ധാർമിക മൂല്യങ്ങൾ മുമ്പത്തെക്കാൾ അധഃപതിച്ചുവോ?
“ആളുകളുടെ ധാർമിക മൂല്യങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടോ അതോ അധഃപതിച്ചോ?” ഈ ചോദ്യം ചരിത്രകാരന്മാരോട് ആണ് ചോദിക്കുന്നതെങ്കിൽ, അവരിൽ ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടേക്കാം: വ്യത്യസ്ത കാലഘട്ടങ്ങൾക്കു വ്യത്യസ്ത പശ്ചാത്തലങ്ങളാണുള്ളത്. ഓരോ കാലഘട്ടത്തെയും അതിന്റേതായ പശ്ചാത്തലത്തിൽ വിലയിരുത്തണമെന്നുള്ളതിനാൽ വ്യത്യസ്ത കാലഘട്ടങ്ങളിലെ ധാർമിക മൂല്യങ്ങൾ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്.
ഉദാഹരണത്തിന്, 16-ാം നൂറ്റാണ്ട് മുതലുള്ള കാര്യമെടുക്കുക. കൊടിയ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ യൂറോപ്പിൽ എങ്ങനെയുള്ളൊരു സ്ഥിതിവിശേഷം ആണ് അന്നു മുതൽ വികാസം പ്രാപിച്ചിരിക്കുന്നത് എന്നു നോക്കാം. 16-ാം നൂറ്റാണ്ടിൽ കൊലപാതകങ്ങൾ സാധാരണമായിരുന്നു. ആളുകൾ പലപ്പോഴും നിയമം കൈയിലെടുത്ത് തങ്ങൾക്കു ബോധിച്ചരീതിയിൽ നീതി നടപ്പാക്കിയിരുന്നു. കുടിപ്പകകൾ മൂലമുള്ള അക്രമങ്ങൾ നിത്യേന എന്നവണ്ണം പൊട്ടിപ്പുറപ്പെട്ടിരുന്നു.
എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ 1600-നും 1850-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ “സാമൂഹിക ജീവിതം ശരിക്കും ഉത്കൃഷ്ടമായിത്തീരുകയാണുണ്ടായത്” എന്ന് ചരിത്രകാരന്മാരായ ആർനെ യാരിക്കും യോഹാൻ സ്യൂഡർബെർഗും മാനിസ്കോവാർഡെറ്റ് ഓക് മാക്ടെൺ (മനുഷ്യന്റെ അന്തസ്സും അധികാരവും) എന്ന പുസ്തകത്തിൽ പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സഹമനുഷ്യന്റെ ആവശ്യങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ ആളുകൾ കൂടുതൽ മെച്ചപ്പെട്ടു, അതായത്, അവർ കൂടുതൽ സമാനുഭാവം ഉള്ളവരായിത്തീർന്നു. ഉദാഹരണത്തിന്, ഇന്നത്തെ അപേക്ഷിച്ച് മോഷണവും സ്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും 16-ാം നൂറ്റാണ്ടിൽ വളരെ കുറവായിരുന്നു എന്ന കാര്യം മറ്റു ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. മോഷ്ടാക്കളുടെ സംഘടിത കൂട്ടങ്ങൾ ഇല്ലായിരുന്നു എന്നുതന്നെ പറയാം, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ.
എന്നാൽ, അടിമത്ത സമ്പ്രദായം അപ്പോഴെല്ലാം നിലവിൽ ഉണ്ടായിരുന്നു. മനുഷ്യ ചരിത്രത്തിലേക്കും അതിനീചമായ ചില കുറ്റകൃത്യങ്ങൾക്ക് അത് ഇടയാക്കിയിട്ടുമുണ്ട്. യൂറോപ്യൻ വ്യാപാരികൾ ആഫ്രിക്കയിൽ നിന്നു ദശലക്ഷക്കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയതും പിന്നീട് ഈ നിരപരാധികൾ അവർ ചെന്നുചേർന്ന രാജ്യങ്ങളിൽ മൃഗീയമായി പീഡിപ്പിക്കപ്പെട്ടതുമെല്ലാം ഇതിൽ പെടുന്നു.
അങ്ങനെ, ചരിത്രപരമായ ഒരു വീക്ഷണകോണിലൂടെ പിന്നിട്ട നൂറ്റാണ്ടുകൾ ഒന്നു വിശകലനം ചെയ്താൽ ചില അവസ്ഥകൾ ഇന്നത്തേതിനെക്കാൾ മെച്ചമായിരുന്നെന്നും എന്നാൽ മറ്റു ചിലവ വളരെ അധഃപതിച്ചവയായിരുന്നെന്നും നാം കണ്ടെത്തിയേക്കാം. എന്നിരുന്നാലും 20-ാം നൂറ്റാണ്ടിൽ, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ധാർമിക മൂല്യങ്ങളുടെ കാര്യത്തിൽ ഒരു മാറ്റം സംഭവിച്ചു. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയുമാണ്.
20-ാം നൂറ്റാണ്ട്—ഒരു വഴിത്തിരിവ്
ചരിത്രകാരന്മാരായ യാരിക്കും സ്യൂഡർബെർഗും പറയുന്നു: “1930-കളിൽ, കൊലപാതകങ്ങളുടെയും നരഹത്യയുടെയും ഗ്രാഫ് വീണ്ടും ഉയർന്നു. അന്നുമുതൽ, അരനൂറ്റാണ്ടിലധികമായി ഈ പ്രവണത തുടർന്നുപോയിരിക്കുന്നു എന്നതാണു സങ്കടകരമായ യാഥാർഥ്യം.”
20-ാം നൂറ്റാണ്ടിൽ, ധാർമിക മൂല്യങ്ങൾക്ക് വലിയ അളവിൽ ഇടിവു സംഭവിച്ചുവെന്നു പല ഭാഷ്യകാരന്മാരും അഭിപ്രായപ്പെടുന്നു. ധാർമിക തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഉപന്യാസം ഇങ്ങനെ പറഞ്ഞു: “ലൈംഗികത, ധാർമികമായി സ്വീകാര്യമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കഴിഞ്ഞ 30 മുതൽ 40 വരെയുള്ള വർഷങ്ങളിൽ കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു എന്നതു സുവ്യക്തമാണ്. കർശനമായ നിയമങ്ങൾ ഏർപ്പെടുത്തി ധാർമികമായി സ്വീകാര്യമായ കാര്യങ്ങൾ ഏതെല്ലാമാണ് എന്നു സമൂഹം വ്യക്തമാക്കിയിരുന്ന ഒരു കാലം മാറി, ധാർമിക കാര്യങ്ങളിൽ ആളുകൾ വെറും അയഞ്ഞ, വ്യക്തിപരമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഒരു കാലം വന്നെത്തിയിരിക്കുന്നു.”
ലൈംഗികതയുടെ കാര്യത്തിലും ധാർമികതയുടെ മറ്റു വശങ്ങളിലും സ്വന്തം നിലവാരങ്ങൾ വെക്കാനാണ് ഇന്നു മിക്കവരും ഇഷ്ടപ്പെടുന്നത് എന്നാണ് ഇതിന്റെയർഥം. ഇതിന് ഒരു ഉദാഹരണമെന്ന നിലയിൽ അതേ ഉപന്യാസത്തിൽ ഒരു സ്ഥിതിവിവരക്കണക്ക് ഉദ്ധരിക്കുകയുണ്ടായി. 1960-ൽ ഐക്യനാടുകളിൽ ജനിച്ച കുട്ടികളുടെ വെറും 5.3 ശതമാനം മാത്രമാണ് അവിഹിത ബന്ധത്തിലൂടെ ജനിച്ചത്. എന്നാൽ 1990 ആയപ്പോഴേക്കും ഇത് 28 ശതമാനമായി വർധിച്ചു.
ഇന്നത്തെ ധാർമിക നിലവാരങ്ങളിൽ “മൂല്യങ്ങൾ പാടേ അപ്രത്യക്ഷമായിരിക്കുന്നതായി” ഐക്യനാടുകളിലെ നോട്ടർ ഡേം സർവകലാശാലയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ യുഎസ് സെനറ്റർ ജോ ലീബർമാൻ പറയുകയുണ്ടായി. “ശരിയും തെറ്റും സംബന്ധിച്ച് പണ്ട് ഉണ്ടായിരുന്ന വീക്ഷണങ്ങൾ തേഞ്ഞുമാഞ്ഞു പോയിരിക്കുന്ന”തായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ധാർമിക അധഃപതനം “ഏതാണ്ട് രണ്ടു തലമുറകളായി സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു” എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ലൗകികവത്കരണം
ചരിത്രകാരന്മാരും മറ്റു വിശകലന വിദഗ്ധരും 20-ാം നൂറ്റാണ്ടിലെ ഈ ശ്രദ്ധേയമായ മാറ്റങ്ങളുടെ കാരണം വിലയിരുത്തുന്നത് എങ്ങനെയാണ്? “കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ സമൂഹത്തിൽ സംഭവിച്ച സുപ്രധാന മാറ്റങ്ങളിൽ ഒന്ന് ലൗകികവത്കരണമാണ്” എന്ന് മാനിസ്കോവാർഡെറ്റ് ഓക് മാക്ടെൺ എന്ന പുസ്തകം പറയുന്നു. “വിവിധ കാര്യങ്ങൾ സംബന്ധിച്ച് ആളുകൾക്കു തങ്ങളുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതിനെ” ആണ് ഇതർഥമാക്കുന്നത്. “സത്യത്തിന്റെ ഒരേയൊരു ഉറവിടമെന്ന നിലയിൽ ബൈബിളിനെ . . . ഏറ്റവുമാദ്യം തള്ളിക്കളഞ്ഞ 18-ാം നൂറ്റാണ്ടിലെ ജ്ഞാനപ്രകാശന തത്ത്വചിന്തകർ ആയിരുന്നു . . . ഇങ്ങനെയൊരു ആശയത്തിനു . . . തുടക്കമിട്ടത്.” ഈ ലൗകികവത്കരണത്തിന്റെ ഫലമായി ധാർമിക കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശത്തിനായി ആളുകൾ മതങ്ങളിലേക്ക്—പ്രത്യേകിച്ചും ക്രൈസ്തവലോകത്തിലെ മതങ്ങളിലേക്ക്—പണ്ടത്തെ പോലെ തിരിയുന്നില്ല.
എന്നാൽ, 18-ാം നൂറ്റാണ്ടിൽ കുരുത്ത ഒരു തത്ത്വചിന്തയ്ക്കു പ്രചാരം സിദ്ധിക്കാൻ 200-ലധികം വർഷം വേണ്ടിവന്നത് എന്തുകൊണ്ടാണ്? “ഈ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് കടത്തിവിടുക അത്ര എളുപ്പമായിരുന്നില്ല. ലൗകികവത്കരണത്തിലേക്കുള്ള മാറ്റം മന്ദഗതിയിലായിരുന്നു,” എന്ന് മുകളിൽ പരാമർശിച്ച ആ പുസ്തകം പറയുന്നു.
പരമ്പരാഗത ധാർമിക നിലവാരങ്ങളും ക്രിസ്തീയ മൂല്യങ്ങളും വലിച്ചെറിയുന്നതിനുള്ള പ്രവണത, അത് തുടങ്ങിയതിനു ശേഷമുള്ള 200 വർഷങ്ങളുടെ ഭൂരിഭാഗം സമയത്തും വളരെ സാവധാനമാണ് ആളുകളിലേക്കു പടർന്നുപിടിച്ചതെങ്കിലും 20-ാം നൂറ്റാണ്ടിൽ കഥയാകെ മാറി, പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ. അതിന്റെ കാരണം എന്താണ്?
സ്വാർഥതയും അത്യാഗ്രഹവും
സാമ്പത്തിക-സാങ്കേതിക രംഗങ്ങളിൽ 20-ാം നൂറ്റാണ്ടിൽ ഉണ്ടായ ത്വരിതഗതിയിലുള്ള പുരോഗതിയാണ് ഒരു സുപ്രധാന കാരണം. “മാറ്റങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന മുൻ നൂറ്റാണ്ടുകളിൽ നിന്നു വ്യത്യസ്തമായി, നാം ജീവിക്കുന്നത് ഊർജിതമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്” എന്ന് ഡി റ്റ്സൈറ്റ് എന്ന ജർമൻ വാർത്താപത്രികയിൽ വന്ന ഒരു ലേഖനം പ്രസ്താവിക്കുകയുണ്ടായി. ഈ മാറ്റങ്ങൾ, ഒരു കമ്പോള സമ്പദ്വ്യവസ്ഥ നിലവിൽ വരുന്നതിന് ഇടയാക്കിയിരിക്കുന്നു എന്ന് ആ ലേഖനം വിശദീകരിക്കുന്നു. കിടമത്സരത്തിൽ അധിഷ്ഠിതമായ അത്തരം സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതാകട്ടെ സ്വാർഥതയും.
“ഈ സ്വാർഥത ഇല്ലാതാക്കാൻ ഒന്നിനും സാധിക്കില്ല” ലേഖനം തുടരുന്നു. “എവിടെനോക്കിയാലും നമ്മൾ കാണുന്ന, നിത്യജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിമാറിയിരിക്കുന്ന മനുഷ്യത്വമില്ലായ്മ ഇതിന്റെ ഫലമാണ്. കൂടാതെ, അഴിമതിയും. പല രാജ്യങ്ങളിലും അത് ഗവൺമെന്റ് തലത്തിൽ വരെ എത്തിയിരിക്കുന്നു. സ്വന്തം കാര്യം നടക്കണമെന്നും സ്വന്തം മോഹങ്ങൾ തൃപ്തിപ്പെടുത്തണമെന്നും മാത്രമേ ആളുകൾക്കു ചിന്തയുള്ളൂ.”
ഇന്നത്തെ അമേരിക്കക്കാർ ഒരു തലമുറ മുമ്പുണ്ടായിരുന്നവരെ അപേക്ഷിച്ച് പണത്തിനു കൂടുതൽ പ്രാമുഖ്യം നൽകുന്നതായി പ്രിൻസ്റ്റൺ സർവകലാശാലയിലെ സാമൂഹികവിദഗ്ധനായ റോബർട്ട് വൂത്നൗ സമഗ്രമായ ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തി. “ഏതു വിധേനയും പണം സമ്പാദിക്കാനുള്ള വ്യഗ്രതയിൽ മറ്റു മൂല്യങ്ങളുടെയൊക്കെ—മറ്റുള്ളവരോടുള്ള ബഹുമാനം, ജോലി കാര്യങ്ങളിലെ സത്യസന്ധത, സമൂഹത്തിനു നന്മ ചെയ്യൽ തുടങ്ങിയവ—സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നുവോ എന്ന് അനേകം അമേരിക്കക്കാരും ഭയപ്പെടുന്നതായി” ആ പഠനം വെളിപ്പെടുത്തി.
സമൂഹത്തിൽ അത്യാഗ്രഹം വർധിക്കുന്നതിന് ഇടയാക്കിയിരിക്കുന്ന മറ്റൊരു ഘടകമുണ്ട്. പല ബിസിനസ്സ് എക്സിക്യുട്ടീവുകളും തങ്ങൾക്കുതന്നെ വലിയ ശമ്പളവർധനവും ആകർഷകമായ പെൻഷൻ ആനുകൂല്യങ്ങളും ഒപ്പിച്ചെടുക്കുമ്പോൾ കീഴ്ജീവനക്കാർ ന്യായമായ ശമ്പളവർധനയേ ആവശ്യപ്പെടാവൂ എന്ന് നിർബന്ധം പിടിക്കുന്നു. “ബിസിനസ്സ് ലോകത്തിലെ വമ്പന്മാർ പണത്തിനു പിന്നാലെ നടത്തുന്ന ഈ പരക്കംപാച്ചിലിന്റെ ഒരു ദോഷവശം, അവരുടെ ഈ മനോഭാവം മറ്റുള്ളവരിലേക്കും പടർന്നുപിടിക്കുന്നു എന്നതാണ്. അങ്ങനെ, പൊതുവിൽ ആളുകളുടെ ധാർമിക നിലവാരങ്ങൾ താഴ്ന്നു പോകാൻ അവർ ഇടയാക്കുന്നു,” എന്ന് ധർമശാസ്ത്ര വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസറും ക്രിസ്ത്യൻ കൗൺസിൽ ഓഫ് സ്വീഡനിലെ ദൈവശാസ്ത്ര ഡയറക്ടറുമായ ചെൽ ഊവ് നിൽസൺ പറയുന്നു. “തീർച്ചയായും, ഇതു സാമൂഹിക തലത്തിലും വ്യക്തിഗത തലത്തിലും ധാർമിക മൂല്യങ്ങളുടെ വലിയൊരു അധഃപതനത്തിന് കാരണമായിരിക്കുന്നു.”
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സംസ്കാരം
20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ധാർമിക മൂല്യങ്ങൾ അതിവേഗം തകർന്നുവീഴാൻ ഇടയാക്കിയ മറ്റൊരു പ്രധാന ഘടകം മാധ്യമങ്ങൾ സൃഷ്ടിച്ച സംസ്കാരമാണ്. “ഇലക്ട്രോണിക് മാധ്യമ-സംസ്കാരത്തിന്റെ ശിൽപ്പികളായ ടെലിവിഷൻ പരിപാടികളുടെ നിർമാതാക്കൾ, ചലച്ചിത്ര വ്യവസായരംഗത്തെ പ്രമുഖന്മാർ, ഫാഷൻ ഡിസൈനർമാർ, ഗാങ്സ്റ്റാ സംഗീതജ്ഞർ തുടങ്ങി ആളുകളുടെ മനസ്സിനെ കീഴടക്കാൻ പ്രാപ്തിയുള്ള വ്യക്തികളാണ് ഇന്ന് ധാർമിക മൂല്യങ്ങൾക്ക് പുത്തൻ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്” എന്നു സെനറ്റർ ലീബർമാൻ പറയുന്നു. “കാറ്റിന്റെ ഇപ്പോഴത്തെ ഗതി നിശ്ചയിക്കുന്ന ഇവർക്ക് നമ്മുടെ സംസ്കാരത്തിന്മേലും, നമ്മുടെ കുട്ടികളുടെമേൽ പ്രത്യേകിച്ചും, അതിശക്തമായ ഒരു സ്വാധീനമുണ്ട്. ആളുകളിലേക്ക് തങ്ങൾ ദ്രോഹകരമായ മൂല്യങ്ങളാണു കടത്തിവിടുന്നത് എന്നത് അവർക്കൊരു വിഷയമേയല്ല.”
അതിന് ഒരു ഉദാഹരണമായി, കാനിബൽ കോർപ്സ് എന്ന ഒരു ഹെവി-മെറ്റൽ ട്രൂപ്പ് പുറത്തിറക്കിയ ഒരു റെക്കോർഡിനെ കുറിച്ച് ലീബർമാൻ പറയുകയുണ്ടായി. അതിൽ, കത്തികാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ടു നടത്തിയ ബലാത്സംഗത്തെ ഗായകർ സവിസ്തരം വർണിക്കുന്നുണ്ട്. താനും ഒരു സഹപ്രവർത്തകനും ചേർന്ന് റെക്കോർഡ് കമ്പനിയോട് ആ റെക്കോർഡ് പിൻവലിക്കാൻ അഭ്യർഥിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല എന്ന് ലീബർമാൻ പറയുന്നു.
അതുകൊണ്ട്, തങ്ങളുടെ കുട്ടികളെ ആർ വളർത്തണം, ആർ അവരെ സ്വാധീനിക്കണം എന്നീ കാര്യങ്ങൾ സംബന്ധിച്ച്, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾക്ക് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സംസ്കാരവുമായി ഒരു പൊരിഞ്ഞ മത്സരംതന്നെ നടത്തേണ്ട അവസ്ഥയാണ് ഇപ്പോൾ. പക്ഷേ, ഇക്കാര്യത്തിൽ ശ്രദ്ധയില്ലാത്ത മാതാപിതാക്കൾ ഉള്ള കുടുംബങ്ങളുടെ കാര്യമോ? ലീബർമാൻ പറയുന്നു: “അത്തരം സാഹചര്യങ്ങളിൽ, ധാർമിക നിലവാരങ്ങൾ വെക്കുന്നതിൽ [മാധ്യമ] സംസ്കാരത്തിന് യാതൊരു വെല്ലുവിളിയും നേരിടേണ്ടി വരുന്നില്ല. തെറ്റും ശരിയും സംബന്ധിച്ച് കുട്ടിക്കുള്ള ധാരണകളും ജീവിതത്തിലെ അവന്റെ മുൻഗണനകളുമെല്ലാം രൂപപ്പെടുത്തുന്നത് മുഖ്യമായും ടെലിവിഷൻ, സിനിമ, സിഡി പ്ലേയർ എന്നിവയിൽ നിന്ന് അവൻ കണ്ടും കേട്ടും പഠിക്കുന്ന കാര്യങ്ങൾ ആയിരിക്കും.” ഇപ്പോൾ ഈ പട്ടികയിലേക്ക് ഇന്റർനെറ്റും ചേർക്കാൻ കഴിയും.
വീണ്ടും “ഒരു ധാർമിക ശിലായുഗ”ത്തിലേക്ക്
ക്രിയാത്മകമല്ലാത്ത ഇത്തരം സ്വാധീനങ്ങൾക്ക് യുവജനങ്ങളുടെ മേലുള്ള ഫലമെന്താണ്? സമീപവർഷങ്ങളിൽ, കുട്ടികൾക്കും മുതിർന്നവർക്കും നേരെ ക്രൂരമായ അക്രമപ്രവർത്തനങ്ങൾ അഴിച്ചുവിടുന്ന കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും എണ്ണം വർധിച്ചിരിക്കുന്നു എന്നതാണ് ഒരു സംഗതി.
1998-ൽ, സ്വീഡനിൽ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നു. അഞ്ചും ഏഴും വയസ്സു വരുന്ന രണ്ട് ആൺകുട്ടികൾ നാലു വയസ്സുണ്ടായിരുന്ന അവരുടെ കളിക്കൂട്ടുകാരനെ ശ്വാസംമുട്ടിച്ചു കൊന്നു! പലരുടെയും ഉള്ളിൽ ഈ ചോദ്യം ഉയർന്നുവന്നു: അതിരു കടക്കുമ്പോൾ അരുത് എന്നു വിലക്കുന്ന ഒരു ആന്തരിക ബോധം കുട്ടികൾക്കില്ലേ? ഒരു ശിശുമനോരോഗ വിദഗ്ധ ശ്രദ്ധാർഹമായ ഈ അഭിപ്രായപ്രകടനം നടത്തി: “ഏതു പരിധിവരെ പോകാം എന്നതു പഠിച്ചെടുക്കേണ്ടതുകൂടിയാണ് . . . അത്, അവരുടെ മാതൃകാ പാത്രങ്ങൾ ആരൊക്കെയാണ് എന്നതിനെയും ചുറ്റുമുള്ള മുതിർന്നവരിൽ നിന്ന് അവർ എന്താണു പഠിച്ചെടുക്കുന്നത് എന്നതിനെയും . . . ആശ്രയിച്ചിരിക്കുന്നു.”
നമ്മുടേത് ധാർമികമായി അങ്ങേയറ്റം അധഃപതിച്ച ഒരു കാലഘട്ടമാണ് എന്നതിന് അടിവരയിടുന്ന മറ്റൊരു തെളിവാണ് അക്രമാസക്തരായ കുറ്റവാളികൾ. ഇന്ന് തടവിൽ കിടക്കുന്നവരിൽ 15-20 ശതമാനം പേർക്കും ഒരുതരം മാനസിക വൈകല്യമുണ്ട് എന്നു സ്വീഡനിലെ ഒരു മനോരോഗ പ്രൊഫസറായ സ്റ്റേൻ ലേവാൻഡർ പറയുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കൂടി കഴിയാത്ത, സമാനുഭാവത്തിന്റെ ഒരു കണിക പോലുമില്ലാത്ത, തെറ്റും ശരിയും എന്ന ആശയം മനസ്സിലാകാത്തവരോ മനസ്സിലാക്കാൻ ഇഷ്ടപ്പെടാത്തവരോ ആയ മനുഷ്യരാണ് അവർ. ഒരു കുഴപ്പവുമില്ലെന്നു തോന്നിക്കുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും കാര്യത്തിൽ പോലും ധാർമിക വിവേചനാശക്തി ക്ഷയിച്ചുവരുന്നത് നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. “നാം ഇപ്പോൾ ഒരു ധാർമിക ശിലായുഗത്തിലേക്കു മടങ്ങിവന്നിരിക്കുകയാണ്” എന്ന് തത്ത്വശാസ്ത്ര പ്രൊഫസറായ ക്രിസ്റ്റീന ഹോഫ് സോമ്മേഴ്സ് പറയുന്നു. ‘തെറ്റേത്, ശരിയേത്’ എന്നീ മട്ടിലുള്ള ഒരു ചോദ്യത്തെ അഭിമുഖീകരിക്കുമ്പോൾ, തന്റെ യുവ വിദ്യാർഥികളിൽ മിക്കവരും അതിനെക്കുറിച്ച് ഒട്ടും ഉറപ്പില്ലാത്ത വിധത്തിലാണു പ്രതികരിക്കുന്നത് എന്ന് അവർ പറയുന്നു. തെറ്റും ശരിയും എന്നൊരു സംഗതിയേ ഇല്ല എന്നാണ് അവരുടെ മറുപടി. ഓരോരുത്തർക്കും ഏറ്റവും നല്ലത് എന്തെന്നു തീരുമാനിക്കേണ്ടത് അവരവർ തന്നെയാണ് എന്നാണ് അവർ കരുതുന്നത്.
മനുഷ്യജീവനാണ് ഏറ്റവും ശ്രേഷ്ഠതയും മൂല്യവും ഉള്ളത് എന്ന തത്ത്വത്തോട് അടുത്തയിടെയായി തന്റെ വിദ്യാർഥികളിൽ പലരും വിയോജിപ്പു പ്രകടിപ്പിക്കുന്നു എന്നും ആ പ്രൊഫസർ പറയുന്നു. ഉദാഹരണത്തിന്, അപകടത്തിൽപ്പെട്ട ഓമനമൃഗത്തെയോ അപരിചിതനായ ഒരു സഹ മനുഷ്യനെയോ ഏതെങ്കിലും ഒന്നിനെ മാത്രം രക്ഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിൽ, ആരെ രക്ഷിക്കും എന്ന് ചോദിച്ചപ്പോൾ മിക്കവരും പറഞ്ഞത് തങ്ങൾ ഓമനമൃഗത്തെ രക്ഷിക്കും എന്നാണ്.
“ഇന്നത്തെ ചെറുപ്പക്കാർ ആരെയും വിശ്വസിക്കാത്തവരോ അറിവില്ലാത്തവരോ ക്രൂരരോ വഞ്ചകരോ ഒന്നും ആണെന്നല്ല ഇതിന്റെയർഥം,” പ്രൊഫസർ സോമ്മേഴ്സ് പറയുന്നു. “തെളിച്ചു പറഞ്ഞാൽ, തെറ്റും ശരിയും സംബന്ധിച്ച് അവർക്ക് യാതൊരു പിടിപാടുമില്ല എന്നതാണ് സംഗതി.” തെറ്റും ശരിയും എന്നൊന്ന് ഉണ്ടോ എന്നു തന്നെ ഇന്നത്തെ പല യുവജനങ്ങളും ചോദിക്കുന്നതായി ആ പ്രൊഫസർ പറയുന്നു. ഈ മനോഭാവമാണ് ഇന്ന് സമൂഹം അഭിമുഖീകരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ ഭീഷണികളിൽ ഒന്ന് എന്നാണ് അവരുടെ അഭിപ്രായം.
അതുകൊണ്ട്, ഇന്ന് ധാർമിക മൂല്യങ്ങൾ താറുമാറായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതിദാരുണമായ അനന്തരഫലങ്ങളാണ് മനുഷ്യവർഗത്തെ കാത്തിരിക്കുന്നത് എന്ന് അനേകർ ഭയപ്പെടുന്നു. നേരത്തെ പരാമർശിച്ച ഡി റ്റ്സൈറ്റിലെ ലേഖനം പറയുന്നത് “ഈ അടുത്തകാലത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥിതി തകർന്നുവീണതുപോലെ” ഇന്നുള്ള സ്വതന്ത്ര കമ്പോള സമ്പദ്വ്യവസ്ഥ “അധഃപതിച്ച് ഒരുനാൾ തകർന്നുവീണേക്കാം” എന്നാണ്.
ഇതെല്ലാം യഥാർഥത്തിൽ എന്താണു സൂചിപ്പിക്കുന്നത്? ഏതു തരത്തിലുള്ള ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത്?
[6, 7 പേജുകളിലെ ചിത്രം]
“ടെലിവിഷൻ പരിപാടികളുടെ നിർമാതാക്കൾ, ചലച്ചിത്ര വ്യവസായരംഗത്തെ പ്രമുഖന്മാർ,ഫാഷൻ ഡിസൈനർമാർ, ഗാങ്സ്റ്റാ സംഗീതജ്ഞർ തുടങ്ങിയവരാണ് . . . ഇന്ന് ധാർമിക മൂല്യങ്ങൾക്ക് പുത്തൻ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്”