സദ്വാർത്ത പങ്കുവെക്കാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ
“സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന കൽപ്പന അനുസരിക്കാൻ ബാധ്യസ്ഥരാണു ക്രിസ്ത്യാനികൾ. എന്നുവെച്ച്, സമ്മർദം ചെലുത്തിയോ ബലം പ്രയോഗിച്ചോ ആരെയും ക്രിസ്ത്യാനിയാക്കാൻ പാടില്ല. ‘എളിയവരോടു സദ്വർത്തമാനം ഘോഷിക്കുന്നതും’ “ഹൃദയം തകർന്നവരെ മുറികെട്ടുന്നതും” “ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കുന്നതും” ആയിരുന്നു യേശുവിന്റെ നിയോഗത്തിൽ ഉൾപ്പെട്ടിരുന്നത്. (മത്തായി 28:20; യെശയ്യാവു 61:1, 2; ലൂക്കൊസ് 4:18, 19) ബൈബിളിൽനിന്നുള്ള സുവാർത്ത ആളുകളെ അറിയിച്ചുകൊണ്ട് അതുതന്നെ ചെയ്യാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. പുരാതന നാളിലെ യെഹെസ്കേൽ പ്രവാചകനെ പോലെ, “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരെ കണ്ടുപിടിക്കാൻ അവർ ശ്രമിക്കുന്നു.—യെഹെസ്കേൽ 9:4.
ഇന്നത്തെ ദുഷിച്ച അവസ്ഥകളെപ്രതി വേദനിക്കുന്നവരെ തേടിപ്പിടിക്കാൻ അവർ ഉപയോഗിക്കുന്ന ഏറ്റവും പ്രസിദ്ധമായ മാർഗം വീടുതോറുമുള്ള സാക്ഷീകരണമാണ്. അങ്ങനെ പൊതുജനങ്ങളുടെ അടുക്കലെത്താൻ അവർ ഒരു ക്രിയാത്മക ശ്രമം നടത്തുന്നു, ‘ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ട് പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച’ യേശുവിനെ പോലെതന്നെ. യേശുവിന്റെ ആദിമ ശിഷ്യന്മാരും ഇതേ രീതിയാണു പിന്തുടർന്നത്. (ലൂക്കൊസ് 8:1, ഓശാന ബൈ.; 9:1-6; 10:1-9) ഇന്ന് യഹോവയുടെ സാക്ഷികൾ, സാധ്യമാകുന്നിടത്തെല്ലാം, ആണ്ടിൽ പലതവണ ഓരോ വീട്ടിലുംചെന്ന് താത്പര്യമോ ഉത്കണ്ഠയോ ഉണർത്തുന്ന ലോകസംഭവങ്ങളെയോ പ്രാദേശിക സംഭവങ്ങളെയോ കുറിച്ച് ഒരൽപ്പസമയം വീട്ടുകാരുമായി ചർച്ച ചെയ്യാൻ ശ്രമിക്കുന്നു. വീട്ടുകാരുടെ പരിചിന്തനം അർഹിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തു ഭാഗങ്ങൾകൂടെ അവർ ശ്രദ്ധയിൽപ്പെടുത്തിയേക്കാം. വീട്ടുകാർ താത്പര്യം കാണിക്കുന്നെങ്കിൽ, കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സൗകര്യപ്രദമായ മറ്റൊരു സമയം ക്രമീകരിക്കുന്നു. അതുപോലെ ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വീട്ടുകാരനു നൽകുകയും ആഗ്രഹിക്കുന്നെങ്കിൽ വീട്ടിൽച്ചെന്ന് അവരെ സൗജന്യമായി ബൈബിൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമായി, ഒറ്റയ്ക്കും കുടുംബങ്ങളോടൊപ്പവും ഈ പ്രയോജനപ്രദമായ ബൈബിൾ പഠന പരിപാടി ക്രമമായി ഉപയോഗപ്പെടുത്തുന്നവരുടെ സംഖ്യ ദശലക്ഷങ്ങൾ വരും.
പ്രാദേശിക രാജ്യഹാളുകളിൽവെച്ചു നടത്തുന്ന യോഗങ്ങൾ മുഖേനയും അവർ “രാജ്യത്തിന്റെ സുവാർത്ത” മറ്റുള്ളവരെ അറിയിച്ചുവരുന്നു. ആഴ്ചതോറും യോഗങ്ങൾ നടത്തപ്പെടുന്നുണ്ട്. കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ആധാരമാക്കി നടത്തുന്ന പരസ്യപ്രസംഗമാണ് യോഗങ്ങളിൽ ഒന്ന്. അതേത്തുടർന്നു നടക്കുന്ന യോഗത്തിൽ, വീക്ഷാഗോപുരം മാസിക ഉപയോഗിച്ച് ഏതെങ്കിലും ബൈബിൾ വിഷയമോ പ്രവചനമോ പഠിക്കുന്നു. രാജ്യസുവാർത്ത ഫലപ്രദമായി ഘോഷിക്കുന്നതിനു സാക്ഷികളെ പരിശീലിപ്പിക്കാൻ വേണ്ടിയുള്ള ഒരു സ്കൂളാണ് മറ്റൊരു യോഗം. കൂടാതെ, പ്രാദേശിക സാക്ഷ്യവേലയെ കുറിച്ചു ചർച്ച ചെയ്യുന്ന ഒരു യോഗവുമുണ്ട്. ഇതിനെല്ലാം പുറമേ, ആഴ്ചയിൽ ഒരിക്കൽ ബൈബിൾ അധ്യയനങ്ങൾക്കുവേണ്ടി ചെറിയ ചെറിയ കൂട്ടങ്ങളായി അവർ സ്വകാര്യ ഭവനങ്ങളിൽ കൂടിവരാറുണ്ട്.
ഈ യോഗങ്ങളിലെല്ലാം പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. അവിടെ പണപ്പിരിവില്ല. ഇത്തരം യോഗങ്ങൾ എല്ലാവർക്കും പ്രയോജനപ്രദമാണ്. ബൈബിൾ പറയുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” വ്യക്തിപരമായി പഠിക്കുന്നതും ഗവേഷണം നടത്തുന്നതും പ്രധാനമാണ്. എങ്കിലും മറ്റുള്ളവരുമായുള്ള സഹവാസം നമുക്ക് ഏറെ പ്രചോദനം പകർന്നു തരുന്നു. “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.”—എബ്രായർ 10:24, 25; സദൃശവാക്യങ്ങൾ 27:17.
നിത്യജീവിതത്തിൽ മറ്റാളുകളുമായി ഇടപഴകുമ്പോൾ വീണുകിട്ടുന്ന അവസരങ്ങൾ തക്കത്തിൽ ഉപയോഗിച്ചുകൊണ്ടും യഹോവയുടെ സാക്ഷികൾ സുവാർത്ത പങ്കുവെക്കുന്നു. ബസ്സിലോ ട്രെയിനിലോ ഒരുമിച്ചു യാത്ര ചെയ്യുന്നവരുമായിട്ടോ ഒരു അയൽക്കാരനുമായിട്ടോ നടത്തുന്ന ഒരൽപ്പനേരത്തെ സംഭാഷണത്തിലൂടെയോ അല്ലെങ്കിൽ കുറച്ചുകൂടെ സമയമെടുത്ത് ഒരു ബന്ധുവുമായോ സുഹൃത്തുമായോ നടത്തുന്ന സംഭാഷണത്തിലൂടെയോ അതുമല്ലെങ്കിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ഒരു സഹപ്രവർത്തകനുമായി നടത്തുന്ന ചർച്ചയിലുടെയോ ഒക്കെ ആകാം ഇത്. ഭൂമിയിൽ ആയിരിക്കെ യേശു നടത്തിയ സാക്ഷീകരണവേല മിക്കവാറും ഇത്തരത്തിൽ ഉള്ളതായിരുന്നു. കടൽത്തീരത്തുകൂടെ നടക്കുമ്പോൾ, കുന്നിൻചെരുവിൽ ഇരിക്കുമ്പോൾ, ആരുടെയെങ്കിലും വീട്ടിൽ വിരുന്നിനു പോകുമ്പോൾ, വിവാഹ സത്കാരത്തിൽ പങ്കെടുക്കുമ്പോൾ, ഗലീലക്കടലിലൂടെ മത്സ്യബന്ധന ബോട്ടിൽ സഞ്ചരിക്കുമ്പോൾ ഒക്കെ അവൻ സാക്ഷീകരിച്ചു. സിനഗോഗുകളിലും യെരൂശലേമിലെ ആലയത്തിലും അവൻ പഠിപ്പിച്ചു. എവിടെപ്പോയാലും ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കാൻ അവൻ അവസരമുണ്ടാക്കി. ഇക്കാര്യത്തിലും അവന്റെ കാൽച്ചുവടു പിൻപറ്റാൻ യഹോവയുടെ സാക്ഷികൾ കഠിനമായി യത്നിക്കുന്നു.—1 പത്രൊസ് 2:21.
മാതൃകയിലൂടെ പ്രസംഗിക്കൽ
എന്നിരുന്നാലും, ഈ സുവാർത്ത നിങ്ങളെ അറിയിക്കുന്നവർ, പഠിപ്പിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ പരാജയപ്പെടുന്നെങ്കിൽ മുമ്പു സൂചിപ്പിച്ച രീതികളൊന്നും അർഥവത്തായിരിക്കുകയില്ല. ഒന്നു പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നതു കാപട്യമാണ്. മതപരമായ കാപട്യം ദശലക്ഷങ്ങളെ ബൈബിളിൽനിന്ന് അകറ്റിയിരിക്കുന്നു. എന്നാൽ, ബൈബിളിനെയല്ല വാസ്തവത്തിൽ കുറ്റപ്പെടുത്തേണ്ടത്. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പക്കൽ എബ്രായ തിരുവെഴുത്തുകൾ ഉണ്ടായിരുന്നു. പക്ഷേ യേശു അവരെ കപടഭക്തിക്കാരെന്നു കുറ്റംവിധിക്കുകയുണ്ടായി. മോശൈക ന്യായപ്രമാണത്തിൽനിന്ന് അവർ വായിക്കുന്നതിനെ കുറിച്ചു പറഞ്ഞശേഷം തന്റെ ശിഷ്യന്മാരോടായി യേശു പറഞ്ഞു: “ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” (മത്തായി 23:3) മണിക്കൂറുകളോളം പ്രസംഗിക്കുന്നതിനെക്കാൾ ആളുകളിൽ മതിപ്പുളവാക്കുന്നത് ഒരു ക്രിസ്ത്യാനിക്കു ചേരുന്ന വിധത്തിൽ ജീവിക്കുന്നതാണ്. അവിശ്വാസികളായ ഭർത്താക്കന്മാരുള്ള ക്രിസ്തീയ ഭാര്യമാരോട് ഇങ്ങനെ പറഞ്ഞിരിക്കുന്നതിൽനിന്ന് അതു വ്യക്തമാണ്: “ഒരു വാക്കു പോലും ഉരിയാടാതെ . . . അവരെ നേടാൻ കഴിയും. നിങ്ങളുടെ ആദരപൂർവവും നിർമലവുമായ പെരുമാറ്റം കണ്ടിട്ടാണ് ഇതു സാധിക്കേണ്ടത്.”—1 പത്രൊസ് 3:1, 2, ഓശാന ബൈ.
അതുകൊണ്ട് മറ്റുള്ളവരോട് ശുപാർശ ചെയ്യുന്ന ക്രിസ്തീയ നടത്തയിൽ സ്വയം നല്ല മാതൃക വെച്ചുകൊണ്ടും സുവാർത്ത സ്വീകാര്യക്ഷമമാക്കിത്തീർക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. ‘മറ്റുള്ളവർ തങ്ങൾക്കു ചെയ്യേണം എന്നു ഇച്ഛിക്കുന്നതു ഒക്കെയും അവർക്കും ചെയ്വാൻ’ അവർ ശ്രദ്ധിക്കുന്നു. (മത്തായി 7:12) സഹസാക്ഷികളോടും സുഹൃത്തുക്കളോടും അയൽക്കാരോടും ബന്ധുക്കളോടും മാത്രമല്ല എല്ലാവരോടും ഇതേ രീതിയിൽ പെരുമാറാൻ അവർ ശ്രമിക്കുന്നു. അപൂർണ മനുഷ്യരായതുകൊണ്ട് അവർക്കും തെറ്റുപറ്റാറുണ്ട്. എന്നിരുന്നാലും, രാജ്യത്തിന്റെ സുവിശേഷം അറിയിക്കുന്നതോടൊപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിച്ചുകൊണ്ടും അവർക്കു നന്മ ചെയ്യണമെന്ന് യഹോവയുടെ സാക്ഷികൾ ഹൃദയംഗമമായി ആഗ്രഹിക്കുന്നു.—യാക്കോബ് 2:14-17.
[19-ാം പേജിലെ ചിത്രം]
ഹവായ്
[19-ാം പേജിലെ ചിത്രം]
വെനെസ്വേല
[19-ാം പേജിലെ ചിത്രം]
യൂഗോസ്ലാവിയ
[20-ാം പേജിലെ ചിത്രം]
രാജ്യഹാളുകൾ ബൈബിൾ ചർച്ചകൾക്കുള്ള സ്ഥലങ്ങളാണ്, അവ അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു
[21-ാം പേജിലെ ചിത്രം]
കുടുംബ ജീവിതത്തിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും തങ്ങൾ പ്രസംഗിക്കുന്നതു ബാധകമാക്കാൻ യഹോവയുടെ സാക്ഷികൾ ആത്മാർഥമായി ശ്രമിക്കുന്നു