അധ്യായം 7
ജ്യോത്സ്യന്മാർ യേശുവിനെ സന്ദർശിക്കുന്നു
ഒരു ‘നക്ഷത്രത്തെ’ പിന്തുടർന്ന് ജ്യോത്സ്യന്മാർ ആദ്യം യരുശലേമിലേക്കും പിന്നെ യേശുവിന്റെ അടുത്തേക്കും പോകുന്നു
കിഴക്കുനിന്ന് ചില പുരുഷന്മാർ വരുന്നു. അവർ ജ്യോത്സ്യന്മാരാണ്. നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ആളുകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ അർഥം മനസ്സിലാക്കാനാകും എന്നാണ് അവരുടെ വാദം. (യശയ്യ 47:13) കിഴക്ക് വീട്ടിലായിരിക്കുമ്പോൾ അവർ ഒരു ‘നക്ഷത്രം’ കണ്ടു. അതിനെ പിന്തുടർന്ന് നൂറുകണക്കിനു കിലോമീറ്റർ യാത്ര ചെയ്ത് അവർ യരുശലേമിൽ എത്തുന്നു. ബേത്ത്ലെഹെമിലേക്കല്ല അവർ പോയത് എന്നോർക്കുക.
യരുശലേമിൽ എത്തിയ ജ്യോത്സ്യന്മാർ ചോദിക്കുന്നു: “ജൂതന്മാരുടെ രാജാവായി പിറന്നവൻ എവിടെയാണ്? കിഴക്കായിരുന്നപ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട് ഞങ്ങൾ അവനെ വണങ്ങാൻ വന്നതാണ്.”—മത്തായി 2:1, 2.
യരുശലേമിലെ ഹെരോദ് രാജാവ് ഇതെക്കുറിച്ച് കേൾക്കുമ്പോൾ ആകെ അസ്വസ്ഥനാകുന്നു. അതുകൊണ്ട് അദ്ദേഹം മുഖ്യപുരോഹിതന്മാരെയും മറ്റ് ജൂതമതനേതാക്കന്മാരെയും വിളിച്ച് ക്രിസ്തു ജനിക്കുന്നത് എവിടെയായിരിക്കും എന്ന് അന്വേഷിക്കുന്നു. തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി അവർ പറയുന്നു: “ബേത്ത്ലെഹെമിൽ.” (മത്തായി 2:5; മീഖ 5:2) ഇതു കേൾക്കുമ്പോൾ ഹെരോദ് ജ്യോത്സ്യന്മാരെ രഹസ്യമായി വിളിപ്പിച്ച് അവരോടു പറയുന്നു: “ചെന്ന് കുട്ടിയെ കണ്ടുപിടിക്കാൻ നല്ലൊരു അന്വേഷണം നടത്തുക. കണ്ടെത്തിയാൽ ഉടൻ വന്ന് എന്നെ അറിയിക്കണം. എനിക്കും ചെന്ന് അവനെ വണങ്ങാമല്ലോ.” (മത്തായി 2:8) എന്നാൽ കുഞ്ഞിനെ കൊല്ലുകയാണ് ഹെരോദിന്റെ ലക്ഷ്യം!
ജ്യോത്സ്യന്മാർ അവിടെനിന്ന് ഇറങ്ങുമ്പോൾ അതിശയകരമായ ഒരു കാര്യം നടക്കുന്നു. കിഴക്കുവെച്ച് അവർ കണ്ട ആ ‘നക്ഷത്രം’ അവർക്കു മുമ്പേ നീങ്ങുന്നു. അത് ഒരു സാധാരണ നക്ഷത്രമല്ലെന്ന് ഉറപ്പാണ്; അവരെ വഴിനയിക്കാൻവേണ്ടി മാത്രം ഒരുക്കിയ ഒന്നാണ് അത്. ജ്യോത്സ്യന്മാർ അതിനെ പിന്തുടർന്ന് യാത്ര തുടരുന്നു. ഒടുവിൽ അത് യോസേഫും മറിയയും കുട്ടിയും ഇപ്പോൾ താമസിക്കുന്ന വീടിനു മുകളിൽ ചെന്ന് നിൽക്കുന്നു.
ജ്യോത്സ്യന്മാർ വീടിന് അകത്ത് ചെല്ലുമ്പോൾ മറിയയെയും ഒപ്പം കുട്ടിയെയും കാണുന്നു. യേശുവിനെ കണ്ടിട്ട് അവർ കുമ്പിടുന്നു. സ്വർണവും കുന്തിരിക്കവും മീറയും സമ്മാനമായി കൊടുക്കുകയും ചെയ്യുന്നു. അതുകഴിഞ്ഞ് അവർ ഹെരോദിന്റെ അടുത്തേക്കു പോകാൻ തുടങ്ങുമ്പോൾ അങ്ങനെ ചെയ്യരുതെന്ന് ദൈവം സ്വപ്നത്തിൽ അവർക്കു മുന്നറിയിപ്പു കൊടുക്കുന്നു. അതുകൊണ്ട് അവർ മറ്റൊരു വഴിയേ സ്വന്തം ദേശത്തേക്കു മടങ്ങുന്നു.
ജ്യോത്സ്യന്മാർക്കു വഴി കാണിക്കാൻ ആ ‘നക്ഷത്രം’ ഒരുക്കിയത് ആരായിരിക്കും? അത് അവരെ ബേത്ത്ലെഹെമിലുള്ള യേശുവിന്റെ അടുത്തേക്ക് നേരിട്ട് നയിച്ചില്ലെന്ന് ഓർക്കുക. അത് അവരെ യരുശലേമിലേക്കാണു കൊണ്ടുപോയത്. അവിടെ അവർ യേശുവിനെ കൊല്ലാൻ ആഗ്രഹിച്ച ഹെരോദ് രാജാവിനെ കാണാൻ ഇടയായി. ദൈവം ഇടപെട്ട്, യേശു എവിടെയാണെന്ന കാര്യം ഹെരോദിനോടു പറയരുതെന്നു മുന്നറിയിപ്പു കൊടുത്തില്ലായിരുന്നെങ്കിൽ അദ്ദേഹം യേശുവിനെ കൊല്ലുമായിരുന്നു. ദൈവത്തിന്റെ ശത്രുവായ സാത്താനാണു വാസ്തവത്തിൽ യേശുവിനെ കൊല്ലിക്കാൻ നോക്കിയത്. അതിനുവേണ്ടി സാത്താൻ കണ്ടെത്തിയ മാർഗമായിരുന്നു ഇത്.