അച്ഛനില്ലാത്ത കുടുംബങ്ങൾ—ഈ തുടർക്കഥയ്ക്ക് എങ്ങനെ ഒരു വിരാമമിടാം?
ഇന്നത്തെ രീതിയിൽ മുന്നോട്ടു പോയാൽ പെട്ടെന്നുതന്നെ അച്ഛനില്ലാത്ത കുടുംബങ്ങൾ എന്ന മഹാവ്യാധി സമൂഹത്തെ വിഴുങ്ങിക്കളയും. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “അച്ഛനമ്മമാരിൽ ഒരാൾ തനിയെ വളർത്തിക്കൊണ്ടു വരുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാൻ ചായ്വു കാണിക്കുന്നു. അതുപോലെ തന്നെ പെരുമാറ്റ വൈകല്യങ്ങളും ആരോഗ്യപരവും മാനസികവുമായ സ്ഥായിയായ തകരാറുകളും ഇക്കൂട്ടരിൽ കൂടുതലായിരിക്കും. . . . അച്ഛനില്ലാത്ത കുടുംബങ്ങളിൽ വളർന്നു വരുന്ന കുട്ടികൾ പഠിത്തം നിറുത്താനും ജയിലിൽ പോകാനും കൂടുതൽ സാധ്യതയുണ്ട്. കൗമാരഗർഭധാരണ സാധ്യതയും ഇവരുടെ ഇടയിൽ കൂടുതലാണ്.”
അപ്പോൾപ്പിന്നെ, സാമൂഹിക ശാസ്ത്രജ്ഞരും കുടുംബ ഉപദേഷ്ടാക്കളും വിദ്യാഭ്യാസ പ്രവർത്തകരും എന്തിന്, രാഷ്ട്രീയക്കാർ പോലും വിനാശകരമായ ഈ പ്രവണതയ്ക്കു തടയിടാനുള്ള വഴികൾ തേടി നെട്ടോട്ടമോടുന്നതിൽ അതിശയിക്കാനില്ല. പിതൃത്വത്തിൽ അഭിമാനം കൊള്ളാനും കുടുംബത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത നിറവേറ്റാനും പുരുഷന്മാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വൻ റാലികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പിതൃത്വമെന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങൾ പല രാജ്യങ്ങളിലെയും പുസ്തകച്ചന്തകളിൽ ഒരു പ്രളയം തന്നെ സൃഷ്ടിച്ചിരിക്കുന്നു. അച്ഛന്മാരെക്കൊണ്ട് അവരുടെ ഉത്തരവാദിത്വങ്ങൾ നിർബന്ധിച്ച് ഏറ്റെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പോലും നടന്നിരിക്കുന്നു. ഐക്യനാടുകളിൽ, “കുട്ടികളുടെ കാര്യം നോക്കാൻ അമ്പേ പരാജയപ്പെടുന്ന അച്ഛന്മാർക്ക്” ജഡ്ജിമാർ ശിക്ഷ വിധിച്ചിരിക്കുന്നു. കൂടാതെ, ഇക്കൂട്ടരെ ടിവി ടോക്ക് ഷോകളിലൂടെ നിശിതമായി വിമർശിക്കുകയും, എന്തിന് പൊതുജനങ്ങളുടെ മുമ്പാകെ അവരെ കരിതേച്ചു കാണിക്കുക പോലും ചെയ്തിരിക്കുന്നു. എങ്കിലും ഇത്തരം ശ്രമങ്ങൾ കൊണ്ട് കാര്യമായ പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല.
ക്ഷിപ്ര പരിഹാരമാർഗങ്ങൾ
ക്ഷിപ്ര പരിഹാരമാർഗങ്ങളും വിജയം കാണുന്നില്ലെന്നു വേണം പറയാൻ. ഒരു ഉദാഹരണമെടുക്കാം. മക്കൾക്ക് ഒരു പുതിയ അച്ഛനെ നൽകാമെന്ന പ്രത്യാശയിൽ വിവാഹമോചിതയായ ഒരു സ്ത്രീ തിടുക്കത്തിൽ പുനർവിവാഹം ചെയ്തേക്കാം. എന്നാൽ, പുനർവിവാഹത്തിന് അതിന്റേതായ നേട്ടങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിലും ചിലരുടെ കാര്യത്തിൽ അതിന് ഒരു ഇരുണ്ട മറുപുറവുമുണ്ട്. പുതിയ ഒരാളെ അച്ഛനായി സ്വീകരിക്കാൻ കുട്ടികൾ പെട്ടെന്നൊന്നും മനസ്സൊരുക്കം കാട്ടിയെന്നു വരില്ല. ചിലപ്പോൾ അവർ ഒരിക്കലും അതിനു തയ്യാറായില്ലെന്നും വരാം. “രണ്ടാനച്ഛൻ ഉള്ള കുടുംബങ്ങളിലെ പെൺകുട്ടികളിൽ ഏകദേശം 67 ശതമാനവും 19 വയസ്സാകുന്നതിനു മുമ്പെ വീടുവിട്ടു പോയ”തായി ഒരു സർവേ വെളിപ്പെടുത്തി. “എന്നാൽ സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ കഴിഞ്ഞിരുന്ന പെൺകുട്ടികളിൽ 50 ശതമാനം മാത്രമേ അങ്ങനെ ചെയ്തുള്ളൂ.” ഇനി, പുനർവിവാഹം ഒരു വിജയമാണെങ്കിൽ പോലും കുട്ടികൾ രണ്ടാനച്ഛന്റെ സ്ഥാനം അംഗീകരിച്ചു കൊടുക്കാൻ ചിലപ്പോൾ വർഷങ്ങൾതന്നെ വേണ്ടിവന്നേക്കാം.a
കൗമാര ഗർഭധാരണം എന്ന പ്രശ്നത്തിന്റെ കാര്യത്തിലും ക്ഷിപ്ര പരിഹാരമാർഗങ്ങൾ യഥാർഥ പോംവഴിയാകുന്നില്ല. ഉദാഹരണത്തിന്, ഗർഭച്ഛിദ്രത്തിന്റെ കാര്യമെടുക്കാം. അത് ദൈവനിയമം വിലക്കുന്ന ഒരു സംഗതിയാണ്. മാത്രമല്ല, ഒരു യുവതി തന്റെ ഉള്ളിൽ വളരുന്ന കുരുന്നു ജീവനു നേരെ മനസ്സലിവിന്റെ വാതായനങ്ങൾ കൊട്ടിയടച്ചുകൊണ്ടാണ് അതിനു മുതിരുന്നത്. (പുറപ്പാടു 20:13; 21:22, 23, NW; സങ്കീർത്തനം 139:14-16; 1 യോഹന്നാൻ 3:17 താരതമ്യം ചെയ്യുക.) അങ്ങനെ ചെയ്യുന്നത്, മാതൃഹൃദയത്തിൽ ഒരു നീറ്റലായി അവശേഷിക്കാതിരിക്കുമോ? കുഞ്ഞിനെ ദത്തു നൽകുന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു പരിഹാരമായി പലരും കാണുന്നു. എന്നാൽ അതും മനസ്സിൽ എന്നും ഒരു കനലായി പുകഞ്ഞുകൊണ്ടിരിക്കും—അമ്മയുടെയും കുട്ടിയുടെയും.
ഇല്ല, ഇത്തരം പരിഹാരമാർഗങ്ങളൊന്നും അച്ഛനില്ലാത്ത കുടുംബങ്ങളെന്ന തുടർക്കഥയ്ക്ക് വിരാമമിടില്ല. ആളുകൾ ചിന്താഗതിയിലും മനോഭാവങ്ങളിലും പെരുമാറ്റത്തിലും ധാർമിക മൂല്യങ്ങളിലും സമൂല പരിവർത്തനം വരുത്താൻ തയ്യാറായാലേ ഇതുപോലുള്ള പ്രവണതകൾക്കു തടയിടാൻ കഴിയൂ. ഘോരഘോരം പ്രസംഗിച്ചതുകൊണ്ടോ ആളുകളെ ആകർഷിക്കുന്ന മനശ്ശാസ്ത്രപരമായ സമീപനം കൈക്കൊണ്ടതുകൊണ്ടോ ഒന്നും ആളുകൾ ഇത്തരമൊരു സമൂല മാറ്റം വരുത്താൻ പോകുന്നില്ല. അതിനെക്കാൾ കവിഞ്ഞ ഒന്ന് ആവശ്യമാണ്. അത് ദൈവത്തിന്റെ വചനമായ ബൈബിളിൽ കണ്ടെത്താൻ കഴിയും. കുടുംബ ക്രമീകരണത്തിന് തുടക്കമിട്ടതുതന്നെ ദൈവമാണല്ലോ. (എഫെസ്യർ 3:14, 15) അതുകൊണ്ട്, കുട്ടികൾക്ക് എന്താണ് ആവശ്യമുള്ളതെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് അവനാണ്.
ബൈബിൾ തത്ത്വങ്ങൾ കുടുംബങ്ങളെ സഹായിക്കുന്നു
അച്ഛന്റെ സാന്നിധ്യമില്ലാതെ വളരുന്ന കുഞ്ഞുങ്ങളെ ബൈബിളിന് യഥാർഥത്തിൽ സഹായിക്കാനാകുമോ? ഒരിക്കലും കരകയറാൻ പറ്റാത്ത ഒരു അവസ്ഥയിൽ അല്ലേ അവർ എന്ന് ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ തീർച്ചയായും അങ്ങനെ അല്ല! ഇത്തരം കുട്ടികളെ കാത്തിരിക്കുന്ന നിരവധി അപകടസാധ്യതകളെ കുറിച്ചുള്ള യു.എസ്. ഗവൺമെന്റിന്റെ ഒരു റിപ്പോർട്ട് ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഞങ്ങൾ ഉദ്ധരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടിലെ ഉപസംഹാര വാക്കുകൾ ഇവയായിരുന്നു: “തെളിവുകൾ കാണിക്കുന്നതുപോലെ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണ് എന്നതു സത്യം തന്നെ. എങ്കിലും, അവരിൽ ഭൂരിപക്ഷവും യാതൊരു കുഴപ്പവും ഇല്ലാതെതന്നെ വളർന്നുവരുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു.” അതേ, അച്ഛനില്ലാതെ വളരുന്നതിന്റെ ഭവിഷ്യത്തുകൾ ഇല്ലാതാക്കാനോ കുറഞ്ഞപക്ഷം ലഘൂകരിക്കാനോ എങ്കിലും കഴിയും. ബൈബിൾ തത്ത്വങ്ങളനുസരിച്ചു കുട്ടികളെ വളർത്തുന്നെങ്കിൽ ഇതു പ്രത്യേകിച്ചും സത്യമാണ്.
ഇത് ഒറ്റക്കാരിയായ മാതാവിന്റെ ഭാഗത്ത് അത്യധ്വാനം ആവശ്യമാക്കിത്തീർക്കുന്നു. തനിച്ച് ഈ തോണി തുഴയാനാകില്ലെന്ന് ഒരുപക്ഷേ തുടക്കത്തിൽ അമ്മയ്ക്കു തോന്നിയേക്കാം. എന്നാൽ, നിങ്ങൾ ഇത്തരമൊരു സാഹചര്യത്തിൽ ആണെങ്കിൽ യഹോവയാം ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്നതിനു പഠിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 3:1, 2) ബൈബിൾ കാലങ്ങളിലും ചില ക്രിസ്തീയ സ്ത്രീകൾ വൈധവ്യം പോലുള്ള ദുരനുഭവങ്ങളുടെ കയ്പുനീർ കുടിച്ചിരുന്നു. അത്തരക്കാരെ കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉററുപാർക്കുന്നു.” (1 തിമൊഥെയൊസ് 5:5) യഹോവ, തന്നെത്തന്നെ “പിതാവില്ലാത്ത ബാലന്മാരുടെ പിതാവ്” എന്നാണു വിശേഷിപ്പിക്കുന്നതെന്ന് ഓർമിക്കുക. (സങ്കീർത്തനം 68:5, NW) തന്റെ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരാൻ ദൈവഭയമുള്ള ഒരു സ്ത്രീ ചെയ്യുന്ന ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുക തന്നെ ചെയ്യും.
കുട്ടികളുമൊത്തു ക്രമമായി ബൈബിൾ പഠിക്കുന്നത് സമനിലയും പക്വതയും ഉള്ളവരായി മുതിർന്നുവരാൻ അവരെ സഹായിക്കുന്നതിനുള്ള ഒരു സുപ്രധാന മാർഗമാണ്. (ആവർത്തനപുസ്തകം 6:6-9) യഹോവയുടെ സാക്ഷികളുടെയിടയിലെ ഒറ്റക്കാരായ പല അമ്മമാരും യുവജനങ്ങൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നു. അവയിലൊന്നാണ് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം.b മാതാപിതാക്കളുടെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സഹായകമായ ധാർമിക നിലവാരങ്ങൾ വളർത്തിയെടുക്കാൻ അവയിലുള്ള വിവരങ്ങൾ യുവജനങ്ങളെ സഹായിക്കുന്നു. യഹോവയാം ദൈവത്തെ അറിയാനിടയാകുമ്പോൾ കുട്ടികൾ, തങ്ങൾക്കു വേണ്ടി വളരെയധികം കരുതുന്ന ഒരു സ്വർഗീയ പിതാവുണ്ടെന്നു മനസ്സിലാക്കിത്തുടങ്ങും. (സങ്കീർത്തനം 27:10) തങ്ങൾക്ക് അച്ഛനില്ലല്ലോ എന്ന ചിന്തയെ തരണം ചെയ്യാൻ ഇത് അവരെ സഹായിച്ചേക്കാം. മാതാപിതാക്കളുടെ വിവാഹമോചനത്തെ നേരിടേണ്ടി വന്ന ബ്രിട്ടൻകാരിയായ ഒരു പെൺകുട്ടി ഇപ്രകാരം അനുസ്മരിക്കുന്നു: “പൊള്ളുന്ന ആ ദുരനുഭവങ്ങളിലൂടെ സഞ്ചരിക്കവെ പ്രാർഥനയും യഹോവയിലുള്ള പൂർണമായ ആശ്രയവും എത്രമാത്രം പ്രധാനമാണെന്ന് മമ്മി എന്നോടു പറയുമായിരുന്നു. സാഹചര്യവുമായി പൊരുത്തപ്പെടാൻ എന്നെയും മമ്മിയെയും പ്രാപ്തരാക്കിയതും അതുതന്നെയാണ്.”
അച്ഛനും കുട്ടിയും തമ്മിലുള്ള ബന്ധം ഇഴപിരിയാതെ നിലനിർത്തൽ
മക്കൾ അമ്മയെ മാത്രമല്ല അച്ഛനെയും ബഹുമാനിക്കേണ്ടതുണ്ടെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (പുറപ്പാടു 20:12) വിവാഹമോചനം അച്ഛനും കുട്ടിയും തമ്മിലുള്ള ബന്ധം വേർപെടുത്തുന്നില്ല. വിവാഹമോചിതനായ പിതാവ് മേലാൽ കുടുംബത്തോടൊപ്പം കഴിയുന്നില്ലെങ്കിലും അദ്ദേഹവുമായി ഒരു ഊഷ്മള ബന്ധം ആസ്വദിക്കുന്നതിലൂടെ കുട്ടികൾക്ക് പ്രയോജനം നേടാൻ കഴിയും.c എന്നാൽ മനസ്സിൽ തികട്ടിവരുന്ന കയ്പ്, മുൻഭർത്താവ് കുട്ടികളുടെ കാര്യത്തിൽ ഇടപെടുമ്പോൾ അമ്മയ്ക്ക് അമർഷം തോന്നാൻ ഇടയാക്കിയേക്കാം. അമ്മയ്ക്ക് ഈ വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
ബൈബിൾ പിൻവരുന്ന നല്ല ബുദ്ധിയുപദേശം നൽകുന്നു: “ക്രോധാവേശം നിന്നെ ദ്രോഹബുദ്ധിയോടെ [പെരുമാറുന്നതിലേക്കു] വശീകരിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾക. . . . ദ്രോഹകരമായതിലേക്കു തിരിയാതിരിക്കാൻ നീ ശ്രദ്ധിച്ചുകൊൾക.” (ഇയ്യോബ് 36:18-21, NW) നിങ്ങളെ വ്രണപ്പെടുത്തുകയോ ഉപേക്ഷിച്ചു പോകുകയോ ചെയ്ത ഒരാളെ കുറിച്ച് നല്ലതു മാത്രം സംസാരിക്കുക എളുപ്പമുള്ള കാര്യമല്ല എന്നതു സത്യംതന്നെ. എന്നാൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘തന്റെ അച്ഛൻ കൊള്ളരുതാത്തവനാണ് എന്ന സ്ഥിരം പല്ലവി കേട്ടുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിക്ക് ഒരു പുരുഷനിൽ വിശ്വാസം അർപ്പിക്കാൻ കഴിയുമോ? “നീ നിന്റെ അച്ഛന്റെ തനി പകർപ്പാണ്” എന്നു പറഞ്ഞ്, തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ ഒരു ആൺകുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാൽ അവന് ആണത്തമുള്ള, ഒരു ഉറച്ച വ്യക്തിത്വം വളർത്തിയെടുക്കാനാവുമോ? സ്വന്തം പിതാവിനെ വെറുക്കാൻ പഠിപ്പിക്കപ്പെടുന്ന, അദ്ദേഹത്തെ ഒന്നു കാണാൻ പോലും അനുവാദം ലഭിക്കാത്ത കുട്ടികൾക്ക് അധികാരസ്ഥാനത്തുള്ളവരോട് ഉചിതമായ ഒരു വീക്ഷണം ഉണ്ടായിരിക്കുമോ? കുട്ടിയുടെ മനസ്സിൽ അച്ഛനെ കുറിച്ചുള്ള കയ്പ് കുത്തിവെക്കുന്നത് ദോഷകരമാണ് എന്നതു വ്യക്തം.
ധാർമികരോഷം തോന്നുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നില്ല എന്നറിയുന്നത് ഒരുപക്ഷേ നിങ്ങളെ അതിശയിപ്പിച്ചേക്കാം. “കോപിക്കാം; എന്നാൽ, പാപം ചെയ്യരുത്” എന്ന് ബൈബിൾ പറയുന്നു. (എഫെസ്യർ 4:26, പി.ഒ.സി. ബൈബിൾ) കോപിക്കുന്നതല്ല, പിന്നെയോ നമ്മുടെ മേൽ നിയന്ത്രണം ചെലുത്താൻ “കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം” എന്നിവയെ അനുവദിക്കുന്നതാണു പാപം. (കൊലൊസ്സ്യർ 3:8) അതുകൊണ്ട് കുട്ടികൾ കേൾക്കെ അവരുടെ അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ അദ്ദേഹത്തിനെതിരെ വാക്ശരങ്ങൾ എയ്തുവിടുകയോ ചെയ്യാതിരിക്കുക. നിങ്ങളുടെ മനസ്സിന്റെ ഭാരം ഒന്നിറക്കി വെക്കണമെന്നു തോന്നുന്നെങ്കിൽ, “മനോവ്യസനം” ആരെങ്കിലുമായി—ഒരുപക്ഷേ ആശ്രയിക്കാൻ കൊള്ളാവുന്ന ഒരു സുഹൃത്തുമായി, എന്നാൽ നിങ്ങളുടെ കുട്ടികളുമായിട്ട് ആയിരിക്കരുത്—പങ്കുവെക്കുക എന്ന ബൈബിളിന്റെ നിർദേശം പിൻപറ്റുക. (സദൃശവാക്യങ്ങൾ 12:25) കഴിഞ്ഞതിനെ കുറിച്ചോർത്ത് തല പുണ്ണാക്കാതെ ഒരു ക്രിയാത്മക മനോഭാവം നിലനിർത്താൻ ശ്രമിക്കുക. (സഭാപ്രസംഗി 7:10) ഇപ്രകാരം ചെയ്യുന്നത് കോപത്തിനു കടിഞ്ഞാണിടാൻ നിങ്ങളെ വളരെയേറെ സഹായിക്കും.
അവസാനമായി ഒരു കാര്യം കൂടി. അച്ഛനെ ആദരിക്കാൻ ബൈബിൾ കുട്ടികളോടു കൽപ്പിക്കുന്നു, അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകായോഗ്യം അല്ലെങ്കിൽ പോലും അങ്ങനെ ചെയ്യേണ്ടതാണ്. (എഫെസ്യർ 6:2, 3) അതുകൊണ്ട് തങ്ങളുടെ അച്ഛന്റെ ബലഹീനതകളെ വസ്തുനിഷ്ഠമായി വീക്ഷിക്കാൻ കുട്ടികളെ സഹായിക്കുക. ഒരു തകർന്ന കുടുംബത്തിൽ വളർന്നു വന്ന ഒരു യുവതി ഇപ്രകാരം പറയുന്നു: “ഞാൻ എന്റെ പിതാവിനെ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ, അതായത് അദ്ദേഹവും തെറ്റു പറ്റാവുന്ന ഒരു അപൂർണ മനുഷ്യനാണെന്നു മനസ്സിലാക്കിയപ്പോൾ ഒടുവിൽ എനിക്ക് അദ്ദേഹവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു.” തങ്ങളുടെ അച്ഛനെ ആദരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോൾ, മാതാപിതാക്കളുടെ അധികാരത്തെ സംബന്ധിച്ച് ആരോഗ്യാവഹമായ ഒരു വീക്ഷണം വളർത്തിയെടുക്കാൻ നിങ്ങൾ അവരെ സഹായിക്കുകയായിരിക്കും ചെയ്യുന്നത്.
മാതാവെന്ന നിലയിലുള്ള നിങ്ങളുടെ സ്ഥാനത്തുനിന്നു വ്യതിചലിക്കാതിരിക്കുന്നതും പ്രധാനമാണ്. നിങ്ങൾ എന്നും അമ്മയാണ്, അവർ കുട്ടികളും. ഇതിനു മാറ്റം വരാൻ പാടില്ല. അവർ ഇപ്പോഴും ‘തങ്ങളുടെ അമ്മയുടെ ഉപദേശ’ത്തിൻ കീഴിലാണ്. (സദൃശവാക്യങ്ങൾ 1:8) അമ്മ, മകനെ ‘കാരണവസ്ഥാന’ത്തു പ്രതിഷ്ഠിക്കുന്നെങ്കിൽ അത് അവന്റെ ഇളം ചുമലുകൾക്കു താങ്ങാവുന്നതിലും അധികമായിരിക്കും. അമ്മയുടെ സ്വകാര്യ പ്രശ്നങ്ങളും ആകുലതകളുമെല്ലാം തലയിലേറ്റേണ്ടി വരുന്ന മകളുടെ അവസ്ഥയും വിഭിന്നമല്ല. ഒരമ്മയെന്ന നിലയിൽ നിങ്ങൾ അവർക്കായി കരുതുമെന്ന ഉറപ്പ് കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്, അല്ലാതെ മറിച്ചല്ല. (2 കൊരിന്ത്യർ 12:14 താരതമ്യം ചെയ്യുക.) അങ്ങനെയാകുമ്പോൾ തങ്ങളുടെ കുടുംബ സാഹചര്യം എല്ലാം തികഞ്ഞത് അല്ലെങ്കിൽ കൂടി അവർക്കു സുരക്ഷിതത്വം തോന്നും.
അച്ഛന്റെ സ്ഥാനത്തു വരുന്നവർ
അച്ഛനെന്നൊരാൾ രംഗത്തുനിന്ന് പാടേ അപ്രത്യക്ഷനായിരിക്കുന്നെങ്കിലെന്ത്? പുരുഷന്മാരുമായി സഹവസിക്കുന്നത് കുട്ടികൾക്കു പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ധ മതം. അമ്മാവനോ ഒരു അയൽക്കാരനോ കുട്ടിയിൽ ദയാപൂർവകമായ താത്പര്യം എടുക്കുന്നത് അവനു കുറെയൊക്കെ ഗുണം ചെയ്യുമെങ്കിലും ക്രിസ്തീയ സഭയ്ക്കുള്ളിലെ സഹോദരന്മാരുമായുള്ള ആരോഗ്യാവഹമായ സഹവാസമാണ് ഏറെ പ്രയോജനപ്രദം. സഭ, പിന്തുണയേകുന്ന ഒരു കുടുംബം പോലെയായിരിക്കും എന്ന് യേശു വാഗ്ദാനം ചെയ്തു.—മർക്കൊസ് 10:29, 30.
ബൈബിൾ കാലങ്ങളിൽ, യുവാവായ തിമൊഥെയൊസ് വിശ്വാസിയായ ഒരു പിതാവിന്റെ സഹായം ഇല്ലാഞ്ഞിട്ടുകൂടി, ദൈവഭക്തിയുള്ള ഒരു മാതൃകാപുരുഷനായി വളർന്നു വന്നു. ബൈബിൾ, ഇതിനുള്ള ബഹുമതി മുഖ്യമായും കൊടുക്കുന്നത് സ്നേഹമയികളായ അവന്റെ അമ്മയ്ക്കും വല്യമ്മയ്ക്കും ആണ്. (പ്രവൃത്തികൾ 16:1; 2 തിമൊഥെയൊസ് 1:1-5) എന്നാൽ, ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസിന്റെ സഹവാസവും അവനു വളരെയധികം പ്രയോജനം ചെയ്തു. “കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസ്” എന്നു പൗലൊസ് അവനെ കുറിച്ചു പരാമർശിക്കുകയുണ്ടായി. (1 കൊരിന്ത്യർ 4:17) സമാനമായി ഇന്ന്, “അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുക” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കാൻ യഹോവയുടെ സാക്ഷികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (യാക്കോബ് 1:27, പി.ഒ.സി. ബൈബിൾ) ആത്മാർഥമായ, സമനിലയോടുകൂടിയ താത്പര്യം പ്രകടമാക്കിക്കൊണ്ട് ‘പിതാവില്ലാത്ത കുട്ടികളെ രക്ഷിക്കാൻ’ അവർ ഉദ്ബോധിപ്പിക്കപ്പെടുന്നു. (ഇയ്യോബ് 29:12, NW) താനൊരു കുട്ടിയായിരുന്നപ്പോൾ ഒരു ക്രിസ്തീയ മൂപ്പൻ തന്നിൽ ആത്മാർഥമായ താത്പര്യം പ്രകടമാക്കിയത് അനുസ്മരിച്ചു കൊണ്ട് ആനെറ്റ് എന്ന യുവതി ഇപ്രകാരം പറയുന്നു: “അച്ഛന്റെ സ്ഥാനത്തു നിന്ന് എനിക്കു വേണ്ടതെല്ലാം ചെയ്തുതന്ന ഒരേയൊരാൾ അദ്ദേഹമായിരുന്നു.”
തുടർക്കഥയ്ക്കു വിരാമമിടൽ
മേൽപ്പറഞ്ഞ തത്ത്വങ്ങൾ ബാധകമാക്കുന്നത്, അച്ഛനില്ലാത്ത കുട്ടികളെ ജീവിത വിജയം കൈവരിക്കാൻ സഹായിക്കും. നിറംമങ്ങിയ കുട്ടിക്കാലമാണ് അവരുടേതെങ്കിലും സമനിലയും കാര്യപ്രാപ്തിയുമുള്ള മുതിർന്നവരായി തീരാൻ, സ്നേഹവും വിശ്വസ്തതയും പ്രതിജ്ഞാബദ്ധതയും ഒത്തിണങ്ങിയ അച്ഛന്മാരാകാൻ അവർക്കും കഴിയും. എങ്കിലും, പ്രതിരോധം ആണു പ്രതിവിധിയെക്കാൾ ഉത്തമം. അച്ഛനില്ലാത്ത കുടുംബങ്ങൾ എന്ന തുടർക്കഥയ്ക്കു വിരാമമിടണമെങ്കിൽ, തങ്ങളുടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിനുള്ള—വിവാഹത്തിനു മുമ്പുള്ള ലൈംഗികത സംബന്ധിച്ച ബൈബിളിന്റെ വിലക്കിനോടു പറ്റിനിൽക്കുന്നതും ഭാര്യാഭർത്താക്കന്മാർക്കു വേണ്ടി അതു വെക്കുന്ന നിലവാരങ്ങൾ പിൻപറ്റുന്നതും മറ്റും ഇതിൽ ഉൾപ്പെടുന്നു—ഒരു പ്രതിജ്ഞാബദ്ധത ഓരോ സ്ത്രീയും പുരുഷനും വളർത്തിയെടുക്കുക തന്നെ വേണം.—1 കൊരിന്ത്യർ 6:9, 10; എഫെസ്യർ 5:21-33.
ഇക്കാലത്ത്, പല കുടുംബങ്ങളിലും അച്ഛൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്. കുടുംബ പ്രശ്നങ്ങളെ കുറിച്ചു പഠിക്കുന്ന ഒരു വിദഗ്ധൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഇന്നത്തെ കുട്ടികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം . . . അവർക്കു മാതാപിതാക്കളുടെ സമയവും ശ്രദ്ധയും ലഭിക്കുന്നില്ല എന്നതാണ്.” ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ദൈവവചനം വ്യക്തമായി പറയുന്നു. കുട്ടികളോടുള്ള ബന്ധത്തിൽ പിതാക്കന്മാർ എന്താണു ചെയ്യേണ്ടതെന്നു ബൈബിൾ കൽപ്പിക്കുന്നു: “പ്രബോധനവും തിരുത്തലും കൊടുത്തുകൊണ്ട് അവരെ ക്രിസ്തീയ രീതിയിൽ വളർത്തിക്കൊണ്ടു വരുക.” (എഫെസ്യർ 6:4, ന്യൂ ഇംഗ്ലീഷ് ബൈബിൾ; സദൃശവാക്യങ്ങൾ 24:27, NW) പിതാക്കന്മാർ ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നവരാകുമ്പോൾ അവർ തങ്ങളെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയം കുട്ടികളെ ഒരു പ്രകാരത്തിലും വേട്ടയാടില്ല.
ഇതൊക്കെയാണെങ്കിലും, ബഹുഭൂരിപക്ഷം ആളുകളും ബൈബിളിലേക്കു തിരിയും എന്നു വിശ്വസിക്കുന്നതു വാസ്തവികമാണോ? അല്ല. (മത്തായി 7:14) എങ്കിലും, ദശലക്ഷങ്ങളെ ഒരു ഭവന ബൈബിളധ്യയന പരിപാടിയിലൂടെ തങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ യഹോവയുടെ സാക്ഷികൾ സഹായിച്ചിരിക്കുന്നു.d അപൂർണത നിമിത്തം എല്ലാ വിവാഹിത ദമ്പതികൾക്കും “ജഡത്തിൽ കഷ്ടത” ഉണ്ടാകും എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (1 കൊരിന്ത്യർ 7:28) എങ്കിലും, ദൈവവചനത്തോടു യഥാർഥ ആദരവുള്ളവർ വിവാഹജീവിതത്തിൽ എന്തെങ്കിലുമൊരു പ്രശ്നം തലപൊക്കുമ്പോഴേ വിവാഹമോചനത്തിന്റെ പാത തേടാൻ ശ്രമിക്കാതെ, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. വ്യക്തമായും, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വേർപിരിയുന്നതിനെ കുറിച്ചോ വിവാഹമോചനം നേടുന്നതിനെ കുറിച്ചോ പോലും ചിന്തിക്കുന്നത് ഉചിതമായിരുന്നേക്കാവുന്ന സന്ദർഭങ്ങളുണ്ട് എന്നതു ശരിതന്നെ. (മത്തായി 5:32) എങ്കിലും, അച്ഛനമ്മമാർ വേർപിരിയുമ്പോൾ ഇടയിൽ കുരുങ്ങിപ്പോകുന്ന കുരുന്നുമനസ്സുകളിൽ അതേൽപ്പിക്കുന്ന ആഘാതത്തെ കുറിച്ചുള്ള ചിന്ത, കഴിയുമെങ്കിൽ ദാമ്പത്യബന്ധം മുറിഞ്ഞുപോകാതെ സംരക്ഷിക്കുന്നതിനുള്ള വഴികൾ തേടാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിക്കും.
ബൈബിളനുസരിച്ചു ജീവിക്കുന്നത് ഇപ്പോൾ നിങ്ങളുടെ കുടുംബത്തെ തകർന്നുടയാതെ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. പിന്നെയോ, അതു നിങ്ങൾക്ക് ഏവർക്കും നിത്യമായ ജീവിതം സാധ്യമാക്കുകയും ചെയ്യും. യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ദൈവവചനം വായിക്കുന്നതും അതിലെ ബുദ്ധിയുപദേശം ബാധകമാക്കുന്നതും നിങ്ങളുടെ കുടുംബബന്ധം ഇഴപിരിയാതെ എന്നും നിലനിൽക്കുമെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ്.
[അടിക്കുറിപ്പുകൾ]
a രണ്ടാനച്ഛന്മാർക്കും രണ്ടാനമ്മമാർക്കും സഹായകമായ വിവരങ്ങൾ ഇതിന്റെ കൂട്ടു മാസികയായ വീക്ഷാഗോപുരത്തിന്റെ 1999 മാർച്ച് 1 ലക്കത്തിൽ കാണാം.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
c പിതാവ് കുട്ടിയെ ശാരീരികമായോ ലൈംഗികമായോ ദ്രോഹിക്കാനിടയുണ്ടെങ്കിൽ ഇതു ബാധകമല്ല.
d കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിൽ (വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്) കുടുംബങ്ങൾക്കു സഹായകമായ വളരെയധികം ബൈബിളധിഷ്ഠിത ബുദ്ധിയുപദേശങ്ങൾ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ പക്കൽ നിന്ന് നിങ്ങൾക്ക് ആ പുസ്തകം വാങ്ങാൻ കഴിയും.
[8, 9 പേജുകളിലെ ചിത്രം]
ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുക വഴി, ഒറ്റയ്ക്കുള്ള ഒരു മാതാവിന് മക്കളെ വിജയപ്രദമായി വളർത്തിക്കൊണ്ടുവരാൻ കഴിയും
[10-ാം പേജിലെ ചിത്രം]
ആത്മാർഥമായ, സമനിലയോടുകൂടിയ താത്പര്യം പ്രകടമാക്കിക്കൊണ്ട് ക്രിസ്തീയ പുരുഷന്മാർക്കു പലപ്പോഴും ‘പിതാവില്ലാത്ത കുട്ടികളെ രക്ഷിക്കാൻ’ കഴിയും