കമൽ വിർദി | ജീവിതകഥ
“എന്റെ ഉള്ളിൽ എപ്പോഴും ഒരു നീതിബോധമുണ്ടായിരുന്നു”
1973 ആഗസ്റ്റിൽ ഞാനും എന്റെ രണ്ട് അനിയത്തിമാരും ഇംഗ്ലണ്ടിലെ ട്വിക്കൻഹാമിൽ നടന്ന “ദിവ്യവിജയ” അന്താരാഷ്ട്ര സമ്മേളനത്തിനു പോയി. അവിടെവെച്ച് 1926 മുതൽ ഇന്ത്യയിൽ മിഷനറിയായി സേവിച്ച എഡ്വിൻ സ്കിന്നർ സഹോദരനെ കണ്ടു. ഞങ്ങൾക്കു പഞ്ചാബി അറിയാമെന്നു മനസ്സിലായപ്പോൾ അദ്ദേഹം ചോദിച്ചു: “നിങ്ങൾ എന്തിനാ ഇവിടെ നിൽക്കുന്നത്? ഇന്ത്യയിലേക്കു വാ.” പഞ്ചാബി ഭാഷാപ്രദേശത്തെ എന്റെ സേവനത്തിന്റെ ഒരു തുടക്കമായിരുന്നു അത്. എന്നാൽ സ്കിന്നർ സഹോദരനുമായിട്ടുള്ള സംഭാഷണത്തിനു മുമ്പ് എന്താണു നടന്നതെന്നു ഞാൻ പറയാം.
1951ഏപ്രിലിൽ കെനിയയിലെ നയ്റോബിയിലാണു ഞാൻ ജനിച്ചത്. എന്റെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നുള്ളവരായിരുന്നു, സിഖ് മതക്കാരും. എന്റെ പപ്പയ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യഭാര്യയായ എന്റെ അമ്മയ്ക്കു പപ്പയുടെ ഈ തീരുമാനത്തിൽ ഒരു അഭിപ്രായസ്വാതന്ത്ര്യവും ഇല്ലായിരുന്നു. എന്റെ അമ്മയ്ക്കും രണ്ടാനമ്മയ്ക്കും മിക്കപ്പോഴും ഒരേ സമയത്താണു മക്കൾ ഉണ്ടായത്. അതുകൊണ്ട് ഞാൻ എന്റെ കൂടപ്പിറപ്പുകളുടെയും രണ്ടാനമ്മയുടെ മക്കളുടെയും എന്റെ അങ്കിളിന്റെ മകന്റെയും ഒപ്പമാണു വളർന്നുവന്നത്. അങ്ങനെ ഞങ്ങൾ ഏഴു പേരുണ്ടായിരുന്നു. 1964-ൽ എനിക്ക് 13 വയസ്സുള്ളപ്പോൾ എന്റെ പപ്പ മരിച്ചു.
നീതിക്കുവേണ്ടിയുള്ള അന്വേഷണം
ബൈബിളിലെ ലേയയുടെയും റാഹേലിന്റെയും ജീവിതംപോലെയാണു ഞങ്ങളുടെ കുടുംബജീവിതമെന്നു പിന്നീട് ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. ഒരുപാടു തർക്കങ്ങളും തിരിച്ചുവ്യത്യാസങ്ങളും കണ്ടാണു ഞാൻ വളർന്നുവന്നത്. കെനിയൻ വംശജരായ വീട്ടുവേലക്കാരോട് എന്റെ കുടുംബാംഗങ്ങൾ മോശമായി പെരുമാറുന്നതു ഞാൻ കണ്ടിരുന്നു. അവരെയെല്ലാം താഴ്ന്നവരായി കാണാനാണു ഞങ്ങളെ പഠിപ്പിച്ചത്. യൂറോപ്യൻ വംശത്തിലുള്ള എന്റെ അയൽക്കാരോടു ഞങ്ങൾ കൂട്ടുകൂടാനായിരുന്നു പപ്പയുടെ ആഗ്രഹം. അവരിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റുമെന്നാണു പപ്പ ചിന്തിച്ചത്. എന്നാൽ ആഫ്രിക്കൻ വംശജരിൽനിന്ന് ഒന്നും പഠിക്കാനില്ല, അതുകൊണ്ടുതന്നെ അവരോടു കൂട്ടുകൂടേണ്ട എന്നാണു പപ്പ പറയാറ്. ഇനി, പാക്കിസ്ഥാൻ പാരമ്പര്യമുള്ള ആളുകളുമായി കൂട്ടുകൂടരുതെന്നും അവരെ ശത്രുക്കളായി കാണണമെന്നും ആണ് ഞങ്ങളോടു പറഞ്ഞിരുന്നത്. എന്റെ ഉള്ളിൽ എന്നും ഒരു നീതിബോധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പപ്പയുടെ ഈ ചിന്തകളെല്ലാം തെറ്റാണെന്ന് എനിക്കു തോന്നിയിരുന്നു.
15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗുരുനാനാക്ക് ആണ് സിഖ് മതം സ്ഥാപിച്ചത്. ഏകദൈവവിശ്വാസം ഉൾപ്പെടെയുള്ള നാനാക്കിന്റെ പഠിപ്പിക്കലുകളെല്ലാം ഞാൻ അംഗീകരിച്ചിരുന്നു. എന്നാൽ സിഖുകാർക്കിടയിൽ നടക്കുന്ന അനീതികളൊക്കെ കണ്ടപ്പോൾ ഈ മതത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി.
എന്നെ ചിന്തിപ്പിച്ചത് അതു മാത്രമായിരുന്നില്ല. സിഖ് മതം ഉണ്ടായിട്ട് കുറച്ച് നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. ‘അപ്പോൾ ഇതിനു മുമ്പ് എന്തായിരുന്നു, ദൈവം അംഗീകരിച്ച ആദ്യത്തെ ആരാധന എങ്ങനെയായിരുന്നു?’ എന്നൊക്കെ ഞാൻ ചിന്തിച്ചു. അതുപോലെ, ഞങ്ങളുടെ വീട്ടിൽ ചരിത്രപ്രാധാന്യമുള്ള പത്ത് സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളുള്ള കലണ്ടറുകളൊക്കെ തൂക്കിയിട്ടിരുന്നു. ഞാൻ ചിന്തിച്ചു: ‘ഇവരെ കാണാൻ ഇങ്ങനെതന്നെയാണ് ഇരിക്കുന്നതെന്ന് എന്താണ് ഉറപ്പ്, ഈ ഗുരുക്കന്മാർതന്നെ പഠിപ്പിച്ചിരുന്നത് ഒരു ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണ്. അപ്പോൾപ്പിന്നെ എന്തിനാണ് എന്റെ കുടുംബവും മറ്റുള്ളവരും ഈ ഗുരുക്കന്മാരുടെ ചിത്രങ്ങൾക്കു മുന്നിൽ പോയി കുമ്പിടുന്നത്?’
1965-ൽ എനിക്ക് 14 വയസ്സുള്ളപ്പോൾ ഞങ്ങൾ കുടുംബത്തോടെ ഇന്ത്യയിലേക്കു പോയി. അവിടെ അധികം വരുമാനമില്ലാത്തതുകൊണ്ട് ജീവിതം കഷ്ടപ്പാടായിരുന്നു. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ പതിയെ ഇംഗ്ലണ്ടിലേക്കു മാറാൻതുടങ്ങി. എല്ലാവരും ഒരുമിച്ചല്ല, ഈരണ്ട് ഈരണ്ട് പേരായിട്ടാണു പോയത്. അങ്ങനെ ലെസ്റ്ററിൽ താമസമാക്കി.
16 വയസ്സുള്ളപ്പോൾ ഞാൻ ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്തുതുടങ്ങി. അതോടൊപ്പം എന്റെ മുടങ്ങിക്കിടന്ന പഠനം തുടരാനായി വൈകുന്നേരം പഠിക്കാനും പോയി. എന്നാൽ ഞാൻ ജോലി ചെയ്ത സ്ഥലത്തും വേർതിരിവ് കണ്ടു. ഉദാഹരണത്തിന്, ഇംഗ്ലീഷ് വംശജരായ ആളുകൾക്കു ബാക്കിയുള്ളവരെക്കാൾ കൂടുതൽ ശമ്പളം കിട്ടിയിരുന്നു. നീതി നടക്കണമെന്ന ആഗ്രഹം ഒരു യുവജന തൊഴിലാളി യൂണിയൻ പ്രവർത്തകയാകാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ ഇംഗ്ലീഷ് വംശജരല്ലാത്ത സ്ത്രീകളെ കൂട്ടി ശമ്പളം എല്ലാവർക്കും ഒരുപോലെ കിട്ടുന്നതിനുവേണ്ടി സമരം ചെയ്തു. ലോകമെങ്ങും നീതി നടപ്പാകണം എന്നായിരുന്നു എന്റെ ആഗ്രഹം.
ഉത്തരം കണ്ടെത്തുന്നു
1968-ൽ രണ്ടു പേർ എന്റെ വാതിലിൽ വന്ന് മുട്ടിയപ്പോഴാണു ഞാൻ ആദ്യമായി യഹോവയുടെ സാക്ഷികളെ കാണുന്നത്. ദൈവരാജ്യത്തിലൂടെ എല്ലാവർക്കും തുല്യത കിട്ടുമെന്നു പറഞ്ഞതാണ് എന്നെ ആകർഷിച്ചത്. പിന്നീട് അവരിലൊരാൾ ഭാര്യയോടൊപ്പം എന്നെ കാണാൻ വന്നു. അങ്ങനെ ഞാനും എന്റെ അനിയത്തി ജസ്വിൻഡറും രണ്ടാനമ്മയുടെ മകളായ ചാനിയും ബൈബിൾ പഠിക്കാൻതുടങ്ങി. വെറും ആറു പാഠങ്ങൾ പഠിച്ചപ്പോൾത്തന്നെ യഹോവയാണു സത്യദൈവമെന്നും ബൈബിൾ ദൈവത്തിന്റെ വചനമാണെന്നും ദൈവരാജ്യത്തിലൂടെ മാത്രമേ എല്ലാവർക്കും ശരിക്കുമുള്ള നീതി കിട്ടുകയുള്ളൂ എന്നും ഞങ്ങൾക്കു ബോധ്യമായി.
എങ്കിലും കുടുംബത്തിൽനിന്നുള്ള ക്രൂരമായ എതിർപ്പു ഞങ്ങൾക്കുണ്ടായിരുന്നു. എന്റെ പപ്പ മരിച്ചശേഷം കുടുംബത്തിൽ നേതൃത്വമെടുത്തിരുന്നതു രണ്ടാനമ്മയുടെ മകനായിരുന്നു. രണ്ടാനമ്മയുടെ വാക്കു കേട്ട് അവൻ ഞങ്ങളെ എതിർക്കാൻതുടങ്ങി. 18 വയസ്സായ എനിക്കു നിയമപരമായ അവകാശങ്ങൾ ഉള്ളതുകൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അവന് അറിയാം. അവന്റെ ദേഷ്യം മുഴുവനും അനിയത്തിമാരുടെ അടുത്ത് തീർത്തു. ജസ്വിൻഡറിനെയും ചാനിയെയും അവൻ അടിക്കുകയും കട്ടിയുള്ള ഷൂവെച്ച് തൊഴിക്കുകയും ഒക്കെ ചെയ്തു. ഒരിക്കൽ അവൻ ഒരു ബൈബിൾ എടുത്ത് തുറന്ന് അതിന്റെ പേജുകൾ കത്തിച്ച് ഞങ്ങളുടെ മുഖത്തിനു നേരെ നീട്ടി ഇങ്ങനെ പറഞ്ഞു: “ഈ തീ കെടുത്താൻ നിങ്ങളുടെ യഹോവയോടു പറ.” ഞങ്ങൾക്കു രണ്ടോ മൂന്നോ മീറ്റിങ്ങുകൾക്കേ പോകാൻ പറ്റിയുള്ളൂ, അതും രഹസ്യമായി. എന്നാൽ ഏകസത്യദൈവമായ യഹോവയെ സേവിക്കാൻ ഞങ്ങൾ ശരിക്കും ആഗ്രഹിച്ചു. പക്ഷേ ഞങ്ങളുടെ ഈ സാഹചര്യത്തിൽ അതു നടക്കാത്ത കാര്യമാണെന്നു തോന്നി. അതുകൊണ്ട് വീട്ടിൽനിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു. എങ്ങനെയാണെന്നോ?
ഉച്ചഭക്ഷണത്തിനുള്ള കാശും ബസ്സ് ചാർജും ഞങ്ങൾ മാറ്റിവെച്ചു. എന്റെ വരുമാനം ഞാൻ രണ്ടാനമ്മയ്ക്കായിരുന്നു കൊടുത്തിരുന്നത്. അതിന്റെ ഒരു പങ്കും രഹസ്യമായി ഞങ്ങൾ സൂക്ഷിച്ചുവെക്കാൻ തുടങ്ങി. പിന്നെ ഞങ്ങൾ മൂന്നു സ്യൂട്ട്കേസ് വാങ്ങിക്കുകയും അതു വീട്ടിൽ വെക്കാതെ വേറൊരു സ്ഥലത്ത് കൊണ്ടുപോയി ഒളിപ്പിച്ചുവെക്കുകയും ചെയ്തു. പതിയെപ്പതിയെ ഞങ്ങൾ അതിൽ തുണികൾ കൊണ്ടുപോയി വെച്ചു. 1972 മേയിൽ ഞങ്ങൾ ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറുള്ള പെൻസസ് എന്ന സ്ഥലത്തേക്കു ട്രെയിൻ കയറി. ആ സമയത്ത് ജസ്വിൻഡറിന് ഏകദേശം 18 വയസ്സായിരുന്നു. ഞങ്ങളുടെ കൈയിൽ 260 ഡോളറും ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ എത്തിക്കഴിഞ്ഞപ്പോൾ ഒരു ഫോൺ ബൂത്തിൽ കയറി അവിടെയുള്ള സാക്ഷികളെ വിളിച്ചു. സഹോദരങ്ങൾ വന്ന് ഞങ്ങളെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. മീൻ വൃത്തിയാക്കുന്നതുപോലുള്ള വ്യത്യസ്ത ജോലികൾ ഞങ്ങൾക്ക് അവിടെ കിട്ടി. അങ്ങനെ ഒരു സ്ഥലത്ത് ഞങ്ങൾ വാടകയ്ക്കു താമസിക്കാൻതുടങ്ങി.
പ്രായമായ ദമ്പതികളായ ഹാരി ബ്രിഗ്സിന്റെയും ബെറ്റി ബ്രിഗ്സിന്റെയും കൂടെ ഞങ്ങൾ തുടർന്നും ബൈബിൾ പഠിക്കാൻതുടങ്ങി. 1972 സെപ്റ്റംബറിൽ, ഒളിച്ചുതാമസിക്കുന്ന ആ സമയത്തുതന്നെ ട്രൂറോ രാജ്യഹാളിലുള്ള ഒരു ചെറിയ കുളത്തിൽ ഞങ്ങൾ സ്നാനമേറ്റു. ചാനി മുൻനിരസേവനം ചെയ്യാൻതുടങ്ങി. ഞാനും ജസ്വിൻഡറും അവളെ സാമ്പത്തികമായി പിന്തുണച്ചു.
ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നു
പ്രായം 90-നോടടുത്തായെങ്കിലും ഹാരിയും ബെറ്റിയും പതിവായി ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള സിലി ദ്വീപുകളിൽ പ്രസംഗപ്രവർത്തനത്തിനു പോകുമായിരുന്നു. അവരുടെ ആ മാതൃക കണ്ടപ്പോൾ അതുപോലെ എന്തെങ്കിലും ചെയ്യണമെന്നു ഞങ്ങൾക്കും തോന്നി. അങ്ങനെ 1973-ൽ, തുടക്കത്തിൽ പറഞ്ഞ സ്കിന്നർ സഹോദരനുമായിട്ടുള്ള സംസാരത്തിനു ശേഷം എന്തു ചെയ്യണം എന്നു ഞങ്ങൾ തീരുമാനിച്ചു.
1974 ജനുവരിയിൽ ഞങ്ങൾ ഇന്ത്യയിലെ ന്യൂഡൽഹിയിലേക്കുള്ള ടിക്കറ്റ് എടുത്തു. അവിടെ മിഷനറിഭവനത്തിൽ അതിഥികളായി താമസിക്കാനുള്ള അനുവാദം ഡിക് കോട്ടെറിൽ സഹോദരൻ ഞങ്ങൾക്കു തന്നു. ചാനി സാധാരണ മുൻനിരസേവനം ചെയ്തു. ആ സമയത്ത് ഞാനും ജസ്വിൻഡറും ശുശ്രൂഷയിൽ കൂടുതൽ സമയം ചെയ്യാനുംതുടങ്ങി.
പിന്നെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമായ പഞ്ചാബിലേക്കു ഞങ്ങൾ പോയി. അവിടെ ചണ്ഡീഗഢിലുള്ള ഒരു മിഷനറിഭവനത്തിൽ താമസിച്ചു. പിന്നീട് ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തു. 1974 സെപ്റ്റംബറിൽ ഞാൻ സാധാരണ മുൻനിരസേവനം ചെയ്യാൻതുടങ്ങി. പിന്നെ 1975-ൽ പ്രത്യേക മുൻനിരസേവികയാകാനുള്ള ക്ഷണം കിട്ടി. പഞ്ചാബി ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾക്കു വളരെയധികം ആവശ്യമുണ്ടെന്നു ശുശ്രൂഷയിലായിരുന്നപ്പോൾ എനിക്കു മനസ്സിലായി. ആ ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ആളുകൾക്ക് യഹോവയുടെ സ്നേഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും മനസ്സിലാക്കാൻ പറ്റുമെന്ന് എനിക്കു തോന്നി. അങ്ങനെ 1976-ൽ ഞങ്ങൾക്കു മൂന്നു പേർക്കും ഇന്ത്യ ബ്രാഞ്ചോഫീസിൽനിന്ന് പഞ്ചാബി ഭാഷയിലേക്കു പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യാനുള്ള ക്ഷണം ലഭിച്ചു. അന്നു ടൈപ്പ് റൈറ്ററുകളോ കമ്പ്യൂട്ടറുകളോ ഇല്ലാതെ വളരെ കഷ്ടപ്പെട്ടാണു ഞങ്ങൾ പരിഭാഷ ചെയ്തിരുന്നത്. പരിഭാഷ ചെയ്ത വിവരങ്ങൾ ഞങ്ങൾ കൈകൊണ്ട് എഴുതുകയും പിന്നീട് അതു കൃത്യമാണോ എന്നു നോക്കുകയും വായിച്ച് അതിലെ തെറ്റുകൾ തിരുത്തുകയും ചെയ്യും. പിന്നെ ഞങ്ങൾ അതു പുറത്തുള്ള ഒരു അച്ചടിശാലയിൽ കൊണ്ടുപോയി അച്ചടിക്കും. അക്കാലത്തെ അച്ചടി ഉപകരണങ്ങളിൽ ഓരോ അക്ഷരവും നിരത്തിവെച്ച് വാക്കുകളാക്കിയിട്ടാണു പ്രിന്റ് ചെയ്തിരുന്നത്.
ചണ്ഡീഗഢിലുള്ള സഭ, പഞ്ചാബ്, ഇന്ത്യ
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സന്തോഷം കണ്ടെത്തുന്നു
എന്റെ സാഹചര്യങ്ങൾ പെട്ടെന്നു മാറാൻതുടങ്ങി. ജസ്വിൻഡർ ഒരു സഹോദരനെ വിവാഹം ചെയ്ത് കാനഡയിലേക്കു പോയി. ചാനി ഐക്യനാടുകളിൽനിന്ന് സന്ദർശിക്കാൻ വന്ന ഒരു ജർമൻ സഹോദരനെ വിവാഹം ചെയ്ത് ഐക്യനാടുകളിലേക്കു മാറി. എന്നാൽ എനിക്കു ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് 1976 ഒക്ടോബറിൽ ഞാൻ ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയി. ലെസ്റ്ററിൽ താമസിക്കുകയായിരുന്ന എന്റെ അമ്മയും അനിയനും അവരോടൊപ്പം താമസിച്ചുകൊള്ളാൻ എന്നോടു പറഞ്ഞു. അവർക്കു സത്യത്തോട് എതിർപ്പില്ലായിരുന്നു. രക്താണുക്കളെ നശിപ്പിക്കുന്ന വളരെ ചുരുക്കം പേർക്കു മാത്രം വരുന്ന ഒരു അസുഖമാണ് എനിക്കെന്നു കണ്ടെത്തി. ഒരു അവയവമായ പ്ലീഹ നീക്കം ചെയ്യുന്നതുൾപ്പെടെ പല ചികിത്സകളും എനിക്ക് ആവശ്യമായിവന്നു. അങ്ങനെ ഞാൻ അവസാനം മുൻനിരസേവനം നിറുത്താൻ തീരുമാനിച്ചു.
ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. കുറച്ച് ആരോഗ്യമെങ്കിലും എനിക്കു തന്നാൽ ഉറപ്പായും ഞാൻ മുൻനിരസേവനം ചെയ്യുമെന്നു പറഞ്ഞു. എന്റെ ആഗ്രഹംപോലെതന്നെ നടന്നു. രോഗം എന്നെ ഇടയ്ക്കൊക്കെ വലച്ചെങ്കിലും 1978-ൽ വുൾവർഹാംപ്റ്റണിലേക്കു ഞാൻ മാറി. പഞ്ചാബി കൂടുതൽ സംസാരിക്കുന്ന ആ പ്രദേശത്ത് ഞാൻ മുൻനിരസേവനം ചെയ്തു. മീറ്റിങ്ങുകൾക്കുവേണ്ടിയുള്ള ക്ഷണക്കത്തുകൾ ഞങ്ങൾ എഴുതിയുണ്ടാക്കി. എന്നിട്ട് അത് അടുത്തുള്ള കടകളിൽ കൊണ്ടുപോയി കോപ്പികൾ എടുത്തു. ഞങ്ങൾ അതു പഞ്ചാബി സംസാരിക്കുന്ന ആളുകൾക്കു കൊടുത്തിട്ട് അവരെ പൊതുപ്രസംഗത്തിനു ക്ഷണിക്കും. ഇപ്പോൾ ബ്രിട്ടനിൽ അഞ്ചു പഞ്ചാബി സഭകളും മൂന്നു ഗ്രൂപ്പുകളും ഉണ്ട്.
ഇന്ത്യയിൽ ഞാൻ പഞ്ചാബി പരിഭാഷ ചെയ്തിരുന്ന കാര്യം ബ്രിട്ടൻ ബ്രാഞ്ചിന് അറിയാമായിരുന്നു. 1980-കളുടെ അവസാനത്തിൽ ബ്രാഞ്ചോഫീസ് എന്നെ ക്ഷണിച്ചു. ഞാൻ ലണ്ടൻ ബഥേലിൽ പോയിവന്ന് സേവിക്കാൻതുടങ്ങി. ഗുരുമുഖി ലിപിക്കു വേണ്ട ഫോണ്ടുകളും ആപ്ലിക്കേഷനുകളും ആ ഭാഷയിൽ പ്രസിദ്ധീകരിക്കാൻ ആവശ്യമായ നിയമങ്ങളും ഉണ്ടാക്കുന്നതിൽ സഹായിക്കുക എന്നതായിരുന്നു എന്റെ നിയമനം. എനിക്ക് ഒരു ജോലിയുണ്ടായിരുന്നു, കുറച്ച് ദൂരെ താമസിക്കുന്ന അമ്മയെ നോക്കണം, ഒപ്പം ബഥേലിലും സേവിക്കണം. വളരെ തിരക്കിട്ട ജീവിതമായിരുന്നു എന്റേത്. എങ്കിലും ബഥേൽ സേവനം ഞാൻ ശരിക്കും ആസ്വദിച്ചു.
1980-കളുടെ അവസാനം ലണ്ടനിലെ ബഥേലിൽ പരിശീലനത്തിലായിരിക്കുമ്പോൾ
1991 സെപ്റ്റംബറിൽ ഒരു ബഥേലംഗം ആകാനുള്ള ക്ഷണം എനിക്കു കിട്ടി. ബൈബിൾപ്രസിദ്ധീകരണങ്ങൾ പഞ്ചാബി ഭാഷയിലേക്കു പരിഭാഷ ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. ഇതു ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണം അതിനുള്ള യോഗ്യത എനിക്കില്ലെന്നു തോന്നി, അതുപോലെ എനിക്ക് ഒരു അസുഖവും ഉണ്ട്, പിന്നെ പുതിയ ബഥേലംഗം ആകാനുള്ള എന്റെ പ്രായവും കഴിഞ്ഞിരുന്നു. എന്നിട്ടും യഹോവ എനിക്ക് ഈ നല്ലൊരു അവസരം തന്നു. സന്തോഷത്തോടെ ബഥേലിൽ സേവിക്കുമ്പോഴും എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കീമോതെറാപ്പിയും മറ്റു ചികിത്സകളും ചെയ്യുമ്പോൾ രക്തത്തോടു ബന്ധപ്പെട്ട പല ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ പുരോഗതി കണ്ട് ഡോക്ടർമാർപോലും അതിശയിച്ചുപോയി. അതുകൊണ്ട് ലണ്ടനിലെ വലിയ ഒരു ഹോസ്പിറ്റലിൽ ആരോഗ്യരംഗത്തുള്ള 40-ഓളം ആളുകൾ പങ്കെടുക്കുന്ന ഒരു സെമിനാറിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ രക്തം ഉപയോഗിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് എനിക്കു പത്ത് മിനിട്ടോളം സംസാരിക്കാൻ പറ്റി. അതിനു ശേഷം ആശുപത്രി വിവരദാന ഡിപ്പാർട്ട്മെന്റിലെ ഒരു സഹോദരൻ അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും കൊടുത്തു.
ബുദ്ധിമുട്ടുള്ള ഈ സാഹചര്യങ്ങളിലെല്ലാം ജസ്വിൻഡറും ചാനിയും എന്നെ വളരെയധികം സഹായിച്ചു. ബഥേൽ കുടുംബവും മറ്റുള്ളവരും എന്നോടു കാണിച്ച സ്നേഹവും ദയയും ഞാൻ ഒരിക്കലും മറക്കില്ല. ഈ പ്രശ്നങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോഴും എന്റെ ഈ നിയമനം തുടർന്നും ചെയ്യാനുള്ള ശക്തി യഹോവ എനിക്കു തന്നു.—സങ്കീർത്തനം 73:26.
യഹോവയുടെ അനുഗ്രഹം എന്നെ സമ്പന്നയാക്കുന്നു
‘യഹോവ നല്ലവനെന്നു രുചിച്ചറിയാൻ’ 33 വർഷത്തെ ബഥേൽസേവനം എന്നെ സഹായിച്ചു. (സങ്കീർത്തനം 34:8; സുഭാഷിതങ്ങൾ 10:22) പ്രായമായ, വിശ്വസ്തരായ സഹോദരങ്ങളുടെ മാതൃകയും എനിക്ക് ഒരു പ്രോത്സാഹനമാണ്. എന്റെ ഒരുപാടു പഞ്ചാബി ബൈബിൾവിദ്യാർഥികൾ ഇന്ന് യഹോവയുടെ വിശ്വസ്തദാസരാണ്. അതു കാണുമ്പോൾ എനിക്ക് എത്ര സന്തോഷമാണെന്നോ. എന്റെ അടുത്ത കുടുംബാംഗങ്ങളുമായും എനിക്ക് ഇപ്പോൾ നല്ലൊരു ബന്ധമുണ്ട്. എന്റെ അമ്മയും അനിയനും സാക്ഷികളല്ലെങ്കിലും അമ്മ ഇടയ്ക്കിടയ്ക്കു പറയും: “നീ ശരിക്കും ദൈവത്തിനുവേണ്ടി ഉള്ളവളാണ്.” പ്രായമായ അമ്മയെ നോക്കാൻവേണ്ടി ഞാൻ ബഥേൽസേവനം നിറുത്താൻ തീരുമാനിച്ചപ്പോൾ എന്റെ അനിയൻ പറഞ്ഞു: “നീ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത് നല്ലൊരു കാര്യമാണ്. അവിടെത്തന്നെ നിന്നോ.” ബഥേലിൽനിന്ന് ദൂരെയുള്ള ഒരു നഴ്സിങ്ഹോമിലാണ് എന്റെ അമ്മ താമസിക്കുന്നതെങ്കിലും ഞാൻ പറ്റുമ്പോഴൊക്കെ അമ്മയെ കാണാൻ പോകാറുണ്ട്.
ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് ഞാൻ എന്നോടുതന്നെ ഇങ്ങനെ പറയും: ‘കമൽ, പേടിക്കേണ്ട. യഹോവ നിനക്ക് ഒരു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.’ (ഉൽപത്തി 15:1) ചെറുപ്പത്തിൽത്തന്നെ എന്നെ ശ്രദ്ധിച്ചതിനും അതുപോലെ സന്തോഷം തരുന്ന അർഥവത്തായ ഒരു സേവനം ചെയ്യാൻ എന്നെ സഹായിച്ചതിനും ഞാൻ ‘ന്യായത്തിന്റെ ദൈവമായ’ യഹോവയോട് ഒരുപാട് നന്ദിയുള്ളവളാണ്. (യശയ്യ 30:18) ‘എനിക്കു രോഗമാണ് എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ലാത്ത’ ഒരു കാലത്തിനായാണു ഞാൻ കാത്തിരിക്കുന്നത്.—യശയ്യ 33:24.
ചെംസ്ഫോർഡ് ബഥേലിൽവെച്ച്