ജോർജിയ
ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു?
ആർതർ ഗെരെഖേലിയ
ജനനം 1956
സ്നാനം 1991
ജീവിതരേഖ സ്നാനമേറ്റിട്ട് എട്ടു മാസം കഴിഞ്ഞ ഈ ചെറുപ്പക്കാരൻ വീടും നല്ല ഒരു ബിസിനെസ്സും വിട്ട് ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ പോയി.
ശുശ്രൂഷ വികസിപ്പിക്കാൻ ആഗ്രഹമുണ്ടോ എന്നു സ്നാനമേറ്റ് വൈകാതെ മൂപ്പന്മാർ എന്നോടു ചോദിച്ചു. ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി 1992 മെയ് 4-ന് സംഘടിപ്പിച്ച ഒരു പ്രത്യേക യോഗത്തിൽ ഞാൻ പങ്കെടുത്തു. പിറ്റേദിവസം എന്റെ സേവനപങ്കാളിയോടൊത്ത് അജാരിയ മേഖലയിലുള്ള ബടുമി തുറമുഖത്തേക്കു ഞങ്ങൾ പോയി.
ബടുമിയിൽ പ്രസംഗപ്രവർത്തനം തുടങ്ങിയ എനിക്കു ഭയങ്കര പേടിയായിരുന്നു. ഞാൻ സ്വയം ഇങ്ങനെ ചോദിച്ചു: ‘ഞാൻ ആളുകളെ എങ്ങനെ സമീപിക്കും, അവരോട് എന്തു പറയും?’ ഞാൻ ആദ്യം കണ്ടുമുട്ടിയത് ഒരു സ്ത്രീയെയായിരുന്നു. അവർ ഇങ്ങനെ ചോദിച്ചത് എന്നെ അതിശയിപ്പിച്ചു: “ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു?” സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയാൻ അവർക്കു വളരെയധികം താത്പര്യം ഉണ്ടായിരുന്നതുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ അവർ ഞങ്ങളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി!
ബടുമിയിലേക്കു തിരിക്കുന്നതിനു മുമ്പ് താത്പര്യമുളള ആളുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾക്കു കിട്ടിയിരുന്നു. ആ നഗരം അത്ര പരിചയം ഇല്ലാതിരുന്നതുകൊണ്ട് ആളുകളെ കണ്ടെത്താൻ ഞങ്ങൾ പോകാനുള്ള വഴി അന്വേഷിക്കുമായിരുന്നു. മിക്കവർക്കും ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. കാരണം പല തെരുവുകൾക്കും അടുത്ത കാലത്ത് പുതിയ പേരുകൾ നൽകിയിരുന്നു. എങ്കിലും ആ ആളുകൾ നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിച്ചു. പെട്ടെന്നു തന്നെ ഞങ്ങൾ പത്തുമുതൽ പതിനഞ്ചുവരെ ആളുകളുള്ള കൂട്ടങ്ങളുമായി ബൈബിൾപഠനങ്ങൾ നടത്താൻ തുടങ്ങി.
ഞങ്ങൾ വന്നിട്ട് നാലു മാസം കഴിഞ്ഞപ്പോൾ ഏതാണ്ട് നാൽപ്പതിലധികം പേർ ക്രമമായി മീറ്റിങ്ങുകൾക്കു വരാൻ തുടങ്ങി. അപ്പോൾ ഞങ്ങളുടെ ചിന്ത ഇതായി: ‘ഈ പുതിയ ആളുകളെയെല്ലാം ആരാണു സഹായിക്കുക?’ ഈ സമയത്ത്, ജോർജിയൻ പട്ടാളവും അബ്ഖാസിയയിലെ വിഭജനവാദികളും തമ്മിലുള്ള പ്രശ്നം കാരണം എന്റെ പഴയ സഭയിലെ അംഗങ്ങൾ മുഴുവൻ ബടുമിയിലേക്കു വന്നു. അങ്ങനെ പരിചയസമ്പന്നരായ ഇടയന്മാരും മുൻനിരസേവകരും അടങ്ങിയ പുതിയ സഭ ഒറ്റദിവസത്തിനുള്ളിൽ രൂപം കൊണ്ടു!