ജോർജിയ
മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുന്നു
ടമാസി ബിബ്ലായ
ജനനം 1954
സ്നാനം 1982
ജീവിതരേഖ പ്രസിദ്ധീകരണങ്ങൾ രഹസ്യമായി പ്രിന്റ് ചെയ്യാൻ സഹായിച്ചു. നാലു മക്കളെ വളർത്തുന്നതോടൊപ്പം ജോർജിയയിലെ ആദ്യത്തെ സഞ്ചാരമേൽവിചാരകന്മാരിൽ ഒരാളായി സേവിക്കുകയും ചെയ്തു.
യഹോവയുടെ സാക്ഷികളായതിന്റെ പേരിൽ, എന്നോടും എന്റെ ഭാര്യ സിറ്റ്സോയോടും എന്റെ അമ്മയ്ക്കു ദേഷ്യമായിരുന്നു. ഒരു ദിവസം അമ്മ എല്ലാ ബന്ധുക്കളെയും വിളിച്ചുവരുത്തി. അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എനിക്കു രണ്ടു വഴി അവർ നിർദേശിച്ചു. ഒന്നുകിൽ മനസ്സുമാറ്റുക. അല്ലെങ്കിൽ വീടുവിട്ട് പോകുക.
ആ പട്ടണം വിട്ടുപോകാൻതന്നെ ഞാൻ തീരുമാനിച്ചു. മെറ്റൽ ഫാക്ടറിയിൽ ജോലി ചെയ്ത് പരിചയമുള്ള എനിക്കു ജോർജിയയിലെ രണ്ടാമത്തെ വലിയ പട്ടണമായ കുട്ടെയ്സിയിൽ ജോലി കിട്ടാൻ എളുപ്പമായിരുന്നു. അതുകൊണ്ട് അവിടേക്കു പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. മാത്രമല്ല അവിടെയാണെങ്കിൽ പ്രചാരകരുടെ ആവശ്യവുമുണ്ടായിരുന്നു. അതിനാൽ ഞാൻ മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കി.
അധികം താമസിയാതെ ജ്വാരി എന്ന ചെറിയ പട്ടണത്തിലുള്ള എന്റെ ഒരു ബൈബിൾവിദ്യാർഥിയെ ഞാൻ കണ്ടുമുട്ടി. കുട്ടെയ്സിയിലേക്കു ഞാൻ പോകുകയാണെന്നു കേട്ടപ്പോൾ അതിനുപകരം അദ്ദേഹത്തിന്റെ പട്ടണത്തിലേക്കു വരാൻ എന്നോട് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്കൊരു വീടുണ്ട്. ഞാനും ഭാര്യയും കുട്ടികളും ഒരു മുറിയിൽ താമസിച്ചോളാം. മറ്റേ മുറി നിങ്ങൾക്ക് ഉപയോഗിക്കാം.”
ഞാൻ യഹോവയുടെ മാർഗനിർദേശം ആഗ്രഹിച്ചു. അതുകൊണ്ട്, പെട്ടെന്നുതന്നെ ഒരു ജോലിയും വാടകയ്ക്ക് ഒരു വീടും കിട്ടുമെന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ക്ഷണം തത്കാലത്തേക്കു സ്വീകരിക്കാമെന്നു പറഞ്ഞു. എന്നെ അതിശയിപ്പിച്ചുകൊണ്ട് ആ വൈകുന്നേരംതന്നെ അദ്ദേഹം കുറെ ജോലികളുടെ ഒരു ലിസ്റ്റുമായി എന്റെ അടുക്കലെത്തി.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ജ്വാരിയിൽ താമസമായി. അവിടെ എത്തി ആദ്യദിവസംതന്നെ നല്ല ശമ്പളമുള്ള ഒരു ജോലി എനിക്കു കിട്ടി. എന്റെ ഓഫീസർ കമ്പനിവക ഒരു വലിയ വീടും താമസിക്കാൻ തന്നു. അങ്ങനെയിരിക്കെ ബൈബിൾപ്രസിദ്ധീകരണങ്ങൾ രഹസ്യത്തിൽ പ്രിന്റ് ചെയ്യാമോ എന്നു സഹോദരങ്ങൾ എന്നോടു ചോദിച്ചു. ഞങ്ങളുടെ പുതിയ വീട്ടിൽ ഒത്തിരി സ്ഥലമുണ്ടായിരുന്നതിനാൽ ആ നിയമനം ഞങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തു.
പിന്നീട് പല വർഷങ്ങളോളം പ്രത്യേക പരിപാടികളും സ്മാരകവും ഞങ്ങളുടെ വീട്ടിൽവെച്ച് നടത്താൻ കഴിഞ്ഞു. 500-ഓളം പേർക്ക് വീട്ടിൽവെച്ച് സ്നാനമേൽക്കാനുമായി! യഹോവയുടെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിച്ചതിൽ എനിക്കു സന്തോഷമേ ഉള്ളൂ.