വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മനുഷ്യരക്തത്തിൽനിന്ന് എടുത്ത ആൽബുമിൻ അടങ്ങുന്ന ഒരു പ്രതിരോധ കുത്തിവയ്പോ മററ് ഏതെങ്കിലും ചികിത്സാപരമായ കുത്തിവയ്പോ സ്വീകരിക്കുന്നത് ഉചിതമായിരിക്കുമോ?
തുറന്നു പറഞ്ഞാൽ, ഓരോ ക്രിസ്ത്യാനിയും ഇക്കാര്യത്തിൽ വ്യക്തിപരമായി തീരുമാനമെടുക്കണം.
ദൈവത്തിന്റെ ദാസൻമാർ ഉചിതമായും പ്രവൃത്തികൾ 15:28, 29-ൽ കാണുന്ന രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനുള്ള നിർദ്ദേശം അനുസരിക്കാൻ ആഗ്രഹിക്കുന്നു. തദനുസരണം, ക്രിസ്ത്യാനികൾ രക്തം ഒഴുക്കിക്കളയാത്ത മാംസമോ ബഡ്ള് സോസേജ് പോലുള്ള ഉത്പന്നങ്ങളോ ഭക്ഷിക്കുകയില്ല. എന്നാൽ ദൈവത്തിന്റെ നിയമം ചികിത്സാരംഗത്തും ബാധകമാകുന്നു. യഹോവയുടെ സാക്ഷികൾ ‘രക്തപകർച്ചകളോ തനി രക്തമോ ചുവന്ന രക്തകോശങ്ങളോ ശ്വേതാണുക്കളോ ബിംബാണുക്കളോ പ്ലാസ്മയോ’ നിരസിക്കുന്നുവെന്നു പ്രസ്താവിക്കുന്ന ഒരു പ്രമാണം അവർ കൊണ്ടുനടക്കുന്നു. എങ്കിലും, ഒരു ചെറിയ അളവിൽ രക്തപ്രോട്ടീൻ അടങ്ങുന്ന സീറം കുത്തിവയ്പുകളെ സംബന്ധിച്ചെന്ത്?
ഇത് ഓരോ വ്യക്തിയുടെയും ബൈബിൾ പരിശീലിത മനഃസാക്ഷിയനുസരിച്ചു സ്വകാര്യമായി തീരുമാനിക്കേണ്ട വിഷയമാണെന്ന് യഹോവയുടെ സാക്ഷികൾ ദീർഘകാലമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് 1990 ജൂൺ 1-ലെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങ”ളിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് ഒരുവൻ ചില രോഗങ്ങൾക്കു വിധേയനാകുന്നെങ്കിൽ ഡോക്ടർ ശുപാർശ ചെയ്തേക്കാവുന്ന സീറം കുത്തിവയ്പുകളെക്കുറിച്ചു ചർച്ച ചെയ്തു. അത്തരം കുത്തിവയ്പുകളുടെ സജീവ ഘടകങ്ങൾ തനി പ്ലാസ്മയല്ല പിന്നെയോ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുള്ളവരുടെ രക്തത്തിലെ പ്ലാസ്മയിൽനിന്നുള്ള പ്രതിവസ്തുക്കൾ ആണ്. നല്ല മനഃസാക്ഷിയോടെ തങ്ങൾക്ക് അത്തരം കുത്തിവയ്പുകൾ സ്വീകരിക്കാൻ കഴിയുമെന്നു വിചാരിക്കുന്ന ചില ക്രിസ്ത്യാനികൾ ഗർഭിണിയായ ഒരു സ്ത്രീയുടെ രക്തത്തിൽനിന്നുള്ള പ്രതിവസ്തുക്കൾ അവളുടെ ഗർഭാശയത്തിലുള്ള ശിശുവിന്റെ രക്തത്തിലേക്കു പ്രവേശിക്കുന്നതായി കുറിക്കൊണ്ടിരിക്കുന്നു. “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” ഇതും, ഗർഭിണിയായ ഒരു സ്ത്രീയിൽനിന്ന് അവളുടെ ശിശുവിലേക്കു കുറെ ആൽബുമിൻ പ്രവേശിക്കുന്നുവെന്ന വസ്തുതയും സൂചിപ്പിക്കുകയുണ്ടായി.
ഇതു ശ്രദ്ധേയമാണെന്ന് അനേകർ കണ്ടെത്തുന്നു, എന്തെന്നാൽ രക്തത്തിൽനിന്നു തയ്യാറാക്കുന്നതല്ലാത്ത ചില പ്രതിരോധ മരുന്നുകളിൽ താരതമ്യേന ചെറിയൊരളവിൽ പ്ലാസ്മ ആൽബുമിൻ അടങ്ങിയേക്കാം. അതു തയ്യാറാക്കുന്ന സമയത്തു മൂലഘടകങ്ങൾ ഉറപ്പിച്ചുനിർത്താൻ ഉപയോഗിച്ചതോ കൂട്ടിച്ചേർത്തതോ ആകാം. ഇക്കാലത്തു കൃത്രിമ ഹോർമോൺ EPO (എറിത്രോപയററിൻ) കുത്തിവയ്പുകളിൽ ഒരു ചെറിയ അളവ് ആൽബുമിനും ഉപയോഗിക്കപ്പെടുന്നു. ചില സാക്ഷികൾ EPO കുത്തിവയ്പുകൾ സ്വീകരിച്ചിട്ടുണ്ട്, കാരണം അതിനു ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്താൻ കഴിയും. അതുകൊണ്ട് ഒരു രക്തപ്പകർച്ച ആവശ്യമായിവരാം എന്ന തോന്നലിൽനിന്ന് ഒരു ഡോക്ടറെ അതു സ്വതന്ത്രനാക്കിയേക്കാം.
മരുന്നുകമ്പനികൾ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുകയോ നിലവിലുള്ളതിന്റെ ഔഷധയോഗം മാററുകയോ ചെയ്യുന്നതുകൊണ്ട്, താരതമ്യേന ചെറിയൊരളവിൽ ആൽബുമിൻ അടങ്ങുന്ന മററു മരുന്നുകൾ ഭാവിയിൽ ഉപയോഗത്തിൽ വന്നേക്കാം. അതുകൊണ്ട് ഒരു ഡോക്ടർ ശുപാർശ ചെയ്യുന്ന പ്രതിരോധകുത്തിവയ്പിലോ മറേറതെങ്കിലും കുത്തിവയ്പിലോ ആൽബുമിൻ അടങ്ങിയിട്ടുണ്ടോ എന്നു പരിചിന്തിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിച്ചേക്കാം. അവർക്കു സംശയം ഉണ്ടായിരിക്കുകയോ ആൽബുമിൻ ഒരു ഘടകമാണെന്നു വിശ്വസിക്കാൻ ന്യായമുണ്ടായിരിക്കുകയോ ചെയ്യുന്നെങ്കിൽ അവർക്ക് അവരുടെ ഡോക്ടറോട് അന്വേഷണം നടത്താൻ കഴിയും.
പ്രസ്താവിച്ചതുപോലെ, അനേകം സാക്ഷികൾ ഒരു ചെറിയ അളവ് ആൽബുമിൻ അടങ്ങുന്ന ഒരു കുത്തിവയ്പ് സ്വീകരിക്കുന്നതിനു തടസ്സം പറഞ്ഞിട്ടില്ല. ഇനി, വ്യക്തിപരമായി ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ്, കുറേക്കൂടെ പൂർണമായി ആ വിഷയം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും 1990 ജൂൺ 1-ലെ ദ വാച്ച്ടവറിൽ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങ”ളിൽ അവതരിപ്പിച്ചിരിക്കുന്ന വിവരം പുനരവലോകനം നടത്തണം.