ബാലചൂഷണത്തിന് ഉടൻ അന്ത്യം!
“ബാല്യകാലം പ്രത്യേക പരിചരണവും പിന്തുണയും അർഹിക്കുന്നുവെന്ന് ‘സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപന’ത്തിൽ ഐക്യരാഷ്ട്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന”തായി ബാലജന അവകാശ ഉടമ്പടിയുടെ ആമുഖം പറയുന്നു. കുടുംബത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒരു കുട്ടിയുടെ വ്യക്തിത്വം പൂർണമായും ക്രമീകൃതമായും വികസിക്കണമെങ്കിൽ അവനോ അവളോ, സന്തോഷവും സ്നേഹവും സഹാനുഭൂതിയും കളിയാടുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ വളരണം.” എന്നാൽ ഈ ആദർശം ഇനിയും യാഥാർഥ്യമായിട്ടില്ല.
കുട്ടികൾക്കായുള്ള ഒരു മെച്ചപ്പെട്ട ലോകത്തെ കുറിച്ചു വെറുതെ പറഞ്ഞതുകൊണ്ട് ആയില്ല. ഇന്ന് ധാർമിക അധഃപതനം വിപുലവ്യാപകമാണ്. പലരും ഇതിൽ ഒരു കുഴപ്പവും കാണുന്നുമില്ല. ആഗോളമായി പടർന്നിരിക്കുന്ന വഷളത്തം, അത്യാർത്തി എന്നിവ നിയമ നടപടികൾകൊണ്ടു നിയന്ത്രിക്കാൻ കഴിയുന്നതല്ല. മാതാപിതാക്കൾ പോലും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനും പകരം എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു പ്രവണതയാണു പലപ്പോഴും കണ്ടുവരുന്നത്. അങ്ങനെയെങ്കിൽ ബാലവേശ്യാവൃത്തിക്ക് അറുതി വരുമെന്നുള്ളതിന് നമുക്ക് എന്തു പ്രത്യാശയാണുള്ളത്?
സകല കുട്ടികൾക്കും സ്നേഹഭരിതമായ ഒരു കുടുംബാന്തരീക്ഷവും സുരക്ഷിതമായ ഒരു ഭാവിയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഈ ദുഷിച്ച വ്യവസ്ഥിതി പരാജയപ്പെട്ടിരിക്കുന്നെങ്കിലും പെട്ടെന്നുതന്നെ നമ്മുടെ സ്രഷ്ടാവ്, ബാലവേശ്യാവൃത്തി പോലുള്ള എല്ലാത്തരം വികടത്തരങ്ങളും ലൈംഗിക അരാജകത്വവും ഉന്മൂലനം ചെയ്യും. അതേ, പെട്ടെന്നുതന്നെ യഹോവയാം ദൈവം ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് തന്റെ രാജ്യം മുഖേന മനുഷ്യകാര്യാദികളിൽ ഇടപെടും. മറ്റുള്ളവരെ ദുഷിപ്പിക്കുന്നവരും ചൂഷണം ചെയ്യുന്നവരും ദിവ്യ ന്യായവിധിയിൽനിന്നു നിശ്ചയമായും രക്ഷപ്പെടില്ല. സഹമനുഷ്യരെ സ്നേഹിക്കുന്നവർ മാത്രം ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാനായി അതിജീവിക്കും. “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:21, 22.
സദാചാരച്യുതിയും ലൈംഗിക ദുഷ്പെരുമാറ്റവും ഇല്ലാത്ത ഒരു ലോകത്തു ജീവിക്കുന്നതു കുട്ടികൾക്കും മുതിർന്നവർക്കും എന്തൊരു ആശ്വാസമായിരിക്കും! ചൂഷണവും അതിക്രമവും ഏൽപ്പിച്ച ശാരീരികവും വൈകാരികവുമായ മുറിവുകൾ പോലും അപ്രത്യക്ഷമാകും. മുമ്പ് ലൈംഗിക ചൂഷണത്തിന് ഇരയായവർക്ക് അതിന്റെ അസഹ്യപ്പെടുത്തുന്ന ഓർമകളും അനന്തരഫലങ്ങളും ഇല്ലാതെ ജീവിക്കാനാകും. “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”—യെശയ്യാവു 65:17.
അന്ന് കുട്ടികളിലാർക്കും ദുഷ്പെരുമാറ്റവും ലൈംഗിക ദ്രോഹവും സഹിക്കേണ്ടിവരില്ല. സന്തോഷവും സ്നേഹവും സഹാനുഭൂതിയും അന്ന് ഒരു യാഥാർഥ്യമായി മാറും. ദൈവത്തിന്റെ പുതിയ ലോകത്തിലെ നിവാസികളെ കുറിച്ച് യെശയ്യാവു 11:9 ഇപ്രകാരം പറയുന്നു: “എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”
ദാരിദ്ര്യവും മയക്കുമരുന്നു ദുരുപയോഗവും അസന്തുഷ്ട കുടുംബങ്ങളും ധാർമിക അശുദ്ധിയും മേലാൽ ഇല്ലാത്ത ആ കാലം എത്ര സന്തുഷ്ടി നിറഞ്ഞതായിരിക്കും! എവിടെയും സമാധാനവും സുരക്ഷിതത്വവും നീതിയും കളിയാടും. “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.”—യെശയ്യാവു 32:18. (g03 2/08)
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മാതാപിതാക്കളുടെ പരിപാലനം കുടുംബത്തകർച്ചയെ തടയുന്നു
● “എന്റെ സ്കൂൾ വർഷങ്ങളിൽ നിന്നു പ്രയോജനം നേടാനും ഒരു തൊഴിൽ വൈദഗ്ധ്യം സമ്പാദിക്കാനും മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചു. അവരുടെ താത്പര്യങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാൻ അവർ ഒരിക്കലും ശ്രമിച്ചില്ല. എന്നാൽ എനിക്കാവശ്യമായ തൊഴിൽ ലഭിക്കാൻ എന്നെ സഹായിക്കുന്ന പാഠ്യപദ്ധതികളുള്ള സ്കൂളുകൾ തിരഞ്ഞെടുക്കാൻ അവർ എന്നെ സഹായിച്ചു.”—റ്റൈസ്.
● “എന്റെ സഹോദരിയും ഞാനും ഷോപ്പിങ്ങിനു പോയപ്പോൾ അമ്മയും കൂടെവന്നു. പണം സൂക്ഷിച്ചു ചെലവിടേണ്ടത് എങ്ങനെയാണെന്ന് അമ്മ ഞങ്ങൾക്കു പറഞ്ഞുതന്നു. കൂടാതെ, ആഡംബരപൂർണവും ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ ഒഴിവാക്കി അനുയോജ്യമായതു തിരഞ്ഞെടുക്കാനും അമ്മ ഞങ്ങളെ സഹായിച്ചു.”—ബ്യാങ്ക.
● “ഞങ്ങൾ പാർട്ടികൾക്കു പോയപ്പോഴൊക്കെ, ആരൊക്കെയാണ് പാർട്ടികളിൽ സംബന്ധിക്കുന്നത്, ഏതുതരം സംഗീതമായിരിക്കും അവിടെ ഉണ്ടായിരിക്കുക, പാർട്ടി എപ്പോൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യും എന്നൊക്കെ എന്റെ മാതാപിതാക്കൾ അന്വേഷിച്ചിരുന്നു. മിക്കപ്പോഴും ഞങ്ങൾ കുടുംബം ഒത്തൊരുമിച്ചാണു പാർട്ടികൾക്കു പോയിരുന്നത്.”—പ്രിസില.
● “എന്റെ കുട്ടിക്കാലത്തും കൗമാരത്തിലും, മാതാപിതാക്കളുമായി എല്ലായ്പോഴും എനിക്കു നല്ല ആശയവിനിമയം ഉണ്ടായിരുന്നു. എന്റെ ഒരു സഹപാഠി ഇതു ശ്രദ്ധിക്കാനിടയായി, അവൾ ഇങ്ങനെ പറഞ്ഞു: ‘മാതാപിതാക്കളോട് നീ എന്തിനെക്കുറിച്ചും യാതൊരു സങ്കോചവുമില്ലാതെ തുറന്നു സംസാരിക്കുന്ന രീതി കണ്ടിട്ട് എനിക്കു നിന്നോട് അസൂയ തോന്നുന്നു. എന്റെ അമ്മയോടുപോലും സംസാരിക്കാൻ എനിക്കു സ്വാതന്ത്ര്യം തോന്നുന്നില്ല. എനിക്കറിയേണ്ട കാര്യങ്ങൾ മിക്കപ്പോഴും മറ്റുള്ളവരിൽ നിന്നാണു ഞാൻ അറിയുന്നത്.’”—സാമാര.
● “കൗമാരപ്രായത്തിൽ ഞാൻ വളരെ സന്തുഷ്ടയായിരുന്നു. ആരിലും ഒരു കുറ്റവും ഞാൻ കണ്ടിരുന്നില്ല. ഞാൻ എപ്പോഴും ചിരിച്ചുല്ലസിച്ചു നടന്നു. കൂട്ടുകാരോടൊക്കെ ഞാൻ വളരെ തുറന്നിടപെട്ടിരുന്നു. അവരോടൊപ്പം ഓരോരോ നേരംപോക്കുകൾ പറഞ്ഞിരിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. മാതാപിതാക്കൾ എന്റെ വ്യക്തിത്വം ശരിക്കും മനസ്സിലാക്കി പ്രവർത്തിച്ചു. എന്റെ സ്വഭാവരീതിക്കു മാറ്റം വരുത്താനൊന്നും അവർ ശ്രമിച്ചില്ല. എന്നാൽ വിപരീത ലിംഗവർഗത്തിൽ പെട്ടവരുമായി സഹവസിക്കുമ്പോൾ ജാഗ്രതപാലിക്കണമെന്നും ഉചിതമായി പെരുമാറണമെന്നും മനസ്സിലാക്കാൻ അവർ ദയാപൂർവം എന്നെ സഹായിച്ചു.”—റ്റൈസ്.
● “മിക്ക യുവജനങ്ങളെയുംപോലെ ഞാനും വിപരീത ലിംഗവർഗത്തിൽ പെട്ടവരിൽ താത്പര്യം കാണിച്ചുതുടങ്ങി. എന്റെ പിതാവ് എനിക്കു കോർട്ടിങ് തുടങ്ങാൻ കഴിയുന്ന ഒരു നിശ്ചിത പ്രായപരിധി വെച്ചു. അതിൽ എനിക്ക് അനിഷ്ടം തോന്നിയില്ല. കാരണം മാതാപിതാക്കൾക്ക് എന്നെക്കുറിച്ചു കരുതലുണ്ടെന്നും അവർ എന്നെ ഭാവി ദോഷങ്ങളിൽ നിന്നു സംരക്ഷിക്കാൻ ആഗ്രഹിക്കുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു.”—ബ്യാങ്ക.
● “എന്റെ മാതാപിതാക്കളുടെ നല്ല മാതൃകയിൽ നിന്ന് വിവാഹം നല്ല ഒരു സംഗതിയാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു. അവർക്കിടയിൽ എല്ലായ്പോഴും നല്ല ബന്ധവും നല്ല ആശയവിനിമയവും ഉണ്ടായിരുന്നു. ഞാൻ ഡേറ്റിങ്ങിൽ ഏർപ്പെട്ടപ്പോൾ, ചില പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം, അത് എന്റെ ഭാവി വിവാഹജീവിതത്തെ എങ്ങനെ ബാധിക്കും എന്നെല്ലാം അമ്മ പറഞ്ഞുതന്നതു ഞാൻ ഓർക്കുന്നു.”—പ്രിസില.
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയലോകത്തിൽ കുട്ടികൾ ആരും ഒരിക്കലും ദുഷ്പെരുമാറ്റം സഹിക്കേണ്ടിവരില്ല