പിശാചിന് ഇടം കൊടുക്കരുത്!
“നീ ഒരു പ്രകോപിതാവസ്ഥയിലായിരിക്കെ സൂര്യൻ അസ്തമിക്കാതിരിക്കട്ടെ, പിശാചിന് ഇടം കൊടുക്കയുമരുത്.”—എഫേസ്യർ 4:26, 27.
1. പത്രോസ് പിശാചിനെ വർണ്ണിച്ചതെങ്ങനെ, എന്നാൽ അപ്പോസ്തലൻ സംരക്ഷണത്തിനുള്ള എന്ത് ഉറപ്പു നൽകി?
ഒരു ദുഷ്ട വന്യമൃഗം ഇരതേടി നടക്കുകയാണ്. അവന് ക്രിസ്ത്യാനികളെ വിഴുങ്ങുന്നതിന് തൃപ്തിയാകാത്ത ഒരു ആഗ്രഹമുണ്ട്. പത്രോസ് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ സുബോധം നിലനിർത്തുക, ജാഗ്രത പാലിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന ഒരു സിംഹത്തെപ്പോലെ ആരെയെങ്കിലും വിഴുങ്ങാൻ അന്വേഷിച്ചുകൊണ്ട് ചുററി നടക്കുന്നു. എന്നാൽ വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനെതിരെ നിലകൊള്ളുക . . . എന്നാൽ, നിങ്ങൾ അല്പകാലം സഹിച്ചശേഷം സകല അനർഹദയയുടെയും ദൈവം . . . നിങ്ങളെ ഉറപ്പിക്കും, അവൻ നിങ്ങളെ ശക്തീകരിക്കും.”—1 പത്രോസ് 5:8-10.
2. (എ) ഏതു സാഹചര്യങ്ങൾ നമ്മെ സാത്താന്റെ ആക്രമണത്തിന് കൂടുതൽ പതമുള്ളവരാക്കിത്തീർക്കുന്നു? (ബി) വിശ്വാസത്യാഗത്തിന് ഇരയായിത്തീരുന്ന ഒരാൾ തന്നെത്തന്നെയല്ലാതെ മററാരെയും കുററപ്പെടുത്തേണ്ടതില്ലാത്തതെന്തുകൊണ്ട്? (സി) പിശാച് ഇസ്ക്കര്യോത്താ യൂദായുടെ ഹൃദയത്തിൽ യേശുവിനെ ഒററിക്കൊടുക്കാൻ തോന്നിക്കുന്നതിന് ഏതു ബലഹീനത വഴിതുറന്നു കൊടുത്തു?
2 കാർന്നുതിന്നുന്ന ഏതു സംശയത്തിൽനിന്നും വ്യക്തിത്വത്തിന്റെ ഗുരുതരമായ ഏതു ന്യൂനതയിൽനിന്നും വിശ്വാസത്തിൽ ആത്മീയബലമുള്ളവരായി നിൽക്കാനുള്ള നമ്മുടെ ഭാഗത്തെ ഏത് അവഗണനയിൽനിന്നും മുതലെടുക്കാൻ പിശാചും, ഭൂതങ്ങളും മനുഷ്യരുമാകുന്ന അവന്റെ ഏജൻറൻമാരും ഒരുങ്ങി നിൽക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. എന്നാൽ നാം അവനെതിരെ ഒരു ഉറച്ച നിലപാട് സ്വീകരിക്കുന്നെങ്കിൽ പിശാച് നമ്മെ വിഴുങ്ങുകയില്ലെന്ന് യഹോവയുടെ വചനം നമുക്ക് ഉറപ്പുനൽകുന്നു. (യാക്കോബ് 4:7) ദൃഷ്ടാന്തത്തിന്, ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് ആരും വിശ്വാസത്യാഗത്തിന് ഇരയായിത്തീരുന്നില്ല. വിശ്വാസം ത്യജിക്കാൻ ആരും മുൻകൂട്ടി വിധിക്കപ്പെട്ടിട്ടില്ല. ഹൃദയത്തിന്റെ ആന്തരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ചിലർ “നമ്മുടെയിടയിൽനിന്ന് പുറത്തുപോയി, എന്നാൽ അവർ നമ്മുടെ തരക്കാരായിരുന്നില്ല” എന്ന് യോഹന്നാൻ പറഞ്ഞുവെന്നുള്ളത് സത്യംതന്നെ. (1 യോഹന്നാൻ 2:19) എന്നാൽ ഇതു സംഭവിച്ചതിന്റെ കാരണം അവർ ഒന്നുകിൽ വിശ്വാസത്യാഗം തെരഞ്ഞെടുത്തു അല്ലെങ്കിൽ തുടക്കത്തിൽതന്നെ ഒരു ചീത്ത ആന്തരത്തോടെ യഹോവയുടെ സ്ഥാപനത്തിലേക്കു വന്നു. യേശുവിന്റെ 12 അപ്പോസ്തലൻമാരിൽ ഒരുവനായിരിക്കാൻ വിളിക്കപ്പെട്ടപ്പോൾ ഇസ്ക്കര്യോത്താ യൂദായ്ക്കു ഒരു നല്ല ഹൃദയ നിലയുണ്ടായിരുന്നു, എന്നാൽ അത്യാഗ്രഹം എന്ന യൂദായുടെ ബലഹീനതയിൽ പിശാച് പ്രവർത്തിച്ചു. യേശുവിനെ ഒററിക്കൊടുക്കുന്ന രാത്രിക്കു മുമ്പുപോലും “ശിമോന്റെ മകനായ ഇസ്ക്കര്യോത്താ യുദായുടെ ഹൃദയത്തിൽ പിശാച് അവനെ ഒററിക്കൊടുക്കാൻ തോന്നിച്ചിരുന്നു.”—യോഹന്നാൻ 13:2.
3. ഒരു വ്യക്തി വിശ്വാസത്യാഗത്തിന്റെ ഇരയായിത്തീരുന്നതിന് ഏതു ഘടകങ്ങൾ സ്വാധീനം ചെലുത്തിയേക്കാം?
3 തന്റെ സ്വന്തം സ്വാർത്ഥ ന്യായവാദവും ആശകളും അഭിലാഷങ്ങളും തെരഞ്ഞെടുത്ത സഹകാരികളും സാഹചര്യങ്ങളും തന്റെ ചിന്തയെ രൂപപ്പെടുത്താനും തന്റെ ഇഷ്ടത്തിന്റെ ദിശ നിർണ്ണയിക്കാനും അനുവദിക്കുന്നതുകൊണ്ടാണ് ഒരു വ്യക്തി വഷളായിപ്പോകുന്നത്. ‘ഒരിക്കൽ പ്രകാശിതരായി സ്വർഗ്ഗീയ ദാനം ആസ്വദിച്ചശേഷം വീണുപോയ’ ചിലരെക്കുറിച്ച് പൗലോസ് സംസാരിച്ചു. (എബ്രായർ 6:4-6) നാം തുടർച്ചയായി ജാഗ്രത പാലിക്കുന്നില്ലെങ്കിൽ പിശാചിന് അവന്റെ തന്ത്രപൂർവ്വമായ പ്രചരണം മുഖാന്തരം വിശ്വാസത്യാഗചിന്താഗതി നമ്മുടെ ഹൃദയങ്ങൾക്ക് സ്വീകാര്യക്ഷമമാക്കിത്തീർക്കാൻ കഴിയും. എന്നാൽ ഫലത്തിൽ പിശാച് ഒരു വ്യക്തിയെ വിശ്വാസത്യാഗത്തിന്റെ ഒരു ഇരയാക്കിത്തീർത്തുതുടങ്ങുന്നതെങ്ങനെയാണ്?
4. വിദ്വേഷത്തിനും അമർഷത്തിനും കുററം കണ്ടുപിടിക്കലിനും നിങ്ങൾ കീഴടങ്ങുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?
4 വിദ്വേഷവും അമർഷവും കുററം കണ്ടുപിടിക്കലും സാത്താൻ നോക്കുന്ന സാധാരണ മനോഭാവങ്ങളാണ്. അത്തരം മനോഭാവങ്ങൾ വളരെ ശക്തമായിത്തീർന്നേക്കാം, തന്നിമിത്തം സ്നേഹത്തിനും വിലമതിപ്പിനും വളരെ കുറച്ച് ഇടംമാത്രമേ ശേഷിക്കുകയുള്ളു. ഒരുപക്ഷെ, ഒരു വ്യക്തി കുപിതനാകാനും മർമ്മപ്രധാനമായ ക്രിസ്തീയ യോഗങ്ങളിൽനിന്ന് വിട്ടു നിൽക്കുന്നതിനെ ന്യായീകരിക്കാനും ഇടയാക്കിക്കൊണ്ട് തെളിവില്ലാത്ത ചില പ്രശ്നങ്ങൾ ഉള്ളിലിരുന്ന് മുററിയേക്കാം. ഒരു ദീർഘകാലത്തേക്ക് പ്രകോപിതാവസ്ഥയിൽ തുടരുന്നതിനാൽ അയാൾ ‘പിശാചിന് ഇടം കൊടുക്കുന്നു.’ (എഫേസ്യർ 4:27) “എഴുപത്തേഴ് പ്രാവശ്യം” ക്ഷമിക്കുന്നതിനുപകരം പ്രക്ഷുബ്ധനായ വ്യക്തി തന്റെ സഹോദരന്റെ ബലഹീനതകൾ മാത്രം കാണുന്നു. ക്രിസ്തീയ ഗുണങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അവസരങ്ങളെന്നനിലയിൽ പരീക്ഷണഘട്ടങ്ങളെ ഉപയോഗിക്കുന്നതിൽ അയാൾ പരാജയപ്പെടുകയും ചെയ്യുന്നു. (മത്തായി 18:22) ഈ മാനസികാവസ്ഥയിൽ ആരെങ്കിലും വന്ന് യഹോവയുടെ സ്ഥാപനം ഞെരുക്കുന്നതോ നിയന്ത്രണം പ്രയോഗിക്കുന്നതോ ചില പ്രധാന ഉപദേശങ്ങളിൽ തെററുപോലുമോ ആണെന്ന് പറയുന്നെങ്കിൽ രോഷാകുലനായ ക്രിസ്ത്യാനിയുടെ ഹൃദയം അടിസ്ഥാനരഹിതമായ അത്തരം അവകാശവാദങ്ങളോട് സ്വീകാര്യക്ഷമതയുള്ളതായിത്തീർന്നേക്കാം. അപ്പോൾ, വിദ്വേഷവും അമർഷവും വളർന്നുവരാൻ അനുവദിക്കുന്നതിനെ ഒഴിവാക്കുന്നത് എത്ര ആവശ്യമാണ്! നിങ്ങൾ കോപിഷ്ടനായിരിക്കുമ്പോൾ സൂര്യൻ അസ്തമിക്കാൻ അനുവദിക്കരുത്. പകരം, നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെ പൂർണ്ണമായ പ്രകടനം ഉണ്ടായിരിക്കാൻ അനുവദിക്കുക.
5. (എ) അഹങ്കാരവും തിരുത്തലിനോടുള്ള നീരസവും ഒരു കെണിയാണെന്ന് തെളിഞ്ഞേക്കാവുന്നതെങ്ങനെ? (ബി) വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിൽ താഴ്മ എന്തു പങ്കു നിർവ്വഹിക്കുന്നു?
5 പിശാച് ചികഞ്ഞുനോക്കുന്ന ഹൃദയത്തിന്റെയും മനസ്സിന്റെയും മററ് അവസ്ഥകൾ ഏതെല്ലാമാണ്? കൊള്ളാം, അഹങ്കാരം, താൻ പ്രധാനിയാണെന്നു തോന്നൽ, തനിക്ക് ലഭിക്കേണ്ടതെന്ന് ഒരുവൻ കരുതുന്ന പ്രാധാന്യം ലഭിക്കാത്തതിന്റെ അമർഷം എന്നിവയുണ്ട്. ഇവയെല്ലാം പിശാച് ഉപയോഗിച്ചിട്ടുള്ള കെണികളാണ്. (റോമർ 12:3) ഏതെങ്കിലും തെററായ നടപടിക്കോ മനോഭാവത്തിനോ നിങ്ങൾ ബുദ്ധ്യുപദേശിക്കപ്പെടുകയോ ശാസിക്കപ്പെടുകയോ ചെയ്യുന്നെങ്കിൽ, നിങ്ങൾ ശരിയായ സ്ഥാപനത്തിൽ തന്നെയാണോ എന്ന് സ്വയം ചോദിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന് ഇതും പിശാചായ സാത്താന് പററിയ സമയമാണെന്ന് തെളിഞ്ഞേക്കാം. അതുകൊണ്ട് വിനീതരായിരിക്കുക. “ഒരു ചെറിയവൻ” എന്ന നിലയിൽ പെരുമാറുന്നതിൽ സംതൃപ്തനായിരിക്കുക. വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിൽനിന്ന് നിങ്ങൾ ഉലയാൻ ഇടയാക്കുന്നതിന് അഹങ്കാരത്തെയോ ദുരഭിമാനത്തെയോ ഒരിക്കലും അനുവദിക്കരുത്.—ലൂക്കോസ് 9:48; 1 പത്രോസ് 5:9.
6, 7. (എ) പിശാച് പെട്ടെന്ന് മുതലെടുക്കുന്ന അക്ഷമയുടെ ചില പ്രകടനങ്ങളേവ? (ബി) ഒരുവന് ജ്ഞാനം കുറവാണെങ്കിൽ എന്തു ചെയ്യണം?
6 പിശാച് നോക്കുന്ന മറെറാരു കാര്യം ക്ഷമയില്ലായ്മയാണ്. മാററങ്ങൾ വരുത്തേണ്ടതുണ്ടെന്ന് നാം ചിലപ്പോൾ കരുതിയേക്കാം; നാം ഉടനടിയുള്ള നടപടിയോ ഉത്തരങ്ങളോ ആഗ്രഹിക്കുന്നു. ഈ പ്രശ്നം ഇപ്പോൾത്തന്നെ പരിഹരിക്കണം, അല്ലെങ്കിൽ ഞാൻ പോകും എനിക്ക് ഇപ്പോൾത്തന്നെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചേ തീരൂ, അല്ലെങ്കിൽ ഞാൻ മുമ്പോട്ടില്ല. ഇപ്പോൾ വർഷങ്ങളായി അർമ്മഗെദ്ദോനും പുതിയ വ്യവസ്ഥിതിയും “തൊട്ടടുത്ത്” ആയിരുന്നു. ഞാൻ കാത്തിരുന്ന് മടുത്തു. ക്ഷമയില്ലായ്മയുടെ അത്തരം മണ്ഡലങ്ങളിൽ സംശയത്തിന്റെയും മത്സരത്തിന്റെയും വിത്തുകൾ വിതക്കാൻ പിശാച് തയ്യാറായി നിൽക്കുന്നുവെന്ന് ഉറപ്പുള്ളവരായിരിക്കുക. സഹിഷ്ണതയും വിശ്വാസവുമാണ് ആവശ്യമായിരിക്കുന്നത്.—എബ്രായർ 10:36, 39.
7 യാക്കോബ് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും എല്ലാ കാര്യങ്ങളിലും പൂർണ്ണരും ആയിരിക്കേണ്ടതിന് സഹിഷ്ണത അതിന്റെ പ്രവൃത്തി തികയ്ക്കട്ടെ. അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവുണ്ടെങ്കിൽ അവൻ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ അവൻ നിന്ദിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നു; അത് അവന് നൽകപ്പെടുകയും ചെയ്യും. എന്നാൽ അവൻ അശേഷം സംശയിക്കാതെ വിശ്വാസത്തോടെ ചോദിച്ചുകൊണ്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ സംശയിക്കുന്നവൻ അങ്ങുമിങ്ങും കാററടിച്ച് നീക്കപ്പെടുന്ന കടൽത്തീരപോലെയാകുന്നു. യഥാർത്ഥത്തിൽ, തനിക്ക് യഹോവയിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് അവൻ സങ്കൽപ്പിക്കാതിരിക്കട്ടെ; അവൻ തന്റെ എല്ലാ വഴികളിലും അസ്ഥിരനും ചഞ്ചലമനസ്ക്കനും ആയ മനുഷ്യനാകുന്നു.” (യാക്കോബ് 1:4-8) നിങ്ങൾ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ സംബന്ധിച്ച് അക്ഷമനോ സംശയാലുവോ ആയിത്തീരുന്നതുനിമിത്തം നിങ്ങളെ വിശ്വാസത്യാഗത്തിന്റെ ഒരു സ്ഥാനാർത്ഥിയാക്കിത്തീർക്കാൻ പിശാചിനെ അനുവദിക്കരുത്! ക്ഷമയും നന്ദിയുമുള്ളവരായിരിക്കുക. യഹോവക്കായി കാത്തിരിക്കുക.—സങ്കീർത്തനം 42:5.
8. അധികാരത്തോട് മത്സരിക്കാനുള്ള പ്രവണത തിരുവെഴുത്തുപരമായ നിയന്ത്രണങ്ങൾ വലിച്ചെറിയാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതിന് പിശാചിന് വഴിതുറന്നു കൊടുത്തേക്കാവുന്നതെങ്ങനെ?
8 നമ്മെ വ്യതിചലിപ്പിക്കാൻ ശ്രമിക്കുകയിൽ പിശാച് മറെറന്തുകൂടെ ഉപയോഗിക്കുന്നു? യഹോവയുടെ ദാസൻമാർ നേതൃത്വമെടുക്കുന്നവരെ വിമർശിക്കുന്നവരായിത്തീരാൻ ഇടയാക്കുന്നതിന് അവൻ എല്ലായ്പ്പോഴും മത്സരം ഇളക്കിവിടാൻ ശ്രമിച്ചിട്ടില്ലേ? ‘മൂപ്പൻമാർക്ക് മനസ്സിലാകുന്നില്ല. അവർ വളരെയധികം കർക്കശരും ബുദ്ധിമുട്ടിക്കുന്നവരും ആണ്, എന്ന് ചിലർ പറഞ്ഞേക്കാം. ഒരു വ്യക്തി കുറേക്കൂടെ പോകുകയും യഹോവയുടെ സാക്ഷികളുടെ ഭരണസംഘമോ മററ് ഉത്തരവാദിത്വമുള്ള സഹോദരൻമാരോ മനഃസാക്ഷി സ്വാതന്ത്ര്യത്തിലും തിരുവെഴുത്തുകൾ വ്യാഖ്യാനിക്കാനുള്ള വ്യക്തിയുടെ “അവകാശ”ത്തിലും കൈകടത്തുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തേക്കാം. എന്നാൽ യോസേഫിന്റെ വിനീതമായ വാക്കുകൾ ഓർമ്മിക്കുക: “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ”? (ഉല്പത്തി 40:8) കൂടാതെ, ഈ അവസാനനാളുകളിൽ അഭിഷിക്തരുടെ ഒരു സ്ഥാപനം ആകുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ” തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നതിന് ചുമതലപ്പെടുത്തപ്പെടും എന്ന് യേശു മുൻകൂട്ടി പറഞ്ഞില്ലയോ? (മത്തായി 24:45-47) തങ്ങളുടെ സ്വന്തം വിരുദ്ധ അഭിപ്രായങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക. കൂടാതെ, എല്ലാ നിയന്ത്രണങ്ങളും വലിച്ചെറിയാൻ ആഗ്രഹിക്കുന്നവരെ, അഥവാ യഹോവയുടെ സാക്ഷികൾ അടിമകളാണെന്ന് അവകാശപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കുക! പത്രോസ് വ്യാജ ഉപദേഷ്ടാക്കളെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “അവർക്ക് സ്വാതന്ത്ര്യം വാഗ്ദത്തം ചെയ്യുമ്പോൾ ഇവർതന്നെ ദ്രവത്വത്തിന് അടിമകളായി സ്ഥിതിചെയ്യുന്നു. കാരണം മറെറാന്നിനാൽ കീഴടക്കപ്പെടുന്ന ഏതൊരുവനും ഈ ഒന്നിനാൽ അടിമയാക്കപ്പെടുന്നു.”—2 പത്രോസ് 2:1, 19.
9. പലപ്പോഴും നേത്യമെടുക്കുന്നവരെ വിമർശിക്കുന്നവരുടെ മനോഭാവം എന്താണ്?
9 പലപ്പോഴും സൊസൈററിയെയോ നേതൃത്വമെടുക്കുന്നവരേയോ വിമർശിക്കുന്നവരുടെ ആന്തരം എന്താണ്? പലപ്പോഴും തിരുവെഴുത്തിന്റെ ചില പ്രബോധനം അവരെ വ്യക്തിപരമായി ബാധിക്കുന്നതുകൊണ്ടല്ലയോ? ശരിയായ ഉപദേശത്തിനും മാർഗ്ഗനിർദ്ദേശത്തിനും ചേർച്ചയായി അനുരൂപപ്പെടുന്നതിനുപകരം സ്ഥാപനം മാററം വരുത്താൻ അവർ ആഗ്രഹിക്കുന്നു. ഏതാനും ദുഷ്ടാന്തങ്ങൾകൊണ്ട് നമുക്ക് ഇത് വിശദമാക്കാം.
10. വസ്ത്രധാരണത്തിലും ചമയത്തിലും അതിരുകടന്ന രീതികൾക്ക് നിർബ്ബന്ധം പിടിക്കുന്നത് ഒരുവൻ ‘പിശാചിന് ഇടം കൊടുക്കുന്നതിൽ കലാശിച്ചേക്കാവുന്നതെങ്ങനെ?
10 ഒരു സഹോദരൻ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും സംഗതിയിൽ അതിരുകടന്ന ഏതെങ്കിലും ഫാഷന് നിർബ്ബന്ധം പിടിക്കുന്നു. മൂപ്പൻമാർ അയാൾ ഒരു നല്ല മാതൃകയല്ലെന്ന് കരുതുകയും പ്രബോധനം നൽകുന്നതിന് പ്രസംഗപീഠത്തിൽ പ്രത്യക്ഷപ്പെടുന്നതുപോലുള്ള ചില പദവികൾ നൽകാതിരിക്കുകയും ചെയ്യുന്നു. മററുള്ളവർ തന്റെ ക്രിസ്തീയ സ്വാതന്ത്ര്യം എടുത്തുകളയാൻ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് അയാൾ നീരസമുള്ളവനായിത്തീരുന്നു. എന്നാൽ അത്തരം ന്യായവാദത്തിന്റെ പിന്നിൽ ഉള്ളത് എന്താണ്? സാധാരണഗതിയിൽ അത് അഹങ്കാരമോ ഒരു സ്വതന്ത്ര മനോഭാവമോ തന്നിഷ്ടം ചെയ്യാനുള്ള ബാലിശമായ ഒരു ആഗ്രഹമോ അല്ലേ? ഇത് ഒരു ചെറിയ കാര്യമാണെന്ന് തോന്നിയേക്കാമെന്നിരിക്കെ ആ വിധത്തിൽ ന്യായവാദം ചെയ്യുന്ന ഒരു വ്യക്തി “പിശാചിന് ഇടം കൊടു”ത്തേക്കാം. എന്നാൽ നാം മാന്യവും സ്വീകാര്യവുമായ ഒരു വിധത്തിൽ വസ്ത്രം ധരിക്കുന്നതിനും ചമയുന്നതിനും സ്നേഹവും താഴ്മയും ഇടയാക്കും. നാം നമ്മെത്തന്നെ പ്രസാദിപ്പിക്കാതെ എല്ലാ കാര്യങ്ങളും സുവാർത്തയുടെ ഉന്നമനത്തിനുവേണ്ടി ചെയ്യേണ്ടിയിരിക്കുന്നു.—റോമർ 15:1, 2; 1 കൊരിന്ത്യർ 10:23, 24.
11. രക്തത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള യഹോവയുടെ കല്പനയെ ചോദ്യം ചെയ്യുന്നതിന്റെ പിന്നിൽ ഉള്ളത് എന്തായിരിക്കാം?
11 നമുക്ക് മറെറാരു ദൃഷ്ടാന്തം എടുക്കാം. രക്തം ഭക്ഷിക്കുന്നതിനെതിരെയുള്ള തിരുവെഴുത്തുപരമായ വിലക്ക് യഥാർത്ഥത്തിൽ രക്തപ്പകർച്ചകൾക്ക് ബാധകമാണോ എന്ന് ചിലപ്പോൾ ആരെങ്കിലും ചോദ്യം ചെയ്യുന്നത് നിങ്ങൾ കേൾക്കാൻ ഇടയായേക്കാം. എന്നാൽ ആ ന്യായവാദത്തിന്റെ പിന്നിലുള്ളത് എന്താണ്? അത് ഭയമാണോ—ഒരുവന്റെ ഇപ്പോഴത്തെ ജീവനോ പ്രിയപ്പെട്ട ഒരാളുടെ ജീവനോ നഷ്ടപ്പെടാനുള്ള സാദ്ധ്യതയേക്കുറിച്ചുള്ള ഭയംതന്നെ? പുനരുത്ഥാന പ്രത്യാശ മങ്ങിപ്പോവുകയാണോ? വിശ്വസ്തക്രിസ്ത്യാനികൾ ദൈവനിയമം സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യുകയോ അതിൽ വെള്ളം ചേർക്കാനുള്ള മാർഗ്ഗം അന്വേഷിക്കുകയോ ചെയ്യുന്നില്ല. ശരീരത്തെ പോഷിപ്പിക്കാൻ രക്തം ഉപയോഗിക്കുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത് പരസംഗത്തിൽനിന്നും വിഗ്രഹാരാധനയിൽനിന്നും ഒഴിഞ്ഞു നിൽക്കുന്നതുപോലെതന്നെ അവശ്യസംഗതിയാണ്, എല്ലാം അപ്പോസ്തലൻമാരുടെയും യെരൂശലേമിലെ മൂപ്പൻമാരുടെയും ആത്മാവിനാൽ നയിക്കപ്പെട്ട ഒരേ കല്പനയിൽ കുററം വിധിച്ചിരിക്കുന്നവതന്നെ.—പ്രവൃത്തികൾ 15:19, 20, 28, 29.
12. നാം പുറത്താക്കപ്പെട്ടവരോടുള്ള സാമൂഹ്യസഹവാസം ഒഴിവാക്കണമെന്ന തിരുവെഴുത്തുപരമായ വ്യവസ്ഥ ലംഘിക്കുന്നതിന് തെററായ താല്പര്യം ഇടയാക്കരുതാത്തതെന്തുകൊണ്ട്?
12 ഒരു വിമർശന മനോഭാവമുള്ള ചിലർ, പുറത്താക്കപ്പെട്ട വ്യക്തികളുമായി സാമൂഹ്യബന്ധങ്ങൾ വിച്ഛേദിക്കുന്നതു സംബന്ധിച്ച് യഹോവയുടെ സ്ഥാപനം കൂടുതൽ കർക്കശമാണെന്ന് അവകാശപ്പെടുന്നു. (2 യോഹന്നാൻ 10, 11) എന്നാൽ അത്തരം വിമർശകർക്ക് അങ്ങനെ തോന്നുന്നതെന്തുകൊണ്ടാണ്? അവർക്ക് യഹോവയോടും അവന്റെ പ്രമാണങ്ങളോടും വ്യവസ്ഥകളോടുമുള്ള കൂറിനേക്കാൾ കവിഞ്ഞ അളവിൽ ഒരു അടുത്ത കുടുംബബന്ധമോ ഒരു സ്നേഹിതനോടുള്ള തെററായ താല്പര്യമോ ഉള്ളതുകൊണ്ടാണോ? പുറംതള്ളപ്പെട്ട ഒരു വ്യക്തിക്ക് തുടർന്നും സാമൂഹ്യസഹവാസം നൽകിക്കൊണ്ടിരിക്കുന്നത്, ഒരു ബന്ധുവിനേപ്പോലെ അടുപ്പമുള്ള ഒരാളാണെങ്കിൽ പോലും തെററുചെയ്തയാൾ തന്റെ ഗതി അത്ര ഗുരുതരമല്ലെന്ന് നിഗമനം ചെയ്യുന്നതിലേക്കും ഇത് കൂടുതലായ ദോഷത്തിലേക്കും നയിച്ചേക്കാമെന്ന സംഗതിയും പരിചിന്തിക്കുക. എന്നാൽ, അത്തരം സഹവാസം നൽകാതിരിക്കുന്നത് തനിക്ക് നഷ്ടപ്പെട്ടതിനോടുള്ള ഒരു ആഗ്രഹവും അത് വീണ്ടും നേടിയെടുക്കാനുള്ള താല്പര്യവും അയാളിൽ സൃഷ്ടിച്ചേക്കാം. യഹോവയുടെ വഴി എല്ലായ്പ്പോഴും അത്യുത്തമമാണ്, അത് നമ്മുടെ സ്വന്തം സംരക്ഷണത്തിനുമാണ്.—സദൃശവാക്യങ്ങൾ 3:5.
13. വീടുതോറുമുള്ള പരസ്യപ്രസംഗവേല സംബന്ധിച്ച് നമുക്ക് ഏതു മനോഭാവം ഉണ്ടായിരിക്കണം.
13 മറെറാരു വ്യക്തി, വീടുതോറുമുള്ള പരസ്യപ്രസംഗവേലയെ തിരുവെഴുത്തുകൾ പിന്താങ്ങുന്നില്ലെന്ന് തെററായി അവകാശപ്പെട്ടേക്കാം. എന്നാൽ ഇത് അയാൾ ഇപ്പോൾതന്നെ പ്രധാനപ്പെട്ട ഈ വേല ഇഷ്ടപ്പെടാത്തതുകൊണ്ടും ഒഴിഞ്ഞു നിൽക്കാനുള്ള ഒരു ഒഴികഴിവിനുവേണ്ടി നോക്കുന്നതുകൊണ്ടും ആണോ? ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം ഈ ജീവരക്താകരമായ വേലയുടെ അടിയന്തിരത കാണാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. കൂടാതെ സഹിഷ്ണതയും ആവശ്യമാണ്. പരസ്യമായും വീടുതോറും പഠിപ്പിക്കുമളവിൽ ‘യഹൂദൻമാർക്കും യവനൻമാർക്കും പൂർണ്ണസാക്ഷ്യം നൽകുന്നതിലെ’ തന്റെ സ്വന്തം സഹിഷ്ണത സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് സംസാരിച്ചു. (പ്രവൃത്തികൾ 20:18-21) പരാതി പറയാതെ, നാം അവന്റെ ശ്രേഷ്ഠമാതൃക വിശ്വസ്തമായി പിൻപറേറണ്ടതല്ലേ? വീടുതോറും പ്രവർത്തിക്കുന്നതിൻമേലുള്ള യഹോവയുടെ അനുഗ്രഹം നിമിത്തം “ഒരാട്ടിൻകൂട്ട”ത്തിലേക്കു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന ആയിരങ്ങളെ നോക്കുക! (യോഹന്നാൻ 10:16) ആളുകളിലേക്ക് സുവാർത്ത എത്തിക്കുന്നതിന് വാതിൽ തോറും പോകുന്നതിനാൽ പരിശീലനത്തിലും ശിക്ഷണത്തിലും നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നതിലും നമുക്കു ലഭിക്കുന്ന ഉത്തമ പ്രയോജനങ്ങൾ മറന്നുകളയരുത്.—പ്രവൃത്തികൾ 5:42 താരതമ്യം ചെയ്യുക; 1 തിമൊഥെയോസ് 4:16.
14. യഹോവയുടെ സാക്ഷികൾ കള്ളപ്രവാചകൻമാരാണെന്ന് വിമർശകർ കുററമാരോപിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾ കരുതുന്നു?
14 അന്തിമമായി, കാലക്കണക്ക് സംബന്ധിച്ച് സൊസൈററി കഴിഞ്ഞകാലങ്ങളിൽ പ്രസിദ്ധീകരിച്ച കാര്യങ്ങൾ നമുക്ക് പരിചിന്തിക്കാം. യഹോവയുടെ സാക്ഷികൾ കള്ള പ്രവാചകൻമാരാണെന്ന് ചില എതിരാളികൾ അവകാശപ്പെടുന്നു. തീയതികൾ പറഞ്ഞിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല എന്ന് ഈ എതിരാളികൾ പറയുന്നു. ഈ വിമർശകരുടെ ആന്തരം എന്താണ് എന്ന് നാം വീണ്ടും ചോദിക്കുന്നു? അവർ ദൈവജനങ്ങള ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കുകയാണോ, അതോ അവർതന്നെ നിഷ്ക്രിയത്വത്തിന്റെ ഉറക്കത്തിലേക്ക് വീണുപോയതിന് തങ്ങളെത്തന്നെ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ? (1 തെസ്സലോനിക്യർ 5:4-9) അധികം പ്രധാനമായി, അത്തരം വിമർശനം കേൾക്കുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യും? നാം ഈ വ്യവസ്ഥിതിയുടെ അവസാന നാളുകളിലാണ് ജീവിക്കുന്നതെന്നുള്ളതിനെ ഒരു വ്യക്തി ചോദ്യം ചെയ്യുന്നെങ്കിൽ, അഥവാ ദൈവം വളരെ കരുണയുള്ളവനായതുകൊണ്ട് “മഹോപദ്രവ”ത്തിൽ കോടിക്കണക്കിന് ആളുകൾ മരിക്കാൻ ഒരിക്കലും ഇടയാക്കുകയില്ലെന്നുള്ള ആശയങ്ങൾ താലോലിക്കുന്നെങ്കിൽ, അപ്പോൾ ഇയാൾ അത്തരം വിമർശനങ്ങൾ ശ്രദ്ധിക്കുന്നതിന് തന്റെ ഹൃദയത്തെ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.—2 തിമൊഥെയോസ് 3:1; മത്തായി 24:21.
15. കള്ളപ്രവാചകൻമാരായിരിക്കുന്നതിനു പകരം യഹോവയുടെ സാക്ഷികൾക്ക് ദൈവവചനത്തിലും അതിന്റെ സുനിശ്ചിത വാഗ്ദത്തങ്ങളിലും വിശ്വാസമുണ്ടെന്ന് എന്തു തെളിയിക്കുന്നു?
15 അതെ, യഹോവയുടെ ജനത്തിന് കാലാകാലങ്ങളിൽ പ്രതീക്ഷകൾ തിരുത്തേണ്ടിവന്നിട്ടുണ്ട്. നമ്മുടെ ആകാംക്ഷനിമിത്തം യഹോവയുടെ സമയപ്പട്ടികയനുസരിച്ച് പുതിയ വ്യവസ്ഥിതി വരേണ്ടതിന് മുമ്പുതന്നെ നാം അത് പ്രതീക്ഷിച്ചു. എന്നാൽ നാം മററുള്ളവരോട് ദൂത് ഘോഷിച്ചുകൊണ്ട് ദൈവവചനത്തിലും അതിന്റെ സുനിശ്ചിതമായ വാഗ്ദത്തങ്ങളിലും നമ്മുടെ വിശ്വാസം പ്രകടമാക്കി. അതിനുപുറമെ, നമ്മുടെ ഗ്രാഹ്യം അല്പം തിരുത്തേണ്ടിവന്നുവെന്നത് നമ്മളെ വ്യാജപ്രവാചകൻമാരാക്കുകയോ ഭൗമികപരദീസക്ക് വഴിയൊരുക്കുന്ന “മഹോപദ്രവം” പെട്ടെന്നുതന്നെ അനുഭവപ്പെടാൻ പൊകുന്ന “അവസാന നാളുക”ളിൽ ആണ് നാം ജീവിക്കുന്നത് എന്ന വസ്തുതക്ക് മാററം വരുത്തുകയോ ചെയ്യുന്നില്ല. പ്രതീക്ഷകൾക്ക് അല്പം തിരുത്തൽ ആവശ്യമായി വന്നതുകൊണ്ട് ആകമാന സത്യത്തെ ചോദ്യം ചെയ്യുന്ന വീക്ഷണം സ്വീകരിക്കുന്നത് എത്ര മൗഢ്യമാണ്! “വിശ്വസ്തനും വിവേകിയുമായ അടിമ” നേതൃത്വമെടുക്കുന്ന തന്റെ ഏക സ്ഥാപനത്തെ യഹോവ ഉപയോഗിച്ചിരിക്കുന്നു. ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവ് സ്പഷ്ടമാണ്. അതുകൊണ്ട് പിൻവരുന്നപ്രകാരം പറഞ്ഞ പത്രോസിനേപ്പോലെ നാം കരുതുന്നു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽപോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടല്ലോ.”—യോഹന്നാൻ 6:68.
16, 17. (എ) മത്തായി 7:15-20-ലെ യേശുവിന്റെ വാക്കുകളുടെ ബാധകമാക്കൽ യഹോവയുടെ അനുഗ്രഹമുള്ള സ്ഥാപനത്തെ തിരിച്ചറിയാൻ സഹായിക്കുന്നതെങ്ങനെ? (ബി) യഹോവയുടെ യഥാർത്ഥ ദാസൻമാരുടെ ജീവിതത്തിൽ ഉല്പാദിപ്പിക്കപ്പെട്ടിരിക്കുന്ന നല്ല ഫലങ്ങളിൽ ചിലത് ഏവയാണ്?
16 യഹോവയുടെ സാക്ഷികളുടെയിടയിൽ, ആത്മീയ പരദീസയിൽ മാത്രമേ തന്റെ യഥാർത്ഥ ശിഷ്യൻമാരെ തിരിച്ചറിയിക്കുമെന്ന് യേശു പറഞ്ഞ ആത്മത്യാഗപരമായ സ്നേഹം നമുക്ക് കണ്ടെത്താൻ കഴിയുകയുള്ളു. (യോഹന്നാൻ 13:34, 35) വ്യാജപ്രവാചകൻമാർ അവർ യഥാർത്ഥത്തിൽ എങ്ങനെയുള്ളവരാണെന്ന് അവരുടെ ചീത്ത ഫലങ്ങളാൽ പ്രകടമാക്കപ്പെടുന്നു. എന്നാൽ നല്ല വൃക്ഷങ്ങൾ അവയുടെ നല്ല ഫലങ്ങളാൽ തിരിച്ചറിയിക്കപ്പെടും എന്ന് യേശു സൂചിപ്പിച്ചു. (മത്തായി 7:15-20) നമുക്ക് ആത്മീയ പരദീസയിൽ എത്ര ഉത്തമമായ ഫലോല്പാദനമാണുള്ളത്! മിക്കവാറും എല്ലാ രാജ്യത്തും വിസ്മയകരമായ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗോളമാസകലമായി 30,00,000-ലധികം വരുന്ന ദൈവരാജ്യത്തിന്റെ സന്തുഷ്ട പ്രജകൾ യഹോവക്ക് ഭൂമിയിൽ ഒരു ജനമുണ്ടെന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്.
17 യഹോവയുടെ സാക്ഷികൾ ദൈവത്താൽ പഠിപ്പിക്കപ്പെടുന്നതുകൊണ്ട് അവർ യഥാർത്ഥത്തിൽ ക്രിസ്ത്യാനിത്വത്തിന്റെ ഫലങ്ങൾ തങ്ങളുടെ ജീവിതത്തിൽ ഉല്പാദിപ്പിക്കുന്നു. (യെശയ്യാവ് 54:13) ബാബിലോന്യ അന്ധവിശ്വാസങ്ങളിൽനിന്ന് പൂർണ്ണമായി സ്വതന്ത്രരായിരിക്കുന്നത് യഹോവയുടെ ജനം മാത്രമാണ്. ലൈംഗിക ദുർമ്മാർഗ്ഗവും ഗർഭഛിദ്രവും മദ്യാസക്തിയും മോഷണവും വിഗ്രഹാരാധനയും വർഗ്ഗീയമുൻവിധിയും മററ് ലൗകിക അനുധാവനങ്ങളും ശീലങ്ങളും ദൈവവചനം പറയുന്നത് പൂർണ്ണമായി അനുസരിക്കുന്ന ഒരു സ്ഥാപനം ഉള്ളത് അവർക്ക് മാത്രമാണ്. കൂടാതെ യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാനുള്ള കല്പന അനുസരിക്കുന്നവർ അവർ മാത്രമാണ്. (മത്തായി 24:14) ദൈവത്തിന്റെ സ്വന്തം വചനം അവന്റെ അനുഗ്രഹമുള്ള ഏക സംഘടിത ജനമെന്ന നിലയിൽ സംശയലേശമേന്യെ യഹോവയുടെ സാക്ഷികളെ ചൂണ്ടിക്കാണിക്കുന്നു!
18. വിശ്വാസത്യാഗികളുടെ ഉപദേശത്തെ അഭിമുഖീകരിക്കുമ്പോൾ യഹോവയുടെ ദാസൻമാരുടെ നിലപാട് എന്തായിരിക്കണം?
18 അതെ, വിശ്വാസത്തോടെയും ഭക്തിയോടെയും ക്രിസ്തീയ മാർഗ്ഗത്തിൽ സഹിച്ചുനിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം യഹോവയുടെ സത്യം ഇപ്പോഴും മനോഹരമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അവർ അത് ആദ്യം കേട്ടപ്പോഴത്തേതിനേക്കാൾ പോലും സംതൃപ്തികരവുമാണ്. അതുകൊണ്ട്, നിങ്ങൾ രുചിച്ചുനോക്കാൻ വിശ്വാസത്യാഗികൾ ആഗ്രഹിക്കുന്ന വിഷം ഒരിക്കലും തൊട്ടുനോക്കുകപോലുമില്ലെന്ന് നിങ്ങളുടെ ഹൃദയത്തിൽ നിശ്ചയമെടുക്കുക. നിങ്ങളെ വഞ്ചിക്കുകയും വഴിതെററിക്കുകയും മരണത്തിന്റെ വഴികളിലേക്ക് നിങ്ങളെ തിരിക്കുകയും ചെയ്യുന്നവരെ പൂർണ്ണമായി ഒഴിവാക്കാനുള്ള യഹോവയുടെ ദൃഢവും ജ്ഞാനപൂർവ്വവുമായ കല്പനകൾ അനുസരിക്കുക. നാം നമ്മുടെ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടുംകൂടെ യഹോവയെ സ്നേഹിക്കുകയും നാം നമ്മെ സ്നേഹിക്കുന്നതുപോലെ നമ്മുടെ അയൽക്കാരെ സ്നേഹിക്കുകയും ചെയ്യുന്നെങ്കിൽ വിശ്വാസത്യാഗ ചിന്താഗതി തുളച്ചുകയറാൻ നാം ഇടം അവശേഷിപ്പിക്കുകയില്ല. (മത്തായി 22:37-39) നാം “പിശാചിന് ഇടംകൊടുക്കുക”യില്ല, മറെറവിടെയെങ്കിലും നോക്കാനുള്ള യാതൊരു അഭിലാഷവും ഉണ്ടാവുകയുമില്ല. നാം എതെങ്കിലും കപട ഉപദേശത്താൽ ‘നമ്മുടെ ന്യായബോധം വിട്ട് വേഗത്തിൽ ഇളകുകയും’ ഇല്ല.—2 തെസ്സലോനിക്യർ 2:1, 2.
19. ഏതുഗതി, നിത്യജീവന്റെ ‘സമ്മാനം യാതൊരു മനുഷ്യനും നമ്മിൽനിന്ന് കവർന്നുകളയുകയില്ലെന്ന്’ ഉറപ്പുവരുത്തും?
19 നാം സമൃദ്ധമായ വളരെയധികം അനുഗ്രഹങ്ങൾ ആസ്വദിക്കുന്ന യഹോവയുടെ ആത്മീയ പരദീസയിൽ ആയിരിക്കാനുള്ള നമ്മുടെ പദവിയെ നമുക്ക് എല്ലായ്പ്പോഴും വിലമതിക്കാം. നിത്യജീവന്റെ വചനങ്ങൾ വിശ്വസ്തമായി ഉയർത്തിപ്പിടിക്കുന്നവർ ആരാണെന്ന് നമുക്കറിയാം അവർ വിശ്വാസത്തിൽ നമ്മുടെ ആത്മാർത്ഥതയുള്ള വിശ്വസ്ത സഹോദരീസഹോദരൻമാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരോടുള്ള അടുത്ത സഹവാസം നിലനിർത്തുക. നാം ആദ്യം സത്യം പഠിച്ചപ്പോൾ നമുക്കുണ്ടായിരുന്ന അതേ സന്തോഷവും സംതൃപ്തിയും നമുക്ക് തുടർന്നും നിലനിർത്താം, യഹോവയുടെ പുതിയ വ്യവസ്ഥിതിയിൽ നിത്യജീവന്റെ മഹത്തായ സമ്മാനം സംബന്ധിച്ച ഉറപ്പോടുകൂടെത്തന്നെ. വളരെ ഉചിതമായി പൗലോസ് പറഞ്ഞതുപോലെ: “യാതൊരു മനുഷ്യനും നിങ്ങളിൽനിന്ന് സമ്മാനം കവർന്നു കളയാതിരിക്കട്ടെ!”—കൊലോസ്യർ 2:18. (w86 3/15)
നിങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ?
◻ വിശ്വാസം ത്യജിക്കാൻ ആരും മുൻകൂട്ടി വിധിക്കപ്പെട്ടിട്ടില്ല എന്നത് സത്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ അമർഷത്തിനും അഹങ്കാരത്തിനും ക്ഷമയില്ലായ്മക്കും ഹൃദയത്തിൽ പിശാചിന് ഒരു സ്ഥാനം തുറന്നു കൊടുക്കാൻ കഴിയുന്നതെങ്ങനെ?
◻ സാധാരണയായി നേതൃത്വം എടുക്കുന്നവർ നൽകുന്ന ബുദ്ധ്യുപദേശത്തെ വിമർശിക്കുന്നതിനു പിന്നിൽ ഉള്ളതെന്താണ്?
◻ യഹോവയുടെ സാക്ഷികൾ ഉല്പാദിപ്പിക്കുന്ന ഏതു ഫലം അവർ ദൈവം ഉപയോഗിക്കുന്ന ഏകസ്ഥാപനം ആണെന്ന് തെളിയിക്കുന്നു?
[16-ാം പേജിലെ ചിത്രം]
ബുദ്ധ്യുപദേശം തിരസ്ക്കരിക്കുന്നതിനാൽ നാം “പിശാചിന് ഇടം കൊടു”ത്തേക്കാം
[17-ാം പേജിലെ ചിത്രം]
അഹങ്കാരത്തിന് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയാത്ത ഒരു പതനത്തിലേക്ക് ഒരുവനെ നയിക്കാൻ കഴിയും
[19-ാം പേജിലെ ചിത്രം]
തിരക്കുള്ളവരും സന്തുഷ്ടരും ആയ യഹോവയുടെ ദാസൻമാർ വിശ്വാസത്യാഗ ചിന്താഗതികൾക്ക് അല്ലെങ്കിൽ ‘പിശാചിന് ഇടം കൊടുക്കുന്നില്ല’