-
ദൈവത്തെ സ്നേഹിക്കാനാകുന്നില്ലേ?വീക്ഷാഗോപുരം: ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
-
-
മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവത്തെ സ്നേഹിക്കാനാകുന്നില്ലേ?
“‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’ ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന.”—യേശുക്രിസ്തു, എ.ഡി. 33a
ചില ആളുകൾക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നില്ല. ദൈവത്തെ മനസ്സിലാക്കാനാവില്ലെന്നോ ദൈവം നമ്മളിൽനിന്ന് അകന്നുനിൽക്കുന്നവനാണെന്നോ ക്രൂരനാണെന്നോ ഒക്കെയാണ് അവർക്ക് തോന്നുന്നത്. അവരിൽ ചിലർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം:
“സഹായത്തിനായി ഞാൻ ദൈവത്തോടു പ്രാർഥിക്കുമായിരുന്നു. പക്ഷേ അപ്പോഴും എനിക്ക് അടുക്കാൻ പറ്റാത്തത്ര ദൂരെയാണ് ദൈവമെന്നാണ് എനിക്കു തോന്നിയത്. ദൈവം വികാരങ്ങളുള്ള ഒരു വ്യക്തിയാണെന്ന് എനിക്കു തോന്നിയില്ല.”—മാർക്കോ, ഇറ്റലി.
“ദൈവത്തോട് അടുക്കാൻ ശരിക്കും ആഗ്രഹിച്ച ഒരാളാണ് ഞാൻ. പക്ഷേ ദൈവം എന്നിൽനിന്ന് വളരെ ദൂരെയാണെന്ന് എനിക്കു തോന്നി. ദൈവത്തിന് ഒട്ടും മനസ്സലിവില്ലെന്നും നമ്മളെ ശിക്ഷിക്കാൻ മാത്രം നോക്കിയിരിക്കുന്ന ഒരു കർക്കശക്കാരനാണ് ദൈവമെന്നും ആണ് ഞാൻ വിചാരിച്ചിരുന്നത്.”—റോസ, ഗ്വാട്ടിമാല.
“ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നത്, ദൈവം നമ്മുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് ശിക്ഷിക്കാനിരിക്കുന്ന ഒരാളാണ് എന്നാണ്. വലുതായപ്പോൾ എനിക്കു തോന്നി ദൈവം ഒരു പ്രധാനമന്ത്രിയെപ്പോലെയാണെന്ന്. അങ്ങ് അകലെയിരുന്ന് ജനങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുമെങ്കിലും അവരോട് ഒരു അടുപ്പമോ താത്പര്യമോ ഇല്ല.”—റെയ്മണ്ട്, കാനഡ.
നിങ്ങൾക്ക് എന്തു തോന്നുന്നു? സ്നേഹിക്കാൻ പറ്റാത്ത ആളാണോ ദൈവം? മതഭക്തരായ ആളുകൾപോലും കാലങ്ങളായി ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ക്രൈസ്തവസഭകളിലെ മിക്ക അംഗങ്ങളും ദൈവത്തോടു പ്രാർഥിക്കാൻപോലും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവർ പ്രാർഥിക്കാതിരുന്നത്? അവർക്ക് ദൈവത്തെ അത്രയ്ക്കും പേടിയായിരുന്നു. ചരിത്രകാരനായ വിൽ ഡ്യൂറന്റ് അതിനെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: “പാപിയായ ഒരു സാധാരണ മനുഷ്യന് അങ്ങ് അകലെയുള്ള ഭയങ്കരമായ സിംഹാസനത്തിലേക്ക് പ്രാർഥനയുമായി ചെല്ലാൻ എങ്ങനെ ധൈര്യം വരാനാണ്?”
“അങ്ങ് അകലെയുള്ള ഭയങ്കരമായ സിംഹാസനത്തിലിരിക്കുന്ന” ഒരാളായി ആളുകൾ ദൈവത്തെ കാണാൻ തുടങ്ങിയത് എങ്ങനെയാണ്? ബൈബിൾ ശരിക്കും ദൈവത്തെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? ദൈവത്തെക്കുറിച്ചുള്ള സത്യം അറിഞ്ഞാൽ നിങ്ങൾക്ക് ദൈവത്തെ സ്നേഹിക്കാനാകുമോ?
-
-
ദൈവത്തിന് ഒരു പേരില്ല എന്ന നുണവീക്ഷാഗോപുരം: ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
-
-
മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവത്തിന് ഒരു പേരില്ല എന്ന നുണ
കുറെ ആളുകൾ വിശ്വസിക്കുന്നത്
“ദൈവത്തിന് ഒരു പേരുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഞങ്ങൾക്ക് ഒരു യോജിപ്പിലെത്താൻ ആയിട്ടില്ല. ഇനി, ഒരു പേരുണ്ടെങ്കിൽത്തന്നെ അത് എന്താണെന്നും അറിയില്ല.”—പ്രൊഫസർ ഡേവിഡ് കണ്ണിങ്ഹാം, ദൈവശാസ്ത്ര പഠനങ്ങൾ.
ബൈബിൾ പറയുന്ന സത്യം
ദൈവം ഇങ്ങനെ പറയുന്നു: “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:8) യഹോവ എന്നത് ഒരു എബ്രായ പേരാണ്. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് അതിന്റെ അർഥം.—പുതിയലോക ഭാഷാന്തരം അനുബന്ധം എ4-ലെ ഖണ്ഡിക 11 കാണുക.
യഹോവ എന്ന പേര് നമ്മൾ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “തിരുനാമം വിളിച്ചപേക്ഷിക്കൂ, ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ! ദൈവത്തിന്റെ പേര് ഉയർന്നിരിക്കുന്നെന്നു പ്രഖ്യാപിക്കൂ.”—യശയ്യ 12:4.
യേശു ദൈവത്തിന്റെ പേര് ഉപയോഗിച്ചു. യഹോവയോടു പ്രാർഥിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര് ഇവരെ (യേശുവിന്റെ ശിഷ്യന്മാരെ) അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.” യേശു എന്തുകൊണ്ടാണ് ദൈവത്തിന്റെ പേര് ശിഷ്യന്മാരെ അറിയിച്ചത്? എന്തുകൊണ്ടാണെന്ന് യേശുതന്നെ പറഞ്ഞു: “അങ്ങ് (ദൈവം) എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”—യോഹന്നാൻ 17:26.
അതിന്റെ പ്രാധാന്യം
“ദൈവത്തിന്റെ പേര് അറിയില്ലാത്ത ഒരാൾക്ക് ദൈവത്തെ ഒരു വ്യക്തിയായി ശരിക്ക് അറിയില്ല. വ്യക്തിത്വ ഗുണങ്ങൾ ഇല്ലാത്ത വെറുമൊരു ശക്തിയായി മാത്രം ദൈവത്തെ കാണുന്ന ഒരാൾക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല” എന്ന് ദൈവശാസ്ത്രജ്ഞനായ വാൾട്ടർ ലോറി എഴുതി.
ദൈവത്തിന്റെ സ്വന്തം പേര് ഉപയോഗിക്കാതിരിക്കുകയോ പകരം വേറെ പേരുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ബൈബിളിൽനിന്ന് അത് വെട്ടിമാറ്റുന്നതുപോലെയാണ്
എല്ലാ ആഴ്ചയും പള്ളിയിൽ പോയിരുന്ന ആളാണ് വിക്ടർ. എന്നാൽ ദൈവം ആരാണെന്ന് അദ്ദേഹത്തിന് ശരിക്കും അറിയില്ലായിരുന്നു. വിക്ടർ പറയുന്നു: “അങ്ങനെയിരിക്കെയാണ് ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ഞാൻ അറിഞ്ഞത്. ദൈവത്തെ ആദ്യമായി പരിചയപ്പെടുന്നതുപോലെയായിരുന്നു അത്. ഒരുപാട് കേട്ടിട്ടുള്ള ഒരാളെ അവസാനം കണ്ടുമുട്ടിയതുപോലെ! ദൈവം ശരിക്കുമുള്ള ഒരു വ്യക്തിയാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ദൈവത്തെ ഒരു അടുത്ത സുഹൃത്തായി കാണാനും എനിക്കു കഴിയുന്നു.”
തന്റെ പേര് ഉപയോഗിക്കുന്നവരോട് യഹോവയും അടുത്തടുത്ത് വരും. “ദൈവനാമത്തെക്കുറിച്ച്” ചിന്തിക്കുന്നവരെപ്പറ്റി ദൈവം ഇങ്ങനെ പറയുന്നു: “അനുസരണമുള്ള മകനോട് അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട് അനുകമ്പ കാട്ടും.” (മലാഖി 3:16, 17) ദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്നവർക്ക് എന്ത് അനുഗ്രഹമാണ് കിട്ടാൻ പോകുന്നതെന്ന് അറിയാമോ? ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—റോമർ 10:13.
-
-
ദൈവത്തെ മനസ്സിലാക്കാനാകില്ല എന്ന നുണവീക്ഷാഗോപുരം: ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
-
-
മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവത്തെ മനസ്സിലാക്കാനാകില്ല എന്ന നുണ
കുറെ ആളുകൾ വിശ്വസിക്കുന്നത്
ക്രിസ്തുമതത്തിന്റെ “മൂന്നു പ്രധാനവിഭാഗങ്ങളായ റോമൻ കത്തോലിക്കാ സഭ, ഓർത്തഡോക്സ് സഭ, പ്രൊട്ടസ്റ്റന്റ് സഭ എന്നിവയെല്ലാം പഠിപ്പിക്കുന്നത് മൂന്നു വ്യക്തികൾ കൂടിച്ചേർന്നതാണ് ദൈവം എന്നാണ്: പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. ക്രിസ്തുമത വിശ്വാസമനുസരിച്ച് ഇവർ മൂന്നും വേറെ വേറെ ദൈവങ്ങളല്ല; മൂന്നും കൂടിച്ചേർന്ന ഒരു ദൈവമാണ്.”—പുതിയ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്)
ബൈബിൾ പറയുന്ന സത്യം
ദൈവപുത്രനായ യേശു താൻ പിതാവിനു തുല്യനാണെന്നോ പിതാവിനെപ്പോലെ ഒരു ദൈവമാണെന്നോ ഒരിക്കലും അവകാശപ്പെട്ടില്ല. പകരം, യേശു പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ പിതാവിന്റെ അടുത്ത് പോകുന്നത് ഓർത്ത് നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ് എന്നെക്കാൾ വലിയവനാണ്.” (യോഹന്നാൻ 14:28) തന്റെ അനുഗാമികളിൽ ഒരാളോട് യേശു ഇങ്ങനെയും പറഞ്ഞു: “ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു.”—യോഹന്നാൻ 20:17.
ഇനി, പരിശുദ്ധാത്മാവിന്റെ കാര്യമോ? പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല. കാരണം, ആദ്യകാലത്തെ ക്രിസ്ത്യാനികൾ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി” എന്നു ബൈബിൾ പറയുന്നു. കൂടാതെ, യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും.” (പ്രവൃത്തികൾ 2:1-4, 17) ഇതു കാണിക്കുന്നത് പരിശുദ്ധാത്മാവ് ത്രിത്വത്തിന്റെ ഭാഗമായ ഒരു ദൈവം അല്ലെന്നാണ്. അത് ദൈവത്തിന്റെ ശക്തിയാണ്, ദൈവം കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന ശക്തി.
അതിന്റെ പ്രാധാന്യം
ത്രിത്വം “മനസ്സിലാകണമെങ്കിൽ വെളിപാട് കിട്ടണം. ഇനി വെളിപാട് കിട്ടിയാൽപ്പോലും അത് പൂർണമായി മനസ്സിലാക്കാൻ കഴിയില്ല” എന്ന് കത്തോലിക്കാ പണ്ഡിതന്മാരായ കാൾ റെയ്നെയും ഹെർബെർട്ട് ഫോർഗ്രിംലയും പറയുന്നു. മനസ്സിലാക്കാൻ കഴിയാത്ത ഒരാളെ സ്നേഹിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ ദൈവത്തെ മനസ്സിലാക്കുന്നതിനും സ്നേഹിക്കുന്നതിനും തടസ്സമായി നിൽക്കുന്ന ഒരു പഠിപ്പിക്കലാണ് ത്രിത്വം.
നേരത്തെ പറഞ്ഞ മാർക്കോയ്ക്കും ദൈവത്തെ സ്നേഹിക്കുന്നതിന് തടസ്സമായത് ത്രിത്വമായിരുന്നു. മാർക്കോ പറയുന്നു: “ദൈവം താൻ ആരാണെന്ന കാര്യം എന്നിൽനിന്ന് മറച്ചുപിടിക്കുന്നതുപോലെ എനിക്കു തോന്നി. അത് എന്നെ ദൈവത്തിൽനിന്ന് പിന്നെയും അകറ്റി. ദൈവം മനസ്സിലാക്കാനും അടുക്കാനും പറ്റാത്തവനാണ് എന്ന എന്റെ തോന്നൽ ഒന്നുകൂടെ ശക്തമായി.” എന്നാൽ ബൈബിൾ പറയുന്നു: “ദൈവം ആശയക്കുഴപ്പത്തിന്റെ ദൈവമല്ല.” (1 കൊരിന്ത്യർ 14:33, ഈസി റ്റു റീഡ് ബൈബിൾ) ദൈവം താൻ ആരാണെന്ന കാര്യം നമ്മളിൽനിന്ന് മറച്ചുപിടിക്കുന്നില്ല. നമ്മൾ ദൈവത്തെ അറിയണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. “ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 4:22.
“ദൈവം ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്ന് അവസാനം ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ എനിക്കു കഴിഞ്ഞത്” എന്ന് മാർക്കോ പറയുന്നു. യഹോവയെ പിടികിട്ടാത്ത ആരോ ആയി കാണുന്നതിനു പകരം മനസ്സിലാക്കാൻ കഴിയുന്ന, ശരിക്കുമുള്ള ഒരു വ്യക്തിയായി കാണുന്നെങ്കിൽ യഹോവയെ സ്നേഹിക്കാൻ എളുപ്പമായിരിക്കും. ബൈബിൾ പറയുന്നു: “സ്നേഹിക്കാത്തവർ ദൈവത്തെ അറിഞ്ഞിട്ടില്ല; കാരണം ദൈവം സ്നേഹമാണ്.”—1 യോഹന്നാൻ 4:8.
-
-
ദൈവം ക്രൂരനാണ് എന്ന നുണവീക്ഷാഗോപുരം: ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
-
-
മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
ദൈവം ക്രൂരനാണ് എന്ന നുണ
കുറെ ആളുകൾ വിശ്വസിക്കുന്നത്
“കഠിനമായ പാപം ചെയ്യുന്ന ആളുകൾ മരിക്കുന്ന ഉടനെ അവരുടെ ആത്മാക്കൾ നരകത്തിലേക്ക് പോകുന്നു. അവിടെ അവർ നരകത്തിലെ ‘കെടാത്ത തീയിൽ’ ശിക്ഷ അനുഭവിക്കും.” [കത്തോലിക്കാസഭയുടെ കാറ്റിക്കിസം (ഇംഗ്ലീഷ്)] ചില മതനേതാക്കന്മാർ പറയുന്നത് നരകം എന്നത് ദൈവത്തിൽനിന്ന് പൂർണമായി വേർപെട്ട, ഒറ്റപ്പെട്ട ഒരു അവസ്ഥയാണ് എന്നാണ്.
ബൈബിൾ പറയുന്ന സത്യം
മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 9:5) മരിച്ചവർ ഒന്നും അറിയുന്നില്ലെങ്കിൽപ്പിന്നെ അവർ എങ്ങനെയാണ് നരകത്തിലെ ‘കെടാത്ത തീയിൽ’ കഠിനമായ ശിക്ഷകൾ അനുഭവിക്കുന്നത്, ദൈവത്തിൽനിന്ന് എന്നേക്കുമായി വേർപെട്ടതിന്റെ വേദന അറിയുന്നത്?
ചില ബൈബിളുകളിൽ ചിലയിടത്ത് “നരകം” എന്ന വാക്ക് കാണാം. എന്നാൽ അതിന്റെ സ്ഥാനത്ത് വരുന്ന എബ്രായ, ഗ്രീക്ക് വാക്കുകൾ പലപ്പോഴും അർഥമാക്കുന്നത് മനുഷ്യരുടെ ശവക്കുഴിയെയാണ്. ഒരു ഉദാഹരണം നോക്കാം. ഒരു രോഗം വന്ന് വേദന സഹിക്കാതായപ്പോൾ ഇയ്യോബ് ഇങ്ങനെ പ്രാർഥിച്ചു: “അങ്ങ് എന്നെ ശവക്കുഴിയിൽ [“നരകത്തിൽ,” ഡൂവേ ഭാഷാന്തരം (ഇംഗ്ലീഷ്)] മറച്ചുവെച്ചിരുന്നെങ്കിൽ!“ (ഇയ്യോബ് 14:13) ദുരിതങ്ങൾ അനുഭവിച്ച് തളർന്ന ഇയ്യോബ് ആശ്വാസത്തിനായി കൂടുതൽ ദുരിതങ്ങൾ നിറഞ്ഞ ഒരു സ്ഥലത്തേക്ക് തന്നെ അയയ്ക്കണേ എന്ന് ഒരിക്കലും പ്രാർഥിക്കില്ലല്ലോ? ദൈവത്തിൽനിന്ന് വേർപെട്ട് കഴിയാനും ഇയ്യോബ് ആഗ്രഹിക്കില്ല. അതുകൊണ്ട് ഇയ്യോബ് ആഗ്രഹിച്ചത് ശവക്കുഴിയിൽ വിശ്രമിക്കാനാണ്.
അതിന്റെ പ്രാധാന്യം
ക്രൂരത കാണിക്കുന്ന ഒരു ദൈവത്തോട് ആർക്കും ഇഷ്ടം തോന്നില്ല, വെറുപ്പേ തോന്നൂ. മെക്സിക്കോയിൽ താമസിക്കുന്ന റോസിയോ ഇങ്ങനെ പറയുന്നു: “തീനരകത്തെക്കുറിച്ച് വളരെ ചെറുപ്പം മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അത് ഓർക്കുമ്പോഴേ എനിക്ക് പേടിയായിരുന്നു. അങ്ങനെയൊക്കെ ചെയ്യുന്ന ദൈവം എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് ഞാൻ ചിന്തിച്ചു. എപ്പോഴും ദേഷ്യപ്പെട്ടിരിക്കുന്ന, തൊട്ടതിനും പിടിച്ചതിനും ഒക്കെ ശിക്ഷിക്കുന്ന ഒരാളായിരുന്നു എന്റെ മനസ്സിലെ ദൈവം.”
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും ദൈവത്തിന്റെ ന്യായവിധികളെക്കുറിച്ചും ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ദൈവത്തെക്കുറിച്ചുള്ള റോസിയോയുടെ തെറ്റിദ്ധാരണകളെല്ലാം മാറി. റോസിയോ പറയുന്നു: “മനസ്സിൽനിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെയാണ് എനിക്കു തോന്നിയത്. നമുക്ക് ഏറ്റവും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന, എനിക്ക് സ്നേഹിക്കാൻ കഴിയുന്ന ഒരാളാണ് ദൈവം എന്ന് എനിക്ക് ബോധ്യമായി. മക്കളെ കൈപിടിച്ച് നടത്തുന്ന സ്നേഹമുള്ള ഒരു അച്ഛനെപ്പോലെയാണ് ദൈവം.”—യശയ്യ 41:13.
ഒരുപാട് ആളുകൾ ദൈവഭക്തി കാണിക്കുന്നത് തീനരകത്തെ പേടിച്ചിട്ടാണ്. പക്ഷേ ശിക്ഷ പേടിച്ച് ആരും തന്നെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. പകരം യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ . . . സ്നേഹിക്കണം.” (മർക്കോസ് 12:29, 30) മാത്രമല്ല, ദൈവം ഇന്ന് അനീതി കാണിക്കുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ ദൈവത്തിന്റെ ഭാവിയിലെ ന്യായവിധികളും നീതിയുള്ളതായിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. ഇയ്യോബിന്റെ സുഹൃത്തായ എലീഹുവിനെപ്പോലെ നമുക്ക് ബോധ്യത്തോടെ ഇങ്ങനെ പറയാം: “ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്ന് ഉറപ്പാണ്; സർവശക്തൻ നീതി നിഷേധിക്കില്ലെന്നു തീർച്ചയാണ്.”—ഇയ്യോബ് 34:12.
-
-
സത്യം നിങ്ങളെ സ്വതന്ത്രരാക്കുംവീക്ഷാഗോപുരം: ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
-
-
മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
ഒരു ദിവസം യരുശലേമിൽവെച്ച് തന്റെ പിതാവായ യഹോവയെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് യേശു അന്നുണ്ടായിരുന്ന മതനേതാക്കന്മാരുടെ തെറ്റുകൾ തുറന്നുകാട്ടി. (യോഹന്നാൻ 8:12-30) ദൈവത്തെക്കുറിച്ച് ഇന്ന് ആളുകൾ പൊതുവെ വിശ്വസിക്കുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാൻ യേശു അന്ന് പറഞ്ഞ കാര്യങ്ങൾ നമ്മളെ സഹായിക്കും. യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32.
“എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുക.” മതപരമായ പഠിപ്പിക്കലുകൾ “സത്യം“ ആണോ എന്നു പരിശോധിക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് യേശു ഇവിടെ പറഞ്ഞുതരുകയായിരുന്നു. ദൈവത്തെക്കുറിച്ച് ഒരു കാര്യം കേൾക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക: ‘ഇത് യേശുവിന്റെ വാക്കുകളുമായും ബൈബിളിലെ മറ്റ് വാക്യങ്ങളുമായും ചേരുന്നുണ്ടോ?’ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ കേൾക്കുകയും “കേട്ട കാര്യങ്ങൾ അങ്ങനെതന്നെയാണോ എന്ന് ഉറപ്പാക്കാൻ ദിവസവും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും” ചെയ്തവരെപ്പോലെയാകണം നമ്മളും.—പ്രവൃത്തികൾ 17:11.
ഈ പരമ്പരയുടെ ആദ്യ ലേഖനത്തിൽ കണ്ട മാർക്കോയും റോസയും റെയ്മണ്ടും അവരുടെ വിശ്വാസങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിച്ചു. ഇപ്പോൾ അവർക്ക് എന്താണ് തോന്നുന്നത്?
മാർക്കോ: “ഞാനും ഭാര്യയും ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിളിൽനിന്ന് ഉത്തരം തന്നു. ഞങ്ങൾ യഹോവയെ സ്നേഹിക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാഹജീവിതവും കൂടുതൽ സന്തോഷം നിറഞ്ഞതായി.”
റോസ: “മനുഷ്യന്റെ ചിന്തകൾവെച്ച് ദൈവം ആരാണെന്ന് വിശദീകരിക്കുന്ന ഒരു പുസ്തകം, അത്രമാത്രം ആയിരുന്നു ബൈബിളിനെക്കുറിച്ച് എനിക്ക് ആദ്യം ഉണ്ടായിരുന്ന ധാരണ. എന്നാൽ പതുക്കെപ്പതുക്കെ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽനിന്ന് എനിക്ക് കിട്ടി. എനിക്ക് ആശ്രയിക്കാൻ കഴിയുന്ന ശരിക്കുമുള്ള ഒരു വ്യക്തിയാണ് യഹോവ എന്ന് എനിക്ക് ഇപ്പോൾ അറിയാം.”
റെയ്മണ്ട്: “ദൈവത്തെ മനസ്സിലാക്കാൻ എന്നെ സഹായിക്കണേ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. അധികം താമസിയാതെ ഞാനും ഭർത്താവും ബൈബിൾ പഠിക്കാൻ തുടങ്ങി. അങ്ങനെ അവസാനം ഞങ്ങൾ യഹോവയെക്കുറിച്ചുള്ള സത്യം കണ്ടെത്തി. ദൈവം ശരിക്കും ആരാണെന്ന് മനസ്സിലായപ്പോൾ ഞങ്ങൾക്ക് സന്തോഷം അടക്കാനായില്ല.”
ദൈവത്തെക്കുറിച്ചുള്ള നുണകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പുസ്തകം മാത്രമല്ല ബൈബിൾ. ദൈവത്തിന്റെ നല്ലനല്ല ഗുണങ്ങളെക്കുറിച്ചുള്ള സത്യവും അതിലുണ്ട്. ബൈബിൾ ദൈവത്തിന്റെ വചനമാണ്. “ദൈവം നമുക്ക് കനിഞ്ഞുതന്നിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ” അതു നമ്മളെ സഹായിക്കും. (1 കൊരിന്ത്യർ 2:12) ദൈവം ആരാണ്? ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? നമ്മുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? അതു വായിച്ച് മനസ്സിലാക്കാൻ www.jw.org എന്ന വെബ്സൈറ്റിലെ “ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്നതിനു കീഴിൽ നോക്കുക. ഇനി, ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആ വെബ്സൈറ്റിൽത്തന്നെ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ, യഹോവയുടെ സാക്ഷികളിൽ ഒരാളോട് നേരിട്ട് ആവശ്യപ്പെടാം. അങ്ങനെ ചെയ്യുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ദൈവത്തെ സ്നേഹിക്കാൻ നിങ്ങൾ വിചാരിച്ചതിനെക്കാളൊക്കെ എത്ര എളുപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കും.
-