ശുശ്രൂഷാദാസൻമാർ യഹോവയുടെ ജനത്തിന് ഒരു അനുഗ്രഹം
“അവർ യോഗ്യത സംബന്ധിച്ച് ആദ്യം പരീക്ഷിക്കപ്പെട്ടവർ ആയിരിക്കട്ടെ, അനന്തരം അവർ കുററാരോപണത്തിൽനിന്ന് വിമുക്തരായിരിക്കുമ്പോൾ ശുശ്രൂഷകൻമാരായി സേവിക്കട്ടെ.”—1 തിമൊഥെയോസ് 3:10.
1. സഭാപരമായ സന്തുഷ്ടിയും ഐക്യവും ഉറപ്പുവരുത്തുന്നതിന് ആർ സഹായിക്കുന്നു?
യഹോവ “സന്തുഷ്ടനായ ദൈവം” ആണ്. അവന്റെ ദാസൻമാർ സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയോസ് 1:11) ആ ഉദ്ദേശ്യത്തിൽ തന്റെ ജനത്തിന്റെ അനുഗ്രഹത്തിനു വേണ്ടി അവൻ മൂപ്പൻമാരെയും ശുശ്രൂഷാദാസൻമാരെയും പ്രദാനം ചെയ്തിരിക്കുന്നു. ഈ ഉത്തരവാദിത്വമുള്ള പുരഷൻമാർ പ്രയോജനപ്രദമായ ഉദ്ദേശ്യങ്ങൾക്ക് സേവ ചെയ്യുകയും ക്രിസ്തീയ സഭയുടെ സന്തുഷ്ടിയും ഐക്യവും തടസ്സമില്ലാത്ത പ്രവർത്തനവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ ദിവ്യാധിപത്യ സ്ഥപനത്തിനുള്ളിൽ ഈ നിയമിതർ നിർവ്വഹിക്കുന്ന സ്നേഹപൂർവ്വകവും സഹായകരവുമായ സേവനത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ എത്ര നന്ദിയുള്ളവരാകുന്നു!
2. മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും ഏതു മനോഭാവം ഉണ്ടായിരിക്കണം, എന്നാൽ അവർ ഒരിക്കലും എന്തു മറന്നുകളയരുത്?
2 എന്നിരുന്നാലും, മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും സഭയ്ക്കു മർമ്മപ്രധാനമായ സഹായം ചെയ്യുന്നെങ്കിലും അവർ തങ്ങളുടെ സ്വന്തം പ്രാധാന്യം മുഴുപ്പിച്ചുകാണിക്കരുത്. യേശു തന്റെ അനുഗാമികൾ വിനീതരായിരിക്കാൻ പ്രബോധിപ്പിച്ചുവെന്ന കാര്യം അവർ ഓർമ്മിക്കണം. “ഈ കൊച്ചുകുട്ടിയേപ്പോലെ തന്നെത്താൻ താഴ്ത്തുന്നവനാണ്—സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവൻ” എന്ന് അവൻ ഒരിക്കൽ അവരോടു പറഞ്ഞു. (മത്തായി 18:4) “യഹോവയുടെ ദൃഷ്ടിയിൽ നിങ്ങളേത്തന്നെ താഴ്ത്തുക അവൻ നിങ്ങളെ ഉയർത്തും” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 4:10; റോമർ 12:3) എന്നാൽ ഒരു വിനീത മനോഭാവം ഉണ്ടായിരിക്കുന്നതിന് ഈ പുരുഷൻമാർ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും എന്ന നിലയിലുള്ള തങ്ങളുടെ വേലയുടെ പ്രാധാന്യം കൊച്ചാക്കേണ്ട ആവശ്യമില്ല. അവർക്ക് വിനീതരായിരിക്കാനും അപ്പോൾത്തന്നെ സേവന പ്രവർത്തനങ്ങളെ നയിക്കാനും കഴിയും. അവരുടെ പ്രവർത്തനങ്ങളാൽ സാധിക്കുന്ന പ്രയോജനകരമായ ഉദ്ദേശ്യങ്ങൾ അവർ ഒരിക്കലും മറന്നുകളയരുത്, പിന്നെയോ തങ്ങളുടെ പരമാവധി പ്രവർത്തിക്കാൻ യഹോവയോടും ക്രിസ്തീയ സഹോദരങ്ങളോടുമുള്ള കടപ്പാട് അവർ എപ്പോഴും ഓർമ്മിക്കണം.
3. യഹോവയുടെ സാക്ഷികളുടെയിടയിലെ ഏകീകൃത പ്രവർത്തനത്തെ എന്തുനോട് ഉപമിക്കാൻ കഴിയും, സമർപ്പിത പുരുഷൻമാർക്ക് അത്തരം ഐക്യവും രാജ്യതാല്പര്യങ്ങളുടെ പുരോഗതിയും എങ്ങനെ ഉന്നമിപ്പിക്കാൻ കഴിയും?
3 ഇന്നത്തെ യഹോവയുടെ സാക്ഷികളിലെ ഏകീകൃത പ്രവർത്തനം മനുഷ്യശരീരത്തിലെ ഐക്യത്തോട് താരതമ്യപ്പെടുത്താൻ കഴിയും. അപ്പോസ്തലനായ പൗലോസ് ക്രിസ്തുവിന്റെ ആത്മീയ ശരീരത്തെ പല അവയവങ്ങളാൽ നിർമ്മിതമായ മനുഷ്യശരീരത്തോട് ഉപമിക്കുകയുണ്ടായി. എങ്കിലും പരസ്പര പ്രയോജനത്തിനുവേണ്ടി ശരീരത്തിലെ എല്ലാ അവയവങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. (1 കൊരിന്ത്യർ 12:12-31) തീർച്ചയായും, നിയമിത മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും യഹോവയുടെ ജനത്തിന് ഒരു അനുഗ്രഹമാണ്. എന്തെന്നാൽ ഈ പുരുഷൻമാർ ഇന്ന് ക്രിസ്തീയ സഭയുടെ ഏകീകൃത പ്രവർത്തനത്തെ സഹായിക്കുന്നു. (കൊലോസ്യർ 2:18, 19 താരതമ്യം ചെയ്യുക.) “മേൽവിചാരകസ്ഥാനത്തിനായി എത്തിപ്പിടിക്കുന്നതി”നാൽ യഹോവയുടെ സ്ഥാപനപരമായ ക്രമീകരണത്തെ പിന്താങ്ങാൻ കഠിനശ്രമം ചെയ്യുന്ന സഭയിലെ സമർപ്പിതരായ പുരുഷൻമാർ ക്രിസ്തീയ ഐക്യത്തിനും രാജ്യതാല്പര്യങ്ങളുടെ പുരോഗതിക്കും ഒരു മർമ്മപ്രധാനമായ സഹായമാണ് ചെയ്യുന്നത്. (1 തിമൊഥെയോസ് 3:1) എന്നാൽ ക്രിസ്ത്യാനിയായ ഒരു പുരുഷൻ ആദ്യംതന്നെ ഒരു ശുശ്രൂഷാദാസനായിത്തീരുന്നതിന് യോഗ്യത നേടുന്നത് എങ്ങനെയാണ്?
“യോഗ്യത സംബന്ധിച്ച് ആദ്യം പരീക്ഷിക്കപ്പെട്ടവർ”
4. (എ) ശുശ്രൂഷാദാസൻമാരാകാനുള്ളവർ “യോഗ്യത സംബന്ധിച്ച് ആദ്യം പരീക്ഷിക്കപ്പെടേ”ണ്ടത് എന്തുകൊണ്ട്? (ബി) ഈ പുരുഷൻമാർ എന്തു ചെയ്യാൻ സന്നദ്ധരായിരിക്കണം?
4 പുരുഷൻമാരെ ശുശ്രൂഷാദാസൻമാരായി നിയമിക്കുന്നതിനുമുമ്പ് എന്തവശ്യമാണെന്ന് അപ്പോസ്തലനായ പൗലോസ് തന്റെ സഹപ്രവർത്തകനായ തിമൊഥെയോസിനോടു പറഞ്ഞു. മററു കാര്യങ്ങൾക്കൊപ്പം പൗലോസ് ഇപ്രകാരം എഴിതി: “ഇവർ യോഗ്യത സംബന്ധിച്ച് ആദ്യം പരീക്ഷിക്കപ്പെട്ടവർ ആയിരിക്കട്ടെ, അനന്തരം അവർ കുററാരോപണത്തിൽ നിന്ന് വിമുക്തരായിരിക്കുമ്പോൾ ശുശ്രൂഷകൻമാരായി സേവിക്കട്ടെ.” (1 തിമൊഥെയോസ് 3:10) ഇത് യോഗ്യത പ്രാപിക്കാത്ത പുരുഷൻമാരുടെ, തിരുവെഴുത്തുപരമായ ചില അടിസ്ഥാന വ്യവസ്ഥകളിൽ എത്തിച്ചേരാത്തവരുടെ നിയമനത്തെ തടയുമായിരുന്നു. ഇത് ശുശ്രൂഷാദാസൻമാർ ആയിത്തീരാൻ സാദ്ധ്യതയുള്ളവരുടെ ആന്തരങ്ങൾ നിശ്ചയപ്പെടുത്തുന്നതിന് സമയം അനുവദിക്കുകയും ചെയ്യുമായിരുന്നു. തീർച്ചയായും, ഈ പുരുഷൻമാർ പ്രശസ്തി നേടാനുള്ള ഒരു ആഗ്രഹത്താൽ പ്രചോദിതർ ആയിരിക്കരുതായിരുന്നു, എന്തുകൊണ്ടെന്നാൽ അത് താഴ്മയുടെ അഭാവത്തെ സൂചിപ്പിക്കും. പിന്നെയോ, ദൈവത്തിനുള്ള ഒരു ക്രിസ്ത്യാനിയുടെ സമർപ്പണം നിരുപാധികവും സർവ്വവും ഉൾക്കൊള്ളുന്നതും ആണെന്നുള്ള വസ്തുത തിരിച്ചറിഞ്ഞുകൊണ്ട്, ഒരു സഹോദരൻ യഹോവ തന്റെ സ്ഥാപനത്തിൽ അവനെ ഉപയോഗിക്കാൻ യോഗ്യമെന്നു കരുതുന്ന ഏതു നിലയിലും സേവനമനുഷ്ഠിക്കാൻ സന്നദ്ധനായിരിക്കണം. അതെ, ഭാവിയിൽ ശുശ്രൂഷാദാസൻമാർ ആകാനുള്ളവർ വിശ്വസ്തനായ യെശയ്യാവിനേപ്പോലെ സേവിക്കാൻ സന്നദ്ധരായിരിക്കണം, അവൻ പറഞ്ഞു: “ഞാൻ ഇതാ! എന്നെ അയച്ചാലും.”—യെശയ്യാവ് 6:8.
5. (എ) 1 തിമെഥെയോസ് 3:8-ൽ ശുശ്രൂഷാദാസൻമാർക്കുള്ള ഏതു വ്യവസ്ഥകൾ വിവരിച്ചിരിക്കുന്നു? (ബി) “ഗൗരവമുള്ളവർ” ആയിരിക്കുന്നത് എന്തർത്ഥമാക്കുന്നു? (സി) ശുശ്രൂഷാദാസൻമാർ “ഇരുവാക്കുകാർ” ആയിരിക്കരുതെന്ന് പറയുകയിൽ പൗലോസ് എന്തർത്ഥമാക്കി?
5 “അതുപോലെതന്നെ ശുശ്രൂഷാദാസൻമാർ ഗൗരവമുള്ളവരായിരിക്കണം, ഇരുവാക്കുകാരും ധാരാളം വീഞ്ഞിന് അടിമപ്പെടുന്നവരും സത്യസന്ധമല്ലാത്ത ആദായത്തോട് അത്യാഗ്രഹമുള്ളവരും ആയിരിക്കരുത്,” എന്ന് പൗലോസ് വിശദമാക്കി. (1 തിമൊഥെയോസ് 3:8) ചില ശുശ്രൂഷാദാസൻമാർ താരതമ്യേന ചെറുപ്പമായിരിക്കാമെങ്കിലും, അവർ യുവാക്കളല്ല, “ഗൗരവമുള്ളവർ” ആയിരിക്കുകയും വേണം. പ്രധാനപ്പെട്ട കാര്യങ്ങൾ ഗൗരവമായി വീക്ഷിക്കാൻ അവർ പഠിച്ചിട്ടുണ്ടായിരിക്കണം. (സദൃശവാക്യങ്ങൾ 22:15 താരതമ്യപ്പെടുത്തുക.) അവർ ആശ്രയയോഗ്യരും സത്യസന്ധരും ആയിരിക്കണം, ഉത്തരവാദിത്വം നിസ്സാരമായെടുക്കാൻ ചായ്വുള്ളവർ ആയിരിക്കരുത്. വാസ്തവത്തിൽ, അവർ തങ്ങളുടെ ചുമതലകൾ ഗൗരവമായെടുക്കുന്ന ആശ്രയയോഗ്യരായിരുന്നേ തീരൂ. യഹോവക്കുള്ള വിശുദ്ധസേവനത്തേക്കാൾ കൂടുതൽ ഗൗരവതാല്പര്യമെടുക്കേണ്ടതായി മറെറന്തുണ്ടായിരിക്കാൻ കഴിയും? അത് അവരെയും മററുള്ളവരെയും സംബന്ധിച്ചിടത്തോളം ഒരു ജീവൻമരണ സംഗതിയാണ്. (1 തിമൊഥെയോസ് 4:16 താരതമ്യപ്പെടുത്തുക.) അതിലുപരി, ശുശ്രൂഷാദാസൻമാർ ഇരുവാക്കുകാരായിരിക്കരുത് എന്നു പറയുകയിൽ അവർ അപവാദം പറയുന്നവരോ കപടഭക്തരോ വക്രഗതിക്കാരോ ആയിരിക്കാതെ പരമാർത്ഥരും സത്യനിഷ്ഠയുള്ളവരും ആയിരിക്കണമെന്ന് പൗലോസ് അർത്ഥമാക്കി.—സദൃശവാക്യങ്ങൾ 3:32.
6. ശുശ്രൂഷാദാസൻമാർ സമനില പ്രകടമാക്കേണ്ട ചില വിധങ്ങൾ ഏവ?
6 ശുശ്രൂഷാദാസൻമാരായിരിക്കാൻ യോഗ്യതനേടുന്ന പുരുഷൻമാരുടെ വ്യക്തിപരമായ ജീവിതത്തിൽ നല്ല സമനില അത്യന്താപേക്ഷിതമാണ്. അവർ “ധാരാളം വീഞ്ഞിന് അടിമപ്പെടുന്നവരോ” “സത്യസന്ധമല്ലാത്ത ആദായത്തോട് അത്യാഗ്രഹമുള്ളവരോ” ആയിരിക്കരുതെന്ന് പറഞ്ഞപ്പോൾ അവർ മദ്യാസക്തിയും അത്യാഗ്രഹവും കള്ളത്തരവും ഒഴിവാക്കണമെന്ന് പൗലോസ് സ്പഷ്ടമായും അർത്ഥമാക്കി. തങ്ങൾ ഉല്ലാസങ്ങളിലും ഭൗതിക വസ്തുക്കളിലും അമിത താല്പര്യമുള്ളവരാണെന്ന ധാരണ നൽകുന്നതുപോലും ഈ ക്രിസ്തീയ പുരുഷൻമാർ ഒഴിവാക്കണം. ആത്മീയ കാര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാൻ അവർ കഠിനശ്രമം ചെയ്യണം. ഇത് സഹമനുഷ്യരുടെയും അധികം പ്രധാനമായി ദൈവത്തിന്റെയും ദൃഷ്ടിയിൽ ഒരു ശുദ്ധമനഃസാക്ഷി കാത്തുസൂക്ഷിക്കാൻ അവരെ സഹായിക്കും.—1 തിമൊഥെയോസ് 3:8, 9.
7. (എ) ശുശ്രൂഷാദാസൻമാരുടെ ഉത്തരവാദിത്വങ്ങൾ ചെറുപ്പക്കാർക്കുള്ളതല്ല എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) ഒരു ശുശ്രൂഷാദാസൻ ഏകാകിയായിരിക്കുന്നു എന്ന വസ്തുത അയാളെ സംബന്ധിച്ച് എന്തു വെളിപ്പെടുത്തിയേക്കാം?
7 ശുശ്രൂഷാദാസൻമാരിൽ നിക്ഷിപ്തമാകുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചെറുപ്പക്കാർക്കുള്ളതല്ല. ഈ പുരുഷൻമാർ വിവാഹിതരും കുടുംബം ഉള്ളവരും ആയിരിക്കാൻ കഴിയുന്ന ഒരു പ്രായത്തിൽ എത്തിയവരെന്ന നിലയിൽ തിരുവെഴുത്തു സംസാരിക്കുന്നു. ആ സാഹചര്യങ്ങളിൽ, അവർ “മക്കളെയും തങ്ങളുടെ സ്വന്തം കുടുംബങ്ങളെയും നല്ലരീതിയിൽ ഭരിക്കുന്നവർ” ആയിരിക്കേണ്ടതുണ്ട്. (1 തിമൊഥെയോസ് 3:12) ഒരു യൗവനക്കാരൻ വിവാഹം ചെയ്തു ഒരു കുടുംബത്തെ വളർത്തുന്നതുവരെ ശുശ്രൂഷാദാസനായിരിക്കാൻ യോഗ്യനായിത്തീരുന്നില്ല എന്ന് ഇതർത്ഥമാക്കുന്നുവോ? ഒരിക്കലുമില്ല. വാസ്തവത്തിൽ ഒരു സമർപ്പിത ക്രിസ്തീയ പങ്കാളിയെ കണ്ടുപിടിക്കുന്നതിനുമുമ്പ്, വിവാഹത്തിന് തിടുക്കം കൂട്ടാനുള്ള അയാളുടെ വിസമ്മതം വ്യക്തിപരമായ കാര്യങ്ങളും കൂടുതൽ ഗൗരവതരമായ സഭാ ഉത്തരവാദിത്വങ്ങളും ഉചിതമായി ശ്രദ്ധിക്കാൻ ആവശ്യമായ പക്വതയുടെ ഒരളവ് പ്രകടമാക്കിയേക്കാം.
8. 1 തിമൊഥെയോസ് 3:13-നോടും മത്തായി 24:14-നോടുമുള്ള ബന്ധത്തിൽ ശുശ്രൂഷാദാസൻമാരുടെ മേൽ എന്ത് ഉത്തരവാദിത്വം സ്ഥിതിചെയ്യുന്നു?
8 “നല്ല നിലയിൽ ശുശ്രൂഷിക്കുന്ന പുരുഷൻമാർ തങ്ങൾക്കുതന്നെ നല്ലനിലയും ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലെ വിശ്വാസത്തിൽ വലിയ സംസാരസ്വാതന്ത്ര്യവും സമ്പാദിക്കുന്നു” എന്ന് പൗലോസ് പറഞ്ഞു. (1 തിമൊഥെയോസ് 3:13) അവർക്ക് ആവശ്യമായിരിക്കുന്ന “വലിയ സംസാര സ്വാതന്ത്ര്യം” പ്രകടമാക്കാൻ കഴിയുന്ന ഒരു മാർഗ്ഗം “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കുന്നതിൽ ഒരു സജ്ജീവ പങ്കുണ്ടായിരിക്കുന്നതിനാലാണ്. (മത്തായി 24:14) വീടുതോറും പ്രസംഗിക്കുന്നതിലും അവർ മൂപ്പൻമാരോടൊപ്പം ഉത്തരവാദിത്വത്തിൽ പങ്കുവഹിക്കുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. (പ്രവൃത്തികൾ 5:42; 20:20, 21) സാത്താന്റെ ദുഷ്ടവ്യവസ്ഥിതി സത്വരം അതിന്റെ അന്ത്യത്തിലേക്ക് സമീപിക്കുമളവിൽ പ്രസംഗപ്രവർത്തനത്തിന് എന്നത്തേതിലുമധികം അടിയന്തിരതയുണ്ട്. അതുകൊണ്ട്, വയൽ ശുശ്രൂഷയിൽ വ്യക്തിപരമായി ഒരു ശ്രേഷ്ട മാതൃകവെച്ചുകൊണ്ട് ശുശ്രൂഷാദാസൻമാർ രാജ്യപ്രസംഗവേലയുടെ അടിയന്തിരത സഭയുടെ മുമ്പിൽ നിലനിർത്തിയേ തീരൂ.
മുഴുസമയ ശുശ്രൂഷയാൽ സഹായിക്കപ്പെടുന്നു
9. നമ്മുടെ കാലത്തിന്റെ അടിയന്തിരതയുടെ വീക്ഷണത്തിൽ അനേകം ക്രിസ്ത്യാനികൾ ഏതു സേവനം കയ്യേററിരിക്കുന്നു?
9 നമ്മുടെ ദുർഘടകാലങ്ങളുടെ അടിയന്തിരതയുടെ വീക്ഷണത്തിൽ അനേകം ക്രിസ്തീയ സ്ത്രീപുരുഷൻമാർ മുഴുസമയ ശുശ്രൂഷ കയ്യേററിട്ടുണ്ട്. ശരാശരി രണ്ടിനും അഞ്ചിനും ഇടയ്ക്കു മണിക്കൂർ പ്രസംഗവേലയിൽ ചെലവഴിക്കുന്നു, അവരിൽ ചിലർ വിദേശരാജ്യങ്ങളിൽ മിഷനറിമാരാണ്. മററുള്ളവർ വാച്ച്ടവർ സൊസൈററിയുടെ മുഖ്യകാര്യാലയത്തിലോ ഭൂമിയിലെമ്പാടുമുള്ള അതിന്റെ ബ്രാഞ്ച് ഓഫീസുകളിലോ മുഴുസമയം സേവനമനുഷ്ഠിക്കുന്നു. അവരുടെ സേവനം അവർക്കും അവർ സേവിക്കുന്നവർക്കും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഒരു ഉറവാണ്. കൂടാതെ പലപ്പോഴും മുഴുസമയസേവനത്തിലെ അനുഭവം ശുശ്രൂഷാദാസൻമാരെന്നനിലയിൽ പ്രയോജനകരമായി സഭയെ സേവിക്കുന്നതിന് ആവശ്യമായ യോഗ്യതകൾ വികസിപ്പിക്കാൻ പുരുഷൻമാരെ സഹായിച്ചിരിക്കുന്നു.
10, 11. ഇവിടെ പറഞ്ഞിരിക്കുന്ന വ്യക്തിപരമായ അഭിപ്രായങ്ങളാൽ സൂചിപ്പിക്കപ്പെടുന്ന പ്രകാരം, ശുശ്രൂഷാദാസൻമാരായിരിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർക്ക് മുഴുസമയ സേവനം കൊണ്ട് എങ്ങനെ പ്രയോജനം ലഭിച്ചേക്കാം?
10 മുമ്പ് ഒരു ശുശ്രൂഷാദാസനായിരുന്ന്, ഇപ്പോൾ ജർമ്മനിയിലെ ബർലിനിലുള്ള ഒരു സഭയിൽ മൂപ്പനായിരിക്കുന്ന ഒരാൾ വർഷങ്ങൾക്കുമുമ്പ് ചെറുപ്പമായിരുന്നപ്പോൾ താൻ കയ്യേററ പയണിയർ വേലയേക്കുറിച്ച് ഇപ്രകാരം പറയുന്നു: “അത് ഞാൻ ഒരിക്കലും ദുഃഖിച്ചിട്ടില്ലാത്ത ഒരു പടിയായിരുന്നു എന്ന് എനിക്കു പറയാൻ കഴിയും. യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അവനുമായുള്ള എന്റെ ബന്ധം കൂടുതൽ ഗാഢമായിത്തീർന്നിരിക്കുന്നു.” അതേ മുഴുസമയ ശുശ്രൂഷക്ക് യഹോവയുമായുള്ള ഒരാളുടെ ബന്ധം അഗാധമാക്കാനും ക്രിസ്തീയ പക്വതയിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താനും കഴിയുമെന്ന് മററ് ആയിരങ്ങളേപ്പോലെ ഈ സഹോദരൻ കണ്ടെത്തി.
11 മുഴുസമയശുശ്രൂഷ തന്നെ സഹായിച്ചതെങ്ങനെയെന്ന് ദീർഘകാലം പയണിയറായിരുന്ന മറെറാരാൾ വിശദീകരിക്കുന്നു. “ഞാൻ എന്നെത്തന്നെ അടക്കുകയും തിടുക്കത്തിൽ വിധിക്കുന്ന കാര്യത്തിൽ കൂടുതൽ സമനിലയുള്ളവനായിത്തീരുകയും ചെയ്തു.” എന്ന് അയാൾ പറയുന്നു, “ഞാൻ കൂടുതൽ സന്തുഷ്ടനായിരുന്നു, വ്യത്യസ്തതരം ആളുകളോട് ഇടപെടുന്നതിൽ കൂടുതൽ വഴക്കമുള്ളവനായിത്തീരുകയും ചെയ്തു.” ഇവ ശുശ്രൂഷാദാസൻമാരെന്നനിലയിൽ സേവിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർക്ക് ആവശ്യമുള്ള ഗുണങ്ങളിൽ പെടുന്നവയല്ലയോ?
12. (എ) മുഴുസമയ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുള്ള ഏത് അവസരങ്ങളുണ്ട്? (ബി) ഒരു ശുശ്രൂഷാദാസനെ തന്റെ ചുമതലകൾ നിറവേററുന്നതിന് സഹായിക്കുന്ന ഏതു പ്രാപ്തികൾ മുഴുസമയ ശുശ്രൂഷയിൽ പങ്കുപററുന്നതിന് ആവശ്യമാണ്?
12 തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ അനുവദിക്കുന്നെങ്കിൽ മുഴുസമയ ശുശ്രൂഷയിൽ പങ്കെടുക്കുന്നത് ക്രിസ്തീയ പുരുഷൻമാരെ “യോഗ്യത സംബന്ധിച്ച് ആദ്യം പരീക്ഷിക്കു”ന്നതിനുള്ള അത്ഭുതകരമായ ഒരു അവസരമായി ഉതകിയേക്കാം. ചിലർക്ക് സ്ഥിരമായും മററുള്ളവർക്ക് കാലാകാലങ്ങളിലും അത്തരം ശുശ്രൂഷ കയ്യേൽക്കാൻ കഴിയും. ചെറുപ്പക്കാർക്ക് സ്കൂൾ അവധിക്കാലത്തും പ്രായമുള്ളവർക്ക് അവധിക്കാലങ്ങളിലും അഥവാ വർഷത്തിലുടനീളം അനുയോജ്യമായ സമയങ്ങളിലും അതു ചെയ്യാൻ കഴിഞ്ഞേക്കും. മുഴുസമയ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് സമനിലയും ശ്രദ്ധാപൂർവ്വകമായ ആസൂത്രണവും ആവശ്യമാണെന്നുള്ളത് സത്യംതന്നെ. ഈ പ്രാപ്തികൾ ഒരു ശുശ്രൂഷാദാസന് ആവശ്യമാണ്, തന്റെ ചുമതലകൾ നിറവേററുന്നതിന് അത് അയാളെ സഹായിക്കുകയും ചെയ്യും. ഏത് ചുമതലകൾ?
ശുശ്രൂഷാദാസൻമാരുടെ ചുമതലകൾ
13. ശുശ്രൂഷാദാസൻമാർക്ക് നിയമിക്കപ്പെടുന്ന വേലയുടെ തരം സംബന്ധിച്ച് പ്രവൃത്തികൾ 6:1-6 എന്തു സൂചിപ്പിക്കുന്നു?
13 പ്രവൃത്തികൾ 6:1-6 ശുശ്രൂഷാദാസൻമാരെ നിയമിക്കുന്നതിന് നേരിട്ട് ബാധകമാകുന്നില്ലെങ്കിലും അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സാധാരണഗതിയിൽ ശുശ്രൂഷാദാസൻമാർക്ക് നിയമിക്കപ്പെടുന്ന ചുമതലയുടെ സ്വഭാവം അഥവാ വേലയുടെ മാതൃക നിർദ്ദേശിക്കുന്നു. അപ്പോൾ തെരഞ്ഞെടുത്ത “സാക്ഷ്യമുള്ള ഏഴുപുരുഷൻമാർ” സഹവിശ്വാസികളെ പ്രബോധിപ്പിച്ചുകൊണ്ടല്ല പിന്നെയോ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ‘പ്രാർത്ഥനക്കും വചന ശുശ്രൂഷക്കും തങ്ങളെത്തന്നെ അർപ്പിക്കുന്നതിന്’ അപ്പോസ്തലൻമാരെ സ്വതന്ത്രരാക്കി. ഇന്ന് സമാനമായ ചുമതലകൾ ശ്രദ്ധിച്ചുകൊണ്ട് ശുശ്രൂഷാദാസൻമാർ ഇടയവേലക്കും “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തെ പഠിപ്പിക്കുന്നതിനും മൂപ്പൻമാർക്ക് കൂടുതൽ സമയം പ്രദാനം ചെയ്യുന്നു.—1 പത്രോസ് 5:2, 3.
14. ഏതു വിവിധ ചുമതലകൾ ശുശ്രൂഷാദാസൻമാർക്ക് നിയമിച്ചുകൊടുക്കാവുന്നതാണ്?
14 ശുശ്രൂഷാദാസൻമാരുടെ ചുമതലകൾ സംബന്ധിച്ച് നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “വ്യക്തിപരമായ ഉപയോഗത്തിനും വയൽസേവനത്തിനും നമുക്കെല്ലാം ആവശ്യമായിരിക്കുന്ന സാഹിത്യം ലഭിക്കാനുള്ള സൗകര്യം ഉണ്ടാക്കുമാറ് സഭാസാഹിത്യം കൈകാര്യം ചെയ്യാൻ ഒരു ശുശ്രൂഷാദാസനെ നിയോഗിക്കാവുന്നതാണ്. മറെറാരാൾക്ക് സഭയിൽ മാസികകൾ കൈകാര്യം ചെയ്യാവുന്നതാണ്. മററു ചിലർക്ക് സഭാകണക്കുകൾക്കോ പ്രദേശ നിയമനങ്ങൾക്കോ ഉള്ളതുപോലുള്ള രേഖകൾ സൂക്ഷിക്കാനുള്ള ചുമതല നിയമിച്ചു കൊടുക്കുന്നു. അല്ലെങ്കിൽ മൈക്രോഫോണുകൾ ഉപയോഗിക്കുന്നതിനോ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനോ പ്ലാററ്ഫോം സൂക്ഷിക്കുന്നതിനോ ഒരുപക്ഷെ മററുവിധങ്ങളിൽ മൂപ്പൻമാരെ സഹായിക്കുന്നതിനോ അവർ ഉപയോഗിക്കപ്പെടുന്നു. രാജ്യഹോൾ അററകുററം നോക്കി ശുചിയായി സൂക്ഷിക്കുന്നതിന് വളരെയധികം വേല ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ നോക്കുന്നതിൽ സഹായിക്കുന്നതിന് മിക്കപ്പോഴും ശുശ്രൂഷാദാസൻമാർ ആഹ്വാനം ചെയ്യപ്പെടുന്നു. സേവകൻമാരായി പ്രവർത്തിക്കുന്നതിനും പുതിയവരെ സ്വാഗതം ചെയ്യുന്നതിനും സഭാമീററിംഗുകളിൽ ക്രമം പാലിക്കുന്നതിന് സഹായിക്കുന്നതിനും കൂടെ ശുശ്രൂഷാദാസൻമാർ നിയോഗിക്കപ്പെടുന്നു.”—പേജ് 57-8.
15. (എ) ഒരു ശുശ്രൂഷാദാസനെന്ന നിലയിൽ ഫലകരമായി സേവിക്കുന്നതിന്, പ്രവർത്തന സാമർത്ഥ്യത്തിനു പുറമെ എന്താവശ്യമാണ്? (ബി) ശുശ്രൂഷാദാസൻമാർ വിവിധ കാര്യങ്ങൾ നോക്കുന്നെങ്കിലും അവരുടെ മുഖ്യതാല്പര്യം എന്തായിരിക്കണം?
15 പ്രവർത്തന സാമർത്ഥ്യമുള്ള ഏതു സഹോദരനും അത്തരം വേല ചെയ്യാൻ കഴിയുമോ? ഇല്ല, കാരണം ഒന്നാം നൂററാണ്ടിൽ യെരൂശലേമിൽ തെരഞ്ഞെടുക്കപ്പെട്ട സാക്ഷ്യമുള്ള പുരുഷൻമാർ “ആത്മാവും ജ്ഞാനവും നിറഞ്ഞവർ” ആയിരുന്നു, അഥവാ “അനുഭവ സിദ്ധരും ആത്മീയ മനസ്ഥിതിക്കാരും” ആയിരുന്നു. (പ്രവൃത്തികൾ 6:3, ഫിലിപ്സ്) യഹോവയുടെ ജനത്തിന്റെയിടയിൽ അവർ അപ്പോൾതന്നെ പ്രായമുള്ള പുരുഷൻമാർ ആയിരുന്നെങ്കിൽതന്നെയും ഇന്ന് ശുശ്രൂഷാദാസൻമാർ നിർവ്വഹിക്കുന്നതിന് സമാനമായ വേല അവർക്ക് നിയമിച്ചുകൊടുക്കപ്പെട്ടു. അതുകൊണ്ട്, ഇന്നത്തെ ശുശ്രൂഷാദാസൻമാർ തങ്ങളുടെ ചുമതലകൾ ഫലകരമായി നിറവേററണമെങ്കിൽ, അവർ “അനുഭവസിദ്ധരും ആത്മീയ മനസ്ഥിതിക്കാരും” ആയിരിക്കണം. അവർ സ്ഥാപനപരമായ കാര്യങ്ങളിൽ വ്യാപരിക്കുമ്പോൾ അവരുടെ മുഖ്യതാല്പര്യം ആത്മീയമായി പ്രയോജനപ്രദമായ വിധങ്ങളിൽ ആളുകളെ സേവിക്കുന്നതിൽ ആയിരിക്കണം.
16. ഒരു സഭയിൽ വേണ്ടത്ര മൂപ്പൻമാരില്ലെങ്കിൽ ശുശ്രൂഷാദാസൻമാർക്ക് എന്തു ചുമതലകൾ നിയമിച്ചുകൊടുക്കാവുന്നതാണ്?
16 ശുശ്രൂഷാദാസൻമാർ ആത്മീയ മനസ്ഥിതിക്കാരായിരിക്കണമെന്നതുകൊണ്ട് ചിലപ്പോഴൊക്കെ അവരെ മൂപ്പൻമാർ ചെയ്യുന്ന വേലക്കായി ഉപയോഗിക്കാൻ കഴിയും. നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ (പേജ് 58-9) ഇപ്രകാരം വിശദീകരിക്കുന്നു: “സഭാ പുസ്തകാദ്ധ്യയനങ്ങൾ നടത്താൻ വേണ്ടത്ര മൂപ്പൻമാരില്ലെങ്കിൽ, നിയമിത ഗ്രൂപ്പുകളുടെ ശുശ്രൂഷാദാസൻമാരിൽ ചിലർ അദ്ധ്യയന നിർവ്വാഹകൻമാരായി ഉപയോഗിക്കപ്പെടുന്നു. സേവന യോഗത്തിലും ദിവ്യാധിപത്യ ശുശ്രുഷാസ്കൂളിലും ഭാഗങ്ങൾ കൈകാര്യം ചെയ്യാനും സ്ഥലത്തെ സഭയിൽ പരസ്യപ്രസംഗങ്ങൾ ചെയ്യാനും അവരെ നിയോഗിക്കാവുന്നതാണ്. പ്രത്യേക ആവശ്യമുള്ളടത്ത്, നിയമനത്തിനുള്ള യോഗ്യതയുണ്ടെങ്കിൽ ചില ശുശ്രൂഷാദാസൻമാർക്ക് മററ് പദവികൾ കൊടുക്കാവുന്നതാണ്.—പത്രോസ് 4:10 താരതമ്യപ്പെടുത്തുക.”
17. സ്തേഫാനോസ് ഏതുതരം മനുഷ്യനായിരുന്നു, ഇത് ശുശ്രൂഷാദാസൻമാരെ സംബന്ധിച്ച് ഏതു ചോദ്യം ഉന്നയിക്കുന്നു?
17 ബൈബിൾ കാലങ്ങളിൽ “സാക്ഷ്യമുള്ള ഏഴുപുരുഷൻമാരി”ൽ ഒരാൾ “വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരു മനുഷ്യനായ സ്തേഫാനോസ്” ആയിരുന്നു. (പ്രവൃത്തികൾ 6:5) ഒരു വിശ്വസ്ത രക്തസാക്ഷിയായി മരിക്കുന്നതിനു മുമ്പ് സ്തേഫാനോസ് യഹൂദ സന്നദ്രീമിനു മുമ്പാകെ ഉത്തേജകമായ ഒരു സാക്ഷ്യം നൽകി. വിവരണം വായിക്കുക, അപ്പോൾ അവൻ ആത്മീയ മനസ്ഥിതിക്കാരനും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തോട് അനുസരണമുള്ള ഒരു മുന്തിയ സാക്ഷിയും യഹോവയുടെ സേവനത്തിൽ തന്റെ ജീവൻ അർപ്പിക്കാൻ മനസ്സുള്ളവനും ആയിരുന്നുവെന്ന് നിങ്ങൾക്ക് ബോദ്ധ്യപ്പെടും. (പ്രവൃത്തികൾ 6:8-7:60) നിങ്ങൾ ഒരു ശുശ്രൂഷാദാസനാണെങ്കിൽ, സ്തേഫാനോസ് തന്റെ ഉത്തരവാദിത്വങ്ങളും സത്യം സംസാരിക്കാനുള്ള തന്റെ പദവിയും കണ്ട അതേ ഗൗരവത്തോടെ നിങ്ങൾ സഭാപരമായ നിങ്ങളുടെ ചുമതലകളും വയൽ ശുശ്രൂഷയും നിർവ്വഹിക്കുന്നുവോ?
അവർ എത്രത്തോളം നിർവ്വഹിക്കുന്നു?
18. പല ശുശ്രൂഷാദാസൻമാരുടെയും വേല സംബന്ധിച്ച് എന്തു പറയാൻ കഴിയും, അവർക്ക് എന്തു ഉറപ്പുണ്ടായിരിക്കാൻ കഴിയും?
18 അനേകം ശുശ്രൂഷാദാസൻമാർ ക്രിസ്തീയ ജീവിതത്തിൽ ഒരു ഉത്തമ മാതൃക വെക്കുകയും തങ്ങളുടെ സഭാപരമായ ഉത്തരവാദിത്വങ്ങൾ നന്നായി നിർവ്വഹിക്കുകയും വയൽ ശുശ്രൂഷയിൽ ഒരു നല്ല നേതൃത്വം വഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സഹാരാധകർ അവരുടെ വേലയെ വളരെയധികം വിലമതിക്കുന്നു, യഹോവ അതിന് പ്രതിഫലം നൽകാതിരിക്കുകയുമില്ല. കാരണം എബ്രായ ക്രിസ്ത്യാനികൾക്ക് ഇപ്രകാരം ഉറപ്പുനൽകിയിരിക്കുന്നു: “നിങ്ങൾ വിശുദ്ധൻമാരെ ശുശ്രൂഷിച്ചതിലും തുടർന്ന് ശുശ്രൂഷിക്കുന്നതിലും നിങ്ങളുടെ വേലയും തന്റെ നാമത്തോട് നിങ്ങൾ കാണിച്ച സ്നേഹവും മറക്കാൻ തക്കവണ്ണം ദൈവം നീതികെട്ടവനല്ല.”—എബ്രായർ 6:10.
19. (എ) ഓരോ ശുശ്രൂഷാദാസനും തന്നോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം? ചില ശുശ്രൂഷാദാസൻമാർ അനുഭവിച്ചിട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കുന്നതെന്തുകൊണ്ട്?
19 എന്നുവരികിലും, ഓരോ ശുശ്രൂഷാദാസനും തന്നോടുതന്നെ ഇപ്രകാരം ചോദിക്കുന്നതു നന്നായിരിക്കും: “തിരുവെഴുത്തുപരമായ വ്യവസ്ഥകളിൽ ഞാൻ എത്രത്തോളം എന്തുന്നു? ഞാൻ യഥാർത്ഥത്തിൽ സഭയുടെ ഐക്യത്തിന് സംഭാവന ചെയ്യുന്നുവോ? ഞാൻ എന്റെ നിയമിത ചുമതലകൾ ഉചിതമായും ഉത്സാഹത്തോടെയും നിർവ്വഹിക്കുന്നുവോ? ഞാൻ വയൽ ശുശ്രൂഷയിൽ ഒരു നല്ല മാതൃക വെക്കുന്നുവോ? ചില ശുശ്രൂഷാദാസൻമാർ അവരുടെ നിലവാരത്തിൽ എത്തുന്നതിൽ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ഈ പ്രശ്നങ്ങളിൽ ചിലത് ചർച്ചചെയ്യാം. അത് ഓരോ ശുശ്രൂഷാദാസനെയും “തന്റെ സ്വന്തം പ്രവൃത്തി എന്തെന്ന് തെളിയിക്കാൻ” സഹായിച്ചേക്കാം. (ഗലാത്യർ 6:4) അത് ദൈവജനങ്ങൾക്ക് ഒരു യഥാർത്ഥ അനുഗ്രഹവും യഹോവയുടെ സാക്ഷികളുടെയിടയിൽ പ്രയോജനപ്രദമായ ഉദ്ദേശ്യങ്ങൾക്ക് സേവ ചെയ്യുന്നതും ആയ ഈ പുരുഷൻമാർ നിർവ്വഹിക്കുന്ന സ്നേഹ—പ്രയത്നങ്ങളോട് മററുള്ളവർക്കുള്ള വിലമതിപ്പ് വർദ്ധിക്കാനും ഇടയാക്കും. (w85 9/15)
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ?
◻ ശുശ്രൂഷാദാസൻമാർ യഹോവയുടെ ജനത്തിന് ഒരു അനുഗ്രഹമായിരിക്കുന്നതെങ്ങനെ?
◻ മുഴുസമയ ശുശ്രൂഷക്ക് ശുശ്രൂഷാദാസൻമാരായിത്തീരാൻ ആഗ്രഹിക്കുന്ന സഹോദരൻമാരെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
◻ ശുശ്രൂഷാദാസൻമാർ അനുഭവസിദ്ധരും ആത്മീയ മനസ്ഥിതിക്കാരും” ആയിരിക്കേണ്ടതെന്തുകൊണ്ട്?
◻ സ്തേഫാനോസ് ഇന്ന് ശുശ്രൂഷാദാസൻമാർക്ക് ഒരു ശ്രേഷ്ടമാതൃകയായിരുന്നതെങ്ങനെ?
[22-ാം പേജിലെ ചിത്രം]
മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും സഭയ്ക്കു ഒരു അനുഗ്രഹമാണ്
[24-ാം പേജിലെ ചിത്രം]
മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ ആയിത്തീരാൻ ആഗ്രഹിക്കുന്നവർക്ക് പയണിയർ സേവനം ഒന്നാംതരം പരിശീലനമാണ്