‘നിങ്ങളുടെ ന്യായബോധം വിട്ട് വേഗത്തിൽ ഇളകിപ്പോകരുത്’
“നിങ്ങളുടെ ന്യായബോധം വിട്ട് വേഗത്തിൽ ഇളകിപ്പോവുകയോ ഒരു നിശ്വസ്ത മൊഴിയാലോ വാക്കാലോ ഞങ്ങളിൽ നിന്നെന്ന വ്യാജേനയുള്ള ലേഖനത്താലോ പരിഭ്രാന്തരായിപ്പോവുകയോ ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.”—2 തെസ്സലോനീക്യർ 2:1,2.
1. നാം ആദ്യം സത്യം പഠിച്ച കാലത്തേക്ക് പിന്തിരിഞ്ഞു നോക്കുമളവിൽ സന്തോഷകരമായ ഏത് ഓർമ്മകൾ മനസ്സിലേക്കു വരുന്നു?
ക്രിസ്ത്യാനികളെന്നനിലയിൽ നാം ദൈവവചനത്തിൽനിന്ന് ആദ്യം സത്യം പഠിച്ച കാലത്തേക്ക് പിന്തിരിഞ്ഞുനോക്കുമളവിൽ സന്തോഷകരമായ ഓർമ്മകൾ എന്നും നമ്മുടെ മനസ്സിലേക്കു വരുന്നു. അത് മനോജ്ഞവും ന്യായയുക്തവും സംതൃപ്തികരവും ആയിരുന്നു. നാം യഹോവയേക്കുറിച്ചും അവന്റെ മഹാസ്നേഹവും കരുണയും ഉൾപ്പെടെ അവന്റെ ഉന്നത ഗുണങ്ങളേക്കുറിച്ചും പഠിച്ചപ്പോൾ നമ്മുടെ ഹൃദയങ്ങൾ വിലമതിപ്പുകൊണ്ട് എത്രയധികം ഇളകിമറിഞ്ഞു! ആത്മാർത്ഥമായ ക്രിസ്തീയ സ്നേഹം പ്രകടമാക്കുകയും ബൈബിൾ തത്വങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്ത സഹവിശ്വാസികളുമായി സഹവാസത്തിൽ വന്നപ്പോൾ നാം ആനന്ദിച്ചു.
2. യഹോവയുടെ ദാസൻമാരെന്നനിലയിൽ നമുക്ക് എന്തു പ്രതീക്ഷകൾ ഉണ്ട്, നാം ഏത് ആത്മീയ അവസ്ഥയിൽ നമ്മെത്തന്നെ കണ്ടെത്തുന്നു?
2 യഹോവ പെട്ടെന്നുതന്നെ വേദനയും സങ്കടവും മരണംപോലും നീക്കിക്കളയുമെന്ന് പഠിച്ചതിൽ നാം എത്ര നന്ദിയുള്ളവരായിരുന്നു. (വെളിപ്പാട് 21:3, 4) പൂർണ്ണമായ ആരോഗ്യത്തോടും തികഞ്ഞ സന്തുഷ്ടിയോടും കൂടെ ഒരു പരദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുക! അത് സത്യമായിരിക്കാൻ കഴിയാതവണ്ണം അത്ര നൻമനിറഞ്ഞതായിരുന്നു. എന്നാൽ അത് സത്യമായിരുന്നു. ദൈവവചനം അതിനെ പിന്താങ്ങിയിരുന്നു. അത് പുളകപ്രദമായിരുന്നു! യേശു തന്റെ പുനരുത്ഥാനത്തിനുശേഷം തന്റെ ശിഷ്യൻമാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർക്ക് അനുഭവപ്പെട്ടതുപോലെ നമുക്കും തോന്നി. അവർ അന്യോന്യം ഇപ്രകാരം പറഞ്ഞു: “അവൻ വഴിയിൽ വെച്ച് നമ്മോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അവൻ തിരുവെഴുത്തുകൾ നമുക്ക് പൂർണ്ണമായി വിശദീകരിച്ചു തന്നപ്പോൾ നമ്മുടെ ഹൃദയം കുത്തികൊണ്ടിരുന്നില്ലയോ?” (ലൂക്കോസ് 24:32) അതെ, സത്യം പഠിക്കുകയും നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തപ്പോൾ നാം നമ്മെത്തന്നെ ഒരു ആത്മീയ പരദീസയിൽ ആക്കിത്തീർത്തു. എന്തൊരു അനുഗ്രഹം!
3. പിശാചും മററ് എതിരാളികളും യഹോവയുടെ ആത്മീയ പരദീസയുടെ പ്രയോജനങ്ങൾ നമ്മിൽ നിന്ന് കവർന്നുകളയാൻ ശ്രമിക്കുന്നതെങ്ങനെ?
3 എന്നാൽ നാം യഹോവയുടെ ആത്മീയ പരദീസയിൽ ആയിരുന്നുകൊള്ളും എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയില്ല. നാം ഈ പരദീസയിലേക്ക് വന്നത് സ്വമനസ്സാലെയാണ്; നമുക്ക് പുറത്തുപോകാനും (അഥവാ പുറത്താക്കപ്പെടാനും) കഴിയും, നാം അവിശ്വാസത്തിലേക്ക് നിപതിക്കുന്നെങ്കിൽ അഥവാ യഹോവയുടെ നീതിയുള്ള നിയമങ്ങൾ മനഃപൂർവ്വം ലംഘിക്കുന്നെങ്കിൽ തന്നെ. നാം ‘നമുക്ക് ആദ്യം ഉണ്ടായിരുന്ന സ്നേഹം’ നിലനിർത്തുന്നെങ്കിൽ, നമ്മെ ആത്മീയമായി ബലിഷ്ഠരാക്കിനിർത്താനുള്ള യഹോവയുടെ കരുതലുകളെയെല്ലാം നാം വിലമതിച്ചുകൊണ്ടിരിക്കുന്നെങ്കിൽ തീർച്ചയായും അങ്ങനെ സംഭവിക്കുകയില്ല. (വെളിപ്പാട് 2:4) എന്നാൽ പിശാചും സത്യാരാധനയുടെ മററ് എതിരാളികളും വഞ്ചനയിൽ വിദഗ്ദ്ധരാണ്. അവർക്ക് കഴിയുമെങ്കിൽ നമ്മുടെ നിർമ്മലതയെ തകർക്കാൻ അവർ എപ്പോഴും ഒരുങ്ങി നിൽക്കുന്നുവെന്ന സംഗതി നാം ഒരിക്കലും മറന്നുകളയരുത്. അവരുടെ പ്രചാരണം സംവിധാനം ചെയ്തിരിക്കുന്നത് നമ്മുടെ വിശ്വാസത്തെ ബലഹീനമാക്കാൻ ദൈവത്തോടുള്ള നമ്മുടെ സ്നേഹം തണുപ്പിക്കാൻ, നമ്മുടെ മനസ്സിൽ സംശയത്തിന്റെ വിത്തു വിതക്കാൻ—അതെ, ആത്മീയ പരദീസ ഒരു പരദീസയേയല്ല എന്നു തോന്നിക്കാൻ ആണ്.
4. നമ്മുടെ വിശ്വാസം ക്ഷയിക്കാനും ഗുരുതരമായ സംശയങ്ങൾ വികാസം പ്രാപിക്കാനും നാം അനുവദിക്കുന്നെങ്കിൽ എന്തുഫലമുണ്ടായേക്കാം?
4 ഒരു പഴമൊഴിയിൽനിന്ന് കടമെടുത്താൽ നാം ഇപ്പോൾ ആത്മീയ പരദീസയിലുള്ള അപൂർണ്ണ മനുഷ്യവൃക്ഷങ്ങളെ അടുത്തുനിന്ന് നോക്കുന്നതിനാൽ ആത്മീയ പരദീസയുടെ വനം കാണാൻ പ്രയാസമായിരിക്കുന്നതായി, ഒരുപക്ഷേ അസാദ്ധ്യമായിരിക്കുന്നതായി തോന്നുന്ന ഒരു സ്ഥാനത്ത് നാം വന്നുചേർന്നേക്കാം. ദൈവവചനത്തിലെ സത്യം പഠിക്കുകയിൽ നമുക്കുണ്ടായിരുന്ന സന്തോഷവും നമുക്കു ലഭിച്ച മഹത്തായ പ്രത്യാശയും ദൈവത്തോടും നമ്മുടെ ആത്മീയ സഹോദരങ്ങളോടും നാം വികസിപ്പിച്ച സ്നേഹവും യഹോവയുടെ സേവനത്തിൽ നമുക്കുണ്ടായിരുന്ന തീക്ഷ്ണതയും മങ്ങിപ്പോയേക്കാം. അത്തരത്തിലുള്ള ഏതെങ്കിലും ആത്മീയ അധഃപതനം പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്നേഹപൂർവ്വകമായ വ്യവസ്ഥകൾ ഞെരുക്കുന്നവയാണെന്ന് തോന്നിത്തുടങ്ങും. “വിശ്വസ്തനും വിവേകിയുമായ അടിമ”യിൽനിന്നുള്ള ആരോഗ്യാവഹമായ ആത്മീയ ഭക്ഷണം വെറുക്കത്തക്കതായിരിക്കുന്നതായും യഹോവയുടെ സ്നേഹമുള്ള ദാസൻമാരുടെ സാഹോദര്യം ശത്രുക്കളുടെ ഒരു കുടുംബം ആയിരിക്കുന്നതായും തോന്നിയേക്കാം. അപ്പോൾ ദുഷിയും അർദ്ധസത്യങ്ങളും കൊണ്ട് ഒരുവന്റെ സഹദാസൻമാരെ അടിക്കാൻ തുടങ്ങുന്നതിൽനിന്ന് ഒരു ദുഷിച്ച തരം സംതൃപ്തിമാത്രം ലഭിച്ചേക്കാം.—മത്തായി 24:45-51.
5. ഒരുവന്റെ നഷ്ടം ഏദൻ പരദീസയിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾ ആദാമിനും ഹവ്വായ്ക്കും നഷ്ടപ്പെട്ടതിനോട് സാദൃശ്യമായിത്തീരുന്നതെങ്ങനെ?
5 അതെ, നമുക്ക് ഇപ്പോൾ ആത്മീയ പരദീസയുടെ അനുഗ്രഹങ്ങൾ നഷ്ടമായേക്കാമെന്നു മാത്രമല്ല, അധികം ഗുരുതരമായി ഭൗമിക പരദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും നഷ്ടമായേക്കാം. ആദാമിനും ഹവ്വാക്കും ഏദൻ പരദീസ നഷ്ടപ്പെട്ട അതേ കാരണത്തിന് നമുക്കും നഷ്ടം ഭവിച്ചേക്കാം. അവർക്ക് പൂർണ്ണ സന്തുഷ്ടിക്ക് ആവശ്യമായ സകലവും ഉണ്ടായിരുന്നു, എന്നേക്കും ജീവിക്കാനും കഴിയുമായിരുന്നു. എന്നാൽ അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം—വാസ്തവത്തിൽ ഒരു ഭിന്ന ഉപദേശം—യഹോവയോടുള്ള അനുസരണത്തേയും ഏദനിലെ അനുഗ്രഹങ്ങളേയുംകാൾ അധികം പ്രധാനമായിരുന്നു. ഹവ്വാ വഞ്ചിക്കപ്പെട്ടു. എന്നാൽ ആദാം വഞ്ചിക്കപ്പെട്ടതല്ല, തന്റെ ഭാര്യയുടെ ശക്തമായ സ്വാധീനം ഉൾപ്പെടെ സാഹചര്യങ്ങളുടെ സമ്മർദ്ദം പാപം ചെയ്യാനിടയാക്കുന്നതിന് അവൻ അനുവദിച്ചു. അതുകൊണ്ട്, അവരുടെ മരണംവരെ ഒരു ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നതിന് അവരെ പരദീസയിൽനിന്ന് പുറത്താക്കി. അവർ നിത്യജീവന്റെ പ്രതീക്ഷ തങ്ങൾക്കുതന്നെ നഷ്ടപ്പെടുത്തി, പാപത്തിന്റെയും മരണത്തിന്റെയും ഒരു അവകാശം തങ്ങളുടെ മക്കൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തു. (ഉൽപത്തി 3:1-7, 14-19, 24; 1 തിമൊഥെയോസ് 2:14; റോമർ 5:12) അവരുടെ സ്വാതന്ത്ര്യം എന്ന് വിളിക്കപ്പെട്ടതിന് എത്ര ഘോരമായ ഒരു വിലയൊടുക്കേണ്ടിവന്നു!
6. (എ) കൊരിന്ത്യസഭയിലെ ചിലരെ സംബന്ധിച്ച് പൗലോസ് എന്ത് ഉൽക്കണ്ഠ പ്രകടമാക്കി? (ബി) തെസ്സലോനിക്യസഭയ്ക്കു എഴുതിയതിൽ അതേ ഉൽക്കണ്ഠ പ്രകടമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
6 അപ്പോസ്തലനായ പൗലോസ് ഈ ഉൽക്കണ്ഠ പ്രകടമാക്കുകയുണ്ടായി: “സർപ്പം ഉപായത്താൽ ഹവ്വായെ വഴിതെററിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനു കൊടുക്കേണ്ട ആത്മാർത്ഥതയും നിർമ്മലതയും വിട്ട് ഏതുവിധേനെയും വഷളായിപ്പോകുമോയെന്ന് ഞാൻ ഭയപ്പെടുന്നു.” (2 കൊരിന്ത്യർ 11:3) പൗലോസ് തന്റെ നാളിൽ പ്രചരിച്ചുകൊണ്ടിരുന്ന ചില തെററായ ഉപദേശങ്ങൾ സംബന്ധിച്ച് എഴുതേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി. തെസ്സലോനീക്യ സഭയ്ക്കുള്ള തന്റെ രണ്ടാം ലേഖനത്തിൽ അവൻ ഇപ്രകാരം എഴുതി: “നിങ്ങളുടെ ന്യായബോധം വിട്ട് വേഗത്തിൽ ഇളകിപ്പോവുകയോ യഹോവയുടെ ദിവസം ആയി എന്ന ഭാവത്തിലുള്ള ഒരു നിശ്വസ്തമൊഴിയാലോ വാക്കാലോ ഞങ്ങളിൽ നിന്നെന്ന വ്യാജേനയുള്ള ലേഖനത്താലോ പരിഭ്രാന്തരായിപ്പോവുകയോ ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. ആരും ഒരു വിധത്തിലും നിങ്ങളെ വഴിതെററിക്കാതിരിക്കട്ടെ.”—2 തെസ്സലോനീക്യർ 2:1-3.
വിശ്വാസത്യാഗികളുമായി ഇടപാടുകൾ അരുത്
7. (എ) വിശ്വാസത്യാഗികളുടെ സാഹിത്യം തപാലിൽ ലഭിക്കുന്നെങ്കിൽ ഏതു ചോദ്യങ്ങൾ ഉദിക്കുന്നു? (ബി) വിശ്വാസത്യാഗികളുടെ സ്വാധീനത്തിൽനിന്ന് ഒരുവനെ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ അമിതവിശ്വാസം അപകടമായിരിക്കുന്നതെന്തുകൊണ്ട്?
7 ഇപ്പോൾ, യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ നിങ്ങൾ വിശ്വസിക്കുന്നത് സത്യമല്ലെന്ന് അവകാശപ്പെടുന്ന വിശ്വാസത്യാഗികളുടെ ഉപദേശത്തെ—തന്ത്രപൂർവ്വമായ ന്യായവാദങ്ങളെ അഭിമുഖീകരിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ദുഷ്ടാന്തത്തിന്, നിങ്ങൾക്ക് ഒരു കത്തോ ഏതെങ്കിലും സാഹിത്യമോ ലഭിക്കുകയും അത് തുറന്നു നോക്കുമ്പോൾ ഉടനെ അത് ഒരു വിശ്വാസത്യാഗിയിൽ നിന്നാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യും? നിങ്ങൾ, അവനു പറയാനുള്ളത് എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടിമാത്രം അത് വായിച്ചുനോക്കാൻ ആകാംക്ഷ ഇടയാക്കുമോ? നിങ്ങൾ ഇപ്രകാരം ന്യായവാദം ചെയ്യുകപോലും ചെയ്തേക്കാം: ‘അത് എന്നെ ബാധിക്കുകയില്ല; ഞാൻ സത്യത്തിൽ വളരെ ശക്തനാണ്. അതിനുപുറമെ, നമുക്ക് സത്യം ഉണ്ടെങ്കിൽ നമുക്ക് ഒന്നും ഭയപ്പെടാനില്ല; സത്യം പരിശോധനകളെ ചെറുത്തുനില്ക്കും. ഈ വിധത്തിൽ ചിന്തിച്ചുകൊണ്ട് ചിലർ വിശ്വാസത്യാഗികളുടെ ന്യായവാദത്താൽ തങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുകയും ഗുരുതരമായ സംശയത്തിനും തർക്കത്തിനും ഇരകളായി അധഃപതിക്കുകയും ചെയ്തിരിക്കുന്നു. (യാക്കോബ് 1:5-8 താരതമ്യപ്പെടുത്തുക.) അതുകൊണ്ട് 1 കൊരിന്ത്യർ 10:12-ലെ മുന്നറിയിപ്പ് ഓർമ്മിക്കുക: “താൻ നിൽക്കുന്നു എന്ന് വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.”
8. സംശയം ബാധിച്ചിരിക്കുന്ന ചിലർക്ക് എന്തു സഹായം ആവശ്യമാണ്?
8 വിശ്വാസത്യാഗികളാൽ സംശയം ജനിപ്പിക്കപ്പെട്ട ചിലർ കരുതലുള്ള സഹോദരൻമാരുടെ സ്നേഹപൂർവ്വകമായ സഹായത്താൽ ആത്മീയ കുഴപ്പത്തിന്റെയും ആഘാതത്തിന്റെയും ഒരു കാലഘട്ടത്തിനുശേഷം യഥാസ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാൽ ഈ വേദന ഒഴിവാക്കാൻ കഴിയുമായിരുന്നു. സദൃശവാക്യങ്ങൾ 11:9-ൽ നമ്മോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “ഒരു വിശ്വാസത്യാഗി തന്റെ വായ്കൊണ്ട് സഹമനുഷ്യനെ നശിപ്പിക്കുന്നു, എന്നാൽ പരിജ്ഞാനത്താൽ നീതിമാൻമാർ രക്ഷപെടുന്നു.” “സംശയമുള്ള ചിലരോട് തുടർന്ന് കരുണകാണിക്കുക; അവരെ തീയിൽ നിന്ന് വലിച്ചെടുത്ത് രക്ഷിക്കുക” എന്ന് യൂദാ സഹക്രിസ്ത്യാനികളോടു പറഞ്ഞു. (യൂദാ 22, 23) “ദൈവം ഒരുപക്ഷെ അവർക്ക് സത്യത്തിന്റെ സൂക്ഷമപരിജ്ഞാനത്തിലേക്കു നയിക്കുന്ന അനുതാപം നൽകിയേക്കാമെന്നതുകൊണ്ടും പിശാച് തന്റെ ഇഷ്ടം നടത്താൻ അവരെ പിടികൂടിയിരിക്കുന്നുവെന്ന് മനസ്സിലാക്കി അവന്റെ കെണിയിൽനിന്ന് വിട്ട് തങ്ങളുടെ സുബോധാവസ്ഥയിലേക്ക് തിരിച്ചു വന്നേക്കാമെന്നതുകൊണ്ടും അനുകൂല സ്വഭാവമില്ലാത്തവരെ സൗമ്യതയോടെ” പ്രബോധിപ്പിക്കുന്നതിന് പൗലോസ് മേൽവിചാരകനായ തിമൊഥെയോസിനെ ഉപദേശിച്ചു.—2 തിമൊഥെയോസ് 2:25, 26.
9. സത്യാരാധന ത്യജിക്കുന്നവരുടെ ദാരുണമായ അന്ത്യം എന്താണ്?
9 സങ്കടകരമെന്നു പറയട്ടെ, മററുള്ളവർ തീർത്തും അന്ധകാരത്തിലേക്ക് പോയിരിക്കുന്നു, ക്രൈസ്തവലോകത്തിന്റെ അബദ്ധോപദേശങ്ങളിലേക്ക് പിന്തിരിയുകപോലും ചെയ്തിരിക്കുന്നു. ആദ്യം സത്യത്തിൽ നടക്കുകയും പിന്നീട് വ്യതിചലിച്ചുപോവുകയും ചെയ്യുന്ന ചിലരുടെ ദാരുണമായ അന്ത്യം സംബന്ധിച്ച് അപ്പോസ്തലനായ പത്രോസ് എഴുതി. അവൻ ഇപ്രകാരം പറഞ്ഞു: “തീർച്ചയായും, കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനേക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യങ്ങളിൽ നിന്ന് രക്ഷപെട്ടശേഷം അവർ വീണ്ടും ഇതേകാര്യങ്ങളിൽ ഉൾപ്പെട്ട് കീഴടങ്ങുന്നുവെങ്കിൽ, അവരെ സംബന്ധിച്ചിടത്തോളം ഒടുവിലത്തെ അവസ്ഥ ആദ്യത്തേതിനേക്കാൾ വഷളായിത്തീർന്നിരിക്കുന്നു.” അവർ സ്വന്ത ഛർദ്ദിയിലേക്ക് തിരിയുന്ന നായേപ്പോലെയും ചെളിയിൽ ഉരുളുവാൻ തിരിയുന്ന കുളിപ്പിച്ച പന്നിയേപ്പോലെയും ആണെന്ന് പത്രോസ് പറഞ്ഞു.—2 പത്രോസ് 2:20-22.
10. (എ) വിശ്വാസത്യാഗികളെ ശ്രദ്ധിക്കുന്നതു സംബന്ധിച്ച് യഹോവ എന്തു പറയുന്നു? (ബി) വിശ്വാസത്യാഗികളുടെ സാഹിത്യം വായിക്കുന്നത് എന്തുചെയ്യുന്നതിനു സമമാണ്?
10 ‘ഇത് വായിക്കരുത്’ എന്നോ ‘അത് ശ്രദ്ധിക്കരുത്’ എന്നോ ഒരു സഹമനുഷ്യൻ നമ്മോടു പറയുമ്പോൾ നാം അയാളുടെ ഉപദേശം അവഗണിക്കാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നാൽ ഈ സംഗതിയിൽ എന്തുചെയ്യണമെന്ന് നമ്മോടുപറയുന്നത് യഹോവയാണെന്ന് ഓർമ്മിക്കുക. അവൻ വിശ്വാസത്യാഗികളെ സംബന്ധിച്ച് എന്താണ് പറയുന്നത്? “അവരെ ഒഴിവാക്കുക” (റോമർ 16:17, 18); അവരോട് “സംസർഗ്ഗം അരുത്” (1 കൊരിന്ത്യർ 5:11): [അവരെ] ഒരിക്കലും നിങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്കുകയോ [അവരോട്] അഭിവാദനം പറയുകയോ അരുത്” (2 യോഹന്നാൻ 9, 10) ഇവ ദൃഢമായ വാക്കുകളാണ്, വ്യക്തമായ നിർദ്ദേശങ്ങളാണ്. ആകാംക്ഷ നിമിത്തം അറിയപ്പെടുന്ന ഒരു വിശ്വാസത്യാഗിയുടെ സാഹിത്യം നാം വായിക്കുന്നെങ്കിൽ, അത് സത്യാരാധനയുടെ ഈ ശത്രുവിനെ നമ്മുടെ ഭവനത്തിലേക്ക് ക്ഷണിക്കുകയും നമ്മോടൊത്തിരുന്ന് അയാളുടെ വിശ്വാസത്യാഗം ഭവിച്ച ആശയങ്ങൾ വിവരിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിന് സമമല്ലേ?
11, 12. (എ) നമുക്ക് വിശ്വാസത്യാഗികളുടെ സാഹിത്യം ദ്രോഹശങ്കകൂടാതെ വായിക്കാൻ കഴിയില്ലെന്ന് വിലമതിക്കാൻ നമ്മെ സഹായിക്കുന്നതിന് ഏതു ദൃഷ്ടാന്തം നൽകപ്പെട്ടിരിക്കുന്നു? (ബി) യഹോവക്ക് തന്റെ ജനത്തോടുള്ള താല്പര്യത്തിൽ ഇത് എങ്ങനെ ബാധകമാക്കാൻ കഴിയും?
11 നമുക്ക് കാര്യാദികൾ ഈ വിധത്തിൽ വിശദമാക്കാം: നിങ്ങളുടെ കൗമാരപ്രായക്കാരനായ മകന് കുറെ അശ്ലീല സാഹിത്യം തപാലിൽ ലഭിച്ചവെന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും? അവന് ആകാംക്ഷ നിമിത്തം അത് വായിക്കണമെന്നുണ്ടെങ്കിൽ, ‘മകനെ, നീ അത് വായിച്ചു നോക്കൂ. അത് നിനക്ക് ദോഷം ചെയ്യില്ല. ദുർമ്മാർഗ്ഗനടപടി തെററാണെന്ന് ബാല്യംമുതൽ ഞങ്ങൾ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിനുപുറമേ, ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ വഷളാണെന്ന് മനസ്സിലാക്കുന്നതിന് നീ അത് അറിയേണ്ട ആവശ്യമുണ്ട്’ എന്ന് നിങ്ങൾ പറയുമോ? നിങ്ങൾ ആ വിധത്തിൽ ന്യായവാദം ചെയ്യുമോ? നിശ്ചയമായും ഇല്ല! പിന്നെയോ, നിങ്ങൾ തീർച്ചയായും അശ്ലീല സാഹിത്യം വായിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാണിക്കുകയും അത് നശിപ്പിച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്യും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു വ്യക്തി സത്യത്തിൽ എത്ര ബലമുള്ളവനായിരുന്നേക്കാമെങ്കിലും അയാൾ അത്തരം സാഹിത്യങ്ങളിൽ അടങ്ങുന്ന വഴിപിഴച്ച ആശയങ്ങൾകൊണ്ട് തന്റെ മനസ്സിനെ പോഷിപ്പിക്കുന്നെങ്കിൽ അയാളുടെ മനസ്സും ഹൃദയവും ബാധിക്കപ്പെടും. ഹൃദയത്തിന്റെ മൂലയിൽ നടുന്ന നീണ്ടു നിൽക്കുന്ന തെററായ അഭിലാഷം ഒടുവിൽ ദുഷിച്ച ലൈംഗിക ആർത്തി ജനിപ്പിച്ചേക്കാം. ഫലമോ? തെററായ അഭിലാഷം ഫലപുഷ്ടമായിത്തീരുമ്പോൾ അത് പാപത്തെ ജനിപ്പിക്കുന്നു, പാപം മരണത്തിലേക്കും നയിക്കുന്നു എന്ന് യാക്കോബ് പറയുന്നു. (യാക്കോബ് 1:15) അതുകൊണ്ട് പ്രതിപ്രവർത്തന പരമ്പരക്ക് തുടക്കമിടുന്നതെന്തിന്?
12 കൊള്ളാം, നാം നമ്മുടെ മക്കളെ അശ്ലീല സാഹിത്യത്തിന്റെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ വളരെ ഖണ്ഡിതമായി നടപടി സ്വീകരിക്കുമെങ്കിൽ നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് അതുപോലെതന്നെ നമുക്ക് മുന്നറിയിപ്പു നൽകുമെന്നും വിശ്വാസത്യാഗം ഉൾപ്പെടെ ആത്മീയ പരസംഗത്തിൽനിന്ന് നമ്മെ രക്ഷിക്കുമെന്നും നാം പ്രതീക്ഷിക്കേണ്ടതല്ലേ? അതിൽനിന്ന് അകന്നു നിൽക്കുക എന്ന് അവൻ പറയുന്നു!
13. നാം പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വിശ്വാസത്യാഗികൾ പറഞ്ഞിട്ടുള്ളതിന്റെയോ എഴുതിയിട്ടുള്ളതിന്റെയോ അടിസ്ഥാനത്തിൽ വെല്ലുവിളിരൂപത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും?
13 എന്നാൽ നാം സുവാർത്ത പ്രസംഗിക്കുമ്പോൾ എതിരാളികൾ ഉന്നയിക്കുന്നതിനു സമാനമായ ചോദ്യങ്ങളോ തടസ്സവാദങ്ങളോ ആളുകൾ ഉന്നയിക്കുന്നെങ്കിൽ എന്ത്? ഒരു വ്യക്തി ആത്മാർത്ഥതയില്ലാത്തവനായിരിക്കുകയും വെറുതെ വാദിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ ഒഴികഴിവു പറഞ്ഞ് അടുത്ത വീട്ടിലേക്ക് പോകുന്നതാണ് പലപ്പോഴും ഉത്തമം. എന്നാൽ വിശ്വാസത്യാഗികളുടെ ചില അവകാശവാദങ്ങളെ സംബന്ധിച്ച് ആരെങ്കിലും ആത്മാർത്ഥമായി ചോദിക്കുന്നെങ്കിൽ എന്തുചെയ്യാൻ കഴിയും? യഥാർത്ഥത്തിൽ താല്പര്യം ജനിക്കാനിടയാക്കിയത് എന്താണെന്ന് നമുക്ക് ആദ്യംതന്നെ ചോദിക്കാൻ കഴിയും. ഒരുപക്ഷേ ഒന്നോ രണ്ടോ ആശയങ്ങൾ മാത്രമായിരിക്കാം. അതിനുശേഷം ഇവയോട് പററിനിന്നുകൊണ്ട് തിരുവെഴുത്തുകളിൽ നിന്നും സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും ആ വിഷയം സംബന്ധിച്ച് നമുക്ക് സത്യത്തിൽ അറിയാവുന്ന കാര്യങ്ങളിൽ നിന്നും നമുക്ക് ഉത്തരം നൽകാൻ കഴിയും. എതിരാളികളുടെ ഉപദേശങ്ങളെയും വ്യാജമായ അവകാശവാദങ്ങളെയും ഖണ്ഡിക്കുന്നതിന് ദുഷിയും അർദ്ധസത്യങ്ങളും നിറഞ്ഞ ഒരു പുസ്തകമോ ലഘുലേഖയോ നാം വായിച്ചിരിക്കണമെന്ന് നിഗമനം ചെയ്യേണ്ട ആവശ്യമില്ല.
യഹോവയിലുള്ള വിശ്വാസം
14. നമ്മുടെ സ്വർഗ്ഗീയപിതാവിന് നമ്മുടെ കാര്യത്തിൽ എന്ത് സ്നേഹപൂർവ്വമായ താല്പര്യമുണ്ട്, നമുക്ക് നമ്മുടെ പൂർണ്ണവിശ്വാസം അവനിൽ അർപ്പിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
14 വിശ്വാസം പരിപുഷ്ടിപ്പെടുത്തിക്കൊണ്ടും രാജ്യസേവനത്തിൽ തിരക്കുള്ളവരായിരുന്നുകൊണ്ടും നാം മുന്നോട്ടുപോകുമളവിൽ, നമ്മുടെ സ്വർഗ്ഗീയ പിതാവെന്ന നിലയിൽ യഹോവ നമുക്ക് വളരെ നൻമ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് വിശ്വാസത്തോടെ നമ്മുടെ ആശ്രയം അവനിൽ അർപ്പിക്കാൻ കഴിയും. ദൈവം നമ്മെ പഠിപ്പിക്കുന്നു; അവൻ നമുക്ക് മുന്നറിയിപ്പുനൽകുന്നു. അവൻ തന്റെ വചനത്തിലൂടെയും തന്റെ ദൃശ്യസ്ഥാപനം പ്രദാനം ചെയ്യുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശത്തിലൂടെയും ഇത് നിർവ്വഹിക്കുന്നു. നാം സ്നേഹമുള്ള ഒരു പിതാവിനോട് അപ്പമോ മീനോ ചോദിക്കുന്നെങ്കിൽ അവൻ നമുക്ക് ഒരു കല്ലോ, ഒരു പാമ്പോ നൽകുകയില്ല. ദൈവവും നമ്മെ വഞ്ചിക്കുകയോ കബളിപ്പിക്കുകയോ ഇല്ല. (മത്തായി 7:7-11) എങ്കിലും, പ്രലോഭനങ്ങളിൽ നിന്നോ വഞ്ചനാത്മകമായ നുണകളിൽനിന്നും ഭൂത പ്രചരണങ്ങളിൽനിന്നും പോലുമോ ദൈവം നമ്മെ പൂർണ്ണമായി കാക്കുകയില്ല. അവൻ തന്നേക്കുറിച്ചുതന്നെ ഇപ്രകാരം പറയുന്നു: “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, നിനക്കുതന്നെ പ്രയോജനം ചെയ്യാൻ നിന്നെ പഠിപ്പിക്കുന്നവൻ, നീ നടക്കേണ്ടുന്ന വഴിയിൽ നീ പോകാൻ ഇടയാക്കുന്നവൻ തന്നെ.” (യെശയ്യാവ് 48:17) അതെ, യഹോവ ‘നമുക്കുതന്നെ പ്രയോജനം ചെയ്യാൻ നമ്മെ അവരുടെ ഉപദേശങ്ങളിൽനിന്നും വേർപെട്ടു നിൽക്കാൻ അവൻ നമ്മോടു പറയുന്നു, ഇത് നമ്മുടെ സ്വന്തം സംരക്ഷണത്തിനുമാണ്. അത് നമ്മുടെ ജീവനെ അർത്ഥമാക്കുന്നു.
15. ശിഷ്യൻമാരെ വലിച്ചുകളയാൻ ശ്രമിക്കുന്ന ചിലരെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എന്തു മുന്നറിയിപ്പുകൾ നൽകി?
15 അപ്പോസ്തലനായ പൗലോസ് സഹ ക്രിസ്തീയ മൂപ്പൻമാർക്ക് ഇപ്രകാരം മുന്നറിയിപ്പുനൽകി: “നിങ്ങളുടെ ഇടയിൽനിന്നുതന്നെ മനുഷ്യർ എഴുന്നേൽക്കുകയും ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയാൻ വളച്ചൊടിച്ച കാര്യങ്ങൾ പറയുകയും ചെയ്യും.” (പ്രവൃത്തികൾ 20:30) നാം കുശാഗ്രമായ വാദഗതികളും പുറംമോടിയുള്ള ന്യായവാദങ്ങളും കേട്ടുകൊണ്ടിരുന്നാൽ വളച്ചൊടിച്ച കാര്യങ്ങൾ” നേരാണെന്ന് തോന്നും. ഹവ്വാ വിലക്കപ്പെട്ട ഫലം എത്ര ദീർഘനേരം നോക്കിക്കൊണ്ടിരിക്കുകയും പിശാചിന്റെ വളച്ചൊടിച്ച ന്യായവാദം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തോ അത്രയധികം അവൻ പറഞ്ഞത് ശരിയാണെന്ന് അവൾക്ക് ഉറപ്പായി. പൗലോസ് ഇപ്രകാരം മുന്നറിയിപ്പുനൽകി: “തത്വചിന്തയും പൊള്ളയായ വഞ്ചനയും മുഖാന്തരം നിങ്ങളെ തന്റെ ഇരയാക്കുന്ന ആരെങ്കിലും ഉണ്ടായിരുന്നേക്കാമെന്നുള്ളതുകൊണ്ട്, സൂക്ഷിക്കുക. അത് മനുഷ്യരുടെ പാരമ്പര്യത്തിനും ലോകത്തിന്റെ പ്രാഥമിക കാര്യങ്ങൾക്കും ചേർച്ചയിലാണ്. ക്രിസ്തുവിന് ചേർച്ചയിലല്ല.” (കൊലോസ്യർ 2:8) “സരസമായ സംഭാഷണത്താലും അഭിനന്ദനപരമായ സംസാരത്താലും [വിശ്വാസത്യാഗികൾ] നിഷ്ക്കളങ്കരുടെ ഹൃദയങ്ങളെ ദുഷിപ്പിക്കുന്നു” എന്നും അപ്പോസ്തലൻ സൂചിപ്പിച്ചു. (റോമർ 16:17, 18; 2 കൊരിന്ത്യർ 11:13-15 താരതമ്യപ്പെടുത്തുക.) അത്തരം പ്രചരണത്താൽ ഏതാനും പേർ വ്യതിചലിച്ചുപോയിരിക്കുന്നു എന്ന വസ്തുത നാം അവരെ അനുഗമിക്കണമെന്ന് അർത്ഥമാക്കുന്നില്ല. എന്നിരുന്നാലും, നാം തുടർച്ചയായി ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്.
16. ആളുകളെ വഞ്ചിക്കാനും സത്യാരാധനയിൽനിന്ന് വ്യതിചലിപ്പിക്കാനുമുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുത്തു നിൽക്കുന്നതിന് തിരുവെഴുത്തിലെ ഏതു മുന്നറിയിപ്പുകളുടെ ബാധകമാക്കൽ നമ്മെ സഹായിക്കും?
16 പിശാചിന്റെ തന്ത്രങ്ങൾക്ക് ഏദൻ മുതൽ മാററം വന്നിട്ടില്ല. അവൻ തന്ത്രപൂർവ്വമായ ന്യായവാദവും സ്വർത്ഥ താല്പര്യത്തിനുള്ള ആകർഷണവും ഉപയോഗിക്കുന്നു. പത്രോസ് ഇപ്രകാരം എഴുതി: “നിങ്ങളുടെ ഇടയിലും വ്യാജോപദേഷ്ടാക്കൻമാർ ഉണ്ടാകും. ഇവർ നാശകരമായ മതഭേദങ്ങളെ ഒതുക്കത്തിൽ കൊണ്ടുവരും . . . കൂടാതെ, അവർ അതിമോഹത്തോടെ കപട വാക്കുകളാൽ നിങ്ങളെ ചൂഷണം ചെയ്യും.” (2 പത്രോസ് 2:1-3) കൃത്രിമമായ ഒന്ന് ‘അസ്സൽ’ ആണെന്ന് തോന്നിക്കുന്നതിന് സംവിധാനം ചെയ്തിട്ടുള്ളതാണ്. പൗലോസ് 2 തിമൊഥെയോസ് 2:14-19-ൽ കാര്യങ്ങൾ നേരെയാക്കുന്നതിന് യഹോവയുടെ വചനം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും വിശ്വാസത്യാഗികളെ ഒഴിവാക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് മുന്നറിയിപ്പുനൽകുകയും ചെയ്തു. അവരുടെ ‘പൊള്ളയായ സംസാരം വിശുദ്ധമായതിനെ നശിപ്പിക്കുന്നു’, അതുകൊണ്ട് “അവരുടെ വാക്ക് വിഷവ്രണം പോലെ വ്യാപിക്കും” എന്ന് അവൻ പറഞ്ഞു.
17, 18. (എ) വിശ്വാസത്യാഗികളുടെ ഉപദേശം വിഷവ്രണംപോലെ ആയിരിക്കുന്നതെങ്ങനെ? (ബി) സത്യാരാധനയിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അപ്പോസ്തലനായ പത്രോസ് എന്തു മുന്നറിയിപ്പുനൽകുന്നു? (സി) അടുത്ത അദ്ധ്യായത്തിൽ ഏതു ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടും?
17 യോജിക്കുന്ന ഒരു സാദൃശ്യം തന്നെ! വിഷവ്രണം പോലെ, വിശ്വാസത്യാഗികളുടെ ന്യായവാദം പെട്ടെന്നു വ്യാപിക്കുന്ന ആത്മീയ മരണമല്ലാതെ മറെറാന്നല്ല. സഭയുടെ അംഗങ്ങൾ ഒരു ശരീരം പോലെ ആയതുകൊണ്ട് മററുള്ളവരെ ബാധിച്ചേക്കാവുന്ന ഒരപകടമുണ്ട്. വിശ്വാസത്യാഗത്തിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നയാളെ ദൈവവചനമാകുന്ന ഔഷധത്തിന്റെ ദൃഢവും സ്നേഹപൂർവ്വകവുമായ ഉപയോഗത്താൽ ആത്മീയ ആരോഗ്യത്തിലേക്ക് പുനഃസ്ഥിതീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ശരീരത്തിലെ മററ് അവയവങ്ങളുടെ സംരക്ഷണത്തിനുള്ള ഏക പ്രതിവിധി ഈ അവയവത്തിന്റെ വിച്ഛേദനം (പുറത്താക്കൽ) ആയിരിക്കാം. (തീത്തോസ് 1:10, 11 താരതമ്യപ്പെടുത്തുക.) ആത്മീയ തരത്തിലുള്ള വിഷവ്രണത്താൽ രോഗബാധിതരാകരുത്! വിശ്വാസത്യാഗ ചിന്താഗതിയുടെ മാലിന്യം ഒഴിവാക്കിക്കൊണ്ട് നല്ല ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കുക. 2 പത്രോസ് 3:17, 18-ലെ പക്വതയുള്ള ഉപദേശം അനുസരിക്കുക: “അതുകൊണ്ട് പ്രിയമുള്ളവരെ, മുൻകൂട്ടി ഈ പരിജ്ഞാനമുള്ള നിങ്ങൾ നിയമനിഷേധികളുടെ തെററിനാൽ അവരോടുകൂടെ അകന്നുപോകാതിരിക്കുന്നതിനും നിങ്ങളുടെ സ്വന്തം സ്ഥിരതയിൽനിന്ന് വീണുപോകാതിരിക്കുന്നതിനും ജാഗരൂകരായിരിക്കുക. പിന്നെയോ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും അനർഹദയയിലും വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുക.”
18 എന്നാൽ നമുക്ക് വിശ്വാസത്യാഗത്തിൽനിന്ന് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാൻ കഴിയും? വിശ്വാസത്യാഗികളുടെ ന്യായവാദം സ്വീകരിക്കുന്നതിൽനിന്ന് നമ്മുടെ ഹൃദയങ്ങളെ എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്. (w86 3/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ നമുക്ക് യഹോവയുടെ ആത്മീയ പരദീസയുടെ പ്രയോജനങ്ങൾ എങ്ങനെ നഷ്ടപ്പെട്ടേക്കാം?
◻ വിശ്വാസത്യാഗികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് അശ്ലീല സാഹിത്യം വായിക്കുന്നതിന് സമാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ വിശ്വാസത്യാഗികളുടെ ചില അവകാശവാദങ്ങളെ സംബന്ധിച്ച് നമ്മോടു ചോദിക്കുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും?
◻ വിശ്വാസത്യാഗികളുടെ ഉപദേശങ്ങൾ വിഷവ്രണം പോലെ ആയിരിക്കുന്നതെന്തുകൊണ്ട്?
[12-ാം പേജിലെ ചിത്രം]
നിങ്ങൾ ജ്ഞാനപൂർവ്വം വിശ്വാസത്യാഗികളുടെ സാഹിത്യം നശിപ്പിച്ചുകളയുന്നുവോ?