പഠനലേഖനം 18
ഗീതം 65 മുന്നേറുവിൻ!
യുവസഹോദരന്മാരേ, മർക്കോസിനെയും തിമൊഥെയൊസിനെയും അനുകരിക്കുക
“വരുമ്പോൾ മർക്കോസിനെയും കൊണ്ടുവരണം. കാരണം ശുശ്രൂഷയിൽ മർക്കോസ് എനിക്ക് ഒരു സഹായമാണ്.”—2 തിമൊ. 4:11.
ഉദ്ദേശ്യം
മറ്റുള്ളവരെ കൂടുതൽ നന്നായി സേവിക്കാൻ ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനു മർക്കോസിന്റെയും തിമൊഥെയൊസിന്റെയും മാതൃക യുവസഹോദരന്മാരെ എങ്ങനെ സഹായിക്കുമെന്നു കാണുക.
1-2. ദൈവസേവനത്തിൽ കൂടുതൽ ചെയ്യുന്നതിനു തടസ്സമാകാമായിരുന്ന എന്തൊക്കെ കാര്യങ്ങൾ മർക്കോസിനും തിമൊഥെയൊസിനും ഉണ്ടായിരുന്നു?
യുവസഹോദരന്മാരേ, യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനും സഭയിലെ സഹോദരങ്ങളെ കൂടുതലായി സഹായിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്ന് ഉറപ്പാണ്. ചെറുപ്പക്കാരായ നിങ്ങൾ ഇങ്ങനെ കൂടുതൽ ചെയ്യാൻ മുന്നോട്ടുവരുന്നതു കാണുമ്പോൾ എത്ര സന്തോഷമാണെന്നോ! (സങ്കീ. 110:3) എന്നാൽ പലപ്പോഴും അതു നിങ്ങൾക്ക് അത്ര എളുപ്പമായിരിക്കില്ല. നിങ്ങളുടെ ജീവിതം എന്തായിത്തീരുമെന്നോ യഹോവ നിങ്ങളെ എങ്ങോട്ടായിരിക്കും നയിക്കുന്നതെന്നോ നിശ്ചയമില്ലാത്തതുകൊണ്ട് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ നിങ്ങൾ മടിച്ചുനിൽക്കുകയാണോ? ഇനി, വേണ്ടത്ര കഴിവില്ലെന്ന ചിന്തയാണോ ഒരു നിയമനം സ്വീകരിക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നത്? എങ്കിൽ ഓർക്കുക: നിങ്ങൾക്കു മാത്രമല്ല ഇങ്ങനെയൊക്കെ തോന്നിയിട്ടുള്ളത്.
2 മർക്കോസിനും തിമൊഥെയൊസിനും ഉണ്ടായിരുന്നു അത്തരം പ്രശ്നങ്ങൾ. എന്നാൽ തങ്ങളുടെ ജീവിതം എന്തായിത്തീരുമെന്നോ തങ്ങൾക്കു വേണ്ടത്ര യോഗ്യതയില്ലെന്നോ ചിന്തിച്ച് മറ്റുള്ളവരെ സേവിക്കുന്നതിൽനിന്ന് അവർ പിന്മാറിനിന്നില്ല. സാധ്യതയനുസരിച്ച് മർക്കോസ് അമ്മയുടെകൂടെ നല്ല ഒരു വീട്ടിൽ സുഖമായി കഴിയുമ്പോഴാണ് അപ്പോസ്തലനായ പൗലോസിന്റെയും ബർന്നബാസിന്റെയും കൂടെ ആദ്യത്തെ മിഷനറിയാത്രയ്ക്കു പോരാൻ അദ്ദേഹത്തെ ക്ഷണിക്കുന്നത്. (പ്രവൃ. 12:12, 13, 25) യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ മർക്കോസ് തനിക്കു പരിചിതമായ വീടും ചുറ്റുപാടുകളും ഒക്കെ ഉപേക്ഷിച്ച് അവരുടെകൂടെ പോയി. ആദ്യം അന്ത്യോക്യയിലേക്കാണു പോയത്. പിന്നീട് പൗലോസിന്റെയും ബർന്നബാസിന്റെയും കൂടെ ദൂരെയുള്ള മറ്റു സ്ഥലങ്ങളിലേക്കും പോയി. (പ്രവൃ. 13:1-5) തിമൊഥെയൊസിന്റെ കാര്യവും അങ്ങനെയായിരുന്നു. സാധ്യതയനുസരിച്ച് അദ്ദേഹം തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുമ്പോഴാണു പ്രസംഗപ്രവർത്തനത്തിനു കൂടെ വരാൻ പൗലോസ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. വളരെ ചെറുപ്പമായതുകൊണ്ട് പൗലോസിന്റെകൂടെ പോകാനുള്ള യോഗ്യതയൊന്നും തനിക്കില്ലെന്നു തിമൊഥെയൊസിനു വേണമെങ്കിൽ ചിന്തിക്കാമായിരുന്നു. (1 കൊരിന്ത്യർ 16:10, 11; 1 തിമൊഥെയൊസ് 4:12 താരതമ്യം ചെയ്യുക.) എന്നാൽ പൗലോസിന്റെകൂടെ പോകാൻ തയ്യാറായതുകൊണ്ട് തിമൊഥെയൊസിനു ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നേടാനായി.—പ്രവൃ. 16:3-5.
3. (എ) മർക്കോസിന്റെയും തിമൊഥെയൊസിന്റെയും സേവനം പൗലോസ് ഇഷ്ടപ്പെട്ടിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം? (2 തിമൊഥെയൊസ് 4:6, 9, 11) (ചിത്രങ്ങളും കാണുക.) (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തും?
3 മർക്കോസും തിമൊഥെയൊസും ചെറുപ്പത്തിൽത്തന്നെ സഭയിലെ പല ഉത്തരവാദിത്വങ്ങളും ചെയ്യാൻ പഠിച്ചു. താൻ മരിക്കാറായ സമയത്ത് അവർ രണ്ടു പേരും തന്റെ കൂടെയുണ്ടായിരിക്കാൻ പൗലോസ് ആഗ്രഹിച്ചു. കാരണം ഈ ചെറുപ്പക്കാരുടെ സേവനം പൗലോസ് അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. (2 തിമൊഥെയൊസ് 4:6, 9, 11 വായിക്കുക.) മർക്കോസിന്റെയും തിമൊഥെയൊസിന്റെയും ഏതെല്ലാം ഗുണങ്ങളാണു പൗലോസ് അവരെ ഇഷ്ടപ്പെടാനും വിശ്വസിക്കാനും ഇടയാക്കിയത്? ഇന്നത്തെ ചെറുപ്പക്കാരായ സഹോദരന്മാർക്ക് എങ്ങനെ അവരുടെ മാതൃക അനുകരിക്കാം? ഒരു അപ്പനെപ്പോലെ പൗലോസ് സ്നേഹത്തോടെ നൽകിയ ഉപദേശത്തിൽനിന്ന് ഇന്നത്തെ ചെറുപ്പക്കാർക്ക് എങ്ങനെ പ്രയോജനം നേടാം?
ചെറുപ്പത്തിൽത്തന്നെ പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ തയ്യാറായതുകൊണ്ട് മർക്കോസിനെയും തിമൊഥെയൊസിനെയും പൗലോസിന് ഇഷ്ടമായിരുന്നു (3-ാം ഖണ്ഡിക കാണുക)b
മർക്കോസിനെ അനുകരിക്കുക—സേവിക്കാൻ മനസ്സുള്ളവരായിരിക്കുക
4-5. മറ്റുള്ളവരെ സേവിക്കാൻ തയ്യാറാണെന്നു മർക്കോസ് എങ്ങനെയാണു തെളിയിച്ചത്?
4 മറ്റുള്ളവരെ സേവിക്കുക എന്നതിന്റെ അർഥം അവരെ സഹായിക്കാൻ കഠിനാധ്വാനം ചെയ്യുക എന്നാണ്. അതുപോലെ നമുക്കു ബുദ്ധിമുട്ടാണെങ്കിലും മടുത്തുപോകാതെ അവരെ തുടർന്നും സഹായിക്കുന്നതും അതിൽ ഉൾപ്പെടുന്നു. മർക്കോസ് ഇക്കാര്യത്തിൽ നല്ലൊരു മാതൃകവെച്ചു. രണ്ടാം മിഷനറിയാത്രയ്ക്കു പൗലോസ് തന്നെ കൂടെ കൊണ്ടുപോകാതിരുന്നപ്പോൾ സാധ്യതയനുസരിച്ച് മർക്കോസിന് ആകെ സങ്കടവും നിരാശയും തോന്നിക്കാണും. (പ്രവൃ. 15:37, 38) എന്നാൽ അതിന്റെ പേരിൽ സഹോദരങ്ങളെ സേവിക്കേണ്ടാ എന്നു മർക്കോസ് തീരുമാനിച്ചില്ല.
5 മർക്കോസ് ബന്ധുവായ ബർന്നബാസിന്റെകൂടെ മറ്റൊരു പ്രദേശത്ത് പോയി പ്രവർത്തിച്ചു. ഏകദേശം 11 വർഷം കഴിഞ്ഞ് പൗലോസ് റോമിൽ ആദ്യത്തെ തവണ തടവിലായിരുന്ന സമയത്ത് സഹായിക്കാൻ ഉണ്ടായിരുന്നവരുടെ കൂട്ടത്തിൽ മർക്കോസും ഉണ്ടായിരുന്നു. (ഫിലേ. 23, 24) മർക്കോസിന്റെ സഹായം പൗലോസ് ഒരുപാടു വിലമതിച്ചു. കാരണം പൗലോസ് പറഞ്ഞതു മർക്കോസ് അവിടെയുള്ളതു തനിക്കു “വലിയ ഒരു ആശ്വാസമാണ്” എന്നാണ്.—കൊലോ. 4:10, 11.
6. വിശ്വസ്തരായ സഹോദരന്മാരുടെകൂടെ അടുത്ത് ഇടപഴകിയതു മർക്കോസിന് എങ്ങനെ ഗുണം ചെയ്തു? (അടിക്കുറിപ്പു കാണുക.)
6 വിശ്വസ്തരായ സഹോദരന്മാരുടെകൂടെ അടുത്ത് ഇടപഴകിയതു മർക്കോസിന് ഒത്തിരി ഗുണം ചെയ്തു. പൗലോസിന്റെകൂടെ കുറച്ച് കാലം റോമിൽ കഴിഞ്ഞശേഷം മർക്കോസ് അപ്പോസ്തലനായ പത്രോസിന്റെകൂടെ ബാബിലോണിൽ പ്രവർത്തിച്ചു. അവർക്കിടയിൽ നല്ലൊരു ബന്ധം വളരാൻ അതു സഹായിച്ചിട്ടുണ്ട്. കാരണം പത്രോസ് മർക്കോസിനെക്കുറിച്ച് ‘എന്റെ മകൻ’ എന്നാണു പറഞ്ഞിരിക്കുന്നത്. (1 പത്രോ. 5:13) അവർ ഒരുമിച്ചായിരുന്ന സമയത്ത് സാധ്യതയനുസരിച്ച് പത്രോസ് തന്റെ ഈ കൊച്ചുകൂട്ടുകാരനോടു യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള രസകരമായ പല വിവരങ്ങളും പറഞ്ഞുകാണും. അതൊക്കെയായിരിക്കാം മർക്കോസ് പിന്നീടു തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയത്.a
7. സെങ് വ്യൂ എന്ന ചെറുപ്പക്കാരനായ സഹോദരൻ മർക്കോസിന്റെ മാതൃക അനുകരിച്ചത് എങ്ങനെ? (ചിത്രവും കാണുക.)
7 മർക്കോസ് യഹോവയുടെ സേവനത്തിൽ തിരക്കോടെ തുടരുകയും വിശ്വസ്തരായ സഹോദരന്മാരുമായി ഉറ്റബന്ധം നിലനിറുത്തുകയും ചെയ്തു. നിങ്ങൾക്ക് എങ്ങനെ മർക്കോസിനെ അനുകരിക്കാം? നിങ്ങൾ ആഗ്രഹിച്ചിട്ടും ഒരു സേവനപദവി കിട്ടുന്നില്ല എന്നിരിക്കട്ടെ. ക്ഷമയോടെയിരിക്കുക. കൂടാതെ യഹോവയ്ക്കും സഹോദരങ്ങൾക്കും വേണ്ടി മറ്റ് എന്തൊക്കെ ചെയ്യാനാകുമെന്നും നോക്കുക. ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്ന സെങ് വ്യൂ സഹോദരന്റെ മാതൃക നോക്കാം. ചെറുപ്പമായിരുന്നപ്പോൾ മറ്റു യുവസഹോദരന്മാരുമായി അദ്ദേഹം തന്നെത്തന്നെ താരതമ്യം ചെയ്യുമായിരുന്നു. അവരിൽ ചിലർക്കു മൂപ്പന്മാർ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. മൂപ്പന്മാർ തന്നെ അവഗണിക്കുന്നതായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. അതു കണ്ടപ്പോൾ അദ്ദേഹത്തിന് ആകെ സങ്കടവും നിരാശയും ആയി. അവസാനം തന്റെ സങ്കടങ്ങളൊക്കെ അദ്ദേഹം മൂപ്പന്മാരോടു തുറന്നുപറഞ്ഞു. ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽപ്പോലും മറ്റുള്ളവർക്കുവേണ്ടി തന്നെക്കൊണ്ട് ആകുന്നതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ ഒരു മൂപ്പൻ നിർദേശിച്ചു. അതനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായി. അങ്ങനെ മീറ്റിങ്ങിനു പോകാൻ യാത്രാസൗകര്യം ആവശ്യമുള്ള പ്രായമായവരെയും മറ്റുള്ളവരെയും അദ്ദേഹം സഹായിക്കാൻതുടങ്ങി. ആ സമയത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇതാണ്: “മറ്റുള്ളവരെ സേവിക്കുക എന്നതിന്റെ ശരിക്കുള്ള അർഥം എന്താണെന്നു ഞാൻ പഠിച്ചു. അവർക്ക് ഏറ്റവും ആവശ്യമായ സഹായം കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒത്തിരി സന്തോഷം തോന്നി.”
വിശ്വസ്തരായ സഹോദരന്മാരുമായി പതിവായി അടുത്ത് ഇടപഴകുന്നത് യുവസഹോദരന്മാർക്ക് എങ്ങനെ പ്രയോജനം ചെയ്യും? (7-ാം ഖണ്ഡിക കാണുക)
തിമൊഥെയൊസിനെ അനുകരിക്കുക—സ്നേഹം കാണിക്കുക
8. പൗലോസ് എന്തുകൊണ്ടാണു തിമൊഥെയൊസിനെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചത്? (ഫിലിപ്പിയർ 2:19-22)
8 തനിക്ക് ഉപദ്രവം നേരിട്ട നഗരങ്ങളിലേക്കു മടങ്ങിപ്പോയപ്പോൾ പൗലോസിനു നല്ല ധൈര്യമുള്ള സഹോദരന്മാർ കൂടെ വേണമായിരുന്നു. ആദ്യം അദ്ദേഹം നല്ല അനുഭവപരിചയമുള്ള ശീലാസിനെ കൂടെക്കൂട്ടി. (പ്രവൃ. 15:22, 40) എന്നാൽ പിന്നീടു പൗലോസ് തന്റെ കൂട്ടാളിയായി തിമൊഥെയൊസിനെയും തിരഞ്ഞെടുത്തു. എന്തുകൊണ്ടായിരിക്കും തിമൊഥെയൊസ് കൂടെയുണ്ടായിരിക്കാൻ പൗലോസ് ആഗ്രഹിച്ചത്? ഒരു കാരണം തിമൊഥെയൊസിനെക്കുറിച്ച് എല്ലാവർക്കും വളരെ നല്ല അഭിപ്രായമായിരുന്നു. (പ്രവൃ. 16:1, 2) മാത്രമല്ല സഹോദരങ്ങളുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യമുള്ള ആളുമായിരുന്നു അദ്ദേഹം.—ഫിലിപ്പിയർ 2:19-22 വായിക്കുക.
9. സഹോദരങ്ങളുടെ കാര്യത്തിൽ തനിക്കു ശരിക്കും ചിന്തയുണ്ടെന്നു തിമൊഥെയൊസ് എങ്ങനെയാണു തെളിയിച്ചത്?
9 പൗലോസിന്റെകൂടെ പ്രവർത്തിച്ചുതുടങ്ങിയ കാലംമുതൽത്തന്നെ, സ്വന്തം കാര്യത്തിൽ ഉള്ളതിനെക്കാൾ ചിന്ത മറ്റുള്ളവരുടെ കാര്യത്തിൽ ഉണ്ടെന്നു തിമൊഥെയൊസ് തെളിയിച്ചു. അതുകൊണ്ട് പൗലോസ് ബരോവയിൽനിന്ന് പോയപ്പോൾ തിമൊഥെയൊസിനെ അവിടെ വിട്ടിട്ടുപോയി. അവിടെയുള്ള പുതിയ സഹോദരങ്ങളുടെ കാര്യത്തിൽ തിമൊഥെയൊസ് വേണ്ട താത്പര്യമെടുക്കുമെന്നു പൗലോസിന് ഉറപ്പുണ്ടായിരുന്നു. (പ്രവൃ. 17:13, 14) അപ്പോൾ ശീലാസും അവിടെ തങ്ങിയതുകൊണ്ട് തിമൊഥെയൊസിന് അദ്ദേഹത്തിൽനിന്ന് പലതും പഠിക്കാനായി. എന്നാൽ പിന്നീടു പൗലോസ് തിമൊഥെയൊസിനെ തനിച്ച് തെസ്സലോനിക്യയിലേക്ക് അയച്ചു. അവിടെയുള്ള ക്രിസ്ത്യാനികളെ ബലപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു അത്. (1 തെസ്സ. 3:2, അടിക്കുറിപ്പ്) തുടർന്നുള്ള 15-ഓളം വർഷംകൊണ്ട് തിമൊഥെയൊസ് ‘കരയുന്നവരുടെകൂടെ കരയാൻ’ അതായത്, കഷ്ടതയിലായിരിക്കുന്നവരോടു സഹാനുഭൂതി കാണിക്കാൻ പഠിച്ചു. (റോമ. 12:15; 2 തിമൊ. 1:4) യുവസഹോദരന്മാർക്ക് എങ്ങനെ തിമൊഥെയൊസിന്റെ മാതൃക അനുകരിക്കാം?
10. വൂ ജെ സഹോദരൻ മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ താത്പര്യമെടുക്കാൻ പഠിച്ചത് എങ്ങനെ?
10 വൂ ജെ സഹോദരൻ മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ താത്പര്യമെടുക്കാൻ പഠിച്ചു. കുറെക്കൂടി ചെറുപ്പമായിരുന്നപ്പോൾ പ്രായമായ സഹോദരങ്ങളോടു സംസാരിക്കാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് രാജ്യഹാളിൽവെച്ച് അവരെ കണ്ടാൽ വെറുതേ അഭിവാദനം ചെയ്തിട്ട് കൂടുതലൊന്നും പറയാതെ പോകുകയായിരുന്നു പതിവ്. ഒരു മൂപ്പൻ വൂ ജെ സഹോദരനോടു സഭയിലെ സഹോദരങ്ങളുമായി സംഭാഷണം തുടങ്ങാനുള്ള ഒരു വഴി പറഞ്ഞുകൊടുത്തു. ആ സഹോദരങ്ങളിൽ വൂ ജെ ഇഷ്ടപ്പെടുന്നത് എന്താണെന്ന് അവരോടു പറയുക എന്നതായിരുന്നു അത്. മറ്റേയാൾക്കു താത്പര്യമുള്ള വിഷയം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കാനും ആ മൂപ്പൻ പറഞ്ഞു. അദ്ദേഹം പറഞ്ഞതുപോലെ ചെയ്യാൻ വൂ ജെ തയ്യാറായി. വൂ ജെ ഇന്ന് ഒരു മൂപ്പനാണ്. അദ്ദേഹം പറയുന്നു: “പല പ്രായത്തിലുള്ള ആളുകളുമായി സംസാരിക്കാൻ ഇന്ന് എനിക്ക് എളുപ്പമാണ്. മറ്റുള്ളവരുടെ സാഹചര്യങ്ങളും പ്രശ്നങ്ങളും കുറെക്കൂടി നന്നായി മനസ്സിലാക്കാൻ എനിക്കു കഴിയുന്നു. അങ്ങനെ അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുന്നതിന്റെ സന്തോഷം ഇപ്പോൾ എനിക്കുണ്ട്.”
11. സഭയിലെ സഹോദരങ്ങളുടെ കാര്യത്തിൽ താത്പര്യമെടുക്കാൻ യുവസഹോദരന്മാർക്ക് എങ്ങനെ പഠിക്കാം? (ചിത്രവും കാണുക.)
11 യുവസഹോദരന്മാരേ, മറ്റുള്ളവരുടെ കാര്യത്തിൽ താത്പര്യം കാണിക്കാൻ നിങ്ങൾക്കും പഠിച്ചെടുക്കാനാകും. മീറ്റിങ്ങിനു വരുമ്പോൾ പല പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള ആളുകളോടു സംസാരിക്കാൻ മുൻകൈയെടുക്കുക. അവർക്ക് എങ്ങനെയുണ്ടെന്നു ചോദിക്കുകയും അവർ പറയുന്നതു ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യാം. അവർക്ക് എന്തു സഹായമാണു വേണ്ടതെന്നു തിരിച്ചറിയാൻ അതു നിങ്ങളെ സഹായിക്കും. ഒരുപക്ഷേ പ്രായമായ ഒരു ദമ്പതികൾക്കു JW ലൈബ്രറി ഉപയോഗിക്കാൻ സഹായം ആവശ്യമായിരിക്കാം. അതല്ലെങ്കിൽ പ്രസംഗപ്രവർത്തനത്തിന് അവരുടെ കൂടെപ്പോകാൻ ആരുമില്ലെന്നു നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. ഫോണിലോ ടാബിലോ JW ലൈബ്രറി എടുക്കാനോ പ്രസംഗപ്രവർത്തനത്തിന് അവരെ കൂട്ടിക്കൊണ്ടുപോകാനോ നിങ്ങൾക്കു കഴിയുമോ? ഇങ്ങനെ മറ്റുള്ളവരെ സഹായിക്കാൻ മുൻകൈയെടുക്കുമ്പോൾ സഭയിൽ നിങ്ങൾ നല്ലൊരു മാതൃകവെക്കുകയാണ്.
ചെറുപ്പക്കാരായ സഹോദരന്മാർക്കു പല വിധങ്ങളിൽ സഭയെ സഹായിക്കാനാകും (11-ാം ഖണ്ഡിക കാണുക)
പൗലോസിന്റെ ഉപദേശം നിങ്ങൾക്കും പ്രയോജനം ചെയ്യും
12. തിമൊഥെയൊസിനു പൗലോസ് നൽകിയ ഉപദേശത്തിൽനിന്ന് യുവസഹോദരന്മാർക്ക് എങ്ങനെ പ്രയോജനം നേടാം?
12 ജീവിതത്തിൽ സന്തോഷം കണ്ടെത്താനും യഹോവയെ കൂടുതൽ നന്നായി സേവിക്കാനും ആവശ്യമായ ഉപദേശം പൗലോസ് തിമൊഥെയൊസിനു നൽകി. (1 തിമൊ. 1:18; 2 തിമൊ. 4:5) ഒരു അപ്പനെപ്പോലെ പൗലോസ് തിമൊഥെയൊസിനു നൽകിയ ആ ഉപദേശങ്ങളിൽനിന്ന് യുവസഹോദരന്മാരേ, നിങ്ങൾക്കും പ്രയോജനം നേടാനാകും. എങ്ങനെ? തിമൊഥെയൊസിനു പൗലോസ് എഴുതിയ ആ രണ്ടു കത്തുകളും നിങ്ങൾക്ക് എഴുതിയതാണ് എന്നപോലെ വായിക്കുക. അതിലെ ഉപദേശങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ പകർത്താമെന്നു ചിന്തിക്കുക. പൗലോസ് നൽകിയ ചില ഉപദേശങ്ങൾ എന്തൊക്കെയായിരുന്നു?
13. യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ നിങ്ങളെ എന്തു സഹായിക്കും?
13 “ദൈവഭക്തനാകുക എന്ന ലക്ഷ്യംവെച്ച് നിന്നെത്തന്നെ പരിശീലിപ്പിക്കുക.” (1 തിമൊ. 4:7ബി) എന്താണു ദൈവഭക്തി? ദൈവത്തെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹത്തോടെ യഹോവയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതാണ് അത്. നമുക്ക് ഈ ഗുണം ജന്മനാ കിട്ടാത്തതുകൊണ്ട് നമ്മൾ അതു വളർത്തിയെടുക്കേണ്ടതുണ്ട്. നമുക്ക് അത് എങ്ങനെ ചെയ്യാം? “പരിശീലിപ്പിക്കുക” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം മിക്കപ്പോഴും ഒരു മത്സരത്തിനുവേണ്ടി തയ്യാറാകുന്ന കായികതാരത്തിന്റെ കഠിനമായ പരിശീലനത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറുള്ളത്. അവർ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും ലക്ഷ്യത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും വേണം. നമ്മളും അതുപോലെ യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ സഹായിക്കുന്ന നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്.
14. ബൈബിൾ വായിക്കുമ്പോൾ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം, ഒരു ദൃഷ്ടാന്തത്തിലൂടെ വിവരിക്കുക.
14 ദിവസവും ബൈബിൾ വായിക്കുക എന്നൊരു ശീലം വളർത്തിയെടുക്കുന്നതു പ്രധാനമാണ്. അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ഓർക്കുക: യഹോവയോടു കൂടുതൽ അടുക്കുക എന്നതാണു നിങ്ങളുടെ ലക്ഷ്യം. ഉദാഹരണത്തിന്, യേശുവിനെയും ധനികനായ യുവഭരണാധികാരിയെയും കുറിച്ചുള്ള വിവരണത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം? (മർക്കോ. 10:17-22) യേശുവാണു മിശിഹ എന്ന് ആ ഭരണാധികാരിക്ക് അറിയാമായിരുന്നു. എന്നാൽ യേശുവിനെ അനുഗമിക്കാൻമാത്രമുള്ള വിശ്വാസം അയാൾക്ക് ഇല്ലാതെപോയി. എന്നിട്ടും യേശുവിന് അയാളോടു സ്നേഹം തോന്നി. യേശു എത്ര ദയയോടെയാണ് അയാളോട് സംസാരിച്ചതെന്നു നിങ്ങൾ ശ്രദ്ധിച്ചോ? അയാൾ ശരിയായ ഒരു തീരുമാനമെടുക്കാൻ ഉറപ്പായും യേശു ആഗ്രഹിച്ചു. യേശുവിനു തോന്നിയ സ്നേഹം യഹോവയും ആ യുവഭരണാധികാരിയെ എത്രമാത്രം സ്നേഹിക്കുന്നു എന്നാണു കാണിച്ചത്. (യോഹ. 14:9) ഈ വിവരണത്തെക്കുറിച്ചും നിങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: യഹോവയോടു കൂടുതൽ അടുക്കാനും മറ്റുള്ളവരെ കൂടുതൽ നന്നായി സേവിക്കാനും ഞാൻ എന്താണു ചെയ്യേണ്ടത്?
15. ഒരു യുവസഹോദരൻ മറ്റുള്ളവർക്കു നല്ലൊരു മാതൃകയായിരിക്കേണ്ടത് എന്തുകൊണ്ട്, ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക. (1 തിമൊ. 4:12, 13)
15 “വിശ്വസ്തർക്ക് ഒരു മാതൃകയായിരിക്കുക.” (1 തിമൊ. 4:12, 13 വായിക്കുക.) വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലെ കഴിവ് മാത്രമല്ല സ്നേഹം, വിശ്വാസം, നിർമലത പോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കാനും പൗലോസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ട്? കാരണം, വെറുതേ ഒരു കാര്യം പറയുന്നതിനെക്കാൾ അക്കാര്യത്തിൽ നല്ല മാതൃകവെക്കുന്നതു കൂടുതൽ പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, ശുശ്രൂഷയിലെ നമ്മുടെ ഉത്സാഹം എങ്ങനെ വർധിപ്പിക്കാം എന്നതിനെക്കുറിച്ച് നിങ്ങൾ ഒരു പ്രസംഗം നടത്തുകയാണ് എന്നിരിക്കട്ടെ. പ്രസംഗപ്രവർത്തനത്തിൽ നിങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ആ പ്രസംഗം നടത്താനാകും. നിങ്ങൾ ഇക്കാര്യത്തിൽ നല്ലൊരു മാതൃക വെക്കുന്നുണ്ടെങ്കിൽ നിങ്ങൾ പറയുന്നതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കേൾവിക്കാർക്കു കൂടുതൽ പ്രചോദനം തോന്നും.—1 തിമൊ. 3:13.
16. (എ) ഒരു യുവസഹോദരന് ഏത് അഞ്ചു കാര്യങ്ങളിൽ നല്ലൊരു മാതൃകയായിരിക്കാനാകും? (ബി) ഒരു യുവസഹോദരനു സംസാരത്തിൽ എങ്ങനെ നല്ല മാതൃകവെക്കാനാകും?
16 1 തിമൊഥെയൊസ് 4:12-ൽ പൗലോസ് ഒരു യുവസഹോദരനു മാതൃകയായിരിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവയിൽ ഓരോന്നിനെക്കുറിച്ചും നിങ്ങൾക്ക് ആഴത്തിൽ പഠിക്കാനാകില്ലേ? ഉദാഹരണത്തിന്, സംസാരത്തിൽ നല്ല ഒരു മാതൃകയായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെന്നിരിക്കട്ടെ. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനായി എന്തൊക്കെ പറയാനാകുമെന്നു ചിന്തിക്കുക. നിങ്ങൾ മാതാപിതാക്കളോടൊപ്പമാണു താമസിക്കുന്നതെങ്കിൽ അവർ നിങ്ങൾക്കു ചെയ്തുതരുന്ന കാര്യങ്ങൾക്കു കൂടെക്കൂടെ നന്ദി പറയാനാകുമോ? മീറ്റിങ്ങിനു ശേഷം ഒരു സഹോദരനോടോ സഹോദരിയോടോ അവർ നടത്തിയ പരിപാടിയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണെന്നു പറയാനാകില്ലേ? ഇനി, മീറ്റിങ്ങിനു സ്വന്തം വാചകത്തിൽ അഭിപ്രായം പറയാനും നിങ്ങൾക്കു ശ്രമിക്കാം. സംസാരത്തിൽ നല്ലൊരു മാതൃകയായിരിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ നിങ്ങളുടെ ആത്മീയപുരോഗതി മറ്റുള്ളവർ ശ്രദ്ധിക്കും.—1 തിമൊ. 4:15.
17. ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഒരു യുവസഹോദരനെ എന്തു സഹായിക്കും? (2 തിമൊഥെയൊസ് 2:22)
17 ‘യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടി നീതി പിന്തുടരുക.’ (2 തിമൊഥെയൊസ് 2:22 വായിക്കുക.) ആത്മീയലക്ഷ്യങ്ങളിൽനിന്ന് ശ്രദ്ധ പതറിക്കുകയും യഹോവയുമായുള്ള ബന്ധം തകർക്കുകയും ചെയ്യുന്ന മോഹങ്ങൾക്കെതിരെ പോരാടാൻ പൗലോസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. വിനോദത്തിനും മറ്റു കാര്യങ്ങൾക്കും ആയി കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് ദൈവസേവനത്തിനുവേണ്ടി അധികം സമയം കിട്ടുന്നില്ലെന്നും നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. ഉദാഹരണത്തിന്, സ്പോർട്സിനോ ഇന്റർനെറ്റിൽ പരതുന്നതിനോ വീഡിയോ ഗെയിമുകൾ കളിക്കുന്നതിനോ നിങ്ങൾ എത്രമാത്രം സമയം ചെലവഴിക്കുന്നുണ്ടെന്നു ചിന്തിക്കുക. അങ്ങനെ ചെലവഴിക്കുന്ന സമയത്തിന്റെ ഒരു ഭാഗം ആത്മീയപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കാനാകുമോ? ഒരുപക്ഷേ നിങ്ങളുടെ രാജ്യഹാളിന്റെ അറ്റകുറ്റപ്പണിയിൽ സഹായിക്കുന്നതിനോ കാർട്ട് സാക്ഷീകരണപരിപാടിയെ പിന്തുണയ്ക്കുന്നതിനോ നിങ്ങൾക്കു കഴിഞ്ഞേക്കും. അങ്ങനെ ചെയ്യുമ്പോൾ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന, ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കുന്ന പുതിയ കൂട്ടുകാരെ നിങ്ങൾക്കു കിട്ടിയേക്കും.
മറ്റുള്ളവരെ സേവിക്കുന്നതിലൂടെ അനുഗ്രഹങ്ങൾ നേടാം
18. മർക്കോസിന്റെയും തിമൊഥെയൊസിന്റെയും ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നെന്നു പറയാവുന്നത് എന്തുകൊണ്ട്?
18 മറ്റുള്ളവരെ കൂടുതൽ നന്നായി സേവിക്കാൻ മർക്കോസും തിമൊഥെയൊസും പല ത്യാഗങ്ങളും ചെയ്തു. അതുകൊണ്ട് അവരുടെ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു. (പ്രവൃ. 20:35) സഹവിശ്വാസികളെ സഹായിക്കുന്നതിനുവേണ്ടി മർക്കോസ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്തു. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ആവേശം ജനിപ്പിക്കുന്ന വിവരണം എഴുതാനും അദ്ദേഹത്തിനു കഴിഞ്ഞു. തിമൊഥെയൊസാണെങ്കിൽ സഭകൾ സ്ഥാപിക്കുന്നതിനും സഹോദരങ്ങളെ ബലപ്പെടുത്തുന്നതിനും പൗലോസിനെ സഹായിച്ചു. മർക്കോസും തിമൊഥെയൊസും കാണിച്ച ആത്മത്യാഗമനോഭാവം യഹോവയെ സന്തോഷിപ്പിച്ചു എന്നതിനു സംശയമില്ല.
19. പൗലോസ് തിമൊഥെയൊസിനു കൊടുത്ത ഉപദേശത്തിനു ചേർച്ചയിൽ യുവസഹോദരന്മാർ പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്, അങ്ങനെ ചെയ്താലുള്ള പ്രയോജനം എന്താണ്?
19 പൗലോസിനു തിമൊഥെയൊസിനെ എത്ര ഇഷ്ടമായിരുന്നെന്ന് ആ കൊച്ചുകൂട്ടുകാരന് അദ്ദേഹം എഴുതിയ കത്തുകളിൽനിന്ന് നമുക്കു കാണാനാകും. യുവസഹോദരന്മാരേ, നിങ്ങളെയും യഹോവ എത്രമാത്രം സ്നേഹിക്കുന്നു എന്നാണു ദൈവപ്രചോദിതമായി എഴുതിയ ആ കത്തുകൾ തെളിയിക്കുന്നത്. നിങ്ങൾ വിജയിച്ചുകാണാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് പൗലോസിന്റെ ഉപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനും മറ്റുള്ളവരെ കൂടുതൽ നന്നായി സേവിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാനും കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ ഇപ്പോൾത്തന്നെ നിങ്ങൾക്കു നല്ലൊരു ജീവിതം ഉണ്ടായിരിക്കും. മാത്രമല്ല “യഥാർഥജീവനിൽ പിടിയുറപ്പിക്കാനും” നിങ്ങൾക്കു കഴിയും.—1 തിമൊ. 6:18, 19.
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
a ശക്തമായ വികാരങ്ങളുള്ള മനുഷ്യനായിരുന്നു പത്രോസ്. അതുകൊണ്ടുതന്നെ യേശു എന്തു ചെയ്തു, എന്തു പറഞ്ഞു എന്നൊക്കെ മാത്രമല്ല യേശുവിനു തോന്നിയ വികാരത്തെക്കുറിച്ചും മർക്കോസിനു പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. അതുകൊണ്ടായിരിക്കാം യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ മർക്കോസ് യേശുവിന്റെ വികാരങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും മിക്കപ്പോഴും വിവരിച്ചത്.—മർക്കോ. 3:5; 7:34; 8:12.
b ചിത്രത്തിന്റെ വിവരണം: മിഷനറിയാത്രയ്ക്കിടെ മർക്കോസ്, പൗലോസിനും ബർണബാസിനും വേണ്ട സഹായം ചെയ്തുകൊടുക്കുന്നു. സഹോദരങ്ങളെ ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും തിമൊഥെയൊസ് സന്തോഷത്തോടെ ഒരു സഭ സന്ദർശിക്കുന്നു.