ജോർജിയ
എന്റെ ജീവിതം ഒരു വിജയമാണ്!
മഡോണ കാൻകിയ
ജനനം 1962
സ്നാനം 1990
ജീവിതരേഖ ജോർജിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു മുൻ അംഗമായിരുന്ന ഈ സഹോദരി അനേകം ആളുകളെ സത്യം പഠിക്കാൻ സഹായിച്ചു. 2015-ൽ ടിബിലിസിയിൽ നടത്തിയ രാജ്യസുവിശേഷകർക്കുള്ള സ്കൂളിന്റെ ആദ്യത്തെ ക്ലാസ്സിൽനിന്ന് അവർ ബിരുദം നേടി.
ബൈബിൾസത്യം ഞാൻ ആദ്യമായി കേൾക്കുന്നത് 1989-ൽ ആണ്. അന്നു ഞാൻ ജന്മനാടായ സെനാകിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രധാന അംഗമായി പ്രവർത്തിക്കുകയായിരുന്നു. ജോർജിയയിലെ ഇന്നത്തെ പാർലമെന്റിനു തുല്യമായ സുപ്രീംസോവിയറ്റിലെ സ്ഥിരാംഗത്വവും എനിക്കുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരനുമായി എന്റെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ആകെപ്പാടെ നോക്കുമ്പോൾ എന്റെ ജീവിതം ഒരു വിജയമാണെന്ന് എനിക്കു തോന്നി.
ദൈവത്തെ സ്നേഹിക്കാൻ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരുന്നു. അതിനാൽ ഒരു കമ്മ്യൂണിസ്റ്റായിട്ടും ഞാൻ ദൈവത്തിൽ വിശ്വസിച്ചു. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എന്റെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ ഞാൻ അതിൽ കണ്ടെത്തി. അതുകൊണ്ട് ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ കുടുംബാംഗങ്ങളും കൂട്ടുകാരും സഹപ്രവർത്തകരും എന്റെ ഭാവിവരനും ഈ തീരുമാനത്തെ പിന്തുണച്ചില്ല.
എന്റെ പുതിയ വിശ്വാസംമൂലം വീട്ടുകാർ എന്നെ ഉപേക്ഷിച്ചു. കൂടാതെ, ഞാൻ പഠിച്ച ബൈബിൾസത്യം എന്റെ രാഷ്ട്രീയപ്രവർത്തനവുമായി ഒത്തുപോകില്ലായിരുന്നു. അതുകൊണ്ട് നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറാനും വീടു വിട്ടുപോകാനും ഞാൻ തീരുമാനമെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സുപ്രീംസോവിയറ്റിലും ഉണ്ടായിരുന്ന അംഗത്വം രാജിവെക്കാനും ജോലി ഉപേക്ഷിക്കാനും ഞാൻ തീരുമാനിച്ചു. സ്നാനമേറ്റശേഷം കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഉള്ള സമ്മർദം ഏറിവന്നു. നാട്ടിൽ അറിയപ്പെട്ടിരുന്ന ആളായിരുന്നതുകൊണ്ട് ഞാൻ കുട്ടെയ്സി നഗരത്തിലേക്കു മാറിത്താമസിച്ചു. ഉടൻതന്നെ മുൻനിരസേവനവും തുടങ്ങി.
ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ നോക്കിയാൽ എന്റെ തീരുമാനം ശരിയായിരുന്നോ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഒരു സംശയവും കൂടാതെ സന്തോഷത്തോടെ എന്റെ തീരുമാനം ശരിയായിരുന്നെന്നു ഞാൻ പറയും. മാതാപിതാക്കൾക്ക് എന്റെ തീരുമാനങ്ങൾ പൂർണമായി മനസ്സിലായില്ലെങ്കിലും ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കാൻ അവരാണ് എന്നെ പഠിപ്പിച്ചത്. അവരോട് എന്നും എനിക്ക് കടപ്പാടുണ്ട്. അവർ പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ എന്നെ ഏറെ സഹായിച്ചിരിക്കുന്നു.