സന്നദ്ധസേവകർ പ്രവർത്തനത്തിൽ
ബ്രസീലിലെ മധ്യവയസ്കയായ സിർലി എന്ന അധ്യാപിക എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് തന്റെ സ്വീകരണമുറി ഒരു പഠനമുറിയാക്കി മാറ്റുന്നു. ഏകദേശം രണ്ടു മണിയാകുമ്പോൾ അവരുടെ വിദ്യാർഥികളിൽ ഒരാളായ ആമേലിയ അവിടെ എത്തുന്നു. എല്ലാ ക്ലാസ്സിലും മുടങ്ങാതെ സംബന്ധിക്കുന്ന അവർക്ക് ഇപ്പോൾത്തന്നെ പല ഹൈസ്കൂൾ വിദ്യാർഥികളെക്കാളും നന്നായി വായിക്കാൻ കഴിയുന്നു. ആമേലിയയ്ക്ക് 82 വയസ്സുണ്ട്.
സ്വന്ത പട്ടണത്തിൽ സിർലി നടത്തുന്ന സൗജന്യ സാക്ഷരതാ ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കിയിട്ടുള്ള 60-ലധികം വയോജനങ്ങളുണ്ട്. അവരുടെ മാതൃക പിൻപറ്റിക്കൊണ്ടാണ് ആമേലിയ ഇവിടെ പഠിക്കുന്നത്. അടുത്ത കാലത്ത് സിർലിയുടെ സന്നദ്ധസേവന പ്രവർത്തനങ്ങളെ കുറിച്ച് ബ്രസീലിയൻ പത്രമായ ഷൂർണാൽ ദൂ സൂഡയെസ്റ്റ വിശദമായി റിപ്പോർട്ടു ചെയ്തു. അവർ “സമൂഹത്തിന് അതിമഹത്തായ സംഭാവന” ചെയ്തിരിക്കുന്നു എന്നു പറഞ്ഞശേഷം വയോജനങ്ങളെ പഠിപ്പിക്കാൻ സിർലി ഉപയോഗിക്കുന്ന രീതി വളരെ ഫലപ്രദമാണെന്നും തന്മൂലം “വെറും 120 മണിക്കൂർ നേരത്തെ പഠനംകൊണ്ട് അവർക്കു കത്തുകൾ എഴുതാനും പത്രം വായിക്കാനും അടിസ്ഥാന കണക്കുകൾ ചെയ്യാനും മറ്റ് അനുദിന കാര്യങ്ങൾ നിർവഹിക്കാനുമൊക്കെ സാധിക്കുന്നു” എന്നും ആ പത്രലേഖനം വ്യക്തമാക്കി. സിർലി ഉപയോഗിക്കുന്ന പാഠപുസ്തകം യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയ എഴുത്തും വായനയും പഠിക്കുക എന്ന ചെറുപുസ്തകമാണെന്നും ലേഖനം കൂട്ടിച്ചേർക്കുന്നു.a
നാണക്കേടിൽനിന്ന് ആത്മാഭിമാനത്തിലേക്ക്
എഴുത്തും വായനയും പഠിക്കുന്നതിനു മുമ്പ് തനിക്കു മറ്റുള്ളവരോടു സംസാരിക്കാൻ ലജ്ജ തോന്നിയിരുന്നുവെന്നു സിർലിയുടെ മറ്റൊരു വിദ്യാർഥിനിയായ 68 വയസ്സുകാരി ഡോണ ലൂസിയ പറയുന്നു. കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതു പോലും ബുദ്ധിമുട്ടായിരുന്നു. “ഇപ്പോൾ ഞാൻ മറ്റു പട്ടണങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾക്ക് കത്തെഴുതാറുണ്ട്, സ്വന്തമായി പണം കൈകാര്യം ചെയ്യാനും എനിക്കിപ്പോൾ കഴിയുന്നു. ബാക്കി പണം തരുമ്പോൾ ആർക്കും ഇപ്പോൾ എന്നെ കളിപ്പിക്കാൻ കഴിയാറില്ല,” പുഞ്ചിരിച്ചുകൊണ്ട് അവർ പറയുന്നു. ഒപ്പിടുന്നതിനു പകരം തന്റെ പെൻഷൻ ചെക്കിൽ, വിരലടയാളം പതിപ്പിക്കുമ്പോൾ തനിക്കു നാണക്കേട് തോന്നിയിരുന്നുവെന്ന് 68 വയസ്സുകാരി മാരിയ ഓർക്കുന്നു. “ഞാൻ ഒന്നിനും കൊള്ളാത്ത വ്യക്തിയാണെന്ന് എനിക്കു തോന്നിയിരുന്നു,” അവർ പറയുന്നു. സാക്ഷരതാ ക്ലാസ്സുകളുടെ ഫലമായി ഇപ്പോൾ സ്വന്തം ഒപ്പിടാൻ കഴിയുന്നതിൽ മാരിയയ്ക്കു വലിയ സന്തോഷമുണ്ട്.
സിർലിയുടെ സൗജന്യ വിദ്യാഭ്യാസ പരിപാടിയെ കുറിച്ച് ഇപ്പോൾ അവിടെ പഠിക്കുന്നവരും ഇതിനോടകം പഠനം പൂർത്തിയാക്കിയവരും പറഞ്ഞു കേട്ടതിന്റെ ഫലമായി അവിടെ പഠിക്കാൻ വരുന്നവരുടെ എണ്ണം കൂടിയിരിക്കുന്നതിനാൽ അവരുടെ സ്വീകരണമുറിയിലെ സ്ഥലം പോരാതെ വന്നിരിക്കുകയാണ്. താമസിയാതെ ആ ക്ലാസ്സ് കൂടുതൽ വിസ്താരമുള്ള ഒരു സ്ഥലത്തേക്കു മാറ്റും.
അവാർഡ് നേടിയ ഒരു പരിപാടി
സിർലി യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. സന്നദ്ധസേവനം എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിയെ കുറിച്ച് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ, സിർലിയുടെ വിജയകഥ അപൂർവമായ ഒന്നല്ല. ബ്രസീലിൽ എമ്പാടും നൂറുകണക്കിനു രാജ്യഹാളുകളിൽ സാക്ഷരതാ ക്ലാസ്സുകൾ നടത്തപ്പെടുന്നുണ്ട്. അവ ആ രാജ്യത്തെ 22,000-ത്തിലധികം പേരെ എഴുത്തും വായനയും പഠിക്കാൻ സഹായിച്ചിരിക്കുന്നു.
യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന സമാനമായ പരിപാടികൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വിജയം കൊയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ, സാക്ഷികളുടെ സാക്ഷരതാ പരിപാടി കൈവരിച്ചിരിക്കുന്ന ഫലങ്ങളിൽ അങ്ങേയറ്റം സന്തോഷം പ്രകടിപ്പിച്ച മുതിർന്നവർക്കായുള്ള സാക്ഷരതാ പരിപാടിയുടെ ദേശീയ ഓഫീസ് (വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു ഡിപ്പാർട്ടുമെന്റ്) ആ പരിപാടിയിൽ ഉൾപ്പെട്ട നാല് അധ്യാപകർക്ക് “മറ്റുള്ളവരെ വായിക്കാൻ പഠിപ്പിക്കുന്നതിൽ ചെയ്ത കഠിനവേല”യെ പ്രതി അവാർഡു നൽകി. എഴുത്തും വായനയും പഠിച്ചവരിൽ 75 ശതമാനവും സ്ത്രീകൾ ആയിരുന്നുവെന്നതിൽ ഗവൺമെന്റ് ഉദ്യോഗസ്ഥർ പ്രത്യേകിച്ചും സന്തോഷമുള്ളവർ ആണ്. സാധാരണഗതിയിൽ സ്ത്രീകൾ അത്തരം പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് പതിവ്.
മൊസാമ്പിക്കിൽ, സാക്ഷികളുടെ സാക്ഷരതാ ക്ലാസ്സുകളിൽ ഇപ്പോൾ 4,000 വിദ്യാർഥികൾ ഉണ്ട്. ഇവിടെ കഴിഞ്ഞ നാലു വർഷംകൊണ്ട് 5,000-ത്തിലധികം വിദ്യാർഥികളാണ് എഴുത്തും വായനയും പഠിച്ചത്. അവരിൽ ഒരു വിദ്യാർഥി എഴുതി: “ആത്മാർഥമായ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സ്കൂളിൽ സംബന്ധിച്ചതിന്റെ ഫലമായി എനിക്ക് ഇപ്പോൾ എഴുത്തും വായനയും അറിയാം.”
‘നാമമാത്രമല്ലാത്ത, പ്രായോഗികമായ’ ദുരിതാശ്വാസ സഹായം
ദുരിതാശ്വാസ സഹായം എത്തിക്കുന്നത് യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന സന്നദ്ധസേവനത്തിന്റെ മറ്റൊരു വശമാണ്. ഫ്രാൻസിലെ പാരീസിന് അടുത്തുള്ള ഒരു ഗോഡൗണിൽ കുറച്ചു കാലം മുമ്പ് സജീവമായ ഒരു പ്രവർത്തനം നടക്കുകയുണ്ടായി. കാർട്ടണുകളിൽ ഭക്ഷണവും വസ്ത്രവും മരുന്നും നിറയ്ക്കാൻ ഏതാണ്ട് 400 സന്നദ്ധസേവകർ തങ്ങളുടെ വാരാന്തം ചെലവഴിച്ചു. വാരാന്തം അവസാനിച്ചപ്പോഴേക്കും 4.5 കോടി രൂപയ്ക്കുള്ള ദുരിതാശ്വാസ സാധനങ്ങൾ അടങ്ങിയ ഒമ്പതു വലിയ കണ്ടെയ്നറുകൾ കയറ്റി അയയ്ക്കാൻ തയ്യാറായി കഴിഞ്ഞിരുന്നു. ഉടൻതന്നെ അവ യുദ്ധത്താൽ ശിഥിലമായ മധ്യാഫ്രിക്കൻ രാജ്യങ്ങളിൽ എത്തിച്ചു. അവിടെ സാക്ഷികളായ പ്രാദേശിക സന്നദ്ധസേവകർ അവ സത്വരം വിതരണം ചെയ്തു. ആ ദുരിതാശ്വാസ സാധനങ്ങളിൽ ഏറെയും സംഭാവന ചെയ്തതും സാക്ഷികൾതന്നെ ആയിരുന്നു.
യഹോവയുടെ സാക്ഷികളുടെ മാനവക്ഷേമ പ്രവർത്തനത്തെ പ്രകീർത്തിച്ചുകൊണ്ട് അത് വെറും “നാമമാത്രമല്ല, മറിച്ച് പ്രായോഗികമായ” ഒന്നാണെന്ന് കോംഗോയിലെ (കിൻഷാസ) ഒരു വർത്തമാനപത്രം പ്രസ്താവിച്ചു. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഈ പ്രവർത്തനത്തിനു തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ ഐക്യരാഷ്ട്ര ഹൈക്കമ്മീഷണറുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥ, സാക്ഷികൾ വളരെ ചിട്ടയോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അങ്ങേയറ്റം സന്തോഷം പ്രകടിപ്പിക്കുകയും ആ സന്നദ്ധസേവകരുടെ ഉപയോഗത്തിനായി തന്റെ വാഹനം വിട്ടുകൊടുക്കുകയും ചെയ്തു. ആ പ്രദേശത്തെ ആളുകളിലും അവരുടെ പ്രവർത്തനം വളരെ മതിപ്പുളവാക്കിയിട്ടുണ്ട്. സഹായം ആവശ്യമായിരുന്നവർക്കെല്ലാം ദുരിതാശ്വാസ സാധനങ്ങൾ എത്ര പെട്ടെന്നാണ് ലഭ്യമായത് എന്നു കണ്ടപ്പോൾ ചിലർ വിസ്മയത്തോടെ ചോദിച്ചു: “എല്ലാവരുടെയും അടുക്കൽ എത്താൻ കഴിയുമാറ് നിങ്ങൾ എങ്ങനെയാണു സംഘടിതമായിരിക്കുന്നത്?”
യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളും അവരുടെ സാക്ഷരതാ പരിപാടികളും സാക്ഷികൾ ദശാബ്ദങ്ങളായി ലോകത്തിനു ചുറ്റും നിർവഹിച്ചുപോന്നിട്ടുള്ള സേവനങ്ങളുടെ രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. എന്നിരുന്നാലും, നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന മറ്റൊരു തരം സന്നദ്ധസേവനത്തിലും അവർ ഏർപ്പെട്ടിരിക്കുന്നു. അടുത്ത ലേഖനത്തിൽ അതേക്കുറിച്ചു വായിക്കുക.(g01 7/22)
[അടിക്കുറിപ്പുകൾ]
a എഴുത്തും വായനയും പഠിക്കുക (6 ഭാഷകളിൽ ലഭ്യം) എന്ന ചെറുപുസ്തകവും കുറെക്കൂടെ അടുത്ത കാലത്തായി ഉപയോഗിക്കുന്ന എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (29 ഭാഷകളിൽ ലഭ്യം) എന്ന ചെറുപുസ്തകവും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചതാണ്. അതിന്റെ ഒരു സൗജന്യ പ്രതിക്കു നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാളുമായോ ഈ മാസികയുടെ പ്രസാധകരുമായോ ബന്ധപ്പെടുക.
[6, 7 പേജുകളിലെ ചതുരം/ചിത്രം]
പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്ന സന്നദ്ധസേവന രംഗം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള തന്റെ ബിസിനസ് യാത്രകളിൽ, ഇടയ്ക്ക് ഏതാനും മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ സന്നദ്ധസേവനത്തിൽ ഏർപ്പെടാൻ ജൂലി സമയം കണ്ടെത്തുന്നു. അടുത്തയിടെ തെക്കേ അമേരിക്കയിൽ ആയിരുന്നപ്പോൾ, ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള സമയം ചിലിയിലെ സാന്റിയാഗോയ്ക്ക് അടുത്തുള്ള ഒരു അനാഥാലയത്തിൽ സഹായിച്ചുകൊണ്ട് അവർ ചെലവഴിച്ചു. യാത്ര വ്യത്യസ്ത വിധങ്ങളിൽ സന്നദ്ധസേവനം ചെയ്യുന്നതിനുള്ള മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് ജൂലി പറയുന്നു.
ജൂലിയെ പോലെ സന്നദ്ധസേവനത്തിനായി തങ്ങളുടെ സമയം ചെലവിടുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുകയാണ്—എന്നാൽ അത് കുറഞ്ഞ അളവിൽ ആണെന്നു മാത്രം. “അതൊരു പുത്തൻ പ്രവണതയാണ്,” സന്നദ്ധസേവന പ്രവർത്തനത്തിന്റെ കണക്കുകൾ ശേഖരിക്കുന്ന ഒരു ഗവേഷണ വിഭാഗത്തിന്റെ പ്രസിഡന്റായ സാറാ മേലെൻഡെസ് പറയുന്നു. “ആളുകൾ സന്നദ്ധസേവനത്തിൽ ഏർപ്പെടുന്നു. പക്ഷേ, ക്രമമായ അടിസ്ഥാനത്തിലല്ലാതെ ഹ്രസ്വകാല പദ്ധതികളിൽ ആണെന്നു മാത്രം.” അനന്തരഫലമായി, സന്നദ്ധസേവന പദ്ധതികളുടെ സംഘാടകർ സന്നദ്ധസേവകരുടെ ക്ഷാമം മൂലം അസ്വസ്ഥരാണെന്നു മാത്രമല്ല, തങ്ങളുടെ പരിപാടികൾക്കു വേണ്ടത്ര ആളുകളെ കിട്ടാതെ പാടുപെടുകയുമാണ്.
“വഴക്കമുള്ള സന്നദ്ധസേവനം”
ഈ പുതിയ പ്രവണത, അതായത് സന്നദ്ധസേവനത്തിനു വളരെ കുറച്ചു സമയം മാത്രം മാറ്റിവെക്കുന്നത്, സന്നദ്ധസേവകരുടെ മനോഭാവത്തിലുള്ള ഒരു മാറ്റം നിമിത്തമാണെന്ന് ചില സംഘാടകർ കരുതുന്നു. “ദീർഘകാല സന്നദ്ധസേവനം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു,” സന്നദ്ധസേവന വിഭാഗങ്ങൾക്കായുള്ള ഒരു കൺസൾട്ടന്റായ സൂസൻ എലിസ് പറയുന്നു. “ആളുകൾ ഇന്നു പ്രതിബദ്ധത ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്നില്ല.” പത്രപ്രവർത്തകയായ ഐലിൻ ഡാസ്പൻ അതിനോടു യോജിക്കുന്നു. സന്നദ്ധസേവകരുടെ ക്ഷാമം സംബന്ധിച്ച് സന്നദ്ധസേവന സംഘങ്ങളുടെ നിരവധി ഡയറക്ടർമാരുമായി അഭിമുഖം നടത്തിയശേഷം, “സന്നദ്ധസേവന രംഗം ഇപ്പോൾ കടുത്ത പ്രതിബദ്ധതാ ഭയത്തിന്റെ പിടിയിലാണ്” എന്ന് അവർ അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും, കുറച്ചു സമയം മാത്രം സന്നദ്ധസേവനം ചെയ്യുന്നവർ അങ്ങനെ ചെയ്യുന്നതിന്റെ കാരണം അവർക്കു പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് സമയം ഇല്ലാത്തതുകൊണ്ടാണ് എന്ന് ഈ ലേഖന പരമ്പരയിൽ മുമ്പ് പരാമർശിച്ച ന്യൂയോർക്ക് കെയേഴ്സിന്റെ ഡയറക്ടറായ കാത്ലിൻ ബെയ്റെൻസ് വിചാരിക്കുന്നു. ആഴ്ചയിൽ 50 മണിക്കൂറിലധികം ജോലി ചെയ്യുന്നതോടൊപ്പം കുട്ടികളെയും വൃദ്ധ മാതാപിതാക്കളെയും പരിപാലിക്കുകയും ചെയ്യേണ്ടിവരുന്നവർക്കു പതിവായ അടിസ്ഥാനത്തിൽ സന്നദ്ധസേവനം നടത്താൻ സാധിക്കുകയില്ല. “എന്നിരുന്നാലും, ഇത്ര തിരക്കിനിടയിലും ഈ ആളുകൾ സാമൂഹിക സേവനത്തെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു എന്നതു കാണിക്കുന്നത് അവരുടെ പ്രതിബദ്ധത വാസ്തവത്തിൽ വളരെ തീവ്രമാണ് എന്നാണ്” എന്ന് അവർ പറയുന്നു.
അത്തരം സമയക്കുറവുള്ള സന്നദ്ധസേവകരെ സംബന്ധിച്ചിടത്തോളം “വഴക്കമുള്ള സന്നദ്ധസേവനം” ആണ് പരിഹാരമെന്നു ബെയ്റെൻസ് പറയുന്നു. ഇപ്പോൾ പല സന്നദ്ധസേവന സംഘടനകളും ഒരു ദിവസത്തേക്കു മാത്രമുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നു. “അർഥവത്തായ രീതിയിൽ സന്നദ്ധസേവനം നടത്താനും അതേസമയം പതിവായ അടിസ്ഥാനത്തിൽ അല്ലാതെ അതു ചെയ്യാനാവശ്യമായ വഴക്കം ഉണ്ടായിരിക്കാനും ഇത് ഇടയാക്കുന്നു.”
കൂടാതെ, കൂടുതൽ കൂടുതൽ ആളുകൾ വീട്ടിലെ തങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് വിവരങ്ങൾ രേഖപ്പെടുത്തുകയും ഗവേഷണം നടത്തുകയും ചെയ്തുകൊണ്ട് സന്നദ്ധസേവനത്തിൽ ഏർപ്പെടുന്നു. ‘വഴക്കമുള്ള സന്നദ്ധസേവനം’ എന്നു വിളിക്കപ്പെടുന്നതിൽ “ഇന്റർനെറ്റ് വഴിയുള്ള സന്നദ്ധസേവനം ഒരുപക്ഷേ ഏറ്റവും അസാധാരണവും ചിലർ പറയുന്നത് അനുസരിച്ച് ഏറ്റവും വിജയസാധ്യത ഉള്ളതും ആണ്” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ അഭിപ്രായപ്പെടുന്നു.
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
കോബെയിലെ രക്ഷാപ്രവർത്തനം!
ജപ്പാനിലെ സമ്പദ്സമൃദ്ധമായ തുറമുഖ നഗരമായ കോബെയിൽ 1995 ജനുവരിയിൽ ഉണ്ടായ ഭൂകമ്പം വിതച്ച നാശനഷ്ടങ്ങൾ അതിഭയങ്കരമായിരുന്നു. അതിൽ 5,000-ത്തിലധികം പേർ മരിച്ചു. 1923-ന് ശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വിനാശകമായ ഭൂകമ്പമായിരുന്നു അത്. ജപ്പാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ ദുരിതബാധിതരെ സഹായിക്കാൻ ഉടനടി പ്രവർത്തനം ആരംഭിച്ചു. ഒരു ദുരിതാശ്വാസ നിധി രൂപീകരിച്ചപ്പോൾ മൂന്നു പ്രവൃത്തി ദിവസങ്ങൾകൊണ്ട് പത്തു ലക്ഷത്തിലധികം ഡോളറാണു പിരിഞ്ഞുകിട്ടിയത്. എല്ലാ തരത്തിലുമുള്ള ദുരിതാശ്വാസ സാധനങ്ങൾ കോബെയിലേക്കു പ്രവഹിച്ചു.
ദുരിതാശ്വാസ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്ന ഒരു ക്രിസ്തീയ മൂപ്പൻ, തങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതിലുമധികം സാമഗ്രികൾകൊണ്ട് പെട്ടെന്നുതന്നെ തങ്ങളുടെ രാജ്യഹാൾ നിറഞ്ഞതായി കണ്ടെത്തി. അവയെല്ലാം എന്തു ചെയ്യുമായിരുന്നു? അവയിൽ കുറച്ച് സമീപത്തുള്ള ഒരു ആശുപത്രിക്കു സംഭാവനയായി കൊടുക്കുന്നതിന് അദ്ദേഹം നിർദേശിച്ചു. സാക്ഷികൾ ഒരു വാനിൽ സാധനങ്ങൾ നിറച്ച് നാശാവശിഷ്ടങ്ങൾക്കിടയിലൂടെ യാത്ര തുടങ്ങി. സാധാരണഗതിയിൽ ഏതാനും മിനിട്ടുകൾ മതിയാകുമായിരുന്ന ആ യാത്രയ്ക്ക് മണിക്കൂറുകൾ എടുത്തു. ആശുപത്രിയിൽ എത്തിയ അവർ ചുമതല വഹിക്കുന്ന ഡോക്ടർക്ക് ആ സാമഗ്രികൾ നൽകി. പുതപ്പുകൾ, കിടക്കകൾ, ഡയപ്പറുകൾ, പഴവർഗങ്ങൾ, മരുന്നുകൾ എന്നിവ അവയിൽ ഉൾപ്പെട്ടിരുന്നു. അതീവ സന്തോഷവാനായ ആ ഡോക്ടർ, സാക്ഷികൾ നൽകുന്ന എന്തും തങ്ങൾ കൃതജ്ഞതയോടെ സ്വീകരിക്കുമെന്നു പറഞ്ഞു. പ്രത്യേകിച്ചും പഴവർഗങ്ങൾ അങ്ങേയറ്റം സ്വാഗതം ചെയ്യപ്പെട്ടു. കാരണം, എല്ലാ രോഗികൾക്കും ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങൾ ആ ആശുപത്രിയിൽ ഇല്ലായിരുന്നു.
സാക്ഷികൾ വാനിൽനിന്നു സാമഗ്രികൾ ഇറക്കിയപ്പോൾ, ജോലിത്തിരക്ക് ഉണ്ടായിരുന്നിട്ടും അതു നിരീക്ഷിച്ചുകൊണ്ട് അദ്ദേഹം നിശ്ശബ്ദം അവിടെത്തന്നെ നിന്നു. എന്നിട്ട് ജാപ്പനീസ് രീതിയിൽ താഴ്മയോടെ കുനിഞ്ഞ് നന്ദി പ്രകാശിപ്പിച്ചു. സാക്ഷികൾ തിരികെ പോയപ്പോൾ, നന്ദിസൂചകമായി അദ്ദേഹം അവിടെത്തന്നെ നിന്നു. പിന്നീട് ആ ആശുപത്രിയിലെ അധികൃതർ സാക്ഷികളെ ചികിത്സിക്കുന്ന കാര്യത്തിൽ വളരെ സഹകരണ മനോഭാവം കാട്ടിയതായി നമ്മുടെ മൂപ്പൻ സഹോദരൻ പറയുകയുണ്ടായി.
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സന്നദ്ധസേവനം—പ്രയോജനകരമായ ഒരു പ്രവർത്തനം
ബുറുണ്ടിയിലെ ഒരു ചെറിയ പ്രദേശമാണ് കാബെസി. അവിടത്തെ ഒരു കൂട്ടം സന്നദ്ധസേവകർ യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ നിർമിക്കാൻ ആഗ്രഹിച്ചപ്പോൾ, അവിടത്തെ പ്രാദേശിക അധികാരി അസാധാരണമായ ഒരു ആവശ്യം ഉന്നയിച്ചു. ഹാൾ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തുകൂടി പോകുന്ന റോഡ് നന്നാക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. സാക്ഷികൾ സന്തോഷപൂർവം അതിനു സമ്മതിച്ചു. ആ ജോലികളെല്ലാം അവർ കൈകൊണ്ടാണു ചെയ്തത്. ആ സന്നദ്ധസേവകർ പ്രസ്തുത ജോലി വളരെ നന്നായി നിർവഹിച്ചപ്പോൾ പ്രാദേശിക ഉദ്യോഗസ്ഥർ അവരുടെ കഠിനാധ്വാനത്തോടും മനസ്സൊരുക്കത്തോടുമുള്ള തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിച്ചു. അതിനുശേഷം ആ സന്നദ്ധസേവകർ തങ്ങളുടെ രാജ്യഹാൾ നിർമിച്ചു. അതിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വരുംവർഷങ്ങളിൽ തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസത്തെ ഉന്നമിപ്പിക്കുന്നതിന് ഉതകുന്ന മനോഹരമായ ഒരു കെട്ടിടം ഇപ്പോൾ അവർക്കുണ്ട്. അതേ, വ്യത്യസ്ത തരം സന്നദ്ധസേവനങ്ങൾ ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നു.
[6, 7 പേജുകളിലെ ചിത്രങ്ങൾ]
മറ്റുള്ളവരെ വായന പഠിപ്പിക്കുന്നതിൽ സിർലി സംതൃപ്തി കണ്ടെത്തുന്നു
[കടപ്പാട്]
Nelson P. Duarte-Jornal do Sudoeste