പാഠം 102
യോഹന്നാനുണ്ടായ വെളിപാട്
യോഹന്നാൻ അപ്പോസ്തലൻ പത്മൊസ് ദ്വീപിൽ ജയിലിലായിരുന്നപ്പോൾ യേശു, ഭാവിയെക്കുറിച്ചുള്ള 16 ദർശനങ്ങളുടെ അഥവാ ചിത്രങ്ങളുടെ ഒരു പരമ്പര കാണിച്ചുകൊടുത്തു. യഹോവയുടെ പേര് പരിശുദ്ധമാകുന്നതും ദൈവരാജ്യം വരുന്നതും ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിൽ നടപ്പിലാകുന്നതും എങ്ങനെയായിരിക്കുമെന്ന് ഈ ദർശനങ്ങൾ വെളിപ്പെടുത്തി.
സ്വർഗത്തിൽ മഹനീയമായ സിംഹാസനത്തിൽ യഹോവയെയും ചുറ്റും 24 മൂപ്പന്മാരെയും യോഹന്നാൻ ഒരു ദർശനത്തിൽ കാണുന്നു. വെള്ളവസ്ത്രം ധരിച്ച ആ മൂപ്പന്മാരുടെ തലയിൽ സ്വർണകിരീടമുണ്ട്. സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ഇടിമുഴക്കങ്ങളും വരുന്നുണ്ട്. 24 മൂപ്പന്മാർ കുമ്പിട്ട് യഹോവയെ ആരാധിക്കുന്നു. മറ്റൊരു ദർശനത്തിൽ എല്ലാ ജനതകളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള ഒരു മഹാപുരുഷാരം യഹോവയെ ആരാധിക്കുന്നതു യോഹന്നാൻ കാണുന്നു. കുഞ്ഞാടായ യേശു അവരെ മേയ്ക്കുകയും ജീവജലത്തിലേക്കു നയിക്കുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു ദർശനത്തിൽ യേശു 24 മൂപ്പന്മാരോടൊപ്പം സ്വർഗത്തിൽ രാജാവായി ഭരിക്കാൻ തുടങ്ങുന്നു. തുടർന്നുണ്ടായ ദർശനത്തിൽ യേശു ഒരു മഹാസർപ്പത്തോടും (അതായത് സാത്താനോടും) അവന്റെ ഭൂതങ്ങളോടും പടവെട്ടുന്നതു യോഹന്നാൻ കാണുന്നു. യേശു അവരെ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് എറിയുന്നു.
പിന്നെ കുഞ്ഞാടും 1,44,000 പേരും സീയോൻ മലയിൽ നിൽക്കുന്നതിന്റെ മനോഹരമായ ഒരു ദൃശ്യം യോഹന്നാൻ കാണുന്നു. ദൈവത്തെ ഭയപ്പെട്ട് ദൈവത്തിനു മഹത്ത്വം കൊടുക്കാൻ പറഞ്ഞുകൊണ്ട് ഒരു ദൈവദൂതൻ ഭൂമിക്കു ചുറ്റും പറക്കുന്നതും യോഹന്നാൻ കാണുന്നു.
അടുത്ത ദർശനത്തിൽ അർമഗെദോൻ യുദ്ധം നടക്കുന്നു. ആ യുദ്ധത്തിൽ യേശുവും യേശുവിന്റെ സൈന്യവും സാത്താന്റെ ദുഷ്ടവ്യവസ്ഥിതി കീഴടക്കുന്നു. അവസാനത്തെ ദർശനത്തിൽ യോഹന്നാൻ കാണുന്നതു സ്വർഗത്തിലും ഭൂമിയിലും തികഞ്ഞ ഐക്യം കളിയാടുന്നതാണ്. സാത്താനും അവന്റെ സന്തതിയും പൂർണമായി തകർക്കപ്പെടുന്നു. സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാവരും യഹോവയുടെ പേര് പരിശുദ്ധമായി കണക്കാക്കുന്നു. യഹോവയെ മാത്രമാണ് അവർ ആരാധിക്കുന്നത്.
“ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ ഉപ്പൂറ്റി ചതയ്ക്കും.”—ഉൽപത്തി 3:15