പഠനലേഖനം 15
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
‘ദൈവത്തോട് അടുത്ത് ചെല്ലുന്നത്’ നമുക്കു നല്ലത്!
“ഞാൻ ദൈവത്തോട് അടുത്ത് ചെല്ലും; അതല്ലോ എനിക്കു നല്ലത്.”—സങ്കീ. 73:28.
ഉദ്ദേശ്യം
യഹോവയോട് എങ്ങനെ അടുത്ത് ചെല്ലാമെന്നും അതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ടെന്നും കാണും.
1-2. (എ) ഒരു അടുത്ത സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
നിങ്ങൾക്ക് ഒരു അടുത്ത സുഹൃത്തുണ്ടോ? ആ സൗഹൃദം വളർത്താൻ നിങ്ങൾ എന്താണു ചെയ്തത്? നിങ്ങൾ ഉറപ്പായും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ഒക്കെ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടാകും. നിങ്ങൾക്കു പകർത്താൻ തോന്നുന്ന ഒരുപാടു നല്ല സ്വഭാവഗുണങ്ങൾ അദ്ദേഹത്തിൽ കണ്ടിട്ടുണ്ടാകും. അങ്ങനെ നിങ്ങൾ ആ സുഹൃത്തിനെ ഇഷ്ടപ്പെട്ടുതുടങ്ങി.
2 ഒരു അടുത്ത സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ നമുക്കു നല്ല സമയവും ശ്രമവും ആവശ്യമാണ്. ദൈവമായ യഹോവയുമായി ഒരു അടുത്ത, വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുന്ന കാര്യത്തിലും അതു സത്യമാണ്. ഈ ലേഖനത്തിൽ ദൈവത്തോടു നമുക്ക് എങ്ങനെ കൂടുതൽ അടുക്കാമെന്നും അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണെന്നും നമ്മൾ ചർച്ച ചെയ്യും. ആദ്യം, നമ്മുടെ ഏറ്റവും നല്ല സുഹൃത്തായ യഹോവയോട് അടുക്കുന്നതു നല്ലതാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം.
3. യഹോവയോട് അടുക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
3 യഹോവയോട് അടുക്കുന്നതു നല്ലതാണെന്ന കാര്യത്തിൽ നമുക്ക് ഒരു സംശയവുമില്ല. എന്നാൽ അത് എത്ര നല്ലതാണ് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് യഹോവയോടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരിപ്പിക്കും. (സങ്കീ. 63:6-8) ഉദാഹരണത്തിന്, നല്ലൊരു ഭക്ഷണരീതി പിൻപറ്റുന്നതും വ്യായാമം ചെയ്യുന്നതും ആവശ്യത്തിനു വിശ്രമിക്കുന്നതും നല്ലപോലെ വെള്ളം കുടിക്കുന്നതും ഒക്കെ ആരോഗ്യത്തിന് നല്ലതാണെന്നു നമുക്ക് അറിയാം. എങ്കിലും പല ആളുകളും ഇതിന്റെയെല്ലാം പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ട് ആരോഗ്യത്തിനു ശ്രദ്ധ കൊടുക്കുന്നില്ല. എന്നാൽ ഇതിനെക്കുറിച്ച് നമ്മൾ എത്രയധികം ചിന്തിക്കുന്നോ അത്രയധികം നമ്മൾ ആരോഗ്യം ശ്രദ്ധിക്കാനുള്ള സാധ്യതയുണ്ട്. യഹോവയുമായുള്ള നമ്മുടെ സൗഹൃദത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതു നല്ലതാണെന്ന് അറിയാമെങ്കിലും അതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതു നമ്മുടെ സുഹൃത്തായ യഹോവയോടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരിപ്പിക്കും.—സങ്കീ. 119:27-30.
4. സങ്കീർത്തനം 73:28-ൽ പറയുന്നതുപോലെ സങ്കീർത്തനക്കാരന് എന്തു തോന്നി?
4 സങ്കീർത്തനം 73:28 വായിക്കുക. 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ യഹോവയുടെ ആലയത്തിൽ സംഗീതജ്ഞനായി സേവിച്ചിരുന്ന ഒരു ലേവ്യനായിരുന്നു. സാധ്യതയനുസരിച്ച് വർഷങ്ങളോളം അദ്ദേഹം യഹോവയെ വിശ്വസ്തമായി ആരാധിച്ചു. എങ്കിലും ‘ദൈവത്തോട് അടുക്കുന്നതു’ നല്ലതാണെന്നു തന്നെത്തന്നെയും മറ്റുള്ളവരെയും ഓർമിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ചെയ്യുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തെല്ലാമാണ്?
‘ദൈവത്തോട് അടുത്ത് ചെല്ലുന്നതു’ സന്തോഷം തരും
5. (എ) യഹോവയോട് കൂടുതൽ അടുക്കുന്നതു നമുക്കു സന്തോഷം തരുന്നത് എങ്ങനെ? (ബി) യഹോവ തരുന്ന ജ്ഞാനം നിങ്ങളെ എങ്ങനെയാണ് വ്യക്തിപരമായി സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്? (സുഭാഷിതങ്ങൾ 2:6-16)
5 യഹോവയോടു നമ്മൾ എത്രത്തോളം അടുക്കുന്നോ അത്രത്തോളം നമ്മുടെ സന്തോഷവും വർധിക്കും. (സങ്കീ. 65:4) അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, ബൈബിൾ വായിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നമ്മൾ ജ്ഞാനികളാകും. ആ ജ്ഞാനം മോശമായ സ്വാധീനത്തിൽനിന്നും ഗുരുതരമായ തെറ്റുകൾ ചെയ്യുന്നതിൽനിന്നും നമ്മളെ സംരക്ഷിക്കും. (സുഭാഷിതങ്ങൾ 2:6-16 വായിക്കുക.) ബൈബിൾ പറയുന്നത് എത്ര ശരിയാണ്: “ജ്ഞാനം നേടുകയും വകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ.”—സുഭാ. 3:13.
6. സങ്കീർത്തനക്കാരന്റെ സന്തോഷം നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്?
6 യഹോവയുടെ സുഹൃത്തുക്കൾക്കുപോലും സങ്കടമുണ്ടാക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരാറുണ്ട്. തനിക്ക് അന്യായമെന്നു തോന്നിയ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തപ്പോൾ 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനു സന്തോഷം നഷ്ടപ്പെട്ടു. ദൈവത്തിനും ദൈവത്തിന്റെ നിലവാരങ്ങൾക്കും ഒരു വിലയും കൊടുക്കാത്ത ആളുകളുടെ ജീവിതം എത്രയോ സുഖകരമാണെന്നു ചിന്തിച്ചപ്പോൾ അദ്ദേഹത്തിനു ദേഷ്യവും അസൂയയും തോന്നി. ദുഷ്ടരും അഹങ്കാരികളും ആയ ആളുകൾക്ക് എപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്നെന്നും അവർ ആരോഗ്യത്തോടെയിരിക്കുന്നെന്നും അവർക്ക് കഷ്ടപ്പാടുകളൊന്നും ഇല്ലെന്നും അദ്ദേഹം ചിന്തിച്ചു. (സങ്കീ. 73:3-7, 12) യഹോവയെ ആരാധിക്കാൻ താൻ ചെയ്യുന്ന ശ്രമങ്ങൾക്ക് മൂല്യമില്ലെന്നുപോലും ഒരു അവസരത്തിൽ അദ്ദേഹത്തിനു തോന്നിപ്പോയി. സങ്കടത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ ഹൃദയം ശുദ്ധമായി സൂക്ഷിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകി വെടിപ്പാക്കിയതും വെറുതേയായല്ലോ.”—സങ്കീ. 73:13.
7. സന്തോഷം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നമുക്ക് എന്തു ചെയ്യാം? (പുറംതാളിലെ ചിത്രവും കാണുക.)
7 സങ്കടം തന്നെ തളർത്തിക്കളയാതിരിക്കാൻ സങ്കീർത്തനക്കാരൻ വേണ്ടതു ചെയ്തു. “ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ചെന്നപ്പോൾ” തന്റെ ചിന്തകൾ തിരുത്താനായി യഹോവ അദ്ദേഹത്തെ സഹായിച്ചു. (സങ്കീ. 73:17-19) ഏറ്റവും നല്ല സുഹൃത്തായ യഹോവയ്ക്കു നമ്മുടെയും വിഷമങ്ങൾ അറിയാം. അതുകൊണ്ട് നമുക്കു സഹായത്തിനായി യഹോവയോട് അപേക്ഷിക്കുകയും ദൈവവചനത്തിലൂടെയും ക്രിസ്തീയസഭയിലൂടെയും യഹോവ തരുന്ന സഹായം സ്വീകരിക്കുകയും ചെയ്യാം. അപ്പോൾ തന്റെ സേവനത്തിൽ തുടരാനുള്ള ശക്തി യഹോവ നമുക്കു തരും. നമുക്ക് അങ്ങേയറ്റം ഉത്കണ്ഠ തോന്നുമ്പോൾപ്പോലും യഹോവ നമ്മളെ ആശ്വസിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.—സങ്കീ. 94:19.a
73-ാം സങ്കീർത്തനം എഴുതിയ ലേവ്യൻ “ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ” നിൽക്കുന്നു. (7-ാം ഖണ്ഡിക കാണുക)
‘ദൈവത്തോട് അടുക്കുന്നതു’ ജീവിതത്തിന് ഒരു ഉദ്ദേശ്യവും പ്രത്യാശയും തരും
8. ദൈവത്തോട് അടുക്കുന്നതു നല്ലതാണെന്നു പറയുന്നതിന്റെ മറ്റു ചില കാരണങ്ങൾ എന്തൊക്കെയാണ്?
8 യഹോവയോട് അടുക്കുന്നതു നല്ലതാണെന്നു പറയുന്നതിന്റെ മറ്റു രണ്ടു കാരണങ്ങൾ നോക്കാം. ഒന്ന്, നമ്മുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടാകും. രണ്ട്, അതു നമുക്കു ഭാവിയിലേക്ക് ഉറപ്പുള്ള ഒരു പ്രത്യാശയും തരും. (യിരെ. 29:11) നമുക്ക് ഇപ്പോൾ ഈ പ്രയോജനങ്ങളെക്കുറിച്ച് ഒന്ന് അടുത്ത് ചിന്തിക്കാം.
9. യഹോവയോട് അടുക്കുന്നതു നമ്മുടെ ജീവിതത്തിന് ഉദ്ദേശ്യം പകരുന്നത് എങ്ങനെ?
9 ദൈവത്തോട് അടുത്ത് ചെല്ലുന്നതു നമ്മുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യം പകരും. ഇന്നുള്ള പല ആളുകളും ദൈവമില്ലെന്നും ജീവിതത്തിന് ഒരു അർഥമില്ലെന്നും മനുഷ്യർ ഇനി അധികകാലമുണ്ടാകില്ലെന്നും ഒരു ദിവസം ഇതെല്ലാം അവസാനിക്കുമെന്നും ചിന്തിക്കുന്നു. എന്നാൽ ദൈവവചനം പഠിക്കുന്ന നമുക്ക്, ‘ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുമെന്നും’ ഉറപ്പാണ്. (എബ്രാ. 11:6) സ്വർഗീയപിതാവായ യഹോവയെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഈ കാലത്തുപോലും നമുക്കു സന്തോഷമുള്ളൊരു ജീവിതം ആസ്വദിക്കാൻ കഴിയും.—ആവ. 10:12, 13.
10. യഹോവയിൽ പ്രത്യാശവെക്കുന്നവരുടെ ഭാവിയെക്കുറിച്ച് സങ്കീർത്തനം 37:29 എന്താണു പറയുന്നത്?
10 പല ആളുകളും ചിന്തിക്കുന്നതു ജീവിതം എന്നു പറഞ്ഞാൽ ജോലി ചെയ്യുക, വിവാഹം കഴിക്കുക, മക്കളെ വളർത്തുക, ഭാവിയിലേക്കായി സ്വരുക്കൂട്ടുക ഇതൊക്കെയാണെന്നാണ്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഭാവിയെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല. നേരെമറിച്ച് യഹോവയുടെ ദാസന്മാർ ദൈവത്തിൽ പ്രത്യാശവെക്കുന്നു. (സങ്കീ. 25:3-5; 1 തിമൊ. 6:17) നമ്മൾ നമ്മുടെ സുഹൃത്തും ദൈവവും ആയ യഹോവയിൽ ആശ്രയിക്കുകയും യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കിയിരിക്കാൻ നമുക്ക് ഒരുപാടു കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും പറുദീസാഭൂമിയിൽ നിത്യം ജീവിച്ചുകൊണ്ട് യഹോവയെ ആരാധിക്കാനുള്ള അവസരം.—സങ്കീർത്തനം 37:29 വായിക്കുക.
11. യഹോവയോട് അടുക്കുന്നതുകൊണ്ട് മറ്റ് എന്തെല്ലാം പ്രയോജനങ്ങളുണ്ട്, യഹോവയ്ക്ക് അപ്പോൾ എന്തു തോന്നും?
11 ദൈവത്തോട് അടുക്കുന്നതു പല വിധങ്ങളിൽ നമുക്കു പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, പശ്ചാത്താപമുള്ള തന്റെ സുഹൃത്തുക്കളോടു ക്ഷമിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (യശ. 1:18) അതുകൊണ്ടു മുമ്പ് ചെയ്ത പാപത്തിന്റെ ഭാരം പേറി നമുക്കു ജീവിക്കേണ്ട ആവശ്യമില്ല. (സങ്കീ. 32:1-5) നമ്മൾ യഹോവയോട് അടുക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും. ആ തിരിച്ചറിവ് നമുക്കും സന്തോഷം തരും. (സുഭാ. 23:15) ഇതുപോലെ പല പ്രയോജനങ്ങളും നിങ്ങളുടെ മനസ്സിലേക്കു വരുന്നുണ്ടാകും. ശരി, യഹോവയോട് അടുക്കുന്നതിൽ തുടരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
‘യഹോവയോട് അടുക്കുന്നതിൽ’ തുടരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
12. ദൈവത്തോട് അടുക്കാൻ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ ചെയ്തു?
12 നിങ്ങൾ സ്നാനപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ ദൈവത്തോട് അടുക്കാൻ ഇതിനോടകം പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും. നിങ്ങൾ യഹോവയെയും യേശുവിനെയും കുറിച്ചുള്ള സത്യങ്ങൾ പഠിച്ചു, ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത് പശ്ചാത്തപിച്ചു, ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടെന്നു കാണിച്ചു, യഹോവയുടെ ഇഷ്ടം ചെയ്യാൻ പല മാറ്റങ്ങളും വരുത്തി. എന്നാൽ ദൈവത്തോടു കൂടുതൽ അടുക്കണമെങ്കിൽ ഈ കാര്യങ്ങളെല്ലാം നിങ്ങൾ തുടർന്നും ചെയ്യണം.—കൊലോ. 2:6.
13. യഹോവയോട് അടുക്കുന്നതിൽ തുടരാൻ നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെയാണ്?
13 യഹോവയോട് അടുക്കുന്നതിൽ തുടരാൻ നമ്മളെ എന്തു സഹായിക്കും? (1) ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കണം. അങ്ങനെ ചെയ്യുമ്പോൾ ദൈവത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പഠിക്കുക എന്നതു മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം. പകരം ദൈവത്തിന്റെ ചിന്തകൾ എന്താണെന്നു മനസ്സിലാക്കുകയും ബൈബിൾതത്ത്വങ്ങൾക്ക് അനുസരിച്ച് ജീവിക്കുകയും വേണം. (എഫെ. 5:15-17) (2) ദൈവത്തിന്റെ സ്നേഹം വ്യക്തിപരമായി അനുഭവിച്ചറിഞ്ഞ വിധങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ട് യഹോവയിലുള്ള വിശ്വാസം ശക്തമാക്കുക. (3) തുടർന്നും ദൈവം വെറുക്കുന്ന കാര്യങ്ങൾ വെറുക്കുകയും അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നവരെ കൂട്ടുകാരാക്കാതിരിക്കുകയും ചെയ്യുക.—സങ്കീ. 1:1; 101:3.
14. യഹോവയെ സന്തോഷിപ്പിക്കാനായി നമുക്ക് അനുദിനജീവിതത്തിൽ എന്തൊക്കെ ചെയ്യാം? (1 കൊരിന്ത്യർ 10:31) (ചിത്രങ്ങളും കാണുക.)
14 1 കൊരിന്ത്യർ 10:31 വായിക്കുക. യഹോവയോടു കൂടുതൽ അടുക്കാനായി നമ്മൾ യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണം. അതിനായി മീറ്റിങ്ങുകൾക്കും ശുശ്രൂഷയ്ക്കും പങ്കെടുത്താൽ മാത്രം പോരാ. നമ്മൾ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളിലും യഹോവയെ സന്തോഷിപ്പിക്കണം. ഉദാഹരണത്തിന്, എല്ലാത്തിലും സത്യസന്ധരായിരുന്നുകൊണ്ടും നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടും നമുക്ക് യഹോവയെ സന്തോഷിപ്പിക്കാം. (2 കൊരി. 8:21; 9:7) നമ്മൾ ജീവൻ എന്ന സമ്മാനത്തോടു നന്ദി കാണിക്കാനും യഹോവ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് നമ്മൾ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ മിതത്വം പാലിക്കുകയും മറ്റു വിധങ്ങളിൽ ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യും. അങ്ങനെ എല്ലാ കാര്യങ്ങളിലും, ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപ്പോലും, നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ യഹോവ നമ്മളോട് കൂടുതൽ അടുക്കും.—ലൂക്കോ. 16:10.
സൂക്ഷിച്ച് വണ്ടി ഓടിക്കുന്നതും സ്വന്തം ആരോഗ്യം നോക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും അതിഥിപ്രിയരായിരിക്കുന്നതും യഹോവയെ സന്തോഷിപ്പിക്കാനാകുന്ന ചില വിധങ്ങളാണ് (14-ാം ഖണ്ഡിക കാണുക)
15. നമ്മൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറാനാണ് യഹോവ ആഗ്രഹിക്കുന്നത്?
15 യഹോവ എല്ലാ ആളുകളോടും ദയ കാണിക്കുന്നു, തന്നെ സേവിക്കുന്നവരോടും സേവിക്കാത്തവരോടും. നമ്മളും അതുപോലെ എല്ലാവരോടും ദയ കാണിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (മത്താ. 5:45) ഉദാഹരണത്തിന്, നമ്മൾ “ആരെക്കുറിച്ചും മോശമായി സംസാരിക്കാതിരിക്കാനും വഴക്കാളികളാകാതെ . . . എല്ലാ മനുഷ്യരോടും നല്ല സൗമ്യത കാണിക്കാനും” ശ്രദ്ധിക്കുന്നു. (തീത്തോ. 3:2) ഇതു നമ്മൾ മനസ്സിൽപ്പിടിക്കുകയാണെങ്കിൽ യഹോവയെ ആരാധിക്കാത്ത ആളുകളെ നമ്മൾ ഒരിക്കലും വിലകുറച്ച് കാണില്ല. (2 തിമൊ. 2:23-25) എല്ലാവരോടും എപ്പോഴും ദയയും പരിഗണനയും കാണിക്കുമ്പോൾ നമ്മൾ യഹോവയോടു കൂടുതൽ അടുക്കും.
തെറ്റുകൾ പറ്റിയാലും നമുക്കു ‘ദൈവത്തോട് അടുക്കാനാകും’
16. 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് ഒരു ഘട്ടത്തിൽ എന്തു തോന്നി?
16 ഇടയ്ക്കൊക്കെ തെറ്റുകൾ പറ്റുമ്പോൾ ‘ഞാൻ ഇനി യഹോവയുടെ സ്നേഹത്തിന് അർഹനല്ല’ എന്നു ചിലപ്പോൾ നമുക്കു തോന്നിപ്പോയേക്കാം. നമ്മൾ മുമ്പ് കണ്ട 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനും സമാനമായ ചിന്തകളിലൂടെ കടന്നുപോയി. അദ്ദേഹം വിഷമത്തോടെ ഇങ്ങനെ പറഞ്ഞു: “എന്റെ കാലടികൾ വഴിതെറ്റുന്ന ഘട്ടത്തോളം എത്തിയതാണ്; എന്റെ ചുവടുകൾ വഴുതിപ്പോയേനേ.” (സങ്കീ. 73:2) തനിക്ക് “അമർഷം” തോന്നിയെന്നും “ബുദ്ധിയും ബോധവും ഇല്ലാതെ ചിന്തിച്ച്” ‘വെറുമൊരു മൃഗത്തെപ്പോലെയായെന്നും’ അദ്ദേഹം യഹോവയോടു സമ്മതിച്ച് പറഞ്ഞു. (സങ്കീ. 73:21, 22) എന്നാൽ തനിക്കു തെറ്റു പറ്റിയതുകൊണ്ട് യഹോവ തന്നെ ഇനി ഒരിക്കലും സ്നേഹിക്കില്ലെന്നോ തന്നോട് ഒരിക്കലും ക്ഷമിക്കില്ലെന്നോ അദ്ദേഹം ഉറപ്പിച്ചോ?
17. (എ) തനിക്ക് ഏറ്റവും വിഷമം തോന്നിയ സാഹചര്യത്തിൽ സങ്കീർത്തനക്കാരൻ എന്താണു ചെയ്തത്? (ബി) നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം? (ചിത്രങ്ങളും കാണുക.)
17 സങ്കീർത്തനക്കാരന് യഹോവ തന്നെ ഉപേക്ഷിച്ചതായി തോന്നിയിരിക്കാം. പക്ഷേ അതു കുറച്ച് സമയത്തേക്കു മാത്രമായിരുന്നു. തളർന്നിരുന്ന ആ സാഹചര്യത്തിൽപ്പോലും താൻ യഹോവയോടു കൂടുതൽ അടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് നമുക്ക് അതു മനസ്സിലാകും. “എന്നാൽ, ഇപ്പോൾ ഞാൻ അങ്ങയുടെ (യഹോവയുടെ) കൂടെത്തന്നെയാണ്; അങ്ങ് എന്റെ വലങ്കൈ പിടിച്ചിരിക്കുന്നു. ഉപദേശത്താൽ അങ്ങ് എന്നെ വഴിനടത്തുന്നു; അങ്ങനെ, എന്നെ മഹത്ത്വത്തിലേക്കു നയിക്കുന്നു.” (സങ്കീ. 73:23, 24) നമുക്കും ചെയ്തുപോയ തെറ്റുകളെ ഓർത്ത് നിരാശയോ നിരുത്സാഹമോ ഒക്കെ തോന്നുന്നെങ്കിൽ നമ്മളെ താങ്ങിനിറുത്തുന്ന പാറയായ യഹോവയിൽ നമുക്ക് ആശ്രയിക്കാനാകും. (സങ്കീ. 73:26; 94:18) യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാണ്’ എന്നു ബൈബിൾ ഉറപ്പുനൽകുന്നു. (സങ്കീ. 86:5) അതുകൊണ്ട് ഗുരുതരമായ തെറ്റുകൾ പറ്റിയാൽപ്പോലും യഹോവയിലേക്കു വീണ്ടും തിരിച്ചുവരാനാകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. നമുക്കു വലിയ ദുഃഖവും നിരുത്സാഹവും ഒക്കെ തോന്നുന്ന സമയത്ത് പ്രത്യേകിച്ചും, നമ്മൾ യഹോവയോട് അടുക്കേണ്ടതു പ്രധാനമാണ്.—സങ്കീ. 103:13, 14.
ആത്മീയമായി തളരുമ്പോൾ യഹോവയെ ആരാധിക്കുന്നതിൽ മുഴുകിക്കൊണ്ട് യഹോവയോട് അടുക്കുക (17-ാം ഖണ്ഡിക കാണുക)
എന്നേക്കും ‘ദൈവത്തോട് അടുത്തുകൊണ്ടിരിക്കാം’
18. യഹോവയോട് അടുക്കുന്നതിനു പരിധിയില്ലെന്നു പറയുന്നത് എന്തുകൊണ്ട്?
18 ബൈബിൾ പറയുന്നത്, യഹോവയുടെ ജ്ഞാനവും അറിവും വഴികളും ഒരിക്കലും ‘അന്വേഷിച്ച് കണ്ടുപിടിക്കാൻ പറ്റാത്തവയാണ്’ എന്നാണ്. (റോമ. 11:33) അതെ, യഹോവയെക്കുറിച്ച് നമ്മൾ ഒരിക്കലും പഠിച്ച് തീരില്ല! അതുകൊണ്ട് എന്നേക്കും യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ട് ദൈവത്തോടു നമുക്കു കൂടുതൽ അടുക്കാം.
19. സങ്കീർത്തനങ്ങൾ നമുക്ക് എന്ത് ഉറപ്പാണ് തരുന്നത്?
19 സങ്കീർത്തനം 79:13 ഇങ്ങനെ വായിക്കുന്നു: “അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റവും ആയ ഞങ്ങൾ അങ്ങയോട് എന്നും നന്ദി പറയും; തലമുറതലമുറയോളം അങ്ങയെ വാഴ്ത്തി സ്തുതിക്കും.” യഹോവയോട് അടുക്കുന്തോറും യഹോവ നിങ്ങളെ അനുഗ്രഹിക്കുമെന്ന ഉറപ്പോടെ നിങ്ങൾക്ക് ഇങ്ങനെ പറയാനാകും: “ദൈവം എന്റെ ഹൃദയത്തിന്റെ പാറ, എന്നും എന്റെ ഓഹരി.”—സങ്കീ. 73:26.
ഗീതം 32 യഹോവയുടെ പക്ഷത്ത് നിൽക്കുക!
a നീണ്ടുനിൽക്കുന്ന വിഷാദമോ ഉത്കണ്ഠയോ നേരിടുന്ന ആളുകൾക്ക് ഒരു ഡോക്ടറുടെ സഹായം വേണ്ടിവന്നേക്കും. കൂടുതൽ വിവരങ്ങൾക്കായി 2023 നമ്പർ 1 ലക്കം വീക്ഷാഗോപുരം കാണുക.