ജോർജിയ—പരിരക്ഷിക്കപ്പെട്ട ഒരു പുരാതന പൈതൃകം
ഉണരുക! ലേഖകൻ
ഹിമത്തൊപ്പിയണിഞ്ഞ 4,600 മീറ്റർ ഉയരമുള്ള പർവതനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളുള്ള, ചിലർ 100-ഉം അതിലധികവും വർഷം ജീവിക്കുന്ന ഒരു രാജ്യത്ത് താമസിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? ജോർജിയക്കാരെ സംബന്ധിച്ചിടത്തോളം ഇത് കേവലം സ്വപ്നമല്ല. ഒരു യാഥാർഥ്യമാണ്.
യൂറോപ്പിന്റെയും ഏഷ്യയുടെയും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിർത്തിയിലാണ് ജോർജിയ സ്ഥിതിചെയ്യുന്നത്. പുരാതനകാലത്ത്, വിഖ്യാതമായ പട്ടുപാതയിലെ ഒരു പ്രധാനപ്പെട്ട താവളമായിരുന്നു ജോർജിയ. മാർക്കോപോളോ ചൈനയിലേക്ക് യാത്രചെയ്തതും ഇതുവഴിയായിരുന്നു. കിഴക്കും പടിഞ്ഞാറുമായുള്ള ഈ ബന്ധത്തിൽനിന്ന് ജോർജിയ സാമ്പത്തികവും സാംസ്കാരികവുമായി പ്രയോജനം നേടി. എന്നാൽ ഇതുവഴിയുള്ള യാത്ര തങ്ങൾക്കും പ്രയോജനകരമാണെന്ന് ചിലപ്പോഴൊക്കെ ആക്രമണകാരികളും കണ്ടെത്തി. ഒരു കണക്കനുസരിച്ച്, ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി 29 പ്രാവശ്യം നശിപ്പിക്കപ്പെട്ടു! ഇന്ന്, ടിബിലിസി തിരക്കേറിയ, ജീവസ്സുറ്റ ഒരു നഗരമാണ്. അവിടെയിപ്പോൾ ഒരു ഭൂഗർഭ റെയിൽപ്പാതയും വളരെക്കാലം പഴക്കമുള്ള വാസ്തുശിൽപ്പ സ്മാരക സ്തൂപങ്ങളും ആധുനിക കെട്ടിട സമുച്ചയങ്ങളുമുണ്ട്.
ജോർജിയയുടെ ഏകദേശം 87 ശതമാനം പ്രദേശവും പർവതനിബിഡമാണ്. ഹിമാവൃതവും വിജനവുമായ പർവത ശൃംഗങ്ങളിൽനിന്നു പുറപ്പെട്ട് നിമ്നപ്രദേശങ്ങളിലൂടെ ഒഴുകുന്ന 25,000 നദികൾ ഇവിടെയുണ്ട്. അവയിൽ പലതിലും നിറയെ ട്രൗട്ട് മത്സ്യങ്ങളുണ്ട്. രാജ്യത്തിന്റെ മൂന്നിലൊരു ഭാഗത്തിലധികവും വനങ്ങളും കുറ്റിച്ചെടികളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ജോർജിയയുടെ വടക്കേ അതിർത്തിയിലുള്ള കോക്കസസ് പർവതനിര വടക്കുനിന്നുള്ള കൊടും ശൈത്യകാലാവസ്ഥയിൽനിന്ന് രാജ്യത്തിന്റെ ഉൾഭാഗങ്ങളെ സംരക്ഷിക്കുന്നു. കരിങ്കടലിൽനിന്നുള്ള ഈർപ്പമുള്ള വായുനിമിത്തം അങ്ങനെ ജോർജിയയുടെ പടിഞ്ഞാറൻ ഭാഗം ചൂടുള്ളതായിത്തീരുന്നു. ജോർജിയ, അവധിക്കാലം ചെലവഴിക്കാൻ വരുന്നവരുടെ ഇഷ്ടപ്പെട്ട സ്ഥലമായിരിക്കുന്നതിന്റെ ഒരു കാരണമിതാണ്. ഈ മിതമായ കാലാവസ്ഥ ലോകത്തിലെ ഏറ്റവും പുരാതനവും മികച്ചതുമായ വീഞ്ഞുനിർമാണ സമ്പ്രദായങ്ങളിലൊന്നിനു സംഭാവന ചെയ്തിരിക്കുന്നു. 500-ലധികം ഇനങ്ങളിലുള്ള മുന്തിരിപ്പഴവും അത്രയുംതന്നെ ഇനങ്ങളിലുള്ള വീഞ്ഞും ജോർജിയ ഉത്പാദിപ്പിക്കുന്നു!
എന്നിരുന്നാലും, ജോർജിയയുടെ ഏറ്റവും വലിയ മുതൽക്കൂട്ട് അവിടത്തെ ജനങ്ങളാണ്. തങ്ങളുടെ ചങ്കൂറ്റം, ബുദ്ധി, ഔദാര്യപൂർവമായ അതിഥിപ്രിയം, നർമരസം, ജീവനോടുള്ള സ്നേഹം എന്നിവ നിമിത്തം യുഗങ്ങളിലുടനീളം അവർ അറിയപ്പെട്ടിരിക്കുന്നു. പാട്ടുകളും നൃത്തങ്ങളുംകൊണ്ട് അവരുടെ സംസ്കാരം സമ്പന്നമാണ്. ജോർജിയയിലെ ഭവനങ്ങളിൽ ഇന്നും ഭക്ഷണശേഷം നാടോടിപ്പാട്ടുകൾ പാടാറുണ്ട്.
അഞ്ചാം നൂറ്റാണ്ടുമുതലുള്ള സുദീർഘമായ ഒരു സാഹിത്യചരിത്രവും ജോർജിയയ്ക്കുണ്ട്. വളരെ വ്യത്യസ്തവും വടിവൊത്തതുമായ അക്ഷരങ്ങളുള്ള ജോർജിയൻഭാഷ, ബൈബിൾ ഏറ്റവും ആദ്യം വിവർത്തനംചെയ്യപ്പെട്ട ഭാഷകളിലൊന്നായിരുന്നു. ഈ സാംസ്കാരികോന്നതിയെല്ലാം ജോർജിയയുടെ ഗതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഒരു പുരാതന പൈതൃകം പരിരക്ഷിക്കപ്പെട്ട ആധുനിക രാജ്യമാണ്.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pat O’Hara/Corbis
[25-ാം പേജിലെ ചിത്രങ്ങൾ]
1. ജോർജിയൻ ബൈബിൾ
2. അവിടെയുള്ള ചിലർ 100-ഉം അതിലധികവും വർഷം ജീവിക്കുന്നു!
3. ടിബിലിസിയിലെ തിരക്കേറിയ ഒരു തെരുവ്
[കടപ്പാട്]
Dean Conger/Corbis