കിട്ടി. യഹോവയെ സേവിക്കാനെടുത്ത തീരുമാനത്തെ ഓർത്ത് പൗലോസിന് ഒരിക്കലും ഖേദം തോന്നിയില്ല. നമുക്കും അങ്ങനെ തോന്നില്ല.—ഫിലിപ്പിയർ 3:7, 8 വായിക്കുക.
16. ജൂലിയയുടെ അനുഭവത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്? (ചിത്രങ്ങളും കാണുക.)
16 യഹോവയെ സേവിക്കുന്നതിനാണ് നമ്മൾ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെങ്കിൽ ഇപ്പോഴും ഭാവിയിലും നമുക്ക് മനോഹരമായ ഒരു ജീവിതം ആസ്വദിക്കാനാകും. ജൂലിയ സഹോദരിയുടെ അനുഭവം നോക്കാം. സത്യം പഠിക്കുന്നതിനു മുമ്പ്, ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ ജൂലിയ പള്ളിയിൽ പാട്ടു പാടുമായിരുന്നു. പിന്നീട് ഒരു മികച്ച ഗായികയാകാനുള്ള പരിശീലനം അവൾക്കു കിട്ടി. താമസിയാതെ ജൂലിയ ഒരു അറിയപ്പെടുന്ന പാട്ടുകാരിയാകുകയും പ്രശസ്തമായ പല സ്ഥലങ്ങളിലും പോയി പാടുകയും ചെയ്തു. പിന്നെ ഒരിക്കൽ സംഗീതം പഠിപ്പിക്കുന്ന ഒരു സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂടെ പഠിച്ച ഒരാൾ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ പേര് യഹോവ ആണെന്നും അവളോടു വിശദീകരിച്ചു. അധികം വൈകാതെ ജൂലിയ ആഴ്ചയിൽ രണ്ടു തവണ ബൈബിൾ പഠിക്കാൻതുടങ്ങി. അങ്ങനെ ഒരു പ്രശസ്തയായ പാട്ടുകാരി ആകുന്നതിനു പകരം, തന്റെ സമയവും ഊർജവും ഒക്കെ യഹോവയെ സേവിക്കുന്നതിൽ ഉപയോഗിക്കാൻ ജൂലിയ തീരുമാനിച്ചു. ആ തീരുമാനമെടുക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അവൾ പറയുന്നു: “പാടാനുള്ള ഈ കഴിവ് നീ നശിപ്പിച്ചുകളയുവാണെന്ന് പലരും എന്നോട് പറഞ്ഞു. എങ്കിലും എന്റെ ജീവിതംകൊണ്ട് യഹോവയെ പൂർണമായി സേവിക്കാൻ ആയിരുന്നു എന്റെ ആഗ്രഹം.” 30-ലധികം വർഷം മുമ്പ് എടുത്ത ആ തീരുമാനത്തെക്കുറിച്ച് ജൂലിയയ്ക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്? “യഹോവയെ സേവിക്കാൻ തീരുമാനിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇനി ഭാവിയിൽ യഹോവ എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെല്ലാം തൃപ്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പാണ്.”—സങ്കീ. 145:16.
യഹോവയെ സേവിക്കുന്നതിനാണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ ഏറ്റവും മനോഹരമായ ഒരു ജീവിതമായിരിക്കും നമ്മൾ ആസ്വദിക്കുക (16-ാം ഖണ്ഡിക കാണുക)c
യഹോവയെ സേവിക്കുന്നതിൽ തുടരുക
17. ഈ കാലത്തിന്റെ അടിയന്തിരത യഹോവയെ സേവിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തവരെയും തീരുമാനിച്ചവരെയും എങ്ങനെ സ്വാധീനിക്കുന്നു?
17 നമ്മൾ ഇപ്പോൾ വ്യവസ്ഥിതിയുടെ അവസാന നാളുകളിലാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “‘ഇനി, ‘അൽപ്പസമയമേ ഉള്ളൂ,’ ‘വരാനുള്ളവൻ വരും; താമസിക്കില്ല.’” (എബ്രാ. 10:37) ഈ അറിവ് നമ്മളെ എങ്ങനെ സ്വാധീനിക്കണം? യഹോവയെ സേവിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തവർ, ഇനി അധികം സമയം ബാക്കിയില്ലാത്തതുകൊണ്ട് എത്രയും പെട്ടെന്ന് ആ തീരുമാനമെടുക്കണം. (1 കൊരി. 7:29) ഇനി യഹോവയെ സേവിക്കാൻ തീരുമാനിച്ച ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ “അൽപ്പസമയമേ ഉള്ളൂ” എന്നും ഓർക്കാം.
18. നമ്മൾ എന്തു ചെയ്യാനാണ് യഹോവയും യേശുവും ആഗ്രഹിക്കുന്നത്?
18 യേശു തന്റെ ശിഷ്യന്മാരോട് തന്നെ എന്നും അനുഗമിക്കാനാണ് ആവശ്യപ്പെട്ടത്. (ലൂക്കോ. 9:23) അതുകൊണ്ട് വർഷങ്ങളായി യഹോവയെ സേവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ തുടർന്നും അങ്ങനെതന്നെ ചെയ്യാൻ തീരുമാനിച്ചുറയ്ക്കുക. യഹോവയെ സേവിക്കുക എന്ന ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നമ്മൾ കഠിനശ്രമം ചെയ്യേണ്ടതുണ്ട്. അത് അത്ര എളുപ്പമല്ലെങ്കിലും അതു കാരണം ഇപ്പോൾത്തന്നെ നമ്മൾ എത്ര സന്തോഷവും അനുഗ്രഹങ്ങളും ആണ് ആസ്വദിക്കുന്നത് എന്ന് ഓർക്കുക.—സങ്കീ. 35:27.
19. ജീനിന്റെ അനുഭവത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
19 ചില ആളുകൾ ചിന്തിക്കുന്നത് യഹോവയെ സേവിക്കുമ്പോൾ ജീവിതം ആസ്വദിക്കാൻ പറ്റില്ല എന്നാണ്. ചെറുപ്പക്കാരേ, യഹോവയെ സേവിക്കുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും നഷ്ടപ്പെടുത്തുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ചെറുപ്പക്കാരനായ ജീൻ ഇങ്ങനെ പറയുന്നു: “ഒരു യഹോവയുടെ സാക്ഷിയായുള്ള ജീവിതം ഒട്ടും സ്വാതന്ത്ര്യമില്ലാത്തതാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നോടൊപ്പം വളർന്ന മറ്റുള്ളവർ പാർട്ടിക്ക് പോകുകയും പെൺകുട്ടികളോടൊപ്പം ചുറ്റിക്കറങ്ങുകയും അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകൾ കളിക്കുകയും ചെയ്തപ്പോൾ എനിക്ക് എന്റെ സമയം മീറ്റിങ്ങുകൾക്കും ശുശ്രൂഷയ്ക്കും ആയി ഉപയോഗിക്കേണ്ടിവന്നു.” ഈ ചിന്ത ജീനിനെ എങ്ങനെയാണ് ബാധിച്ചത്? ജീൻ പറയുന്നു: “ഞാൻ ഒരു ഇരട്ടജീവിതം നയിക്കാൻ തുടങ്ങി. കുറച്ചുനാൾ നല്ല രസമായിരുന്നു. പക്ഷേ നിലനിൽക്കുന്ന സന്തോഷം അത് എനിക്ക് തന്നില്ല. എന്നാൽ ഞാൻ മനഃപൂർവം കണ്ണടച്ചുകളഞ്ഞ ബൈബിൾസത്യങ്ങളെക്കുറിച്ച് പിന്നെ ഞാൻ ചിന്തിക്കാൻ തുടങ്ങി. അങ്ങനെ യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ ഞാൻ തീരുമാനിച്ചു. പിന്നീട് അങ്ങോട്ട് എന്റെ ഓരോ പ്രാർഥനയ്ക്കും ഉള്ള ഉത്തരം യഹോവ തരുന്നത് എനിക്ക് കാണാനായി.”
20. എന്തു ചെയ്യാൻ നമ്മൾ തീരുമാനിച്ചുറയ്ക്കണം?
20 ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “തിരുമുറ്റത്ത് വസിക്കാനായി അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ.” (സങ്കീ. 65:4) അതെ, യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമുക്ക് തീരുമാനിച്ചുറയ്ക്കാം. യോശുവയെപ്പോലെ നമുക്കും ഇങ്ങനെ പറയാം: “ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും.”—യോശു. 24:15.
ഗീതം 28 യഹോവയുടെ സൗഹൃദം നേടുക
a ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.
b ചിത്രത്തിന്റെ വിവരണം: കൺവെൻഷൻ സ്ഥലത്തിനു പുറത്തുവെച്ച് എതിരാളികൾ പറയുന്ന കാര്യങ്ങൾ കേട്ട ഒരു സ്ത്രീ പ്രസിദ്ധീകരണ കാർട്ടിന് അടുത്തു ചെന്ന് ബൈബിൾസത്യം കേൾക്കുന്നു.
c ചിത്രത്തിന്റെ വിവരണം: യഹോവയെ സേവിക്കാനായി ജൂലിയ വരുത്തിയ മാറ്റങ്ങൾ ഭാവനയിൽ കാണാൻ സഹായിക്കുന്ന ചിത്രങ്ങൾ.