ബൈബിൾ വിശേഷാശയങ്ങൾ സങ്കീർത്തനങ്ങൾ 73-106
“യഹോവയെ പുകഴ്ത്തുക”—എന്തുകൊണ്ട്?
യഹോവ നമുക്കുവേണ്ടി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഇനിയും ചെയ്യാനിരിക്കുന്നതും ആയ എല്ലാററിനെയും സംബന്ധിച്ച് ചിന്തിക്കുമ്പോൾ നമ്മിൽ ആർക്ക് കൃതഘ്നരായിരിക്കാൻ കഴിയും? നിശ്ചയമായും നമ്മുടെ ദൈവത്തെ പുകഴ്ത്താൻ നമ്മുടെ ഹൃദയം നമ്മെ പ്രേരിപ്പിക്കണം. സങ്കീർത്തനങ്ങൾ മൂന്നും നാലും പുസ്തകങ്ങളിൽ നാം യഹോവയെ പുകഴ്ത്തുന്നതിന് അത്യന്തമായ കാരണങ്ങൾ ഉണ്ടെന്ന് നന്നായി ഊന്നിപ്പറഞ്ഞിരിക്കുന്നു. നാം സങ്കീർത്തനങ്ങൾ 73-106 പരിചിന്തിക്കുമ്പോൾ ‘എനിക്ക് യഹോവയെ പുകഴ്ത്തുന്നതിന് വ്യക്തിപരമായ എന്തു കാരണങ്ങൾ ഉണ്ട്?’ എന്ന് സ്വയം ചോദിക്കുക.
ദുഷ്ടൻമാരോട് അസൂയ തോന്നരുത്
ദയവായി സങ്കീർത്തനങ്ങൾ 73-77 വായിക്കുക. ഇവയുടെ എഴുത്തുകാരൻ ആസാഫ് ആണെന്നു പറയപ്പെട്ടിരിക്കുന്നു, തെളിവനുസരിച്ച് അവന്റെ പുത്രൻമാരും. ആസാഫ് സുബോധത്തിലേക്ക് മടങ്ങി വന്നതുവരെ തന്റെ ശത്രുക്കളോട് അസൂയപ്പെട്ടു എന്ന് കുററസമ്മതം ചെയ്യുന്നു. (സങ്കീർത്തനം 73) പിന്നീട് യെരൂശലേമിന്റെ നാശത്തെക്കുറിച്ച് വിലപിക്കുന്നു. (സങ്കീർത്തനം 74) അടുത്തതായി “ഭയജനകനായ” ദൈവത്തിന് നന്ദിവാദുകൾ നൽകുന്നു. തുടർന്ന് തന്റെ ക്ലേശിതരായ ജനത്തെ ഓർക്കണമേ എന്ന് “മഹാദൈവ”ത്തോടുള്ള ഒരു പ്രാർത്ഥന വരുന്നു.—സങ്കീർത്തനങ്ങൾ 75-77.
◆ 73:24—യഹോവ സങ്കീർത്തനക്കാരനെ ഏതു “മഹത്വ”ത്തിലേക്കു എടുത്തു?
സങ്കീർത്തനക്കാരൻ ‘ദൈവത്തോടു അടുത്തു ചെല്ലുന്നതായിരുന്നു തനിക്കു നല്ലത്’ എന്ന് വിലമതിക്കാനിടയായതുവരെ ദുഷ്ടൻമാർ നീതിമാൻമാരെക്കാൾ മെച്ചമായി കഴിഞ്ഞിരുന്നു എന്നു അവൻ വിചാരിച്ചു. (സങ്കീർത്തനം 73:2-12, 28) തന്നെ നയിക്കുന്നതിന് ദൈവത്തിന്റെ “ബുദ്ധിയുപദേശത്തെ” അനുവദിച്ചതിനാൽ തനിക്ക് “മഹത്വം” അതായത് യഹോവയുടെ ആനുകൂല്യം, അവനോടുള്ള ഒരു അനുഗൃഹീത ബന്ധം ലഭിക്കുന്നതിന് ഇടയാക്കി.
◆ 76:6—“തേരാളിയും കുതിരയും” ‘നിദ്രയിലായ’തെങ്ങനെ?
യിസ്രായേല്യരെ കുതിരകളിലും രഥങ്ങളിലും ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആസ്രയിക്കുന്നതിന് പഠിപ്പിച്ചിരുന്നു. (സങ്കീർത്തനം 20:7; സദൃശവാക്യങ്ങൾ 21:31) അവർക്ക് തങ്ങളുടെ ശത്രുക്കളുടെ കുതിരകളെയും അരിവാൾ ഘടിപ്പിച്ച രഥങ്ങളെയും ഭയപ്പെടുന്നതിനു കാരണമില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ യഹോവയ്ക്കു അവരുടെ ശത്രുക്കളെ അശക്തരാക്കുന്നതിന്, അവരെ ‘നിദ്രയിലാക്കുന്നതിന്’ കഴിയുമായിരുന്നു. ഇവിടത്തെ പരാമർശം “അനിശ്ചിതമായി നിലനിൽക്കുന്ന നിദ്ര”യാണ്—മരണം തന്നെ. (യിരെമ്യാവു 51:39) ഇത് ഇന്ന് തങ്ങളുടെ ആയുധങ്ങളിൽ ആശ്രയിക്കുന്ന ലോക നേതാക്കൻമാർക്ക് ഒരു മുന്നറിയിപ്പായിരിക്കണം.—സങ്കീർത്തനം 76:12.
നമുക്കുവേണ്ടിയുള്ള പാഠം: “നിങ്ങളുടെ കൊമ്പ് ഉയർത്തരുത്” എന്ന് പറഞ്ഞുകൊണ്ട് സങ്കീർത്തനം 75 അഹങ്കാരത്തിനെതിരെ ഒരു മുന്നറിയിപ്പ് ഉൾപ്പെടുത്തുന്നു. (വാക്യം 5) കൊമ്പ് ശക്തിയുടെ, ബലത്തിന്റെ ഒരു ചിഹ്നമായിരുന്നു. (ആവർത്തനം 33:17) ഒരുവന്റെ കൊമ്പ് ഉയർത്തുന്നത് അഹങ്കാരത്തോടെ പെരുമാറാനായിരുന്നു. സങ്കീർത്തനക്കാരൻ ഇവിടെ ദുഷ്ടൻമാർ തങ്ങളുടെ ശക്തമായ സ്ഥാനത്താൽ തോന്നുന്ന സുരക്ഷിത സ്ഥാനത്തെക്കുറിച്ച് അഹംഭാവത്തോടുകൂടി പെരുമാറരുതെന്ന് മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടെന്നാൽ, ‘യഹോവ ദുഷ്ടൻമാരുടെ കൊമ്പുകളെ ഒടിച്ചുകളയും.’ (സങ്കീർത്തനം 75:10) ഈ അറിവ് ദുഷ്ടൻമാരുടെ പ്രകടമായ സമൃദ്ധിയുണ്ടെങ്കിലും ദൈവത്തിന്റെ ദാസൻമാർ അവനോട് വിശ്വസ്തമായി നില നിൽക്കാൻ പ്രോത്സാഹനം നൽകുന്നു.—സങ്കീർത്തനം 144:11-15 എ താരതമ്യപ്പെടുത്തുക.
“അത്യുന്നതനെ” അനുസരിക്കുക
സങ്കീർത്തനം 78-83 വായിക്കുക. ആസാഫിന്റെ സങ്കീർത്തനം തുടരുന്നു. യിസ്രായേലിന്റെ ചരിത്രത്തിന്റെ പാഠങ്ങൾ ആവർത്തിക്കുന്നു. (സങ്കീർത്തനം 78) പിന്നീട് ആലയത്തിന്റെ ശൂന്യതയെ സംബന്ധിച്ച് വിലപിക്കുന്നു, യിസ്രായേലിന്റെ പുനഃസ്ഥിരീകരണത്തിനുവേണ്ടിയുള്ള പ്രാർത്ഥന തുടർന്നുവരുന്നു. (സങ്കീർത്തനങ്ങൾ 79, 80) ദൈവത്താലുള്ള വിടുവിക്കലിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗീതത്തിനും തന്റെ ജനം അവനെ അനുസരിക്കുന്നതിനുള്ള ഉദ്ബോധനത്തിനും ശേഷം അഴിമതിക്കാരായ ന്യായാധിപൻമാർക്കും യിസ്രായേലിന്റെ ശത്രുക്കൾക്കും എതിരെ ന്യായംവിധിക്കുന്നതിന് യഹോവയോടുള്ള അപേക്ഷകൾ ഉണ്ട്.—സങ്കീർത്തനങ്ങൾ 81-83.
◆ 82:1—ദൈവം “ദൈവങ്ങളുടെയിടയിൽ” ന്യായംവിധിക്കുന്നതെങ്ങനെ?
തെളിവനുസരിച്ച് “ദൈവങ്ങൾ” യിസ്രായേലിലെ ന്യായാധിപൻമാരായിരുന്നു. അവർ നീതിന്യായ അധികാരത്തിൽ ശക്തരായിരുന്നതിനാൽ അവരെ ദൈവങ്ങൾ എന്നു വിളിച്ചിരുന്നു. അത്യുന്നത ന്യായാധിപൻ എന്ന നിലയിൽ യഹോവക്ക് അത്തരം ന്യായാധിപൻമാരുടെയിടയിൽ പ്രവേശിക്കുന്നതിനും അവന്റെ നിയമത്തിനനുയോജ്യമായി വിധിക്കുന്നതിലുള്ള പരാജയത്തെ ശാസിക്കുന്നതിനും ദിവ്യമായ അവകാശമുണ്ടായിരുന്നു.—യെശയ്യാവ് 33:22; സങ്കീർത്തനം 82:2-4.
◆ 83:9-15—സങ്കീർത്തനക്കാരന്റെ ഉദ്ദേശ്യം പ്രതികാരമായിരുന്നോ?
അശേഷമല്ലായിരുന്നു. അവൻ, യഹോവയെ “മന:പൂർവ്വം ദ്വേഷിക്കുന്നവർ”ക്കെതിരെ ന്യായവിധി നടത്തുന്നതിന് ദൈവത്തോട് പ്രാർത്ഥിക്കയായിരുന്നു. (വാക്യം 2) അപ്രകാരം മററു ജനതകൾ നിശ്ചയമായും യഹോവ എന്നു നാമമുള്ള ദൈവമാണ് “മുഴുഭൂമിക്കും മീതെ അത്യുന്നതൻ” എന്നു അറിയും. (വാക്യം 18) ശക്തിയുടെ ഈ വെളിപ്പെടുത്തൽ ഭൂവിസ്തൃതമായി യഹോവ എന്ന ദൈവനാമം മഹത്വപ്പെടുന്നതിൽ കലാശിക്കും.
നമുക്കുവേണ്ടിയുള്ള പാഠം: “ഗോതമ്പിന്റെ കൊഴുപ്പി”നെ സംബന്ധിച്ചുള്ള പരാമർശം യഹോവ തന്നെ അനുസരിക്കുന്നവർക്ക് സമൃദ്ധമായി പ്രതിഫലം നൽകുന്നുവെന്നു സൂചിപ്പിച്ചു. (സങ്കീർത്തനം 81:16) ഇവിടെ “കൊഴുപ്പ്” എന്ന പദം ഏററവും നല്ലതിനെ ദ്യോതിപ്പിക്കാൻ ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 63:5 തരതമ്യപ്പെടുത്തുക) യിസ്രായേല്യർ ‘യഹോവയുടെ ശബ്ദം ശ്രദ്ധിച്ചിരുന്നെങ്കിൽ’ അവൻ അവരെ “ഗോതമ്പിന്റെ കൊഴുപ്പുകൊണ്ട്”—ഏററവും മേത്തരമായതുകൊണ്ട്, വസ്തുക്കളിൽ ഏററവും വിശിഷ്ടമായതുകൊണ്ട് അനുഗ്രഹിക്കുമായിരുന്നു. (സങ്കീർത്തനം 81:11; ആവർത്തനം 32:13, 14) അതുപോലെ നാം ‘യഹോവയുടെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ’ അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.—സദൃശവാക്യങ്ങൾ 10:22.
ദൈവത്തെത സമീപിക്കൽ
സങ്കീർത്തനങ്ങൾ 84-89 വായിക്കുക. സങ്കീർത്തനക്കാർ ദൈവത്തിന്റെ ഭവനത്തിനായി ഉൽക്കടമായ വാഞ്ഛ പ്രകടിപ്പിക്കുന്നു. (സങ്കീർത്തനം 84) അടുത്തതായി, മടങ്ങിവന്ന ബന്ദികൾ ദൈവത്തിന്റെ കോപം പിൻവലിക്കുന്നതിന് അപേക്ഷിക്കുന്നു. (സങ്കീർത്തനം 85) ദാവീദ് മാർഗ്ഗനിർദ്ദേശത്തിനും സംരക്ഷണത്തിനുമായി പ്രാർത്ഥിക്കുന്നു, യഹോവ തനിക്കുത്തരം നൽകുമെന്ന് ഉറപ്പുണ്ട്. (സങ്കീർത്തനം 86) ‘സീയോനിൽ ജനിച്ചവരെ’ സംബന്ധിച്ചുള്ള ഒരു ഗീതത്തിനുശേഷം ഒരു ക്ലേശിതന്റെ അപേക്ഷ തുടർന്നുവരുന്നു. (സങ്കീർത്തനം 87, 88) അതിനുശേഷം ദാവീദുമായുള്ള ഉടമ്പടിയിൽ കാണിച്ചിരിക്കുന്നതുപോലുള്ള യഹോവയുടെ സ്നേഹദയയെ ഉയർത്തിക്കാണിക്കുന്ന ഒരു സങ്കീർത്തനം വരുന്നു.—സങ്കീർത്തനം 89.
◆ 84:3—പക്ഷികളെ പരാമർശിക്കുന്നതെന്തുകൊണ്ട്?
കോരഹിന്റെ വംശത്തിൽപെട്ട ഒരു ലേവ്യനായ ഈ സങ്കീർത്തനക്കാരൻ യഹോവയുടെ “മഹത്തായ സമാഗമന കൂടാര”ത്തിൽ ആയിരിക്കുന്നതിന് വാഞ്ചിച്ചു. (വാക്യങ്ങൾ 1, 2) എന്നാൽ ദശസഹസ്രക്കണക്കിന് ലേവ്യരുണ്ടായിരുന്നു. ലേവ്യരുടെ ഒരു വിഭാഗത്തെ ഓരോ അർദ്ധ വർഷത്തിലും ഒരിക്കൽ മാത്രം ഒരു ആഴ്ച സമാഗമന കൂടാരത്തിൽ സേവിക്കുന്നതിനു നിയമിച്ചിരുന്നു. നേരെമറിച്ച്, ചെറിയ പക്ഷികൾക്കുപോലും വിശുദ്ധസ്ഥലത്തുള്ള അവയുടെ കൂടുകളിൽ കൂറേക്കൂടെ സ്ഥിരമായ ഭവനമുണ്ടായിരുന്നു. അതുപോലെ സങ്കീർത്തനക്കാരന് യഹോവയുടെ ഭവനത്തിൽ സ്ഥിരമായി വസിച്ചുകൊണ്ട് യഹോവയെ സ്തുതിക്കുന്നതിന് എത്ര സന്തോഷമുണ്ടായിരുന്നു!
◆ 89:49—“സ്നേഹദയയുടെ ഈ പ്രവൃത്തികൾ” എന്തെല്ലാമായിരുന്നു?
“സ്നേഹദയകൾ” എന്ന പ്രയോഗം രാജ്യ ഉടമ്പടിയെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടെ പരാമർശിക്കുന്നു. പ്രയാസഘട്ടങ്ങളിൽ യിസ്രായേല്യർ ഈ വാഗ്ദാനങ്ങൾ യഹോവയുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത് ഉചിതമായിരുന്നു. അത് അവർ ഉടമ്പടിയെ സംശയിച്ചതിനാലായിരുന്നില്ല, എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ദൈവത്തോടുള്ള അപേക്ഷയായിട്ടായിരുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനം 85 നാം ദൈവത്തിന്റെ നൂതന ക്രമത്തിനുവേണ്ടി ഉൽക്കടമായ ആശിക്കേണ്ടതെന്തുകൊണ്ടെന്ന് ഊന്നിപ്പറയുന്നു. ഭൗതിക അനുഗ്രഹങ്ങളെക്കുറിച്ച് വളരെ ചുരുങ്ങിയ പരാമർശനമേ നടത്തിയിട്ടുള്ളു. (വാക്യം 12) ആത്മീയ അനുഗ്രഹങ്ങൾ: സ്നേഹദയ, സത്യസന്ധത, നീതി, സമാധാനം എന്നിവക്കാണ് മുഖ്യ ഊന്നൽ കൊടുത്തിരിക്കുന്നത്. (വാക്യങ്ങൾ 10-13) യഹോവ ഭൗതിക വാഞ്ചകളിലേക്ക് ആകർഷിക്കുന്നില്ല, എന്നാൽ നൂതന ക്രമത്തിലെ ആത്മീയാനുഗ്രഹങ്ങൾ ആയിരിക്കണം നമ്മുടെ ഏററവും ശക്തമായ പ്രേരണാശക്തിയെന്ന് കാണിക്കുന്നു.
‘യഹോവ രാജാവായിതീർന്നിരിക്കുന്നു!’
സങ്കീർത്തനങ്ങൾ 90-100 വായിക്കുക. മോശെ ദൈവത്തിന്റെ നിത്യതയെ മമനുഷ്യന്റെ ഹ്രസ്വമായ ജീവിതകാലവുമായി വിപരീത താരതമ്യം ചെയ്യുന്നു, പിന്നീട് അവൻ യഹോവയെ നമ്മുടെ സുരക്ഷിതത്വത്തിന്റെ ഉറവിടമായി വിശേഷവൽക്കരിക്കുന്നു. (സങ്കീർത്തനങ്ങൾ 90, 91) യഹോവയുടെ ഉന്നത ഗുണങ്ങൾ ഉയർത്തിപ്പിടിക്കയും തുടർന്ന് വരുന്ന സങ്കീർത്തനങ്ങളിൽ ദൈവത്തിന്റെ ശക്തിയും സ്നേഹദയയും നീതിയും അതോടൊപ്പം രാജ്യവിഷയവും വിശേഷവൽക്കരിക്കയും ചെയ്യുന്നു.—സങ്കീർത്തനങ്ങൾ 92-100.
◆ 90:10—മോശെ 80 വർഷത്തിൽ കൂടുതൽ ജീവിച്ചിരുന്നില്ലേ?
നൂററിയിരുപതുവർഷം ജീവിച്ചിരുന്ന മോശെ സാധാരണ ജനങ്ങളുടെ മാതൃകയല്ല. ഈജിപ്ററിൽ നിന്നുവന്ന ആ അവിശ്വസ്ത തലമുറയിൽ, ഒരിക്കൽ “20 വയസ്സു മുതൽ മേലോട്ടു എണ്ണപ്പെട്ടവരായി” രജിസ്ററർ ചെയ്തവർ 40 വർഷങ്ങൾക്കകം മരിക്കണമായിരുന്നു, ശരിക്കും മോശെ പറഞ്ഞതിനുള്ളിൽ. (സംഖ്യാപുസ്തകം 14:29-34) മോശെയുടെ മരണ സമയത്ത് അവന്റെ കണ്ണു മങ്ങിയിരുന്നില്ല, ശക്തിക്ഷയിച്ചിരുന്നുമില്ല എന്ന വാക്കുകൾ അവന് ദൈവത്തിന്റെ താങ്ങിനിർത്തുന്ന ശക്തിയുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നു.—ആവർത്തനം 34:7.
◆ 95:3—യഹോവ “മറെറല്ലാദൈവങ്ങൾക്കുമുപരി ഒരു രാജാവാ”കുന്നതെങ്ങനെ?
അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ യഹോവ പരമോന്നതനും എല്ലാ വ്യാജദേവൻമാരുടെയുംമേൽ രാജാവുമാകുന്നു. ആ നിലക്ക് അവൻ അവർക്കെല്ലാം വളരെ ഉയർന്നവനാകുന്നു. ലളിതമായി പറഞ്ഞാൽ യഹോവയാം ദൈവത്തെ ഏതേങ്കിലും ദൂതൻമാരോ ആസ്തിക്യത്തിൽ ഇല്ലാത്ത വ്യാജദൈവങ്ങൾ ഉൾപ്പെടെ ചിലർ ആരാധിച്ചേക്കാവുന്ന മറെറന്തെങ്കിലുമോ ആയി താരതമ്യപ്പെടുത്താവുന്നതല്ല.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനം 91 നാം യഹോവയെ മഹത്വപ്പെടുത്തുന്നതിനുള്ള മറെറാരു കാരണം—“അത്യുന്നതന്റെ രഹസ്യസ്ഥലം” വിശേഷവൽക്കരിക്കുന്നു. (വാക്യം 1) അത് ഈ സങ്കീർത്തനത്തിൽ വിവരിച്ചിരിക്കുന്ന നിബന്ധനകൾ പാലിക്കുന്നവർക്ക് ആത്മീയ ദ്രോഹത്തിൽ നിന്നുള്ള ഒരു സംരക്ഷണമായ ഒരു ആത്മീയ സുരക്ഷിതത്വ സ്ഥലമാണ്. അത് ആത്മീയ വീക്ഷണമില്ലാത്ത ലോക മനുഷ്യർക്ക് അജ്ഞാതമാണ് എന്നനിലയിൽ അത് “രഹസ്യ”മാണ്. അത് “അത്യുന്നതന്റെ” രഹസ്യസ്ഥലം ആണെന്ന വസ്തുത നാം അഖിലാണ്ഡ പരമാധികാരം എന്ന പ്രശ്നം സംബന്ധിച്ച് യഹോവയുടെ പക്ഷം ഉയർത്തിപ്പിടിക്കുന്നെങ്കിൽ മാത്രമേ നാം അവിടെ സുരക്ഷിതത്വം കണ്ടെത്തുകയുള്ളു എന്നു സൂചിപ്പിക്കുന്നു.
“ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!”
സങ്കീർത്തനങ്ങൾ 101 മുതൽ 106 വരെ വായിക്കുക. ദാവീദ് ഇവിടെ, അവൻ രാജ്യകാര്യങ്ങൾ നിർവ്വഹിക്കുന്ന വിധം വിവരിക്കുന്നു. (സങ്കീർത്തനം 101) ക്ലേശിതനായ ഒരുവൻ “സീയോനെ പണിയുന്നതിന്” യഹോവയോട് പ്രാർത്ഥിക്കുന്നു. (സങ്കീർത്തനം 102) “യഹോവയെ പുകഴ്ത്തുന്നതിന്” ക്ഷണിക്കുന്നു, തുടർന്നുള്ള സങ്കീർത്തനങ്ങളിൽ ദൈവത്തിന്റെ കരുണ, മഹത്വം, സൃഷ്ടിക്രിയകൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കയും ചെയ്യുന്നു. “ജനങ്ങളേ യാഹിനെ സ്തുതിപ്പിൻ!” എന്നു 20-ൽ പരം പ്രാവശ്യം പറഞ്ഞിരിക്കുന്നതിൽ ആദ്യത്തവ ഇവിടെയാണ്. (സങ്കീർത്തനങ്ങൾ 103, 104) അവസാനമായി, രണ്ടു ചരിത്രപരമായ സങ്കീർത്തനങ്ങൾ തന്റെ ജനങ്ങൾക്കുവേണ്ടിയുള്ള യഹോവയുടെ പ്രവൃത്തികൾക്കായി അവനെ മഹത്വപ്പെടുത്തുന്നു.—സങ്കീർത്തനങ്ങൾ 105, 106.
◆ 102:25—ഭൂമിയുടെ “അടിസ്ഥാനങ്ങൾ ഇട്ടത്” ആര്?
സങ്കീർത്തനക്കാരൻ ദൈവത്തെക്കുറിച്ചു സംസാരിക്കയായിരുന്നു, എന്നാൽ അപ്പോസ്തലനായ പൗലോസ് ഈ വാക്കുകൾ യേശുക്രിസ്തുവിനു ബാധകമാക്കി, (എബ്രായർ 1:10, 11) വിശദീകരിക്കുമ്പോൾ ഈ വാക്കുകൾ യേശുവിനും ബാധകമാകുന്നു, എന്തുകൊണ്ടെന്നാൽ അവൻ അഖിലാണ്ഡത്തെ സൃഷ്ടിക്കുന്നതിൽ യഹോവയുടെ കാര്യസ്ഥൻ എന്നനിലയിൽ പ്രവർത്തിച്ചു. (കൊലോസ്യർ 1:15, 16) അതുകൊണ്ട് യേശു “ഭൂമിയുടെ അടിസ്ഥാനങ്ങൾ ഇട്ടു” എന്നു പറയാൻ കഴിഞ്ഞു.
◆ 103:14—“ഘടന” എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
“ഘടന” എന്ന് ഇവിടെ ഭാഷാന്തരം ചെയ്തിരിക്കുന്ന പദം ഉല്പത്തി 2:7-ൽ ഉപയോഗിച്ചിരിക്കുന്ന “രൂപീകരിക്കുക” എന്ന ക്രിയയോടും കളിമണ്ണുകൊണ്ടു രൂപപ്പെടുത്തുന്നവനോടുള്ള ബന്ധത്തിൽ “കുശവൻ” എന്ന നാമരൂപത്തോടും ബന്ധപ്പെട്ടിരിക്കുന്നു. (യെശയ്യാവ് 29:16; യിരെമ്യാവ് 18:2-6) അതുകൊണ്ട് സങ്കീർത്തനക്കാരൻ, വലിയ കുശവനായ യഹോവ നാം മൺപാത്രങ്ങളപോലെ പെട്ടെന്നുടയുന്നവരാണെന്ന് അറിഞ്ഞുകൊണ്ട് ആർദ്രതയോടെ നമ്മെ കൈകാര്യം ചെയ്യുന്നു.—2 കൊരിന്ത്യർ 4:7 താരതമ്യപ്പെടുത്തുക.
◆ 104:4—യഹോവ തന്റെ ദൂതൻമാരെ ആത്മാക്കളാക്കിത്തീർക്കുന്നതെങ്ങനെ?
ദൂതൻമാർ നേരത്തെ തന്നെ ആത്മ സൃഷ്ടികളാകയാൽ ഇത് അവരുടെ ആത്മ ശരീരങ്ങളെ കുറിക്കാൻ സാദ്ധ്യമല്ല. എന്നാൽ “ആത്മാവ്” എന്ന പദത്തിന് “കാററ്” അഥവാ “കർമ്മോദ്യുക്തശക്തി” എന്നും അർത്ഥമാക്കാൻ കഴിയും. അപ്രകാരം ദൈവത്തിന് തന്റെ ദൂതൻമാരെ തന്റെ ഇഷ്ടം നിർവഹിക്കുന്നതിന് ശക്തമായ സേനകളായി ഉപയോഗിക്കാൻ കഴിയും. അവരെ വിധി നിർവ്വഹണ ഏജൻറൻമാർ—“ഒരു നശീകരണത്തിന്റെ തീയ്” ആയും ഉപയോഗിക്കാൻ കഴിയും. ക്രിസ്ത്യാനികൾക്ക് തങ്ങളുടെ പ്രസംഗവേല അത്തരം ശക്തമായ ദൂത സൃഷ്ടികളാൽ പിൻതാങ്ങപ്പെടുന്നു എന്ന അറിവ് വീണ്ടും ഉറപ്പു നൽകുന്നതാണ്.—വെളിപാട് 14:6, 7.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനം 106 മത്സരികളായിരുന്ന കോരഹ്, ദാഥാൻ, അബീരാം എന്നിവർ ദൈവജനങ്ങളുടെ ഭരണ കർത്താവ് എന്ന നിലയിലുള്ള മോശെയുടെ സ്ഥാനത്തോട് അസൂയപ്പെട്ടു എന്ന് ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 106:16; സംഖ്യാപുസ്തകം 16:2-11) ഒടുവിൽ മത്സരികളെ “ഒരു തീയ് പുറപ്പെട്ടു ദഹിപ്പിച്ചപ്പോൾ “മത്സരം തകർക്കപ്പെട്ടു. (സങ്കീർത്തനം 106:18) സുനിശ്ചിതമായും അഹങ്കാരത്തിന്റെയും അസൂയയുടെയും അപകടങ്ങളാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഇന്ന് യഹോവയുടെ നിയമിത ദാസൻമാർക്കെതിരെ സംസാരിക്കുന്നതിനാൽ അവന്റെ അനിഷ്ടം കൈവരുത്താൻ കഴിയും.—എബ്രായർ 13:17; യൂദാ 4, 8, 11.
നാം നന്ദിയുള്ളവരായിരിക്കത്തക്കവണ്ണം നിശ്ചയമായും യഹോവ നമുക്ക് വളരെയധികം പ്രദാനം ചെയ്തിരിക്കുന്നു. അവൻ നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും പരിഗണിക്കുമ്പോൾ, “എന്റെ ദേഹിയേ യഹോവയെ പുകഴ്ത്തുക” എന്നു സങ്കീർത്തനക്കാരൻ നിർബന്ധിച്ചതുപോലെ നാം ചെയ്യുകയില്ലേ?—സങ്കീർത്തനം 103:1. (w86 12/15)