പ്രാഗിലെ ഒരു അനന്യസാധാരണ ഘടികാരം
ചെക്ക് റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
കടന്നുപോകുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പരസ്പരം മത്സരിക്കുന്ന വഴിക്കച്ചവടക്കാർ. പൊട്ടിച്ചിരികളാലും പല ഭാഷക്കാരായ ആളുകളുടെ കലപില സംസാരത്താലും കാതുതുളയ്ക്കുന്ന സംഗീതത്താലും മുഖരിതമായ അന്തരീക്ഷം. എന്നാൽ നോക്കൂ! ജനക്കൂട്ടം നിശ്ശബ്ദമാകുകയാണല്ലോ. എല്ലാവരുടെയും കണ്ണുകൾ ടൗൺഹാളിന്റെ നേരെ തിരിയുകയാണ്. അതേ, അതിന്റെ മുൻവശത്തെ രണ്ടു നീല ജനലുകളിലേക്ക്. പെട്ടെന്ന് ജനലുകൾ തുറക്കപ്പെടുമ്പോൾ ക്രിസ്തുവിന്റെ 12 അപ്പൊസ്തലന്മാരെ പ്രതിനിധാനം ചെയ്യുന്ന രൂപങ്ങളുടെ ഘോഷയാത്ര ആരംഭിക്കുകയായി. ഒരു വലിയ താക്കോൽ പിടിച്ചുകൊണ്ടു കടന്നുവരുന്ന പത്രൊസാണ് ഏറ്റവും മുന്നിൽ. ഈരണ്ടുപേരായി ജനലിങ്കൽ വന്നുനിൽക്കുന്ന അവർ താഴെയുള്ള ജനാവലിയെ നിരീക്ഷിക്കുകയാണോ എന്നു തോന്നിപ്പോകും.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുള്ള പഴയ ടൗൺ ഹാളിന്റെ മുൻവശത്തെ ഭിത്തിയിലുള്ള ജ്യോതിശ്ശാസ്ത്ര ഘടികാരമാണ് ഇപ്പോൾ നമ്മുടെ മുന്നിൽ. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ കൃത്യം ഓരോ മണിക്കൂർ ഇടവിട്ട് ഘടികാരത്തിലെ ഈ അത്ഭുത മെക്കാനിസത്തിനു ജീവൻ വെക്കും. അപ്പൊസ്തലന്മാരെ കൂടാതെ ഘടികാരത്തിൽ ചലിക്കുന്ന മറ്റു രൂപങ്ങളുമുണ്ട്. പ്രാഗിലെ ആളുകൾ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന സംഗതികളെയാണ് ഇവ ചിത്രീകരിക്കുന്നത്. ഒരു വശത്ത് കൈയിലുള്ള പണസഞ്ചിയുടെ ഭാരം നോക്കുന്ന ഒരു പിശുക്കൻ നിൽക്കുന്നു. അതു ചിത്രീകരിക്കുന്നത് അത്യാഗ്രഹത്തെയാണ്. അതിനടുത്തുതന്നെയാണ് ദുരഭിമാനിയുടെ—കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി സ്വയം പ്രശംസിക്കുകയാണ് അയാൾ—സ്ഥാനം. ദുരഭിമാനിയും പിശുക്കനും അഭിമാനപൂർവം തലകുലുക്കിക്കൊണ്ടിരിക്കുന്നു. ഘടികാരത്തിന്റെ മറ്റേ വശത്ത് ഒരു അസ്ഥികൂടം—മരണം—നിൽക്കുന്നു. അത് ഒരു കൈകൊണ്ട് മണിയടിക്കുകയും മറ്റേ കൈകൊണ്ട് ഒരു മണൽഘടികാരം തിരിക്കുകയും ചെയ്യുന്നു. പല്ലിളിച്ചു നിൽക്കുന്ന ഈ അസ്ഥികൂടം ഇതിനിടയിൽ അതിന്റെ വായ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു. അതോടൊപ്പം അടുത്തു നിൽക്കുന്ന തുർക്കിയെ—പിടിച്ചടക്കലിനെ ചിത്രീകരിക്കുന്നു—തലയാട്ടി വിളിക്കുന്നുമുണ്ട്. അസ്ഥികൂടത്തോടൊപ്പം പോകാൻ വിസമ്മതിച്ചുകൊണ്ട് തുർക്കിയും തലയാട്ടുന്നു.
അസ്ഥികൂടം അവസാനത്തെ തവണ വായടയ്ക്കവെ അതിലേക്കു പറന്നുകയറിയ ഒരു കുരുവിയെ കുറിച്ചുള്ള ഒരു കഥയുണ്ട്. പാവം കുരുവി, പുറത്തു വരാൻ അതിന് ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു! ഈ യാന്ത്രിക അത്ഭുതം കണ്ട് ഇന്ന് കമ്പ്യൂട്ടർ യുഗത്തിൽ ജീവിക്കുന്നവർ കണ്ണുമിഴിക്കുന്നെങ്കിൽ പിന്നെ, നൂറുകണക്കിനു വർഷം മുമ്പ് ജീവിച്ചിരുന്നവരുടെ കാര്യം പറയാനുണ്ടോ.
അടുത്തുനിന്നുള്ള ഒരു വീക്ഷണം
സ്വാഭാവികമായും വിനോദസഞ്ചാരികളുടെ ശ്രദ്ധ ആദ്യംതന്നെ പോകുക ഘടികാരത്തിലെ ചലിക്കുന്ന ഈ രൂപങ്ങളിലേക്ക് ആയിരിക്കും. എന്നാൽ ഈ ഘടികാരം ആദ്യമായി സ്ഥാപിച്ച സമയത്ത് ഇവയൊന്നും ഇല്ലായിരുന്നു. പിന്നീടു പല നൂറ്റാണ്ടുകളിലായി കൂട്ടിച്ചേർത്തവയാണ് ഇവയെല്ലാം. ഈ ഘടികാരത്തിന്റെ ഏറ്റവും പുരാതനവും രൂപകൽപ്പനാ പാടവം ഏറെ പ്രകടവുമായിരിക്കുന്ന ഭാഗം അതിന്റെ ജ്യോതിശ്ശാസ്ത്ര ഡയൽ ആണ്. അതു നമ്മോട് എന്താണു പറയുന്നത്? ഒന്നാമത്, സമയം. ഡയലിന്റെ ഏറ്റവും പുറത്തെ കറുത്ത വളയത്തിൽ ഗോഥിക രീതിയിൽ 1 മുതൽ 24 വരെയുള്ള അക്കങ്ങൾ സ്വർണനിറത്തിൽ എഴുതിയിരിക്കുന്നതു കാണാം. സൂര്യാസ്തമയത്തിൽ ദിവസം ആരംഭിച്ച് 24 മണിക്കൂർ കണക്കാക്കുന്ന പഴയ ചെക്ക് രീതിയാണ് ഇതിൽ പിൻപറ്റുന്നത്. ഋതുക്കൾ മാറുന്നതനുസരിച്ച് 24-ാമത്തെ മണിക്കൂർ സൂര്യാസ്തമയവുമായി ഒത്തു വരത്തക്കവണ്ണം ഈ വളയം കറങ്ങിക്കൊണ്ടിരിക്കും. ഈ വളയത്തിനു തൊട്ടുചേർന്ന് റോമൻ അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഈ അക്കങ്ങൾ ദിവസത്തെ 12 മണിക്കൂർ അടങ്ങിയ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. മുകളിലത്തെ 12 മണി നട്ടുച്ചയെയും താഴത്തേത് അർധരാത്രിയെയുമാണു സൂചിപ്പിക്കുന്നത്. ഒരു സ്വർണ കൈയിലെ വിരലുകളാണ് സമയം കാണിക്കുന്നത്.
കൂടാതെ, ഈ ജ്യോതിശ്ശാസ്ത്ര ഡയലിൽ തങ്കനിറത്തിലുള്ള കറങ്ങുന്ന ഒരു വലിയ ഡിസ്കുണ്ട്. ഇത് സൂര്യന്റെ സഞ്ചാരപഥത്തെ കാണിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ കാണിക്കുന്ന ചെറിയൊരു ഗോളവും അതിൽ ഉണ്ട്. ഡിസ്കിനുള്ളിലായി കാണപ്പെടുന്ന ഒരു വളയം ഭൂമിക്കു ചുറ്റും കറങ്ങുന്നതായി തോന്നുന്ന നക്ഷത്രനിബിഡമായ ആകാശങ്ങളെ ചിത്രീകരിക്കുന്നു. ഇതിൽ നക്ഷത്രമണ്ഡലങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ഡയലിന്റെ മധ്യത്തിൽ ഭൂമി. അതിൽ അക്ഷാംശങ്ങളും രേഖാംശങ്ങളും ധ്രുവങ്ങളുമെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നു. ഭൂമിയുടെ ഒത്തനടുവിൽ പ്രാഗും. കൂടാതെ ഭൂമധ്യരേഖയെയും ഉത്തരായനരേഖയെയും ദക്ഷിണായനരേഖയെയും പ്രതിനിധീകരിക്കുന്ന മൂന്നു വൃത്തങ്ങളും ഡയലിലുണ്ട്. അങ്ങനെ വർഷത്തിലുടനീളം ഈ ഘടികാരത്തിന്റെ ഡയൽ ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ ആപേക്ഷിക സ്ഥാനങ്ങൾ കാണിക്കുന്നു. ജ്യോതിശ്ശാസ്ത്ര ഡയലിനു താഴെയായി കലണ്ടർ ഡിസ്ക് ഉണ്ട്. വർഷത്തിലെ ഓരോ മാസത്തെയും കുറിക്കാനായി ചില ചിത്രങ്ങൾ അതിൽ വരച്ചിരിക്കുന്നു. 365 കളങ്ങളായി ഭാഗിച്ചിരിക്കുന്ന കലണ്ടർ ഡിസ്ക് അധിവർഷത്തിലെ ഒരു ദിവസം ഒഴിച്ച് എല്ലാ ദിവസവും അർധരാത്രിയാകുമ്പോൾ ഒരു കളം മാറിക്കൊണ്ട് തീയതി കാണിക്കുന്നു
ഘടികാരത്തിന്റെ യന്ത്രസംവിധാനത്തിലുള്ള ചെറുതും വലുതുമായ ചക്രങ്ങളുടെ കൂട്ടം കണ്ടാൽ തലകറങ്ങിപ്പോകും. സങ്കീർണമായ ഈ ഘടികാരത്തിന്റെ മേൽനോട്ട ചുമതല ഒരു മെക്കാനിക്കിനെ ഏൽപ്പിച്ചിട്ടുണ്ട്. അയാൾ എല്ലാ ആഴ്ചയിലും ഘടികാരം സൂക്ഷ്മമായി പരിശോധിക്കുന്നു.
ജ്യോതിശ്ശാസ്ത്ര ഘടികാരത്തിന്റെ ചരിത്രം
പ്രാഗിലെ ഈ ഘടികാരവുമായി ബന്ധപ്പെട്ട് അനവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. അവയിലൊന്നു പറയുന്നത് ഒരു മാസ്റ്റർ ഹാനുഷാണ് അതുണ്ടാക്കിയത് എന്നാണ്. രൂപകൽപ്പനാ മികവും കലാഭംഗിയും ഒത്തിണങ്ങിയ ഈ ഘടികാരത്തിന്റെ മാതൃകയിൽ അദ്ദേഹം മറ്റിടങ്ങളിൽ ഘടികാരങ്ങൾ പണിതാൽ പ്രാഗിന്റെ പ്രശസ്തി നഷ്ടപ്പെട്ടുപോകുമെന്നു പട്ടണാധികാരികൾ ഭയന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ തക്കവണ്ണം മാസ്റ്റർ ഹാനുഷിനെ ആക്രമിക്കാനും അദ്ദേഹത്തിന്റെ കണ്ണുപൊട്ടിക്കാനുമായി അവർ വാടക ഗുണ്ടകളെ ഏർപ്പാടാക്കി. അർധപ്രാണനായ ഹാനുഷ് അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി ഘടികാരത്തിന്റെ യന്ത്രസംവിധാനം തകരാറിലാക്കിക്കൊണ്ട് അതു നശിപ്പിക്കുന്നതോടെ കഥ അവസാനിക്കുന്നു.
സന്തോഷകരമെന്നു പറയട്ടെ, ഇത് ഒരു കെട്ടുകഥ മാത്രമാണ്. എന്നാൽ ഹാനുഷ് എന്നൊരു ഘടികാര നിർമാതാവ് ജീവിച്ചിരുന്നു എന്നതു സത്യം തന്നെ. അനേകം വർഷം വിദഗ്ധർ വിചാരിച്ചിരുന്നത് 1475-97 കാലഘട്ടത്തിൽ പ്രാഗിൽ ജീവിച്ചിരുന്ന ഹാനുഷാണ് ഈ ജ്യോതിശ്ശാസ്ത്ര ഘടികാരത്തിന്റെ നിർമാതാവ് എന്നാണ്. എന്നാൽ അതിനു വളരെ മുമ്പുതന്നെ 1410-ൽ കാദാനിലെ മിക്കുലാഷ് എന്ന വ്യക്തിയാണ് യഥാർഥത്തിൽ ഈ ഘടികാരം നിർമിച്ചതെന്ന് അടുത്ത കാലത്തെ ഗവേഷണങ്ങൾ കാണിക്കുന്നു. ഹാനുഷ് 1490-ൽ ഇത് അഴിച്ചുപണിയുക മാത്രമാണുണ്ടായത്. 16-ാം നൂറ്റാണ്ടിനു ശേഷം അനേകം തവണ ഈ ഘടികാരം അഴിച്ചുപണിയുകയും നന്നാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ 1865-ൽ അഴിച്ചുപണിതതിൽ പിന്നെ അതിന്റെ മിക്ക ഭാഗങ്ങളും കുഴപ്പമൊന്നും കൂടാതെയിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിങ്കൽ പ്രാഗിൽനിന്നു പിൻവാങ്ങുന്നതിനു മുമ്പായി നാസിസേന പഴയ ടൗൺ ഹാളിനു തീവെച്ചു. അപ്പോൾ ഈ ഘടികാരത്തിനു വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. യുദ്ധാനന്തരം അതു പുതുക്കിപ്പണിയുന്നതു സംബന്ധിച്ച് രണ്ടു പ്രമുഖ അഭിപ്രായങ്ങൾ പൊന്തിവന്നു. ഒന്ന്, അതിന്റെ പഴയ രൂപത്തിലേക്ക് അതിനെ തിരിച്ചുകൊണ്ടുവരിക. രണ്ട്, അതിന്റെ പഴയ ഡയലും രൂപങ്ങളുമൊക്കെ മാറ്റി തികച്ചും വ്യത്യസ്തമായ കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന പുതിയ രൂപങ്ങളും ഡയലുകളും ഉണ്ടാക്കുക. പ്രാഗിൽ നിരീശ്വരവാദ ചിന്താഗതി ചുവടുറപ്പിച്ചു തുടങ്ങിയ കാലമായിരുന്നു അത്. അവിടത്തെ കമ്മ്യൂണിസ്റ്റ് അധികാരികൾക്ക് അപ്പൊസ്തലന്മാരുടെ രൂപങ്ങൾ ഒട്ടും രസിച്ചിരുന്നില്ല. എന്നാൽ പഴയ ഡിസൈൻ മാറ്റുന്നതിനു മുമ്പായി വിദഗ്ധരായ മൂന്ന് ഘടികാര നിർമാതാക്കൾ തങ്ങൾക്ക് അതിന്റെ കേടുപോക്കാൻ കഴിയുമെന്നു കാണിച്ചുകൊടുത്തു. അങ്ങനെ അവർ ഘടികാരം പൂർവസ്ഥിതിയിൽ ആക്കിയതിനാൽ നമുക്കിന്നും അതിൽ ആ പിശുക്കനെയും അസ്ഥികൂടത്തെയും തുർക്കിയെയും അപ്പൊസ്തലന്മാരെയുമൊക്കെ കാണാൻ കഴിയുന്നു. അല്ലെങ്കിൽ ആ സ്ഥാനത്ത് ഒരു മരയാശാരിയോ കല്ലാശാരിയോ തയ്യൽക്കാരനോ അലക്കുകാരിയോ ഒക്കെ വന്നേനെ.
അവസാനം കോഴി കൂകുന്നു
ജ്യോതിശ്ശാസ്ത്ര ഘടികാരത്തിലെ ഘോഷയാത്രയിൽ 12 അപ്പൊസ്തലന്മാരെ കാണുന്നുണ്ടെങ്കിലും ചില വിശദാംശങ്ങൾ യഥാർഥത്തിൽ ബൈബിളധിഷ്ഠിതമല്ല. ഈസ്കര്യോത്താ യൂദായ്ക്കും അല്ഫായുടെ മകനായ യാക്കോബിനും പകരം പൗലൊസും ബർന്നബാസുമാണ് ഘടികാരത്തിലുള്ളത്. എന്നാൽ ബൈബിളിൽ ഇവരെ രണ്ടുപേരെയും 12 അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. (പ്രവൃത്തികൾ 1:12-26) കൂടാതെ, ഓരോ അപ്പൊസ്തലന്റെയും ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവലയം ഉണ്ട്. ഒരു പുറജാതീയ പ്രതീകമായ ഇത് ആദിമ ക്രിസ്ത്യാനികൾ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല.
അവസാനത്തെ അപ്പൊസ്തലനും പ്രത്യക്ഷപ്പെട്ടു കഴിയുമ്പോൾ ജനലുകൾക്കു മുകളിലായി ഇരിക്കുന്ന സ്വർണ നിറത്തിലുള്ള കോഴി കൂകുന്നു. ഘടികാരമണി മുഴങ്ങുന്നു, ജനലുകൾ അടയുന്നു. അതോടെ ജനക്കൂട്ടം പിരിഞ്ഞു പോകുകയായി. നിങ്ങൾക്ക് ഇതെല്ലാം ഒരിക്കൽക്കൂടി കാണണമെന്നുണ്ടോ? എങ്കിൽ അതിനായി നമ്മൾ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വരും. അതുവരെയുള്ള സമയത്ത്, കഴിഞ്ഞ 600-ഓളം വർഷമായി പ്രാഗിലെ പഴയ ടൗൺ ഹാളിലേക്കു സന്ദർശകരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഈ ഘടികാരത്തിന്റെ ഡയൽ നമുക്കു സൂക്ഷ്മമായി പരിശോധിക്കാം.
[17-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ജ്യോതിശ്ശാസ്ത്ര ഡയൽ
സമയം, ഉച്ചയ്ക്ക് 12:57
സൂര്യാസ്തമയം, വൈകുന്നേരം 5:21-ന്
[18-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കലണ്ടർ ഡിസ്ക്
കാണിച്ചിരിക്കുന്ന തീയതി, ജനുവരി 1
[16-ാം പേജിലെ ചിത്രം]
ദുരഭിമാനിയും പിശുക്കനും
[17-ാം പേജിലെ ചിത്രം]
മരണവും തുർക്കിയും